പാർവതി പുത്തനാറിൽ മഴക്കാലപൂർവ ശുചീകരണം: യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 10/04/2025)
തിരുവനന്തപുരം: പാർവതി പുത്തനാറിലും അനുബന്ധ കനാലുകളിലുമുള്ള മാലിന്യങ്ങൾ നീക്കി മഴക്കാല പൂർവ ശുചീകരണം യുദ്ധകാലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല സമിതിക്ക് രൂപം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ദുരന്ത നിവാരണത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടർ, നഗരസഭാ സെക്രട്ടറി, പ്രധാന കനാലുകളുടെ ചുമതലയുള്ള ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ,ഇൻലന്റ് നാവിഗേഷൻ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ എന്നിവരടങ്ങിയ സമിതി മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മാലിന്യം കുന്നുകൂടി ഒഴുക്ക് നിലച്ച
കനാലുകൾ യാതൊരു കാരണവശാലും വെള്ളപ്പൊക്കത്തിന് കാരണമായി മാറരുതെന്ന് സമിതി ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകാൻ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടർ നടപടിയെടുക്കണം. മേയ് അവസാന വാരത്തിന് മുമ്പ് ശുചീകരണം പൂർത്തിയാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള നഗരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയിൽ (അർബൻ ഫ്ലഡ് മിറ്റിഗേഷൻ പ്രോജക്റ്റ്) നിന്നും മഴക്കാല പൂർവ ശുചീകരണത്തിന് സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ ഫണ്ട് സംഘടിപ്പിക്കാനുള്ള ശ്രമം നഗരസഭാ സെക്രട്ടറി നടത്തണം. ദേശീയ അതോറിറ്റിയിൽ നിന്നും ഫണ്ട് ലഭിക്കുന്നതിനുള്ള സാധ്യതകൾ ത്വരിതപ്പെടുത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായം തേടാൻ ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും നടപടിയെടുക്കണം.
പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് അധിക്യതർ ഉറപ്പാക്കണം. ആമയിഴഞ്ചാൻ, ഉള്ളൂർ, പട്ടം, കരിയിൽ കനാലുകളിൽ നിന്നുമുണ്ടാകാൻ സാധ്യതയുള്ള വെള്ളപ്പൊക്ക ഭീഷണി പൂർണമായി ഒഴിവാക്കാൻ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ നടപടിയെടുക്കണം.
നടപടികൾ സ്വീകരിച്ച ശേഷം ജില്ലാ കളക്ടർ, നഗരസഭാ സെക്രട്ടറി, പൊതുമരാമത്ത്, ഇറിഗേഷൻ,ഇൻലന്റ് നാവിഗേഷൻ വകുപ്പ് എന്നിവർ ഒരുമാസത്തിനകം പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം.
|
ഉടമസ്ഥാവകാശം മാറിയ കെട്ടിടത്തിന് മുൻബാധ്യതയുടെ പേരിൽ നികുതി സ്വീകരിക്കാതിരിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8377/2023 (Date : 10/04/2025)
പാലക്കാട് : മുൻ ഉടമയുടെ നികുതി കുടിശികയുടെ പേരിൽ ഇപ്പോഴത്തെ ഉടമയിൽ നിന്നും കെട്ടിട നികുതി സ്വീകരിക്കാത്തത് നിയമ വിരുദ്ധമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
2018 ൽ ഉടമസ്ഥാവകാശം മാറ്റിയ കെട്ടിടത്തിന് പുതിയ ഉടമയിൽ നിന്ന് 5 കൊല്ലം നികുതി സ്വീകരിച്ച ശേഷമാണ് മുൻ ഉടമ നികുതി ഒടുക്കാനുണ്ടെന്ന് പറഞ്ഞ് 2023 മുതൽ പുതിയ ഉടമയിൽ നിന്നും കെട്ടിട നികുതി സ്വീകരിക്കാതിരിക്കുന്നത്. 2023-24 മുതലുള്ള നികുതി സ്വീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
പാലക്കാട് നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. പെരുവമ്പ് സ്വദേശി സി. മോഹനൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
2018 ലാണ് പരാതിക്കാരൻ കെട്ടിടം വാങ്ങിയത്. 2018 ജൂൺ 6 ന് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം പാലക്കാട് നഗരസഭ മാറ്റി നൽകി. അന്നു മുതൽ 2022 വരെയുള്ള കെട്ടിട നികുതി പുതിയ ഉടമ ഒടുക്കുകയും ചെയ്തു. 2023 വർഷം നികുതി ഒടുക്കാൻ ചെന്നപ്പോൾ കെട്ടിടത്തിന്റെ മുൻ ഉടമ 2013 മുതൽ 2017 വരെ നികുതി ഒടുക്കിയിട്ടില്ലെന്നും അത് ഒടുക്കിയാൽ മാത്രമേ 2023 മുതലുള്ള നികുതി സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നും നഗരസഭ വ്യക്തമാക്കിയതായി പരാതിയിൽ പറയുന്നു.
മുൻ ഉടമയുടെ നികുതി ബാധ്യത പുതിയ ഉടമയ്ക്ക് ബാധകമാണോ എന്നത് സംബന്ധിച്ച് വിശദീകരണം സമർപ്പിക്കാൻ കമ്മീഷൻ നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കേരള മുൻസിപ്പാലിറ്റി നിയമം അനുസരിച്ച് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്ന വിവരം അറിയിച്ച് നഗരസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകുന്നതു വരെയോ അല്ലെങ്കിൽ മുൻസിപ്പാലിറ്റി രജിസ്റ്ററുകളിൽ കൈമാറ്റം രേഖപ്പെടുത്തുന്നത് വരെയോ കൈമാറ്റം ചെയ്ത കെട്ടിടത്തിൽ ചുമത്തിയ വസ്തു നികുതി നൽകാൻ ആദ്യ ഉടമ ബാധ്യസ്ഥനാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. എന്നാൽ ഉടമസ്ഥാവകാശം കൈമാറി കിട്ടിയ വ്യക്തിക്കും മുൻ നികുതി തീർക്കാൻ ബാധ്യതയുണ്ടെന്ന് പറഞ്ഞു. തുടർന്ന് നഗരസഭാ സെക്രട്ടറിയുടെ പ്രതിനിധിയായ സൂപ്രണ്ടിനെ കമ്മീഷൻ നേരിൽ കേട്ടു.
1994 ലെ കേരള മുൻസിപ്പാലിറ്റി ആക്റ്റിലെ സെക്ഷൻ 539 പ്രകാരം കുടിശിക തിരിച്ചു പിടിക്കാനുള്ള കാലാവധി മൂന്ന് വർഷമാണെന്ന് അദ്ദേഹം സമ്മതിച്ചു. 3 വർഷത്തെ കാലാവധി കഴിഞ്ഞശേഷം ജപ്തി നടപടികൾ സ്വീകരിക്കാൻ പാടില്ലെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇതു പ്രകാരം പരാതിക്കാരന്റെ ബാധ്യത ഒഴിവാക്കി 2023-24 മുതലുള്ള നികുതി സ്വീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകി.
|
ഫറോക്ക് താലൂക്ക് ആശുപത്രിയിലെ ആമ്പുലൻസ് കട്ടപ്പുറത്ത് : മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. (Date : 10/04/2025)
കോഴിക്കോട് : ഒരു വർഷത്തിന് മുമ്പ് അപകടത്തിൽപ്പെട്ട ഫറോക്ക് താലൂക്ക് ആശുപത്രിയിലെ ആമ്പുലൻസ് അറ്റകുറ്റപണികൾ നടത്തി ഉപയോഗക്ഷമമാക്കുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നോട്ടീസയച്ചു.
15 ദിവസത്തിനകം ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി.
എം. കെ. രാഘവൻ എം. പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും വാങ്ങിയ ആമ്പുലൻസ് ചുങ്കത്തെ വാഹനസർവ്വീസ് സെന്ററിൽ കിടന്ന് നശിക്കുകയാണെന്ന് പൊതുപ്രവർത്തകനായ കെ. ടി. അബ്ദുൾ മനാഫ് സമർപ്പിച്ച പരാതിയിൽ പറയുന്നു. 2023 നവംബർ 15 ന് രാമനാട്ടുകര വൈദ്യരങ്ങാടിയിലാണ് ആമ്പുലൻസ് അപകടത്തിൽപ്പെട്ടത്. മൂന്നു ലക്ഷം രൂപയിൽ അധികമുള്ള പ്രവൃത്തികൾക്ക് സർക്കാരിന്റെ അനുമതി വേണമെന്ന നിബന്ധന കാരണം ആമ്പുലൻസ് നന്നാക്കാൻ സർക്കാർ അനുമതി വേണമെന്ന് പരാതിക്കാരൻ അറിയിച്ചു. ഏപ്രിൽ 29ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
കെ. എസ്.ആർ. റ്റി. സി. എംപാനൽ കണ്ടക്ടർക്ക് ഗ്രാറ്റുവിറ്റി നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 9199/2024 (Date ; 10/04/2025)
ആലപ്പുഴ : ദിവസവേതനക്കാർക്കും ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന 2015 മേയ് 2 ലെ തൊഴിൽ വകുപ്പിന്റെ ജി. ഒ. (എംഎസ്.) 53/2015 നമ്പർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1992 മുതൽ 2015 വരെ കെ. എസ്. ആർ. റ്റി. സി. യിൽ എം പാനൽ കണ്ടക്ടറായി ജോലി ചെയ്തയാൾക്ക് 3 മാസത്തിനകം ഗ്രാറ്റുവിറ്റി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു.
നോർത്ത് ആര്യാട് സ്വദേശി വി. ഷൺമുഖന് ഗ്രാറ്റുവിറ്റി നൽകാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്.
തൊഴിൽ വകുപ്പിന്റെ ഉത്തരവിനെതിരെ തങ്ങൾ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന കെ. എസ്. ആർ. റ്റി. സി. ചീഫ് ലാ ഓഫീസറുടെ വാദം തെറ്റാണെന്ന് ഉത്തരവിൽ പറയുന്നു. സുപ്രീം കോടതിയിൽ ഉണ്ടായിരുന്ന കേസ് തീർപ്പാക്കിയെന്ന് അറിയിച്ച പരാതിക്കാരൻ കോടതി ഉത്തരവിന്റെ പകർപ്പ് കമ്മീഷനിൽ ഹാജരാക്കി. കെ. എസ്. ആർ. റ്റി. സി. എം. ഡി. ക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
എം പാനൽ കണ്ടക്ടറായതിനാൽ ഗ്രാറ്റുവിറ്റി നൽകാനാവില്ലെന്നായിരുന്നു കെ. എസ്. ആർ. റ്റി. സി. യുടെ വാദം. ഇതിനെതിരെ പരാതിക്കാരൻ കൊല്ലം ഡപ്യൂട്ടി ലേബർ കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ലേബർ കമ്മീഷണർ ഗ്രാറ്റുവിറ്റി നൽകാൻ നിർദ്ദേശിച്ചു. എന്നാൽ കെ. എസ്. ആർ. റ്റി. സി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.
ഗ്രാറ്റുവിറ്റി നൽകാൻ ഹൈക്കോടതിയും ഉത്തരവായി. തുടർന്ന് കൊല്ലം ഡപ്യൂട്ടി ലേബർ കമ്മീഷണർ ഗ്രാറ്റുവിറ്റി തുക ഈടാക്കുന്നതിന്റെ ഭാഗമായി റവന്യു റിക്കവറി നടപടികൾ ആരംഭിച്ചപ്പോൾ കെ. എസ്. ആർ. റ്റി. സി. സുപ്രീം കോടതിയെ സമീപിച്ചു. പ്രസ്തുത കേസും തള്ളിയതിനെ തുടർന്നാണ് ഗ്രാറ്റുവിറ്റി നൽകാൻ കമ്മിഷൻ സമയ പരിധി നിശ്ചയിച്ചത്.
|
ഓടയിൽ വീണ് എല്ല് പൊട്ടി : കരാർ കമ്പനിക്കെതിരെ കേസെടുത്തതായി പോലീസ് മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് നൽകി. HRMP No: 1358/2025 (Date :09/04/2025)
കോഴിക്കോട് : ദേശീയപാത 66 ൽ പെരുമാൾപുരത്ത് കോൺക്രീറ്റ് സ്ലാബ് പൊട്ടിയത് അറിയാതെ ഓവുചാലിലേക്ക് വീണയാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുത്ത് പയ്യോളി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായി കോഴിക്കോട് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
വാഗഡ് (WAGAD) ഇൻഫ്രാ പ്രോജക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊല്ലം ശൂരനാട് നോർത്ത് പുളിക്കുളത്തിൽ ഗോപാലകൃഷ്ണൻ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി. 2024 ഓഗസ്റ്റ് 24 ന് രാത്രി പെരുമാൾപുരത്ത് ബസിറങ്ങി റോഡരികിലെ സ്ലാബിന് മുകളിലൂടെ നടന്നു പോകുമ്പോഴാണ് ഗോപാലകൃഷ്ണൻ നായർ ഓടയിൽ വീണ് കാലിന്റെ എല്ല് പൊട്ടിയതെന്ന് പരാതിയിൽ പറയുന്നു.
പയ്യോളി എസ്.എച്ച്.ഒ. അന്വേഷണം നടത്തി ക്രൈം 494/2024 നമ്പറായി കേസെടുത്തു. തകർന്ന നടപ്പാതകൾ കാരണമുള്ള അപകടം തടയുന്നതിനും നടപ്പാത തകർന്ന വിവരം യഥാസമയം പൊതുജനങ്ങളെ അറിയിക്കുന്നതിനും ചുമതലപ്പെട്ട അഴിയൂർ മുതലുള്ള കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനിക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. കേസിൽ വിചാരണ ആരംഭിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ നടപടി സ്വീകരിക്കാൻ കഴിയാത്തതിനാൽ കമ്മീഷൻ കേസ് തീർപ്പാക്കി.
|
അപകടാവസ്ഥയിലുള്ള പ്ലാവ് മുറിച്ചില്ലെങ്കിൽ നഗരസഭ മുറിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 4020/2021 (Date : 09/04/2025)
കാസർഗോഡ് : അയൽവാസിയുടെ പറമ്പിലെ പ്ലാവ് ജീവനും സ്വത്തിനും ഭീഷണിയാവുമെന്ന് കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിക്ക് ബോധ്യപ്പെടുകയാണെങ്കിൽ അത് മുറിച്ചുമാറ്റാൻ ഉടമയ്ക്ക് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
പ്ലാവിന്റെ ഉടമ നോട്ടീസ് അനുസരിച്ചില്ലെങ്കിൽ മുൻസിപ്പൽ നിയമത്തിൽ നിഷ്ക്കർഷിക്കുന്നതനുസരിച്ച് പ്ലാവ് വകുപ്പുതലത്തിൽ മുറിച്ചുമാറ്റണമെന്ന് കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
കാഞ്ഞങ്ങാട് സൗത്ത് സ്വദേശി എം. വി. പവിത്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി. തന്റെ വീടിന് സമീപമുള്ള പ്ലാവിന്റെ കൊമ്പ് ടെറസിൽ പന്തലിച്ച് നിൽക്കുകയാണെന്നും അതിന്റെ വേരുകൾ കാരണം തന്റെ കെട്ടിടത്തിന് തകരാർ സംഭവിച്ചെന്നും ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിയിൽ കഴമ്പുണ്ടെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
|
അധ്യാപികക്ക് വേതനം നൽകണം : നിയമന അപേക്ഷ സമർപ്പിക്കാത്തത് അന്വേഷിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 7443/2023 (Date : 09/04/2025)
ആലപ്പുഴ : പൂങ്കാവ് മേരി ഇമാക്യുലേറ്റ് എച്ച്. എസ്. എസിൽ ഹൈസ്ക്കൂൾ ടീച്ചർ (മലയാളം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ച അധ്യാപികയുടെ ശമ്പളം നൽകുന്നതിന് ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു.
ആലപ്പുഴ ഡി.ഇ.ഒ. കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പുതുതായി ആരംഭിച്ച സ്കൂളുകളിലെ അവധി ഒഴിവുകളിൽ നിയമനം നടത്തുന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നതായി പറയുന്നു. പ്രഥമാധ്യാപിക സമർപ്പിച്ചതു കാരണമാണ് നിയമന അപേക്ഷ മടക്കി അയച്ചതെന്നും അപേക്ഷ സമർപ്പിക്കേണ്ടത് മാനേജരാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മാനേജർ നിയമന ശുപാർശ പുനഃസമർപ്പിച്ചില്ല. ഇതാണ് ശമ്പളം നിഷേധിക്കാൻ കാരണം.
2017 ഒക്ടോബർ മുതൽ 2018 മാർച്ച് വരെയാണ് താൻ സ്കൂളിൽ അധ്യാപികയായി പ്രവർത്തിച്ചതെന്നും 7 വർഷം കഴിഞ്ഞിട്ടും മാനേജർ നിയമന അപേക്ഷ സമർപ്പിക്കാത്തത് തെറ്റാണെന്നും പരാതിക്കാരിയായ അധ്യാപിക കമ്മീഷനെ അറിയിച്ചു. താൻ അധ്യാപികയായി പ്രവർത്തിച്ച കാലയളവിൽ നിയമനം അംഗീകരിച്ചു കിട്ടാനുള്ള രേഖകൾ കൃത്യമായി സമർപ്പിച്ചിരുന്നെങ്കിൽ തനിക്ക് വേതനം ലഭിക്കുമായിരുന്നുവെന്നും പരാതിക്കാരി അറിയിച്ചു.
പരാതിക്കാരിയുടേതല്ലാത്ത കാരണങ്ങളാലാണ് നിയമനം സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരിയുടെ നിയമനാപേക്ഷ സ്കൂൾ മാനേജർ പുന: സമർപ്പിക്കാത്തതിന്റെ കാരണം ഡി.ഇ.ഒ. തേടണമെന്നും അക്കാര്യം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
|
ആക്കുളം - വേളി കായലിലെ കുളവാഴ നീക്കണം. (Date : 09/04/2025)
തിരുവനന്തപുരം: മാലിന്യ നിക്ഷേപം കാരണം കുളവാഴകൾ രൂപംകൊണ്ട് ഒഴുക്ക് നിലച്ച ആക്കുളം - വേളി കായലിൽ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനുളള നടപടികൾക്കായി ജില്ലാ കളക്ടർ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, നഗരസഭാ സെക്രട്ടറി, നഗരസഭാ ആരോഗ്യ വിഭാഗം പ്രതിനിധി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ കായലിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികൾ ചർച്ച ചെയ്യണം.
ആക്കുളം കായലിലും പാർവതി പുത്തനാറിലും മാലിന്യം നിക്ഷേപിക്കുന്ന സ്വകാര്യ ഏജൻസികളെ ഉൾപ്പെടെ കണ്ടെത്താൻ ജില്ലാ പോലീസ് മേധാവി ആവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകണം. ഇന്ത്യൻ ശിക്ഷാ നിയമം / ഭാരതീയ ന്യായ സംഹിത, പരിസ്ഥിതി നിയമങ്ങൾ, മുൻസിപാലിറ്റി ചട്ടങ്ങൾ എന്നിവ പ്രകാരം നിയമലംഘകർക്കെതിരെ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ആക്കുളം-വേളി കായൽ ശുചിയാക്കൽ സംബന്ധിച്ച് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
ദുരന്തനിവാരണ അതോറിറ്റി ഡപ്യൂട്ടി കളക്ടർ മേയ് 6 രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ പങ്കെടുക്കണം.നഗരസഭാ സെക്രട്ടറി, പൊതുമരാമത്ത്, ഇറിഗേഷൻ,ഇൻലന്റ് നാവിഗേഷൻ എന്നീ വകുപ്പുകളുടെ പ്രതിനിധികൾ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മേധാവി എന്നിവർ സിറ്റിംഗിൽ പങ്കെടുക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മഴക്കാലപൂർവ ശുചീകരണം: യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 09/04/2025)
തിരുവനന്തപുരം: പാർവതി പുത്തനാറിലും അനുബന്ധ കനാലുകളിലുമുള്ള മാലിന്യങ്ങൾ നീക്കി മഴക്കാല പൂർവ ശുചീകരണം യുദ്ധകാലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല സമിതിക്ക് രൂപം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ദുരന്ത നിവാരണത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടർ, നഗരസഭാ സെക്രട്ടറി, പ്രധാന കനാലുകളുടെ ചുമതലയുള്ള ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ,ഇൻലന്റ് നാവിഗേഷൻ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ എന്നിവരടങ്ങിയ സമിതി മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മാലിന്യം കുന്നുകൂടി ഒഴുക്ക് നിലച്ച
കനാലുകൾ യാതൊരു കാരണവശാലും വെള്ളപ്പൊക്കത്തിന് കാരണമായി മാറരുതെന്ന് സമിതി ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകാൻ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടർ നടപടിയെടുക്കണം. മേയ് അവസാന വാരത്തിന് മുമ്പ് ശുചീകരണം പൂർത്തിയാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള നഗരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയിൽ (അർബൻ ഫ്ലഡ് മിറ്റിഗേഷൻ പ്രോജക്റ്റ്) നിന്നും മഴക്കാല പൂർവ ശുചീകരണത്തിന് സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ ഫണ്ട് സംഘടിപ്പിക്കാനുള്ള ശ്രമം നഗരസഭാ സെക്രട്ടറി നടത്തണം. ദേശീയ അതോറിറ്റിയിൽ നിന്നും ഫണ്ട് ലഭിക്കുന്നതിനുള്ള സാധ്യതകൾ ത്വരിതപ്പെടുത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായം തേടാൻ ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും നടപടിയെടുക്കണം.
പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് അധിക്യതർ ഉറപ്പാക്കണം. ആമയിഴഞ്ചാൻ, ഉള്ളൂർ, പട്ടം, കരിയിൽ കനാലുകളിൽ നിന്നുമുണ്ടാകാൻ സാധ്യതയുള്ള വെള്ളപ്പൊക്ക ഭീഷണി പൂർണമായി ഒഴിവാക്കാൻ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ നടപടിയെടുക്കണം.
നടപടികൾ സ്വീകരിച്ച ശേഷം ജില്ലാ കളക്ടർ, നഗരസഭാ സെക്രട്ടറി, പൊതുമരാമത്ത്, ഇറിഗേഷൻ,ഇൻലന്റ് നാവിഗേഷൻ വകുപ്പ് എന്നിവർ ഒരുമാസത്തിനകം പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം.
|
കട്ട നിർമ്മാണ കമ്പനിയിലെ മലിനജലം : നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 3511/2023 (Date : 08/04/2025)
കോട്ടയം : കല്ലറ പെരുന്തുരുത്തിയിൽ പ്രവർത്തിക്കുന്ന കട്ട നിർമ്മാണ സ്ഥാപനത്തിൽ നിന്നുമുള്ള മലിനജലം കിണറിൽ കലരുന്നതായി പരാതിയുയർന്ന സാഹചര്യത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനം പരിശോധിച്ച് നിയമാനുസൃതം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കല്ലറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
കല്ലറ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതി ശരിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപനം ഉടമയ്ക്ക് നൽകിയ സർട്ടിഫിക്കറ്റ് പുനഃപരിശോധിക്കാൻ പഞ്ചായത്ത് ബോർഡിന് നിർദ്ദേശം നൽകി. ഇതിനെതുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ ലൈസൻസ് റദ്ദാക്കി.
എന്നാൽ പരാതിക്കാരനായ സി. ജി. രാധാകൃഷ്ണനും സ്ഥാപന ഉടമയും തമ്മിൽ രമ്യതയിലെത്തുകയും പരാതികൾ പിൻവലിക്കുകയും ചെയ്തു. പക്ഷേ വീണ്ടും പരാതിക്കാരൻ കമ്മീഷനെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
|
ചാലക്കുടി ഐ. റ്റി. ഐയിലെ സംഘർഷം: കേസ് മനുഷ്യാവകാശ കമ്മീഷൻ തള്ളി. (Date : 08/04/2025)
ത്യശൂർ: ചാലക്കുടി ഐ. റ്റി. ഐയിൽ 2023 ഡിസംബർ 20 ന് കൊടി തോരണങ്ങൾ വയ്ക്കുന്നതായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് വിദ്യാർത്ഥിയെ പോലീസ് മർദ്ദിച്ചെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി.
പരാതിക്കാരന് മർദ്ദന വിവരങ്ങൾ ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കാമെന്ന് കമ്മീഷൻ അംഗം വി.ഗീത ഉത്തരവിൽ പറഞ്ഞു. തങ്ങളെ പോലീസുകാർ മൃഗീയമായി ഉപദ്രവിച്ചെന്നാരോപിച്ച് വിദ്യാർത്ഥി സമർപ്പിച്ച പരാതിയിലാണ് നടപടി. പോലീസിനെ പേടിച്ച് മർദ്ദന വിവരങ്ങൾ പോലീസിനെയും ഡോക്ടറെയും അറിയിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
പരാതിക്കാരൻ സമർപ്പിച്ച ആക്ഷേപത്തിൽ പോലീസുദ്യോഗസ്ഥരുടെ ഉപദ്രവത്തെ കുറിച്ച് പോലീസിനോടും മജിസ്ട്രേറ്റിനോടും പറഞ്ഞിട്ടില്ലെന്ന കാര്യങ്ങൾ വിശ്വസനീയമായി തോന്നുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കമ്മീഷൻ പരാതി തീർപ്പാക്കി.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടയിൽ ചാലക്കുടി സ്റ്റേഷനിലെ ജീപ്പ് നശിപ്പിച്ചതായി പറയുന്നു. പരാതിക്കാരൻ സംഘർഷത്തിൽ പ്രതിയാണെന്നും പോലീസുകാരോടുള്ള വിരോധത്തിലാണ് കമ്മീഷനിൽ പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
|
പാളയം മാർക്കറ്റിലെ പുനരധിവാസകേന്ദ്രത്തിന് സമീപം മാലിന്യ കൂമ്പാരം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. (Date : 08/04/2025)
തിരുവനന്തപുരം : പാളയം മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി മുന്നൂറിൽപരം ചെറുകിട കച്ചവടക്കാരെ താത്കാലിക ഷോപ്പിംഗ് കോംപ്ലക്സിലേക്ക് മാറ്റുന്നതിന് മുമ്പ് കോംപ്ലക്സിന് സമീപമുള്ള മാലിന്യകൂമ്പാരം പൂർണമായി സംസ്കരിക്കണമെന്ന ആവശ്യത്തിൽ നഗരസഭാ സെക്രട്ടറി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പാളയം മാർക്കറ്റ് പരിസരത്തെ റോഡുകളിൽ കൂടി വാഹനത്തിൽ സഞ്ചരിക്കാൻ പോലും കഴിയാത്ത വിധത്തിൽ ദുർഗന്ധം വമിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പാളയം കണ്ണിമാറ മർച്ചന്റ് ആന്റ് ലേബേഴ്സ് അസോസിയേഷൻ സമർപ്പിച്ച പരാതിയിൽ പറയുന്നു. മത്സ്യ- മാംസ - പച്ചക്കറി മാലിന്യങ്ങളുടെ കൂമ്പാരം അടിയന്തരമായി മാറ്റണമെന്ന നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം നഗരസഭ തള്ളിയതായി പരാതിയിൽ പറയുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ പ്രവർത്തനം നടക്കുന്ന വാർഡുകളിലെ മാലിന്യം തള്ളുന്നത് പാളയം മാർക്കറ്റിൽ പുതിയതായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് സമീപമാണ്.ഹരിത കർമ്മ സേനക്ക് ഫീസ് നൽകുന്നവരാണ് വ്യാപാരികളെന്നും പരാതിയിൽ പറയുന്നു. സ്ഥലത്ത് സാംക്രമിക രോഗങ്ങൾക്ക് സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ സെക്രട്ടറി ജെ. രാജനാണ് പരാതി നൽകിയത്.
|
ആമ്പുലൻസ് വാതിൽ തുറക്കാനാവാതെ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 5646/2022 (Date : 08/04/2025)
കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ഗുരുതരാവസ്ഥയിലുള്ള രോഗി ആമ്പുലൻസിന്റെ വാതിൽ തുറക്കാനാവാതെ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
വാഹനത്തിന്റെ അറ്റകുറ്റപണികൾ യഥാസമയം ചെയ്യാത്തതു കാരണമാണ് വാതിൽ തുറക്കാനാവാത്ത സാഹചര്യമുണ്ടായതെന്ന് കരുതാനാവില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
2022 ഓഗസ്റ്റ് 29 ന് വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ കോയമോൻ (66) ആണ് അമ്പുലൻസ് വാതിൽ തുറക്കാൻ കഴിയാത്തതിനെ തുടർന്ന് മരിച്ചത്. ബീച്ചാശുപത്രിയിൽ നിന്നാണ് ഡോക്ടറുടെ സാന്നിധ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചത്. രോഗിയുടെ കൂട്ടിരിപ്പുകാരൻ പരിഭ്രാന്തിയോടെ തള്ളിയപ്പോഴാണ് വാതിൽ തുറക്കാൻ കഴിയാത്തതെന്ന് ആർ.റ്റി.ഒ. യും ആശുപത്രി സൂപ്രണ്ടും സമർപ്പിച്ച റിപ്പോർട്ടുകളിൽ പറയുന്നു.
അന്നേ ദിവസം നാലുതവണ ഇതേ ആമ്പുലൻസിൽ രോഗികളെ ആശുപത്രിയിൽ എത്തിച്ചതാണെന്നും യാത്രകളിലൊന്നും തകരാർ സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് നൽകി : ആറാട്ടുപുഴ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉച്ചഭാഷിണി ഒഴിവാക്കിയതായി ദേവസ്വം ബോർഡ്. HRMP NO. 4359/2024 (Date : 07/04/2025)
തൃശ്ശൂർ : ആറാട്ടുപുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉച്ചഭാഷിണി പ്രവർത്തിക്കുന്നത് കാരണമുണ്ടാകുന്ന ശബ്ദമലിനീകരണം ഒഴിവാക്കുന്നതിന് നടപടിയെടുത്തതായി കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡിൽ ശാന്തിക്കാരനായി പ്രവർത്തിക്കുന്ന തൃശ്ശൂർ ആറാട്ടുപുഴ സ്വദേശി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ഉച്ചഭാഷിണികൾ ഒഴിവാക്കിയ ക്ഷേത്രത്തിൽ നിയമാനുസൃതം അനുവദനീയമായ രീതിയിലുള്ള സ്പീക്കറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മൂന്നു വർഷം കൂടുമ്പോൾ ശാന്തിക്കാർക്ക് സ്ഥലംമാറ്റം നൽകണമെന്ന നിബന്ധന നിലവിലുള്ളപ്പോൾ തന്നെ ചിലർക്ക് സ്ഥലംമാറ്റം നൽകാറില്ലെന്ന പരാതിക്കാരന്റെ ആരോപണം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കമ്മീഷൻ ഇടപെട്ടില്ല.
|
കടയുടമക്ക് നിരന്തരം അപമാനം : എ.എസ്.ഐ. ക്കെതിരെ താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ. HRMP No: 3562/2024 (Date : 07/04/2025)
കോഴിക്കോട് : പാലാഴി പാലക്കുറ്റിയിൽ വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ വാടകയ്ക്കു കൊടുക്കുന്ന കട ഉടമയെ എ.എസ്.ഐ. നിരന്തരം പരിഹസിക്കുകയാണെന്ന പരാതിയിൽ ഇത്തരം നടപടികളിൽ നിന്നും വിട്ടു നിൽക്കാൻ എ.എസ്.ഐ ക്ക് താക്കീത് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
എ.എസ്.ഐ. കമ്മീഷൻ സിറ്റിംഗിന് നേരിട്ട് ഹാജരായി പരാതി നിഷേധിച്ചെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ സാധാരണഗതിയിൽ ഒരാൾ പരാതിയുമായി മുന്നോട്ടു പോകുന്നത് തീരെ നിവൃത്തിയില്ലാതാകുമ്പോഴാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. തന്റെ ആത്മാഭിമാനത്തിന് നിരന്തരം ക്ഷതമേറ്റതുകൊണ്ടാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചതെന്ന് ഉത്തരവിൽ പറയുന്നു. ജനമൈത്രി പോലീസ് പോലുള്ള സംവിധാനങ്ങളുടെ പ്രസക്തി വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ അതിന്റെ അന്തഃസത്തക്ക് നിരക്കാത്തതും പരിഷ്കൃതസമൂഹത്തിന് അനുയോജ്യമല്ലാത്തതുമായ നടപടികൾ ഒരു പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്നും പരാതിയിൽ പറയുന്നു.
തന്റെ കടയിൽ നിന്നും സൈറ്റിൽ സാധനമെത്തിച്ച ഓട്ടോയ്ക്ക് സാധനങ്ങൾ വാടകയ്ക്ക് എടുത്തയാൾ ഓട്ടോകൂലി നൽകാത്തത് ചോദ്യം ചെയ്തപ്പോഴാണ് അന്ന് പന്തീരാങ്കാവ് സ്റ്റേഷനിൽ എ.എസ്.ഐ. യായിരുന്ന ഉദ്യോഗസ്ഥൻ തന്നെ അപമാനിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതിന് ശേഷം എ.എസ്.ഐ. നിരന്തരം തന്റെ കടയിലെത്തി തന്നെ പരസ്യമായി അപമാനിക്കുന്നത് പതിവാണെന്നും പരാതിയിൽ പറയുന്നു.
കമ്മീഷൻ നിർദ്ദേശാനുസരണം സിറ്റി പോലീസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലും എ.എസ്.ഐ. ക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു.
|
മൂകയും ബധിരയുമായ സ്ത്രീയെ പറ്റിച്ചു : സർക്കാർ ഉദ്യോസ്ഥരുടെ വീഴ്ച അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 6714/2023 (Date : 07/04/2025)
മലപ്പുറം : പൊന്നാനി നഗരസഭയുടെ പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി വീടു നിർമ്മിക്കാൻ സ്ഥലം വാങ്ങിയ ബധിരയും മൂകയുമായ നിർദ്ധന സ്ത്രീയെ, ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം നൽകി കബളിപ്പിച്ചെന്ന പരാതിയിൽ പൊന്നാനി മുൻസിപ്പൽ സെക്രട്ടറിയുടെയും പട്ടികജാതി വികസന ഓഫീസറുടെയും വീഴ്ച അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്കാണ് നിർദ്ദേശം നൽകിയത്.
നെയ്തല്ലൂർ സ്വദേശിനി അംബികയുടെ ദുരവസ്ഥയെ കുറിച്ച് അന്വേഷിക്കാനാണ് നിർദ്ദേശം .
വീട് നിർമ്മിക്കുന്നതിനായി പരാതിക്കാരി സ്വയം വസ്തു വാങ്ങിയപ്പോൾ ആവശ്യമായ ഉപദേശങ്ങൾ നൽകാൻ പട്ടികജാതി വികസന ഓഫീസർക്ക് നിയമാനുസൃതവും ധാർമ്മികവുമായ ഉത്തരവാദിത്വമുണ്ടായിരുന്നതായി കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
പരാതിയെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷനിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷണം നടത്തിയിരുന്നു.
ഭൂമി തരംമാറ്റുന്നതിന് പരാതിക്കാരി സമർപ്പിച്ച അപേക്ഷ ഒരു പ്രത്യേക കേസായി പരിഗണിച്ച് അനുകൂല നടപടി സ്വീകരിക്കാൻ കഴിയുമോയെന്ന് റവന്യു സെക്രട്ടറി പരിശോധിക്കണമെന്ന് കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
സർക്കാർ പദ്ധതികളുടെ മാർഗ്ഗരേഖകളിലെ പോരായ്മയും നിർവ്വഹണ ഉദ്യോഗസ്ഥരുടെ അലംഭാവവും അർഹരായവർക്ക് ആനുകൂല്യം ലഭിക്കുന്നതിൽ തടസം നിൽക്കുന്നതായി കമ്മീഷൻ ചൂണ്ടിക്കാണിച്ചു. മാർഗരേഖയിലെ നിബന്ധനകൾ പറഞ്ഞ് ഉദ്യോഗസ്ഥർ ഒഴിയാറുണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ റവന്യു, തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ 2 മാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം.
അംബികക്ക് വേണ്ടി പി. കെ. അബ്ദുൾ റഹീം സമർപ്പിച്ച പരാതിയിലാണ് നടപടി.
|
വൈദ്യുതി മോഷണ പരിശോധനയുടെ വിശദാംശങ്ങൾ കെട്ടിടം ഉടമക്ക് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 6143/2021 (Date : 05/04/2025)
കാസർഗോഡ് : വൈദ്യുതി മോഷണം സംബന്ധിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് അർദ്ധരാത്രി വീട്ടിൽ നടത്തിയ പരിശോധനയുടെ വിശദാംശങ്ങൾ വീട്ടുടമയ്ക്ക് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
കാസർഗോഡ് വിദ്യാനഗർ ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അർധരാത്രി വീട്ടിൽ നടത്തിയ വൈദ്യുതി മോഷണ പരിശോധനക്കെതിരെ ചെറുവത്തൂർ കൊവ്വൽ സ്വദേശി സമർപ്പിച്ച പരാതിയിലാണ് പരാതിക്കാരന് വിവരം കൈമാറാൻ കമ്മീഷൻ നിർദ്ദേശിച്ചത്.
വൈദ്യുതി മോഷണ പ്രതിരോധനസേനയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഫോണിൽ ലഭിച്ച വിവരത്തെ തുടർന്നാണ് പരാതിക്കാരന്റെ വീട്ടിൽ പരിശോധന നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രിസിറ്റി നിയമമനുസരിച്ച് വൈദ്യുതി ബോർഡ് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്ക് ഉപഭോക്താക്കളുടെ മീറ്റർ പരിശോധിക്കാൻ അധികാരമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കാസർഗോഡ് ജില്ലയിൽ കണ്ടെത്തിയിട്ടുള്ള വൈദ്യുതി മോഷണങ്ങളിൽ എറിയ പങ്കും രാത്രികാല പരിശോധന വഴി കണ്ടെത്തിയിട്ടുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതു സംബന്ധിച്ചുള്ള രഹസ്യവിവരങ്ങൾ മറ്റാർക്കും കൈമാറാൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്. തുടർന്നാണ് പരാതിക്കാരന് വിവരങ്ങൾ കൈമാറാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : ചലനവൈകല്യമുള്ളയാളെ ഇടിച്ച ശേഷം മുങ്ങിയ വാഹനം കണ്ടെത്തിയതായി പോലീസ്. HRMP NO. 1221/2024 (Date : 05/04/2025)
തൃശ്ശൂർ : 45 ശതമാനം ചലനവൈകല്യമുള്ള ഭാഗ്യക്കുറി വിൽപ്പനക്കാരനായ വയോധികന്റെ വാഹനത്തിൽ പാലിയേക്കര ടോൾ പ്ലാസക്ക് മുന്നിൽ മറ്റൊരു വാഹനം ഇടിച്ചിട്ട് നിർത്താതെ പോയ സംഭവത്തിൽ ഇടിച്ച വാഹനം കണ്ടെത്തിയതായി പുതുക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് നടപടി.
ഇടിച്ച വാഹനം ബന്തവസ്സിലെടുത്തതായും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രസ്തുത വാഹനം പരിശോധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഇനി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ട് മാത്രമാണ് ലഭിക്കാനുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് അന്വേഷണഘട്ടത്തിലാണെന്നും റിപ്പോർട്ടിലുണ്ട്. പാടി സ്വദേശി കെ. എം. ആന്റണി സമർപ്പിച്ചതാണ് പരാതി.
|
ആമയിഴഞ്ചാൻ തോട്ടിൽ ഇപ്പോഴും മാലിന്യനിക്ഷേപമുണ്ടോ ? മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും. HRMP Nos. 4805/2024 & 4907/2024 (Date : 05/04/2025)
തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ റയിൽവേ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും വ്യക്തികളും മാലിന്യം നിക്ഷേപിക്കുകയാണെന്ന പരാതിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ജൂലായിൽ മാലിന്യം നീക്കാനിറങ്ങിയയാൾ മരിച്ച ശേഷം തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് ഐ.ജി യുടെ നേതൃത്വത്തിലുള്ള
മനുഷ്യാവകാശ കമ്മീഷൻ അന്വേഷണവിഭാഗം നേരിട്ട് അന്വേഷിക്കുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെ ആരൊക്കെയാണ് ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത്, പോലീസിന്റെ പ്രത്യേക ശ്രദ്ധ ഇവിടെ ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ നേരിട്ട് അന്വേഷിച്ച് സമഗ്രമായ ഒരു റിപ്പോർട്ട് രണ്ടു മാസത്തിനുള്ളിൽ കമ്മീഷനിലെ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയും ബന്ധപ്പെട്ട ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയറും വേണ്ട സഹായം അന്വേഷണ ഉദ്യോഗസ്ഥന് നൽകണം.
നഗരസഭാ സെക്രട്ടറിയെയും റയിൽവെ ഡിവിഷണൽ മാനേജരെയും ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയറെയും അന്വേഷണ ഉദ്യോഗസ്ഥൻ നേരിൽ കേൾക്കണമെന്നും ഉത്തരവിൽ പറഞ്ഞു. തോടും പരിസരവും പരിശോധിക്കണമെന്നും ഉത്തരവിലുണ്ട്.
കഴിഞ്ഞ ദിവസം മറ്റൊരു ഉത്തരവിൽ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. പത്രവാർത്താ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നൽകണം : മനുഷ്യാവകാശ കമ്മീഷൻ. HRMP Nos. 4805/2024 & 4907/2024 (Date : 04/04/2025)
തിരുവനന്തപുരം : തമ്പാനൂർ റയിൽവേ സ്റ്റേഷൻ പരിസരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി നഗരസഭാ സെക്രട്ടറി രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ജോയിയുടെ മൃതദേഹം 2024 ജൂലൈ 15 ന് ലഭിച്ചെന്നും 13 ലക്ഷം റയിൽവേയും 10 ലക്ഷം രൂപ സംസ്ഥാന സർക്കാരും കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ജോയിയുടെ കുടുംബത്തിന് വീടില്ലെന്നും ഭൂമി ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമി ലഭിച്ചാൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ വീട് നിർമ്മിച്ച് നൽകുമെന്നും റിപ്പോർട്ടിലുണ്ട്.
സംഭവത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പുറമേ ഡോ. ഗിന്നസ് മാടസ്വാമി, അജു ചെറിയാൻ, വി. ദേവദാസ്, എ. അക്ബർ അലി എന്നീ പൊതുപ്രവർത്തകരും പരാതി സമർപ്പിച്ചിരുന്നു.
|
വലപ്പാട് ദേശീയപാതാ 66 ന്റെ ഇരുവശത്തുമുള്ള പാർക്കിംഗ് നിയന്ത്രിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 2243/2024 (Date : 04/04/2025)
തൃശ്ശൂർ : വലപ്പാട് ദേശീയപാതാ 66 ന്റെ ഇരുവശത്തുമുള്ള പാർക്കിംഗ് നിയമാനുസൃതമാണോ എന്ന് പരിശോധിക്കണമെന്നും ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത തൃശൂർ ജില്ലാ പോലീസ് മേധാവിക്ക് (റൂറൽ) നിർദ്ദേശം നൽകി.
വലപ്പാട് ദേശീയ പാതയിൽ മത്സ്യചന്തക്ക് ഇരുവശത്തും നടക്കുന്ന അനധികൃത പാർക്കിംഗ് കാൽനടയാത്രക്കാർക്കും സ്ത്രീകൾക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥലത്ത് സ്ഥിരമായി പോലീസ് പെട്രോളിംഗ് നടക്കുന്നുണ്ടെന്നും അനധികൃത പാർക്കിംഗ് തടയാൻ നടപടിയെടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കമ്മീഷനിൽ പരാതി നൽകിയ ശേഷം ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ് നിയന്ത്രിച്ചിട്ടുണ്ടെന്നും നാലുചക്ര വാഹനങ്ങളുടെ പാർക്കിംഗ് തുടരുകയാണെന്നും പരാതിക്കാരായ ഡോ. ചിന്നു കെ. ജെ. യും കെ. ജെ. ജോണിയും കമ്മീഷനെ അറിയിച്ചു.
|
മണ്ണിടിച്ചിലിൽ നിന്നും അമ്മയെയും മകളെയും സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 3743/2024 (Date : 04/04/2025)
കണ്ണൂർ: മണ്ണിടിച്ചിലിൽ നിന്നും പള്ളിപ്രം മുള്ളങ്കണ്ടി സ്വദേശി ഇ. ബീനയുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുള്ള നിയമാനുസൃത നടപടികൾ കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
അയൽവാസി മണ്ണിടിച്ചതു കാരണം പരാതിക്കാരിയുടെ വീടിന്റെ മുറ്റം ഇടിഞ്ഞെന്നും വീട് അപകടാവസ്ഥയിലാണെന്നും കോർപ്പറേഷൻ സെക്രട്ടറി തന്നെ കമ്മീഷനിൽ സമ്മതിച്ച സാഹചര്യത്തിലാണ് ഉത്തരവ്. മുൻസിപ്പൽ നിയമത്തിൽ നിഷ്ക്കർഷിക്കുന്ന രീതിയിൽ അപകടാവസ്ഥ ഇല്ലാതാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പെർമിറ്റ് പ്രകാരമാണ് എതിർകക്ഷി വീട് നിർമ്മിച്ചതെന്നും പരിശോധനക്ക് ശേഷമാണ് കെട്ടിടനമ്പർ അനുവദിച്ചതെന്നുമുള്ള കോർപ്പറേഷന്റെ വാദം അപകടാവസ്ഥ ഇല്ലാതാക്കുന്നില്ലെന്നും ഉത്തരവിൽ പറഞ്ഞു. പട്ടികജാതി വിഭാഗത്തിലുള്ള പരാതിക്കാരി മകളോടൊപ്പമാണ് അപകടാവസ്ഥയിലുള്ള വീട്ടിൽ താമസിക്കുന്നത്. അയൽവസ്തുവിന്റെ ഉടമ ജെ.സി.ബി. ഉപയോഗിച്ച് അവരുടെ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് ആരോപണം.
|
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് നൽകി : ഗ്രാമവണ്ടി ആരംഭിക്കാൻ പഞ്ചായത്തിന് സാമ്പത്തിക ശേഷിയില്ല. HRMP No: 7294/2023 (Date : 04/04/2025)
കാസർഗോഡ് : ഏതെങ്കിലും ഒരു പ്രദേശത്ത് പഞ്ചായത്തിന്റെ ധനസഹായത്തിൽ ബസ് സർവീസ് ആരംഭിച്ചാൽ പഞ്ചായത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും സമാന ആവശ്യം ഉയരാൻ സാധ്യതയുള്ളതിനാൽ ഗ്രാമവണ്ടി സംരംഭം ഏറ്റെടുത്ത് നടപ്പാക്കാൻ കഴിയില്ലെന്ന് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ബേഡഡുക്ക അടുക്കത്ത് ഭഗവതി ക്ഷേത്രപരിസരത്ത് നിന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലേക്കും മധൂർ സിദ്ധി വിനായക ക്ഷേത്രത്തിലേക്കും കെ.എസ്.ആർ.റ്റി.സി. സർവ്വീസുകൾ ആരംഭിക്കണമെന്ന പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് പഞ്ചായത്ത് സെക്രട്ടറി വിശദീകരണം നൽകിയത്.
പഞ്ചായത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പഞ്ചായത്ത് പരിധിയിലെ എല്ലാ പൊതുമരാമത്ത് റോഡ് വഴിയും കെ.എസ്.ആർ.റ്റി.സി, സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പരാതിക്കാരന്റെ ആവശ്യപ്രകാരം സർവ്വീസ് നടത്തിയാൽ പ്രതീക്ഷിക്കുന്ന ലാഭം ലഭിക്കില്ലെന്ന് കെ.എസ്.ആർ.റ്റി.സി. എ.റ്റി.ഒ. കമ്മീഷനെ അറിയിച്ചു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. പൊതുപ്രവർത്തകനായ എടപ്പന്നി ബാലകൃഷ്ണൻ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ഫോർട്ട് ആശുപത്രിയിലെ ദുരിതങ്ങൾ: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. (Date : 03/04/2025)
തിരുവനന്തപുരം: സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം വീർപ്പുമുട്ടുന്ന ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ അടിയന്തരമായി പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഫോർട്ട് ആശുപത്രിയിൽ രോഗികൾ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പരിശോധനക്ക് ഡപ്യൂട്ടി ഡി എം ഒ യിൽ കുറയാത്ത ഒരു മുതിർന്ന ഉദ്യാഗസ്ഥനെ നിയോഗിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രിയിൽ ആവശ്യമുള്ള ജീവനക്കാരുടെ എണ്ണം ഫോർട്ട് ആശുപത്രിയിൽ ലഭ്യമാണോയെന്ന് പരിശോധിക്കണം. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും പരിശോധിക്കണം.
അന്വേഷണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണം. താലൂക്ക് ആശുപത്രിക്ക് വേണ്ട തസ്തികകൾ ഫോർട്ട് ആശുപത്രിയിൽ അനുവദിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ കാരണം, നിലവിലുള്ള തസ്തികകൾ, നിലവിലുള്ള ജീവനക്കാരുടെ എണ്ണം, ഒഴിവുള്ള തസ്തികകൾ, ഒഴിവുകൾ നികത്താൻ സ്വീകരിച്ച നടപടികൾ എന്നീ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. ആശുപത്രി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരിഗണനയിലുണ്ടോ എന്നും പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നുണ്ടോ, നിർമ്മാണം എന്ന് പൂർത്തിയാകും തുടങ്ങിയ വിവരങ്ങളും റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. അടിയന്തരാവശ്യമുള്ള ഉപകരണങ്ങൾ ലഭ്യമാണോ എന്ന് പരിശോധിച്ച് വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. 3 ആഴ്ചക്കകം ഡി എം ഒ റിപ്പോർട്ട് സമർപ്പിക്കണം.
ആരോഗ്യവകുപ്പു ഡയറക്ടറും താലൂക്ക് ആശുപത്രി സൂപ്രണ്ടും 3 ആഴ്ചക്കകം പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം. മേയ് 8 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഡപ്യൂട്ടി ഡി.എം. ഒ, ഡി എച്ച് എസിന്റെ പ്രതിനിധി, താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ പ്രതിനിധി എന്നിവർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
|
കാസർഗോഡ് മെഡിക്കൽ കോളേജിന്റെ നിർമ്മാണം ത്വരിതപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 7099/2023 (Date : 03/04/2025)
കാസർഗോഡ് : ആരോഗ്യ മേഖലയിൽ കാസർഗോഡ് ജില്ലയിലുള്ള സംവിധാനങ്ങൾ അപര്യാപ്തമായതിനാൽ നിർദ്ദിഷ്ട മെഡിക്കൽ കോളേജിന്റെ നിർമ്മാണം ത്വരിതപ്പെടുത്താൻ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ജില്ലയിൽ ആരോഗ്യസംവിധാനങ്ങൾ കുറവായതിനാൽ കർണാടകയെ ആശ്രയിക്കേണ്ടി വരികയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഉത്തരവ്.
കാസർഗോഡ് ജില്ലാ കളക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിലവിൽ ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണ പ്രവൃത്തി നിർത്തിവച്ചിരിക്കുകയാണെന്ന് പറയുന്നു. പഴയ റേറ്റിൽ പണി ചെയ്യാൻ കഴിയില്ലെന്ന് കരാറുകാരൻ അറിയിച്ചതിനെ തുടർന്നാണ് നിർമ്മാണം നിർത്തി വച്ചത്. തുടർന്ന് കരാറുകാരനെ സർക്കാർ നീക്കം ചെയ്തു. ആശുപത്രി ബ്ലോക്കിന്റെ പണി പൂർത്തിയാക്കണമെങ്കിൽ സെക്രട്ടേറിയറ്റ് തലത്തിൽ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ക്വാർട്ടേഴ്സിന്റെ പണി 70% പൂർത്തിയാക്കി. പെൺകുട്ടികളുടെ ഹോസ്റ്റൽ, ടീച്ചേഴേസ് ക്വാർട്ടേഴ്സ് എന്നിവയുടെ പണിയും പൂർത്തിയാക്കിയിട്ടില്ല. കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിന് 3 ലക്ഷം രൂപ എം. എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. സ്ഥിരം കണക്ഷന് 18 ലക്ഷം രൂപ ആവശ്യമാണ്. കുടിവെള്ള കണക്ഷൻ അനുവദിക്കാൻ കാസർഗോഡ് വികസന പാക്കേജിൽ നിന്നും വാട്ടർ അതോറിറ്റിക്ക് നൽകിയെങ്കിലും വാട്ടർ അതോറിറ്റി പണി പൂർത്തിയാക്കിയിട്ടില്ല. എ. എ. അബ്ദുൾ സത്താറിന്റെ പരാതിയിലാണ് നടപടി.
|
ഉമയാറ്റുകര സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകണം : മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4990/2024 (Date : 03/04/2025)
ആലപ്പുഴ : ഉമയാറ്റുകര സർവ്വീസ് സഹകരണ ബാങ്കിൽ ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി നിക്ഷേപിച്ച തുക ഒറ്റതവണയായോ സാമ്പത്തികഞെരുക്കമുണ്ടെങ്കിൽ 3 ഗഡുക്കളായോ തിരികെ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉമയാറ്റുകര സർവ്വീസ് സഹകരണ ബാങ്ക് മാനേജർക്ക് നിർദ്ദേശം നൽകി.
പരാതിക്കാരനായ പ്രസന്നകുമാരൻ പിള്ളയുടെ ഭാര്യയുടെ ചികിത്സക്ക് വേണ്ടിയാണ് നിക്ഷേപം തിരികെ ആവശ്യപ്പെട്ടതെന്നും ഉത്തരവിൽ പറയുന്നു. പരാതിക്കാരന് ലഭിക്കേണ്ട തുക കാലതാമസം കൂടാതെ ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു. പല ഇടപാടുകാർക്കും ഭരണസമിതിയും ബാങ്ക് ജീവനക്കാരും ചേർന്ന് നിക്ഷേപം തിരികെ നൽകിയതായി പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പരാതി ഗൗരവമുള്ളതാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
ആദ്യഗഡു ഏപ്രിൽ 10 നകവും രണ്ടാം ഗഡു മേയ് 10 നകവും മൂന്നാം ഗഡു ജൂൺ 10 നകവും നൽകണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരൻ സ്ഥിരനിക്ഷേപമായി 2,50,000 രൂപ നിക്ഷേപിച്ചതായും ഇതിൽ നിന്നും 2,00,000 രൂപയുടെ ചെക്ക് വായ്പ അടയ്ക്കുന്നതിനായി നൽകിയപ്പോൾ ചെക്ക് മടങ്ങിയെന്നും പരാതിയിൽ പറയുന്നു.
പരാതിക്കാരന് സ്ഥിരനിക്ഷേപമുള്ളതായി ബാങ്ക് സെക്രട്ടറി റിപ്പോർട്ടിൽ സമ്മതിച്ചു. കടുത്ത പ്രതിസന്ധിയിലൂടെയാണ് ബാങ്ക് കടന്നു പോകുന്നതെന്നും 15 കോടിയിലധികം തുക വായ്പ നൽകിയത് തിരികെ ലഭിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഭാര്യക്കുണ്ടായ അപകടത്തെ തുടർന്ന് ശസ്ത്രക്രിയക്ക് രണ്ടു ലക്ഷം രൂപ ചെലവായെന്നും പരാതിക്കാരൻ അറിയിച്ചു.
|
മാനാഞ്ചിറയിൽ വീണ്ടും നടപ്പാത കൈയേറിയ തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 2489/2025 (Date : 02/04/2025)
കോഴിക്കോട് : മാനാഞ്ചിറ എൽ.ഐ.സിക്ക് സമീപം മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് ലംഘിച്ച് വീണ്ടും നടപ്പാത കൈയേറിയ തെരുവുകച്ചവടക്കാരെ പൂർണമായും ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
മൂന്ന് സുപ്രധാന ചോദ്യങ്ങൾക്ക് കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി ഒരാഴ്ചക്കകം രേഖാമൂലം മറുപടി സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
1, തെരുവുകച്ചവടം അനുവദനീയമായ സ്ഥലങ്ങൾ കോർപ്പറേഷൻ പ്രഖ്യാപിച്ചിട്ടുണ്ടോ?
2, അങ്ങനെയാണെങ്കിൽ തെരുവ് കച്ചവടം നടത്തുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോ?
3, നടപ്പാതയിലും തിരക്കുള്ള റോഡുകളിലും ജംഗ്ഷനുകളിലും തെരുവ് കച്ചവടം നടത്താൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിൽ അതിന് പോലീസ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ടോ?
എൽ.ഐ.സി. ക്ക് സമീപം നടപ്പാതയിൽ തെരുവുകച്ചവടം നടത്താൻ പോലീസ് അനുമതി നൽകിയിട്ടുണ്ടോ എന്നതു പരിശോധിച്ച് ഒരാഴ്ചക്കകം സിറ്റി പോലീസ് കമ്മീഷണർ വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കാൽനടയാത്രക്കാരുടെ മനുഷ്യാവകാശങ്ങളെ ബാധിക്കുന്നില്ലെങ്കിൽ തെരുവുകച്ചവടം നടത്തുന്നതിൽ കമ്മീഷന് എതിർപ്പില്ലെന്ന് ഉത്തരവിൽ പറയുന്നു. കാൽനടയാത്രക്കാരെ ബാധിക്കാത്ത തരത്തിൽ തെരുവുകച്ചവടം നടത്തേണ്ട സ്ഥലങ്ങൾ കോർപ്പറേഷൻ കണ്ടെത്തണമെന്നും കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. എൽ.ഐ.സി. പരിസരത്തുള്ള തെരുവുകച്ചവടക്കാരെ മറ്റാർക്കും ഉപദ്രവമുണ്ടാകാത്ത സ്ഥലത്തേക്ക് പുനരധിവസിപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
തെരുവുകച്ചവടക്കാരുടെ (ഉപജീവനസംരക്ഷണവും തെരുവുകച്ചവട നിയന്ത്രണവും) കമ്മിറ്റി ചെയർമാന്റെ നിർദ്ദേശാനുസരണമാണ് കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപ്പാതകളിൽ നിന്നും ഒഴിപ്പിച്ച കച്ചവടക്കാർ മടങ്ങിയെത്തിയത്. ഇതിനെതിരെ കമ്മീഷൻ നടപടി ആരംഭിച്ചിട്ടുണ്ട്.
കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മകൻ പ്രതിയായ കേസിൽ വീട്ടുകാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 7251/2023 (Date : 02/04/2025)
തിരുവനന്തപുരം : മകൻ കഞ്ചാവ് കേസിൽ പ്രതിയായതിന്റെ പേരിൽ വീട്ടിലുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കേസിന്റെ അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ പരാതിക്കാരിയായ വട്ടപ്പാറ സ്വദേശിനിക്ക് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകാമെന്നും ഉത്തരവിൽ പറഞ്ഞു. 2023 ജൂലൈ 15ന് വട്ടപ്പാറ സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘവും വീട്ടിൽ അതിക്രമിച്ച് കയറി പരാതിക്കാരിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി.
റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ മകനെതിരെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ക്രൈം 1057/23 കേസ് രജിസ്റ്റർ ചെയ്തതായും മകന് കഞ്ചാവ് കച്ചവടവുമായി ബന്ധമുണ്ടെന്ന വിശ്വാസയോഗ്യമായ അറിവിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിൽ നിയമപ്രകാരം പരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ മകൻ പ്രതിയായ കേസ് നിയമപരമായ മാർഗത്തിലൂടെ പരിഹാരം കാണണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
|
ഇ.പി.എഫ്. പെൻഷൻ വാങ്ങുന്നവർക്ക് പൂർണ തോതിൽ സാമൂഹികക്ഷേമ പെൻഷൻ നൽകാമോ ? പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 7366/2024 (Date : 02/04/2025)
തൃശ്ശൂർ : പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ഇ.പി.എഫ്.പെൻഷൻ കൈപ്പറ്റുന്നവർക്കും നിശ്ചിത പരിധിക്ക് വിധേയമായി പൂർണമായ തോതിൽ സാമൂഹികസുരക്ഷാ പെൻഷൻ അനുവദിക്കണമെന്ന ആവശ്യം അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.
ഇ.പി.എഫ്.പെൻഷനായി പ്രതിമാസം 3033 രൂപ വാങ്ങുന്നയാൾ തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാമൂഹികക്ഷേമ പെൻഷൻ 600 രൂപയായി കുറച്ചതായി ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
വലപ്പാട് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരനായ വലപ്പാട് സ്വദേശി പി. വി. പ്രേമാനന്ദ് ടൈപ്പിസ്റ്റ് വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നതെന്നും ഇ.പി.എഫ്.പെൻഷൻ കൈപ്പറ്റുന്നതു കൊണ്ടാണ് സാമൂഹികക്ഷേമ പെൻഷൻ കുറവു ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
സാമൂഹികക്ഷേമ പെൻഷൻ പൂർണ തോതിൽ അനുവദിക്കണമെന്ന പരാതിക്കാരന്റെ അപേക്ഷ സർക്കാർ നിരസിച്ചു. കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച എക്സിക്യൂട്ടീവുകൾ, സ്റ്റാഫുകൾ എന്നിവരിൽ 4000 രൂപ വരെ ഇ.പി.എഫ്.പെൻഷൻ ലഭിക്കുന്നവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ 600 രൂപ നിരക്കിൽ ലഭിക്കാൻ അർഹതയുണ്ടായിരിക്കും. 4000 രൂപക്ക് മുകളിൽ ഇ.പി.എഫ്.പെൻഷൻ ലഭിക്കുന്നവർക്ക് സാമൂഹിക സുരക്ഷാ പെൻഷന് അർഹതയില്ല.
സർക്കാർ തലത്തിൽ തീരുമാനമെടുക്കേണ്ട വിഷയത്തിൽ കമ്മീഷൻ ഇടപെടുന്നത് അനുചിതമാണെന്ന് ഉത്തരവിൽ പറഞ്ഞു. എന്നിരുന്നാലും വിഷയം നിയമാനുസൃതം പരിശോധിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
|
കസ്റ്റഡിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ : കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. (Date : 02/04/2025)
വയനാട് : പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് സ്റ്റേഷൻ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അമ്പലവയൽ നെല്ലാറച്ചാൽ പുതിയപാടി വീട്ടിൽ ഗോകുലിനെയാണ് (18) ചൊവ്വാഴ്ച സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫുൾകൈ ഷർട്ടൂരി ശൗചാലയത്തിലെ ഷവറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ കേസിലാണ് ഗോകുലിനെ കസ്റ്റഡിയിലെടുത്തത്. കവുങ്ങുതൊഴിലാളിയായിരുന്നു ഗോകുൽ. മേയിൽ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
മാനാഞ്ചിറയിലെ മനുഷ്യാവകാശ ലംഘനങ്ങൾ: മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെയുള്ള നിർദ്ദേശം 7 ദിവസത്തിനകം പിൻവലിക്കണമെന്ന് കമ്മീഷൻ. HRMP No: 2489/2025 (Date : 01/04/2025)
കോഴിക്കോട് : മാനാഞ്ചിറ എൽ.ഐ.സിക്ക് സമീപം മനുഷ്യജീവനെ വെല്ലുവിളിച്ച് നടപ്പാതയിൽ തെരുവുകച്ചവടക്കാർ നടത്തിയ കൈയേറ്റം ഒഴുപ്പിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ, തെരുവു കച്ചവടക്കാരുടെ (ഉപജീവന സംരക്ഷണവും തെരുവുകച്ചവട നിയന്ത്രണവും) നിയമം 2014 ന്റെ അടിസ്ഥാനത്തിൽ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ ചെയർമാൻ നൽകിയ നിർദ്ദേശം ഏഴു ദിവസത്തിനകം പിൻവലിച്ച് നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
കമ്മിറ്റി ചെയർമാനാണ് ഉത്തരവ് നൽകിയത്.
തെരുവുകച്ചവടക്കാരുടെ ഉപജീവന സംരക്ഷണ കമ്മിറ്റിയുടെ ചെയർമാൻ നൽകിയ നിയമ വിരുദ്ധ നിർദ്ദേശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലാപറമ്പ സ്വദേശി ബാബു പാറമ്മേൽ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടക്കാല ഉത്തരവും ഷോക്കോസ് നോട്ടീസും നൽകിയത്.
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെ തുടർന്ന് നഗരസഭയും പോലീസും തെരുവുകച്ചവടക്കാരെ ഒഴിപ്പിച്ചെങ്കിലും തെരുവുകച്ചവട സംരക്ഷണ കമ്മിറ്റി ചെയർമാൻ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കച്ചവടക്കാർ തിരികെയെത്തിയെന്നാണ് പരാതി.
മനുഷ്യാവകാശ സംരക്ഷണ നിയമം, 1993 അനുസരിച്ച് സിവിൽ കോടതിയുടെ അധികാരങ്ങളുള്ള മനുഷ്യാവകാശ കമ്മീഷന്റെ ജുഡീഷ്യൽ ഉത്തരവിൽ ഇടപെടാൻ എന്ത് അധികാരമാണ് കമ്മിറ്റി ചെയർമാനുള്ളതെന്ന് കമ്മീഷൻ ഉത്തരവിൽ ചോദിച്ചു. തെരുവു കച്ചവടക്കാരുടെ സംരക്ഷണ നിയമത്തിലെ സെക്ഷൻ 27 അനുസരിച്ച് മാനാഞ്ചിറക്ക് മുന്നിലുള്ള സ്ഥലത്ത് തെരുവ് കച്ചവടത്തിന് കോർപ്പറേഷനോ പോലീസോ നൽകിയ സർട്ടിഫിക്കറ്റ് ലഭ്യമാണോ ? പ്രസ്തുത നിയമത്തിലെ ബന്ധപ്പെട്ട വ്യവസ്ഥ പ്രകാരം തർക്കത്തിലുള്ള സ്ഥലത്ത് തെരുവു കച്ചവടം അനുവദിക്കപ്പെട്ടിട്ടുള്ള ഇടമാണോ ?
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് കോർപ്പറേഷൻ നീക്കം ചെയ്ത തെരുവുകച്ചവടക്കാർ, കമ്മിറ്റി ചെയർമാന്റെ നിർദ്ദേശാനുസരണം അതേ സ്ഥലത്ത് തിരികെയെത്തിയ സാഹചര്യത്തിൽ കമ്മിറ്റി ചെയർമാൻ നഗ്നമായ മനുഷ്യാവകാശ ലംഘനത്തിന് കുട പിടിച്ചിരിക്കുകയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിന് കമ്മിറ്റി ചെയർമാൻ 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ഇല്ലെങ്കിൽ മനുഷ്യാവകാശ സംരക്ഷണ നിയമം, 1993-ലെ സെക്ഷൻ 18 അനുസരിച്ചുള്ള നടപടികളിലേക്ക് പ്രവേശിക്കുമെന്നും ഉത്തരവിൽ പറയുന്നു.
നടപ്പാതകൾ ഉപയോഗിക്കുവാനുള്ള അധികാരം കാൽനടയാത്രക്കാർക്ക് മാത്രമാണെന്ന് നിരവധി കോടതി ഉത്തരവുകളുണ്ടെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിരീക്ഷിച്ചു. മനുഷ്യാവകാശ കമ്മീഷന്റെയോ കോർപ്പറേഷന്റെയോ പോലീസിന്റെയോ ഉത്തരവുകളെ ചോദ്യം ചെയ്യാൻ കമ്മിറ്റി ചെയർമാന് ഒരധികാരവുമില്ലെന്ന് പരാതിക്കാരനും അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ചോദ്യം ചെയ്യണമെങ്കിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിലോ സുപ്രീം കോടതിയിലോ റിട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. എന്നാൽ കമ്മിറ്റിയുടെ അപ്പീൽ അധികാരിയായ കോഴിക്കോട് കോർപ്പറേഷനാണ് കമ്മിറ്റി നിർദ്ദേശം നൽകിയിരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷന്റെ കീഴിലാണ് കമ്മിറ്റി പ്രവർത്തിക്കേണ്ടതെന്നും ഉത്തരവിൽ
|
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കാത്ത പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചുവരുത്തും. HRMP NOs. 2803/2023 & 5027/2024 (Date : 01/04/2025)
തൃശ്ശൂർ : മരക്കമ്പുകളും പട്ടയും തേങ്ങയും വീടിന് മുകളിൽ വീണ് നാശനഷ്ടം ഉണ്ടാകുന്നതായുള്ള പരാതിയിൽ മാവിന്റെ ശിഖരങ്ങൾ മുറിക്കണമെന്നും തേങ്ങ വീഴാതിരിക്കാൻ കൊട്ട സ്ഥാപിക്കണമെന്നുമുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കുന്നതിന് പകരം എതിർകക്ഷിയുടെ പരാതി തീർപ്പാക്കാൻ ശ്രമിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കമ്മീഷൻ വിളിച്ചു വരുത്തും.
ഏപ്രിൽ 29ന് രാമനിലയത്തിൽ നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ പാസാക്കിയ മുൻ ഉത്തരവ് നടപ്പാക്കിയ റിപ്പോർട്ടുമായി നേരിട്ട് ഹാജരാകാനാണ് കമ്മീഷൻ അംഗം വി. ഗീത നൽകിയ ഉത്തരവ്.
പരാതിക്കാരി നിയമാനുസൃത അകലം പാലിക്കാതെയും പഞ്ചായത്തിന്റെ അനുമതിയില്ലാതെയും പണിത മേൽക്കൂര കാരണം എതിർകക്ഷിയുടെ പുരയിടത്തിലേക്കും കിണറിലേക്കും വെള്ളമൊഴുകുന്നുവെന്നാണ് പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട്. പരാതിക്കാരിയുടെ പറമ്പിൽ തേങ്ങ വീഴാതിരിക്കാൻ കൊട്ട സ്ഥാപിക്കുന്നതിന് ജോലിക്കാരനെ അന്വേഷിക്കുന്നതായി എതിർകക്ഷി പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. എതിർകക്ഷിയെ കേൾക്കണമെന്നും പഞ്ചായത്ത് സെക്രട്ടറി ശുപാർശ ചെയ്തു. കമ്മീഷൻ നൽകിയ ഉത്തരവ് നടപ്പിലാക്കിയശേഷം എതിർകക്ഷിയുടെ പരാതി പ്രത്യേക കേസായി പരിഗണിച്ച് സെക്രട്ടറി പരിഹാരം തേടേണമെന്നും ഉത്തരവിൽ പറയുന്നു. അരിമ്പൂർ സ്വദേശിനി പാർവ്വതി ജി. വാരിയർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
എൽ. എൽ.എം. വിദ്യാർത്ഥിക്ക് പട്ടികജാതി വിഭാഗകാർക്കുള്ള ഇ-ഗ്രാന്റ് എത്രയും വേഗം അനുവദിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1750/2024 (Date : 01/04/2025)
തിരുവനന്തപുരം : രോഗങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും അനുഭവിക്കുന്ന തിരുവനന്തപുരം ഗവ. ലാ കോളേജിലെ എൽ.എൽ.എം. വിദ്യാർത്ഥിക്ക് 2023-24 ലെ പട്ടികജാതി വിഭാഗകാർക്കുള്ള ഇ-ഗ്രാന്റിന്റെ രണ്ടാം ഗഡു എത്രയും വേഗം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പട്ടികജാതി വികസനവകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 2023-24 വർഷത്തെ ഇ-ഗ്രാന്റ് ആനുകൂല്യം പൂർണമായും വിതരണം ചെയ്യാൻ ഫണ്ട് കുറവായതിനാൽ കൂടുതൽ തുക ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തുടർന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2023-24 വർഷത്തെ ആദ്യഗഡു ആനുകൂല്യം പരാതിക്കാരന് നൽകി. സർക്കാരിൽ നിന്നും ഫണ്ട് കിട്ടുന്ന മുറയ്ക്ക് രണ്ടാം ഗഡു കൊടുക്കുമെന്ന് സിറ്റിംഗിൽ ഹാജരായ പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.
|
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ രോഗികളെ ചുമക്കുന്ന സാഹചര്യം അവസാനിപ്പിക്കണം : അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 2811/2025 (Date : 29/03/2025)
എറണാകുളം : ലിഫ്റ്റ് സൗകര്യമില്ലാത്തതിനാൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ രോഗികളെ സ്ട്രക്ചറിൽ ചുമന്ന് രണ്ടാം നിലയിലെത്തിക്കുന്ന സാഹചര്യത്തിൽ രോഗികളും ജീവനക്കാരും കൂട്ടിരിപ്പുകാരും അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി ഡി.എം.ഒ. യുടെ റാങ്കിൽ കുറയാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് താലൂക്ക് ആശുപത്രിയിൽ അടിയന്തര പരിശോധന നടത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
പരിശോധനയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ, ഡി.എം.ഒ., താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർ കാലതാമസം കൂടാതെ പരാതിക്ക് പരിഹാരം കാണണം.
ആശുപത്രിയിൽ നടന്നു വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്ത സാഹചര്യം ഡി.എം.ഒ. പരിശോധിച്ച് മൂന്നാഴ്ചക്കകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. അടിയന്തര നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള സമയം, നിർമ്മാണം യഥാസമയം പൂർത്തിയാക്കാത്തതിന്റെ കാരണങ്ങൾ എന്നിവ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. താലൂക്ക് ആശുപത്രി സൂപ്രണ്ട് 3 ആഴ്ചക്കകം പ്രത്യേക റിപ്പോർട്ട് സമർപ്പിക്കണം.
ആരോഗ്യവകുപ്പ് ഡയറക്ടറും പെരുമ്പാവൂർ മുൻസിപ്പാലിറ്റി സെക്രട്ടറിയും മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
ഏപ്രിൽ 22ന് രാവിലെ 10 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഡി.എം.ഒ., ഡി.എച്ച്.എസ്., താലൂക്ക് ആശുപത്രി സൂപ്രണ്ട്, പെരുമ്പാവൂർ മുൻസിപ്പാലിറ്റി സെക്രട്ടറി എന്നിവരുടെ പ്രതിനിധികൾ ഹാജരാകണം.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഉടപെട്ടു : പരിയാരം മെഡിക്കൽ കോളെജിൽ പാമ്പുശല്യം ഇല്ലാതാക്കാൻ നടപടി. HRMP No: 7478/2024 (Date : 29/03/2025)
കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിൽ പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ക്രിയാത്മക നടപടികൾ സ്വീകരിച്ചു വരുന്നതായി പരിയാരം മെഡിക്കൽ കോളേജ് അധികൃതർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പരിയാരം മെഡിക്കൽ കോളേജിലെ പാമ്പുശല്യത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രിൻസിപ്പലിന്റെ റിപ്പോർട്ട് സ്വീകരിച്ച കമ്മീഷൻ കേസ് തീർപ്പാക്കി.
ടി.ബി. സാനിറ്റോറിയം പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് 1995 ൽ പരിയാരം സഹകരണ മെഡിക്കൽ കോളേജായി രൂപാന്തരപ്പെടുത്തിയതെന്നും 119 ഏക്കറോളം സ്ഥലത്ത് ഇഴജന്തു സാന്നിധ്യമുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു. കെട്ടിടത്തിന്റെ അറ്റകുറ്റപണികൾക്കൊപ്പം ചുറ്റുമുള്ള സ്ഥലം ഇന്റർലോക്ക് ചെയ്യാനും നടപടികൾ സ്വീകരിക്കുന്നുണ്ട്. കാട് വൃത്തിയാക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. പത്രവാർത്തയിൽ പരാമർശിക്കുന്നത് കാട്ടുപാമ്പ് എന്ന വിഷമില്ലാത്ത പാമ്പിനെയാണെന്നും ഇതൊഴിവാക്കാൻ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷമില്ലാത്ത പാമ്പിന്റെ സാന്നിധ്യം പൂർണമായും ഇല്ലാതാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ തേടിയെന്നും ഇവ നടപ്പാക്കി വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പഴയ ഉപകരണങ്ങളും വസ്തുക്കളും ലേലം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
|
മനുഷ്യാവകാശ കമ്മീഷൻ പരാതി തീർപ്പാക്കി : എഴുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചയാൾക്ക് തത്ക്കാലം അകാലവിടുതൽ നൽകില്ലെന്ന് ജയിൽമേധാവി. HRMP NO. 5905/2024 (Date : 29/03/2025)
തൃശൂർ : ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്നയാൾക്ക് അകാലവിടുതൽ നൽകണമെന്ന പ്രതിയുടെ അമ്മയുടെ ഹർജി തത്ക്കാലം പരിഗണിക്കാൻ കഴിയില്ലെന്ന് ജയിൽ ഡി.ജി.പി. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ജയിൽ ഡി.ജി.പി. യുടെ റിപ്പോർട്ട് സ്വീകരിച്ച കമ്മീഷൻ അംഗം വി. ഗീത പ്രതിയുടെ അമ്മ കമ്മീഷനിൽ സമർപ്പിച്ച അപേക്ഷ തീർപ്പാക്കി.
കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന തമിഴ് ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം മഴയത്ത് ഉപേക്ഷിക്കുകയായിരുന്നു പ്രതി. ശ്വാസകോശത്തിൽ വെള്ളം കയറി കുഞ്ഞ് മരിച്ചു.
തന്റെ മകൻ 18 വർഷമായി വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണെന്നും 78 വയസായ തന്റെ രോഗദുരിതങ്ങൾ കണക്കിലെടുത്ത് മകന് അകാലവിടുതൽ നൽകണമെന്നായിരുന്നു പ്രതി ബാബുവിന്റെ അമ്മ അഴീക്കോട് സ്വദേശിനി കമലാക്ഷിയുടെ ആവശ്യം.
ജയിൽ ഡി.ജി.പി. യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2022, 23, 24 വർഷങ്ങളിൽ പ്രതിയുടെ അകാലവിടുതൽ ജയിൽ ഉപദേശക സമിതിക്ക് മുന്നിൽ സമർപ്പിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പ്രതിയുടെ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലവും പോലീസ് റിപ്പോർട്ട് പ്രതികൂലവുമായിരുന്നു. പ്രതി മദ്യപാനിയും സ്ഥിരം വഴക്കാളിയുമായിരുന്നതിനാൽ സമാന കുറ്റകൃത്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു പോലീസ് റിപ്പോർട്ട്. പീഡനകേസിൽ പ്രതിയായതിനാൽ പ്രതിക്ക് സാധാരണ അവധിക്ക് അർഹതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: മൂഴിയാർ ഗവ. ട്രൈബൽ സ്കൂളിൽ വാഹനവും ഭക്ഷണവും ഉറപ്പായി. (Date : 28/03/2025)
പത്തനംതിട്ട: മൂഴിയാർ ഗവ. ട്രൈബൽ യു.പി. സ്കൂളിലെ സുന്ദര ബാല്യം സുരക്ഷിത ബാല്യം , വിദ്യാ വാഹിനി പദ്ധതികളുടെ പ്രവർത്തനം മുടങ്ങിയത് കാരണം 14 കുട്ടികളുടെ പഠനം അനിശ്ചിതത്വത്തിലായെന്ന പരാതി പരിഹരിച്ചതായി ട്രൈബൽ ഡവലപ്മെമെന്റ് ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. പദ്ധതി മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പത്തനംതിട്ട ട്രൈബൽ ഡവലപ്പമെന്റ് ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു.
സീതത്തോട് പഞ്ചായത്തിലെ മൂഴിയാർ, സായിപ്പൻകുഴി മേഖലകളിൽ നിന്നുള്ള 15 കുട്ടികളെ 1950 രൂപ നിരക്കിൽ മൂഴിയാർ ഗവ. യു പി
സ്കൂളിൽ എത്തിക്കാൻ വാഹന സൗകര്യം നൽകിയിരുന്നതായി ജില്ലാ ട്രൈബൽ വികസന ഓഫീസർ കമ്മീഷനെ അറിയിച്ചു.. എന്നാൽ കൃത്യമായി തുക അനുവദിക്കപ്പെട്ടില്ല. ഇക്കാരണത്താൽ 2024 നവംബർ, ഡിസംബർ മാസങ്ങളിൽ വിദ്യാവാഹിനി വാഹന സൗകര്യം നൽകാനായില്ല. നിലവിൽ ജൂൺ , ജൂലൈ മാസത്തെ വാഹന വാടക നൽകാനുണ്ട്. 2024 ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തെ മാത്രം ഫണ്ട് ലഭ്യമായിട്ടുണ്ട്. ഇത് എത്രയും വേഗം മാറി നൽകും. ശേഷിക്കുന്ന കുടിശിക ഫണ്ട് ലഭിച്ചാലുടൻ നൽകും. സ്കൂൾ അധികൃതരും പട്ടികവർഗ വകുപ്പും നടത്തിയ ശ്രമങ്ങളുടെ ഫലമായി ജനുവരി 15 മുതൽ മറ്റൊരു വാഹനത്തിൽ വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നുണ്ട്.
സുഭക്ഷിത ബാല്യം സുന്ദര ബാല്യം പദ്ധതിയിൽ മലമ്പണ്ടാര വിഭാഗത്തിലെ 40 വിദ്യാർത്ഥികൾക്ക് പോഷകാഹാരം ഉറപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ പദ്ധതി മുടക്കം കൂടാതെ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട് . മുഴിയാർ ഗവ. യു.പി.എസിൽ ഉച്ച ഭക്ഷണം മുടങ്ങാതെ നൽകുന്നുണ്ട്. 1500 രൂപ വിലയുള്ള ഭക്ഷ്യധാന്യ കിറ്റുകൾ എല്ലാ മാസവും മൂഴിയാർ പ്രദേശത്തെ മുഴുവൻ പട്ടികവർഗ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂഴിയാർ ട്രൈബൽ സ്കൂളിലെ സുന്ദര ബാല്യം, വിദ്യാ വാഹിനി പദ്ധതികൾ മുടങ്ങിയതിനെതിരെ മനുഷ്യാവകാശ പ്രവർത്തകനായ എ അലി അക്ബർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കുട്ടിയെ ലാത്തി കൊണ്ടടിച്ച പോലീസുദ്യോഗസ്ഥന് താക്കീത് നൽകിയതായി ജില്ലാ പോലീസ് മേധാവി. HRMP NO. 103/2024 (Date : 28/03/2025)
ആലപ്പുഴ : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി റോഡിൽ പടക്കം പൊട്ടിക്കുന്നതു കാണാനെത്തിയ ഒൻപതു വയസുകാരന് പോലീസിന്റെ ലാത്തിയടിയേറ്റ സംഭവത്തിൽ
കായംകുളം പോലീസ് സ്റ്റേഷനിലെ
സിവിൽ പോലീസ് ഓഫീസർക്ക് താക്കീത് മെമ്മോ നകിയിട്ടുണ്ടെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ലാത്തിയടിയേറ്റ കുട്ടിയുടെ പിതാവ് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ അംഗം വി. ഗീതയുടെ നിർദ്ദേശാനുസരണമാണ് നടപടി.
2023 ഡിസംബർ 31 ന് കോയിൽപ്പടി ജംഗ്ഷനിലാണ് സംഭവമുണ്ടായത്. പൊതു ഇടത്ത് നാട്ടുകാർ പടക്കം പൊട്ടിക്കുന്നത് നിർത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടപ്പോൾ നിർദ്ദേശം അവഗണിച്ച സാഹചര്യത്തിലാണ് പോലീസ് ലാത്തി വീശിയതെന്ന് പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. സ്ഥലത്ത് അക്രമസംഭവങ്ങളും ക്രമസമാധാനലംഘനവും ഉണ്ടാകാതിരിക്കാനായിരുന്നു നടപടി. മതിയായ വെളിച്ചത്തിന്റെ അഭാവത്തിലാണ് അച്ഛനൊപ്പം നിൽക്കുകയായിരുന്ന കുട്ടിയെ പോലീസിന് കാണാൻ കഴിയാതിരുന്നത്. ക്രമസമാധാനപാലനത്തിന്റെ ഭാഗമായി നടപടിയെടുക്കുമ്പോൾ ഉണ്ടാകേണ്ട ശ്രദ്ധയും വിവേകവും ജാഗ്രതയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിക്ക് അബദ്ധത്തിൽ അടിയേറ്റ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂർവ്വമുള്ള വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനായ കാർത്തികപ്പള്ളി പത്തിയൂർ സ്വദേശി അജയൻ കേസ് പരിഗണിച്ചപ്പോൾ ഹാജരാകാത്തതിനാൽ പരാതി തീർപ്പാക്കി.
|
കണ്ണൂർ റയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുംബം കുടുങ്ങിയതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 28/03/2025)
കണ്ണൂർ : റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ അമ്മയും കുഞ്ഞും പ്രായമായ മാതാപിതാക്കളും അരമണിക്കൂറോളം കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിൽ സ്റ്റേഷൻ മാനേജർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഏപ്രിൽ 23 ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മാർച്ച് 24 നാണ് മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിൽ കുടുംബം കുടുങ്ങിയത്. മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലായ കുടുംബത്തെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ലിഫ്റ്റിൽ കുടുങ്ങിയത് കാരണം ഇവർക്ക് വന്ദേ ഭാരത് തീവണ്ടിയിൽ കയറാനായില്ല. നേരത്തെ ഒന്നാമത്തെ പ്ലാറ്റ് ഫോമിലും സമാന സംഭവമുണ്ടായിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അധ്യാപികയുടെ സസ്പെൻഷൻ പിൻവലിക്കണം : മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. HRMP NOs. 1129/2025 & 1458/2025 (Date : 28/03/2025)
കൊല്ലം (കൊട്ടാരക്കര) : 2019 ഫെബ്രുവരിയിൽ പി.എസ്.സി. വഴി പാർട്-ടൈം-ലാംഗ്വേജ് ടീച്ചറായി (സംസ്കൃതം) ജോലിയിൽ പ്രവേശിച്ച അധ്യാപികക്ക് ഫുൾ ടൈം ബെനിഫിറ്റ് അനുവദിക്കാത്തത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ സസ്പെന്റ് ചെയ്തെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് കൊല്ലം ഡി.ഇ.ഒ.യിൽ നിന്നും റിപ്പോർട്ട് തേടി.
കമ്മീഷൻ അംഗം വി. ഗീതയുടെതാണ് ഉത്തരവ്. റിപ്പോർട്ട് നാലാഴ്ചക്കകം സമർപ്പിക്കണം. തനിക്കൊപ്പം സർവ്വീസിൽ കയറിയ എല്ലാവർക്കും ഫുൾ ടൈം ബെനിഫിറ്റ് നൽകിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇതിനെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസ് കൊടുക്കാൻ തീരുമാനിച്ചു. ഇതിന്റെ പ്രതികാരമെന്നോണം മെഡിക്കൽ ലീവെടുത്തതിന്റെ പേരിൽ തന്നെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തതായി പരാതിയിൽ പറയുന്നു. 2024 ഫെബ്രുവരി മുതലുള്ള തന്റെ ശമ്പളം തടഞ്ഞിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. കൊട്ടാരക്കര സ്വദേശിനിയായ അധ്യാപികയാണ് പരാതിക്കാരി.
|
എടവനക്കാട്ടെ ദുരിതങ്ങൾ : പ്രശ്നപരിഹാരത്തിന് പോംവഴി നിർദ്ദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 8490/2020 (Date : 27/03/2025)
എറണാകുളം : എടവനക്കാട് പഞ്ചായത്തിലെ 13-ാം വാർഡിൽ സുനാമി പ്രദേശത്തെ 200 ഓളം കുടുംബങ്ങൾ 2012 മുതൽ അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചുചേർത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പരാതി പരിഹരിക്കാൻ ഭീമമായ മുതൽമുടക്ക് ആവശ്യമായതിനാൽ ജലവിഭവം, പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകളുടെ കൂടി സഹകരണം ആവശ്യമാണെന്ന് എടവനക്കാട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ച സാഹചര്യത്തിലാണ് നടപടി.
ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച് ആർ.ഡി.ഒ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ (എറണാകുളം), എടവനക്കാട് പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന സ്പെഷ്യൽ ടീം സ്ഥലപരിശോധന നടത്തി പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ ഏതൊക്കെയാണെന്ന് മനസിലാക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. തുടർന്ന് പ്രശ്നപരിഹാരത്തിനുള്ള ശുപാർശകൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
തുടർന്ന് പഞ്ചായത്ത് ഡയറക്ടർ, എടവനക്കാട് പഞ്ചായത്ത് സെക്രട്ടറി, ജലവിഭവം, പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകളുടെ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരെ ഉൾപ്പെടുത്തി ജില്ലാ കളക്ടർ യോഗം വിളിച്ച് പരിഹാരമാർഗങ്ങൾ പ്രാവർത്തികമാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. യോഗത്തിൽ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ തുടങ്ങുന്ന തീയതി തീരുമാനിച്ച് വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകണം. ജില്ലാ കളക്ടർ ഒരു നിരീക്ഷണ സമിതിക്ക് രൂപം നൽകണം. സ്ഥലപരിശോധനയെയും തുടർന്നുള്ള യോഗത്തിന്റെയും അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ കമ്മീഷനെ രണ്ടുമാസത്തിനുള്ളിൽ അറിയിക്കണം.
ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കേരള നദീസംരക്ഷണ സമിതി വൈപ്പിൻ രക്ഷാധികാരി പി. വി. ശശി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തോപ്പിൽ/കണ്ണുപ്പിള്ള ചെമ്മീൻ കെട്ടുകളിൽ നിന്നും വീടുകളിൽ വെള്ളം കയറുന്നത് തടയാൻ ചിറ കെട്ടുക, ഉപ്പുവെള്ളം കയറി കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകുക, തോടുകളും കുളങ്ങളും നികത്തുന്നത് തടയുക, സ്വകാര്യവ്യക്തികൾ വഴി കെട്ടിയടച്ചത് തുറക്കുക, റോഡ്, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കുക തുടങ്ങിയവയാണ് പരാതികൾ.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : ശാരീരിക അവശത അനുഭവിക്കുന്ന തൊഴിലാളിക്ക് പെൻഷൻ ലഭിച്ചു. HRMP NOs. 6132/2024, 6133/2024, 9510/2024 & 9756/2024 (Date : 27/03/2025)
തൃശ്ശൂർ : കുന്ദംകുളം റേഞ്ചിൽ തെങ്ങുചെത്ത് തൊഴിലാളിയായിരിക്കെ അനാരോഗ്യം കാരണം ജോലിയിൽ നിന്നും പിരിഞ്ഞയാൾക്ക് ക്ഷേമനിധി പെൻഷൻ നൽകാൻ തീരുമാനിച്ചതായി ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ അംഗം വി. ഗീത നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
60 വയസ് പൂർത്തിയാകുന്നതിന് മുമ്പ് സ്ഥിരവും ശാശ്വതവുമായ ശാരീരിക അവശത കാരണം ജോലിയിൽ നിന്നും പിരിയുന്ന തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷന് അർഹതയുണ്ടെങ്കിൽ കാലതാമസം കൂടാതെ അനുവദിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിനു വേണ്ടി സർക്കാരിൽ നിന്നും അനുമതി വാങ്ങണമെങ്കിൽ നടപടിയെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.
കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെൻഷൻ അപേക്ഷയും അനുബന്ധ രേഖകളും തൃശൂർ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഹാജരാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് ഒരു ജോലിയും ചെയ്യാൻ കഴിയില്ലെന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കണ്ടാണിശ്ശേരി സ്വദേശി കെ. എം. സുരേഷ് കുമാറിന് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. തുടർന്ന് സിറ്റിംഗിൽ ഹാജരായ പരാതിക്കാരൻ പെൻഷൻ ലഭിച്ചതായി അറിയിച്ചു.
|
വയോധികനെതിരെ ‘വ്യാജ’ പോക്സോ കേസ് : നാട്ടുകാരുടെ പരാതി വ്യാജമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തി. HRMP No: 4361/2024 (Date : 27/03/2025)
മലപ്പുറം : വയോധികനെതിരെ കാളികാവ് പോലീസ് വ്യാജ പോക്സോ കേസ് രജിസ്റ്റർ ചെയ്തെന്നാരോപിച്ച് നാട്ടുകാർ സമർപ്പിച്ച പരാതി കെട്ടിചമച്ചതാണെന്ന് പോലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കാളികാവ് എസ്.എച്ച്.ഒ. യുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലും ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസ് തീർപ്പാക്കി.
കാളികാവ് കൂരിപ്പൊയിൽ നിവാസികൾ സമർപ്പിച്ച പരാതിയിലാണ് നടപടി. പിലാക്കാടൻ ഷംസുദ്ദീൻ എന്നയാൾക്ക് വേണ്ടിയാണ് നാട്ടുകാർ കമ്മീഷനെ സമീപിച്ചത്.
2024 മേയ് 14 നാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കേസിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതായി കാളിക്കാവ് എസ്.എച്ച്.ഒ. കമ്മീഷനെ അറിയിച്ചു. കുറ്റപത്രം തയ്യാറാക്കിയ വിവരമറിഞ്ഞാണ് പ്രതിയുടെ അയൽവാസിയായ പൊതുപ്രവർത്തകന്റെ നേതൃത്വത്തിൽ നാട്ടുകാർ കമ്മീഷനിൽ പരാതി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിയിൽ ഒപ്പിട്ടവരുടെ മൊഴിയെടുത്തെന്നും വസ്തുതയറിയാതെ ഒപ്പിട്ടതാണെന്ന് മൊഴി നൽകിയെന്നും റിപ്പോർട്ടിലുണ്ട്. സാക്ഷിമൊഴിതെളിവുകളും സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതിക്കെതിരാണെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കമ്മീഷന് ഇടപെടാൻ കഴിയില്ലെന്നും കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
|
ആദിവാസി മേഖലയിൽ അമേരിക്കൻ ലാബിന്റെ പരീക്ഷണം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 26/03/2025)
വയനാട് : ജില്ലയിലെ ആദിവാസിമേഖലകൾ കേന്ദ്രീകരിച്ച് സർക്കാർ അനുമതിയില്ലാതെ ആർത്തവസംബന്ധമായ ആരോഗ്യ പരീക്ഷണം നടന്നതായുള്ള ആരോപണത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് മെൻസ്ട്രുവൽ ഹെൽത്ത് കിറ്റ് പരീക്ഷിക്കാൻ അമേരിക്കയിലെ ഒരു സ്ഥാപനം നീക്കം നടത്തിയതായി ആക്ഷേപമുയർന്നത്.
വയനാട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ആലപ്പുഴ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ഒരു സെമിനാറിലാണ് സ്ത്രീകളുടെ ആർത്തവചക്രം സംബന്ധിക്കുന്ന വിവരങ്ങളറിയാൻ ഒരു ഇലക്ട്രോണിക് ഉപകരണത്തിന്റെ പരീക്ഷണം നടന്നത് . കഴിഞ്ഞ 20 മുതൽ 22 വരെയാണ് ‘ഉദ്യമ’ എന്ന പേരിൽ സെമിനാർ നടന്നത്. അമേരിക്ക ആസ്ഥാനമായുള്ള ലാബിന്റെ പരീക്ഷണമാണ് നടന്നതെന്ന് പറയുന്നു. ഇതിനു ശേഷം മാനന്തവാടിയിലെ ആദിവാസി മേഖലയിലേക്ക് പരീക്ഷണം വ്യാപിപ്പിച്ചതായി മനസിലാക്കുന്നു. ആദിവാസി ഊരുകളിലെ സ്ത്രീകൾക്കിടയിൽ ഉപകരണം പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ആദിവാസി സ്ത്രീകൾക്കിടയിൽ ഉപകരണം വിതരണം ചെയ്തോ എന്നറിയില്ല.
ഇത് ഒരു ബയോ ഇലക്ട്രോണിക് ഡിവൈസാണ്. ഒരു മോതിരം പോലെ വിരലിൽ അണിയണം. കോളേജ് വിദ്യാർത്ഥിനികൾക്ക് ഇത് നൽകിയിട്ടുണ്ട്. കോളേജിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇപ്പോൾ നടക്കുന്നത് ട്രയൽ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എഞ്ചിനീയറിംഗ് കോളേജ് അധികൃതർ ആദ്യം പട്ടികവർഗ വകുപ്പിനെ പരീക്ഷണത്തിനായി സമീപിച്ചിരുന്നു. വകുപ്പ് 9 നിർദ്ദേശങ്ങൾ നൽകി. ആദിവാസി മേഖലയിൽ നടത്തുന്ന പരീക്ഷണങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ അനുമതി വേണം എന്നായിരുന്നു പ്രധാന നിർദ്ദേശം.. എന്നാൽ ആരോഗ്യവകുപ്പ് അനുമതി നൽകിയില്ല. ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ സർവ്വേ നടത്തിയെന്നാണ് ആരോപണം.
ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം നിർമ്മിച്ച ഉപകരണമായതിനാൽ നിർമ്മാതാക്കൾക്ക് എവിടെയിരുന്നും വിവരങ്ങൾ ശേഖരിക്കാമെന്നും ആക്ഷേപമുണ്ട്.
ഏപ്രിൽ 8ന് സുൽത്താൻ ബത്തേരി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും ദൃശ്യമാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
|
മർദ്ദനത്തെ തുടർന്ന് ആത്മഹത്യ : പുനരന്വേഷണം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി യെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 6554/2024 (Date : 26/03/2025)
എറണാകുളം : അയൽവാസികൾ മർദ്ദിച്ചതിൽ മനംനൊന്ത് വടക്കൻ പറവൂർ സ്വദേശി സരസൻ ആത്മഹത്യ ചെയ്തതായി ഭാര്യ പരാതി നൽകിയ സാഹചര്യത്തിൽ കോടതിയിൽ നിന്നും അനുമതി വാങ്ങി കേസ് പുനരന്വേഷിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി.യെ പുനരന്വേഷണം
ഏൽപ്പിക്കണമെന്നും കമ്മീഷൻ എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് ( റൂറൽ ) നിർദ്ദേശം നൽകി.
അന്വേഷണത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം വെളിപ്പെടുകയാണെങ്കിൽ ഉത്തരവാദികളെ കണ്ടെത്തി 4 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. ആറുമാസത്തിനപ്പുറം സമയമെടുക്കരുതെന്നും ഉത്തരവിൽ പറയുന്നു.
ആത്മഹത്യക്ക് തലേന്ന് നടന്ന മർദ്ദനത്തെകുറിച്ച് ക്രൈം രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഡി.വൈ.എസ്.പി. പരിശോധിക്കണം. ക്രൈം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് ഡി.വൈ.എസ്.പി. പ്രാഥമിക അന്വേഷണം നടത്തണം. കുറ്റകൃത്യം കണ്ടെത്തിയാൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ഡി.വൈ.എസ്.പി. നടപടിയെടുക്കണം. അസ്വാഭാവിക മരണം സംബന്ധിച്ച് രജിസ്റ്റർ ചെയ്ത 481/24 നമ്പർ കേസിന്റെ തുടരന്വേഷണവും ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി.യെ ഏൽപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
ജില്ലാ പോലീസ് മേധാവി ( റൂറൽ ) 6 മാസത്തിനുള്ളിൽ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. ആത്മഹത്യ ചെയ്തയാളുടെ ഭാര്യ ബിന്ദു സരസൻ സമർപ്പിച്ച പരാതിയിലാണ് നടപടി. 2024 ഏപ്രിൽ 22 നാണ് സരസനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോടതിയിൽ നിന്നും അനുമതി വാങ്ങി കേസിന്റെ പുനരന്വേഷണം നടത്താൻ നോർത്ത് പറവൂർ എസ്.എച്ച്.ഒ.ക്ക് നിർദ്ദേശം നൽകിയിരുന്നതായി ജില്ലാ പോലീസ് മേധാവി (റൂറൽ) കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ പുനരന്വേഷണം ഡി.വൈ.എസ്.പി.യെ ഏൽപ്പിക്കാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്. സരസന് മർദ്ദനമേറ്റതായി ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : ചാരിറ്റി വാർത്തയിൽ അപകീർത്തികരമായി കമന്റ് ചെയ്തവർക്ക് താക്കീത് നൽകിയതായി ഡി.വൈ.എസ്.പി. HRMP NO. 1450/2024 (Date : 26/03/2025)
ആലപ്പുഴ : ന്യൂറോ സംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ള ഭർത്താവിനെയും പട്ടികജാതി വകുപ്പിൽ നിന്നും ലഭിച്ച സ്ഥലത്ത് വീട് നിർമ്മിക്കാൻ കഴിയാത്ത സാഹചര്യത്തെയും കുറിച്ചും ഒരു യൂട്യൂബ് ചാനൽ സംക്ഷേപണം ചെയ്ത വാർത്തക്ക് താഴെ അയൽവാസികൾ അപകീർത്തികരമായ കമന്റിട്ടു എന്ന വീട്ടമ്മയുടെ പരാതിയിൽ ആരോപണ വിധേയരെ വിളിച്ചുവരുത്തി താക്കീത് നൽകിയിട്ടുള്ളതായി ചേർത്തല ഡി.വൈ.എസ്.പി. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീതയുടെ നിർദ്ദേശാനുസരണമാണ് നടപടി. പരാതിവിഷയം അപകീർത്തി സംബന്ധിച്ച കാര്യമായതിനാൽ കോടതി മുഖാന്തിരം പരിഹാരം കാണണമെന്ന ചേർത്തല ഡി.വൈ.എസ്.പി. യുടെ റിപ്പോർട്ട് കമ്മീഷൻ അംഗീകരിച്ചു.
തൃച്ചാറ്റുകുളം സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. ചാരിറ്റി പ്രവർത്തനം നടത്തുന്ന ചാനലിൽ ഭർത്താവിനെ കുറിച്ച് വന്ന വാർത്തക്ക് താഴെ പരാതിക്കാരിയുടെ അയൽവാസികളാണ് മോശം കമന്റിട്ടത്. പരാതിക്കാരിയുടെ ഭർത്താവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും സഹായം നൽകരുതെന്നുമാണ് കമന്റിട്ടത്. ഡി.വൈ.എസ്.പി.ക്കും വനിതാകമ്മീഷനിലും പരാതി നൽകിയെങ്കിലും നുണപ്രചാരണം തുടരുകയാണെന്ന് പരാതിക്കാരി അറിയിച്ചു.
പരാതിക്കാരിക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് എതിർകക്ഷിക്ക് താക്കീത് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
|
വില്ലകളിലെ വെള്ളം റോഡിലേക്കും വീട്ടിലേക്കും ഇറങ്ങുന്നത് ശാശ്വതമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 7063/2024 (Date : 25/03/2025)
തിരുവനന്തപുരം : വിളപ്പിൽ പഞ്ചായത്തിലെ മിണ്ണംകോട് വാർഡിലുള്ള വില്ലകളിൽ നിന്നുള്ള വെള്ളം സമീപത്തെ വീട്ടിലേക്കും റോഡിലേക്കും ഒഴുകിയിറങ്ങി മനുഷ്യവാസം അസാധ്യമാക്കിയെന്ന പരാതി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിൽ ശാശ്വതമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സിറ്റി ഗാർഡൻസ് വില്ലകളിലേക്ക് പ്രവേശിക്കുന്നതിനായി മഴവെള്ളം ഒഴുകിയിരുന്ന ചാലുകൾ മണ്ണിട്ട് നികത്തിയതിനെ തുടർന്നാണ് മഴവെള്ളവും മലിനജലവും വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നതെന്നാണ് പരാതി.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. റോഡിൽ നിന്നും വില്ലകളിലേക്ക് പ്രവേശിക്കുന്നതിനായി ചെറുതേരി-പറയാട് തോടിനു കുറുകെ കോൺക്രീറ്റ് സ്ലാബ് നിർമ്മിച്ചിട്ടുണ്ട്. മഴക്കാലത്ത് വില്ലകളിൽ നിന്നുള്ള വെള്ളം ഒഴുകി മുക്കംപാലമൂട്-ചെറുതേരി റോഡിൽ നിറയും. ഇങ്ങനെ റോഡിന് എതിർവശത്തുള്ള പരാതിക്കാരിയുടെ വസ്തുവിലേക്ക് വെള്ളം ഇറങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. വില്ലകളിലേക്കുള്ള റോഡിന്റെയും കോൺക്രീറ്റ് സ്ലാബിന്റെയും നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് കാരണം. ഒരു ചപ്പാത്ത് നിർമ്മിച്ച് വെള്ളം തോടിലേക്ക് ഒഴുക്കുന്നതായിരിക്കും ശാശ്വതപരിഹാരമെന്നും റിപ്പോർട്ടിലുണ്ട്.
വില്ലകളിലെ താമസക്കാരുടെ യോഗം വിളിച്ച് റോഡിലെയും പരാതിക്കാരിയുടെ വീട്ടിലെയും വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്മീഷൻ സിറ്റിംഗിൽ ഹാജരായ പരാതിക്കാരി സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാത്തതു കാരണം വാടകവീട്ടിലാണ് കഴിയുന്നതെന്ന് കമ്മീഷനെ അറിയിച്ചു.
ജോയിന്റ് ഡയറക്ടർ സ്വീകരിച്ച നടപടികൾ 2 മാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. പ്രദേശവാസിയായ ദർശന സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കേരള വർമ്മ കോളേജിന് സമീപം മാലിന്യം വലിച്ചെറിയുന്നത് തടയാൻ നടപടിയെടുത്തതായി ജില്ലാ കളക്ടർ. HRMP NOs. 1258/2020, 1730/2021 & 6257/2021 (Date : 25/03/2025)
തൃശ്ശൂർ : കോർപ്പറേഷൻ 52-ാം വാർഡിൽ കേരള വർമ്മ കോളേജിന് സമീപമുള്ള സ്വകാര്യവ്യക്തികളുടെ റോഡിലും പറമ്പിലും മാലിന്യം തള്ളുന്നത് തടയാൻ സി.സി.റ്റി.വി ക്യാമറയും മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡും സ്ഥാപിക്കാൻ നടപടിയെടുത്തതായി ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കളക്ടർ ഇക്കാര്യമറിയിച്ചത്.
മാലിന്യം തള്ളുന്നതായി കോർപ്പറേഷൻ സെക്രട്ടറിക്ക് പരാതികൾ നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നായിരുന്നു ആരോപണം.
ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിയുണ്ടായ സ്ഥലത്ത് മാലിന്യം വലിച്ചെറിയാറുണ്ടായിരുന്നുവെന്നും കോർപ്പറേഷൻ മാലിന്യം നീക്കം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മാലിന്യം വലിച്ചെറിയുന്ന പറമ്പിന് സമീപമുള്ള റോഡിൽ 50 മീറ്റർ നീളത്തിൽ ഗാർഡൻ നെറ്റ് ഷീറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ മാലിന്യം വലിച്ചെറിയാനുള്ള സാഹചര്യം ഇല്ലാതാക്കിയിട്ടുണ്ട്. റോഡിൽ വീഴുന്ന കരിയിലകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കെ. കെ സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ചിരട്ടയില്ല : സംസ്ക്കാരം വൈകിയതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 25/03/2025)
കണ്ണൂർ : സംസ്കാരത്തിന് ചിരട്ടയില്ലാത്തതു കാരണം പയ്യാമ്പലം പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ 2 മണിക്കൂർ വൈകിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്ത് കോർപ്പറേഷൻ സെക്രട്ടറിക്ക് നോട്ടീസയച്ചു.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഏപ്രിൽ 23 ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നിശ്ചയിച്ച സമയത്ത് സംസ്കാരം നടത്താനാവാതെ ബന്ധുക്കൾ ബുദ്ധിമുട്ടിയതായാണ് റിപ്പോർട്ട്. ആമ്പുലൻസിൽ മൃതദേഹവുമായി കാത്തു നിൽക്കേണ്ട സാഹചര്യമുണ്ടായി. ബന്ധുക്കൾ സ്വയം ചിരട്ട വാങ്ങിയെത്തി സംസ്കാരം നടത്തിയ സംഭവവുമുണ്ടായി. കോർപ്പറേഷന്റെ അനാസ്ഥ കാരണമാണ് സംസ്കാരം തടസ്സപ്പെട്ടതെന്ന് പരാതിയുണ്ട്.
ചിരട്ടയും വിറകുമില്ലാത്തിനാൽ മുമ്പും പയ്യാമ്പലത്ത് മൃതദേഹം സംസ്കരിക്കുന്നത് വൈകിയതായി പരാതിയുണ്ടായിട്ടുണ്ട്. വിറക് കോർപ്പറേഷൻ ടെണ്ടർ വിളിച്ചെടുക്കാറാണ് പതിവ്. ചിരട്ട നേരിട്ട് വാങ്ങും.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
വിനോദസഞ്ചാര വകുപ്പിലെ ഉദ്യോഗസ്ഥക്ക് ശമ്പളം നൽകാത്തത് നിയമാനുസൃതമല്ല : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8480/2024 (Date : 24/03/2025)
മലപ്പുറം : വിനോദസഞ്ചാര വകുപ്പിലെ മലപ്പുറം ഓഫീസിൽ ക്ലാർക്കായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയ്ക്ക് ശമ്പളം നൽകാതിരിക്കുന്ന നടപടി നിയമാനുസൃതമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തി.
പരാതിക്കാരിക്ക് അർഹതപ്പെട്ട ശമ്പളം കുടിശ്ശിക ഉൾപ്പെടെ
അടിയന്തരമായി അനുവദിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് വിനോദസഞ്ചാരവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
ഇതോടൊപ്പം പരാതിക്കാരിക്ക് സ്വന്തം ജില്ലയായ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം നൽകാനുള്ള സാധ്യതകൾ പരിശോധിച്ച് നിയമാനുസൃതം നൽകാൻ കഴിയുന്നതാണെങ്കിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
1999 ലാണ് പരാതിക്കാരി വിനോദസഞ്ചാര വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. ജീവനക്കാരിയുടെ അർഹമായ ശമ്പളം അനുവദിക്കാൻ വകുപ്പ് അധ്യക്ഷന്റെ കർശന നിർദ്ദേശമുണ്ടായിട്ടും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ഡെപ്യൂട്ടി ഡയറക്ടർ തയ്യാറായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ശമ്പള കുടിശ്ശിക നൽകാൻ ഡെപ്യൂട്ടി ഡയറക്ടർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
തന്നോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്ന ഓഫീസ് തലവന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് പരാതിക്കാരി അറിയിച്ചു.
|
വെസ്റ്റ് ഹിൽ ചുങ്കം 71-ാം വാർഡിൽ ഡ്രെയിനേജ് നിർമ്മിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ . (Date : 24/03/2025)
കോഴിക്കോട് : വെസ്റ്റ് ഹിൽ - ചുങ്കം പ്രദേശത്തെ നഗരസഭയുടെ 71-ാം വാർഡിൽ ഡ്രെയിനേജ് നിർമ്മിക്കണമെന്ന നഗരസഭാ കൗൺസിലറുടെ ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഏപ്രിൽ 29 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഡ്രെയിനേജ് ഇല്ലാത്തതിനാൽ കണ്ണൂർ റോഡിന്റെ തൊട്ടരികിലുള്ള വീടുകളിലെല്ലാം മഴ പെയ്താൽ വെള്ളം കയറുമെന്ന് പരാതിയിൽ പറയുന്നു. ഓവുചാൽ നിർമ്മാണം പൊതുമരാമത്ത് വകുപ്പിന്റെ അധികാരപരിധിയിലുള്ളതാണ്.
കൗൺസിലർ സി. എസ്. സത്യഭാമ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ചികിത്സാ പിഴവ് : വിദഗ്ദ്ധ സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 4075/2024 (Date : 24/03/2025)
തൃശ്ശൂർ : പോട്ട ധന്യമിഷൻ ആശുപത്രിയിലെ ചികിത്സാപിഴവ് സംബന്ധിച്ച പരാതിയിൽ വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.
കമ്മീഷൻ നിർദ്ദേശാനുസരണം ചാലക്കുടി ഡി.വൈ.എസ്.പി. നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് തൃശ്ശൂർ ഡി. എം. ഒ. യ്ക്ക് കൈമാറിയത്.
2023 സെപ്റ്റംബർ 25 ന് നടന്ന പ്രസവത്തിൽ കുഞ്ഞിന്റെ തലച്ചോറിന് 70 ശതമാനം ക്ഷതം സംഭവിച്ചുവെന്ന പരാതിയിലാണ് നടപടി. ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
ചികിത്സാ പിഴവായതിനാൽ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോർട്ട് ആവശ്യമാണെന്ന് തൃശ്ശൂർ ഡി.എം.ഒ. കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് കമ്മീഷൻ ചാലക്കുടി ഡി.വൈ.എസ്.പി. യെ അന്വേഷണ ചുമതല ഏൽപ്പിച്ചത്. വെള്ളിക്കുളങ്ങര സ്വദേശിനിയാണ് പരാതിക്കാരി.
|
ജയിലിൽ ഡോക്ടർ ജാതിപ്പേര് വിളിച്ചെന്ന പരാതി ഡി.വൈ. എസ്.പി. അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 24/03/2025)
എറണാകുളം : കാക്കനാട് ജില്ലാ ജയിലിലെ ഡോക്ടർ, ഫാർമസിസ്റ്റിനെ ജാതിപ്പേരു വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന പരാതി ഡി.വൈ.എസ്.പി / അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി 3 ആഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. അന്വേഷണം നീതിയുക്തവും സുതാര്യവുമായിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെ കുറിച്ചും അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ ജയിൽ സൂപ്രണ്ട് പ്രത്യേകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി / എ. സി.പിയും ജയിൽ സൂപ്രണ്ട് നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനും ഏപ്രിൽ 22 ന് രാവിലെ 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഫാർമസിസ്റ്റിന്റെ പരാതിയിൽ ജില്ലാ ജയിലിലെ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തെന്നാണ് റിപ്പോർട്ട്. ഡോക്ടറുടെ ശുചി മുറി കഴുകിപ്പിക്കാറുണ്ടെന്നും ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യിക്കാറുണ്ടെന്നും ഫാമർസിസ്റ്റ് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
|
കാക്കനാട് ജില്ലാ ജയിലിൽ യുദ്ധകാലാടിസ്ഥാനത്തിൽ വെള്ളമെത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ . (Date : 22/03/2025)
എറണാകുളം : കാക്കനാട് ജില്ലാ ജയിലിലെ കടുത്ത ജലക്ഷാമം പരിഹരിക്കാൻ
യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർക്കും എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും നിർദ്ദേശം നൽകി.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജില്ലാ ജയിൽ സന്ദർശിക്കണമെന്നും ജലക്ഷാമത്തിനുള്ള കാരണം കണ്ടെത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഫലപ്രദമായ നടപടികൾ സ്വീകരിച്ച ശേഷം രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജില്ലാ ജയിലിൽ ജല അതോറിറ്റി വെള്ളം നൽകുന്നത് നാലു ദിവസം കൂടുമ്പോഴാണെന്നാണ് പരാതി. തടവുകാർ വല്ലപ്പോഴും മാത്രമാണ് നനയ്ക്കുകയും കുളിക്കുകയും ചെയ്യുന്നതെന്നും പറയുന്നു. ജയിൽ പരിസരത്ത് മെട്രോ നിർമ്മാണം നടക്കുന്നതിനാൽ പൈപ്പ് പൊട്ടി വെള്ളം മുടങ്ങുന്നത് പതിവാണ്. 110 പേരെ പാർപ്പിക്കാൻ സ്ഥലമുള്ള ജയിലിൽ 200 ലധികം പേരെ പാർപ്പിക്കാറുണ്ടെന്ന് മനസിലാക്കുന്നു. ടാങ്കറിൽ വെള്ളമടിക്കാനുള്ള ഫണ്ടില്ല. ചിറ്റേത്തുകര, രാജഗിരിവാലി, തുതിയൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പൈപ്പ് ലൈനിൽ നിന്നാണ് ജയിലിലും വെള്ളം ലഭിക്കുന്നത്.
ഏപ്രിൽ 22ന് രാവിലെ 10 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കിയതിന്റെ രേഖാമൂലമുള്ള വിശദീകരണവുമായി ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും ജയിൽ സൂപ്രണ്ട് നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനും ഹാജരാകണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ ആവശ്യപ്പെട്ടു.
|
കാഴ്ച പരിമിതിയുള്ള ഡപ്യൂട്ടി കളക്ടറെ ലിഫ്റ്റില്ലാത്ത കെട്ടിടത്തിലേക്ക് സ്ഥലം മാറ്റിയതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 22/03/2025)
ആലപ്പുഴ: കാഴ്ചപരിമിതിയുള്ള ഡപ്യൂട്ടി കളക്ടറെ ലിഫ്റ്റില്ലാത്ത കെട്ടിടത്തിലേക്ക് സ്ഥലംമാറ്റിയ നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ആലപ്പുഴ ജില്ലാ കളക്ടർ വിഷയം പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണ
മെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
കളക്ടറേറ്റിലെ ഒന്നാം നിലയിലുള്ള ഓഫീസിൽ നിന്നും ഇ. എം.എസ്. സ്റ്റേഡിയത്തിന് സമീപം മൂന്നാം നിലയിലുള്ള ജില്ലാ ഇൻഷ്വറൻസ്
ഓഫീസിലേക്കാണ് ഡപ്യൂട്ടി കളക്ടർ
എച്ച്. രൂപേഷിനെ സ്ഥലം മാറ്റിയത്. മൂന്നാം നിലയിലേക്ക് പടിക്കെട്ട് കയറണമെങ്കിൽ പരസഹായം വേണം. ഭിന്നശേഷി സൗഹ്യദമല്ലാത്ത കെട്ടിടമാണ് ഇത്.
കോണിപ്പടിക്ക് വളവുകളുമുണ്ട്.
കെ എ എസ് പരീക്ഷയിൽ
ഭിന്നശേഷി വിഭാഗത്തിൽ
ഒന്നാം റാങ്കായിരുന്നു രൂപേഷിന് ലഭിച്ചത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത
കേസിലാണ് നടപടി.
|
ഷിബിലയുടെ മരണം : താമരശേരി പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 22/03/2025)
കോഴിക്കോട് : പുതുപ്പാടി സ്വദേശിനി ഷിബിലയുടെ മരണത്തിന് കാരണം താമരശേരി പോലീസിന്റെ ഭാഗത്ത് നിന്നുള്ള നിഷ്ക്രിയത്വമാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഏപ്രിൽ 29 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നേരിട്ടും സമൂഹമാധ്യമം വഴിയും ഷിബിലയെ ഭർത്താവ് യാസിർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 28 ന് താമരശേരി പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ യാസിറിനെ വിളിച്ചു വരുത്തി താക്കീത് നൽകി പറഞ്ഞയക്കുകയായിരുന്നു എന്നാണ് പരാതി. ഭർത്താവിന്റെ വീട്ടിലുള്ള ഷിബിലയുടെ മകളുടെ വസ്ത്രങ്ങൾ പോലും വാങ്ങി നൽകാൻ പോലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ഭക്ഷ്യ എണ്ണയുടെ ഉപയോഗക്ഷമത : വിശദാംശങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉടപെടൽ. HRMP No. 6304/2024 (Date : 22/03/2025)
തൃശ്ശൂർ : ഉപയോഗയോഗ്യമായ ഭഷ്യ എണ്ണകളുടെ വിശദാംശങ്ങൾ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ആവശ്യത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.
വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ആവശ്യത്തെ കുറിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷൻ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ മൗനം പാലിച്ചതിനെ കമ്മീഷൻ വിമർശിച്ചു.
കമ്മീഷനിൽ റിപ്പോർട്ടുകൾ സമർപ്പിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും അംഗം വി. ഗീത ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകിയ ഉത്തരവിൽ പറഞ്ഞു.
തൃശൂർ ജില്ലയിൽ ഭക്ഷ്യ എണ്ണ വിതരണ, ഉത്പാദന സ്ഥാപനങ്ങൾ നാൾക്കുനാൾ വർധിക്കുന്ന സാഹചര്യത്തിലാണ് എണ്ണകളുടെ വിശദാംശങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം പരാതിക്കാരൻ ഉന്നയിച്ചത്. ഇപ്രകാരം ചെയ്താൽ മായം കലർന്ന എണ്ണകൾ ഉപയോഗിക്കുന്നത് തടയാമെന്നും പരാതിക്കാരൻ അറിയിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏതെങ്കിലും ഭക്ഷ്യഎണ്ണക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
ഏപ്രിൽ 29 ന് രാമനിലയത്തിൽ നടക്കുന്ന സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും. പുന്നയൂർക്കുളം സ്വദേശി കെ. ശ്രീജിത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മദ്രസയിൽ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6733/2024 (Date : 22/03/2025)
കണ്ണൂർ : കൂത്തുപറമ്പ കിനാവയ്ക്കലിൽ മദ്രസാ വിദ്യാർത്ഥിക്ക് അധ്യാപകനിൽ നിന്നും ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ കണ്ണവം സ്റ്റേഷൻ ഹൗസ് ഓഫീസർ നടത്തിവരുന്ന അന്വേഷണം പൂർത്തിയായാലുടൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
അന്വേഷണം തുടരുന്ന സാഹചര്യത്തിൽ തത്ക്കാലം ഇടപെടുന്നില്ലെന്നും ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മതപഠനത്തിനെത്തിയ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിക്കാണ് മർദ്ദനമേറ്റത്. ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചെന്നാണ് പരാതി. മർദ്ദനം ഭയന്ന് മദ്രസയിൽ നിന്നും ഇറങ്ങിയോടിയ വിദ്യാർത്ഥി സ്വദേശത്ത് എത്തിയാണ് പോലീസിൽ പരാതി നൽകിയത്.
കൂത്തുപറമ്പ അസിസ്റ്റന്റ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കണ്ണവം എസ്.എച്ച്.ഒ.യാണ് കേസന്വേഷിക്കുന്നത്. 9 വിദ്യാർത്ഥികളാണ് മദ്രസയിൽ പഠിക്കുന്നത്. ഇതിൽ 5 പുരുഷൻമാരും 4 കുട്ടികളുമുണ്ട്. കുട്ടികൾ പത്തിരിയാട് രാജാസ് സ്കൂളിലാണ് പഠിക്കുന്നത്. മദ്രസക്ക് പഞ്ചായത്ത് ലൈസൻസോ മുസ്ലിം മത കേന്ദ്രത്തിന്റെ അംഗീകാരമോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായും അന്വേഷണ വിധേയമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
|
ഹാൻടെക്സ് വളപ്പിലെ കിണർ അപകടനിലയിൽ : ദുരന്തനിവാരണനിയമ പ്രകാരം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ . HRMP No. 7148/2024 (Date : 21/03/2025)
തിരുവനന്തപുരം : ബാലരാമപുരത്ത് ഹാൻടെക്സ് പ്രോസസിംഗ് സെന്റർ വളപ്പിലുള്ള 30 അടി താഴ്ചയുള്ള കിണർ ഇടിഞ്ഞുതാഴുന്നതു കാരണം പ്രദേശവാസികൾക്ക് അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടർ, ഹാൻടെക്സ് മാനേജിംഗ് ഡയറക്ടർ, ബാലരാമപുരം പഞ്ചായത്ത് സെക്രട്ടറി, പരാതിക്കാരിയായ ആർ. സുധ എന്നിവരുടെ ഒരു യോഗം വിളിച്ച് ദുരന്തനിവാരണ നിയമപ്രകാരം സ്വീകരിക്കാൻ കഴിയുന്ന നടപടികൾ പരിശോധിച്ച് ആറാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
അപകടാവസ്ഥയിലുള്ള കിണർ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നീന്തൽകുളമാക്കാൻ പഞ്ചായത്ത് തീരുമാനിച്ച സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് സ്വീകരിച്ച നടപടികൾ ജില്ലാ പഞ്ചായത്ത്
സെക്രട്ടറി ആറാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഹാൻടെക്സിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കിണറിന്റെ അപകടാവസ്ഥ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കഴിയാത്തതു കാരണമാണ് സ്ഥാപന മേധാവി ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തികസഹായം നൽകണമെന്ന് കളക്ടർക്ക് കത്ത് നൽകിയതെന്ന് ഉത്തരവിൽ പറഞ്ഞു. എന്നാൽ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നാണ് എം. ഡി. കമ്മീഷനെ അറിയിച്ചത്.
പരാതിക്കാരിയുടെ ചുറ്റുമതിലും ഒന്നരസെന്റ് വസ്തുവും ഇടിഞ്ഞ് കിണറിൽ വീണെന്നും മഴക്കാലത്ത് കൂടുതൽ ഇടിയാൻ സാധ്യതയുണ്ടെന്നും പരാതിക്കാരി അറിയിച്ചു.
2023 സെപ്റ്റംബർ മുതൽ ഇക്കാര്യത്തിൽ സഹായം അഭ്യർത്ഥിച്ച് കളക്ടർക്ക് കത്ത് നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഹാൻടെക്സ് എം. ഡി. കമ്മീഷനെ അറിയിച്ചു. തുടർന്ന് 2024 സെപ്റ്റംബർ 9 ന് കിണർ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നീന്തൽക്കുളമാക്കാനുള്ള പദ്ധതി സമർപ്പിക്കാൻ തീരുമാനിച്ചു. ഇതിലും നടപടിയുണ്ടായില്ല. . പേരൂർക്കട സ്വദേശിനി ആർ. സുധ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ഐ.ജി. കെ. സേതുരാമന്റെ റിപ്പോർട്ടിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച കണ്ടെത്താൻ തക്ക നടപടി വേണം : കെ. ബൈജുനാഥ്. (Date : 21/03/2025)
കോഴിക്കോട് : മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർത്ത് സോൺ ഐ.ജി. കെ. സേതുരാമൻ ഐ.സി യു പീഡന അതിജീവിതയുടെ പരാതിയെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ ആരോഗ്യവകുപ്പ് തക്കതായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ കമ്മീഷന്റെ ഇടപെടൽ തൽക്കാലം ആവശ്യമില്ലെന്നും ഉത്തരവിൽ പറഞ്ഞു. എന്നാൽ ഭാവിയിൽ സമാനപരാതികൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയുണ്ടാകണമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
അതിജീവിത എന്ന നിലയിൽ തന്നെ ആരും സഹായിച്ചില്ലെന്നും തനിക്ക് സംരക്ഷണം നൽകുന്നതിന് പകരം പ്രതിക്ക് സഹായം നൽകാനാണ് ഗൂഡാലോചന നടന്നതെന്നും അതിജീവിത കമ്മീഷനെ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് കമ്മീഷൻ അന്വേഷണവിഭാഗം കണ്ടെത്തിയത്.
|
ഐ.സി.യു. പീഡനം : ലൈംഗികാതിക്രമ കേസുകളിൽ പരിശോധന കുറ്റമറ്റതാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 21/03/2025)
കോഴിക്കോട് : ഗൗരവ സ്വഭാവമുള്ള ലൈംഗികാതിക്രമ കേസുകളിൽ കുറ്റമറ്റ രീതിയിൽ മെഡിക്കോ-ലീഗൽ പരിശോധന നടത്തേണ്ടത് അതാത് ആശുപത്രികളിലെ ബന്ധപ്പെട്ട വകുപ്പിലെ മുതിർന്ന ഡോക്ടറായിരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ഇല്ലെങ്കിൽ മുതിർന്ന ഡോക്ടർമാരുടെ മേൽനോട്ടത്തിൽ, ഇത്തരം പരിശോധനകൾ നടത്താൻ പരിശീലനം ലഭിച്ച ഡോക്ടർ പരിശോധന നടത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
സ്ത്രീകൾ മാത്രമുള്ള വാർഡുകളിൽ പുരുഷ അറ്റൻഡർമാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും പുരുഷ അറ്റൻഡർമാർ മാത്രമുള്ള സാഹചര്യത്തിൽ രോഗിയുടെ കൂട്ടിരിപ്പുകാരെ രോഗിക്ക് ഒപ്പം നിർത്തണമെന്നും ഉത്തരവിൽ പറഞ്ഞു.
മെഡിക്കോ-ലീഗൽ പരിശോധന നടത്തുന്ന ഡോക്ടർമാരെ സഹായിച്ച ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ വിവരങ്ങൾ കൂടി മെഡിക്കൽ ലീഗൽ സർട്ടിഫിക്കറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തണം. പരിശോധനാവേളയിൽ അതിജീവിതയുടെ ബന്ധുക്കളുണ്ടെങ്കിൽ ആ വിവരവും സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണം. അതിജീവിത പറയുന്നത് അവരുടെ ഭാഷയിൽ, അവരുടെ അതേ വാചകങ്ങളിൽ രേഖപ്പെടുത്തി അതിജീവിതയെയും കൂട്ടിരിപ്പുകാരെയും വായിച്ച് കേൾപ്പിച്ച് മെഡിക്കോ-ലീഗൽ സർട്ടിഫിക്കറ്റിൽ അവരുടെ ഒപ്പ് രേഖപ്പെടുത്തുന്നതിന്റെ നിയമസാധുത പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഉത്തരവ് കൈപ്പറ്റി മൂന്നുമാസത്തിനുള്ളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യവകുപ്പു സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി.യു. വിൽ ആശുപത്രി ജീവനക്കാരൻ രോഗിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്ന അതിജീവിതയുടെ പരാതിയിലാണ് ഉത്തരവ്.
മനുഷ്യാവകാശ കമ്മീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സ്വീകരിച്ചുകൊണ്ടാണ് കമ്മീഷൻ ഉത്തരവിട്ടത്.
|
ശക്തൻ പച്ചക്കറി മാർക്കറ്റിൽ ശുചിമുറികൾ നിർമ്മിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6731/2023 (Date : 21/03/2025)
തൃശ്ശൂർ : ശക്തൻ പച്ചക്കറി മാർക്കറ്റിൽ ആധുനിക സൗകര്യങ്ങളോടെ ശുചിമുറികൾ നിർമ്മിക്കാനും അവ പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ശക്തൻ പച്ചക്കറി മാർക്കറ്റിൽ ശുചിമുറികളില്ലാത്തത് കാരണം തൊഴിലാളികളും പൊതുജനങ്ങളും ബുദ്ധിമുട്ടുകയാണെന്ന പരാതിയിലാണ് ഉത്തരവ്.
തൃശ്ശൂർ നഗരസഭാ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പരാതി ശരി വച്ചു. ശുചിമുറിയില്ലാത്തതിനാൽ മാർക്കറ്റ് പരിസരം വൃത്തിഹീനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പച്ചക്കറി മാർക്കറ്റിൽ ശുചിമുറികൾ നിർമ്മിക്കുന്നത് പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും പ്രയോജനകരമായതിനാൽ ഇക്കാര്യത്തിൽ നഗരസഭാ കൗൺസിലിന്റെ അനുമതിക്ക് വിധേയമായി നടപടിയെടുക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അടിയന്തര പ്രാധാന്യത്തോടെ നഗരസഭ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടികൾക്ക് വേഗം കൂട്ടണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. എളനാട് സ്വദേശി ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ജി.പി.എസ്. സംവിധാനത്തിന്റെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. Date : 21/03/2025)
കോട്ടയം : കൊമേഴ്സ്യൽ വാഹനങ്ങളിൽ ഘടിപ്പിക്കേണ്ട ജി.പി.എസ്. സംവിധാനത്തിന്റെ പേരിൽ സ്വകാര്യ കമ്പനികൾ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ട്രാൻസ്പോർട്ട് കമ്മീഷണറിൽ നിന്നും റിപ്പോർട്ട് തേടി. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
2019 ൽ നിർഭയ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ജി.പി.എസ്. സംവിധാനം നിർബന്ധമാക്കിയത്. സർക്കാർ അംഗീകരിച്ച സ്വകാര്യകമ്പനികളിൽ നിന്നും ഉപകരണം വാങ്ങണമെന്നാണ് നിർദ്ദേശമെന്ന് പരാതിയിൽ പറയുന്നു. ഇത്തരത്തിൽ സ്ഥാപിച്ച ഉപകരണങ്ങൾക്ക് സ്വകാര്യകമ്പനികൾ 3500 മുതൽ 5500 രൂപ വരെ റീചാർജ്ജ് ഇനത്തിൽ ഈടാക്കുന്നു എന്നാണ് പരാതി. കെൽട്രോൺ പോലുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഉപകരണം വാങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. കേരളീയം സംസ്ഥാന പ്രസിഡന്റ് മനോജ് കോട്ടയം സമർപ്പിച്ച പരാതിയിലാണ് നടപടി.
|
16 വർഷം മുമ്പ് മെറ്റൽ വിരിച്ച റോഡ് ടാർ ചെയ്തില്ല : റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ. HRMP No. 2239/2025 (Date : 20/03/2025)
എറണാകുളം : 16 വർഷം മുമ്പ് കുന്നത്തുനാട് പഞ്ചായത്ത് മെറ്റൽ വിരിച്ച റോഡിൽ ടാറിംഗ് നടത്താത്തത് സംബന്ധിച്ച് അന്വേഷണം നടത്തി കുന്നത്തുനാട് പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
പെരിങ്ങാല-പുത്തൻകുരിശ് പൊതുമരാമത്ത് റോഡിൽ നിന്നും തൊണ്ണംകുഴിത്താഴം തോടിൽ അവസാനിക്കുന്ന റോഡിന്റെ നിർമ്മാണം 33 വർഷം മുമ്പാണ് നടന്നത്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡാണിത്. റോഡ് കേസിലാണെന്ന കാരണം പറഞ്ഞാണ് പഞ്ചായത്ത് ടാറിംഗിന് തയ്യാറാകാതിരുന്നത്. എന്നാൽ റോഡുമായി ബന്ധപ്പെട്ട് യാതൊരു കേസും നിലവിലില്ലെന്ന് നാട്ടുകാർ സമർപ്പിച്ച പരാതിയിൽ പറയുന്നു.
പട്ടികജാതി വിഭാഗങ്ങൾക്കായി പഞ്ചായത്ത് നിർമ്മിച്ച വീടുകളിലേക്കുള്ള റോഡാണിത്. കനത്ത മഴയിൽ മെറ്റലും മണ്ണും ഒലിച്ചുപോയി. സൈക്കിളിൽ മീൻ വിൽപ്പന നടത്തിയിരുന്ന ഒരാൾ ഇവിടെ അപകടത്തിൽ മരിച്ചിട്ടുണ്ട്. റോഡിന് കേസില്ലെന്ന വിവരം ഗ്രാമസഭയിൽ ഉന്നയിച്ചപ്പോൾ ഫണ്ടില്ലെന്ന മറുപടിയാണ് പഞ്ചായത്ത് നൽകിയതെന്ന് ടി കെ. സുധീർ ഉൾപ്പെടെ 20 പേർ ഒപ്പിട്ട പരാതിയിൽ പറയുന്നു.
|
വൃദ്ധമാതാവിനെ മക്കൾ ഉപേക്ഷിച്ചു : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 20/03/2025)
തൃശ്ശൂർ : വടക്കാഞ്ചേരി കൊടുമ്പ് സ്വദേശിനിയും രോഗബാധിതയുമായ വയോധികയെ റോഡിൽ ഉപേക്ഷിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
തൃശ്ശൂർ സാമൂഹിക നീതി ഓഫീസറും റൂറൽ ജില്ലാ പോലീസ് മേധാവിയും പരാതിയെ കുറിച്ച് അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
ബുധനാഴ്ച ഉച്ചയ്ക്കാണ് വൃദ്ധമാതാവിനെ റോഡരികിൽ കണ്ടെത്തിയത്. അമ്മക്ക് രണ്ടു മക്കളുണ്ട്. മക്കളെ വിളിച്ചെങ്കിലും അമ്മയെ ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് പോലീസെത്തി തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിച്ചു.
തൃശ്ശൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യമാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
|
കിടപ്പുരോഗിയായ പിതാവിനെ പരിചരിക്കാൻ പോലീസുകാരനായ സഹോദരൻ സമ്മതിക്കുന്നില്ലെന്ന് പരാതി : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. (Date : 20/03/2025)
കോഴിക്കോട് : ജനിച്ച വീട്ടിൽ കയറാനും കിടപ്പുരോഗിയായ അച്ഛനെ പരിചരിക്കാനും പോലീസുദ്യോഗസ്ഥനായ സഹോദരൻ സമ്മതിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
പേരാമ്പ്രയിൽ താമസിക്കുന്ന പി. എം. ഷൈനി സമർപ്പിച്ച പരാതിയിലാണ് പരാതി. കൊയിലാണ്ടിയിലുള്ള വീട്ടിൽ തന്റെ പിതാവ് ഒരുവശം തളർന്നു കിടക്കുകയാണെന്ന് പരാതിക്കാരി അറിയിച്ചു. അച്ഛന്റെ പേരിലുള്ള സ്ഥലം സഹോദരൻ കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു. ഇതിനെതിരെ ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : ഇൻഷുറൻസില്ലാത്ത ഓട്ടോ ലേലം ചെയ്തെന്ന പരാതിയിൽ പോലീസുദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് റിപ്പോർട്ട്. HRMP No: 1679/2024 (Date : 20/03/2025)
വയനാട് : ഒൻപതു മാസത്തോളം ഇൻഷുറൻസില്ലാതെ ഓടിയ ഓട്ടോറിക്ഷ കസ്റ്റിഡിയിലെടുത്ത് ലേലം ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി വയനാട് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് ജില്ലാ പോലീസ് മേധാവി വിശദീകരണം സമർപ്പിച്ചത്.
നാരായണൻ എന്നയാളുടെ ഓട്ടോറിക്ഷയാണ് പോലീസ് ലേലം ചെയ്തത്. 2017 ഡിസംബർ 17 നാണ് ഓട്ടോറിക്ഷ മേപ്പാടി പോലീസ് കസ്റ്റഡിയിലെടുത്തത്. നടപടിക്രമങ്ങൾ പാലിച്ചാണ് ഓട്ടോ ലേലം ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ലേലത്തിന് മുമ്പ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഓട്ടോയുടെ ഇൻഷുറൻസ് പുതുക്കി ഓട്ടോ കൈപ്പറ്റാൻ നാരായണൻ തയ്യാറായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഓട്ടോ ലേലം ചെയ്യുന്നതിന് മുമ്പ് നാരായണന് രജിസ്ട്രേഡ് തപാലിലും നേരിട്ടും നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇത് തെളിയിക്കാനുള്ള രേഖകൾ പോലീസ് സ്റ്റേഷനിൽ ലഭ്യമല്ല. നോട്ടീസിന്റെ പകർപ്പോ നോട്ടീസ് കൈപ്പറ്റിയതിന്റെ തെളിവോ ലഭ്യമല്ല. ഇത്തരത്തിൽ തെളിവുകൾ സ്റ്റേഷനിൽ സൂക്ഷിക്കാതെ മാധ്യമങ്ങളിൽ പോലീസ് സേനയുടെ അന്തസിനു ഭംഗം വരുത്തുന്ന തരത്തിൽ വാർത്തകൾ വന്നതിൽ മേപ്പാടി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ, സ്റ്റേഷൻ റൈറ്റർ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ സർവ്വീസിൽ നിന്നും വിരമിച്ചു. അന്ന് സ്റ്റേഷൻ റൈറ്ററായിരുന്ന ഉദ്യോഗസ്ഥനെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് എസ്. പി. ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നിർദ്ദേശത്തിൽ പറഞ്ഞു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ആനുകൂല്യം ലഭിക്കാൻ ഡെപ്യൂട്ടി ലേബർ കമ്മീഷണറെ സമീപിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5953/2023 (Date : 19/03/2025)
ആലപ്പുഴ : ഔദ്യോഗിക യാത്രക്കിടയിൽ ബസിൽ കുഴഞ്ഞു വീണ തൊഴിലാളിക്ക് കമ്പനിയിൽ നിന്നും ആനുകൂല്യങ്ങൾ നൽകാത്ത സംഭവത്തിൽ പരാതി ലഭിക്കുകയാണെങ്കിൽ തുടർനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത കൊല്ലം ഡെപ്യൂട്ടി ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി.
ചേർത്തല കഞ്ഞിക്കുഴി സ്വദേശി രാമനാഥൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ആലപ്പുഴ ജില്ലാ ലേബർ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. അഗ്നിശമന ഉപകരണം റീഫിൽ ചെയ്യുന്ന സ്ഥാപനത്തിനാണ് പരാതിക്കാരൻ ജോലി ചെയ്യുന്നതെന്നും നിലവിൽ സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരൻ സ്ഥിരം തൊഴിലാളി അല്ലെന്നും ആനുകൂല്യം നൽകാൻ കഴിയില്ലെന്നും സ്ഥാപന ഉടമ അറിയിച്ചിട്ടുണ്ട്. ആനുകൂല്യങ്ങൾക്കായി കൊല്ലം ഡെപ്യൂട്ടി ലേബർ കമ്മീഷണറെ സമീപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരൻ ആവശ്യമായ രേഖകൾ സഹിതം കൊല്ലം ഡെപ്യൂട്ടി ലേബർ കമ്മീഷണറെ സമീപിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് നൽകി : കാസർഗോഡ് ജില്ലയിലെ ഓഫീസുകൾ അനാവശ്യമായി അനന്തരവകാശ സർട്ടിഫിക്കറ്റുകൾ ചോദിക്കുന്നതായി തഹസിൽദാർ. HRMP No: 7986/2023 & 8073/2023 (Date : 19/03/2025)
കാസർഗോഡ് : ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ ഓഫീസുകൾ വസ്തു കൈമാറ്റം ചെയ്യുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതു കാരണം ജനങ്ങൾ താലൂക്കിലേക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വരുന്നത് പതിവുകാഴ്ചയാണെന്ന് കാസർഗോഡ് തഹസിൽദാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
റവന്യു മാന്വലിൽ നിഷ്ക്കർഷിച്ചിട്ടുള്ള ആവശ്യങ്ങൾക്കായാണ് തഹസിൽദാർ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടതെന്നും സ്ഥാവര സ്വത്തുക്കളുടെ കൈമാറ്റത്തിന് വേണ്ടി തഹസിൽദാർ സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി നിഷ്ക്കർഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അനാവശ്യമായി സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതു കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും ഇത് താലൂക്ക് ഓഫീസിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കാസർഗോഡ് താലൂക്ക് ഓഫീസിൽ നിന്നും അനന്തരാവകാശ സർട്ടിഫിക്കറ്റ് (ലിഗൽ ഹയർഷിപ്പ്) ലഭിക്കാൻ കാലതാമസമുണ്ടാകുന്നതായി ആരോപിച്ച് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് തഹസിൽദാർ വിശദീകരണം സമർപ്പിച്ചത്.
മരിച്ച സർക്കാർ ജീവനക്കാരന് അവകാശപ്പെട്ട തുക അവകാശികൾക്ക് ലഭിക്കുന്നതിനോ മരിച്ച സർവ്വീസ് പെൻഷനറുടെ പെൻഷൻ കുടിശ്ശിക അവകാശികൾക്ക് ലഭിക്കുന്നതിനോ ട്രഷറി സേവിംഗ്സ് ബാങ്ക് നിക്ഷേപം നടത്തിയ വ്യക്തി മരിച്ച സാഹചര്യത്തിൽ നിക്ഷേപതുക അവകാശികൾക്ക് ലഭിക്കുന്നതിനോ വേണ്ടിയാണ് 5 ലക്ഷം രൂപ എന്ന സാമ്പത്തികപരിധിക്ക് വിധേയമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ തഹസിൽദാർക്ക് ചുമതല നൽകിയിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാക്കി ആവശ്യങ്ങൾക്കും തർക്കമുള്ള കേസുകളിലും അനന്തരാവകാശികളെ നിർണയിച്ചുകിട്ടാൻ സിവിൽ കോടതികളിൽ നിന്നുള്ള സക്സഷൻ സർട്ടിഫിക്കറ്റോ എറണാകുളത്തുള്ള അഡ്മിനിസ്ട്രേറ്റർ ജനറലിന്റെ ഓഫീസിൽ നിന്നുള്ള അഡ്മിനിസ്ട്രേറ്റർ സർട്ടിഫിക്കറ്റിനോ അപേക്ഷ നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കാസർഗോഡ് മുള്ളേരിയ സ്വദേശി സൂര്യനാരായണ ഭട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
വ്യാജ ഡോക്ടർക്കെതിരെ ക്രിമിനൽ നടപടി സാധ്യത പരിശോധിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8021/2023 (Date : 19/03/2025)
തിരുവനന്തപുരം : മെഡിക്കൽ ബിരുദമില്ലാത്തയാൾ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നുവെന്ന ആരോപണത്തെക്കുറിച്ച് കേരള മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്റ്റ് 2021 ന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മെഡിക്കൽ കൗൺസിൽ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
ആക്റ്റിലെ സെക്ഷൻ 42, 43 പ്രകാരം റോബിൻ ഗുരുസിംഗ് എന്ന വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ 2021 ൽ നൽകിയ ഉത്തരവ് പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ ഒരു മാസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ആക്റ്റിലെ സെക്ഷൻ 40, 41, 42, 43 പ്രകാരം ആരോപണവിധേയനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നത് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
തലസ്ഥാനത്തെ ചാക്കയിലാണ് വ്യാജ ഡോക്ടർ പരസ്യ ബോർഡ് സ്ഥാപിച്ചതെന്ന് എ. ശ്രീകുമാർ സമർപ്പിച്ച പരാതിയിൽ പറഞ്ഞു. കമ്മീഷന്റെ നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിൽ ഇയാൾ കേരളത്തിലോ തമിഴ് നാടിലോ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മെഡിക്കൽ കൗൺസിൽ കണ്ടെത്തി. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പരസ്യ ബോർഡ് നീക്കം ചെയ്തതായി രജിസ്ട്രാർ കമ്മീഷനെ അറിയിച്ചു. എന്നാൽ വ്യാജ ഡോക്ടർ ചികിത്സാതട്ടിപ്പ് തുടരുകയാണെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ സ്പൈൻ സ്പെഷ്യലിസ്റ്റ് എന്ന് പരസ്യം നൽകിയിരുന്നതായും പരാതിക്കാരൻ അറിയിച്ചു.
ഇയാളുടെ ക്ലിനിക്ക് തമിഴ് നാട്ടിലെ കരിങ്കൽ എന്ന സ്ഥലത്താണെന്നും മലയാളികളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് കേരളത്തിൽ പരസ്യം ചെയ്യുന്നതെന്നും പരാതിക്കാരൻ അറിയിച്ചു.
|
പണമില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 18/03/2025)
കോഴിക്കോട്: കൂടരഞ്ഞി കരിങ്കുറ്റിയിൽ കാറിടിച്ച് ഇടതുകാലിന്റെ എല്ലുപൊട്ടിയ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി ലെത്തിച്ച ഒറ്റയ്ക്ക് താമസിക്കുന്നയാൾക്ക് സർജിക്കൽ സാധനങ്ങൾ വാങ്ങി നൽകാൻ പണമില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നോട്ടീസയച്ചു.
ആരോഗ്യവകുപ്പു സെക്രട്ടറി അന്വേഷണം നടത്തി
രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജൂഡീഷ്യൽ അംഗം കെ. ബൈജൂനഥ് ആവശ്യപ്പെട്ടു. ഏപ്രിലിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കൂലിപ്പണി ചെയ്തും ആക്രി വിറ്റും ജീവിക്കുന്ന പാലക്കാട് കോട്ടായി സ്വദേശി അയ്യപ്പനെ (50) കഴിഞ്ഞ 7 നാണ് കാറിടിച്ചത്. 16 മണിക്കൂർ റോഡിൽ കിടന്ന അയ്യപ്പനെ പൊതു പ്രവർത്തകനാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി വികസന സമിതിയുടെ സർജിക്കൽ ഷോപ്പിൽ 6 കോടി നൽകാനുള്ളതിനാൽ സാധനങ്ങൾ നൽകുന്നില്ല. ന്യായവില മെഡിക്കൽ ഷോപ്പിനും കുടിശിക നൽകാനുണ്ട്. പണമില്ലാത്തതിനാൽ സാധനങ്ങൾ വാങ്ങി നൽകാത്തതു കൊണ്ടാണ് ശസ്ത്രക്രിയ നടത്താൻ കഴിയാത്തത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : റോഡ് ഗതാഗത യോഗ്യമാക്കി. Hrmp No: 4699/2024 (Date : 18/03/2025)
ഇടുക്കി : സ്വകാര്യവ്യക്തിയുടെ വസ്തുവിൽ നിന്നുള്ള നിർമ്മാണ അവശിഷ്ടങ്ങൾ കാരണം റോഡിൽ ഗതാഗതതടസമുണ്ടായെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടലിനെ തുടർന്ന് പരിഹരിച്ചു.
കമ്മീഷൻ ഉടുമ്പൻചോല തഹസിൽദാർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് റോഡിലെ മാലിന്യങ്ങളെല്ലാം നീക്കിയത്.
ഉടുമ്പൻചോല പാറത്തോട് കിളവികുളം കല്ലുപാലം മൺറോഡിന്റെ ഇരുവശങ്ങളിലുമാണ് ഗതാഗത തടസമുണ്ടായത്. സ്വകാര്യവസ്തുവിൽ കുളം നിർമ്മിച്ചപ്പോൾ മണ്ണ് വരമ്പിൽ കോരിവച്ചതാണ് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനു സമീപമുള്ള മൺറോഡിലേക്ക് മണ്ണ് ഒഴുകി വാഹനഗതാഗതം തടസ്സപ്പെട്ടതായി ഉടുമ്പൻചോല തഹസിൽദാർ കമ്മീഷനെ അറിയിച്ചു.
മണ്ണും ചെളിയും നീക്കം ചെയ്യാൻ വസ്തു ഉടമക്ക് നിർദ്ദേശം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രദേശവാസി ജയനീഷ് ജോർജ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മങ്ങാട് ചാത്തിനംകുളം ശാന്തിനഗറിൽ മൊബൈൽ ടവർ : റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1841/2025 (Date : 18/03/2025)
കൊല്ലം : മങ്ങാട് ചാത്തിനംകുളം ശാന്തിനഗറിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് കൊല്ലം ജില്ലാ കളക്ടറിൽ നിന്നും വിശദീകരണം തേടി.
ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത നിർദ്ദേശം നൽകി. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ ജില്ലാ കളക്ടർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്. 2023 മുതൽ പ്രദേശത്ത് ടവർ സ്ഥാപിക്കാൻ ശ്രമം നടക്കുന്നതായി ശാന്തിനഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ.ആർ. മോഹനൻ പിള്ള സമർപ്പിച്ച പരാതിയിൽ പറയുന്നു.
|
ഓവുചാലിൽ വീണ വയോധികന്റെ മരണം: ഉദ്യോഗസ്ഥരുടെ കൃത്യവിലോപം അന്വേഷിക്കണം - മനുഷ്യാവകാശ കമ്മീഷൻ. (Date : 18/03/2025)
കോഴിക്കോട് : ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ഓവുചാലിൽ വീണ് കാണാതായ വയോധികന്റെ മരണത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും നഗരസഭാ സെക്രട്ടറിയുടെയും ഭാഗത്തു നിന്നുണ്ടായത് ഗുരുതര കൃത്യവിലോപമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
തുറന്നു കിടക്കുന്ന ഓടകൾ മൂടണമെന്ന് കമ്മീഷൻ ആവർത്തിച്ചു നിർദ്ദേശിച്ചിട്ടും നടപടിയെടുക്കാത്തതു കാരണമാണ് നിരവധി ജീവനുകൾ അപഹരിക്കപ്പെട്ടതെന്നും ഉത്തരവിൽ പറഞ്ഞു. ജീവിക്കാനുള്ള അവകാശം ഏറ്റവും വലിയ മനുഷ്യാവകാശമാണെന്നും അത് സാധ്യമാക്കി നൽകേണ്ടത് ഉദ്യോഗസ്ഥരുടെ ബാധ്യതയുമാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
പൊതുമരാമത്ത് (റോഡ്സ്) വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറും നഗരസഭാ സെക്രട്ടറിയും മരണം സംഭവിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഏപ്രിലിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കനത്ത മഴയിൽ കോവൂർ എം.എൽ.എ. റോഡ് മണലേരിതാഴത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കവേയാണ് പിന്നിലൂടെ ഒഴുകുകയായിരുന്ന ഓവുചാലിലേക്ക് ശശി മറിഞ്ഞു വീണത്.
നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ തുറന്നു കിടക്കുന്ന ഓവുചാലുകളുണ്ട്.
|
അപകടസാധ്യതയുള്ള സ്ഥലത്ത് ബിവറേജസ് ഔട്ട് ലെറ്റ് തുറക്കരുത് : റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1843/2025 (Date : 17/03/2025)
കൊല്ലം : ചടയമംഗലം കെ.എസ്.ഇ.ബി. ഓഫീസിന് എതിർവശം എം.സി. റോഡിന് സമീപം ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റ് തുറക്കുന്നത് തടയണമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത കോർപ്പറേഷൻ എം.ഡി. യിൽ നിന്നും റിപ്പോർട്ട് തേടി.
ഷോപ്പ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കൊടുംവളവായതിനാൽ അപകടസാധ്യത കൂടുതലാണെന്ന് പരാതിയിൽ പറയുന്നു. നിലവിൽ അപകടങ്ങൾ പതിവായ സ്ഥലത്ത് മദ്യശാല തുറന്നാൽ അപകടങ്ങൾ വർധിക്കുമെന്നാണ് പരാതി . കൊടുംവളവിൽ തന്നെ സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുന്നത് കെട്ടിടം ഉടമയെ സഹായിക്കാൻ വേണ്ടിയാണെന്ന് പരാതിയുണ്ട് . മദ്യശാല തുടങ്ങുന്നതിന് മുമ്പ് പോലീസിന്റെയും മോട്ടോർ വെഹിക്കിൾസിന്റെയും ഉപദേശം തേടണമെന്നും പരാതിയിൽ പറയുന്നു. പ്രദേശവാസിയാണ് പരാതി നൽകിയത്. റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
ബാരാപോൾ ജലവൈദ്യൂത പദ്ധതി : കനാലിലെ ചോർച്ച പരിഹരിച്ചില്ലെങ്കിൽ തകരാറിലായ വീട് ഏറ്റെടുക്കുന്നത് പരിഗണിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5776/2023 (Date : 17/03/2025)
കണ്ണൂർ : ബാരാപോൾ ജലവൈദ്യുത പദ്ധതിയുടെ കനാലിൽ നിന്നുമുണ്ടാകുന്ന ചോർച്ച കാരണം പുതുതായി നിർമ്മിച്ച വീടിന്റെ അടിത്തറക്ക് ബലക്ഷയം സംഭവിച്ചെന്ന പരാതിയിൽ ഭയരഹിതമായി വീട്ടിൽ ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും അത് പ്രാവർത്തികമായില്ലെങ്കിൽ തന്റെ സ്ഥലം കെ.എസ്.ഇ.ബി. ഏറ്റെടുക്കണമെന്ന പരാതിക്കാരന്റെ ആവശ്യം പരിഗണിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
കെ.എസ്.ഇ.ബി. പഴശ്ശിസാഗർ എസ്.എച്ച്.ഇ.പി. എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഇരിട്ടി അയ്യങ്കുന്ന് സ്വദേശി റപ്പായേൽ, മേരി റപ്പായേൽ, കെ. ആർ. ജോസഫ് എന്നിവരുടെ പരാതി പരിഹരിക്കാനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
2016 ൽ ആരംഭിച്ച പദ്ധതിക്ക് 2023 ജൂൺ 13 ന് ടെസ്റ്റ് റൺ നടത്തിയപ്പോൾ പരാതിക്കാരുടെ വീടിന്റെ പറമ്പിലൂടെ അസ്വാഭാവിക ജലപ്രവാഹമുണ്ടായെന്ന് കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ജില്ലാ കളക്ടർ മുഖാന്തിരം കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പരാതിക്കാർക്ക് മറ്റൊരു വീട് കണ്ടെത്തുന്നതിന് വാടകയും ജീവനാംശവും 2023 ഓഗസ്റ്റ് മുതൽ നൽകി വരുന്നു. പദ്ധതിയുടെ ഭാഗമായ കനാൽ നിർമ്മാണം തുടങ്ങിയ ശേഷം സ്വാഭാവികമായ മലഞ്ചെരുവ് മുറിച്ച് ലെവലാക്കി വീട് നിർമ്മിച്ചത് കാരണമാണ് ഭൂഗർഭജലപ്രവാഹമുള്ള സ്ഥലത്ത് വെള്ളമൊഴുകാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്ഥലം, വീട് നിർമ്മാണത്തിന് അനുയോജ്യമല്ലെന്ന് പരാതിക്കാരെ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്. പരാതിക്കാർ വീട് നിർമ്മാണത്തിന് വേണ്ടി മണ്ണ് മാറ്റിയപ്പോൾ വീടിന് പുറകിൽ ഏകദേശം ഒരു മീറ്റർ വ്യാസത്തിൽ സ്വാഭാവിക ജലപ്രവാഹമുള്ള തുരങ്കം കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ പദ്ധതിക്കായി നിർമ്മിച്ച കനാലിൽ ചോർച്ചയുള്ളതു കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പരാതിക്കാർ കമ്മീഷനെ അറിയിച്ചു. തുടർന്ന് പരാതിക്കാരെയും എക്സിക്യൂട്ടീവ് എഞ്ചിനീയറെയും ഇരിട്ടി തഹസിൽദാറെയും കമ്മീഷൻ നേരിൽ കേട്ടു.
കനാലിൽ കൂടിയുള്ള ചോർച്ച നിയന്ത്രണവിധേയമാക്കുന്നതിനുള്ള റിപ്പയർ ജോലികളും പുനരുദ്ധാരണ പ്രവൃത്തികളും പൂർത്തീകരിക്കുമെന്നും പ്രസ്തുത സ്ഥിതി നിയന്ത്രണവിധേയമാകുന്നതു വരെ തൽസ്ഥിതി തുടരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
|
മാനാഞ്ചിറയിലെ നടപ്പാതകൈയേറ്റം ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 17/03/2025)
കോഴിക്കോട് : മാനാഞ്ചിറ എൽ.ഐ.സിക്ക് സമീപം നടപ്പാതയിൽ തെരുവുകച്ചവടക്കാർ നടത്തിയ കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
സിറ്റി പോലീസ് കമ്മീഷണർക്കും നഗരസഭാ സെക്രട്ടറിക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. കൈയേറ്റം ഒഴിപ്പിച്ച് നടപ്പാതകൾ കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിന് തുറന്നു കൊടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. നടപടിയെടുത്തശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. മാർച്ച് 27 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കമ്മീഷന് വാട്സാപ്പിൽ ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ക്ഷീര വികസന വകുപ്പിന്റെ കണ്ടിജന്റ് ഫണ്ട് ചെലവഴിക്കാതെ തിരിച്ചടച്ചു : അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5607/2024 (Date : 17/03/2025)
തിരുവനന്തപുരം (നെയ്യാറ്റിൻകര) : 2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ ക്ഷീരവികസന വകുപ്പിന്റെ കൈവശമുണ്ടായിരുന്ന കണ്ടിജന്റ് ഫണ്ട് ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം ചെലവഴിക്കാതെ സർക്കാരിലേക്ക് തിരിച്ചടച്ചുവെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
നെയ്യാറ്റിൻകര മഞ്ചവിളാകം ക്ഷീരോദ്പാദക സംഘം അംഗമായ ക്ഷീരകർഷകൻ തന്റെ ഇൻഷുറൻസില്ലാത്ത പശു ചത്തപ്പോൾ 15,000 രൂപയുടെ ധനസഹായം ലഭിച്ചില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
ക്ഷീരവികസന വകുപ്പ് ഡയറക്ടർ ആരോപണത്തെകുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
പരാതിക്കാരന് അർഹതപ്പെട്ട ധനസഹായം എന്ന് വിതരണം ചെയ്യാൻ കഴിയുമെന്ന് ഡയറക്ടർ വ്യക്തമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ക്ഷീര വികസന ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. പെരുങ്കടവിള ക്ഷീരവികസന യൂണിറ്റിൽ നിന്നും 2020 സെപ്റ്റംബർ വരെ പശു ചത്തവർക്ക് കണ്ടിജന്റ് സഹായം നൽകിയിട്ടുണ്ടെന്നും 2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ അപേക്ഷ നൽകിയ കർഷകർക്ക് ധനസഹായം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന്റെ പശു ചത്തത് 2020-21 ലായതു കാരണമാണ് തൻവർഷത്തെ ഫണ്ടിൽ നിന്നും ധനസഹായം നൽകാൻ കഴിയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. മഞ്ചവിളാകം നടൂർകൊല്ല സ്വദേശി കെ. ഭാസ്കരൻ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കി : വയോധിക ദമ്പതികളുടെ തകർന്ന വഴിക്ക് പകരം പുതിയ നടപ്പാലം. (Date : 15/03/2025)
ഇടുക്കി : വയോധിക ദമ്പതികൾ 55 വർഷങ്ങളായി ഉപയോഗിച്ചു വന്നിരുന്ന നടപ്പുവഴി സമീപത്തെ വസ്തുഉടമ ജെ.സി.ബി. ഉപയോഗിച്ച് തകർത്തുവെന്ന പരാതിയിൽ, മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇരുമ്പ് ഉപയോഗിച്ച് സ്ഥിരം നടപ്പാലം നിർമ്മിച്ച് നൽകി.
കാമാക്ഷി പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പാണ്ടിപ്പാറ സ്വദേശി എം. ആർ. സുകുമാരൻ സമർപ്പിച്ച പരാതി കമ്മീഷൻ തീർപ്പാക്കി.
പരാതിക്കാരനും ഭാര്യയും താമസിക്കുന്നത് കുന്നിൻമുകളിലാണ്. ഇവർക്ക് വസ്തു വിലക്ക് നൽകിയവർ തന്നെയാണ് ഇവരുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ ഒറ്റയടിപ്പാത അനുവദിച്ചു നൽകിയത്. എന്നാൽ പ്രസ്തുത സ്ഥലം അവർ മറ്റൊരാൾക്ക് വിറ്റു. അവർ ജെ.സി.ബി. ഉപയോഗിച്ച് ഒറ്റയടിപ്പാത ഉപയോഗയോഗ്യമല്ലാതാക്കി. നഷ്ടമായ വഴി ഉപയോഗയോഗ്യമാക്കി നൽകാമെന്ന വസ്തു ഉടമയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പരാതി നൽകിയില്ല.
കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാമാക്ഷി പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. തുടർന്ന് വസ്തു ഉടമയെയും വഴി നൽകിയ വസ്തുവിന്റെ മുൻ ഉടമയെയും പരാതിക്കാരെയും പഞ്ചായത്ത് നേരിൽ കേട്ടു. ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ തകർന്ന വഴിക്ക് പകരം പുതിയ സ്ഥിരം നടപ്പാലം നിർമ്മിച്ചു നൽകാമെന്ന് വസ്തു ഉടമ പഞ്ചായത്ത് സെക്രട്ടറിക്ക് ഉറപ്പു നൽകി. ഇരുമ്പ് കേഡർ ഉപയോഗിച്ച് സ്ഥിരം നടപ്പാലമാണ് നിർമ്മിച്ചത്.
പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.
|
പഴയന്നൂർ എസ്. ഐ. യെ ആക്രമിച്ച കേസ് : മനുഷ്യാവകാശ കമ്മീഷൻ പരാതി തീർപ്പാക്കി. HRMP No. 5905/2023 (Date : 15/03/2025)
തൃശ്ശൂർ : തിരുവില്വാമല ആക്കപ്പറമ്പ് മാരിയമ്മൻ കോവിലിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയുടെ സമാപനദിവസം പഴയന്നൂർ എസ്. ഐ. യെ ആക്രമിച്ച സംഭവത്തിൽ പോലീസിനെതിരെ സമർപ്പിച്ച പരാതിയിലെ തുടർനടപടികൾ മനുഷ്യാവകാശ കമ്മീഷൻ അവസാനിപ്പിച്ചു.
പഴയന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം കേസ് വടക്കാഞ്ചേരി കോടതിയിൽ വിചാരണയിലിരിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷൻ അംഗം വി. ഗീത കേസ് തീർപ്പാക്കിയത്.
2023 ഏപ്രിൽ 26 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പോലീസിന്റെ ഭാഗത്തു നിന്നുള്ള നടപടികളാണ് സംഘർഷത്തിന് കാരണമായതെന്നും വനിതാ പോലീസിന്റെ അസാന്നിധ്യത്തിൽ വനിതകൾ അടക്കമുള്ളവരെ അകാരണമായി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. എന്നാൽ പോലീസുമായി നല്ല ബന്ധം തുടരാൻ ആഗ്രഹിക്കുന്ന തങ്ങൾക്ക് പരാതിയുമായി മുന്നോട്ടുപോകാൻ താൽപ്പര്യമില്ലെന്ന് പരാതിക്കാർ പിന്നീട് കമ്മീഷനെ അറിയിച്ചു.
തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പഴയന്നൂർ എസ്. ഐ. യെ 22 ഓളം ആളുകൾ ചേർന്ന് സംഘർമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ കലാപാഹ്വാനം നടത്തുകയും സ്പീക്കർ ഘടിപ്പിച്ച വാഹനത്തിൽ അത്യുച്ചത്തിൽ സിനിമാപാട്ട് കേൾപ്പിക്കുകയും ചെയ്തു.
പഴയന്നൂർ എസ്. ഐ. പി.ബി. ബിന്ദുലാലിന്റെ തള്ളവിരൽ അടിച്ച് പരിക്കേൽപ്പിച്ചെന്നും ചികിത്സ തേടാൻ സ്ഥലത്തു നിന്നും മടങ്ങാനൊരുങ്ങിയ എസ്.ഐ. യുടെ ജീപ്പ് തടഞ്ഞ് ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസം വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ കോടതി മുഖാന്തിരമുള്ള നിയമനടപടികൾക്ക് വിധേയരാകേണ്ടത് നിയമവ്യവസ്ഥയുടെ അന്തഃസത്ത പരിപാലിക്കാൻ അത്യന്താപേക്ഷിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്കാപറമ്പ് സ്വദേശി മോഹനൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കാലതാമസം മാപ്പാക്കി വിവാഹ ധനസഹായം അനുവദിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 4831/2024 (Date : 15/03/2025)
മലപ്പുറം : എസ്. സി. വിഭാഗത്തിലുള്ള ഭിന്നശേഷിക്കാരി സമർപ്പിച്ച മകളുടെ വിവാഹ ധനസഹായത്തിനുള്ള അപേക്ഷയുടെ അടിസ്ഥാനത്തിൽ അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ധനസഹായത്തിനുള്ള അപേക്ഷ നൽകാനുള്ള കാലതാമസം മാപ്പാക്കി 2010 ലെ നിരക്കിൽ വിവാഹ ധനസഹായം അനുവദിക്കാനാണ് കമ്മീഷൻ മുന്നിയൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. 2010 മാർച്ച് 8 ന് താൻ നൽകിയ അപേക്ഷയിൽ തീരുമാനമെടുത്തില്ലെന്നാരോപിച്ച് ചേളാരി സ്വദേശിനി അയിലപ്പാടൻ കൊലത്തി സമർപ്പിച്ച പരാതിയിലാണ് നടപടി.
മുന്നിയൂർ പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരിയുടെ മൂന്നാമത്തെ മകളുടെ വിവാഹത്തിന് 2010-11 സാമ്പത്തികവർഷത്തിൽ 10,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും മറ്റ് രണ്ട് മക്കളുടെ അപേക്ഷയും അനുബന്ധ രേഖകളും യഥാസമയം ഹാജരാക്കിയിട്ടില്ലെന്നും പറയുന്നു. എസ്.സി. വിവാഹ ധനസഹായത്തിനുള്ള അപേക്ഷ വിവാഹത്തിന് 15 ദിവസം മുമ്പോ വിവാഹം കഴിഞ്ഞ് 2 മാസത്തിനകമോ സമർപ്പിക്കണം. പരാതിക്കാരിയുടെ ഒരു മകളുടെ വിവാഹം 2010 ലാണ് കഴിഞ്ഞതെങ്കിലും വിവാഹം രജിസ്റ്റർ ചെയ്തത് 2019 ലാണ്. അപേക്ഷയിലെ കാലതാമസം മാപ്പാക്കി 2010 ലെ നിരക്കിൽ വിവാഹധനസഹായം അനുവദിക്കണമെങ്കിൽ ജില്ലാ കളക്ടർക്ക് നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
|
ലഹരിയോടും സ്ക്രീനിനോടും ആസക്തി : പ്രതിരോധ പദ്ധതിയുമായി മനുഷ്യാവകാശ കമ്മീഷൻ. (Date : 14/03/2025)
ആസക്തി ശാസ്ത്രീയമായ മാർഗത്തിലൂടെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനാവശ്യമായ പദ്ധതിക്ക് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നേതൃത്വത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപം നൽകി.
തിരുവനന്തപുരം ജില്ലയിലെ തീരഗ്രാമങ്ങളായ അഞ്ചുതെങ്ങും ആര്യനാടും കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസാണ് (ഓട്ടോണമസ്) പദ്ധതിയുടെ നിർവ്വഹണം നടത്തുന്നത്. ഇതിനാവശ്യമായ പദ്ധതിരൂപരേഖ മനുഷ്യാവകാശ കമ്മീഷൻ സാമൂഹികനീതി വകുപ്പിന് കൈമാറി.
തീരഗ്രാമങ്ങളിൽ സമഗ്രമായ സർവ്വേ സംഘടിപ്പിച്ച ശേഷം കുട്ടികൾക്കിടയിൽ വിശദമായ പഠനം നടത്തും. കുട്ടികളുടെ ശരീരത്തെയും മനസിനെയും പ്രതികൂലമായി ബാധിക്കുന്ന ലഹരികളോടുള്ള ആസക്തി അവസാനിപ്പിക്കുന്നതിനുള്ള പ്രതിരോധനടപടികൾ സർക്കാർ, സർക്കാരിതര സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.
ലഹരികളോട് അമിതമായ താൽപ്പര്യമുണ്ടാകുന്നതിനുള്ള സാഹചര്യം പഠനത്തിന് വിധേയമാക്കും. സർക്കാരിന്റെ സജീവ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. വിദ്യാഭ്യാസം, ആരോഗ്യം, നിയമം എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മനുഷ്യാവകാശ സംരക്ഷണ കാഴ്ചപ്പാടിലൂടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് അധികൃതർക്ക് വിവരം നൽകുന്ന വിസിൽ ബ്ലോവർ കൂട്ടായ്മക്കും രൂപം നൽകും. തെരഞ്ഞെടുക്കുന്ന 5 സ്കൂളുകളിലെ 10 നും 18 നുമിടയിലുള്ള വിദ്യാർത്ഥികൾക്കിടയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഒരു വർഷമാണ് പദ്ധതിയുടെ കാലാവധി. ലഹരിക്കടിമയായ കുട്ടികൾക്ക് ലഹരിവിമുക്ത ചികിത്സയും ലഭ്യമാക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർക്ക് ബോധവൽക്കരണവും ഭവന സന്ദർശനം, സെമിനാർ എന്നിവയും സംഘടിപ്പിക്കും. ലഹരിയോടുള്ള ആസക്തി തുടക്കത്തിൽ കണ്ടെത്തി പ്രതിരോധിക്കുകയാണ് പ്രധാന ലക്ഷ്യം.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : ഏഴ് സെന്റിന്റെ കരമടച്ചു. (Date : 14/03/2025)
ഇടുക്കി: വില്ലേജിൽ ആധാരം രജിസ്റ്റർ ചെയ്യുമ്പോഴുണ്ടായ പിഴവ് കാരണം ഏഴ് സെന്റ് സ്ഥലത്തിന് കരമടയ്ക്കാൻ കഴിയാത്ത നിർദ്ധന കുടുംബത്തിന്റെ പരാതി മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇടുക്കി ആർ.ഡി. ഒക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പരിഹരിച്ചു.
കാരിക്കോട് വില്ലേജിൽ തൊടുപുഴ സ്വദേശിനി ശ്യാമള മോഹൻദാസിന്റെ പേരിലുണ്ടായിരുന്ന സ്ഥലത്തിന് ഓൺലൈനിൽ കരം ഈടാക്കിയതായി ഇടുക്കി സബ് കളക്ടർ കമ്മീഷനെ അറിയിച്ചു.
പൊതുജനങ്ങൾക്ക് ഡിജിറ്റൽ സേവനം നൽകുന്ന റെലീസ് സംവിധാനത്തിൽ വസ്തുവിന്റെ വിസ്തീർണം ലഭ്യമാകാത്തത് കാരണമാണ് കരം അടയ്ക്കാൻ കഴിയാതിരുന്നത്. തുടർന്ന് പരാതി പരിഹരിക്കാൻ തൊടുപുഴ ഭൂരേഖാ തഹസിൽ ദാർക്ക് നിർദ്ദേശം നൽകി. വീഴ്ച പരിഹരിച്ച് കരം ഈടാക്കാൻ കാരിക്കോട് വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകിയതായി സബ് കളക്ടർ അറിയിച്ചു.
സബ്കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : പോക്സോ കേസ് അതിജീവിതയുടെ ആത്മഹത്യയിൽ സർക്കാർ സംവിധാനങ്ങൾക്ക് അപാകത സംഭവിച്ചിട്ടില്ലെന്ന് അധികൃതർ. HRMP No. 521/2022 (Date : 14/03/2025)
മലപ്പുറം : തേഞ്ഞിപ്പലത്ത് പലതവണ ലൈംഗികാതിക്രമത്തിന് ഇരയായ 18 വയസുകാരി വാടകവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ഭാഗത്ത് അപാകതകൾ സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്.
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് മലപ്പുറം ജില്ലാ കളക്ടറും ജില്ലാ ശിശുസംരക്ഷണ ഓഫീസറും ഇക്കാര്യമറിയിച്ചത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.
മലപ്പുറം ചേലേമ്പ്ര പഞ്ചായത്തിലാണ് അതിജീവിതയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. അതിജീവിതയും സഹോദരനും അമ്മയും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. 15-ാം വയസ്സിലാണ് പെൺകുട്ടിക്ക് ലൈംഗികാതിക്രമം നേരിട്ടത്. പിന്നീട് വളാഞ്ചേരിയിലെ ഒരു യുവാവുമായി പ്രണയത്തിലായി. കാമുകനുമായി വഴക്കുണ്ടാക്കിയ പെൺകുട്ടി മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. മരിച്ച ദിവസവും പെൺകുട്ടി കാമുകനുമായി വഴക്കുണ്ടാക്കിയിട്ടുണ്ട്. കുട്ടിയുടെ സഹോദരന്റെ സംരക്ഷണം സർക്കാർ ഉറപ്പാക്കും. കുടുംബത്തിന് എന്ത് ആവശ്യമുണ്ടെങ്കിലും ബന്ധെപ്പെടാൻ പ്രദേശത്തെ അംഗനവാടി വർക്കറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ ശിശു സംരക്ഷണ ഓഫീസർ കമ്മീഷനെ അറിയിച്ചു.
പൊതുപ്രവർത്തകരായ നൗഷാദ് തെക്കയിൽ, അഡ്വ. വി. ദേവദാസ് എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.
|
മെഡിക്കൽ കോളേജ് – മാവൂർ റോഡിലെ അനധികൃത പാർക്കിംഗ് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 14/03/2025)
കോഴിക്കോട് : മെഡിക്കൽ കോളേജ്-മാവൂർ റോഡിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് മെഡിക്കൽ കോളേജ് എ.സി.പി.യിൽ നിന്നും റിപ്പോർട്ട് തേടി.
രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മാർച്ച് 26ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
റോഡിന്റെ വീതികുറവ് കാരണം സമീപത്തെ സ്കൂൾ കുട്ടികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പരാതിയിൽ പറയുന്നു. ബസ് ടെർമിനൽ നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും നിർമ്മിച്ചിട്ടില്ല. റോഡിന്റെ ഇരുവശത്തും ബസുകളും വലിയ വാഹനങ്ങളും അനധികൃതമായി പാർക്ക് ചെയ്യുന്നതു കാരണം അപകടങ്ങൾ വർധിക്കുന്നതായി സൗഹൃദം ഈസ്റ്റ് ദേവഗിരി റസിഡൻസ് അസോസിയേഷന് വേണ്ടി പ്രസിഡന്റ് പി. കെ. ബാഹുലേയൻ, സെക്രട്ടറി പി. ഗിരീഷ് എന്നിവർ സമർപ്പിച്ച പരാതിയിൽ പറയുന്നു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : ഡോക്ടർക്ക് സ്വകാര്യ ആശുപത്രി നൽകിയ ചികിത്സയിൽ അപാകതയില്ലെന്ന് ജില്ലാ പോലീസ് മേധാവി. HRMP No. 5845/2024 (Date : 14/03/2025)
കൊല്ലം : പതിനാറ് വയസു മുതൽ മാനസിക രോഗത്തിന് ചികിത്സ നടത്തുന്ന ഹോമിയോ ഡോക്ടർക്ക് സ്വകാര്യാശുപത്രി നൽകിയ ചികിത്സയിൽ അപാകതയില്ലെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ സ്വീകരിച്ചു.
സ്വകാര്യാശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും പ്രവൃത്തി പരാതിക്കാരന് ബുദ്ധിമുട്ടുണ്ടാക്കിയതിന് തെളിവ് ഹാജരാക്കിയിട്ടില്ലെന്നും കമ്മീഷൻ അംഗം വി. ഗീത ഉത്തരവിൽ പറഞ്ഞു.
ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെ ചില മരുന്നുകൾ കഴിച്ച് അവശനിലയിലായ ഡോക്ടറെ ബന്ധുക്കളാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ തന്നെ ചികിത്സിച്ചു കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തെ ഡോക്ടറുടെ മരുന്നുകൾ മാത്രമേ കഴിക്കുകയുള്ളൂവെന്ന് ഡോക്ടർ വാശി പിടിച്ചു. തുടർന്ന് തനിക്ക് ബലപ്രയോഗത്തിലൂടെ കുത്തിവയ്പ് നൽകിയെന്നും മെഡിക്കൽ എത്തിക്സിന് വിരുദ്ധമായി പെരുമാറിയെന്നുമാണ് ഡോക്ടറുടെ പരാതി.
കൊല്ലം ജില്ലാ പോലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫീസറും റിപ്പോർട്ട് സമർപ്പിച്ചു. ഇരുവരുടെയും റിപ്പോർട്ട് സ്വകാര്യാശുപത്രിക്ക് അനുകൂലമായിരുന്നു. ചികിത്സാവേളയിൽ രോഗിയുടെ ബന്ധുക്കളുടെ പൂർണ പിന്തുണയും സാന്നിദ്ധ്യവും ഉണ്ടായിരുന്നതായി കമ്മീഷൻ വിലയിരുത്തി.
താൻ ഉപയോഗിച്ചുകൊണ്ടിരുന്ന മരുന്നുകൾ തന്നെ ഉപയോഗിക്കണമെന്ന പരാതിക്കാരന്റെ വാശി സ്വകാര്യാശുപത്രി ജീവനക്കാർ അനുവദിക്കാത്തതാണ് പരാതിക്ക് അടിസ്ഥാനമെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് കമ്മീഷൻ അംഗീകരിച്ചു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കല്ലാർ ഗവ. സ്കൂളിലെ സംരക്ഷണ ഭിത്തിക്ക് കേടുപാടില്ലെന്ന് നെടുങ്കണ്ടം പഞ്ചായത്ത്. HRMP NO. 3580/2024 (Date : 12/03/2025)
ഇടുക്കി : കനത്ത മഴയിൽ കല്ലാർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ കൽഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
സ്കൂളിലെ സംരക്ഷണഭിത്തി ഇടിഞ്ഞിട്ടും പുനർനിർമ്മിച്ചില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് പഞ്ചായത്ത് സെക്രട്ടറി വിശദീകരണം സമർപ്പിച്ചത്.
കനത്ത മഴയെ തുടർന്ന് സ്കൂളിലെ സംരക്ഷണ ഭിത്തിയുടെ ഉൾവശത്തുള്ള മണ്ണിടിഞ്ഞത് കാരണം കുഴി രൂപപ്പെട്ടതായും ഉടൻ തന്നെ കരാറുകാരൻ വഴി മണ്ണിട്ട് നികത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ട്രഷറിയിൽ വരുന്നവരോട് മാന്യമായി പെരുമാറാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1083/2024 (Date : 12/03/2025)
കണ്ണൂർ : ട്രഷറി സേവനത്തിനായെത്തുന്നവരോട് മാന്യമായും സംയമനത്തോടു കൂടിയും പെരുമാറുന്നതിന് ട്രഷറി ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ട്രഷറി ഡയറക്ടർക്ക് നിർദ്ദേശം നൽകി.
ഇക്കാര്യത്തിൽ ട്രഷറി ഡയറക്ടർ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ട്രഷറി ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് കമ്മീഷന് മുമ്പും പരാതികൾ ലഭിച്ചിട്ടുണ്ട്. ട്രഷറികളിലെ ജോലിഭാരം പൊതുജനങ്ങളോടും പെൻഷൻകാരോടും മറ്റും മോശമായി പെരുമാറാൻ ഉള്ള കാരണമായി ന്യായീകരിക്കരുത്. ഇത്തരം നടപടികൾ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പാനൂർ ട്രഷറിയിൽ നിന്നും പിതാവിന്റെ പെൻഷൻ വാങ്ങാനെത്തിയ ചൊക്ലി സ്വദേശി ഒ. പി. രതീഷിന് നേരിട്ട ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നൽകിയ പരാതിയിലാണ് കമ്മീഷൻ നിർദ്ദേശം പുറത്തിറക്കിയത്.
കണ്ണൂർ ജില്ലാ ട്രഷറി ഓഫീസർ ആരോപണങ്ങൾ നിഷേപിച്ചു. സേവനാവകാശ നിയമത്തിൽ നിഷ്ക്കർഷിച്ചിരിക്കുന്ന സമയപരിധിക്ക് മുമ്പ് തന്നെ സേവനം ലഭ്യമാക്കിയതായി റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ വൃദ്ധരായ പെൻഷൻകാരെയും നിസാരകാരണങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത് ഇവിടെ പതിവാണെന്നും തന്റെ പരാതി ട്രഷറി ഓഫീസർ പുച്ഛിച്ച് തള്ളിയെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു മറ്റൊരാൾക്ക് ഇത്തരം ദുരനുഭവം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചതെന്നും കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
|
മുതിർന്ന പൗരൻമാരുടെ ആരോഗ്യ ഇൻഷുറൻസ് റദ്ദായതിന്റെ ഉത്തരവാദിത്വം ബാങ്കിന് : വിശദാംശങ്ങൾ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1856/2024 (Date : 12/03/2025)
ആലപ്പുഴ : മുതിർന്ന പൗരൻമാർക്ക് ബാങ്ക് എടുത്തു നൽകിയിരുന്ന ആരോഗ്യ ഇൻഷുറൻസിന്റെ കാലാവധി ഇടപാടുകാരുടെ കുഴപ്പം കൊണ്ടല്ലാതെ റദ്ദായതിന്റെ ഉത്തരവാദിത്തം ബാങ്കിനാണെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.
35 വർഷമായി കാനറാ ബാങ്കുമായി ഇടപാടു നടത്തുന്ന തങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പുതുക്കാനുള്ള തുക അക്കൗണ്ടിൽ നിന്നും ഈടാക്കിയിട്ടും പോളിസി പുതുക്കി നൽകിയില്ലെന്ന വയോധികരുടെ പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്.
2020 മുതൽ ഇൻഷുറൻസ് പോളിസി സംബന്ധമായി ബാങ്ക് പരാതിക്കാരിൽ നിന്നും ഈടാക്കിയ തുകയുടെ വിവരങ്ങളും തുക ഈടാക്കിയ തീയതികളും ഇക്കാലയളവിൽ പരാതിക്കാർക്ക് പോളിസി നൽകേണ്ട ഇൻഷുറൻസ് കമ്പനിയുടെ പൂർണ വിവരങ്ങളും മേയിൽ ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത കാനറാ ബാങ്ക് കായംകുളം ശാഖാ മാനേജർക്ക് നിർദ്ദേശം നൽകി.
കായംകുളം പേരുമന പ്രസന്നൻ പിള്ളയും പത്മിനി കുഞ്ഞമ്മയും സമർപ്പിച്ച പരാതിയിലാണ് നടപടി.
കാനറാ ബാങ്ക് ചീഫ് മാനേജരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2020 വരെ അപ്പോളോ ഹെൽത്ത് ഇൻഷുറൻസാണ് പരാതിക്കാർക്ക് നൽകിയതെന്നും 2020 ൽ എച്ച്. ഡി. എഫ്. സി. ബാങ്കും ചേർന്ന് ബാങ്ക് ധാരണയുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ബജാജ് അല്ലെങ്കിൽ ടാറ്റാ പോളിസിയിലേക്ക് മാറാൻ പരാതിക്കാർക്ക് അവസരം നൽകിയെങ്കിലും പരാതിക്കാർ പഴയ പോളിസി രേഖകൾ ഹാജരാക്കിയില്ല. പരാതിക്കാരുടെ അനാസ്ഥ കാരണമാണ് പോളിസി റദ്ദായ തെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ 2021-22 , 2022-23 ൽ ഇൻഷുറൻസ് കമ്പനിയുടെ പ്രീമിയം പരാതിക്കാരുടെ അക്കൗണ്ടിൽ നിന്നും ഈടാക്കിയതായി പരാതിക്കാർ അറിയിച്ചു. പക്ഷേ പോളിസി നൽകിയില്ല.
പരാതിക്കാർ നൽകിയ തുക തിരികെ നൽകാൻ തയ്യാറാണെന്ന് കാനറാ ബാങ്ക് കമ്മീഷനെ അറിയിച്ചു. എന്നാൽ പോളിസി റദ്ദായതു കാരണം 70 വയസു കഴിഞ്ഞ തങ്ങൾക്ക് ഇനി പോളിസി എടുക്കാൻ കഴിയില്ലെന്ന് പരാതിക്കാർ അറിയിച്ചു.
പരാതിക്കാർ രേഖകൾ ഹാജരാക്കാത്തതു കാരണം പോളിസി പുതുക്കാനായില്ലെന്ന ബാങ്കിന്റെ നിലപാട് കമ്മീഷൻ അംഗീകരിച്ചില്ല. ബാങ്കിന്റെ അനാസ്ഥ കാരണം മുതിർന്ന പൗരൻമാരുടെ പോളിസി റദ്ദായെന്ന ആക്ഷേപം ഗൗരവമായി കാണുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
മിനിമം കൂലിയില്ല : സിയാലിലെ കരാർ കമ്പനിക്കെതിരായ നടപടികൾ ആറാഴ്ചക്കകം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 2387/2023 (Date : 11/03/2025)
എറണാകുളം : നെടുമ്പാശേരി വിമാനത്താവളത്തിലെ മുൻ കരാർ കമ്പനി, ജീവനക്കാർക്ക് നൽകാനുള്ള മിനിമം കൂലി അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിച്ച സാഹചര്യത്തിൽ കമ്പനിക്കെതിരെ തൊഴിൽ വകുപ്പ് സ്വീകരിച്ച നിയമാനുസൃത നടപടികൾ ആറാഴ്ചക്കുള്ളിൽ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കരാർ കമ്പനിയായ എസ്. ആന്റ് എസ്. ഏജൻസീസ് ബേഡ് സേഫ്റ്റി സെക്ഷനിലെ കരാർ ഏറ്റെടുത്ത ശേഷം തൊഴിലാളികൾക്ക് മിനിമം കൂലി പോലും നൽകാതെ 14 മണിക്കൂർ ജോലി ചെയ്യിച്ചുവെന്ന പരാതിയിലാണ് നടപടി.
ജസ്റ്റിസ് അലക്സാണ്ടർ തോമസ് ലേബർ കമ്മീഷണർക്ക് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഹരിച്ചതായി ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായി അറിയിച്ചു.
നിലവിൽ കരാർ ഏറ്റെടുത്തിട്ടുള്ള ഇമ്മാനുവൽ ഏവിയേഷൻ കാർഗോ സർവ്വീസസ് എന്ന സ്ഥാപനം തൊഴിലാളികൾക്ക് മിനിമം വേതനം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും അവധിയും നൽകുന്നതായി പരിശോധനയിൽ കണ്ടെത്തിയെന്നും ലേബർ ഓഫീസർ അറിയിച്ചു. എട്ടു മണിക്കൂറിലധികം ജോലിയെടുപ്പിക്കുന്നു എന്ന മുഖ്യ പരാതിയും പരിഹരിച്ചു. തൊഴിലാളികളുടെ ജോലിസമയം മൂന്നു ഷിഫ്റ്റായി ക്രമീകരിച്ചിട്ടുണ്ട്.
എന്നാൽ മുൻ ഏജൻസി ഇപ്പോഴും സിയാലിലെ കരാരിൽ തുടരുന്ന സാഹചര്യത്തിൽ അവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സിയാൽ കോൺട്രാക്ട് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി തമ്പി പോൾ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ചുള്ളിയങ്കം പുനരധിവാസ പദ്ധതി പൂർത്തിയായില്ല : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 11/03/2025)
കോഴിക്കോട് : കൂടരഞ്ഞി പഞ്ചായത്തിലെ പനക്കച്ചാൽ ചുള്ളിയങ്കം ഉന്നതി കേന്ദ്രത്തിലെ ആദിവാസി കോളനി കുടുംബങ്ങൾക്കായി രണ്ടുവർഷം മുമ്പ് പീലിക്കുന്നിൽ തുടക്കമിട്ട പുനരധിവാസ പദ്ധതി യാഥാർത്ഥ്യമാക്കിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കോഴിക്കോട് ജില്ലാ കളക്ടറും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പരാതിയെ കുറിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മാർച്ച് 27 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
2018 ലെ പ്രളയസമയത്ത് ഉരുൾപൊട്ടലുണ്ടായതിനെ തുടർന്നാണ് ചുള്ളിയങ്കത്തെ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. 17 കുടുംബങ്ങൾക്കാണ് ഇവിടെ വീടൊരുങ്ങുന്നത്. പണി പൂർത്തിയാകാത്ത വീടുകളിൽ അഞ്ചു കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സ്ഥലത്ത് കുടിവെള്ളം കിട്ടുന്നില്ലെന്നും പരാതിയുണ്ട്.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കുറ്റ്യാട്ടൂർ ചാളമൂല കോളനിയിൽ കുടിവെള്ള പദ്ധതി പൂർത്തിയാക്കും. HRMP No. 136/2024 (Date : 11/03/2025)
കണ്ണൂർ : കുറ്റ്യാട്ടൂർ ചാളമൂല കോളനിയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാൻ പ്രത്യേക ക്രമീകരണം നടത്തിയിട്ടുള്ളതായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ലക്ഷങ്ങൾ ചെലവഴിച്ച് രണ്ടു വർഷമായി നിർമ്മിക്കുന്ന പദ്ധതി പൂർത്തിയാക്കാത്തതിനെതിരെ സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇരിക്കൂർ ബ്ലോക്ക് വിശദീകരണം സമർപ്പിച്ചത്.
ചാളമൂല കോളനി കുടിവെള്ള കമ്മിറ്റി രൂപീകരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പദ്ധതിക്ക് ആവശ്യമുള്ള തുക ബ്ലോക്കിന്റെ തനത് ഫണ്ടിൽ നിന്നും ചെലവഴിക്കാൻ തീരുമാനിച്ചിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
സാമൂഹിക സുരക്ഷാ മിഷന് വിമർശനം : ആശ്വാസ കിരണം സഹായം രണ്ടുമാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5378/2024 (Date : 11/03/2025)
തൃശ്ശൂർ : സെറിബ്രൽ പാൾസി രോഗം ബാധിച്ച, അമ്മയില്ലാത്ത രണ്ട് മക്കളുടെ 72 വയസ്സുള്ള പിതാവിന് നൽകേണ്ട ആശ്വാസകിരണം ധനസഹായം രണ്ടു മാസത്തിനകം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
2017 ഡിസംബർ 29 ന് പരാതിക്കാരൻ സമർപ്പിച്ച അപേക്ഷയിൽ തീരുമാനമെടുക്കാൻ കാലതാമസം വരുത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
കുന്നംകുളം ചൊവ്വന്നൂർ സ്വദേശി സി. സി. ചിന്നക്കുട്ടിയുടെ പരാതിയിലാണ് നടപടി. യഥാക്രമം 42, 39 വയസ്സുള്ള പരാതിക്കാരന്റെ രണ്ടു മക്കളും 70 % അവശത അനുഭവിക്കുന്ന കിടപ്പുരോഗികളാണ്. ചലിക്കാനോ സംസാരിക്കാനോ കഴിയാത്ത ഇവരെ പരാതിക്കാരനാണ് സംരക്ഷിക്കുന്നത്. പരാതിക്കാരന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു. മക്കളെ സംരക്ഷിക്കുന്നതിന് പരാതിക്കാരൻ ആശ്വാസകിരണം പദ്ധതിയിൽ നിന്നും സഹായത്തിന് 2017 ഡിസംബർ 29 ന് ചൊവ്വന്നൂർ ശിശുവികസന ഓഫീസിൽ അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ലെന്നാണ് പരാതി.
സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർ കമ്മീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ പരാതിക്കാരന്റെ അപേക്ഷ ലഭിച്ചത് 2019 ജൂൺ 27 നാണെന്നും ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം 2018 മാർച്ച് 31 വരെ സമർപ്പിച്ച അപേക്ഷകൾക്കാണ് നിലവിൽ ധനസഹായം നൽകുന്നതെന്നും പറയുന്നു. 2018 മാർച്ച് 31 ന് ശേഷം അപേക്ഷ നൽകിയവരെ കൂടി പരിഗണിക്കാൻ സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ റിപ്പോർട്ട് തെറ്റാണെന്ന് പരാതിക്കാരൻ ഹാജരാക്കിയ തെളിവുകളിൽ നിന്നും വ്യക്തമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. 2017 ഡിസംബർ 27 ന് പരാതിക്കാരൻ ചൊവ്വന്നൂർ ശിശുവികസന ഓഫീസിൽ നൽകിയ അപേക്ഷയുടെ കൈപ്പറ്റ് രസീതാണ് തെളിവായി ഹാജരാക്കിയത്.
മനുഷ്യാവകാശ കമ്മീഷനിൽ സമർപ്പിക്കുന്ന രേഖകൾ സൂക്ഷ്മതയോടെയും സുതാര്യതയോടെയും കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് കമ്മീഷൻ മിഷൻ ഡയറക്ടർക്ക് നിർദ്ദേശം നൽകി. മിഷൻ ഡയറക്ടറുടെ റിപ്പോർട്ട് അനുസരിച്ച് പരാതിക്കാരന് വളരെ നേരത്തെ ധനസഹായം ലഭിക്കേണ്ടതായിരുന്നുവെന്നും ഉത്തരവിൽ പറയുന്നു. തെറ്റായ റിപ്പോർട്ടാണ് കമ്മീഷന് സമർപ്പിച്ചതെന്നും കമ്മീഷൻ അംഗം വി. ഗീത വിമർശിച്ചു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ അനാസ്ഥയുണ്ടായതായും കമ്മീഷൻ കണ്ടെത്തി.
|
കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതിവിവേചനം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 10/03/2025)
തൃശ്ശൂർ : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകമായി പിന്നാക്ക സമുദായാംഗത്തെ നിയമിച്ചതിൽ പ്രതിഷേധിച്ച് തന്ത്രിമാർ ക്ഷേത്രചടങ്ങുകൾ ബഹിഷ്ക്കരിച്ചതിനെ തുടർന്ന് ക്ഷേത്രജോലികളിൽ നിന്ന് നിയമനം ലഭിച്ചയാളെ മാറ്റി നിർത്തിയെന്ന ആരോപണത്തിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണറും കൂടൽമാണിക്യം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും പരാതിയെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണം. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷ പാസ്സായ വ്യക്തിയെയാണ് ക്ഷേത്രത്തിനുള്ളിൽ നിന്നും പുറത്താക്കിയത്.
ജീവനക്കാരൻ ക്ഷേത്രജോലികൾ നിർവ്വഹിച്ചാൽ തന്ത്രിമാർ പ്രതിഷ്ഠാദിനം ബഹിഷ്ക്കരിക്കുമെന്ന വാർത്തകളും പുറത്തു വന്നു. തുടർന്നാണ് ജീവനക്കാരനെ മാറ്റി നിർത്തിയത്. തുടർന്ന് പിഷാരടി വിഭാഗത്തിൽ നിന്ന് ഒരാളെ പുറത്താക്കിയ ജീവനക്കാരൻ ചെയ്തുകൊണ്ടിരുന്ന ജോലികളിൽ നിയോഗിച്ചെന്നാണ് ആക്ഷേപം.
|
മധുപാലം ഇലങ്കത്തറക്കുന്ന് റോഡിലെ സുരക്ഷാ മതിൽ : ഡിസൈൻ രണ്ടാഴ്ചക്കകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 1628/2024 (Date : 10/03/2025)
തിരുവനന്തപുരം : റോഡിൽ നിന്നും 12 മീറ്റർ പൊക്കത്തിൽ ഒരു വശത്ത് അഗാധമായ കുഴിയുള്ള കൈമനം മധുപാലം-ഇലങ്കത്തറക്കുന്ന് റോഡിലെ അപകടാവസ്ഥ ഒഴിവാക്കുന്നതിന് നഗരസഭ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സുരക്ഷാ മതിലിന്റെ (റീടെയിനിംഗ് വാൾ) ഡിസൈൻ രണ്ടാഴ്ചക്കകം നഗരസഭക്ക് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലിന് നിർദ്ദേശം നൽകി.
നഗരസഭാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിറ്റിംഗിൽ ഹാജരായി ഡിസൈൻ ലഭിച്ചിട്ടില്ലെന്ന് അറിയിച്ച സാഹചര്യത്തിലാണ് കമ്മീഷൻ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലിന് നിർദ്ദേശം നൽകിയത്. റീടെയിനിംഗ് വാൾ ഇല്ലാത്ത സ്ഥലങ്ങളിൽ കൈവരി സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും നഗരസഭ അറിയിച്ചു. കൈവരി ഇല്ലാത്തതിനാൽ 12 മീറ്റർ താഴ്ചയിലുള്ള കുഴിയിലേക്ക് വാഹനങ്ങൾ മറിയുന്നത് പതിവാണെന്നും ഫയർഫോഴ്സ് എത്തിയാണ് അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുന്നതെന്നും പരാതിക്കാരനായ ബി. സുകേഷ് കമ്മീഷനെ അറിയിച്ചു. പരാതി നാല് മാസത്തിനുള്ളിൽ പരിഹരിച്ച ശേഷം സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. 300 വീടുകളാണ് ഇവിടെയുള്ളത്. ഇവർക്ക് യാത്ര ചെയ്യാൻ മറ്റൊരു വഴിയില്ല.
|
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങൾക്ക് പെൻഷൻ നൽകിയോ ? മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. HRMP No. 790/2024 (Date : 10/03/2025)
കോട്ടയം : കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് 2023 ഫെബ്രുവരിക്ക് ശേഷം പെൻഷൻ നൽകിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
2024 ഏപ്രിൽ 1 ന് ശേഷം മാത്രമേ പെൻഷൻ വിതരണം പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
കേരള കെട്ടിട നിർമ്മാണ തെഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ബോർഡിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും തനത് ഫണ്ടിൽ മാത്രം പ്രവർത്തിക്കുന്ന ബോർഡിന് കെട്ടിട ഉടമകളിൽ നിന്നും പിരിച്ചെടുക്കുന്ന ബിൽഡിംഗ് സെസ് മാത്രമാണ് ഏക വരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഒന്നര വർഷത്തോളം വരുമാനം ഗണ്യമായി കുറഞ്ഞതാണ് പെൻഷൻ മുടങ്ങാൻ കാരണമെന്നും റിപ്പോർട്ടിൽ പറഞ്ഞു. പെൻഷൻ മാത്രം വിതരണം ചെയ്യാൻ ഒരു മാസം 60 കോടി രൂപ വേണ്ടി വരുമെന്നും റിപ്പോർട്ടിലുണ്ട്. 2024 ഏപ്രിൽ 1 മുതൽ തദ്ദേശ സ്ഥാപനങ്ങൾ വഴി സെസ് പിരിക്കാൻ സർക്കാർ ഉത്തരവായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതു വഴി കുടിശ്ശിക നൽകാൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്. പാലാ സ്വദേശി വർഗീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ജനറൽ ആശുപത്രിയിലെ എക്സ്റേ ഉപകരണത്തിന്റെ തകരാർ ഉടൻ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 2135/2025 (Date : 07/03/2025)
തിരുവനന്തപുരം : ജനറൽ ആശുപത്രിയിലെ എക്സ്റേ ഉപകരണത്തിന്റെ തകരാർ ഉടൻ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
എക്സ്റേ ഉപകരണം കേടായതു കാരണം രോഗികൾ ബുദ്ധിമുട്ടിലായ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
എക്സ്റേ ഉപകരണവും യു.പി.എസും കേടായതിന്റെ കാരണം കണ്ടെത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. രണ്ടിന്റെയും തകരാർ പരിഹരിക്കാൻ കഴിയുന്നതാണോ എന്നും ഇല്ലെങ്കിൽ പുതിയത് സ്ഥാപിക്കണമോയെന്നും പരിശോധിക്കണം. എക്സ്റേ എടുക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും മുൻഗണന നൽകുന്നുണ്ടെന്ന ആക്ഷേപവും പരിശോധിക്കണം. ഇത്തരത്തിൽ ആർക്കെങ്കിലും മുൻഗണന നൽകുന്നുണ്ടെങ്കിൽ അത് അവസാനിപ്പിച്ച് നിയമപ്രകാരമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പു ഡയറക്ടർക്കും ജനറൽ ആശുപത്രി സൂപ്രണ്ടിനുമാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്. ഇരുവരും രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ആരോഗ്യവകുപ്പ് ഡയറക്ടറുടെയും ജനറൽ ആശുപത്രി സൂപ്രണ്ടിന്റെയും പ്രതിനിധികളായി സീനിയർ ഉദ്യോഗസ്ഥർ ഏപ്രിൽ 3 ന് രാവിലെ 10.00 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
|
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് നൽകി : മാനാഞ്ചിറയിൽ മാലിന്യം വലിച്ചെറിയുന്നത് ചില വ്യക്തികളെന്ന് നഗരസഭ. HRMP No. 5694/2024 (Date : 07/03/2025)
കോഴിക്കോട്: മാനാഞ്ചിറയുടെ പരിസരത്ത് അലഞ്ഞുതിരിഞ്ഞ് മാലിന്യങ്ങൾ ശേഖരിച്ച് കടയിൽ കൊടുത്ത് ജീവിക്കുന്ന മനോവിഭ്രാന്തിയുള്ളയാളും ചില വ്യക്തികളുമാണ് മാനാഞ്ചിറയിലേക്ക് മാലിന്യങ്ങളും പാഴ് വസ്തുക്കളും വലിച്ചെറിയുന്നതെന്ന് നഗരസഭ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മാനാഞ്ചിറ മലിനീകരണത്തിനെതിരെ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മാനാഞ്ചിറയുടെ കൈവരികൾ പൊക്കമില്ലാത്തതിനാൽ ആളുകളും മാലിന്യങ്ങൾ വലിച്ചെറിയാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരം മാലിന്യങ്ങൾ യഥാസമയം ഹെൽത്ത് സർക്കിൾ ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്യാറുണ്ടെന്നും കൃത്യമായ ഇടവേളകളിൽ ഫിസിക്കൽ ആന്റ് ബാക്ടീരിയ ടെസ്റ്റ് നടത്താറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ക്ലോറിനേഷനും നടത്താറുണ്ട്.
നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ മാനാഞ്ചിറയിലെ മാലിന്യങ്ങൾ യഥാസമയം നീക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സാമൂഹിക പ്രവർത്തകർ, എൻ.എസ്.എസ്., എൻ.സി.സി. വോളണ്ടിയർമാർ എന്നിവർ ശുചീകരണം നടത്താറുണ്ടെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.
|
അക്ഷയ കേന്ദ്രങ്ങൾ താഴത്തെ നിലയിലാക്കാത്ത പ്രോജക്ട് ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം. HRMP NO. 5949/2024 (Date : 07/03/2025)
തൃശ്ശൂർ : അക്ഷയകേന്ദ്രങ്ങൾ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കാത്തതിൽ അക്ഷയ കേന്ദ്രം പ്രോജക്ട് ഡയറക്ടർക്ക് കമ്മീഷന്റെ വിമർശനം.
ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്തതു കൊണ്ടാണ് സമാന വിഷയത്തിൽ നിരവധി പരാതികൾ ലഭിക്കുന്നതെന്ന് കമ്മീഷൻ അംഗം വി. ഗീത നിരീക്ഷിച്ചു. 2023 ൽ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെ കുറിച്ച് അക്ഷയ ഡയറക്ടർ 3 മാസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
വരന്തരപ്പള്ളി പഞ്ചായത്തിലെ അക്ഷയകേന്ദ്രം കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റണമെന്ന പരാതി പരിഗണിക്കുമ്പോഴാണ് മുമ്പ് നൽകിയ ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് കമ്മീഷൻ വിശദീകരണം ചോദിച്ചത്. 2023 ജൂൺ 9 ന് നൽകിയ ഉത്തരവ് അക്ഷയ ഡയറക്ടർ നടപ്പിലാക്കിയിട്ടില്ലെന്നാണ് കണ്ടെത്തൽ.
അംഗപരിമിതർക്കും അവശത അനുഭവിക്കുന്നവർക്കും കെട്ടിടത്തിന്റെ മുകൾനിലയിലെത്താൻ കഴിയുന്നില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു. ഇത്തരത്തിൽ നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. മേയിൽ കേസ് വീണ്ടും പരിഗണിക്കും.
തൃശ്ശൂർ ജില്ലയിലെ അക്ഷയകേന്ദ്രങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് കെട്ടിടങ്ങളുടെ മുകൾ നിലയിലാണെന്നും 2023 ൽ പാസ്സാക്കിയ ഉത്തരവിൽ കമ്മീഷൻ ചൂണ്ടിക്കാണിച്ചിരുന്നു. സുരേഷ് ചെമ്മനാടൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കിറ്റ്കോ ജീവനക്കാർക്ക് ശമ്പളകുടിശിക ഉടൻ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 834/2024 (Date : 06/03/2025)
എറണാകുളം : 2020 ഏപ്രിൽ മുതൽ 2024 നവംബർ വരെയുള്ള ശമ്പളം, അലവൻസ് കുടിശ്ശിക കിറ്റ്കോ ജീവനക്കാർക്ക് എത്രയും വേഗം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കിറ്റ്കോ മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികളിൽ നിന്നും പദ്ധതികൾ നടപ്പിലാക്കിയ വകയിൽ കിറ്റ്കോയ്ക്ക് കിട്ടാനുള്ള കുടിശ്ശിക എത്രയും വേഗം സ്ഥാപനത്തിന് നൽകുന്നതിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
കിറ്റ്കോയ്ക്ക് കുടിശ്ശിക നൽകാനുള്ള ആരോഗ്യമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്,
തദ്ദേശസ്വയംഭരണവകുപ്പ്, ആയുഷ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേധാവികളുടെയും സമാന സ്ഥാപനമേധാവികളുടെയും യോഗം വിളിക്കാനാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.
ഇപ്പറഞ്ഞ ഏജൻസികൾ തങ്ങൾക്ക് പണം നൽകാനുണ്ടെന്ന് കിറ്റ്കോ കമ്മീഷനെ അറിയിച്ചു. കിറ്റ്കോയ്ക്ക് സമയബന്ധിതമായി തുക ലഭ്യമാക്കാൻ വിവിധ ഏജൻസികൾക്ക് നിർദ്ദേശം നൽകണമെന്നും കമ്മീഷൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ജീവനകാർക്ക് ശമ്പള കുടിശ്ശിക നൽകാമെന്ന് കിറ്റ്കോ കമ്മീഷന് ഉറപ്പ് നൽകിയെങ്കിലും സമയക്രമം പറയാത്ത സാഹചര്യത്തിലാണ് നടപടി.
കിറ്റ്കോ ജീവനക്കാരനായ തോമസ് ഡാമിയൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കുറുമാലി പുഴയിൽ പ്ലാസ്റ്റിക്ക് മാലിന്യം നിറയ്ക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ കർശന നിർദ്ദേശം : ജില്ലാ ഭരണകൂടം ഉടൻ ഇടപെടണം. HRMP NO. 6522/2024 (Date : 06/03/2025)
തൃശൂർ : പ്ലാസ്റ്റിക്ക് നിരോധനം നിലനിൽക്കുന്ന സമയത്തുപോലും പ്ലാസ്റ്റിക്ക് ചാക്കുകളിൽ മണൽ നിറച്ച് കുറുമാലി പുഴയുടെ വിവിധ ഭാഗങ്ങളിൽ ഇറിഗേഷൻ വകുപ്പ് ചിറ കെട്ടുന്നത് വിരോധാഭാസമായതിനാൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.
പ്ലാസ്റ്റിക്ക് മാലിന്യം നിർമ്മാർജ്ജനം ചെയ്യേണ്ടത് ജില്ലാ ഭരണകൂടങ്ങളുടെ പ്രധാന കടമയും കർത്തവ്യവുമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കുടിവെള്ളത്തിനും കൃഷിക്കും വേണ്ടി നിർമ്മിക്കുന്ന മണൽചാക്ക് ചിറകൾ കാരണം കുറുമാലി പുഴ മലിനമാകുന്നത് തടയാൻ ജില്ലാ ഭരണകൂടം നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക്ക് ചാക്കുകൾക്ക് പകരം സംവിധാനം എർപ്പെടുത്തണമെന്ന കമ്മീഷന്റെ മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ലാ കളക്ടർ സ്വീകരിച്ച നടപടികൾ 6 മാസത്തിനകം അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റിൽ പരിഗണിക്കും.
ചിറ നിർമ്മാണത്തിന് പ്ലാസ്റ്റിക്ക് ചാക്ക് ഉപയോഗിക്കരുതെന്ന കമ്മീഷൻ ഉത്തരവ് ലംഘിക്കപ്പെട്ടതായി ആരോപിച്ച് കെ. ജി. രവീന്ദ്രനാഥ് സമർപ്പിച്ച പരാതിയിലാണ് നടപടി.
ചിമ്മിനി ഡാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ കുറുമാലിപുഴയുടെ അടിത്തട്ടിൽ പല ഭാഗങ്ങളിലും പാറയാണെന്നും മുള, പാഴ്മരം, മരക്കുറ്റികൾ എന്നിവ ചിറ നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയില്ലെന്നും പറയുന്നു. ചാക്കിന്റെ ഇഴയിൽക്കൂടി മണൽ ചോരുന്നതിനാൽ മണൽചാക്കും പ്രായോഗികമല്ല. പുഴയിലൂടെ ഒഴുകി വരുന്ന മരച്ചില്ലകൾ തുളച്ചുകയറി ചാക്കിന് കേടുപാട് സംഭവിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മണൽചാക്കിന് പകരം ജിയോ ബാഗ് ഉപയോഗിച്ച് ചിറ നിർമ്മിക്കാൻ അധിക ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലഭ്യമായിട്ടില്ല. ഈ വർഷവും പ്ലാസ്റ്റിക്ക് ചാക്ക് ഉപയോഗിച്ച് ചിറ നിർമ്മിക്കാനാണ് അനുമതി ലഭിച്ചത്. ചിറ പൊട്ടുന്ന സമയത്ത് പുഴയിൽ പരന്നൊഴുകുന്ന പ്ലാസ്റ്റിക്ക് ചാക്കുകൾ പുഴയിൽ നിന്നും നീക്കം ചെയ്യാനുള്ള പ്രവൃത്തി കൂടി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ആവശ്യം കഴിഞ്ഞാലുടൻ മണൽ, പുഴയിൽ നിക്ഷേപിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ
സ്വീകരിച്ച മേൽനടപടികളിൽ ജില്ലാ കളക്ടർ അറിയക്കണമെന്നും കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
|
ബീച്ച് ആശുപത്രിയും ലഹരിവിമോചന കേന്ദ്രവും ലഹരിയുടെ താവളമെന്ന് പരാതി : അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. (Date : 06/03/2025)
കോഴിക്കോട്: ബീച്ച് ആശുപത്രിയും പരിസരങ്ങളും ലഹരി ഉപയോഗിക്കുന്നവരുടെയും വിൽക്കുന്നവരുടെയും താവളമാവുകയാണെന്ന ആക്ഷേപത്തിൽ സത്വരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
മയക്കുമരുന്ന് ഉപയോഗം യുവതലമുറയുടെ ഭാവി കാർന്നു തിന്നുന്ന സാഹചര്യത്തിൽ ജില്ലാ പോലീസ് മേധാവിയും ഡപ്യൂട്ടി എക്സൈസ് കമ്മീഷണറും അടിയന്തര ഇടപെടലും പ്രതിരോധ നടപടികളും സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിക്കുന്ന നടപടികൾ ഇരുവരും ഒരാഴ്ച്ചക്കകം കമ്മീഷനിൽ രേഖാമൂലം സമർപ്പിക്കണം. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ബീച്ച് ആശുപത്രി വളപ്പിലെ ലഹരിവിമോചന കേന്ദ്രം ലഹരി വിൽക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും സുരക്ഷിത കേന്ദ്രങ്ങളാണെന്ന് പരാതിയുണ്ട്. ലഹരി വിമോചന കേന്ദ്രത്തിന്റെ പിന്നിൽ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ സിറിഞ്ചുകൾ കാണാമെന്ന് നാട്ടുകാർ പറയുന്നു. ലഹരിമോചന ചികിത്സയിലുള്ളവരും ലഹരിവിൽപ്പനക്കാരും തമ്മിലുള്ള കൈയ്യാങ്കളി ആശുപത്രി ജീവനക്കാരുടെ സുരക്ഷിതത്വത്തിന് പോലും വെല്ലുവിളിക്കുന്നു. ലഹരിവിമോചന കേന്ദ്രം നാട്ടുകാർക്ക് ബാധ്യതയായി തീർന്നതായും പരാതിയുണ്ട്. ഇ.എൻ.ടി., കുട്ടികളുടെ ചികിത്സാ വിഭാഗം എന്നിവ പ്രവർത്തിക്കുന്നത് ലഹരി വിമോചന കേന്ദ്രത്തിന് സമീപമാണ്. വിമോചന കേന്ദ്രം ഇവിടെ നിന്നും മാറ്റാൻ ജില്ലാ കളക്ടർക്ക് നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
കോഴിക്കോട് നഗരത്തിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ ലഹരി ഉപയോഗം വർധിക്കുന്ന പ്രവണത ഞെട്ടിക്കുന്നതാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. മയക്കുമരുന്നുകളുടെ ലഭ്യത, സമ്മർദ്ദം, സമൂഹമാധ്യമ സ്വാധീനം, ബോധവത്ക്കരണക്കുറവ് എന്നിവ മയക്കുമരുന്നിന്റെ വ്യാപനത്തിന് കാരണമാകുന്നതായി കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
മാർച്ച് 26ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
പത്തു വർഷം മുമ്പ് കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ ഇൻഷുറൻസ് ക്ലെയിം അനുവദിക്കാത്ത കമ്പനിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 6830/2022 (Date :05/03/2025)
തിരുവനന്തപുരം : വിഴിഞ്ഞം കടപ്പുറത്ത് നിന്നും 2014 നവംബർ 16 ന് കടലിൽ പോയ മത്സ്യത്തൊഴിലാളിയെ കാണാതായ സാഹചര്യത്തിൽ ഇൻഷുറൻസ് ക്ലെയിം അവകാശികൾക്ക് അനുവദിക്കുന്ന കാര്യത്തിൽ രണ്ടു മാസത്തിനുള്ളിൽ ഇൻഷുറൻസ് കമ്പനി തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ഇത്തരം കാര്യങ്ങളിൽ ഇൻഷുറൻസ് കമ്പനി അമിതമായ സാങ്കേതികത്വം പ്രയോഗിക്കുന്നത് നീതിപൂർവ്വമല്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഡിവിഷണൽ മാനേജർക്കും കേരള ഫിഷർമെൻ വെൽഫയർ ബോർഡ് കമ്മീഷണർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
വിഴിഞ്ഞം പള്ളിത്തുറ പുരേടത്തിൽ ബിജുവിനെ കടലിൽ കാണാതായെന്ന സബ് കളക്ടറുടെ സാക്ഷ്യപത്രം (മാൻ മിസിംഗ് സർട്ടിഫിക്കറ്റ്) ഉൾപ്പെടെ ഹാജരാക്കിയിട്ടാണ് ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിച്ചത്.
ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷക ആരോപണങ്ങൾ നിഷേധിച്ചു. 2014 മുതൽ കാണാതായ ബിജുവിനെ കാണാതായതായി വീട്ടുകാർ പരാതി നൽകിയത് 3 വർഷങ്ങൾക്ക് ശേഷമാണെന്നും ഇൻഷ്വറൻസ് ക്ലെയിമിന് അപേക്ഷ നൽകിയത് 9 വർഷങ്ങൾക്ക് ശേഷമാണെന്നും കമ്പനി വാദിച്ചു. അതിനാൽ ക്ലെയിം നൽകാനാവില്ലെന്നും കമ്പനി നിലപാടെടുത്തു. കമ്പനിയുടെ വാദം ജസ്റ്റിസ് അലക്സാണ്ടർ തോമസ് തള്ളി. കാണാതായി 7 വർഷം കഴിഞ്ഞാൽ മാത്രമേ ഇന്ത്യൻ എവിഡൻസ് ആക്റ്റ് വകുപ്പ് 108 പ്രകാരം കാണാതായതായി അനുമാനിക്കാൻ കഴിയുകയുള്ളുവെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 2021-ലാണ് 7 വർഷം കഴിഞ്ഞത്. 2019 ൽ തന്നെ പരാതിക്കാരിയായ അമ്മ, മാർഗരറ്റ് ഇൻഷുറൻസ് കമ്പനിയെ സമീപിച്ചിരുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചട്ടങ്ങൾ പ്രകാരമുള്ള സർക്കാരിന്റെ സ്പെഷ്യൽ ഇൻഷുറൻസ് പദ്ധതിയാണ് ഇതെന്നും വെറുമൊരു സ്വകാര്യ ഇൻഷുറൻസ് പദ്ധതിയല്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സർക്കാരാണ് ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നത്. ഈ സാഹചര്യത്തിൽ ക്ലെയിം അനുവദിക്കുന്നത് സംബന്ധിച്ച് ഇൻഷുറൻസ് കമ്പനി എത്രയും വേഗം തീരുമാനമെടുക്കണമെന്നും 2 മാസത്തിനുള്ളിൽ പരാതി പരിഹരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
|
ഭിന്നശേഷി വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ കൂടുതൽ സമയം വേണം : മെഡിക്കൽ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് മെഡിക്കൽ കോളേജിനോട് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4818/2024 (Date : 05/03/2025)
കോട്ടയം : വിട്ടുമാറാത്ത വേദന, ക്ഷീണം, വൈജ്ഞാനിക പ്രയാസങ്ങൾ എന്നീ അസ്വസ്ഥതകൾ അലട്ടുന്ന ഫൈബ്രോമയാൾജിയ, കാർപൽ ടണൽ സിൻഡ്രോം സി.ടി.എസ്. എന്നീ രോഗാവസ്ഥകൾ ഉള്ള ബിരുദവിദ്യാർത്ഥിക്ക് സർവ്വകലാശാലാ പരീക്ഷയെഴുതാൻ അധികസമയം അനുവദിക്കുന്നതിനായി മെഡിക്കൽ ബോർഡ് മെഡിക്കൽ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
ഗുൽഷൻ കുമാറും ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഇൻസ്റ്റിറ്റ്യൂട്ടും മറ്റുള്ളവരും തമ്മിലുള്ള കേസിൽ 2025 ഫെബ്രുവരി 3ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെയും യു.ജി.സി. മാർഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ സഹായിയുടെ സേവനമില്ലാതെ പരീക്ഷയെഴുതുന്ന വിദ്യാർത്ഥിക്ക് അധികസമയം അനുവദിക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു. അധിക സമയം അനുവദിക്കണമെങ്കിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് എം.ജി. സർവ്വകലാശാല നിഷ്കർഷിക്കുന്ന സാഹചര്യത്തിലാണ് ബെഞ്ച്മാർക്ക് വൈകല്യങ്ങൾ പരിഗണിക്കാതെ പരാതിക്കാരന് സർട്ടിഫിക്കറ്റ് അനുവദിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്.
ഇതിന് മുമ്പ് കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരായതാണെങ്കിലും പരിശോധിച്ച സ്പെഷ്യലിസ്റ്റുകൾ തന്റെ അവസ്ഥ അദൃശ്യമാണെന്ന് കണക്കാക്കി സർട്ടിഫിക്കറ്റ് നിരസിക്കുകയാണ് ചെയ്തതെന്നും പരാതിക്കാരൻ അറിയിച്ചു. എന്നാൽ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ പരീക്ഷ എഴുതാൻ കൂടുതൽ സമയം അനുവദിക്കാൻ കഴിയുകയുള്ളുവെന്ന് മഹാത്മാഗാന്ധി സർവ്വകലാശാലാ രജിസ്ട്രാറും നിലപാടെടുത്തു.
കമ്മീഷൻ സർവ്വകലാശാലാ രജിസ്ട്രാറിൽ നിന്നും റിപ്പോർട്ട് വാങ്ങി. മൂന്നുതവണ പരാതിക്കാരന് സർട്ടിഫിക്കറ്റില്ലാതെ തന്നെ അധികസമയം അനുവദിച്ചതാണെന്നും എന്നാൽ ഭാവിയിൽ അധികസമയം അനുവദിക്കണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സർവ്വകലാശാലാ തീരുമാനമെടുത്തിട്ടുണ്ടെന്നും രജിസ്ട്രാർ അറിയിച്ചു.
തുടർന്ന് പരാതിക്കാരനെ കമ്മീഷൻ നേരിൽ കേട്ടു. എല്ലാ ഭിന്നശേഷി വിദ്യാർത്ഥികൾക്കും പരീക്ഷകൾക്ക് ബെഞ്ച്മാർക്ക് വൈകല്യം പരിഗണിക്കാതെ സഹായിയുടെ സേവനം ലഭ്യമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളതായി കമ്മീഷൻ ചൂണ്ടിക്കാണിച്ചു. യു.ജി.സി. മാർഗനിർദ്ദേശപ്രകാരം ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾക്ക് സഹായിയുടെ സേവനം വേണ്ടെന്നുവച്ചാൽ പരീക്ഷയെഴുതാൻ അധികസമയം അനുവദിക്കണമെന്ന് നിഷ്കർഷിച്ചിട്ടുള്ളതായി ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരൻ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
|
ടിക്കറ്റ് റിസർവ്വ് ചെയ്ത യാത്രക്കാരനെ കയറ്റാതെ ബസ് പോയെന്ന പരാതി അന്വേഷിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 1764/2025 (Date : 05/03/2025)
ആലപ്പുഴ : ഹരിപ്പാട് നിന്നും അടിമാലിയിലേക്ക് ടിക്കറ്റ് റിസർവ് ചെയ്തിരുന്ന യാത്രക്കാരനെ തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോയ സ്വിഫ്റ്റ് ബസ് കയറ്റാതെ പോയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കെ.എസ്.ആർ.റ്റി.സി. മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി. ഗീത നിർദ്ദേശം നൽകിയത്. ഫെബ്രുവരി 11 നാണ് സംഭവമുണ്ടായത്. പുലർച്ചെ 03.55 ന് ഹരിപ്പാട് സ്റ്റാന്റിലെത്തേണ്ട ബസാണ് യാത്രക്കാരനെ കയറ്റാതെ പോയതെന്ന് പരാതിയിൽ പറയുന്നു. സ്ഥിരമായി ഈ ബസിൽ യാത്ര ചെയ്യുന്ന പരാതിക്കാരന് ബസ് സമയക്രമം പാലിക്കുന്നില്ലെന്നും പരാതിയുണ്ട്.
ഹരിപ്പാട് കുമാരപുരം സ്വദേശി യു. താജുദ്ദീൻ സമർപ്പിച്ച പരാതിയിലാണ് നടപടി. അന്വേഷണ റിപ്പോർട്ട് നാലാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : ക്വാറിക്ക് സമീപമുള്ള വയോധികയുടെ വീട് പൊളിച്ചിട്ടില്ലെന്ന് പഞ്ചായത്ത്. HRMP NO. 4927/2024 (Date : 04/03/2025)
കോഴിക്കോട്: ബാലുശ്ശേരി പഞ്ചായത്തിലെ 13-ാം വാർഡിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് സമീപം 4 സെന്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിന് ഭീഷണിയുണ്ടെങ്കിലും പൊളിച്ചുമാറ്റിയിട്ടില്ലെന്ന് ബാലുശ്ശേരി പഞ്ചായത്ത് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ക്വാറിക്ക് വേണ്ടി വീട് പൊളിച്ചുമാറ്റിയെന്ന് ആരോപിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് ബാലുശ്ശേരി പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചത്.
2019 മേയ് 23ന് വയോധികയായ സരോജിനി നിർമ്മിച്ച ഷെഡ് ക്രമവൽക്കരിച്ചു നൽകിയെന്നും എന്നാൽ ഷെഡ് പിന്നീട് പുതുക്കി ചെയ്യുകയും താമസയോഗ്യമല്ലാത്തതിനാൽ പുതുക്കിയ വീടിന്റെ ക്രമവത്ക്കരണ അപേക്ഷ നിരസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കെട്ടിടം പൊളിക്കാനുള്ള തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. 2020 ജനുവരി 16നാണ് ഷെഡിന് സമീപം ക്വാറിക്ക് അനുമതി നൽകിയതെന്നും ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
|
മാലിന്യനിർമ്മാർജന പ്ലാന്റിന്റെ അനുമതിക്ക് മുമ്പ് നിയമവും ചട്ടവും പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 1256/2024 (Date : 04/03/2025)
മലപ്പുറം: നിയമങ്ങളും ചട്ടങ്ങളും പാലിച്ച് മാത്രം മാലിന്യനിർമ്മാർജന പ്ലാന്റിന് അനുമതി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
എടപ്പാൾ വട്ടംകുളത്ത് ആരംഭിക്കുന്ന പ്ലാന്റിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.
ഹോട്ടലുകളിലെയും ബേക്കറികളിലെയും മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്ന പ്ലാന്റ് പരിസ്ഥിതി മലിനീകരണം നടത്തുകയാണെന്ന് പരാതിയുയർന്ന സാഹചര്യത്തിലാണ് കമ്മീഷൻ വട്ടംകുളം പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. എടപ്പാൾ വട്ടംകുളം നടുവട്ടം അയിലക്കാട് റോഡിലാണ് സ്ഥാപനം പ്രവർത്തനം തുടങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് കെ. പി. ഹംസകുട്ടി സമർപ്പിച്ച പരാതിയിൽ പറയുന്നു.
എന്നാൽ ഇത്തരത്തിലൊരു സ്ഥാപനം തുടങ്ങുന്നതിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
|
എസ്. എം. പി. പാലസ് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചു : മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. HRMP NO. 1753/2025 (Date : 04/03/2025)
കൊല്ലം : ചിന്നക്കട എസ്. എം. പി. പാലസ് റോഡ് മുറിച്ചു കടക്കുന്ന റെയിൽവേ ഗേറ്റ് സ്ഥിരമായി അടച്ചിടുന്നതിനെതിരെയുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജരിൽ നിന്നും വിശദീകരണം തേടി.
ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. കൊല്ലം - തിരുവനന്തപുരം റെയിൽപാതയുണ്ടായ കാലം മുതൽ റെയിൽവേ ഗേറ്റ് ട്രെയിൻ വരുമ്പോഴല്ലാതെ അടച്ചിടാറില്ലെന്ന് പരാതിയിൽ പറയുന്നു. നഗരത്തിലെ ഗതാഗതകുരുക്കിൽ നിന്നും രക്ഷപ്പെടാൻ ഹൈവേയിൽ കയറുന്ന വഴിയിലുള്ള ഗേറ്റ് സ്ഥിരമായി അടച്ചിടുന്നതു കാരണം വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ജനസഹായി വിവരാവകാശ നിയമഫോറത്തിന് വേണ്ടി എ. അജയകുമാർ സമർപ്പിച്ച പരാതിയിൽ പറയുന്നു. തിരുവനന്തപുരത്ത് നിന്നും വരുന്നവർക്ക് ചിന്നക്കടയിലെ ഗതാഗതകുരുക്കിൽപ്പെടാതെ ഹൈവേയിലേക്ക് എത്താനുള്ള എളുപ്പവഴിയാണിത്.
|
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ചു. (Date : 03/03/2025)
തിരുവനന്തപുരം : പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പരിശോധന നടത്തി.
മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികൾ അനുഭവിക്കുന്ന വിവിധതരം ബുദ്ധിമുട്ടുകൾ സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു സന്ദർശനം.
ആശുപത്രിയിലെ വാർഡുകൾ, ഫോറൻസിക് വാർഡ്, അടുക്കള, ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങൾ, ഭൗതിക സാഹചര്യങ്ങൾ തുടങ്ങിയവ കമ്മീഷൻ പരിശോധിച്ചു. ആശുപത്രി സൂപ്രണ്ട്, ഡോക്ടർമാർ എന്നിവരുമായി ചർച്ച നടത്തി.
അക്രമാസക്തരായ മാനസികരോഗ ബാധിതരെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുമ്പോൾ കൂട്ടിരിപ്പുകാരില്ലാതെ പ്രവേശിപ്പിക്കില്ലെന്ന് ആശുപത്രി അധികൃതർ വാശിപിടിക്കാറുണ്ടെന്ന് കമ്മീഷനിൽ ലഭിച്ച പരാതിയിൽ പറയുന്നു. മനോരോഗം ബാധിച്ച് കിടപ്പിലായവർ മരുന്ന് വാങ്ങാൻ നേരിട്ട് വരണമെന്ന് നിർബന്ധിക്കുന്ന ഡോക്ടർമാരുണ്ടെന്നും പരാതിയുണ്ട്. 15 ദിവസത്തേക്ക് മാത്രം മരുന്നുകൾ നൽകുന്ന പ്രവണതയും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ ഇത്തരം മരുന്നുകൾ യഥേഷ്ടം വാങ്ങാം.
കമ്മീഷൻ ചെയർ പേഴ്സൺ 2023ൽ നടത്തിയ സന്ദർശനത്തെ തുടർന്ന് സർക്കാരിന് നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കിയത് സംബന്ധിച്ച് കമ്മീഷൻ വിലയിരുത്തൽ നടത്തി.
അമിക്കസ് ക്യൂറി അഡ്വ. രാം കുമാർ, സൈക്യാട്രി എമിറേറ്റ്സ് പ്രൊഫസർ ഡോ. റോയ് എബ്രഹാം, കോട്ടയം മെഡിക്കൽ കോളേജിലെ മനശാസ്ത്ര വിഭാഗം തലവൻ ഡോ. പി.ജി. സജി,
ആരോഗ്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ അനുഗമിച്ചു. കമ്മീഷൻ വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകും.
|
അമ്മയും മക്കളും തീവണ്ടിക്ക് മുന്നിൽ ജീവനൊടുക്കിയത് അന്വേഷിക്കണം : മനുഷ്യാവകാശ കമ്മീഷൻ. (Date : 03/03/2025)
കോട്ടയം : തീവണ്ടി തട്ടി അമ്മയും രണ്ടു പെൺമക്കളും മരിച്ച സംഭവത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ അടുത്ത മാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഏറ്റുമാനൂർ പാറോലിക്കൽ നൂറ്റിയൊന്ന് കവലക്ക് സമീപമാണ് അമ്മ ഷൈനി, മക്കളായ അലീന, ഇവാന എന്നിവർ തീവണ്ടി തട്ടി മരിച്ചത്. കുടുംബപ്രശ്നത്തെ തുടർന്ന് ജീവനൊടുക്കാൻ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ കയറി നിന്നുവെന്നാണ് പറയുന്നത്. വിദേശത്തുള്ള ഭർത്താവ് നാട്ടിലെത്തുമ്പോൾ ഷൈനിക്ക് മർദ്ദനമേൽക്കാറുണ്ടെന്ന് നാട്ടുകാരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗാർഹികപീഡനത്തിന് കേസുമുണ്ട്. ഷൈനിക്ക് ഒരു മകൻ കൂടിയുണ്ട്.
|
വന്യമൃഗ ഉപദ്രവത്താൽ നിസഹായരായ ആറളത്തെ ജനങ്ങളെ എങ്ങനെ സംരക്ഷിക്കാനാവും ? മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. (Date : 03/03/2025)
കണ്ണൂർ : കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ നിരന്തരമായ ഉപദ്രവം കാരണം മരണഭീതി അനുഭവിക്കുന്ന ആറളത്തെ നിസഹായരായ മനുഷ്യർക്ക് സംരക്ഷണം നൽകുന്നതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കണ്ണൂർ ജില്ലാ കളക്ടർക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. മാർച്ച് 24ന് 11 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വിവിധ സ്ഥലങ്ങളിൽ നിന്നും സർക്കാർ കുടിയിറക്കികൊണ്ടുവന്ന് പുനരധിവസിപ്പിച്ച പട്ടികവർഗ വിഭാഗത്തിലുള്ളവരാണ് ആറളത്ത് താമസിക്കുന്നത്. ഇവർ ആനക്കൂട്ടങ്ങൾക്കിടയിലും വന്യമൃഗങ്ങൾക്കിടയിലും ജീവഭയത്തോടെ താമസിക്കുകയാണ്. ഇതിനകം 14 പേർ കൊല്ലപ്പെട്ടു. 2014 മുതലാണ് കാട്ടാനകൾ ജീവനെടുത്തു തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. വന്യജീവി സങ്കേതത്തിൽ നിന്നും പുനരധിവാസ മേഖലയിലേക്ക് ഇറങ്ങുന്ന ആനകളെ തടയാനുള്ള ആനമതിൽ നിർമ്മാണം ഇഴഞ്ഞതാണ് ആനയിറങ്ങാനുള്ള പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. 2023 സെപ്റ്റംബറിൽ നിർമ്മാണം തുടങ്ങി ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.
ആനശല്യത്തിനൊപ്പം കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തടയപ്പെട്ടതാണ് ആറളത്തെ പുനരധിവാസം പാളാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
|
വിയ്യൂർ സെൻട്രൽ ജയിലിൽ മനുഷ്യാവകാശ കമ്മീഷൻ പരിശോധന നടത്തി. (Date : 01/03/2025)
തൃശ്ശൂർ: മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വിയ്യൂർ സെൻട്രൽ ജയിലിൽ പരിശോധന നടത്തി. കമ്മീഷൻ അംഗം വി. ഗീതയും പരിശോധനയിൽ പങ്കെടുത്തു.
അംഗീകൃത ശേഷിയെക്കാൾ ഇരട്ടിയോളം തടവുകാരെ വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയാണെന്ന പരാതിയുടെ കൂടി പശ്ചാത്തലത്തിലാണ് കമ്മീഷൻ ജയിൽ പരിശോധന നടത്തിയത്.
ഇത്തരം നടപടികൾ നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് മുമ്പ് ഒരു ഉത്തരവിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചൂണ്ടിക്കാണിച്ചിരുന്നു. ജയിലിലുള്ള ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അന്തേവാസികളെ ആശുപത്രികളിലേക്കും കോടതികളിലേക്കും കൊണ്ടു പോകുന്നതിനാവശ്യമായ പോലീസ് എസ്കോർട്ട് ലഭിക്കാത്തതും ഗൗരവമായി കാണുമെന്ന് അദ്ദേഹം ഉത്തരവിൽ പറഞ്ഞിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസിയായ സക്കീർ അലിക്ക് യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് മകനും എറണാകുളം പുത്തൻകുരിശ് സ്വദേശിയുമായ ആഷിക് സമർപ്പിച്ച പരാതിയിലായിരുന്നു ഉത്തരവ്. ജയിലിലെ അംഗീകൃതശേഷി 553 ആണ്. എന്നാൽ 1068 അന്തേവാസികളെയാണ് പാർപ്പിച്ചിരിക്കുന്നതെന്നാണ് പരാതി. ജയിലിലെ ഉദ്യോഗസ്ഥരുടെ അംഗീകൃതശേഷി 160 ആണ്. എന്നാൽ ആവശ്യാനുസരണം ഉദ്യോഗസ്ഥർ ലഭ്യമല്ലെന്നും പരാതിയുണ്ട്.
|
ദേശീയപാതാ നിർമ്മാണത്തിനിടെ വീടിന് വിള്ളലെന്ന് പരാതി വിദഗ്ദർ പരിശോധിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No: 4366/2024 (Date 01/03/2025)
കണ്ണൂർ : ദേശീയപാതാ നിർമ്മാണത്തിനിടെ വീടിന് വിള്ളൽ ഉൾപ്പെടെയുള്ള കേടുപാടുകൾ സംഭവിച്ചതായി പരാതിയുയർന്ന സാഹചര്യത്തിൽ എൻ.ഐ.ടി. അല്ലെങ്കിൽ ഐ.ഐ.ടി. പോലുള്ള വിദഗ്ദ്ധ സ്ഥാപനത്തിന്റെ വിശദമായ പഠനം ആവശ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
വീടിനുണ്ടായ കേടുപാടുകൾ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത കൊണ്ടുണ്ടായതാണെങ്കിൽ സബ് കളക്ടർ തുടർനടപടികൾ സ്വകരിച്ച് പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. തലശ്ശേരി സബ് കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. താഴെചൊവ്വ സ്വദേശി ഇ.എം. രഞ്ജിത് ബാബുവിന്റെ പരാതിയിലാണ് നടപടി.
കമ്മീഷൻ നഗരസഭാ പരിധിയിൽ താമസിക്കുന്ന പരാതിക്കാരന്റെ വീട് ദേശീയപാതാ നിർമ്മാണ നടക്കുന്ന സ്ഥലത്തിന്റെ 35 മീറ്ററിനുള്ളിലാണെന്നും നിർമ്മാണത്തിലെ കമ്പനത്തെ തുടർന്ന് സാരമായ കേടുപാടുകൾ സംഭവിച്ചതായും പരാതിയിൽ പറയുന്നു. എന്നാൽ ആരോപണം ദേശീയപാതാ അതോറിറ്റി നിഷേധിച്ചു. തുടർന്ന് സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ തലശ്ശേരി സബ് കളക്ടർക്ക് നിർദ്ദേശം നൽകി. സ്ഥലം സന്ദർശിച്ച് സബ് കളക്ടർ വീടിന് വിള്ളൽ കണ്ടെത്തുകയും ഇക്കാര്യം വിദഗ്ദ്ധരെ കൊണ്ട് പരിശോധിപ്പിച്ച് കൃത്യമായ കാരണം കണ്ടെത്തണമെന്ന് നിർദ്ദേശിച്ചു. തുടർന്നാണ് വിദഗ്ദ്ധ പരിശോധനക്ക് കമ്മീഷൻ നിർദ്ദേശം നൽകിയത്.
|
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് : ഒരു വർഷത്തിൽ രണ്ടു കോടി പിഴയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. HRMP No: 7744/2022 (Date : 01/03/2025)
മലപ്പുറം: ഫുഡ് ഗ്രേഡ് അല്ലാത്ത പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്ത കുറ്റത്തിന് കഴിഞ്ഞ വർഷം 7000 ത്തിലധികം പരിശോധനകൾ നടത്തി രണ്ട് കോടിയിലധികം തുക പിഴ ഈടാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. 5000ത്തിലധികം സ്ഥാപനങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്.
ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷനിൽ അംഗത്വമുള്ള ഭക്ഷ്യവിതരണ സ്ഥാപനങ്ങൾ ചൂടുള്ള ഭക്ഷണപദാർത്ഥങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പാഴ്സലായി വിതരണം ചെയ്യുന്നുവെന്ന പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ വിശദീകരണം സമർപ്പിച്ചത്.
|
ട്രാൻസ്ജെന്ററുടെ പരാതിയിൽ പോലീസ് കേസെടുക്കാത്തത് തെറ്റ് : പരാതിക്കാരി കോടതിയെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5885/2023 (Date: 28/02/2025)
തിരുവനന്തപുരം: വീട് നിർമ്മിക്കാൻ ട്രാൻസ്ജെന്റർ ഇറക്കിവെച്ച ഒരു ലോഡ് കരിങ്കല്ലും 150 താബൂക്കും 100 ചുടുകല്ലും അയൽവാസികൾ കടത്തികൊണ്ടുപോയിട്ടും കേസെടുക്കാൻ വിസമ്മതിച്ച പോലീസിന്റെ നടപടി നിയമവാഴ്ചയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നതിനാൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനായി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പരാതിക്കാരിക്ക് നിർദ്ദേശം നൽകി.
ആരും സഹായിക്കാനില്ലാത്ത സാമ്പത്തികവും സാമൂഹികവുമായി പ്രയാസപ്പെടുന്ന ട്രാൻസ്ജെന്റർ കിളിമാനൂർ കാനാറ സ്വദേശി ഇന്ദിരക്ക് സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി നിയമസഹായം നൽകണമെന്ന് കമ്മീഷൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ മെമ്പർ സെക്രട്ടറിയായ സബ് ജഡ്ജിന് നിർദ്ദേശം നൽകി.
ഈ പരാതിയിൽ 2024 ഡിസംബർ 6ന് കമ്മീഷൻ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി. ക്ക് വേണ്ടി ഹാജരായ കിളിമാനൂർ എസ്.എച്ച്.ഒ.യെ കമ്മീഷൻ നേരിൽ കേട്ടു. പരാതിക്കാരിയുടെ കരിങ്കല്ലോ മറ്റ് സാധനങ്ങളോ കടത്തികൊണ്ടു പോയതായി അന്വേഷണത്തിൽ തെളിഞ്ഞില്ലെന്നും ആരോപണത്തിന് കാരണമായ വഴിതർക്കം സിവിൽ കോടതി വഴി പരിഹരിക്കേണ്ട വിഷയമാണെന്നും കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ കമ്മീഷനെ അറിയിച്ചു.
എന്നാൽ ഡി.വൈ.എസ്.പി. കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ 2023 മേയ് 27ന് പരാതികക്ഷി ഇറക്കിയ സാധനസാമഗ്രികൾ അയൽവാസികൾ ലോറിയിൽ കടത്തികൊണ്ടു പോയതായി ഒരു സാക്ഷിമൊഴി ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്നും പരാതിയിൽ കഴമ്പുണ്ടെന്നും ശരിയായ അന്വേഷണം നടക്കേണ്ടതായിരുന്നുവെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ വിപരീതമൊഴികൾ മാത്രം കണക്കിലെടുത്ത് കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചതായി കമ്മീഷൻ കണ്ടെത്തി. ഭരണഘടനയുടെ 14-ാം അനുച്ഛേദം പ്രകാരം എല്ലാ വ്യക്തികൾക്കും ലഭിക്കുന്ന എല്ലാ അവകാശങ്ങൾക്കും ട്രാൻസ്ജെന്റർമാർക്കും അർഹതയുള്ളതായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. അങ്ങനെയുള്ള ഒരാളുടെ പരാതി അനന്തമായി നീട്ടികൊണ്ടുപോകുന്നത് ലതാകുമാരിയും സ്റ്റേറ്റ് ഓഫ് യു.പി.യും തമ്മിലുള്ള കേസിലെ വിധി ചേർത്ത് വായിക്കുമ്പോൾ തീർത്തും തെറ്റാണ്. ഇത് പോലീസ് സംവിധാനത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു.
കുറ്റകരമായ പ്രവൃത്തി ഉൾപ്പെടുന്ന കേസുകളിൽ പോലീസ് കേസെടുക്കാതിരുന്നാൽ ഭാരതീയ ന്യായ സംഹിത വകുപ്പ് 175 (3) പ്രകാരം പരാതിക്കാരിക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.
|
അക്രമവാസനയും കൊലപാതക പരമ്പരയും അവസാനിപ്പിക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ (Date: 28/02/2025)
കോഴിക്കോട്: അടുത്ത കാലത്തായി സമൂഹത്തിൽ വർധിച്ചുവരുന്ന അക്രമവാസനകളും കൊലപാതക പരമ്പരകളും അമർച്ച ചെയ്യുന്നതിനും മൂല്യച്യുതിയും അരക്ഷിതാവസ്ഥയും അവസാനിപ്പിക്കുന്നതിനുമായി ആഭ്യന്തരം, വിദ്യാഭ്യാസം, റവന്യു, സാംസ്കാരികം വകുപ്പുകളുടെ തലവൻമാരുമായി കൂടിയാലോചിച്ച് ചീഫ് സെക്രട്ടറി സത്വരനടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
അക്രമവാസനയും കുറ്റകൃത്യങ്ങൾക്കുള്ള ത്വരയും അവസാനിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യണമെന്നും കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ .സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി രണ്ടുമാസത്തിനുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണം.
പ്രണയമില്ലാതെ പ്രാപിക്കുകയും വിശപ്പില്ലാതെ കൊല്ലുകയും ചെയ്യുന്ന ഇരുകാലിമൃഗമാണ് ആധുനികമനുഷ്യനെന്ന കവിയുടെ വാക്കുകൾ അന്വർത്ഥമായി തീർന്നതായി കെ. ബൈജുനാഥ് പറഞ്ഞു. സഹജീവികളെയും ഉറ്റവരെയും ഉന്മൂലനം ചെയ്യാൻ മടിയില്ലാത്ത തലമുറ ആശങ്കയായി മാറുന്നു. ഇത് നിയമവാഴ്ചയെ തകിടം മറിക്കുകയും സമാധാനപൂർണമായ മനുഷ്യവാസം ഇല്ലാതാക്കുകയും ചെയ്യും. മനുഷ്യനിൽ അന്തർലീനമായ മൃഗീയവാസനകളെ ശോഷിപ്പിക്കുന്ന ഒരു സാഹചര്യം ഇവിടെ ഉണ്ടാവേണ്ടിയിരിക്കുന്നു. യുവാക്കളിൽ അക്രമവാസനയും കുറ്റകൃത്യപ്രേരണയും വർധിപ്പിക്കുന്നതിനുള്ള ഘടകങ്ങൾ സമൂഹത്തിൽ സജീവമാണ്. അക്രമത്തിനും കൊലപാതകത്തിനും പ്രാധാന്യം നൽകുന്ന സിനിമകൾക്ക് കിട്ടുന്ന സ്വീകാര്യത പരിശോധിക്കപ്പെടണം. ബന്ധങ്ങൾക്ക് ഊന്നൽ നൽകുന്ന സിനിമകളെക്കാൾ മറ്റ് സിനിമകൾക്ക് കൂടുതൽ വിജയം ലഭിക്കുന്നതിനെ കുറിച്ച് സിനിമാ പ്രവർത്തകർ ഗൗരവമായി ചിന്തിക്കണം.
ലഹരിയുടെ ഉപയോഗത്തിനൊപ്പം ജയിക്കാനായി എതിരാളികളെ കൊന്നൊടുക്കുന്ന വീഡിയോ ഗെയിമുകൾ യുവതലമുറയിൽ ചെലുത്തുന്ന സ്വാധീനവും പരിശോധിക്കപ്പെടണം. കുടുംബം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ, മതസംഘടനകൾ എന്നിവക്ക് വളർന്നുവരുന്ന സാമൂഹികവിപത്തിനെ തടയുന്നതിൽ വലിയ പങ്കു വഹിക്കാനുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. മുഴുവൻ രാഷ്ട്രീയ,യുവജന സാംസ്കാരിക സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി മാനവികതയെ പരിപോഷിപ്പിക്കാനുള്ള യജ്ഞത്തിൽ പങ്കാളികളാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
|
ആൾമറയില്ലാത്ത കിണറ്റിൽ വീണ് കുഞ്ഞ് മരിച്ചത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 25/02/2025)
തിരുവനന്തപുരം: ആൾമറയില്ലാത്ത കിണറുകൾ കൈവരി കെട്ടി സംരക്ഷിക്കണമെന്ന് സർക്കുലർ നിലവിലുള്ളപ്പോൾ ആൾമറയില്ലാത്ത കിണറിൽ വീണ് രണ്ടു വയസുകാരി മരിച്ച സംഭവം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പെരുമ്പട്ടി പോലീസ് ഇൻസ്പെക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
പെരുമ്പട്ടി കുരുട്ടും മോടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഷാജിയുടെ മകൾ അരുണിമയാണ് മുറ്റത്ത് കളിക്കുന്നതിനിടയിൽ മറയില്ലാത്ത കിണറിൽ വീണ് മരിച്ചത്. കിണറിന് സംരക്ഷണഭിത്തി നിർമ്മിക്കാത്തതാണ് അത്യാഹിതത്തിന് കാരണമായതെന്ന് റഷീദ് ആനപ്പാറ സമർപ്പിച്ച പരാതിയിൽ പറയുന്നു.കിണറിന്റെ ഉടമയ്ക്കെതിരെ നടപടി വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
|
പൊതുവഴി സ്വകാര്യ ഹോട്ടലുടമ കെട്ടിയടച്ചത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 1568/2025 (Date : 25/02/2025)
ആലപ്പുഴ: രണ്ടു പതിറ്റാണ്ടായി ആറോളം കുടുംബങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന പൊതുവഴി സ്വകാര്യഹോട്ടലിന്റെ നവീകരണത്തിനായി ഹോട്ടലുടമ കെട്ടിയടച്ചുവെന്ന പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ആലപ്പുഴ ആർ.ഡി.ഒ. ക്കാണ് കമ്മീഷൻ അംഗം വി. ഗീത നിർദ്ദേശം നൽകിയത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
ചേർത്തല പതിനൊന്നാം മൈലിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ഉടമയാണ് വഴി കെട്ടിയടച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതു കാരണം ഗ്രീൻ ഗാർഡൻ ആശുപത്രി, മതിലകം എൽ. പി. സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാൻ നാട്ടുകാർക്ക് കഴിയുന്നില്ല. ആർ.ഡി.ഒ. ക്ക് പരാതി നൽകിയപ്പോൾ കെട്ടിയടച്ചത് പൊതുവഴിയാണെന്ന് കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. പരാതിക്കാരുടെ വീടുകളുടെ വടക്കുഭാഗത്ത് നൂറ് മീറ്റർ മാറിയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.
|
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് : പ്രസിദ്ധീകരണങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാൽ നടപടിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. HRMP No: 1412/2024 (Date ; 25/02/2025)
കണ്ണൂർ: ഒരിക്കൽ മാത്രം ഉപയോഗിക്കേണ്ട പ്ലാസ്റ്റിക് കവറുകളിൽ പ്രസിദ്ധീകരണങ്ങളും മറ്റും വിതരണം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ചെറുകിട വ്യാപാരികൾ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുമ്പോൾ പിടിച്ചെടുക്കുന്നവർ കവറുകളിൽ പൊതിഞ്ഞ് വിപണിയിലെത്തുന്ന പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും അവഗണിക്കുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ഒറ്റതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് അവഗണിക്കുകയോ ലംഘിക്കുകയോ ചെയ്താൽ നിയമനടപടി സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിശോധനയിൽ പക്ഷപാതം കാണിക്കുകയില്ലെന്നും റിപ്പോർട്ടിലുണ്ട്.
പ്രസിദ്ധീകരണങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിയുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് കമ്മീഷൻ നേരത്തെ ഉത്തരവ് പാസാക്കിയിട്ടുള്ള പശ്ചാത്തലത്തിൽ പുതിയ കേസ് തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
പെൻഷൻ പുനഃസ്ഥാപിക്കാൻ ആധാർ വിവരങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 258/2024 (Date : 25/02/2025)
കോട്ടയം: വൈക്കം മത്സ്യഗ്രാമത്തിലുള്ള മത്സ്യ തൊഴിലാളിക്ക് ക്ഷേമനിധിയിൽ നിന്നും ലഭിച്ചു കൊണ്ടിരുന്ന പെൻഷൻ പുനഃസ്ഥാപിക്കാനായി കൃത്യമായ ആധാർവിവരങ്ങൾ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
2013 ജനുവരി മുതൽ പെൻഷൻ മുടങ്ങിയെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് പെൻഷൻ പുനഃസ്ഥാപിക്കാമെന്ന് ഫിഷറീസ് ഓഫീസർ അറിയിച്ചത്.
വൈക്കം ഫിഷറീസ് ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2018 മാർച്ച് വരെ പരാതിക്കാരന് പെൻഷൻ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന്റെ വിവരങ്ങൾ സേവന സോഫ്റ്റ് വെയറിൽ അപ് ലോഡ് ചെയ്യുമ്പോൾ ആധാർ നമ്പറിൽ വ്യത്യാസം കണ്ടതിനെ തുടർന്നാണ് പെൻഷൻ സസ്പെന്റ് ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനായ വടക്കേമുറി സ്വദേശി രമണൻ കൃത്യമായ ആധാർ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് വിവരങ്ങൾ ലഭ്യമാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചത്.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : എടക്കാട് –നടാൽ റെയിൽവെ ഗേറ്റ് പ്രവർത്തന സജ്ജമെന്ന് റയിൽവേ. HRMP No: 1385/2024 (Date : 24/02/2025)
കണ്ണൂർ: എടക്കാട്-നടാൽ റെയിൽവേ ഗേറ്റ് പൂർണ്ണമായും പ്രവർത്തന സജ്ജമാണെന്ന് ദക്ഷിണ റെയിൽവേ സീനിയർ ഡിവിഷണൽ എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
റെയിൽവേ ഗേറ്റ് നിരന്തരം ലോക്കാവുന്നതിനെതിരെ സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ദക്ഷിണ റെയിൽവേ വിശദീകരണം സമർപ്പിച്ചത്.
ലെവൽ ക്രോസിങ്ങിൽ നൽകിയിരിക്കുന്ന യന്ത്രസാമഗ്രികൾ തികച്ചും പ്രവർത്തനസജ്ജമാണെന്നും ദേശീയപാതയിൽ നടക്കുന്ന റോഡ് നിർമ്മാണത്തെ തുടർന്നാണ് ഗതാഗത തടസമുണ്ടാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് സംയമനത്തോടെ പെരുമാറാൻ പരിശീലനം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 4934/2023 (Date : 24/02/2025)
തിരുവനന്തപുരം: പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ഉദ്യോഗസ്ഥർ സംയമനത്തോടെ പെരുമാറുന്നതിനും പൊതുജനത്തിന്റെ പെരുമാറ്റത്തിൽ പ്രകോപിതരാകാതിരിക്കാനും ആവശ്യമായ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകണമെന്ന് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവ് നൽകി.
പതിവിന് വിപരീതമായി കൂടുതലായി വന്ന തുകയെ കുറിച്ച് അന്വേഷിക്കാൻ 2023 ജൂലൈ 15ന് ജല അതോറിറ്റിയുടെ പോങ്ങുംമൂട് ഓഫീസിലെത്തിയയാളെ ഉദ്യോഗസ്ഥർ തെറി വിളിക്കുകയും അശ്ലീല പരിഹാസം നടത്തുകയും ചെയ്തെന്ന പരാതിയിലാണ് ഉത്തരവ്.
ഓഫീസ് സമയത്തിന് മുമ്പാണ് സംഭവം നടന്നതെന്നും ഉപഭോക്താവിനോട് ഉദ്യോഗസ്ഥർ സൗഹാർദ്ദത്തോടെയാണ് പെരുമാറിയതെന്നും ജല അതോറിറ്റി പോങ്ങുംമൂട് അസിസ്റ്റന്റ് എഞ്ചിനീയർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പരാതിക്കാരനായ ചെറുവയ്ക്കൽ സ്വദേശി എൻ. ഷാജു ആരോപണം ആവർത്തിച്ചതോടെ കമ്മീഷന്റെ അന്വേഷണ വിഭാഗം അന്വേഷണം നടത്തി. എന്നാൽ രാവിലെ 09.30 ന് നടന്ന സംഭവമായതിനാൽ തെളിവുകൾ കണ്ടെത്താനായില്ല.
ഉദ്യോഗസ്ഥർ പരാതികൾക്ക് ഇടവരുത്താതെ പെരുമാറണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. ആവശ്യമെങ്കിൽ പരാതി എഴുതി വാങ്ങി പരാതിക്ക് സത്വരപരിഹാരം കാണാൻ ഉദ്യോഗസ്ഥർ ശ്രമിക്കണം. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദ്ദേശം നൽകണമെന്നും അവ ഉദ്യോഗസ്ഥർ പാലിക്കുന്നുണ്ടെന്ന് ജല അതോറിറ്റി എം.ഡി. ഉറപ്പാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
|
മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് : അലവൻസുകൾ ഇതര ബാങ്കുകൾ വഴി ജീവനക്കാർക്ക് നൽകാൻ ആലോചനയെന്ന് കെ. എസ്. ആർ.റ്റി. സി. HRMP No: 3985/2023 (Date : 24/02/2025)
പാലക്കാട്: കെ.എസ്.ആർ.റ്റി.സി. ജീവനക്കാർക്ക് നൽകി വരുന്ന ഇൻസെന്റീവ്, ബാറ്റ ഉൾപ്പെടെയുള്ള അലവൻസുകൾ എസ്.ബി.ഐ. ഇതര ബാങ്കുകൾ വഴി ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നൽകുന്നതിനുള്ള ചർച്ച ബാങ്ക് അധികൃതരുമായി നടന്നുവരികയാണെന്ന് കെ.എസ്.ആർ.റ്റി.സി. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ജീവനക്കാരുടെ ആവശ്യം കണക്കിലെടുത്താണ് തുടർനടപടികൾ സ്വീകരിക്കുന്നതെന്നും കെ.എസ്.ആർ.റ്റി.സി. അറിയിച്ചു.
കെ.എസ്.ആർ.റ്റി.സി. യിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ജീവനക്കാരന് ഓഫീസിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും എസ്.ബി.ഐ. വായ്പാ തിരിച്ചടവിന്റെ ഭാഗമായി പിടിച്ചെടുക്കുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
എസ്.ബി.ഐ. വഴിയാണ് ശമ്പളവും അലവൻസുകളും ജീവനക്കാർക്ക് നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതു സംബന്ധിച്ച് കരാർ നിലവിലുണ്ട്. ശമ്പളം മറ്റ് ബാങ്കുകൾ വഴി നൽകിയാൽ കരാർ ലംഘനമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലങ്കോട് സ്വദേശി എസ്. സന്തോഷ് ബാബു സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് : ഹരിതകർമ്മ സേനയുടെ യൂസർഫീ ഇളവ് പരിമിതപ്പെടുത്തിയെന്ന് പഞ്ചായത്ത്. HRMP No: 8131/2024 (Date : 22/02/2025)
കോഴിക്കോട് : പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനായി ഹരിതകർമ്മസേന ഈടാക്കുന്ന യൂസർഫീ ഇളവ് അഗതി, ആശ്രയ, അതിദരിദ്ര കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അർഹതയുള്ള കുടുംബങ്ങളെ ഫീസിൽ നിന്നും ഒഴിവാക്കുമെന്നും തിരുവമ്പാടി പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ബി.പി.എൽ. കുടുംബങ്ങളിൽ നിന്നും സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി തിരുവമ്പാടി പഞ്ചായത്ത് യൂസർഫീ പിരിക്കുകയാണെന്ന് ആരോപിച്ച് ലഭിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് പഞ്ചായത്ത് വിശദീകരണം നൽകിയത്.
2020 ഓഗസ്റ്റ് 12 ലെ സർക്കാർ ഉത്തരവ് 2023 ഡിസംബർ 13 ന് തദ്ദേശസ്വയംഭരണ വകുപ്പ് ഭേദഗതി ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അർഹരായ കുടുംബങ്ങൾക്ക് ഇളവ് നൽകുമെന്നും പഞ്ചായത്ത് അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി. എ. കെ. മുഹമ്മദ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി : മണമ്പൂർ പഞ്ചായത്തിലെ അഗതി രഹിത കേരളം പദ്ധതി മുടങ്ങില്ല. HRMP No: 5328/2024 (Date : 22/02/2025)
തിരുവനന്തപുരം (വർക്കല) : മണമ്പൂർ ഗ്രാമപഞ്ചായത്തിൽ അഗതിരഹിത കേരളം പദ്ധതിയിൽ നിന്നും സഹായം ലഭിച്ചു വരുന്ന 96 കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ സൗജന്യമായി ലഭിക്കുന്ന പദ്ധതി ഫണ്ടില്ലാത്തതിന്റെ പേരിൽ മുടങ്ങിയെന്ന പരാതിക്ക് പരിഹാരമാകുന്നു.
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും കമ്മീഷൻ സിറ്റിംഗിൽ വിളിച്ചു വരുത്തി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരാതി പരിഹരിക്കാൻ വഴിയൊരുങ്ങിയത്.
അഗതിരഹിത കേരളം പദ്ധതിയിൽ രണ്ടു ഗഡു തുക മണമ്പൂർ ഗ്രാപഞ്ചായത്തിന് നൽകിയെങ്കിലും ഒന്നാം ഗഡുവിന്റെ ഉപയോഗ സർട്ടിഫിക്കറ്റ് (യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്) മാത്രമാണ് കുടുംബശ്രീക്ക് നൽകിയിട്ടുള്ളതെന്ന് കുടുംബശ്രീ കമ്മീഷനെ അറിയിച്ചു. രണ്ടാം ഗഡുവിന്റെ ഉപയോഗ സർട്ടിഫിക്കറ്റും മൂന്നാം ഗഡുവിനുള്ള അപേക്ഷയും ലഭിച്ചാൽ ഉടനെ മൂന്നാം ഗഡു അനുവദിക്കാമെന്ന് കുടുംബശ്രീ കമ്മീഷനെ അറിയിച്ചു. ഇവ രണ്ടും അടിയന്തരമായി കുടുംബശ്രീക്ക് കൈമാറാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പഞ്ചായത്തിന് നിർദ്ദേശം നൽകി. സർട്ടിഫിക്കറ്റും അപേക്ഷയും ലഭിച്ചാലുടൻ കുടുംബശ്രീ തുക അനുവദിക്കണമെന്നും തുക ലഭിച്ചാലുടൻ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
കുടുംബശ്രീ ഡയറക്ടറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ടുകൾ വാങ്ങിയ ശേഷമാണ് ഇരുവർക്കും ഹാജരാകാൻ നോട്ടീസ് നൽകിയത്.
കുടുംബശ്രീ മിഷന്റെ ചലഞ്ച് ഫണ്ട് പ്രകാരം അഗതിരഹിത കേരളം പദ്ധതിയിൽ കുടുംബങ്ങൾക്ക് 36 മാസത്തേക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നതിന് ഫണ്ട് നകിയിട്ടുള്ളതാണെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. 60 വയസിന് മുകളിലുള്ള , ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത വയോജനങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം പാകം ചെയ്തു നൽകുന്ന പാഥേയം പദ്ധതിയിൽ 37 ഗുണഭോക്താക്കൾക്ക് ഭക്ഷണം നൽകുന്നുണ്ടെന്ന് പഞ്ചായത്ത് അറിയിച്ചു.
അപേക്ഷ നൽകാൻ പഞ്ചായത്തിന് നിർദ്ദേശം നൽകിയാൽ ഫണ്ട് അനുവദിക്കാമെന്ന് കുടുംബശ്രീയും കമ്മീഷനെ അറിയിച്ചു.
വളരെയധികം അവശത അനുഭവിക്കുന്ന മൂന്നു കുടുംബങ്ങൾക്ക് അഗതിരഹിതകേരളം പദ്ധതിയിൽ നിന്നും അടിയന്തര സഹായം നൽകണമെന്ന് പരാതിക്കാരായ മണമ്പൂർ നിർമ്മൽ നിവാസിൽ മാവിള വിജയൻ അഭ്യർത്ഥിച്ചു. ഇവർക്ക് സഹായമെത്തിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ഉത്തരവ് നടപ്പാക്കിയ ശേഷം കുടുംബശ്രീ മിഷൻ ഡയറക്ടറും മണമ്പൂർ പഞ്ചായത്ത് സെക്രട്ടറിയും നടപടി റിപ്പോർട്ട് സമർപ്പിക്കണം.
|
പാറക്കളത്ത് പട്ടികജാതിക്കാർക്ക് വസ്തു വാങ്ങിയ ഇടപാടിൽ അഴിമതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 4197/2023 (Date : 22/02/2025)
പാലക്കാട് : പിരായിരി വില്ലേജിൽ പാറക്കുളത്ത് 2013-14 സാമ്പത്തികവർഷം പട്ടികജാതി വിഭാഗക്കാർക്ക് വഴിയില്ലാത്ത ചതുപ്പ് നിലം വീട് നിർമ്മിക്കുന്നതിനായി വാങ്ങി നൽകിയ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടോ എന്നന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
വിശദമായ പരിശോധനക്ക് ശേഷം അന്വേഷണ റിപ്പോർട്ട് പാലക്കാട് നഗരസഭാ കൗൺസിലിന് സമർപ്പിക്കണമെന്നും പരാതിക്കാരായ ഗുണഭോക്താക്കൾക്ക് പ്രസ്തുത സ്ഥലത്ത് വീട് നിർമ്മിക്കാൻ തടസമുണ്ടെങ്കിൽ അവ പരിഹരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളും നഗരസഭാ കൗൺസിലിന്റെ തീരുമാനവും നഗരസഭാ സെക്രട്ടറി മൂന്നു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതി ക്രമപ്രകാരമല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പാലക്കാട് നഗരസഭാ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ 45 പേർക്ക് 2 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചിട്ടുള്ളതായി പറയുന്നു. എന്നാൽ വസ്തു, രേഖകളിൽ നിലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും വസ്തുവിലേക്ക് വഴിയില്ലെന്നും ഭവനനിർമ്മാണത്തിന് തടസ്സമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വസ്തുവിൽ പ്രവേശിക്കാൻ വഴിയില്ലെന്ന് പറയുന്നത് വാസ്തവവിരുദ്ധമാണെന്നും സ്ഥലം നിലമല്ലെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസർ കമ്മീഷനെ അറിയിച്ചു.
എന്നാൽ വസ്തുവിലേക്ക് പ്രവേശിക്കാനുള്ള വഴി നിർമ്മിച്ചത് തങ്ങൾക്ക് ലഭ്യമായ വസ്തുവിൽ നിന്നാണെന്ന് പരാതിക്കാർ കമ്മീഷനെ അറിയിച്ചു. നൂറണി സ്വദേശി എൻ. രാമൻകുട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കെട്ടിട നമ്പർ അനുവദിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No: 5465/2024 (Date : 21/02/2025)
കൊല്ലം : പഴയ വീടുകൾ പൊളിച്ച് അതേ സ്ഥലത്ത് പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ 2004 ൽ നിർമ്മിച്ച പുതിയ വീടിന് പുതിയ കെട്ടിട നമ്പർ അനുവദിക്കുന്ന കാര്യത്തിൽ മേൽ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പനയം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി. ഗീത നിർദ്ദേശം നൽകിയത്. പൊളിച്ച കെട്ടിടത്തിന്റെ നമ്പർ പുതിയ വീടിന് പുനഃസ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന പനയം പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് കമ്മീഷൻ സ്വീകരിച്ചു.
പനയം ചിറ്റയം സ്വദേശി കെ. ഗോപാലകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. മുതിർന്ന പൗരനായ പരാതിക്കാരന്റെ പിതാവ് 70 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച വീടാണ് കാലപഴക്കം കാരണം പൊളിച്ചുകളഞ്ഞ്. എന്നാൽ പുതിയ വീടിന് കെട്ടിട നമ്പർ അനുവദിക്കാൻ അപേക്ഷ നൽകിയതുമില്ല.
പനയം പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പനയം പഞ്ചായത്തിൽ ഉൾപ്പെട്ട സ്ഥലങ്ങൾ പെരിനാട് പഞ്ചായത്തിൽ ഉണ്ടായിരുന്ന സമയത്താണ് പഴയ വീട് പൊളിച്ചു നീക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. വീട് പൊളിച്ച വിവരം പഞ്ചായത്തിനെ അറിയിച്ചിരുന്നില്ല. പുതിയ കെട്ടിടത്തിന് പുതിയ അപേക്ഷ വാങ്ങി കെട്ടിട നമ്പർ അനുവദിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പരാതിക്കാരൻ പനയം പഞ്ചായത്ത് സെക്രട്ടറിയെ സമീപിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
|
ഇരുതുള്ളി പുഴയുടെ തീരത്ത് പരിസ്ഥിതി മലിനീകരണം : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. (Date : 21/02/2025)
കോഴിക്കോട്: കട്ടിപ്പാറ ഇരുതുള്ളിപുഴയുടെ തീരത്ത് നിയമവിരുദ്ധമായി 2019 മുതൽ പ്രവർത്തിക്കുന്ന കോഴിഅറവ് മാലിന്യ സംസ്കരണ പ്ലാന്റ് സൃഷ്ടിക്കുന്ന പരിസ്ഥിതി, പുഴ മലിനീകരണം കാരണം കോടഞ്ചേരി, ഓമശേരി, താമരശ്ശേരി പഞ്ചായത്തുകളിലെ ആയിരത്തോളം കുടുംബങ്ങൾ ദുരിതം അനുഭവിക്കുകയാണെന്ന പരാതിയിൽ അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കോഴിക്കോട് ജില്ലാ കളക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചക്കകം ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മാർച്ച് 26 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വീടിനകത്തു പോലും ദുർഗന്ധം അനുഭവപ്പെടുകയാണെന്ന് പരാതിയിൽ പറയുന്നു. ഇരുതുള്ളിപുഴയുടെ വിവിധ കേന്ദ്രങ്ങളിൽ നിരവധി ജലനിധി കിണറുകൾ ഉണ്ട്. വിവിധ സ്ഥലങ്ങളിൽ ജലം വിതരണം ചെയ്യുന്നത് ജലനിധി കിണറുകളിൽ നിന്നാണ്. കോഴിക്കോട് ജില്ലയിലെ മുഴുവൻ കോഴി അറവ് മാലിന്യങ്ങളും കട്ടിപ്പാറയിലെ ഏക പ്ലാന്റിലെത്തിച്ചാണ് സംസ്കരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. അളവിലധികം മാലിന്യം അശാസ്ത്രീയമായി സംസ്കരിക്കുന്നത് കാരണം ആയിരക്കണക്കിന് ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഇരുതുള്ളിപുഴ സംരക്ഷണ ജനകീയ സമിതിക്ക് വേണ്ടി കൺവീനർ പുഷ്പൻ നന്ദൻ സും ചെയർമാൻ ബാബുവും സമർപ്പിച്ച പരാതിയിലാണ് നടപടി.
|
പിക്കപ്പ് ഓട്ടോ ഇടിച്ച് ഗുരുതര പരിക്ക് : ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 5641/2024 (Date : 21/02/2025)
തിരുവനന്തപുരം (നെടുമങ്ങാട്) : ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ആളെ 2023 സെപ്റ്റംബർ 11 ന് രാത്രി പിക്കപ്പ് ഓട്ടോറിക്ഷ ഇടിച്ചിട്ട ശേഷം നിർത്താതെ പോയെന്ന പരാതി ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ജില്ലാ ക്രൈം ബ്രാഞ്ചിലെ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസന്വേഷണം നടത്തണമെന്നാണ് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകിയത്. വെമ്പായം ചീരാണിക്കര സ്വദേശി മുഹമ്മദ് റഹ്മത്തുള്ളയുടെ പരാതിയിലാണ് നടപടി.
നെടുമങ്ങാട് ഡി.വൈ.എസ്.പി. യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിലാണ് പിക്കപ്പ് ഓട്ടോ ഇടിച്ചത്. പരാതിക്കാരന്റെ അസ്ഥിക്ക് പൊട്ടലും മുറിവുകളും സംഭവിച്ചു. പരാതിയിൽ നെടുമങ്ങാട് പോലീസ് ക്രൈം 2099/2023 നമ്പരായി കേസെടുത്തിരുന്നു. സി.സി.റ്റി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഓട്ടോയുടെ വിവരങ്ങൾ ലഭിച്ചില്ല.
ഓട്ടോ കണ്ടെത്താത്തതു കാരണം കോടതിയിൽ സാവകാശം ചോദിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് സമഗ്രമായ അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടത്.
|
നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 20/02/2025)
കോഴിക്കോട്: അഞ്ചു വർഷമായി നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത അധ്യാപികയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. മാർച്ച് 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി. സ്കൂൾ അധ്യാപിക അലീന (30 ) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി
|
മരുന്നുക്ഷാമത്തെ തുടർന്ന് വൃക്കരോഗികൾ തെരുവിലിറങ്ങിയ സാഹചര്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 20/02/2025)
കോഴിക്കോട്: ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ലഭ്യമാക്കാത്തത് കാരണം കളക്ടറേറ്റിന് മുന്നിൽ പ്രതീകാത്മക സമരം നടത്തേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഒരാഴ്ചക്കകം ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. മാർച്ചിൽ കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ആയുഷ്മാൻ ഭാരത് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണമെന്നാണ് ആവശ്യം. ഡയാലിസിസിന് ആവശ്യമായ ഫ്ലൂയ്ഡ് ലഭ്യമാക്കണമെന്നും രോഗികൾ ആവശ്യപ്പെട്ടു. മാസത്തിൽ 25,000 രൂപ ഡയാലിസിസ് ചെലവുണ്ട്. 80 ശതമാനം വൃക്കരോഗികളും പാവപ്പെട്ടവരായതിനാൽ ജീവിക്കാൻ മറ്റ് മാർഗമില്ല. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
പരിയാരം മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സാ വിഭാഗം പൂട്ടിയത് അന്വേഷിക്കണം : മനുഷ്യാവകാശ കമ്മീഷൻ. (Date : 20/02/2025)
കണ്ണൂർ: പരിയാരം ഗവ.മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സാവിഭാഗം ഡോക്ടർമാരില്ലാത്തതിനാൽ പൂട്ടിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പരിയാരം ഗവ.മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
കാൻസർ ചികിത്സക്ക് ആവശ്യമുള്ള റേഡിയോ തെറാപ്പി യന്ത്രവും പരിയാരം മെഡിക്കൽ കോളേജിൽ ലഭ്യമല്ല. പുതിയത് വാങ്ങാനുള്ള നിർദ്ദേശം ഫയലിൽ വിശ്രമിക്കുകയാണെന്നാണ് പരാതി. സർക്കാരിന്റെ വിവിധ ചികിത്സാ സൗജന്യപദ്ധതികൾ ലഭ്യമായ പരിയാരത്ത് കാൻസർ ചികിത്സ ലഭ്യമല്ലാത്തതു കാരണം സാധാരണക്കാരായ രോഗികൾ ബുദ്ധിമുട്ടുകയാണെന്നും പരാതിയുണ്ട്. മാർച്ചിൽ കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
കല്ലറ ചെറുവാളം റൂട്ടിൽ സർവ്വീസ് നടത്താൻ സ്വകാര്യബസുകൾ വിസമ്മതിക്കുന്നത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1521/2025 (Date : 20/02/2025)
തിരുവനന്തപുരം : കല്ലറയിൽ നിന്നും ചെറുവാളത്തേക്ക് സർവ്വീസ് നടത്താൻ പെർമിറ്റ് നൽകിയിരിക്കുന്ന സ്വകാര്യബസുകൾ ചെറുവാളത്തേക്ക് സർവ്വീസ് നടത്തുന്നില്ലെന്ന പരാതി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
കല്ലറയിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള ചെറുവാളത്ത് എത്താൻ അതിരാവിലെയും രാത്രിയിലും ബസ് സർവ്വീസ് ഇല്ലെന്നാണ് ആക്ഷേപം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുന്നവർക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കല്ലറയിലെത്താൻ ഒരു മാർഗവുമില്ലെന്ന് പരാതിയിൽ പറയുന്നു. രാവിലെ 6 നും 6.35 നും സർവ്വീസ് നടത്തേണ്ട സ്വകാര്യ ബസുകൾ ചെറുവാളത്ത് എത്താറില്ലെന്നും പരാതിയുണ്ട്. കല്ലറയിൽ നിന്നും രാത്രി 7.25, 7.50, 8.45 സമയങ്ങളിൽ ചെറുവാളത്തേക്ക് സർവ്വീസ് നടത്തേണ്ട സ്വകാര്യബസുകളും സർവ്വീസ് നടത്താറില്ല. പെർമിറ്റിലുള്ള ചെറുവാളം എന്ന ബോർഡ് പ്രദർശിപ്പിക്കാൻ പോലും സ്വകാര്യ ബസുകൾ തയ്യാറല്ലെന്ന് പ്രദേശവാസിയായ എസ്. സഹീദ് സമർപ്പിച്ച പരാതിയിൽ പറയുന്നു. മാർച്ച് 15ന് മുമ്പ് ട്രാൻസ്പോർട്ട് കമ്മീഷണർ റിപ്പോർട്ട് സമർപ്പിക്കണം.
|
ആര്യങ്കാവ് ക്ഷേത്രത്തിലെ ശുചിമുറി മാലിന്യം സ്വകാര്യവസ്തുവിലേക്കെന്ന ആക്ഷേപം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1342/2025 (Date : 20/02/2025)
കൊല്ലം : ആര്യങ്കാവ് ശ്രീധർമ്മശാസ്താ
ക്ഷേത്ര ഭൂമിയിൽ തീർത്ഥാടകർക്ക് ഉപയോഗിക്കുന്നതിനായി നിർമ്മിച്ചിരിക്കുന്ന ശുചിമുറികളിലെ മാലിന്യം സ്വകാര്യവസ്തുവിൽ ഒഴുകിയെത്തുകയാണെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർക്കാണ് കമ്മീഷൻ അംഗം വി. ഗീത നിർദ്ദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം.
ശബരിമല തീർത്ഥാടനകാലത്താണ് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതെന്ന് ആര്യങ്കാവ് സ്വദേശി ചാണ്ടി പരാതിയിൽ പറയുന്നു. ശബരിമല തീർത്ഥാടനകാലത്ത്
ലക്ഷകണക്കിനാളുകൾ ഉപയോഗിക്കുന്ന ശുചിമുറികളിലെ മാലിന്യം ഒഴുകിയെത്തുന്നതു കാരണം കൃഷിക്ക് നഷ്ടം സംഭവിച്ചതായും പരാതിക്കാരൻ അറിയിച്ചു. സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിലെ അപാകത കാരണമാണ് ഇത്തരം ഒരു ദുരവസ്ഥ ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.
|
2023 വരെ കരം ഒടുക്കിയെങ്കിൽ തുടർന്നും കരം വാങ്ങണം : മനുഷ്യാവകാശ കമ്മീഷൻ. (Date : 19/02/2025)
തിരുവനന്തപുരം : 1998 ൽ വിലകൊടുത്ത് വാങ്ങിയ വസ്തുവിന്റെ ഭൂനികുതി 2023 വരെ ഒടുക്കിയ സാഹചര്യത്തിൽ തുടർന്നും സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നെടുമങ്ങാട് തഹസിൽദാർക്ക് ഉത്തരവ് നൽകി.
കേരള ലാന്റ് ടാക്സ് നിയമം സെക്ഷൻ 3 (3) ഡി പ്രകാരം ഭൂനികുതി സ്വീകരിക്കണമെന്ന് സമാന കേസുകളിൽ ഹൈക്കോടതി വിധികളുണ്ടെന്ന് ഉത്തരവിൽ പറയുന്നു. പ്രഥമദ്യഷ്ട്യാ റവന്യുവകുപ്പിന്റെ നിലപാട് ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്.1938 ൽ ഉണ്ടായ ഭൂമി ഏറ്റെടുക്കൽ രേഖകൾ പരാതികക്ഷി ഹാജരാക്കണമെന്ന് പറയുന്നത് അന്യായമാണ്. ഭൂമിയിൽ കുറവുണ്ടെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത റവന്യു അധികൃതർക്കാണ്. പട്ടയം സംബന്ധിച്ച് തർക്കം ഉണ്ടെങ്കിൽ അത് തീരുമാനിക്കേണ്ടത് സിവിൽ കോടതിയിലാണ്. റവന്യുവകുപ്പിന് അതിന് അധികാരമില്ലെന്ന് ഹൈക്കോടതി വിധികളുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിയെ കുറിച്ച് നെടുമങ്ങാട് തഹസിൽദാർ നാലാഴ്ചക്കകം റിപ്പോർട്ട് നൽകണം. മാർച്ചിൽ കേസ് പരിഗണിക്കുമ്പോൾ തഹസിൽദാർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
വാമനപുരം വില്ലേജിലുള്ള 3 ¾ സെന്റ് വസ്തുവിന്റെ കരം ഒടുക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ചുള്ള പരാതിയിലാണ് ഉത്തരവ്.
റീസർവേയിൽ പരാതിക്കാരന്റെ സ്ഥലം പൊന്നുംവിലയ്ക്ക് സർക്കാർ എടുത്തതായി കണ്ടെത്തിയെന്നും മുൻ ആധാര കക്ഷിയിൽ നിന്നും പൊന്നുംവിലയ്ക്ക് സ്ഥലം ഏറെടുത്തിട്ടില്ലെന്ന രേഖ ഹാജരാക്കണമെന്നുമാണ് നെടുമങ്ങാട് തഹസിൽദാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. വാമനപുരം സ്വദേശി വി ജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ഓടാനവട്ടം സ്കൂളിൽ ശുചിമുറി സൗകര്യമില്ലെന്ന പരാതി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1195/2025 (Date : 19/02/2025)
കൊല്ലം : കൊട്ടാരക്കര വെളിയം ഓടാനവട്ടം കെ.ആർ.ജി.പി.എം. ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ ആവശ്യാനുസരണം ശുചിമുറി സൗകര്യമില്ലെന്ന പരാതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ അംഗം വി. ഗീത കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ് നിർദ്ദേശം നൽകിയത്.
യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 1500 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത്. ശുചിമുറികൾ സംബന്ധിച്ച് സർക്കാർ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ സ്കൂളിൽ ലഭ്യമല്ലെന്ന് പരാതിയിൽ പറയുന്നു. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശുചിമുറികൾ തുറന്നു നൽകിയിട്ടുമില്ല. ഹൈസ്ക്കൂളിലെയും യു.പി.യിലെയും വിദ്യാർത്ഥികൾക്ക് ശുചിമുറി ഉപയോഗിക്കണമെങ്കിൽ റോഡ് മുറിച്ചു കടക്കേണ്ട ദുരവസ്ഥയാണുള്ളത്. മൂത്രപുരകൾ പൊതു ശൗചാലയങ്ങളേക്കാൾ വൃത്തിഹീനമാണെന്ന് പരാതിയിൽ പറയുന്നു. മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് കാരണം കുട്ടികൾ വെള്ളം കുടിക്കാറില്ലെന്നും ഇത് യൂറിനറി ഇൻഫെക്ഷന് കാരണമാകാറുണ്ടെന്നും പരാതിയിൽ പറയുന്നു. എസ്. സൗമ്യ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്.
|
ആഫ്രിക്കൻ ഒച്ച് ബാധിത പ്രദേശങ്ങളിൽ കീടരോഗബാധ നിയന്ത്രണ പദ്ധതി നടപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5082/2024 (Date : 19/02/2025)
കണ്ണൂർ : ജില്ലയിലെ ആഫ്രിക്കൻ ഒച്ച് ബാധിത പ്രദേശങ്ങളിൽ കീടരോഗബാധ നിയന്ത്രണ പദ്ധതി നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആഫ്രിക്കൻ ഒച്ച് നിയന്ത്രണവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കേണ്ടതും ഏകോപിപ്പിക്കേണ്ടതും തദ്ദേശസ്വയംഭരണ വകുപ്പാണെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഇതിനുള്ള നിർദ്ദേശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്നും അവ തദ്ദേശ സ്ഥാപനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ തദ്ദേശസ്വയംഭരണ വകപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
മയ്യിൽ പഞ്ചായത്തിലെ കയരളം വില്ലേജിലും പരിസരങ്ങളിലും ആഫ്രിക്കൻ ഒച്ച് വ്യാപനമുണ്ടായ സാഹചര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. മനോജ് കുമാർ കെ. വി. സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ജില്ലാ കളക്ടർ, ഡി. എം. ഒ., കൃഷി, തദ്ദേശസ്വയംഭരണ വകുപ്പുകളിൽ നിന്നും കമ്മീഷൻ റിപ്പോർട്ടുകൾ വാങ്ങി.
2022 മേയ് 28 ലെ സർക്കാർ ഉത്തരവ് പ്രകാരം പെട്ടെന്നുണ്ടാവുന്ന കീടരോഗങ്ങളുടെ തീവ്രവ്യാപന നിയന്ത്രണത്തിനായി പഞ്ചായത്തുകൾക്ക് പദ്ധതികൾ ഏറ്റെടുത്ത് പാടശേഖരസമിതികളോ കർഷക സമിതികളോ മുഖേന നടപ്പിലാക്കാമെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ആഫ്രിക്കൻ ഒച്ചിന്റെ നിയന്ത്രണത്തിനായി നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് വിവിധ സർക്കാർ ഏജൻസികൾ കമ്മീഷനെ അറിയിച്ചു.
|
ഓടാനവട്ടം സ്കൂളിൽ ശുചിമുറി സൗകര്യമില്ലെന്ന പരാതി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1195/2025 (Date : 19/02/2025)
കൊല്ലം : കൊട്ടാരക്കര വെളിയം ഓടാനവട്ടം കെ.ആർ.ജി.പി.എം. ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ ആവശ്യാനുസരണം ശുചിമുറി സൗകര്യമില്ലെന്ന പരാതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ അംഗം വി. ഗീത കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ് നിർദ്ദേശം നൽകിയത്.
യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 1500 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത്. ശുചിമുറികൾ സംബന്ധിച്ച് സർക്കാർ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ സ്കൂളിൽ ലഭ്യമല്ലെന്ന് പരാതിയിൽ പറയുന്നു. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശുചിമുറികൾ തുറന്നു നൽകിയിട്ടുമില്ല. ഹൈസ്ക്കൂളിലെയും യു.പി.യിലെയും വിദ്യാർത്ഥികൾക്ക് ശുചിമുറി ഉപയോഗിക്കണമെങ്കിൽ റോഡ് മുറിച്ചു കടക്കേണ്ട ദുരവസ്ഥയാണുള്ളത്. മൂത്രപുരകൾ പൊതു ശൗചാലയങ്ങളേക്കാൾ വൃത്തിഹീനമാണെന്ന് പരാതിയിൽ പറയുന്നു. മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് കാരണം കുട്ടികൾ വെള്ളം കുടിക്കാറില്ലെന്നും ഇത് യൂറിനറി ഇൻഫെക്ഷന് കാരണമാകാറുണ്ടെന്നും പരാതിയിൽ പറയുന്നു. എസ്. സൗമ്യ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്.
|
സർക്കാർ അനുവദിച്ച വീട്ടിൽ താമസിക്കുന്ന വയോധികയുടെ വീട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങ് മുറിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8167/2024 (Date : 18/02/2025)
കൊല്ലം : നാലുസെന്റ് സ്ഥലത്ത് സർക്കാർ അനുവദിച്ച വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലേക്ക് അപടകരമായി ചരിഞ്ഞു നിൽക്കുന്ന തെങ്ങ് ഒരു മാസത്തിനകം നിയമാനുസൃതമായി മുറിച്ചു മാറ്റിയ ശേഷം രേഖാമൂലം വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തേവലക്കര പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി. ഗീത നിർദ്ദേശം നൽകിയത്. ആവർത്തിച്ച് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നാരോപിച്ച് പടിഞ്ഞാറ്റക്കര സ്വദേശിനി എം. എസ്. ലതിക സമർപ്പിച്ച പരാതിയിലാണ് നടപടി.
തേവലക്കര പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ നവംബർ 25 ന് കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ തെങ്ങ് അപകടകരമായ വിധത്തിൽ പരാതിക്കാരിയുടെ വീടിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുകയാണെന്നും ഇത് മുറിച്ചുമാറ്റാൻ നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരി 6ന് കൊല്ലത്ത് നടന്ന സിറ്റിംഗിൽ ഹാജരായ പരാതിക്കാരി പരാതിക്ക് പരിഹാരമായില്ലെന്നറിയിച്ചു. പരാതി ബോധ്യപ്പെട്ടിട്ടും തെങ്ങ് മുറിച്ചു മാറ്റിയില്ലെന്നത് വസ്തുതതയാണെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു.
|
ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കാൻ മാനദണ്ഡം വേണം : മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. (Date : 17/02/2025)
തൃശ്ശൂർ : ചിറ്റാട്ടുകരയിലും കൂറ്റനാടും ഉത്സവത്തിനെത്തിയ ആനകൾ ഇടഞ്ഞതു കാരണം അപകടമുണ്ടായ പശ്ചാത്തലത്തിൽ ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡമുണ്ടാകണമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ ഭരണകൂടത്തിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
തൃശ്ശൂർ ജില്ലാ കളക്ടർക്കാണ് കമ്മീഷൻ അംഗം വി. ഗീത നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
സമ്മർദ്ദമുണ്ടെങ്കിലും നിസ്സഹായരായ യാത്രക്കാരോട് മാനുഷിക പരിഗണന കാണിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5042/2022 (Date : 17/02/2025)
കോഴിക്കോട് : ജോലിയുടെ സമ്മർദ്ദത്തിനും പരിമിതികൾക്കുമിടയിലും നിസ്സഹായരായ യാത്രക്കാരുടെ അവസ്ഥ മനസ്സിലാക്കി മാനുഷികപരിഗണന അർഹിക്കുന്ന കേസുകളിൽ അവരെ സഹായിക്കാനുള്ള സന്നദ്ധത റെയിൽവേ ജീവനക്കാർ കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് വടകര റെയിൽവേ സ്റ്റേഷനിലുണ്ടായത് പോലുള്ള തിക്താനുഭവം മറ്റൊരു യാത്രക്കാർക്കും ഭാവിയിൽ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് വടകര സ്റ്റേഷൻ മാസ്റ്റർക്ക് നിർദ്ദേശം നൽകി. ഉത്തരവിന്റെ പകർപ്പ് റെയിൽവേ ഡിവിഷണൽ മാനേജർക്കും (പാലക്കാട്) അയച്ചു.
2022 ജൂൺ 9ന് വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ്സിൽ യാത്ര ചെയ്ത പി. ടി. വേലായുധൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തീവണ്ടിയിൽ കയറാൻ പ്രയാസമുള്ള മകളെ സുരക്ഷിതയായി വണ്ടിയിൽ കയറ്റാൻ അധികസമയം സ്റ്റേഷൻ മാസ്റ്ററോട് അഭ്യർത്ഥിച്ചെന്നും എന്നാൽ മകളെ കയറ്റി വരുമ്പോഴേക്കും ട്രെയിൻ വേഗത്തിലായെന്നുമുള്ള പരാതിയിലാണ് നടപടി. മകളെയും കൊണ്ട് ചികിത്സക്ക് എറണാകുളത്തേക്ക് പോവുകയായിരുന്നു കുടുംബം.
ട്രെയിൻ അധികസമയം നിർത്തണമെന്ന് തീരുമാനിക്കാൻ സ്റ്റേഷൻ മാസ്റ്റർക്ക് അധികാരമില്ലെന്ന് റെയിൽവേ ഡി.ആർ.എം. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തുടർന്ന് വടകര സ്റ്റേഷൻ മാസ്റ്ററായി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനിൽ നിന്നും കമ്മീഷൻ വിശദീകരണം വാങ്ങി. പെൺകുട്ടിയുടെ പിതാവിന്റെ അഭ്യർത്ഥന മാനിച്ച് ട്രെയിൻ 2 മിനിറ്റ് നിർത്തിയെന്നും തന്റെ ഭാഗത്തു നിന്നും അപാകതയുണ്ടായിട്ടില്ലെന്നും സ്റ്റേഷൻ മാസ്റ്റർ കമ്മീഷനെ അറിയിച്ചു. പരാതിക്കാരൻ അനുഭവിച്ച മനോവേദന ഉൾക്കൊള്ളുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
അടൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് സത്യസന്ധമായി പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No: 7989/2023 (Date : 17/02/2025)
പത്തനംതിട്ട : അടൂർ പോലീസ് രജിസ്റ്റർ ചെയ്ത 1482/23 നമ്പർ കേസ് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. സത്യസന്ധവും നീതിയുക്തവുമായി പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ക്രൈം കേസ് പ്രഥമദൃഷ്ട്യാ അസംഭവ്യമാണെന്ന് തോന്നുന്നതിനാൽ തുടരന്വേഷണത്തിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. എഫ്.ഐ.ആറിലെ ആരോപണങ്ങളിൽ ആക്ഷേപമുണ്ടെങ്കിൽ പരാതിക്കാരന് ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ കൊണ്ടുവരാം. തുടരന്വേഷണത്തിന്റെ ഉദ്ദേശ്യം കേസിലെ സത്യവും അസത്യവും കണ്ടെത്തുക എന്നതായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
നെടുമങ്ങാട് സ്വദേശി എ.എസ്.സിദ്ദീഖ് സമർപ്പിച്ച പരാതിയിലാണ് നടപടി. രണ്ടു സ്ത്രീകൾ ചേർന്ന് 3,50,000 രൂപ ചതിച്ചു തട്ടിയെടുത്തുവെന്നാണ് പരാതി. തുടർന്ന് പരാതിക്കാരനായ സിദ്ദീഖിനെതിരെ അടൂർ പോലീസ് ക്രൈം നമ്പർ 1482/23 രജിസ്റ്റർ ചെയ്തതായി പരാതിയിൽ പറയുന്നു. പരാതിക്കാരൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിലാണ് അന്വേഷണം അടൂർ എസ്.എച്ച്.ഒ.യിൽ നിന്നും നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ക്ക് കൈമാറിയതെന്നും പരാതിക്കാരൻ അറിയിച്ചു.
|
മകന്റെ മരണാനന്തര സർവ്വീസ് ആനുകൂല്യങ്ങളുടെ വിശദാംശങ്ങൾ അമ്മയ്ക്ക് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1095/2024 (Date : 15/02/2025)
കൊല്ലം : സർക്കാർ സർവ്വീസിൽ ജീവനക്കാരനായിരിക്കെ മരിച്ചയാളുടെ അമ്മയ്ക്ക് നൽകിയ മകന്റെ സർവ്വീസ് ആനുകൂല്യങ്ങളുടെ വിശദാംശങ്ങൾ രേഖാമൂലം അമ്മയ്ക്ക് ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതുമരാമത്ത് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജോയിന്റ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി. ഗീത നിർദ്ദേശം നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ ക്ലാർക്കായിരിക്കെയാണ് ജിമ്മി ജോഷ് മരിച്ചത്. മരണാനന്തര ആനുകൂല്യങ്ങൾ ലഭിച്ചില്ലെന്ന് ആരോപിച്ച് ജീവനക്കാരന്റെ അമ്മ കൊല്ലം കുമ്പളം സ്വദേശിനി ശാന്തകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി.
ജീവനക്കാരന്റെ മരണാനന്തര ആനുകൂല്യങ്ങൾ അമ്മയ്ക്കും ഭാര്യയ്ക്കും മരിച്ചയാളുടെ മകനുമായി നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് (നിരത്ത്) വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. പരാതിക്കാരിക്ക് 3 തവണകളായി ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി. എന്നാൽ എത്ര തുക ഏത് ഇനത്തിൽ ലഭിച്ചു എന്നത് വ്യക്തമല്ല. പരാതിക്കാരിയുടെ പ്രായവും കേസിന്റെ സ്വഭാവവും അനുസരിച്ച് സംശയനിവാരണം ആവശ്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മരണാനന്തരം ആനുകൂല്യമായി ലഭിച്ച തുക ഇനം തിരിച്ച് അമ്മയ്ക്ക് ലഭ്യമാക്കണമെന്നാണ് ഉത്തരവ്.
|
മാനസിക അസ്വസ്ഥതയുള്ള പെൺകുട്ടിക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാൻ ജില്ലാ കളക്ടർ പിന്തുണ നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 904/2025 (Date : 15/02/2025)
കോഴിക്കോട് : അയൽക്കാരും ബന്ധുക്കളുമായി യാതൊരു ഇടപെടലും നടത്താത്ത കുടുംബത്തിലുള്ള മാനസിക അസ്വസ്ഥതകളുള്ള പെൺകുട്ടിക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്നതിന് ജില്ലാ വനിതാ-ശിശു വികസന ഓഫീസർക്ക് പോലീസ് സംരക്ഷണം ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
കോഴിക്കോട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. നല്ലളം അരീക്കാട് സ്വദേശിയായ പെൺകുട്ടിക്ക് ചികിത്സ ഉറപ്പാക്കാനാണ് നിർദ്ദേശം.
നല്ലളം സ്വദേശിനിയായ പെൺകുട്ടിക്ക് അമ്മയും അഭിഭാഷകയായ സഹോദരിയുമുണ്ട്. പെൺകുട്ടിക്ക് ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ അയൽവാസിയും ബന്ധുവുമായ വ്യക്തി സമർപ്പിച്ച പരാതിയിലാണ് നടപടി.
സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് ഹാജരാക്കാൻ കമ്മീഷൻ വനിതാ ശിശു വികസന ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ വനിതാശിശുവികസന ഓഫീസർ കണ്ടത് ദാരുണമായ കാഴ്ചകളാണ്.
5 സെന്റിലുള്ള വീടിന്റെ പരിസരം വൃത്തിയാക്കിയിട്ട് കാലങ്ങളായെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരോട് സംസാരിക്കാൻ അമ്മ വിമുഖത കാണിച്ചു. അഭിഭാഷകയായ മകൾ വീട്ടിലില്ലെന്നും അവരോട് സംസാരിക്കാനുമാണ് അമ്മ നിർദ്ദേശിച്ചത്. അസുഖമുള്ള പെൺകുട്ടിയെ കാണാൻ അമ്മ അനുവദിച്ചില്ല. എന്നാൽ ജനാലയിലൂടെ പെൺകുട്ടിയെ കണ്ട ഉദ്യോഗസ്ഥർ, കുട്ടി കുളിച്ചിട്ട് കാലങ്ങളായെന്ന് മനസിലാക്കി.
അയൽവാസികളും പരാതി ശരിവച്ചു. സാമ്പത്തികഭദ്രതയുള്ള വീട്ടുകാർ പെൺകുട്ടിക്ക് ചികിത്സ നൽകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവർക്ക് സമൂഹവുമായി യാതൊരു ബന്ധവുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കുടുംബത്തെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പെൺകുട്ടിയുടെ സംരക്ഷണവും ചികിത്സയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ജില്ലാ ഭരണകൂടം നൽകണമെന്ന് കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. വനിതാ ശിശു വികസന ഓഫീസർക്ക് നടപടികളുമായി മുന്നോട്ടു പോകാമെന്നും ഉത്തരവിൽ പറയുന്നു. സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം
|
മാനസിക വെല്ലുവിളി നേരിടുന്നയാളുടെ രക്ഷകർത്താവ് നിയമനം : ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6555/2024 (Date : 15/02/2025)
എറണാകുളം : മാനസിക വെല്ലുവിളി നേരിടുന്ന അവിവാഹിതയായ ഭിന്നശേഷിക്കാരിക്ക് കുടുംബപെൻഷൻ ലഭിക്കുന്നതിന് അവരുടെ സഹോദരന്റെ ഭാര്യയെ രക്ഷകർത്താവായി നിയമിച്ച് കൊണ്ട് സബ് കളക്ടർ നൽകിയ സമയപരിധി നീട്ടിനൽകണമെന്ന അപേക്ഷയിൽ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഫോർട്ട് കൊച്ചി സബ് കളക്ടർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. കൊച്ചി ഇളമക്കര സ്വദേശിനി ശോഭാ മോഹൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിക്കാരിയുടെ ഭർത്താവിന്റെ സഹോദരിയാണ് 55% മാനസിക വെല്ലുവിളി നേരിടുന്നത്. നാഷണൽ ട്രസ്റ്റ് നിയമപ്രകാരം ശാരീരിക മാനസിക ബൗദ്ധിക പരിമിതിയുള്ള ഭിന്നശേഷിക്കാർക്ക് നിയമസാധുതയുള്ള തീരുമാനം സ്വന്തമായി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ബന്ധപ്പെട്ട സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പരിമിത രക്ഷാകർതൃത്വം അനുവദിക്കുന്നത്. 2022 നവംബർ 19 മുതൽ ഒരു വർഷത്തേക്ക് പരാതിക്കാരിയെ രക്ഷകർത്താവായി നിയോഗിച്ച് ഉത്തരവ് നൽകിയിട്ടുണ്ട്. എന്നാൽ നിശ്ചയിച്ച സമയത്തിനുള്ളിൽ നടപടിക്രമം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൂടുതൽ സമയം വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. അധികസമയം അനുവദിക്കുന്നതിന് സബ് കളക്ടർക്ക് നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്.
|
വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതിന് കാരണം സ്വകാര്യ സ്ഥലങ്ങളിലെ വനങ്ങൾ : കാടുകൾ അടിയന്തരമായി നീക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 133/2024 (Date : 13/2/2025)
കണ്ണൂർ: വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നതിന് കാരണം, സംരക്ഷിത വനപ്രദേശങ്ങളുടെ പുറത്ത് സ്വകാര്യസ്ഥലങ്ങളിൽ രൂപപ്പെടുന്ന സ്വാഭാവിക വനത്തിന് സമാനമായ കാടുകളാണെന്ന് കണ്ണൂർ ഡി.എഫ്.ഒ. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ച സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് ഇത്തരം കാടുകൾ നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.
ഇതു സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കർശന നിർദ്ദേശം നൽകണമെന്നും കമ്മീഷൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
2023 മേയ് 12ന് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഡിഎ1/165/2023 നമ്പർ സർക്കുലർ കർശനമായി പാലിക്കാനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ജനവാസമേഖലയിൽ കടുവ, പുള്ളിപ്പുലി തുടങ്ങിയ വന്യമൃഗങ്ങൾ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
സോളാർ ഫെൻസിംഗ് പോലുള്ള പ്രതിരോധ മാർഗ്ഗങ്ങളിലൂടെ പുലി പോലുള്ള മൃഗങ്ങളെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കമ്മീഷനെ അറിയിച്ചു.
പുള്ളിപ്പുലി അന്തർവനത്തിൽ അധിവസിക്കുന്ന വന്യമൃഗമല്ലെന്നും സ്വകാര്യസ്ഥലങ്ങളിൽ രൂപപ്പെടുന്ന സ്വാഭാവിക വനത്തിന് സമാനമായ കാടുകൾ ഇത്തരം ജീവികൾക്ക് താവളമാകാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജനസാന്ദ്രത കൂടുതലുള്ള മുംബൈ നഗരത്തിന്റെ ഉള്ളിലും 30-ലേറെ പുള്ളിപ്പുലികൾക്ക് ജീവിക്കാൻ കഴിയുന്നത് ഇതിനുള്ള ഉദാഹരണമാണ്. ജനവാസമേഖലയിലെ സ്വകാര്യ സ്ഥലങ്ങളിലുള്ള കാടുകൾ നീക്കം ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. ഇത്തരത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള കാടുമൂടിയ സ്ഥലങ്ങൾ വൃത്തിയാക്കി കൃഷിക്കും വ്യവസായത്തിനും ഫലപ്രദമായി ഉപയോഗിക്കാമെങ്കിൽ പുലി പോലുള്ള വന്യമൃഗങ്ങളെ പൂർണമായി അകറ്റാൻ കഴിയുമെന്നും ഡി.എം.ഒ. അറിയിച്ചു. പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം തടയാമെങ്കിൽ പന്നി പോലുള്ള ജീവികളെ നിയന്ത്രിക്കാനാവും. കണ്ണൂർ ജില്ലയിലെ കനകമല ഇത്തരത്തിൽ കാടുകയറി വന്യജീവികൾക്ക് താവളമായി മാറിയ സ്ഥലമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ബസ് ജീവനക്കാർ യാത്രക്കാരോട് മോശമായി പെരുമാറിയാൽ കർശന നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3305/2024 (Date : 13/02/2025)
പാലക്കാട്: പൊതുജനങ്ങളുടെ സൗകര്യത്തിന് വേണ്ടിയാണ് ബസുകൾക്ക് പെർമിറ്റ് നൽകുന്നതെന്നും ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നും യാത്രക്കാർക്ക് മോശപ്പെട്ട അനുഭവങ്ങളുണ്ടായാൽ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
പാലക്കാട് പി.എം.ജി. സ്കൂളിന് മുന്നിൽ കഴിഞ്ഞവർഷം മേയ് 12 ന് യാത്രക്കാരനായ മലമ്പുഴ സ്വദേശി കണ്ണന് സ്വകാര്യ ബസ് ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
പാലക്കാട് ആർ.റ്റി.ഒ.യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സംഭവത്തിൽ സുനിൽകുമാർ എന്നയാളുടെ ഡ്രൈവിംഗ് ലൈസൻസ് 2024 ജൂലൈ 3 മുതൽ 16 വരെ റദ്ദാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. തെറ്റ് ആവർത്തിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നും യാത്രക്കാരെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റമുണ്ടാകാൻ പാടില്ലെന്ന് കമ്മീഷൻ കർശന നിർദ്ദേശം നൽകി. ബസ് ഉടമസ്ഥരുടെയോ ജീവനക്കാരുടെയോ സൗകര്യത്തിന് വേണ്ടിയല്ല പെർമിറ്റ് നൽകുന്നത്. പാലക്കാട് ആർ.റ്റി.ഒ. ഇക്കാര്യം ഗൗരവത്തോടെ നിരീക്ഷണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു.
|
30 വർഷങ്ങൾക്ക് മുമ്പ് വിരമിച്ച അധ്യാപകന്റെ പെൻഷൻ ആനുകൂല്യത്തിൽ 2 മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 4497/2024 (Date : 13/2/2025)
കൊല്ലം : 1994 ൽ സർവ്വീസിൽ നിന്നും വിരമിക്കുകയും 1999 ൽ മരിക്കുകയും ചെയ്ത അധ്യാപകന്റെ പെൻഷൻ ആനുകൂല്യങ്ങളും കുടുംബ പെൻഷനും അനുവദിക്കണമെന്ന ഭാര്യയുടെ അപേക്ഷയിൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പെരിനാട് ചെമ്മക്കാട് സ്വദേശിനി സൂസൻ തോമസ് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭർത്താവ് എം. തോമസ് നെയ്യാറ്റിൻകര പെരുമ്പക്കോണം എൽ.എം.എസ്. സ്കൂളിൽ അധ്യാപകമായി ജോലി ചെയ്തിരുന്നു. എന്നാൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിച്ചില്ല.
കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. അധ്യാപകന് 5 വർഷവും 36 മാസവും മാത്രമാണ് സേവനകാലാവധിയുള്ളതെന്നും 27 വർഷങ്ങൾക്ക് ശേഷമാണ് പെൻഷനും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഭാര്യ സർക്കാരിന് അപേക്ഷ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അപേക്ഷ ഇത്തരം ഹർജികൾ പരിഗണിക്കുന്ന സമിതിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
|
ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് പരമാവധി ശുശ്രൂഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 7781/2023 (Date : 12/02/2025)
പാലക്കാട്: ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് പരമാവധി ശുശ്രൂഷയും പരിചരണവും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കേശവൻ (67) എന്ന രോഗി 2023 ഒക്ടോബർ 30ന് ചികിത്സ കിട്ടാതെ മരിച്ചുവെന്ന പരാതിയിലാണ് ഉത്തരവ്.
ജില്ലാ ആശുപത്രി സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കൂട്ടിരിപ്പുകാരില്ലാതെ ആശുപത്രിയിലെത്തിയ രോഗി ചികിത്സ സ്വീകരിക്കാൻ തയ്യാറായില്ലെന്നും ഭക്ഷണം മാത്രം മതിയെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വയറുവേദനയാണെന്ന് പറഞ്ഞ രോഗിക്ക് മരുന്നും ഭക്ഷണവും വസ്ത്രങ്ങളും നൽകി. പരിശോധനകൾക്ക് നിർദ്ദേശിച്ചപ്പോൾ രക്തം നൽകാനോ ലാബ് പരിശോധനകൾക്ക് വിധേയനാകാനോ തയ്യാറായില്ല. എങ്കിലും ചികിത്സ തുടർന്നു. ഒക്ടോബർ 28, 29 ദിവസങ്ങളിൽ രോഗിയുടെ നില മെച്ചപ്പെട്ടു. എന്നാൽ ഒക്ടോബർ 30ന് രോഗം വഷളാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. രോഗിയെ ആശുപത്രിയിലെത്തിച്ചവരോ പരാതി നൽകിയവരോ രോഗിയെ ശ്രദ്ധിക്കാനോ പരിചരിക്കാനോ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ വർഷങ്ങൾക്ക് മുമ്പ് അനാഥാരായവരെ ചികിത്സിക്കാൻ ജില്ലാ ആശുപത്രിയിൽ വാർഡും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നുവെന്നും ഇത് പൊളിച്ചുമാറ്റിയശേഷം ഇത്തരം സൗകര്യങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ലെന്നും പരാതിക്കാരനായ റഹീം ഒലവക്കോട് കമ്മീഷനെ അറിയിച്ചു. പരാതിവിഷയത്തിൽ ആശുപത്രി അധികൃതർ സ്വീകരിച്ച നടപടിയിൽ അപാകതകളില്ലെന്നും ഉത്തരവിൽ പറഞ്ഞു.
|
വന്യജീവി ആക്രമണം പ്രതിരോധിക്കാനുള്ള നടപടികൾ അറിയിച്ചില്ല : വനം മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം. HRMP No. 9630/2024 (Date : 12/02/2024)
എറണാകുളം: ജനവാസ മേഖലയിൽ വന്യജീവികൾ നടത്തുന്ന അതിക്രമങ്ങൾ തടയുന്നതിനായി വനം വകുപ്പ് സ്വീകരിക്കുന്ന പ്രതിരോധ നടപടികളെ കുറിച്ച് ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാത്ത വനംവകുപ്പ് മേധാവിക്ക് (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്) മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷവിമർശനം.
ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സിനു പകരം മൂന്നാർ ഡി.എഫ്.ഒ. നേരിട്ട് ഹാജരായി സമർപ്പിച്ച റിപ്പോർട്ടിൽ കമ്മീഷൻ ആവശ്യപ്പെട്ട വ്യക്തമായ വിശദീകരണങ്ങൾ ലഭ്യമല്ലെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ഉത്തരവ് അനുസരിക്കാൻ ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സിന് ബാധ്യതയുണ്ട്. ഇത്തരം നടപടികൾ ഗൗരവമായി എടുക്കും. 10 ദിവസത്തിനകം കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് ഒപ്പിട്ട് സമർപ്പിക്കണം. ഇല്ലെങ്കിൽ മേൽനടപടിയിലേക്ക് പ്രവേശിക്കുമെന്നും ഉത്തരവിൽ പറയുന്നു.
മൂന്നാർ ഡി. എഫ്.ഒ. ഹാജരാക്കിയ റിപ്പോർട്ടിൽ എറണാകുളം ജില്ലയിലുണ്ടായ വന്യജീവി ആക്രമണത്തിന്റെ വ്യക്തമായ കണക്കില്ലെന്നും ഉത്തരവിൽ പറയുന്നു.
വിഷയത്തിൽ എറണാകുളം ജില്ലാ കളക്ടർ ഒരു അഡീഷണൽ റിപ്പോർട്ട് കൂടി മൂന്നാഴ്ചക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സിനു വേണ്ടി ഡി.എഫ്.ഒ. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനും ജില്ലാ കളക്ടർക്ക് വേണ്ടി സീനിയർ ഉദ്യോഗസ്ഥനും മാർച്ച് 25ന് രാവിലെ 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കോടിയാട്ട് എൽദോസ് വർഗീസ് മരിച്ച സാഹചര്യത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
അറുപതടി ഉയരത്തിലുള്ള പുളിമരം നിയമപ്രശ്നമില്ലെങ്കിൽ മുറിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1556/2023 (Date : 11/02/2025)
കണ്ണൂർ: വീടിന് സമീപം അറുപതടി ഉയരത്തിൽ നിൽക്കുന്ന പുളിമരം പ്രദേശവാസിക്ക് ഭീഷണിയായ സാഹചര്യത്തിൽ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേയോ മറ്റ് നിയമപ്രശ്നങ്ങളോ ഇല്ലെങ്കിൽ മരം സർക്കാർതലത്തിൽ മുറിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പാനൂർ നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടികൾ പഞ്ചായത്ത് സെക്രട്ടറി ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പാനൂർ കരിയാട് സൗത്ത് സ്വദേശിനി ഷെമീന സമർപ്പിച്ച പരാതിയിലാണ് നടപടി. പാനൂർ നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ കുടുംബത്തിന് പുളിമരം ഭീഷണിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പുളിമരത്തിന്റെ ഉടമ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്റ്റേ ഇല്ലെന്ന് പരാതിക്കാരി വാദിച്ചു. ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
ജാതിഭ്രഷ്ട് :അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. (Date : 11/02/2025)
കോഴിക്കോട്: സമുദായ ക്ഷേത്രം ഭാരവാഹികൾ ജാതി ഭ്രഷ്ട് കാണിക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് ടൗൺ പോലീസ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 28ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം മാളികകണ്ടിപറമ്പിലുള്ള കാഞ്ചി കാമാക്ഷി ക്ഷേത്ര ഭാരവാഹികൾക്കെതിരെയാണ് പരാതി. 2021 ഡിസംബറിൽ നടന്ന നിർവ്വാഹകസമിതി യോഗത്തിൽ നിന്നും തന്നെ പുറത്താക്കിയെന്ന് കരുവിശ്ശേരി കുണ്ടുപറമ്പ് സ്വദേശി കപ്പൂർ ഗോവിന്ദരാജ് സമർപ്പിച്ച പരാതിയിൽ പറയുന്നു. തന്നെയും കുടംബത്തെയും സമുദായകാര്യങ്ങളിൽ നിന്നും ക്ഷേത്ര കമ്മിറ്റി ഒഴിവാക്കുന്നതായും പരാതിയിൽ പറയുന്നു.
|
കിഴക്കേകോട്ടയിലെ ശുചിമുറി കെ.എസ്.ആർ.റ്റി.സി. പൂട്ടിയ നടപടി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1291/2025 (Date : 11/02/2025)
തിരുവനന്തപുരം: കിഴക്കേകോട്ടയിലെ കെ.എസ്.ആർ.റ്റി.സി. ബസ് സ്റ്റാന്റ് പരിസരത്തുള്ള ശുചിമുറി പൂട്ടിയത് സംബന്ധിച്ച് കോർപ്പറേഷൻ സി.എം.ഡി. വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അടിയന്തരമായി ഇക്കാര്യം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
വയോധികരും സ്ത്രീകളും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ നെട്ടോട്ടമോടുമ്പോൾ ബസ് സ്റ്റാന്റിനുള്ളിലുള്ള കെ.എസ്.ആർ.റ്റി.സി. ഓഫീസിലെ ജീവനക്കാർക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാണെന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ വിവിധ അധികാരകേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും പരാതിക്കാരൻ അറിയിച്ചു.
വിഴിഞ്ഞം കെ.എസ്.ആർ.റ്റി.സി. സ്റ്റാന്റിലെ ശുചിമുറിയും സമാനമായ രീതിയിൽ ഉദ്യോഗസ്ഥർ പൂട്ടിയിട്ടിരിക്കുന്നതായി പരാതിയിൽ പറയുന്നു. എം.എസ്. രവി അനുസ്മരണ അസോസിയേഷൻ ജനറൽ സെക്രട്ടറി വിഴിഞ്ഞം വിജയൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ആദ്യഘട്ട ടാറിംഗ് കഴിഞ്ഞ ശേഷം കുത്തിപ്പൊളിച്ച വഞ്ചിയൂർ-ആൽത്തറ റോഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 07/02/2025)
തിരുവനന്തപുരം: ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കിയ വഞ്ചിയൂർ-ആൽത്തറ റോഡിലെ കുത്തിപ്പൊളിച്ച സ്ഥലം പൊതുമരാമത്ത് (റോഡ്സ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ടാറിംഗ് പൂർത്തിയാക്കിയ വഞ്ചിയൂർ-ആൽത്തറ റോഡ് എന്തിനാണ് കുത്തിപ്പൊളിച്ചത്, പണി പൂർത്തിയാക്കാനുണ്ടായ കാലതാമസത്തിന്റെ കാരണം, പണി പൂർത്തിയാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കേണ്ടി വരും, റോഡ് പണി പൂർത്തിയാക്കാൻ എത്ര നാൾ വേണ്ടി വരും തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി സമഗ്രമായ ഒരു റിപ്പോർട്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ മൂന്നാഴ്ചക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വഞ്ചിയൂർ-ആൽത്തറ റോഡ് കുത്തിപ്പൊളിച്ചതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പ്രദേശത്തെ പോസ്റ്റുകളിൽ നിന്നും നീക്കം ചെയ്ത കേബിളുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുകയാണെന്ന ആക്ഷേപം പരിശോധിച്ച് അപകടം ഒഴിവാക്കാൻ കഴിയുന്ന രീതിയിൽ കേബിളുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
റോഡുകൾ അനാവശ്യമായി ആവർത്തിച്ചു കുത്തിപ്പൊളിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് പരാതിയുള്ളതിനാൽ റോഡ് പണി എത്രയും വേഗം പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മാർച്ച് 10ന് രാവിലെ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന സീനിയർ ഉദ്യോഗസ്ഥനോ നേരിട്ട് ഹാജരായി വസ്തുതകൾ ബോധ്യപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : എൻ.ഐ.റ്റി.യിൽ മോറൽ പോലീസിംഗ ആരോപണം തെറ്റെന്ന് പോലീസ്. HRMP No: 1125/2023 (Date : 07/02/2025)
കോഴിക്കോട്: കോഴിക്കോട് എൻ.ഐ.റ്റി. യിലെ വിദ്യാർത്ഥികൾക്കിടയിൽ സ്ഥാപന മേധാവികൾ മോറൽ പോലീസിംഗ് നടപ്പിലാക്കുകയാണെന്ന ആരോപണം തെറ്റാണെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കോഴിക്കോട് എൻ.ഐ.റ്റി.യിൽ വിദ്യാർത്ഥികൾ പെരുമാറേണ്ട രീതിയെക്കുറിച്ച് അധികൃതർ സർക്കുലർ ഇറക്കിയത് നിയമവിരുദ്ധമാണെന്ന പരാതിയിലാണ് നടപടി.
മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥാപനത്തിൽ അക്കാദമിക് അന്തരീക്ഷം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സർക്കുലർ ഇറക്കിയതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമെതിരായ ലൈംഗികചൂഷണം ഉൾപ്പെടെ തടയുകയാണ് ഉദ്ദേശ്യം. വിദ്യാർത്ഥികൾ പൊതുസ്ഥലത്തും സമീപത്തെ ക്ഷേത്രപരിസരങ്ങളിലും പോകാറുണ്ടെന്നും പൊതുജനങ്ങൾക്ക് വിദ്യാർത്ഥികളുടെ പെരുമാറ്റം ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാൻ സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം പരാതികൾ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
വയനാട്ടിലെ ഗോത്രവിഭാഗത്തിലുള്ള യുവാക്കളുടെ ആത്മഹത്യ: കാരണങ്ങൾ അന്വേഷിക്കണമെന്ന്. (Date : 06/02/2025)
കൽപ്പറ്റ: വയനാട്ടിൽ ഗോത്രവിഭാഗത്തിലുള്ള യുവാക്കളുടെ ആത്മഹത്യാനിരക്ക് വർധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വയനാട് ജില്ലാ കളക്ടറും പട്ടികവർഗ വികസന ഓഫീസറും ഇക്കാര്യം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
10 വർഷത്തിനിടെ വൈത്തിരി താലൂക്കിൽ ആത്മഹത്യ ചെയ്തത് 200 ഓളം യുവാക്കളാണെന്നാണ് മനസിലാക്കുന്നത്. സുൽത്താൻ ബത്തേരിയിലെയും മാനന്തവാടിയിലെയും കണക്കുകൾ പുറത്തു വിടുന്നില്ലെന്നും ആക്ഷേപമുണ്ട്.
2011ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 1.45% മാത്രമാണ് ഗോത്രവിഭാഗക്കാർ. വയനാട്, ഇടുക്കി ജില്ലകളിലാണ് ഗോത്രവർഗ്ഗക്കാർ കൂടുതൽ. പട്ടികവർഗ്ഗവിഭാഗത്തിലുള്ളവരുടെ വികസനത്തിന് വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്യേണ്ട ഉദ്യോഗസ്ഥർ ഇക്കാര്യം ഗൗരവത്തിലെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ആത്മഹത്യ ചെയ്തവരിൽ 90% വും യുവാക്കളാണ്. 40 വയസിന് താഴെ 73 പുരുഷൻമാരും 21 സ്ത്രീകളും ആത്രമഹത്യ ചെയ്തു.
5 ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള 4762 ഊരുകളിൽ നിന്നും ആത്മഹത്യ ചെയ്തവരുടെ എണ്ണം ശേഖരിക്കാൻ പോലും പട്ടികവർഗ്ഗ വികസന വകുപ്പിന് കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ദൃശ്യമാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മാർച്ചിൽ സുൽത്താൻ ബത്തേരി ടൗൺഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
വിവാഹപാർട്ടിക്ക് നേരെ പോലീസാക്രമണം: എസ്.പി. അന്വേഷിക്കണമെന്ന് റേഞ്ച് ഐ.ജി. യോട് മനുഷ്യാവകാശ കമ്മീഷൻ. (Date : 06/02/2025)
തിരുവനന്തപുരം: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്ത്രീകൾ അടക്കമുള്ള സംഘത്തിനു നേരെ രാത്രിയിലുണ്ടായ പോലീസാക്രമണത്തെക്കുറിച്ച് പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന എസ്.പി. റാങ്കിലുള്ള സീനിയർ ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. ക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അന്വേഷണം സത്യസന്ധവും സുതാര്യവുമായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അന്വേഷണ റിപ്പോർട്ട് നിയമപരമായി വിലയിരുത്തിയ ശേഷം ആരോപണത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ച് റേഞ്ച് ഐ.ജി. ഒരു മാസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. എസ്. പി.യുടെ അന്വേഷണറിപ്പോർട്ടും ഒപ്പം സമർപ്പിക്കണം.
ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ പേര്, പെൻ നമ്പർ, നിലവിലെ മേൽവിലാസം എന്നിവ ഐ.ജി.യുടെ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
മാർച്ച് 14ന് രാവിലെ പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ ഐ.ജി. നിയോഗിക്കുന്ന സീനിയർ ഉദ്യോഗസ്ഥർ സിറ്റിംഗിൽ പങ്കെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
റിസോർട്ടിന് മുന്നിൽ അനധികൃത ബാരിക്കേഡ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 05/02/2025)
വയനാട്: വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാത 766ൽ സ്വകാര്യ റിസോർട്ടിന് മുന്നിൽ അനധികൃതമായി ബാരിക്കേഡ് സ്ഥാപിച്ചെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. ബാരിക്കേഡ് സ്ഥാപിച്ച നടപടി പരിശോധിച്ച് ഗതാഗത തടസം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. വാട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
പമ്പ് സ്ഥാപിക്കുന്നതിലെ നിയമലംഘനം പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 05/02/2025)
കോഴിക്കോട്: ചേളന്നൂർ കാക്കൂർ പോലീസ് സ്റ്റേഷന് സമീപം സ്ഥാപിക്കുന്ന പെട്രോൾ പമ്പ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതായുള്ള പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
കാക്കൂർ സ്വദേശി മനോജ് കുമാറിന്റെ പരാതിയിലാണ് നടപടി. പമ്പിനുള്ള അപേക്ഷ ഇപ്പോൾ കോഴിക്കോട് എ.ഡി.എമ്മിന്റെ പരിഗണനയിലാണെന്ന് പരാതിയിൽ പറയുന്നു. പമ്പ് സ്ഥാപിക്കുന്ന പറമ്പിൽ നിന്നും വെറും 5 മീറ്റർ അകലത്തിലാണ് തന്റെ കിണറുള്ളതെന്നും കിണറിൽ നിന്നും പമ്പിന് 30 മീറ്റർ അകലമുണ്ടാകണമെന്നാണ് നിയമമെന്നും പരാതിയിൽ പറയുന്നു. ഫെബ്രുവരി 28ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എറണാകുളം കാക്കനാട് നയാരാ എനർജി ലിമിറ്റഡ് ഡിവിഷണൽ മാനേജരും റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : ശുദ്ധ ജലത്തിൽ മലിനജലം കലരുന്ന സാഹചര്യം ഒഴിവായി. HRMP No. 4702/2023 (Date : 05/02/2025)
എറണാകുളം: വടക്കൻ പറവൂർ സബ് ഡിവിഷന് കീഴിലുള്ള ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിലേക്ക് ശുദ്ധജലം പമ്പ് ചെയ്യുന്ന പൈപ്പിലെ ചോർച്ച പരിഹരിച്ച് മലിനജലം കലരുന്ന സാഹചര്യം പൂർണ്ണമായും ഒഴിവായതായി ജല അതോറിറ്റി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വടക്കൻ പറവൂർ ജല അതോറിറ്റി ഓഫീസിന് സമീപം മലിനജലം ഒഴുകുന്ന കനാലിലൂടെ കടന്നുപോകുന്ന ശുദ്ധജല പൈപ്പിലെ ചോർച്ച കാരണം ജനങ്ങൾ മലിനജലം കുടിക്കേണ്ടി വന്നതായി ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
പൈപ്പിൽ ചോർച്ചയുണ്ടായപ്പോൾ മർദ്ദം കൂടുതലായതിനാൽ കൂടുതൽ അളവിൽ വെള്ളം പുറത്തേക്ക് ചീറ്റിയെന്നും എയർവാൽവ് സ്ഥാപിച്ച് മലിനജലം അകത്തേക്ക് കടക്കുന്ന സാഹചര്യം ഇല്ലാതാക്കിയെന്നും ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. റസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിലിന് വേണ്ടി പ്രസിഡന്റ് ജോസ് പോൾ വിതയത്തിൽ സമർപ്പിച്ച പരായിലാണ് നടപടി.
|
വേനക്കാവിലെ ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. (Date : 03/02/2025)
കോഴിക്കോട്: പട്ടയവും ആധാരവും ഇല്ലാത്തതു കാരണം നികുതി അടയ്ക്കാൻ കഴിയാതെ കുടിൽ കെട്ടി താമസിക്കുന്ന താമര ശേരി വേനക്കാവ് മിച്ചഭൂമി നിവാസികളുടെ ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
കോഴിക്കോട് ജില്ലാ കളക്ടർ പരാതി പരിശോധിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
2003-ലാണ് സ്വകാര്യ എസ്റ്റേറ്റിൽ നിന്നും സർക്കാർ പിടിച്ചെടുത്ത മിച്ചഭൂമി 224 കുടുംബങ്ങൾക്ക് വീതിച്ചു നൽകിയത്. ഓരോ കുടുംബത്തിനും 5 സെന്റ് വീതമാണ് അനുവദിച്ചത്. ഭൂമി കിട്ടിയ ചിലർ മറിച്ചുവിറ്റു. മറിച്ചുവിറ്റ ഭൂമി വിലകൊടുത്ത് വാങ്ങിയവരാണ് ദുരിതത്തിലായത്. പതിച്ചു നൽകിയ ഭൂമി കൈമാറാൻ സർക്കാർ അനുവദിക്കാത്തതു കാരണം വില നൽകി വാങ്ങിയവരുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല. ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്തൃ പട്ടികയിൽ പേരുള്ളവർക്ക് പോലും വീട് നിർമ്മിക്കാനുള്ള തുക അനുവദിക്കാൻ ഇതുകാരണം കഴിയുന്നില്ല. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കുടിലുകളിലാണ് ഇവർ താമസിക്കുന്നത്. മിച്ചഭൂമിയിൽ താമസിക്കുന്ന 60 കുടുംബങ്ങളിൽ 10 പേർക്ക് മാത്രമാണ് ഭൂമി പതിച്ചുകിട്ടിയ രേഖയുള്ളത്. ഭൂമി സ്വന്തം പേരിൽ പതിച്ചുകിട്ടാത്ത 7 കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും തുക ലഭിക്കാത്ത സാഹചര്യമാണുള്ളത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
കുടിശികയുടെ പേരിൽ സൗജന്യ കണക്ഷൻ വിച്ഛേദിച്ചു: കാഴ്ച പരിമിതരുടെ ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. (Date : 03/02/2025)
പത്തനംതിട്ട: സൗജന്യ കണക്ഷൻ നൽകിയ ശേഷം കുടിശിക വരുത്തിയെന്ന് ആരോപിച്ച് കാഴ്ചപരിമിതർ അടങ്ങുന്ന പട്ടിക ജാതി വിഭാഗത്തിലുള്ള ബി.പി എൽ കുടുംബത്തിന്റെ കുടിവെള്ളം നിഷേധിച്ചെന്ന പരാതിയിൽ ജല അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസിൽ മാർച്ച് 14 ന് രാവിലെ 10 ന് നടക്കുന്ന സിറ്റിംഗിൽ ജല അതോറിറ്റിയിലെ സീനിയർ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്നാണ് ഉത്തരവ്. ജല അതോറിറ്റി തിരുവല്ല എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് ഉത്തരവ് നൽകിയത്. പെരിങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോ അല്ലെങ്കിൽ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥനോ സിറ്റിംഗിൽ ഹാജരാകേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി പരാതി പരിശോധിച്ച് കുടിവെള്ള കണക്ഷൻ പുന:സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കുടിവെള്ളം പുന: സ്ഥാപിക്കാൻ നടപടി സ്വീകരിച്ച ശേഷം 3 ആഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജല അതോറിറ്റി ( തിരുവല്ല) എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.
തിരുവല്ല പെരിങ്ങര വലിയ പറമ്പിൽ ഓമനക്കുട്ടനും കുടുംബവുമാണ് ദുരിതം അനുഭവിക്കുന്നത്. 2015 ൽ ഇവർക്ക് നൽകിയ സൗജന്യ കണക്ഷൻ ഒരു വർഷം മുമ്പാണ് വിച്ഛേദിച്ചത്. ശുദ്ധജലം തേടി ഇവർ അയൽ വീടുകളിലും ആഴ്ചയിൽ 2 ദിവസംമാത്രം വെള്ളം കിട്ടുന്ന വഴിയരികിലെ ടാപ്പിനെയും ആശ്രയിച്ച് വരികയാണ്. 4200 രൂപ കുടിശികയുണ്ടെന്നാണ് ജല അതോറിറ്റി 2020 ൽ അറിയിച്ചത് . രണ്ടു മാസം മുമ്പ് കുടിശിക 8000 ആയെന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം പറയുന്നു.കുടുംബത്തിൽ ഓമനക്കുട്ടന്റെ ഭാര്യക്ക് മാത്രമാണ് കാഴ്ച ശക്തിയുള്ളത്.ഇവർ വീട്ടുജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡിന് നഷ്ടപരിഹാരം എന്നു മുതൽ നൽകാനാവുമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 2424/2024 & 4668/2024 (Date : 01/02/2025)
തിരുവനന്തപുരം: വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡ് (എൻ.എച്ച്. 866) പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം എന്നു മുതൽ വിതരണം ചെയ്യാൻ കഴിയും എന്നത് സംബന്ധിച്ച് ആറാഴ്ചക്കുള്ളിൽ വ്യക്തമായ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഏപ്രിലിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ പൊതുമരാമത്ത് വകുപ്പിൽ നിന്നും ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥൻ ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുക്കൽ നടപടികൾ അനന്തമായി നീളുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഈ കേസിൽ നിരവധി ഉത്തരവുകൾ കമ്മീഷൻ പാസാക്കിയിട്ടുണ്ട്. ഭൂമി എറ്റെടുക്കലിന് ആവശ്യമായ ഫണ്ട് ലഭ്യത സംബന്ധിച്ച് ഇനിയും വ്യക്തത കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
റോഡിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനായി 11 വില്ലേജുകളിൽ സെക്ഷൻ 3 ഡി വിജ്ഞാപനവും ഹിയറിംഗും 2023 ഏപ്രിൽ, മെയ് മാസങ്ങളിൽ പൂർത്തിയാക്കിയെങ്കിലും ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം അനുവദിച്ചിട്ടില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തിരുവനന്തപുരം ജില്ലാ കളക്ടർ കഴിഞ്ഞ വർഷം സെപ്റ്റംബർ 28-ന് കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ, നഷ്ടപരിഹാരം എന്നുമുതൽ വിതരണം ചെയ്യാൻ കഴിയുമെന്ന കാര്യം പരാമർശിച്ചിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകാത്തതു കാരണമാണ് കേന്ദ്രവിഹിതം അനുവദിക്കാത്തതെന്നും ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ഭൂവുടമകൾ ദുരിതം അനുഭവിക്കുകയാണെന്നും പരാതിക്കാരായ ഔട്ടർ റിംഗ് റോഡ് ജനകീയ സമിതി ഭാരവാഹികളായ എസ്. ചന്ദ്രമോഹൻ നായർ, അജിത നരേന്ദ്രനാഥ്, അർച്ചന ശ്രീകുമാർ എന്നിവർ കമ്മീഷനെ അറിയിച്ചു.
|
മനുഷ്യാവകാശ കമ്മീഷനിൽ കുന്ദമംഗലം പഞ്ചായത്തിന്റെ റിപ്പോർട്ട് : ഷെഡിൽ താമസിക്കുന്ന ദമ്പതിമാർക്ക് വീട് നൽകും. HRMP No. 4161/2024 (Date : 01/02/2025)
കോഴിക്കോട്: കാലവർഷം കനത്ത് പെയ്യുന്ന രാത്രികളിൽ ചോർന്നൊലിക്കുന്ന ഷെഡിൽ ആശങ്കയോടെ ജീവിക്കുന്ന ദമ്പതിമാർക്ക് സ്വന്തമായി വീടൊരുങ്ങുന്നു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കുന്ദമംഗലം പഞ്ചായത്തിൽ താമസിക്കുന്ന വിജയൻ കോട്ടിയേരിക്ക് വീടൊരുക്കുന്നതായി കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചത്.
ലൈഫ് ഭൂരഹിതരുടെ ലിസ്റ്റിൽ വിജയനെ ഉൾപ്പെടുത്തിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട വിജയന് കുടുംബത്തിൽ നിന്നുതന്നെ 3 സെന്റ് ഭൂമി ലഭ്യമാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നുണ്ട്. ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് ഭവനനിർമ്മാണത്തിനുള്ള ധനസഹായം നൽകും. അതിദരിദ്രരുടെ പട്ടികയിൽപ്പെട്ടതിനാൽ വിജയന് ഭവനനിർമ്മാണം പൂർത്തിയാക്കാൻ ലൈഫ് പദ്ധതി പ്രകാരമുള്ള തുക മതിയാകാതെ വരുന്ന സാഹചര്യത്തിൽ സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി യോഗം ചേർന്നതായി റിപ്പോർട്ടിൽ പറയുന്നു.
പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് മാതൃകാപരമായ നടപടിയാണെന്നും അഭിനന്ദനാർഹമാണെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പറഞ്ഞു.
|
കാടു കയറിയ ഒരേക്കർ വൃത്തിയാക്കണം: അടിയന്തര നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6472/2024 (Date : 27/01/2025)
എറണാകുളം: സൗത്ത് വാഴക്കുളത്ത് വർഷങ്ങളായി കാടുകയറി വിഷപാമ്പുകൾ നിറഞ്ഞു കിടക്കുന്ന ഒരേക്കർ സ്ഥലം വൃത്തിയാക്കാൻ കാലതാമസം കൂടാതെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ അലക്സാണ്ടർ തോമസ്.
വാഴക്കുളം പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥലപരിശോധന നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
പരാതി പരിഹരിക്കുന്നതിനായി ലീഗൽ എയ്ഡ്സ് ക്ലിനിക്കിൽ ഹാജരാകാൻ നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും ഉടമസ്ഥർ ഹാജരായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലമായതിനാൽ അടിയന്തരമായി കാട് വൃത്തിയാക്കണമെന്നും ഇല്ലെങ്കിൽ പഞ്ചായത്ത് വൃത്തിയാക്കി ചെലവ് ഉടമസ്ഥരിൽ നിന്നും ഈടാക്കുമെന്നും നോട്ടീസ് നൽകിയിട്ടുണ്ട്. ഈ കത്തിന് മറുപടി ലഭിച്ചില്ല. തുടർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പഞ്ചായത്ത് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. . കാലതാമസം കൂടാതെ പരാതി പരിഹരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പ്രദേശവാസിയായ രാജൻ എം. തോമസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
പെൺകുട്ടിക്ക് ചികിത്സ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 27/01/2025)
കോഴിക്കോട് : നല്ലളം അരീക്കാട് സ്വദേശിനിയായ പെൺകുട്ടിക്ക് ചികിത്സ ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വനിതാ,ശിശു ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
അനാരോഗ്യം കാരണം ദുരിതം അനുഭവിക്കുന്ന പെൺകുട്ടിക്ക് ചികിത്സ നിഷേധിക്കുന്നത് സ്വന്തം സഹോദരിയാണെന്ന് പ്രദേശവാസി സമർപ്പിച്ച പരാതിയിൽ പറയുന്നു. അയൽകാർക്ക് വീട്ടിൽ പ്രവേശിക്കാനോ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാനോ കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ടി.ടി. ഇമാർക്ക് വിശ്രമസൗകര്യം ഒരുക്കിയതായി റയിൽവേ . (Date : 27/01/2025)
പാലക്കാട്: ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷനിൽ ടി.ടി. ഇ മാർക്ക് വിശ്രമിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദക്ഷിണ റയിൽവേ മാനേജർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തിരുവനന്തപുരം ഡിവിഷനിൽ ടി.ടി. ഇ മാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ സംബന്ധിച്ച് തിരുവനന്തപുരം റയിൽവേ ഡിവിഷണൽ മാനേജർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
പാലക്കാട് ഡിവിഷന് കീഴിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ചില പ്രധാന സ്റ്റേഷനുകളിൽ ജീവനക്കാർക്ക് വിശ്രമ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ ടെണ്ടർ സ്റ്റേജിലാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചിട്ടില്ലെന്ന് റയിൽവേ കമ്മീഷനെ അറിയിച്ചു.
30 % സ്ത്രീ ജീവനക്കാർ ഉൾപ്പെടെയുള്ള ടി.ടി.ഇ മാർക്ക് വിശ്രമ സൗകര്യങ്ങൾ അനുവദിക്കുന്നില്ലെന്നാരോപിച്ച് ദക്ഷിണ റയിൽവേ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി വി. സുജിത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
പാലക്കാട് ജംഗ്ഷൻ, ഷൊർണൂർ, നിലമ്പൂർ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ ടി.ടി. ഇ മാർക്ക് വിശ്രമമുറികൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ജില്ലയിൽ ടൈഫോയ്ഡ് വാക്സിൻ ലഭ്യമാണെന്ന് റിപ്പോർട്ട് . HRMP No. 1117/2024 (Date : 25/01/2025)
കോഴിക്കോട്: ജില്ലയിൽ സർക്കാർ ആശുപത്രികളിലും കാരുണ്യ ഫാർമസികളിലും ടൈഫോയ്ഡ് വാക്സിൻ ആവശ്യാനുസരണം ലഭ്യമാണെന്ന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കാവിലുംപാറ പഞ്ചായത്തിൽ ടൈഫോയ്ഡ് റിപ്പോർട്ട് ചെയ്തിട്ടും വാക്സിൻ ലഭ്യമല്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിശദീകരണം സമർപ്പിച്ചത്.
ടൈഫോയ്ഡ് വാക്സിന് വിപണന സാധ്യത കുറവായതിനാൽ കാരുണ്യഫാർമസികളിൽ മിതമായ സ്റ്റോക്ക് മാത്രമാണ് ലഭ്യമാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ എല്ലാ ഫാർമസികളിലും മരുന്ന് ലഭ്യമാണ്. വാക്സിന്റെ പരമാവധി വില 165 രൂപയാണെന്നും 96.52 രൂപക്ക് ഇവ പൊതുജനങ്ങൾക്ക് നൽകാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്മ്യൂണിറ്റി ഫാർമസികളിൽ വാക്സിൻ കുറവ് ഉണ്ടായാൽ മറ്റ് ഫാർമസികളിൽ നിന്നും ലഭ്യമാക്കി നൽകും. സർക്കാർ ആശുപത്രികളിലൂടെ സൗദജന്യമായി വിതരണം ചെയ്യുന്ന ആവശ്യമരുന്ന് പട്ടികയിൽ ടൈഫോയ്ഡ് വാക്സിൻ ഉൾപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ വാക്സിൻ വാങ്ങി ആശുപത്രികളിൽ വിതരണം നടത്താറില്ല.
ദേശീയ പ്രതിരോധ കുത്തിവയ്പ് പട്ടികയിൽ ടൈഫോയ്ഡ് വാക്സിൻ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ സർക്കാർ മേഖലയിൽ ടൈഫോയ്ഡ് പ്രതിരോധ വാക്സിൻ നിലവിൽ ലഭ്യമല്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ കമ്മീഷനെ അറിയിച്ചു. സർക്കാർ നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ പരാതിയിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അനധികൃതമായി പ്രവർത്തിക്കുന്ന സോമില്ലിനെതിരെ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6136/2023 (Date : 25/01/2025)
ഇടുക്കി: 42.5 എച്ച്. പി ജനറേറ്റർ ഉപയോഗിച്ച് അനധികൃതമായി സോ മിൽ പ്രവർത്തിക്കുകയാണെങ്കിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിയമപരമായി നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഇതിൽ വീഴ്ച വരുത്തിയാൽ ഡി.എഫ്.ഒ. ഉത്തരവാദിയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. പരാതിയിൽ പറയുന്ന മിൽ നിലവിൽ പ്രവർത്തിക്കുന്നില്ലെന്ന് ഡി.എഫ്.ഒ. കമ്മീഷനെ അറിയിച്ചു. കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. മുരിക്കാശ്ശേരി സ്വദേശി കെ. ബി. ശശി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : എം പാനൽ കണ്ടക്ടർക്ക് സെക്യൂരിറ്റി തുക തിരികെ കിട്ടി. HRMP No. 2674/2023 (Date : 25/01/2025)
എറണാകുളം: കെ.എസ്.ആർ.ടി.സി.യിൽ എം പാനൽ കണ്ടക്ടറായിരിക്കെ 2020-ൽ ജോലിയിൽ നിന്നും പിരിഞ്ഞയാൾക്ക് സെക്യൂരിറ്റി തുകയായ 5000 രൂപ തിരികെ കിട്ടി.
പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെ.എസ്.ആർ.ടി.സി. എം.ഡി. ക്ക് നോട്ടീസ് അയച്ചപ്പോഴാണ് തുക നൽകിയത്. 5000 രുപയുടെ ചെക്ക് പരാതിക്കാരനായ ചെറായി സ്വദേശി ശിവരാജിന് അയച്ചതായി കെ.എസ്.ആർ.ടി.സി. കമ്മീഷനെ അറിയിച്ചു. തുടർന്ന് പരാതി തീർപ്പാക്കി.
|
മനുഷ്യാവകാശ കമ്മീഷൻ അംഗമായി വി. ഗീത ചുമതലയേറ്റു. (Date : 24/01/2025)
തിരുവനന്തപുരം : കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായി കോഴിക്കോട് വിജിലൻസ് ട്രൈബ്യൂണലായിരുന്ന വി. ഗീത ചുമതലയേറ്റു.
2001 മുതൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വി. ഗീത 2016 ൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായി നിയമിതയായി. 2017 ലാണ് വിജിലൻസ് ട്രൈബ്യൂണലായത്. 1991 മുതൽ 2001 വരെ കേരള ഹൈക്കോടതിയിൽ അഭിഭാഷകയായിരുന്നു. ചാലക്കുടി സ്വദേശിനിയാണ്.
മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറി കെ. ആർ. സുചിത്രയുടെ സാന്നിധ്യത്തിലാണ് കമ്മീഷൻ അംഗം ചുമതലയേറ്റത്.
കമ്മീഷൻ അംഗമായിരുന്ന വി.കെ. ബീനാകുമാരി വിരമിച്ച ഒഴിവിലാണ് നിയമനം. ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് കമ്മീഷൻ ചെയർപേഴ്സൺ. കെ. ബൈജുനാഥ് ജുഡീഷ്യൽ അംഗമാണ്. ചെയർപേഴ്സണും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് മനുഷ്യാവകാശ കമ്മീഷൻ. ഹൈക്കോടതി ജഡ്ജിയുടെ റാങ്കാണ് കമ്മീഷൻ അംഗത്തിനുള്ളത്.
|
കണക്ഷൻ വിഛേദിക്കുമ്പോൾ നടപടിക്രമങ്ങൾ പാലിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 4718/2024 & 4660/2024 (Date : 24/01/2025)
കോഴിക്കോട്: ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുക അവസാന തിയതിക്ക് മുമ്പ് അടയ്ക്കാനുള്ള ചുമതല ഉപഭോക്താവിനുണ്ടെങ്കിലും വൈദ്യുതി വിഛേദിക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമ്പോൾ നടപടി ക്രമങ്ങൾ പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.
ഉപഭോക്താവ് ബിൽ തുക യഥാസമയം അടച്ചില്ലെങ്കിൽ നടപടിയെടുക്കാൻ ബോർഡ് ഉദ്യോഗസ്ഥർക്ക് ചുമതലയുണ്ടെന്നും ഉത്തരവിൽ പറയുന്നു. തന്നിൽ അർപ്പിതമായ ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുന്നത് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. അതേസമയം ഉപഭോക്താക്കളോട് ബോർഡ് ജീവനക്കാർ മാനുഷിക പരിഗണന കാണിക്കണം. നിയമാനുസ്യതം നടപടിയെടുക്കുന്ന ബോർഡ് ജീവനക്കാരെ ഉപഭോക്താക്കൾ ശതുക്കളായി കാണരുതെന്ന് കമ്മീഷൻ പറഞ്ഞു.
തിരുവമ്പാടി സ്വദേശി ഉള്ളാട്ടിൽ റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിഛേദിച്ചതുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികൾ തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്. കെ.എസ്. ഇ.ബി. ഉദ്യേഗസ്ഥരെ റസാഖിന്റെ മക്കൾ ആക്രമിച്ച് ഓഫീസ് തല്ലി തകർത്തെന്നാണ് പരാതി. എന്നാൽ ഉദ്യോഗസ്ഥർ റസാഖിനെയും കുടുംബത്തെയും ആക്ഷേപിച്ചതായി മറുവശം ആരോപിച്ചു.
ആരോപണങ്ങൾ ബോർഡ് നിഷേധിച്ചു. ഇരുപക്ഷത്ത് നിന്നും മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായതായി കമ്മീഷൻ നിരീക്ഷിച്ചു. ജില്ലാകളക്ടറും താമരശേരി തഹസിൽദാറും ഇടപെട്ട് റസാഖിന്റെ വീട്ടിലെ കണക്ഷൻ പുന:സ്ഥാപിച്ച സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. പൊതു പ്രവർത്തകരായ സെയ്തലവി, അഡ്വ. വി. ദേവദാസ് എന്നിവരാണ് പരാതിക്കാർ.
|
വാഴക്കുളം കാഡ തോടിന്റെ സംരക്ഷണം ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5733/2024 (Date : 24/01/2025)
എറണാകുളം: ആലുവ വാഴക്കുളം ബി.എച്ച്. നഗർ മസ്ജിദ് ഭാഗത്ത് കൃഷിക്ക് വെള്ളമെത്തിക്കുന്ന കാഡ തോടിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
തോടിന്റെ അറ്റകുറ്റപണിൾ ചെയ്യുന്നതിൽ നിന്നും ഇറിഗേഷൻ വകുപ്പും ഗ്രാമപഞ്ചായത്തും ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് (പി.വി.ഐ.വി.) എക്സിക്യൂട്ടീവ് എഞ്ചിനീയറും പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടറും സംയുക്തമായി സ്ഥലപരിശോധന നടത്തി തോടിന്റെ സംരക്ഷണം ആർക്കാണെന്ന് അന്തിമ തീരുമാനമെടുക്കണമമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ എക്സിക്യൂട്ടീവ് എഞ്ചിനീയറും പഞ്ചായത്ത് ജോയിന്റ് ഡയറക്ടറും കമ്മീഷനിൽ സമർപ്പിക്കണം. മാർച്ചിൽ കേസ് പരിഗണിക്കുമ്പോൾ പി.വി.ഐ.വി. എക്സിക്യൂട്ടീവ് എഞ്ചിനീയർ നിയോഗിക്കുന്ന ഒരു ഉദ്യോഗസ്ഥനും വാഴക്കുളം പഞ്ചായത്ത് സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു.
തോട് പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലാണെന്ന് സൗത്ത് വാഴക്കുളം സ്വദേശി ഇ.എസ്. സാദിഖ് സമർപ്പിച്ച പരാതിയിൽ പറയുന്നു. വാഴക്കുളം പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഏകദേശം 14 വർഷമായി തോട് ഉപയോഗശൂന്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാഡ തോടുകളുടെ സംരക്ഷണം പഞ്ചായത്തിൽ നിക്ഷിപ്തമാണെന്ന് പി.വി.ഐ.വി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു.
|
കൊഴക്കോട്ടുരിലെ വയൽ നികത്തൽ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date: 23/01/2025)
മലപ്പുറം: കരിപ്പൂർ വിമാനത്താവളം റോഡിൽ കൊഴക്കോട്ടൂർ പ്രദേശത്തെ നെൽവയലുകൾ വ്യാപകമായി നികത്തുകയാണെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മലപ്പുറം ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈ ജൂനാഥ് നിർദ്ദേശം നൽകിയത്. 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. തിരൂരിൽ അടുത്ത മാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വയലുകൾ തരംമാറ്റുന്നത് കാരണം വെള്ളപ്പൊക്ക സാധ്യതയുള്ളതായി പരാതിയിൽ പറയുന്നു. സ്ഥലത്ത് പരിസ്ഥിതി പഠനം നടത്തണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. വയലുകൾ തരം മാറ്റിയാൽ ഭൂമിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുമെന്നും പരാതിയിൽ പറയുന്നു.മണ്ണിട്ട സ്ഥലത്ത് ബിൽഡിംഗ് പെർമിറ്റിന് അപക്ഷ നൽകിയതായും പരാതിക്കാരൻ അറിയിച്ചു. കെ.ശശികുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടു: പിഴല റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കും. HRMP No. 4436/2024 (Date : 23/01/2025)
എറണാകുളം: കടമക്കുടി പഞ്ചായത്തിലെ മൂലമ്പിള്ളി പിഴല പാലവുമായി ബന്ധിപ്പിക്കുന്ന 350 മീറ്റർ പിഴല റോഡിന്റെ ശോചനീയാവസ്ഥ മാർച്ച് 31-ന് മുമ്പ് പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കിയ ശേഷം എറണാകുളം ജില്ലാ കളക്ടറും ജി.ഐ.ഡി.എ. സെക്രട്ടറിയും കമ്മീഷനിൽ രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പിഴല റോഡിലെ കാനയിൽ നിന്നും ഇ.എം.എസ്. റോഡ് കാനയിലേക്ക് വെള്ളം ഒഴുക്കി വിടുന്നുവെന്ന ആരോപണം പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറെ നിയോഗിച്ച് സ്ഥലപരിശോധന നടത്തി പരിഹാരം കാണണമെന്ന് കമ്മീഷൻ കടമക്കുടി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
പിഴല റോഡിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണാൻ രണ്ടാഴ്ചയിലൊരിക്കൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടർ വിളിച്ച് പുരോഗതി വിലയിരുത്തണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
പിഴല റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ ഒ. ജി. സെബാസ്റ്റ്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പരാതിക്ക് പരിഹാരം കാണണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൻകിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ ഒക്ടോബർ 18-ന് യോഗം വിളിച്ചത്.
ഡിസംബർ 3 ന് എറണാകുളത്ത് നടന്ന കമ്മീഷൻ സിറ്റിംഗിൽ കളക്ടറുടെ പ്രതിനിധി ഹാജരായി. കടമക്കുടി
പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയർ, സമരസമിതി പ്രതിനിധികൾ, ജനപ്രതിനിധികൾ, കരാറുകാരൻ എന്നിവരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചതായി കളക്ടറുടെ പ്രതിനിധി അറിയിച്ചു. പദ്ധതി സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ തീരുമാനിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു. ഒക്ടോബർ 18-ന് നടന്ന യോഗത്തിന്റെ മിനിറ്റ്സും ഹാജരാക്കി. ജി.ഐ.ഡി.എ. സെക്രട്ടറിയുടെ പ്രതിനിധിയും സിറ്റിംഗിൽ ഹാജരായി. മാർച്ച് 31 നകം പണി പൂർത്തിയാക്കണമെന്ന ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിർദ്ദേശം നടപ്പിലാക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
|
ചില മസാജ്, ബ്യൂട്ടിപാർലറുകളിൽ മയക്കുമരുന്ന വിതരണമെന്ന പരാതി അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8879/2023 (Date : 23/01/2024)
കോഴിക്കോട്: ചില ഫ്ളാറ്റുകളിലും മസാജ്, ബ്യൂട്ടി പാർലറുകളിലും നടക്കുന്നതായി ആരോപിക്കപ്പെടുന്ന മയക്കുമരുന്ന് വിതരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഫ്ളാറ്റുകളിലും മസാജ് പാർലറുകളിലും നടക്കുന്ന ലൈംഗികചൂഷണത്തെക്കുറിച്ച് അന്വേഷണം നടത്തിയതിൽ സിറ്റി, മെഡിക്കൽ കോളേജ്, നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസുകൾ അന്വേഷണ ഘട്ടത്തിലാണ്. കോഴിക്കോട് നഗരത്തിൽ സംസഥാനത്തിന് പുറത്തുള്ള സ്ത്രീകൾ ചില ബ്യൂട്ടി പാർലറുകളിൽ ജോലി ചെയ്യാറുണ്ട്. സ്പാ/ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്താൻ എല്ലാ എസ്.എച്ച്.ഒ. മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കണ്ടംകുളങ്ങരയിൽ അപകടനിലയിൽ മരം: പൊതുമരാമത്ത് വകുപ്പ് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 22/01/2025)
കോഴിക്കോട്: സംസ്ഥാന പാതയിൽ കണ്ടംകുളങ്ങര കെ .എസ്. ആർ.റ്റി.സി. ബസ് സ്റ്റാന്റിന് സമീപം അപകടകരമായ നിലയിലുള്ള മരം ഭീഷണിയായ സാഹചര്യത്തിൽ ഇക്കാര്യം അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 28 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മരത്തിൽ ബസുകൾ തട്ടാറുണ്ടെന്ന് പരാതിയുണ്ട്. തൊട്ടടുത്ത് ട്രാൻസ്ഫോർമറുമുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
നടപ്പാതകളിലെ കൈയേറ്റം അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥ തല സമിതി രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8732/2024 (Date : 22/01/2025)
തിരുവനന്തപുരം: നടപ്പാതകളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകൾ നീക്കം ചെയ്യുക, നടപ്പാതകളിലെ അനധികൃത വാഹന പാർക്കിംഗ് തടയുക തുടങ്ങിയ പരാതികളുടെ ശാശ്വത പരിഹാരത്തിനായി നഗരസഭ, പോലീസ്, പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സമിതി മാസത്തിലൊരിക്കൽ യോഗം ചേർന്ന് നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പൊതു നിരത്തുകളിലും പാതയോരങ്ങളിലും അപകടരഹിതമായി സഞ്ചരിക്കാനുള്ള ജനങ്ങളുടെ അവകാശം ഹനിക്കപ്പെടരുത്. ഇത്തരം പരാതികൾ പരിഹരിക്കുന്ന വിഷയത്തിൽ അധികൃതർ ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സമിതിയുടെ രൂപീകരണത്തിന് നഗരസഭാ സെക്രട്ടറി മുൻകൈയെടുക്കണം.
നടപ്പാതകൾ കൈയേറുന്നതിനെതിരെ കാഴ്ചപരിമിതിയുള്ള പരാതിക്കാരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
ഇക്കാര്യത്തിൽ ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകൾ ഉണ്ടെങ്കിലും സഞ്ചാരസ്വാതന്ത്ര്യത്തിന് തടസമുണ്ടാകുന്നതായി പരാതിയുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ഒരു സ്ഥിരം സമിതിയുണ്ടെങ്കിൽ ഇത്തരം പരാതികൾ യഥാസമയം പരിഹരിക്കാൻ കഴിയും.
നടപ്പാത കൈയേറുന്നവർക്കെതിരെയുള്ള പരാതികൾ കൈകാര്യം ചെയ്യുന്ന നഗരസഭാ സ്ക്വാഡിന് പോലീസ് സഹായം നൽകി വരുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യുമ്പോൾ സംഘർഷാവസ്ഥ ഉണ്ടായാൽ പോലീസ് സഹായം നൽകും. നടപ്പാതകളിലെ വാഹനപാർക്കിംഗിനെതിരെ പിഴ ഈടാക്കാറുണ്ട്. പൊതുനിരത്തുകളിലും പാതയോരങ്ങളിലും രാഷ്ട്രീയപാർട്ടികൾ സ്ഥാപിച്ചിരിക്കുന്ന കമാനങ്ങളും കൊടുതോരണങ്ങളും കാരണമുണ്ടാകുന്ന അപകടാവസ്ഥയെ കുറിച്ച് ബോധവൽക്കരണം നൽകാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിധീഷ് ഫിലിപ്പ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ചെറൂപ്പ ഹെൽത്ത് സെന്ററിൽ സിനിമാ ചിത്രീകരണം : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ. (Date : 22/01/2025)
കോഴിക്കോട്: മാവൂർ ചെറൂപ്പ ഹെൽത്ത് സെന്ററിൽ സിനിമാ ചിത്രീകരണം കാരണം ചികിത്സ മുടങ്ങിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നല്കിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 28-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗില് കേസ് പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പനി ബാധിച്ച മകളുമായി ചെറൂപ്പ ഹെൽത്ത് സെന്ററിലെത്തിയ പിതാവാണ് പരാതിക്കാരൻ. ഡോക്ടറെ കാണിച്ച ശേഷം രക്ത പരിശോധനയ്ക്കായി ലാബിലെത്തിയ തനിക്ക് സിനിമാ നടിമാരെയാണ് കാണേണ്ടി വന്നതെന്ന് പിതാവായ സുഗതൻ ദൃശ്യമാധ്യമത്തോട് പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ രക്തം പരിശോധിക്കാൻ ജീവനക്കാരെത്തിയതായും പരാതിക്കാരൻ അറിയിച്ചു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ആലുവ പറവൂർ കവലയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ ട്രാഫിക് പോലീസ് സഹായം നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 7952 /2022 (Date : 21/01/2025)
എറണാകുളം : ആലുവ പറവൂർ കവലയിലെ സീബ്രാ ലൈനിൽ കൂടി ജനങ്ങൾക്ക് റോഡ് മുറിച്ചുകടക്കാൻ ട്രാഫിക് പോലീസ് സഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ട്രാഫിക് എൻഫോഴ്സ്മെമെന്റ് യൂണിറ്റിൽ ഉദ്യോഗസ്ഥർ കുറവാണെങ്കിൽ ഹോം ഗാർഡുമാരെ നിയോഗിച്ച് റോഡ് മുറിച്ചുകടക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഭയരഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമായതിനാൽ റൂറൽ ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആവശ്യമായ നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ആറാഴ്ചക്കുള്ളിൽ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കമ്മീഷനിൽ സമർപ്പിക്കണം.
നടക്കാൻ ബുദ്ധിമുട്ടുള്ള ഭിന്നശേഷിക്കാരൻ സീബ്രാ ക്രോസിംഗിൽ വാഹനങ്ങൾ കയറ്റി നിർത്തുന്നതിനെതിരെ സമർപ്പിച്ച പരാതി തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്.
ആലുവ പറവൂർ കവലയിലെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ പ്രയാസമാണെന്നും ഇത് മാറ്റി സ്ഥാപിക്കാൻ ദേശീയ പാതാ അതോറിറ്റിയുടെ പാലക്കാട് യൂണിറ്റിന് കത്ത് നൽകിയിട്ടുണ്ടെന്നും റൂറൽ ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. എന്നാൽ ഗതാഗത നിയമങ്ങൾ പരിപാലിക്കേണ്ട ചുമതല ട്രാഫിക് പോലീസിനാണെന്നും സീബ്രാ ലൈൻ മാറ്റി സ്ഥാപിക്കില്ലെന്നും ദേശീയപാതാ അതോറിറ്റി കമ്മീഷനെ അറിയിച്ചു.
ട്രാഫിക് ഏജൻസികൾക്ക് നിയമലംഘനങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ബെന്നി വിശ്വം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
|
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി: 56 വയസിനുള്ളിലുള്ളവർക്ക് ദിവസവേതനത്തിൽ അധ്യാപകരാകാം. HRMP No. 580 / 2024 (Date : 21/01/2025)
മലപ്പുറം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാവുന്നതാണെന്ന് സർക്കാർ ഉത്തരവിട്ടു.
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ സ്ഥിരം നിയമനത്തിന് അപേക്ഷിക്കാവുന്ന പ്രായം കഴിഞ്ഞാൽ ദിവസവേതനാടി സ്ഥാനത്തിൽ പോലും അധ്യാപകരെ നിയമിക്കാറില്ല.
സർക്കാർ,അർധസർക്കാർ സ്ഥാപനങ്ങളിൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച 70 വയസായവർക്ക് വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകുമ്പോൾ 43 വയസ് കഴിഞ്ഞതിന്റെ പേരിൽ അധ്യാപക നിയമനം നിഷേധിക്കപ്പെട്ട 6 പേർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. വിവേചനം പുന: പരിശോധിക്കാൻ കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനെ അറിയിച്ചു. തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ചു പരാതികാർക്ക് അനുകൂലമായി ഉത്തരവിറക്കി.
ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ അക്കാദമിക് വർഷത്തിലെ അവസാന പ്രവൃത്തി ദിവസം വരെയും തുടരാൻ അനുവദിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ സ്വദേശി കെ. സനൽകുമാറിന്റെ നേതൃത്വത്തിൽ സമർപ്പിച്ച പരാതി കമ്മീഷൻ തീർപ്പാക്കി.
|
നടപ്പാതകളിലെ കൈയേറ്റം തടയാതിരിക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമെന്ന് കമ്മീഷൻ. (Date : 18/01/2025)
കോഴിക്കോട്: കമ്മീഷൻ ഉത്തരവുകൾ നൽകുമ്പോൾ മാത്രം നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും അതു കഴിഞ്ഞാൽ പഴയപടിയാവുകയും ചെയ്യുന്ന പ്രവണതയിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത അത്യപ്തിയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
കോഴിക്കോട് നഗരത്തിലെ നടപ്പാതകൾ കച്ചവടക്കാർ കൈയേറുകയാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
നടപ്പാതകൾ കാൽനടയാത്രക്കാർക്കുള്ളതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. നടപ്പാതകൾ കൈയേറുന്നത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നു.
ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, നഗരസഭാ സെക്രട്ടറി എന്നിവർ ആവശ്യമായ പരിശോധന നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ജനുവരി 30-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെയുള്ള മാർഗനിർദ്ദേശവുമായി കമ്മീഷൻ വിശദമായ ഒരുത്തരവ് പുറത്തിറക്കുമെന്നും ഉത്തരവിലുണ്ട്.
സുരക്ഷിതമായ നടപ്പാതകൾ ഇല്ലാത്തതാണ് കാൽനടയാത്രക്കാർ അപകടത്തിൽപ്പെടാനുള്ള പ്രധാന കാരണമെന്ന് കെ. ബൈജുനാഥ് പറഞ്ഞു. മനുഷ്യജീവൻ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അധികൃതർക്കുണ്ടെന്നും ഉത്തരവിൽ പറയുന്നു. നിരവധി തവണ ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയിട്ടുണ്ടെന്നും അവ കൃത്യമായി നടപ്പാക്കിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.
ചെറൂട്ടി റോഡ്, മിഠായി തെരുവ്, എരഞ്ഞിപ്പാലം, നടക്കാവ്, പുതിയങ്ങാടി, കാരപറമ്പ്, മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നടപ്പാതകൾ കച്ചവടക്കാർക്കുള്ളതായി മാറിയിട്ട് ഏറെ നാളായതായി പരാതിയുണ്ട്.
|
പോസ്റ്റ്മോർട്ടം നടത്തേണ്ട ഡോക്ടർ അവധിയായാൽ പകരം സംവിധാനം പോലീസ് ഒരുക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 18/01/2025)
ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന്റെ ചുമതലയുള്ള ഡോക്ടർ അവധിയെടുത്താൽ മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലോ കോട്ടയം മെഡിക്കൽ കോളേജിലോ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്താനുള്ള സഹായം പോലീസ് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം സൗകര്യം ഒരു മാസത്തിന് മുമ്പ് നിലവിൽ വന്നെങ്കിലും ഒരേയൊരു ഡോക്ടർ മാത്രമാണ് നിലവിലുള്ളത്. ഡോക്ടർ അവധിയായാൽ മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിലെത്തിക്കണമെന്നാണ് പരാതി. ഇതിന് 100 കിലോമീറ്റർ യാത്ര ചെയ്യണമെന്നും ഇത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പ്രയാസകരമാണെന്നും പെരുവന്താനം ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് നിസാർ സമർപ്പിച്ച പരാതിയിൽ പറയുന്നു.
ഇടുക്കി ഡി.എം.ഒ. യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പെരുവന്താനം, കൊക്കയാർ ഗ്രാമപഞ്ചായത്തുകളിലെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ പീരുമേട് താലൂക്ക് ആശുപത്രിയിൽ സൗകര്യമുണ്ടെന്നും പെരുവന്താനത്ത് നിന്നും 15 കിലോമീറ്റർ യാത്ര ചെയ്താൽ പീരുമേട് താലൂക്ക് ആശുപത്രിയിലെത്താമെന്നും റിപ്പോർട്ടിൽ പറയുന്നു.
താൻ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയുടെ തുടർനടപടിയായാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം സൗകര്യം നിലവിൽ വന്നതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർ അവധിയിൽ പോയാൽ അക്കാര്യം ആശുപത്രി സൂപ്രണ്ടിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ഡോക്ടറുടെ അവധി അറിയിപ്പ് ലഭിച്ചാൽ ആശുപത്രി സൂപ്രണ്ട് വിവരം ഇടുക്കി ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം. ഈ ദിവസങ്ങളിൽ പോസ്റ്റ്മോർട്ടം നടത്താൻ പകരം സംവിധാനം ഏർപ്പെടുത്താൻ പീരുമേട് ഡി.വൈ.എസ്.പിയ്ക്ക് ഇടുക്കി ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
മുള്ളൻകൊല്ലി പഞ്ചായത്തിലെ ഖനനപ്രവർത്തനങ്ങൾ: വിദഗ്ദ്ധ സമിതി നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6414/2024 ക്ഷ 6386/2024 (Date : 17/01/2025)
വയനാട്: മുള്ളൻകൊല്ലി പഞ്ചായത്തിൽ നടക്കുന്ന ക്വാറി പ്രവർത്തനങ്ങൾ പരിശോധിക്കാൻ ജില്ലാ ഭരണകൂടം നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജനങ്ങളുടെ ആശങ്കയകറ്റണമെന്നും അനധികൃത ഖനനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പരാതിക്കാരുടെ ആശങ്ക അസ്ഥാനത്തല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വയനാട് ജില്ലയിൽ നിലവിൽ ക്വാറി പ്രവർത്തനങ്ങൾ നിർത്തലാക്കിയിട്ടുള്ളതായി ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.
മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ വാർഡുകളിലും ശശിമലയിലും നടക്കുന്ന ക്വാറിപ്രവർത്തനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
ഖനനപ്രവർത്തനങ്ങൾ പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുള്ളതായി ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.
മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ഖനനപ്രവർത്തനങ്ങൾക്ക് വിവിധ അധികാരസ്ഥാപനങ്ങളിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ക്വാറി സ്ഥിതി ചെയ്യുന്ന സ്ഥലം ദുരന്തസാധ്യതാമേഖലയിൽ ഉൾപ്പെടുന്നതല്ല. ക്വാറി പ്രവർത്തനം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
അഡ്വ. പി. ഡി സജി, ഷൈജു പഞ്ഞിത്തോപ്പിൽ, പുഷ്പലത നാരായണൻ, ഷിജോ മാപ്ലശ്ശേരി, പി കെ ജോസ് എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.
|
വേലിയേറ്റ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് സമരം ചെയ്തവർക്ക് മർദ്ദനമേറ്റെന്ന് പരാതി: അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. HRMP No. 365/2025 (Date : 17/01/2025)
എറണാകുളം: പശ്ചിമ കൊച്ചിയിലെ വേലിയേറ്റ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ നാട്ടുകാരെ പോലീസ് അകാരണമായി മർദ്ദിച്ചെന്ന പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്.
കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ഉൾപ്പെടെ മർദ്ദമേറ്റെന്നാണ് പരാതി. പ്രകോപനമില്ലാതെ സമരം ചെയ്ത പ്രവർത്തകരെ ദയാരഹിതരായി നേരിട്ട പോലീസിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിൽ പറഞ്ഞു. ഫെബ്രുവരി 17-നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.
|
ചികിത്സക്ക് വേണ്ടി രോഗിയുമായി ആംബുലൻസിൽ മണിക്കൂറുകൾ അലഞ്ഞ സംഭവത്തിൽ ഉത്തരവാദികളെ കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 323/2025 (Date : 16/01/2025)
എറണാകുളം: വടുതലയിൽ തീവണ്ടി തട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രോഗിയുമായി അംബുലൻസ് ഡ്രൈവർ മണിക്കൂറുകളോളം ചികിത്സ തേടി അലഞ്ഞതായുള്ള പരാതിയിൽ സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വകുപ്പുതല അന്വേഷണം നടത്തി ആറാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് പച്ചാളം ചിറയിൽ വീട്ടിൽ സുബ്രഹ്മണ്യനെ (75) തീവണ്ടി തട്ടിയത്. സ്വാകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ രോഗിയെ എത്തിച്ചു. അവിടെ കിടക്ക ഒഴിവില്ലാത്തതിനാൽ എറണാകുളം ഗവ. മെഡിക്കൽ കോളേജിലെത്തിച്ചു. രണ്ടേകാൽ മണിക്കൂർ മെഡിക്കൽ കോളജിനു മുന്നിൽ രോഗി വെന്റിലേറ്ററിന്റെ സഹായത്താൽ ആംബുലൻസിൽ കിടന്നു. കോട്ടയം, തൃശ്ശൂർ മെഡിക്കൽ കോളജുകളുമായി ബന്ധപ്പെട്ടെങ്കിലും അവിടെയും കിടക്ക ഒഴിവില്ലെന്ന് പറഞ്ഞതോടെ ആംബുലൻസ് ഡ്രൈവർ നിസ്സഹായനായി. ഒടുവിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു കിടക്ക ഒഴിവുണ്ടെന്ന വിവരമറിഞ്ഞയുടൻ അങ്ങോട്ട് തിരിക്കാൻ തീരുമാനിക്കവേ രോഗിയുടെ ബന്ധു എത്തി എറണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പത്രവാർത്ത ഗൗരവതരമാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. എറണാകുളം, കോട്ടയം, തൃശൂർ മെഡിക്കൽ കോളജ് ആശുപത്രികൾ അത്യാസന്ന നിലയിലുള്ള രോഗിയെ പ്രവേശിപ്പിച്ചില്ലെന്ന വസ്തുത ഗൗരവം അർഹിക്കുന്നു. . ഇതിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, എറണാകുളം, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടുമാർ എന്നിവരുടെ അടിയന്തര യോഗം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചു ചേർക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. യോഗത്തിൽ പ്രശ്ന പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച പരിഹാര നടപടികൾ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചക്കുള്ളിൽ സമർപ്പിക്കണം. രോഗിയെ പ്രവേശിപ്പിക്കാൻ കഴിയാത്ത സാഹചര്യം വിശദമാക്കി ഒരു റിപ്പോർട്ട് ബന്ധപ്പെട്ട മെഡിക്കൽ കോളേജ് ആശുപത്രികളിലെ സൂപ്രണ്ടുമാർ ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മാർച്ചിൽ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
മനുഷ്യാവകാശ കമ്മീഷൻ നാളത്തെ ( 18 / 01) സിറ്റിംഗ് റദ്ദാക്കി. (Date : 16/01/2025)
ആലപ്പുഴ: മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നാളെ ( 18/ 01 / 25 ) ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് റദ്ദാക്കി. പുതിയ തിയതി പിന്നീട് അറിയിക്കും.
|
കോയിപ്രത്ത് ഖനനം പുനരാരംഭിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1003/2024 (Date : 16/01/2025)
കണ്ണൂർ: വെള്ളോറ വില്ലേജിലെ കോയിപ്രത്ത് ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയ ചെങ്കൽ ക്വാറികളിൽ ഖനനം പുനരാരംഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനാവശ്യമായ പരിശോധനകൾ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്കി.
ക്വാറികളുടെ പ്രവർത്തനം നിരീക്ഷിക്കേണ്ടതും നിയമലംഘനങ്ങൾ തടയേണ്ടതും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പറഞ്ഞു. നിയന്ത്രണമില്ലാത്ത ഖനനം പരിസ്ഥിതി പ്രശ്നങ്ങൾക്കും മനുഷ്യന്റെ നിലനിൽപ്പിനും ഭീഷണിയുയർത്തുന്നതാണ്. ശുദ്ധവായുവും വെള്ളവും ലഭിക്കുന്നതിനും സ്വസ്ഥമായി ജീവിക്കുന്നതിനുമുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും ഇവ ഹനിക്കപ്പെടാൻ പാടില്ലെന്നും ഉത്തരവിൽ പറഞ്ഞു.
കോയിപ്രത്ത് മതിയായ രേഖകളില്ലാതെ പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കെ. പി. മുഹമ്മദ് ഇസ്ഹാഖും പ്രദേശവാസികളും സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
അനധികൃത ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിരവധി തവണ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെന്നും പിഴ ചുമത്തിയിട്ടുണ്ടെന്നും കണ്ണൂർ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നിട്ടും ഖനനം തുടർന്ന സാഹചര്യത്തിൽ കൂടുതൽ നടപടികൾക്കായി ജിയോളജിസ്റ്റിന് നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. തുടർന്ന് ജിയോളജിസ്റ്റിനെ വിളിച്ചു വരുത്തി. അനധികൃത ഖനനം നിർത്തിവച്ചതായി ജിയോളജിസ്റ്റ് കമ്മീഷനെ അറിയിച്ചു. അനധികൃത ഖനനത്തിന്റെ ഭാഗമായി രൂപപ്പെട്ട കുഴികളിൽ ഭാഗികമായി മണ്ണിട്ട് നികത്തിയിട്ടുണ്ടെന്നും ജിയോളജിസ്റ്റ് അറിയിച്ചു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: 2019-ലെ പുത്തുമല ദുരന്ത ബാധിതന് പുനരധിവാസം ഒരുക്കിയതായി സർക്കാർ. HRMP No. 2078/2023 (Date : 13/01/2025)
വയനാട്: 2019 ആഗസ്റ്റിൽ പുത്തുമലയിലുണ്ടായ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് വീടും സ്ഥലവും അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ജില്ലാ ഭരണകൂടം ഇക്കാര്യം അറിയിച്ചത്.
ഒരു കുടുംബത്തിന് ഒരു വീട് എന്ന അടിസ്ഥാനത്തിലാണ് പുനരധിവാസം അനുവദിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനായ പുത്തുമല സ്വദേശി സി. അബൂത്വൽഹത്തിന്റെ പിതാവിന്റെ പേരിലാണ് വീട് അനുവദിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 2019-ലെ പ്രളയകാലത്ത് പിതാവും മകനും ഒരേ വീട്ടിലാണ് താമസിച്ചിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.
2019-ൽ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായ കുടുംബങ്ങൾക്ക് പുനരധിവാസ പദ്ധതി നടപ്പിലാക്കിയത് വയനാട് ജില്ലാ ഭരണകൂടമാണെന്നും മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
ആദ്യം പിതാവിന്റെയും പരാതിക്കാരന്റെയും പേരിലാണ് വീട് അനുവദിച്ചതെന്നും പിന്നീട് പരാതിക്കാരന്റെ പേര് ഒഴിവാക്കി മാതാവിന്റെ പേരിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.
|
വീട്ടുകാർ ഉപേക്ഷിച്ച വയോധികയ്ക്ക് പുനരധിവാസം ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 13/01/2025)
കോഴിക്കോട്: പരസഹായമില്ലാതെ ജീവിക്കാനാവാത്ത വയോധികയെ വീട്ടുകാർ ഇറക്കിവിട്ട സംഭവത്തിൽ അമ്മക്ക് അടിയന്തരമായി പുനരധിവാസം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
വിമൺ ആന്റ് ചൈൽഡ് ഡവലപ്പ്മെന്റ് ജില്ലാ ഓഫീസർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 28 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നരിക്കുനി സ്വദേശിനി സരോജിനിക്കാണ് ഇത്തരം ഒരു ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. നരിക്കുനിയിൽ ഇടവഴിയുടെ ഒരറ്റത്താണ് അമ്മ കിടക്കുന്നത്.18 വർഷം മുമ്പ് ഭർത്താവിനെയും മക്കളെയും പിരിഞ്ഞയാളാണ് സരോജിനി. പിന്നീട് അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു താമസം. ഇതിനിടയിൽ മന്ത് രോഗം ബാധിച്ചു.
ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് റദ്ദാക്കി: പുതിയ തീയതി ഫെബ്രുവരി 4. (Date : 13/01/2025)
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇന്ന് (14/01/2025) രാവിലെ 10.00 ന് മനുഷ്യാവകാശ കമ്മീഷൻ ഓഫീസിൽ നടക്കാനിരുന്ന സിറ്റിംഗ്, തിരുവനന്തപുരം ജില്ലയ്ക്ക് അവധിയായതിനാൽ റദ്ദാക്കി. ഇന്ന് കേൾക്കാനിരുന്ന കേസുകൾ ഫെബ്രുവരി 4 ന് രാവിലെ 10 ന് കമ്മീഷന്റെ പി.എം.ജി. ജംഗ്ഷനിലുള്ള ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
|
സിഗ്നലിൽ വാഹനം നിർത്തുമ്പോഴുള്ള വാണിഭവും യാചനയും തടയണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 10/01/2025)
കോഴിക്കോട് : ട്രാഫിക് സിഗ്നലുകളിൽ വാഹനങ്ങൾ സിഗ്നൽ കാത്തുകിടക്കുമ്പോൾ വാഹനങ്ങൾക്കിടയിലൂടെ നടന്ന് വഴി വാണിഭവും യാചനയും നടത്തുന്നവർക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർ സംസ്ഥാന വ്യാപകമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആവശ്യമെങ്കിൽ പോലീസ് സഹായം തേടണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥതലത്തിൽ സർക്കുലർ ഇറക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അന്യദേശക്കാർ ഇത്തരത്തിൽ നഗ്നമായ നിയമലംഘനം നടത്തുന്നത് കോഴിക്കോട് മാത്രമല്ല മറ്റ് നഗരങ്ങളിലും നിത്യ കാഴ്ചയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
കോഴിക്കോട് നഗരത്തിലെ പ്രധാന പോയിന്റുകളിൽ നടത്തിയ പരിശോധനയിൽ വഴി വാണിഭവും യാചനയും നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അഡ്വ വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ബൗദ്ധിക വെല്ലുവിളി നേരിടുന്നയാള്ക്ക്ലീ ഗൽ ഗാർഡിയനെ നിയമിക്കണമെന്ന്മ നുഷ്യാവകാശ കമ്മീഷൻ. HRMP No. 3942/2024 (Date : 10/01/2025)
തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളി നേരിടുന്നയാളെ ബാല്യം മുതല് സംരക്ഷിക്കുന്ന അവിവാഹിതയായ ബന്ധുവിനെ ലീഗല് ഗാർഡിയനായി നിയമിക്കണമെന്ന ആവശ്യത്തില് പ്രാദേശിക അന്വേഷണം നടത്തി രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്കി.
നാഷണല് ട്രസ്റ്റ് ആക്റ്റ് പ്രകാരം തീരുമാനമെടുക്കാനാണ് കമ്മീഷന് നിർദ്ദേശിച്ചത്. തിരുമല സ്വദേശിനി സരസ്വതിയമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി. തന്റെ സഹോദരന്റെ മകന് അനില്കുമാറിന് (53) വേണ്ടിയാണ് പരാതി നൽകിയത് . 62 വയസ്സുള്ള തന്റെ കാലശേഷം അനില്കുമാറിനെ സംരക്ഷിക്കാന് നടപടിയെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
ജില്ലാ സാമൂഹിക നീതി ഓഫീസർ കമ്മീഷനില് സമർപ്പിച്ച റിപ്പോർട്ടില് പരാതിക്കാരിയെ അനില് കുമാറിന്റെ ലീഗല് ഗാർഡിയനായി നിയമിക്കണമെന്ന് ശുപാർശ ചെയ്തു.
അനില് കുമാറിന് അമ്മയും രണ്ടു സഹോദരിമാരുമുണ്ടെന്ന് റിപ്പോർട്ടില് പറയുന്നു. ഇവരുടെ കുടുംബസ്വത്ത് ഭാഗിച്ചപ്പോൾ 9 സെന്റ് അനില് കുമാറിന് നല്കി. എന്നാല് ബൗദ്ധിക വെല്ലുവിളി നേരിടുന്നയാളിന്റെ സംരക്ഷക എന്ന നിലയിൽ രേഖകള് ശരിയാക്കുന്നതിനോ സ്വത്തില് നിന്നും ആദായമെടുക്കാനോ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല.
നാഷണല് ട്രസ്റ്റ് ആക്റ്റ് പ്രകാരം ലോക്കല് ഗാർഡിയനായി നിയമിക്കുന്നതിനുള്ള അപേക്ഷ പരാതിക്കാരി ജില്ലാ കളക്ടർക്ക് നല്കണമെന്ന് കമ്മീഷന് നിർദ്ദേശിച്ചു. തഹസില്ദാർ/വില്ലേജ് ഓഫീസർ മുഖേന പ്രാദേശിക അന്വേഷണം നടത്തി വിവരം പരാതിക്കാരിയെ ജില്ലാ കളക്ടർ അറിയിക്കണം. പരാതിക്കാരിയുടെ കാലശേഷം അനില് കുമാറിന്റെ ഗാർഡിയനായി നിയമിക്കാനുള്ള വ്യക്തിയെ കണ്ടെത്തണം. ആവശ്യമെങ്കില് ജില്ലാ കളക്ടർക്ക് ജില്ലാ സാമൂഹികനീതി ഓഫീസറുടെ സഹായം തേടാമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
|
മൊകവൂർ-കുന്നിമ്മല്ത്താഴം ക്രോസിംഗില് അടിപ്പാത വേണം: റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ. (Date : 09/01/2025)
കോഴിക്കോട്: ദേശീയപാത 66-ല് മൊകവൂർ-കുന്നിമ്മല്ത്താഴം ക്രോസിംഗില് അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യത്തില് മനുഷ്യാവകാശ കമ്മീഷന് ദേശീയപാതാ അതോറിറ്റിയില് നിന്നും വിശദീകരണം തേടി.
പ്രോജക്ട് ഡയറക്ടർക്കാണ് കമ്മീഷന് ജുഡീഷ്യല് അംഗം കെ. ബൈജുനാഥ് നിർദ്ദേശം നല്കിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 30-ന് ഗവ. ഗസ്റ്റ് ഹൗസില് നടക്കുന്ന സിറ്റിംഗില് കേസ് പരിഗണിക്കും.
മൊകവൂരിനെ രണ്ടാക്കി വിഭജിച്ചുകൊണ്ടാണ് ദേശീയപാത കടന്നുപോകുന്നതെന്ന് പരാതിയില് പറയുന്നു. അഞ്ഞൂറോളം വീടുകള് ഇവിടെയുണ്ട്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കുണ്ടുപ്പറമ്പ്-ചീരാടികടവ് റോഡ് ദേശീയപാതാ അതോറിറ്റി അടച്ചതായി സ്നേഹ റെസിഡന്സ് അസോസിയേഷന് പ്രസിഡന്റ് വി.ടി. രമേഷ്ബാബു സമർപ്പിച്ച പരാതിയില് പറയുന്നു.
|
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട്: പട്ടണക്കാട് ഗവ. ആയുർവേദ കോളേജ്ആ ശുപത്രിയിൽ ചികിത്സാപ്പിഴവില്ലെന്ന് റിപ്പോർട്ട്. HRMP No. 6809/2024 & 6994/2024 (Date : 09/01/2025)
കാസറഗോഡ്: പട്ടണക്കാട് ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ നടുവേദനയുടെ ചികിത്സക്കിടയില് ചികിത്സാപ്പിഴവുണ്ടായെന്ന ആരോപണം ജില്ലാ മെഡിക്കല് ഓഫീസർ നിഷേധിച്ചു.
ചികിത്സയ്ക്കു ശേഷം ശരീരം കൂടുതല് ചരിയുകയും കഠിനമായ വേദന കാരണം മുടന്തി നടക്കുകയാണെന്നും ആരോപിച്ച് സമർപ്പിച്ച പരാതിയില് ജുഡീഷ്യല് അംഗം കെ. ബൈജുനാഥ് ഡി.എം.ഒ. യില് നിന്നും ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാഞ്ഞങ്ങാട് സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി.
ചികിത്സക്കിടയില് പരാതിക്കാരിയുടെ ശരീരതാപനില ഉയർന്നത് കാരണമാണ് ചികിത്സ തത്ക്കാലം അവസാനിപ്പിക്കേണ്ടി വന്നതെന്നും ആയുർവേദ ചികിത്സയെക്കുറിച്ചുള്ള അജ്ഞതയാണ് ആരോപണത്തിന് അടിസ്ഥാനമെന്നും റിപ്പോർട്ടില് പറയുന്നു.
പരാതിയെക്കുറിച്ച് കണ്സ്യൂമർ കോടതിയില് കേസ് നടന്നുവരികയാണെന്ന് പരാതിക്കാരി അറിയിച്ച സാഹചര്യത്തിലാണ് കേസ് തീർപ്പാക്കിയത്.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടു : നിര്ദ്ദന കുടുംബത്തിന് ലൈഫ് പദ്ധതിയില് വീട് . HRMP No. 7239/2024 (Date : 08/01/2025)
മലപ്പുറം: 55% ഭിന്നശേഷി ക്കാരായ മൂന്ന് പെണ്കുട്ടികളും കാന്സര് രോഗ ബാധിതയായ മറ്റൊരു മകളുമുള്ള കുടുംബത്തിന് ലൈഫ് മിഷന് പദ്ധതി പ്രകാരം 2 ലക്ഷം രൂപ ഭൂമി വാങ്ങുന്നതിനും 4 ലക്ഷം രൂപ വീടിനും അനുവദിക്കാമെന്ന് തേഞ്ഞിപ്പലം പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷന് ജുഡീഷ്യല് അംഗം കെ. ബൈജുനാഥിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. തേഞ്ഞിപ്പലം സ്വദേശി പി. എ. കുഞ്ഞിമോന് സമർപ്പിച്ച പരാതിയിലാണ് നടപടി. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നതെന്നും ചികിത്സാ ചെലവ് താങ്ങാന് കഴിയുന്നില്ലെന്നും പരാതിയില് പറയുന്നു.
കമ്മീഷന് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില് നിന്നും റിപ്പോർട്ട് വാങ്ങി. 2020 ലെ ഭൂരഹിത ഭവനരഹിതരുടെ പത്താം വാർഡ് ലിസ്റ്റില് ക്രമനമ്പർ ഒന്നായി പരാതിക്കാരന്റെ ഭാര്യ പി. എ. ശോഭയെ ഉള്പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടില് പറഞ്ഞു. മക്കളില് ഒരാളുടെ പേരില് ഇന്ദിരാഗാന്ധി ദേശീയ ഡിസബിലിറ്റി പെന്ഷന് 2023 നവംബർ വരെ അനുവദിച്ചിട്ടുണ്ടെന്നും മറ്റ് കുടുംബാംഗങ്ങളുടെ പേരില് പെന്ഷന് ആനുകൂല്യത്തിന് അപേക്ഷ നല്കിയിട്ടില്ലെന്നും റിപ്പോർട്ടില് പറയുന്നു. കുടുംബം ഇപ്പോള് തേഞ്ഞിപ്പലത്ത് താമസിക്കുന്നില്ലെന്നും റിപ്പോര്ട്ടിലുണ്ട്. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെ കമ്മീഷന് നേരില് കേട്ട് ആവശ്യമായ നടപടികള് സ്വീകരിക്കുവാന് നിർദ്ദേശം നല്കി.
|
റോഡരികില് ഉപേക്ഷിച്ച ഇലക്ട്രിക് പോസ്റ്റുകള് നീക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 08/01/2025)
കോഴിക്കോട്: ബേപ്പൂർ ബി. സി റോഡ് ജംഗ്ഷന് സമീപം റോഡരികില് ഉപേക്ഷിച്ച നിലയിലുള്ള വൈദ്യുതി ബോർഡിന്റെ ഇലക്ട്രിക് പോസ്റ്റുകള് അടിയന്തരമായി നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
കല്ലായ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷന് ജുഡീഷ്യല് അംഗം കെ. ബൈജുനാഥ് നിർദ്ദേശം നല്കിയത്. ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. ഫെബ്രുവരി 28-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില് നടക്കുന്ന സിറ്റിംഗില് കേസ് പരിഗണിക്കും.
നൂറിലധികം വൈദ്യുതി പോസ്റ്റുകളാണ് റോഡരികില് കൂട്ടിയിട്ടിരിക്കുന്നത്. ചില പോസ്റ്റുകളിലെ കോണ്ക്രീറ്റ് തകർന്ന് ഇരുമ്പ് കമ്പികള് റോഡിലേക്ക് തള്ളി നില്ക്കുന്നുണ്ട്. ബേപ്പൂർ ഹൈസ്ക്കൂളിലേക്കും എല്.പി. സ്കൂളിലേക്കുമുള്ള വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ നടന്നു പോകുന്ന റോഡിലാണ് അപകടം പതിയിരിക്കുന്നത്.
പത്രവാർത്തയുടെ അടിസ്ഥാനത്തില് കമ്മീഷന് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ഭവനവായ്പ ജപ്തി നിർത്തിവയ്ക്കണം: റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ. (Date : 07/01/2025)
കോഴിക്കോട് : ഭവനവായ്പയുമായി ബന്ധപ്പെട്ട ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തിരൂർ എസ്. ബി.ഐ ശാഖാ മാനേജർക്കാണ് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. കുറുവട്ടൂർ സ്വദേശി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 10 ദിവസത്തിനകം റിപോർട്ട് സമർപ്പിക്കണം. ജനുവരി 30 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഭാര്യയുമായി ചേർന്നാണ് 2013 ൽ 18 ലക്ഷം രൂപ വായ്പയെടുത്തത്. 10.50 ലക്ഷം തിരിച്ചടച്ചതായി പരാതിയിൽ പറയുന്നു. പിന്നീട് ഇരുവരും വിവാഹമോചിതരായി. പരാതിക്കാരൻ ഹൃദ് രോഗിയുമായി. വസ്തു വിറ്റ് പണം അടയ്ക്കാൻ തയ്യാറാണെന്നും അതിന് സാവകാശം അനുവദിക്കണമെന്നുമാണ് ആവശ്യം.
|
യുവതിക്ക് അഭിമാനക്ഷതമുണ്ടാക്കുന്ന തരത്തിൽ വീഡിയോ പ്രദർശിപ്പിച്ചെങ്കിൽ കേസെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 302/2021 (Date : 06/01/2025)
ആലപ്പുഴ: സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
രാമങ്കരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. രാമങ്കരി മണലാടി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ വസ്തു റോഡിന് വേണ്ടി കൈയേറിയതുമായി ബന്ധപ്പെട്ട കേസിൽ തനിക്ക് ആക്രമണം നേരിട്ടതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു. 2021 ജനുവരി 1 ന് നടന്ന രാഷ്ട്രീയ പ്രതിഷേധത്തിൽ രണ്ടുപേർ തനിക്കെതിരെ അപകീർത്തികരമായി സംസാരിച്ചെന്നും അത് യൂട്യൂബിലിട്ട് അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.
എന്നാൽ ഇരുകക്ഷികളെയും വിളിച്ച് സംസാരിച്ചതാണെന്നും വീഡിയോ പിൻവലിക്കാമെന്ന് എതിർകക്ഷി ഉറപ്പുനൽകിയതാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വീഡിയോ പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
ഇക്കാര്യം ഒരിക്കൽകൂടി പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കണമെന്ന് കമ്മീഷൻ രാമങ്കരി എസ്.എച്ച്.ഒ ക്ക് നിർദ്ദേശം നൽകി. നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ പരാതിക്കാരിക്ക് സിവിൽ കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.
|
ഹർത്രാസ് സംഭവത്തിൽ അറസ്റ്റ്: ഇടപെടാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No.1788//2023 (Date : 06/01/2025)
മലപ്പുറം: ഉത്തർപ്രദേശിലെ ഹർത്രാസിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് മലപ്പുറം പൂന്താവനം കാര്യമാട് സ്വദേശി കമാലിനെ അറസ്റ്റ് ചെയ്തത് ഉത്തർപ്രദേശ് പോലീസാണെന്നും ഇക്കാര്യത്തിൽ ഇടപെടാൻ കമ്മീഷന് കഴിയില്ലെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
പരാതി പരിഹാരത്തിന് ഉത്തർപ്രദേശ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയോ ദേശീയ മനുഷ്യാവകാശ കമ്മീഷനെയോ സമീപിക്കാമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
2023 മാർച്ച് 3 ന് യു.പി പോലീസ് മേലാറ്റൂർ പോലീസിന്റെ സഹായത്തോടെ വീട്ടിലെത്തി തന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഭാര്യ സജ്ന സമർപ്പിച്ച പരാതിയിലാണ് നടപടി. തന്റെ ഭർത്താവ് ഇപ്പോൾ ലക്നൗ ജയിലിലാണെന്നും സിദ്ധിഖ് കാപ്പനുമായുള്ള ബന്ധമാണ് അറസ്റ്റിന് കാരണമെന്നും പരാതിക്കാരി അറിയിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് പോലീസ് ടാസ്ക് ഫോഴ്സാണ് അറസ്റ്റ് ചെയ്തതെന്നും ഉത്തർപ്രദേശിലെ മധുര ജില്ലയിൽ നടന്ന മാർച്ചുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 199/2020 കേസിലാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ ഭർത്താവിനെ കരിപ്പൂരിൽ നിന്നും വിമാനമാർഗം ആഗ്രയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി സാമ്പത്തിക ഇടപാട് നടത്തിയതിയതിനാണ് പ്രതി ചേർത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. യു.പി. പോലീസിനെ സഹായിക്കുക മാത്രമാണ് ഇക്കാര്യത്തിൽ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കമാലിന്റെ ഭാര്യ സജ്ന സമർപ്പിച്ച പരാതിയിലാണ് നടപടി.
|
സാങ്കേതിക കാരണത്താൽ മുടങ്ങിയ പെൻഷൻ കുടിശിക കർഷകന് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5518/2024 (Date : 06/01/2025)
തിരുവനന്തപുരം: സാങ്കേതിക കാരണങ്ങളാൽ ക്ഷേമപെൻഷൻ മുടങ്ങിയ കർഷകന് സർക്കാരിൽ നിന്നും തുക ലഭ്യമാക്കി എത്രയും വേഗം കുടിശിക ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സിന്റിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായി ലയിപ്പിച്ച സാഹചര്യത്തിൽ ഐ.എഫ്. എസ്. സി കോഡിൽ മാറ്റം വന്നതു കൊണ്ടാണ് 2021 ജനുവരി മുതൽ മേയ് വരെയുള്ള പെൻഷൻ തുക നൽകാതിരുന്നതെന്ന് കൃഷി ഡയറക്ടർ കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്.
പരാതിക്കാരനായ പനവൂർ കൂനൻവേങ്ങ സ്വദേശി പി.എൻ. പുഷ്പാംഗദൻ ബാങ്ക് അക്കൗണ്ടിലുണ്ടായ മാറ്റം കൃഷിഭവനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ സേവന പോർട്ടലിൽ പുതുക്കി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ മുതലുള്ള പെൻഷൻ നൽകിയിട്ടുണ്ട്. കുടിശിക വിതരണത്തിനായി ഫണ്ട് കണ്ടെത്തുമ്പോൾ പെൻഷൻ കുടിശിക നൽകാമെന്ന് സർക്കാർ ഉത്തരവിലുണ്ടെന്നു കൃഷി ഡയറക്ടർ കമ്മീഷനെ അറിയിച്ചു. 2024 മേയ് മുതൽ ചെറുകിട നാമമാത്ര കർഷകർക്ക് നൽകി വരുന്ന കർഷക പെൻഷൻ പരാതിക്കാരന് നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
|
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു: തടവുകാരുടെ ഇഷ്ടാനുസരണം മരുന്ന് എഴുതി നൽകാനാവില്ലെന്ന് ജയിൽ സൂപ്രണ്ട്. HRMP No. 8122/2024 (Date : 04/01/2025)
മലപ്പുറം: തടവുകാർ ആവശ്യപ്പെടുന്ന മരുന്നുകൾ ജയിൽ ഡോക്ടർ എഴുതി നൽകുന്നില്ലെന്ന പരാതി പതിവാണെന്നും അന്തേവാസികളുടെ ഇഷ്ടപ്രകാരം മരുന്നുകൾ എഴുതി നൽകുന്നത് അപ്രായോഗികമാണെന്നും തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ജയിൽ ഡോക്ടർക്കെതിരെ തടവുകാരൻ സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സൂപ്രണ്ട് ഇക്കാര്യമറിയിച്ചത്.
അന്തേവാസികളുടെ പരാതികൾ പരിഹരിക്കാൻ ജയിൽ സൂപ്രണ്ട് അധ്യക്ഷനായ സമിതിയുണ്ടെന്നും കമ്മീഷനിൽ പരാതി നൽകിയ തടവുകാരൻ ഇപ്രകാരം പരാതി നൽകിയിട്ടുണ്ടെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു.
ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ സമയബന്ധിതമായി അന്തേവാസികൾക്ക് നൽകാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന ചികിത്സാകേന്ദ്രങ്ങളിലേക്ക് ശുപാർശ ചെയ്യുന്ന അന്തേവാസികൾക്ക് ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. തവനൂർ സെൻട്രൽ ജയിലിലെ തടവുകാരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മുളക്കുഴയിലെ കാട്ടുപന്നിയാക്രമണം: നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 04/01/2025)
ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയിൽ 60 ഓളം വരുന്ന കാട്ടുപന്നികൾ ലക്ഷകണക്കിന് രൂപയുടെ കൃഷിനാശമുണ്ടാക്കിയിട്ടും നടപടിയെടുത്തില്ലെന്ന പരാതിയിൽ വന്യമൃഗ ആക്രമണത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷകളുടെ എണ്ണവും അനുവദിച്ച നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങളും റാന്നി ഡി.എഫ്.ഒ ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
1980 ലെ വന്യമൃഗ ആക്രമണത്തെ തുടർന്ന് നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.
വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ചും റാന്നി ഡി.എഫ്.ഒ വിശദീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ആക്രമണത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച കർഷകർ ചട്ടപ്രകാരം അപേക്ഷ നൽകിയിട്ടില്ലെങ്കിൽ ഡി.എഫ്.ഒ ഇക്കാര്യം പരിശോധിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, റാന്നി ഡി.എഫ്.ഒ, ജില്ലാ കൃഷി ഓഫീസർ, മുളക്കുഴ പഞ്ചായത്ത് സെക്രട്ടറി എന്നിവർ അന്വേഷണം നടത്തണം
നാശനഷ്ടം സംഭവിച്ച കർഷകർ ചട്ടപ്രകാരം അപേക്ഷ നൽകിയിട്ടില്ലെങ്കിൽ അത്തരം വ്യക്തികളെ കണ്ടെത്തി അപേക്ഷ നൽകാനുള്ള നടപടികൾ പഞ്ചായത്തുമായി സഹകരിച്ച് പാരാ ലീഗൽ വാളന്റിയർ മുഖേന ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നടപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, റാന്നി ഡി.എഫ്.ഒ, മുളക്കുഴ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കൃഷി ഓഫീസർ എന്നിവർക്കാണ് ഉത്തരവ് അയച്ചത്.
ദൃശ്യമാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
പണമില്ലാത്തതിനാൽ അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാവുന്നില്ല: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. (Date : 03/01/2025)
കോഴിക്കോട്: പണമില്ലാത്തതിനാൽ അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുന്നില്ലെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ജനുവരി 30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളെ ചൂഷണം ചെയ്യാൻ മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് ആരോപണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള കൊള്ളക്ക് ആരോഗ്യപ്രവർത്തകരുടെ ഒത്താശയുണ്ടെന്നും ഇതിന് വേണ്ടി വൻ തുക ഈടാക്കുന്നുണ്ടെന്നും ആരോപണമുണ്ട്. പണമില്ലെങ്കിൽ മൃതദേഹം കേരളത്തിൽ തന്നെ സംസ്ക്കരിക്കേണ്ടി വരും. മരിച്ചാൽ മൃതദേഹങ്ങൾക്ക് വിലയേറുന്നതായും സ്വകാര്യ ഏജൻസികൾ ഇക്കാര്യത്തിൽ കൊയ്ത്തു നടത്തുന്നതായും ആരോപണമുണ്ട്. സർക്കാരും തൊഴിലുടമകളും കൈയൊഴിയുന്നതോടെ മൃതദേഹങ്ങൾ സംസ്ഥാനത്തെ മോർച്ചറികളിൽ ദിവസങ്ങളോളം കഴിയാനാണ് വിധിയെന്നും ആരോപണമുണ്ട്.
മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ജപ്തി ഭീഷണി: ഗ്രാമീൺ ബാങ്ക് മാനേജർ വിശദീകരണം സമർപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 03/01/2025)
കോഴിക്കോട്: ബാങ്കിന്റെ ജപ്തി നടപടിയെ തുടർന്ന് ഭിന്നശേഷിക്കാരനും കുടുംബവും വീടുവിട്ടിറങ്ങേണ്ട അവസ്ഥയിലാണെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കേരള ഗ്രാമീൺ ബാങ്ക് അത്തോളി ശാഖാ മാനേജർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്.
പത്തിലും മൂന്നിലും പഠിക്കുന്ന രണ്ടു കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ജപ്തി ഭീഷണിക്ക് ഇരയായിരിക്കുന്നത്. 2018 ലാണ് കേരള ഗ്രാമീൺ ബാങ്കിന്റെ അത്തോളി ശാഖയിൽ നിന്നും വീട് നിർമ്മിക്കാൻ വായ്പയെടുത്തത്. കോവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങി. 8 ലക്ഷം രൂപയിൽപരം അടയ്ക്കാനുണ്ട്. വീടും സ്ഥലവും വിൽപനക്ക് എന്ന് ബാങ്ക് വീടിനു മുന്നിൽ ബോർഡ് തൂക്കിയിട്ടുണ്ട്. തട്ടുകട നടത്തിയാണ് 50 ശതമാനം ഭിന്നശേഷിയുള്ള ഷംസീറും കുടുംബവും ജീവിക്കുന്നത്.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങൾ സംഘർഷത്തിലേക്ക് വഴിമാറാതിരിക്കാൻ ശ്രദ്ധിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 846/2023 (Date : 31/12/2024)
കോഴിക്കോട്: വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങൾ സംഘർഷത്തിലേക്ക് വഴിമാറാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ഇത് സംബന്ധിച്ച് എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
മേപ്പയൂരിലെ ഒരു വീട്ടിൽ വിവാഹത്തിനിടയ്ക്ക് നടന്ന ആഘോഷം അതിരുകടന്നതിനെ തുടർന്നുണ്ടായതു പോലുള്ള സംഘർഷങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കോഴിക്കോട് ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. വിവാഹ ചടങ്ങിനെത്തിയ വരന്റെ സുഹൃത്തുക്കൾ ചേർന്ന് വധുഗൃഹത്തിനടുത്ത് വച്ച് പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ പോലീസ് സംയോചിതമായി ഇടപെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ജനവാസമേഖലയിലെ കാട്ടാനയാക്രമണം: ഉദ്യോഗസ്ഥതല യോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 9901/2024 (Date : 31/12/2024)
ഇടുക്കി: കാട്ടാനായാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനായി വനംവകുപ്പു മേധാവിയുടെയും ( ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്) ഇടുക്കി ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ വനം, റവന്യൂ, പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
വന്യമൃഗങ്ങൾ ജനവാസമേഖലയിൽ കടന്നുകയറി നടത്തുന്ന അക്രമങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് എം.പി, എം.എൽ.എ, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ അഭിപ്രായങ്ങൾ അറിയണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് വനം വകുപ്പു മേധാവിയും (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്) ജില്ലാ കളക്ടറും പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിക്കണം.
വനം വകുപ്പു മേധാവിയും ജില്ലാ കളക്ടറും നിയോഗിക്കുന്ന ഡി.എഫ്.ഒ യും ആർ.ഡി.ഒ യും ഫെബ്രുവരി 18 ന് രാവിലെ 10 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ജനവാസമേഖലയിൽ വന്യജീവികൾ നടത്തുന്ന ആക്രമണം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമായി ഫലപ്രദമായ പ്രതിരോധ നടപടികൾ അടങ്ങിയ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇബ്രഹാമിന്റെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ മൻസൂറിന് നിയമപ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുണ്ടോയെന്നും പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വണ്ണപ്പുറം മുള്ളരിങ്ങാട് ജനവാസമേഖലയിലാണ് സംഭവം. സംഭവത്തിൽ ഇടുക്കി ജില്ലാ കളക്ടർ വിശദമായ അന്വേഷണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
കേരളത്തിൽ സാമൂഹിക ഇടപെടൽ കുറഞ്ഞുവരുന്നതായി ഡി.ജി.പി സഞ്ജീവ് കുമാർ പട്ജോഷി. (Date : 30/12/2024)
തിരുവനന്തപുരം: മൊബൈൽ ഫോണിന്റെ ഉപയോഗം കാരണം കേരളീയ സമൂഹത്തിൽ സാമൂഹിക ഇടപെടൽ കുറഞ്ഞുവരുന്നതായി മനുഷ്യാവകാശ കമ്മീഷൻ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്നും ഇന്ന് (31/12/2024) വിരമിക്കുന്ന ഡോ.സഞ്ജീവ്കുമാർ പട്ജോഷി.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മൊബൈൽ ഫോണിലും വാട്സ് ആപ്പിലും സമയം ചെലവിടുന്നതിന് പകരം പരസ്പരം കാണാനും സംസാരിക്കാനും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര ബന്ധവും സൗഹൃദവും സ്നേഹവും കൈമാറാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മലയാളികളുടെ ആതിഥ്യമര്യാദ എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും സ്വീകരിക്കാനുള്ള മനസ് മലയാളികൾക്കുണ്ട്.
സത്യസന്ധമായി ജോലിചെയ്യാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ മൂലധനമെന്ന് ഡോ. സഞ്ജീവ്കുമാർ പട്ജോഷി പറഞ്ഞു.
ചടങ്ങിൽ അധ്യക്ഷയായിരുന്ന കമ്മീഷൻ സെക്രട്ടറി കെ.ആർ സുചിത്ര ഉപഹാരം കൈമാറി. അന്വേഷണ വിഭാഗത്തിന്റെ ഉപഹാരം എസ്.പി ബിജോ അലക്സാണ്ടർ കൈമാറി. ഫിനാൻസ് ഓഫീസർ തുഷാര ജോർജ്, ഡി.വൈ.എസ്.പി എസ്.എസ്. സുരേഷ്കുമാർ, പി.ആർ.ഒ പി.എം. ബിനുകുമാർ, അസിസ്റ്റന്റ് ലീഗൽ ഓഫീസർ സി.എൻ. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
|
ചേളന്നൂർ പോഴിക്കാവ് കുന്നിടിക്കൽ തടഞ്ഞതിന് മർദ്ദനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 30/12/2024)
കോഴിക്കോട്: ദേശീയപാതാ നിർമ്മാണത്തിനായി ചേളന്നൂർ പോഴിക്കാവ് കുന്നിടിച്ച് അശാസ്ത്രീയമായി മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധിച്ച ജനപ്രതിനിധികൾക്കും നാട്ടുകാർക്കും പോലീസിന്റെ ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നോട്ടീസയച്ചത്. ഒരാഴ്ച്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സ്ത്രീകൾ ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റതായി മനസിലാക്കുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് പോലീസ് മർദ്ദിച്ചതെന്ന് ജനകീയ സമിതി ആരോപിച്ചു. മർദ്ദനമേറ്റ് നിലത്തുവീണ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സുരേഷ്കുമാറിനെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചതായി പരാതിയുണ്ട്. സ്ത്രീകളെ പുരുഷൻമാരായ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായും പരാതിയുണ്ട്.
|
വഞ്ചിവയൽ കോളനിയിലേക്ക് കുടിവെള്ളവും റോഡും: പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 729/2024 (Date : 30/12/2024)
ഇടുക്കി: വണ്ടിപെരിയാർ വഞ്ചിവയൽ ആദിവാസി കോളനിയിലേക്ക് കുടിവെള്ളം , റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 21 ന് രാവിലെ 10 ന് തൊടുപുഴ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ വണ്ടിപെരിയാർ പഞ്ചായത്ത് സെക്രട്ടറിയോ അസിസ്റ്റന്റ് എഞ്ചിനീയറോ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
വണ്ടിപെരിയാർ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. എന്നാൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ കുടിവെള്ളവും റോഡും ഉറപ്പാക്കുന്നത് സംബന്ധിച്ച പരാമർശം ഇല്ലാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചത്. വണ്ടിപെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിരുത്തരവാദപരമായിട്ടാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരന് മുൻകൂർ നോട്ടീസ് നൽകിയശേഷം വണ്ടിപെരിയാർ പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്തിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറും സംയുക്തമായി സ്ഥലപരിശോധന നടത്തണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. വഞ്ചിവയൽ ആദിവാസി കോളനിയിലെ ഊരുമൂപ്പന്റെയും സ്ഥലവാസികളിൽ ചിലരുടെയും മൊഴി രേഖപ്പെടുത്തണം. കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള പരിഹാരമാർഗ്ഗങ്ങൾ മനസിലാക്കണം. ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കും മുൻകൂർ നോട്ടീസ് നൽകണം. സ്ഥല പരിശോധനാ ദിവസം റേഞ്ച് ഓഫീസർ സ്ഥലത്ത് ഹാജരാകണം. നിലവിലുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാൻ സ്വീകരിക്കേണ്ട നടപടികൾ പഞ്ചായത്ത് സെക്രട്ടറി പരിശോധിക്കണം.. സ്ഥലപരിശോധനയുടെയും ലഭ്യമായ മറ്റ് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വണ്ടിപെരിയാർ പഞ്ചായത്ത് സെക്രട്ടറി മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകൻ ഡോ.ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മയക്കുമരുന്ന് വിപണനവും ഉപയോഗവും തടയാൻ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇടപെടണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No.2514/2024 (Date : 28/12/2024)
കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗം യുവാക്കളിലും കുട്ടികളിലും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന പോലീസ് മേധാവി വ്യക്തി പരമായി താൽപര്യമെടുത്ത് മയക്കുമരുന്ന് ഉപയോഗവും വിൽപനയും ഇല്ലാതാക്കുന്നതിനാവശ്യമായ കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ 3 മാസത്തിനുള്ളിൽ സംസ്ഥാന പോലീസ് മേധാവി കമ്മീഷന് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഏറ്റവും വലിയ സാമൂഹിക വിപത്തായി മയക്കുമരുന്ന് മാറുകയാണെന്നും ഉപയോഗവും വ്യാപാരവും കർശനമായി ഇല്ലാതാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പോലീസും എക്സൈസും മറ്റ് വകുപ്പുകളും ചേർന്ന് സംയുക്തമായി ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപടി സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും ഉത്തരവിൽ പറയുന്നു.
ഒഞ്ചിയത്ത് രണ്ടു യുവാക്കൾ മയക്കുമരുന്നിന്റെ അമിതോപയോഗം കാരണം മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
വടകര ഡി.വൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ടിൽ ഒഞ്ചിയത്ത് യുവാക്കൾ മരിച്ച സംഭവത്തിൽ രാസപരിശോധനാ ഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പറയുന്നു. കേസിൽ മയക്കുമരുന്ന് ലഭ്യമായ ഉറവിടത്തെ കുറിച്ചും മറ്റും വിവരങ്ങൾ ലഭ്യമാക്കി അന്വേഷണം നടത്തി വരികയാണ്. വടകര പോലീസ് 229/24 നമ്പറായും കൊയിലാണ്ടി പോലീസ് 276/24 നമ്പറായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു. യുവാക്കളിലും കൗമാരക്കാരിലും മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് കാരണം മരണം സംഭവിച്ച കേസുകൾ വിശദമായി അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്ന് വിപണനം, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർ വീണ്ടും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്നു അന്വേഷിക്കുന്നുണ്ട്. എക്സൈസും പോലീസും മറ്റ് വകുപ്പുകളും ചേർന്ന് ഇത്തരം കേസുകളിൽ അന്വേഷണം നടത്തിവരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
|
മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണക്കിൽ ചികിത്സാ പിഴവ് കണ്ടെത്തി: അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No.3283/2024 (Date : 28/12/2024)
കൊച്ചി: തലവേദനയും ശാരീരിക അസ്വസ്ഥതതകളുമായി സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് രോഗനിർണയത്തിലും ചികിത്സയിലും പിഴവുണ്ടായിട്ടുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ സാഹചര്യത്തിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് കേസന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശാനുസരണം ജില്ലാ മെഡിക്കൽ ഓഫീസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറണമെന്ന് കമ്മീഷൻ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് സൂക്ഷ്മമായി പരിശോധിക്കണം. 304 എ ഐ.പി.സി യോ സമാനമായ മറ്റു വകുപ്പുകളോ ഉൾപ്പെടുന്ന കുറ്റകൃത്യം കണ്ടെത്തിയാൽ അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ചശേഷം എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും പത്തനംതിട്ട ഊന്നുകൽ കാർത്തികയിൽ സുനുകുമാർ പുരുഷോത്തമന്റെ മകൾ കീർത്തി സുനുകുമാർ(22) ആണ് മരിച്ചത്. പോണ്ടിച്ചേരി മഹാത്മഗാന്ധി മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥിനിയായിരുന്ന കീർത്തിയെ തലവേദനയെ തുടർന്നാണ് 2024 മേയ് 6 ന് എറണാകുളം ആസ്റ്റർ മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മേയ് 9 ന് റിനൈ മെഡിസിറ്റിയിലേക്ക് മാറ്റി. മേയ് 10 നാണ് കീർത്തി മരിച്ചത്. യഥാർത്ഥ രോഗനിർണയം നടത്താതെ ചികിത്സ നടത്തിയതു കാരണമാണ് മകൾ മരിച്ചതെന്നും ചികിത്സാപിഴവുണ്ടായതായും അച്ഛൻ സുനുകുമാർ പുരുഷോത്തമൻ സമർപ്പിച്ച പരാതിയിൽ പറഞ്ഞു. കമ്മീഷൻ എറണാകുളം ഡി.എം.ഒ യിൽ നിന്നും അന്വേഷണ റിപ്പോർട്ട് വാങ്ങി. ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ.ആർ.രാജൻ, ന്യൂറോളജിസ്റ്റ് ഡോ.സജിത്ത് ജോൺ (കളമശേരി മെഡിക്കൽ കോളേജ്) ഡോ.കെ.ജി ജയൻ (കൺസൾട്ടന്റ് ഫിസിഷ്യൻ, ജനറൽ ആശുപത്രി, എറണാകുളം) ഡോ.പി.ആർ.അജീഷ് (കൺസൾട്ടന്റ് സൈക്യാട്രി, ജനറൽ ആശുപത്രി, എറണാകുളം) ഡോ.കെ.ജി. സുരഭ (ഒഫ്ത്തോൾമോളജി, ജനറൽ ആശുപത്രി, എറണാകുളം) എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തിയത്.
രോഗനിർണയം നടത്തുന്നതിനുമുള്ള മതിയായ പരിശോധനകൾ നടത്തിയിട്ടില്ലെന്നും ആസ്റ്ററിൽ നിന്നും റിനൈ മെഡിസിറ്റിയിലേക്ക് രോഗിയെ മാറ്റുമ്പോൾ ആശുപത്രി ജീവനക്കാരോടുകൂടിയ ഐ.സി.യു ആമ്പുലൻസ് ഉപയോഗിക്കണമായിരുന്നുവെന്നും വിദഗ്ധ പരിശോധനകൾ നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗനിർണയത്തിലും ചികിത്സയിലും മതിയായ പരിചരണം ഉണ്ടായിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിൽ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം 0574/2024 കേസിൽ അന്വേഷണ പുരോഗതിയുണ്ടായിട്ടില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. സെക്ഷൻ 174 സി.ആർ. പി. സി മാത്രമായി രജിസ്റ്റർ ചെയ്ത കേസിൽ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട വകുപ്പ് ചേർക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാൻ കമ്മീഷൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
|
മനുഷ്യാവകാശ കമ്മീഷൻ വയനാട് സിറ്റിംഗ് റദ്ദാക്കി. (Date : 27/12/2024)
വയനാട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ജനുവരി 7 ന് സുൽത്താൻ ബത്തേരി ടൗൺ ഹാളിൽ നടത്തേണ്ടിയിരുന്ന സിറ്റിംഗ് റദ്ദാക്കി. പുതിയ തീയതി പരാതിക്കാരെ നേരിട്ട് അറിയിക്കും.
|
തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നില്ല: തൊഴിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3643/2024 (27/12/2024)
ഇടുക്കി: തേയില തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാൻ തൊഴിൽ വകുപ്പ് കാലതാമസം വരുത്തുന്നുവെന്ന പരാതിയിൽ തൊഴിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ജനുവരി 21 ന് രാവിലെ 10 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ പ്രതിനിധീകരിച്ച് മുതിർന്ന ഉദ്യോഗസ്ഥൻ ഹാജരാകണമെന്നാണ് ഉത്തരവ്.
പീരുമേട് താലൂക്കിലെ എസ്റ്റേറ്റ് ലയങ്ങൾ തകർന്ന് തൊഴിലാളികൾക്ക് പരിക്ക് പറ്റിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. കോട്ടുമല, തേങ്ങാക്കൽ എസ്റ്റേറ്റുകൾക്കെതിരെയാണ് പ്രധാന പരാതി.
പൂട്ടിക്കിടക്കുന്ന എം.എം.ജെ പ്ലാന്റേഷന്റെ ഉടമസ്ഥതതയിലുള്ള കോട്ടമല എസ്റ്റേറ്റിലെ പല ലയങ്ങളും തകർന്നു വീഴാറായ അവസ്ഥയിലാണെന്ന് ലേബർ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ലയങ്ങളുടെ നവീകരണത്തിനായി സംസ്ഥാന നിർമ്മിതി കേന്ദ്രം തയ്യാറാക്കിയ 33,70,000 രൂപയുടെ എസ്റ്റിമേറ്റ് ലേബർ കമ്മീഷണർ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ 2022-23, 2023-24 ബജറ്റുകളിൽ 10 കോടി രൂപ വീതം ലയ നവീകരണത്തിന് അനുവദിച്ചിരുന്നതായി മനുഷ്യാവകാശ പ്രവർത്തകൻ ഡോ.ഗിന്നസ് മാടസാമി കമ്മീഷനെ അറിയിച്ചു. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ എസ്റ്റിമേറ്റ് സംബന്ധിച്ച ഫയൽ ധനവകുപ്പ് അംഗീകരിക്കുകയും 50 ലക്ഷം രൂപ കൂടി പാസാക്കി തൊഴിൽ വകുപ്പിന് കൈമാറിയതായും തനിക്ക് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചതായി പരാതിക്കാരൻ അറിയിച്ചു.
തൊഴിൽ വകുപ്പ് സെക്രട്ടറി ഇക്കാര്യങ്ങൾ പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരന്റെ ആരോപണങ്ങൾ ശരിയാണോ, ലയങ്ങൾ നവീകരിക്കാൻ ധനവകുപ്പ് ഫണ്ട് പാസാക്കിയോ, പാസാക്കിയെങ്കിൽ തുക വിനിയോഗിക്കാൻ കാലതാമസമെന്ത് തുടങ്ങിയ വിവരങ്ങൾ തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ പ്രതിനിധീകരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ കമ്മീഷനെ ധരിപ്പിക്കണം. ലേബർ കമ്മീഷണർ 2024 ജനുവരി 3 ന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ തൊഴിൽ പ്രിൻസിപ്പൽ സെക്രട്ടറി രേഖാമൂലം അറിയിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
|
വെള്ളായണി ജംഗ്ഷൻ പറക്കോട് കുളത്തിലെ മുങ്ങിമരണം: അന്വേഷണം തൃപ്തികരമല്ലെങ്കിൽ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണം. മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3748/2024 (Date : 24/12/2024)
തിരുവനന്തപുരം: വെള്ളായണി ജംഗ്ഷൻ പറക്കോട് കുളത്തിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ നേമം പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം തൃപ്തികരമല്ലെങ്കിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ക്ക് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
നേമം പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 842/24 നമ്പർ കേസിന്റെ സി.ഡി ഫയൽ ജില്ലാ പോലീസ് മേധാവി വിളിച്ചു വരുത്തിയശേഷം അന്വേഷണം കൈമാറാനാണ് ഉത്തരവ്. ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഉദാസീനത, അപകട സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തത്, കുളത്തിനുള്ളിലെ തുറന്ന ചെറുകുളം തുടങ്ങിയ കാര്യങ്ങളാണ് അപകടത്തിലേക്ക് നയിച്ചതെന്ന പരാതിക്കാരന്റെ ആരോപണം സംബന്ധിച്ച് ബന്ധപ്പെട്ട കക്ഷികൾക്ക് മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷം വസ്തുനിഷ്ഠവും സത്യസന്ധമായും അന്വേഷണം നടത്തി ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
കുട്ടികളുടെ മരണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയുണ്ടോ എന്നും പരിശോധിക്കണം. മുങ്ങി മരിച്ച കുട്ടികളുടെ പൂർണവിലാസവും റിപ്പോർട്ടിലുണ്ടാവണം.
ക്രൈംബ്രാഞ്ച് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പറക്കോട് കുളത്തിന്റെ നവീകരണം നടക്കുന്നതിനിടയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളാണ് മുങ്ങി മരിച്ചത്. കുളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മൂടിയില്ലാത്ത ചെറുകുളത്തിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പരാതിക്കാരൻ അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ കുറിപ്പിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ: ആശുപത്രികളിൽ കാത്തിരിക്കുന്ന കൂട്ടിരിപ്പുകാരോട് ക്രൂരത വേണ്ട. (Date : 24/12/2024)
കോഴിക്കോട് : ആശുപത്രികളിലെ ഐ. സി. യു.വിലും വെന്റിലേറ്ററിലും മറ്റും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ കാത്ത് പുറത്തിരിക്കുന്ന ബന്ധുക്കളോട് ആശുപത്രി അധിക്യതർ സ്വീകരിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ബൈസ്റ്റാന്റേഴ്സ് എന്ന് വിളിക്കുന്ന കൂട്ടിരിപ്പുകാർക്ക് മാന്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. കഥാകൃത്ത് ശിഹാബുദീൻ പൊയ്ത്തുംകടവ് സമൂഹമാധ്യമത്തിൽ എഴുതിയ ഒരു കുറിപ്പിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തുകൊണ്ടാണ് കമ്മീഷന്റെ ഇടപെടൽ.
ആരോഗ്യവകുപ്പു ഡയറക്ടർ ഇക്കാര്യത്തിൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അവ നടപ്പിലാക്കാൻ പ്രായോഗിക മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ ബൈസ്റ്റാന്റർമാർക്ക് പിന്തുണയും കരുണയും നൽകാൻ തയ്യാറാകണം. ഇതിന് അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെ വേണമെങ്കിലും അവ സമയബന്ധിതമായി നടപ്പിലാക്കണം. എഴുത്തുകാരൻ നിർദ്ദേശിക്കുന്ന ലഘുവായ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ആരോഗ്യവകുപ്പു ഡയറക്ടർ സ്വീകരിക്കുന്ന നടപടികൾ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. ജനുവരി 30 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത വിധത്തിലാണ് ആശുപത്രികളിലെ കൂട്ടിരിപ്പുകാരോട് പെരുമാറുന്നതെന്നും കെ. ബൈജൂനാഥ് പറഞ്ഞു.
ഐ.സി യുവിന് മുന്നിലും വെന്റിലേറ്ററിന് മുന്നിലും കാവലിരിക്കുന്നവർക്ക് രാത്രികളിൽ ഉണർന്നിരുന്ന് നേരം വെളുപ്പിക്കാനാണ് വിധിയെന്ന് കഥാകൃത്ത് തന്റെ കുറിപ്പിൽ പറയുന്നു. രോഗികൾക്കൊപ്പം പ്രധാനമാണ് പുറത്തിരിക്കുന്ന കൂട്ടിരിപ്പുകാരുടെ ആരോഗ്യം എന്ന കാര്യം ആശുപത്രി അധിക്യതർ മറന്നുപോകുന്നതായും കഥാക്യത്ത് പറയുന്നു
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: എടരിക്കോട് ടെക്സ്റ്റയിൽസിൽ ശമ്പളകുടിശിക ഗഡുക്കളായി നൽകുമെന്ന് ഉറപ്പ്. HRMP No. 8294/2020 (Date : 21/12/2024)
മലപ്പുറം: സർക്കാർ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റയിൽസിൽ നിന്നും വിരമിച്ചവർക്കുള്ള ശമ്പളകുടിശിക പത്തു തവണകളായി നൽകുമെന്നും ഇതിൻ നാലു ഗഡുക്കൾ നൽകിയെന്നും കമ്പനി യൂണിറ്റ് മാനേജർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ശമ്പളകുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുൻജീവനക്കാർ സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കുറെ വർഷങ്ങളായി സ്ഥാപനം കടുത്ത നഷ്ടത്തിലാണെന്ന് കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം 2016 ൽ ലേ ഓഫിലേക്ക് പോയി. സർക്കാർ ഇടപെട്ടതിനെ തുടർന്ന് 2017 ൽ പ്രവർത്തനം പുനരാംഭിച്ചെങ്കിലും കോവിഡ് മഹാമാരി കാരണം പ്രവർത്തനം നിലച്ചു. സർക്കാർ ധനസഹായത്താൽ 2023 മാർച്ച് 20 ന് സ്ഥാപനത്തിന്റെ പ്രവർത്തനം പുനരാംഭിച്ചിട്ടുണ്ട്. തനത് വരുമാനത്തിൽ നിന്നും കുടിശിക തവണകളായി നൽകി വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. വി.ടി ബാലചന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
എടയാറിലെ പൊതുമരാമത്ത് വകുപ്പിന്റെ കുഴിയിൽ ബാരിക്കേഡ് സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 964/2024 (Date : 21/12/2024)
എറണാകുളം: എടയാറിൽ റോഡിന് നടുക്ക് കലുങ്ക് നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് എടുത്ത 2 മീറ്ററിലേറെ ആഴവും കമ്പികളും നിറഞ്ഞ കുഴി ബാരിക്കേഡ് കൊണ്ട് മറയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം (കാക്കനാട്) എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥലം സന്ദർശിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അപകടം സൂചിപ്പിക്കുന്ന ബോർഡ് ഇവിടെ സ്ഥാപിക്കണം. ബൈക്ക് യാത്രികൻ കുഴിയിൽ വീണ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അഗ്നിശമനാ വിഭാഗവുമായി കൂടിയാലോചിച്ച് സ്ഥലത്ത് തെരുവു വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ നടപടിയെടുക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു മാസത്തിനകം സ്വീകരിച്ച നടപടികളെകുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.
റോഡ് സുരക്ഷാ കമ്മീഷണർ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് സ്ഥല പരിശോധന നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അപകടങ്ങൾ ഒഴിവാക്കുന്നനായി പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികൾ പരിശോധിച്ചിട്ടു വേണം റിപ്പോർട്ട് നൽകേണ്ടത്.
പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറും റോഡ് സുരക്ഷാ കമ്മീഷണറും നിയോഗിക്കുന്ന രണ്ട് ഉദ്യോഗസ്ഥർ ജനുവരി 23 ന് രാവിലെ 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
|
കുടിശിക വിവരം അന്വേഷിക്കാനെത്തിയ ഗ്യഹനാഥന് മർദ്ദനം: ചീഫ് എഞ്ചിനീയർ അന്വേഷിക്കണം - മനുഷ്യാവകാശ കമ്മീഷൻ. (Date : 21/12/2024)
തിരുവനന്തപുരം: വാട്ടർ അതോറിറ്റി കുടിശികയുമായി ബന്ധപ്പെട്ട് സംശയം ചോദിക്കാനും കണക്ഷൻ വിഛേദിച്ചത് തിരക്കാനും ജല അതോറിറ്റി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയെ കുറിച്ച് വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
മർദ്ദനത്തിന്റെ സി.സി.റ്റി.വി. ദ്യശ്യങ്ങൾ പരിശോധിച്ച് വസ്തുതാപരമായ വിവരങ്ങൾ മനസിലാക്കി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സമർപ്പിച്ച റിപ്പോർട്ട് ചീഫ് എഞ്ചിനീയർ കമ്മീഷന് സമർപ്പിക്കണം.
ജനുവരി 16 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ചീഫ് എഞ്ചിനീയർ നിയോഗിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
കഴിഞ്ഞ മാസം 28 ന് ജല അതോറിറ്റി പോങ്ങുംമൂട് സെക്ഷൻ ക്യാഷ് കൗണ്ടറിന്റെ പരിസരത്താണ് സംഭവമുണ്ടായതെന്ന് മനസിലാക്കുന്നു. മർദ്ദനമേറ്റ ഗൃഹനാഥനെ വീണ്ടും ഓഫീസിലെത്തിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങിയെന്നും ആരോപണമുണ്ട്. സംഭവം ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥിരീകരിച്ചിട്ടുള്ളതായി പറയുന്നു. 5000 രൂപ കുടിശിക അടച്ച ശേഷമാണ് കണക്ഷൻ വിഛേദിച്ചതെന്നും പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മൊകവൂർ - കുമ്മിക്കൽ താഴം ക്രോസിംഗിൽ അടിപ്പാത നിർമ്മിക്കണം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. (Date : 21/12/2024)
കോഴിക്കോട്: ദേശീയപാത -66 മൊകവൂർ-കുമ്മിക്കൽ താഴം ക്രോസിംഗിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യത്തിൽ ദേശീയപാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ ജനുവരി 30 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നഗരസഭയിലെ അഞ്ചാം വാർഡായ മൊകവൂരിനെ രണ്ടായി വിഭജിച്ചുകൊണ്ടാണ് ദേശീയപാത 66 കടന്നുപോകുന്നതെന്ന് പരാതിയിൽ പറയുന്നു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാതയുടെ വടക്കു കിഴക്ക് ഭാഗത്ത് താമസിക്കുന്ന രണ്ടായിരത്തോളം പേർക്ക് കുണ്ടുപറമ്പ്- ചിറ്റിക്കടവ് റോഡിലൂടെ ഗതാഗതം നിരോധിച്ചിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
2016 മുതൽ അടിപ്പാത നിർമ്മാണത്തിനായി നാട്ടുകാർ ആവശ്യം ഉന്നയിച്ചു വരികയാണെന്നും പരാതിയിൽ പറയുന്നു. പ്രദേശവാസികൾക്ക് കോഴിക്കോട് നഗരസഭയുമായി ബന്ധപ്പെടാനുള്ള ഏക മാർഗ്ഗമാണ് അടച്ചിട്ടിരിക്കുന്നതെന്നും മൊകവൂർ അമ്മ റസിഡൻസ് വെൽഫയർ അസോസിയേഷൻ ഭാരവാഹികൾ സമർപ്പിച്ച പരാതിയിൽ പറയുന്നു. പ്രത്യക്ഷമായ സഞ്ചാര സ്വാതന്ത്ര്യ ലംഘനമാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു.
|
ചേവായൂർ ത്വക്ക് രോഗാശുപത്രി: അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതി മന്ത്രിസഭയുടെ മുന്നിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. RMP No. 7392/2024 (Date : 20/12/2024)
കോഴിക്കോട്: ചേവായൂർ ത്വക്ക് രോഗാശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും മതിയായ ജീവനക്കാരെ നിയമിക്കുന്നതിനുമുള്ള പ്രൊപ്പോസൽ അശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പു ഡയറക്ടർക്ക് സമർപ്പിക്കണമെന്നും ഇത് ലഭിച്ചാലുടൻ മന്ത്രിസഭയുടെ മുന്നിൽ സമർപ്പിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ആരോഗ്യ വകുപ്പുഡയറക്ടർക്കും ത്വക്ക് രോഗാശുപത്രി സൂപ്രണ്ടിനുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. നിലവിലെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ത്വക്ക് രോഗാശുപത്രിയെ സമീപിക്കുന്ന രോഗികൾക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് കമ്മീഷൻ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതക്കെതിരെ കമ്മീഷൻ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിച്ചു. 25.30 ഏക്കർ സ്ഥലത്തുള്ള ആശുപത്രിയിൽ 83 കിടക്കകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ത്വക്ക് രോഗാശുപത്രി എന്ന് പേരുമാറ്റിയതിനെ തുടർന്ന് ഒ.പി യിൽ ദിവസം 800 രോഗികൾ വരെയെത്താറുണ്ട്. ലക്ഷദ്വീപിൽ നിന്നുവരെ ഇവിടെ രോഗികൾ ചികിത്സക്കെത്താറുണ്ട്. ഇത്രയധികം രോഗികൾ ചികിത്സക്കെത്തുന്നുണ്ടെങ്കിലും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഒ.പി ടിക്കറ്റെടുക്കാൻ വരി നിൽക്കുന്നവർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവയവമാറ്റ സ്ഥാപനം തുടങ്ങാൻ ആശുപത്രിയുടെ 20 ഏക്കർ ഭൂമി വിട്ടു നൽകാൻ ഉത്തരവായിട്ടുണ്ട്. ബാക്കിയുള്ള അഞ്ചേക്കറിൽ ത്വക്ക് രോഗാശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചർമ്മരോഗ സ്പെഷ്യാലിറ്റി ആശുപത്രിയായതിനാൽ റഫർ ചെയ്യുന്ന രോഗികൾക്ക് മാത്രം ചികിത്സ ലഭ്യമാക്കാൻ സൗകര്യം ഏർപ്പെടുത്താവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിലെ ചികിത്സാ നിലവാരത്തെക്കുറിച്ച് ആരോപണം ഇല്ലാത്തത് ശ്രദ്ധയമാണെന്നും ഉത്തരവിൽ പറയുന്നു.
|
പോലീസിലെ മാനസിക സമ്മർദ്ദം കുറയ്ക്കണം: ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 20/12/2024)
മലപ്പുറം : പോലീസ് കമാന്റോ വിനീത് ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ പോലീസ് സേനയിലെ ശാരീരിക - മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
സേനാംഗങ്ങൾക്ക് കൗൺസിലിംഗ് നൽകണമെന്ന ആവശ്യവും പരിഗണിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.വിനീതിന്റെ കുടുംബാംഗങ്ങൾക്ക് ആശ്വാസധനം നൽകണമെന്ന ആവശ്യത്തിലും തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 17 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ജനവാസമേഖലയിലെ വന്യജീവി ആക്രമണം: ഉന്നതതലയോഗം വിളിക്കണമെന്നും എൽദോസിന് നഷ്ടപരിഹാരം നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ, HRMP No. 9630/2024 (Date : 20/12/2024)
എറണാകുളം: ജനവാസമേഖലകളിൽ വന്യജീവികൾ കടന്നുകയറി നടത്തുന്ന അതിക്രമങ്ങൾ തടയുന്നതിന് ഫലപ്രദമായ പ്രതിരോധ നടപടികൾക്ക് രൂപം നൽകാൻ റവന്യൂ, വനം, പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം വനം വകുപ്പു മേധാവിയും എറണാകുളം ജില്ലാ കളക്ടറും സംയുക്തമായി വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
എം.പി, എം.എൽ.എ മാർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയ ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കേൾക്കണം. യോഗ തീരുമാനം വനം വകുപ്പ് മേധാവിയും എറണാകുളം ജില്ലാ കളക്ടറും കമ്മീഷനിൽ പ്രത്യേകം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ക്ണാചേരി കോടിയാട്ട് എൽദോസ് വർഗീസ് (45) കൊല്ലപ്പെട്ട സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
കുട്ടമ്പുഴ കാട്ടാന ആക്രമണത്തെയും സമീപകാലത്ത് നടന്ന സമാന സംഭവങ്ങളെയും കുറിച്ച് എറണാകുളം ജില്ലാ കളക്ടർ അന്വേഷണം നടത്തി ഇത്തരം സംഭവങ്ങളുണ്ടാകാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും വിശദമാക്കി ഒരു റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
വനം വകുപ്പ് സംസ്ഥാന മേധാവിയും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വന്യമൃഗങ്ങൾ കടന്നുപോകുന്ന മേഖലകളിൽ സോളാർ ഫെൻസിംഗും ട്രഞ്ച് നിർമ്മാണവും ഉൾപ്പെടെയുള്ള പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. അപകടകരമായ സ്ഥലങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. എൽദോസിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വനംവകുപ്പ് മേധാവി നിയോഗിക്കുന്ന ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും ജില്ലാ കളക്ടർ നിയോഗിക്കുന്ന ആർ.ഡി.ഒ തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനും ജനുവരി 23 ന് രാവിലെ 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
|
പോലീസ് മർദ്ദനം അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. (Date : 18/12/2024)
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശാഖകളുള്ള കാരാട്ട് കുറീസ് എന്ന സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയെന്ന് ആരോപിച്ച് പരാതി നൽകാനെത്തിയ നിക്ഷേപകനെ നിലമ്പൂർ സ്റ്റേഷനിലെ പോലീസുകാർ മർദ്ദിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു.
മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. തിരൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ജനുവരി 17 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ കൂരിയാട്ട് ആസ്ഥാനമായാണ് കാരാട്ട് കുറീസ് പ്രവർത്തിച്ചിരുന്നത്. ഇക്കഴിഞ്ഞ നവംബർ 19 നാണ് സ്ഥാപനം പൂട്ടിയതെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരനായ കക്കാട് സ്വദേശി പൂങ്ങാടൻ നൗഷാദിന് കമ്പനിയിൽ നിക്ഷേപമുണ്ടായിരുന്നു.
തട്ടിപ്പിന്റെ മുഖ്യസൂത്രകനെ അന്വേഷിച്ച് ചെന്നപ്പോൾ ഇയാൾക്ക് പോലീസ് സംരക്ഷണം ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. ഇതിനുശേഷം നിലമ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ചെന്നപ്പോഴാണ് മർദ്ദനമേറ്റതെന്ന് പരാതിയിൽ പറയുന്നു. ലാത്തി ഉപയോഗിച്ച് മർദ്ദിക്കുകയും നിലത്തിട്ട് അടിക്കുകയും ചെയ്തു. ഉമ്മയെ വരെ അസഭ്യം പറഞ്ഞതായി പരാതിയിൽ പറയുന്നു. തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സ തേടിയ യതായും പരാതിയിൽ പറയുന്നു
|
ഹയർസെക്കന്ററി അധ്യാപക നിയമനം: കാലതാമസം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 18/12/2024)
കാസർകോട്: ഹയർ സെക്കന്ററി അധ്യാപക ഒഴിവുകളിൽ നിയമനം നടത്താനുള്ള കാലതാമസം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.
എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകളിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ കഴിയാത്ത വിധത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഹയർ സെക്കന്ററി വിഭാഗം) ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മനപൂർവ്വം കാലതാമസം വരുത്തുന്നതായുള്ള പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഹയർ സെക്കന്ററി വിഭാഗം) പരാതി പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അടുത്തമാസം കാസർകോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
2024 ഫെബ്രുവരിയിലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒഴിവുകൾ ഉണ്ടായിട്ടും ബാഹ്യ ശക്തികൾക്ക് വഴങ്ങി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് ആരോപണം. എക്കണോമിക്സ് വിഭാഗം (ജൂനിയർ) റാങ്ക് പട്ടികയിൽ നിന്നും ഒരാളെ പോലും നിയമിച്ചിട്ടില്ല. ഇതിൽ മാത്രം 105 ഒഴിവുകളുണ്ട്. തസ്തിക മാറ്റം വഴി 25 ശതമാനം മാത്രം നിയമനം നൽകാമെന്നിരിക്കെ നിയമവിരുദ്ധമായി കൂടുതൽ തസ്തികകൾ മാറ്റിവയ്ക്കുന്നു. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലും ഇതുതന്നെയാണ് സ്ഥിതി. ഒഴിവുകൾ കൃത്യമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന നിയമം നിലവിലിരിക്കെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
|
അൻപത് വർഷമായി കൈവശമുള്ള സ്ഥലം 82 കാരന് പതിച്ചു നൽകുന്നതിൽ ഉടൻ തീരുമാനമെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6611/2024 (Date : 18/12/2024)
വർക്കല: അൻപത് വർഷം കൈവശം വച്ചനുഭവിച്ച 10 സെന്റ് സ്ഥലം 82 കാരന് പതിച്ചു നൽകണമെന്ന ആവശ്യം പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധിച്ച് 3 ആഴ്ചക്കകം വർക്കല തഹസിൽദാരെ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. അലക്സാണ്ടർ തോമസ്.
പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായം ലഭിച്ചാലുടൻ പരാതിക്കാരനെ കേട്ടും രേഖകൾ പരിശോധിച്ചും നിയമപ്രകാരമുള്ള ലാന്റ് അസൈൻമെന്റ് നടപടി ക്രമങ്ങൾ 3 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കമ്മീഷൻ ലാന്റ് അസൈൻമെന്റ് ഡപ്യൂട്ടി കളക്ടർക്ക് നിർദ്ദേശം നൽകി.
വെട്ടൂർ വില്ലേജ് ഓഫീസിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരനായ ടി.കെ. സഹദേവന് പ്രസ്തുത സ്ഥലത്ത് ഒരു കടയുണ്ടായിരുന്നുവെന്നും രേഖകൾ പ്രകാരം സ്ഥലം സർക്കാർ പുറമ്പോക്ക് റോഡാണെന്നും സ്ഥലത്ത് നിന്നും പരാതിക്കാരനെ ഒഴിപ്പിക്കുന്നത് വർക്കല മുൻസിഫ് കോടതി തടഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പതിച്ചു നൽകാൻ ആവശ്യപ്പെടുന്ന സ്ഥലം സർക്കാർ പുറമ്പോക്കായതിനാൽ പൊതുമരാമത്ത് വകുപ്പിന്റെ കൂടി അനുമതി ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരൻ തനിക്ക് തർക്കത്തിലുള്ള 10 സെന്റ് മാത്രമാണുള്ളതെന്ന് കമ്മീഷനെ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം അനന്തമായി നീട്ടികൊണ്ടുപോകുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
|
അരശുമൂട് – കുഴിവിള റോഡിൽ കാൽനട പോലും അസാധ്യം : സംയുക്ത പരിശോധനക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. HRMP No. 2059/2024 (Date : 13/12/2024)
തിരുവനന്തപുരം: ആറ്റിപ്ര, കുളത്തൂർ പൗണ്ട് കടവ് വാർഡുകളിലൂടെ കടന്നുപോകുന്ന അരശുംമൂട് – കുഴിവിള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി പൊതുമരാമത്ത് – ജലഅതോറിറ്റി ഉദ്യോഗസ്ഥർ സംയുക്ത സ്ഥല പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. അലക്സാണ്ടർ തോമസ്.
2018 ലാണ് സ്വീവേജ് ലൈനിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് ജല അതോറിറ്റിക്ക് റോഡ് കൈമാറിയത്. എന്നാൽ കാൽനടയാത്ര പോലും അസാധ്യമാകും വിധം പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞിരിക്കുകയാണെന്നാണ് പരാതി.
ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ കരാർ ഏറ്റെടുത്ത കമ്പനിയുടെ അനാസ്ഥ കാരണമാണ് നിർമ്മാണം വൈകിയതെന്ന് പറയുന്നു. പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി 2024 മേയ് 8 ന് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ജല അതോറിറ്റി സ്ഥാപിച്ച മാൻഹോളുകളിൽ നിന്നും വെള്ളം അനിയന്ത്രിതമായി ഒഴുകുകയാണെന്നും ജല അതോറിറ്റിയുടെ പണികൾ പൂർത്തിയായിട്ടില്ലെന്നും പരാതിക്കാരൻ അറിയിച്ചു. തുടർന്നാണ് സംയുക്ത പരിശോധനക്ക് കമ്മീഷൻ നിർദ്ദേശം നൽകിയത്.
പൊതുമരാമത്ത്, ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ സ്ഥലപരിശോധന നടത്തണമെന്നാണ് ഉത്തരവ്. മാൻഹോളിൽ നിന്നും വെള്ളം അനിയന്ത്രിതമായി ഒഴുകുകയാണെങ്കിൽ അത് പരിഹരിക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ നടപടിയെടുക്കണം. സ്വീകരിച്ച നടപടികൾ പൊതുമരാമത്ത്, ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ നാലാഴ്ച്ചക്കുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. കേസ് ജനുവരി 16 ന് പരിഗണിക്കും.
|
ജയിൽ റോഡ് വീതി കൂട്ടണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3441/2022 (Date : 13/12/2024)
കോഴിക്കോട്: ജയിൽ റോഡ് വീതി കൂട്ടുന്നതിനാവശ്യമായ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. കഴിഞ്ഞ രണ്ട് വർഷമായി ഇക്കാര്യത്തിൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.
പൊതുമരാമത്ത് (കോഴിക്കോട്) നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ജയിൽ റോഡ് വീതി കുറവായതിനാൽ അപകടങ്ങൾ നിത്യസംഭവമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ജയിൽ റോഡ് വീതികൂട്ടുന്നതിനുള്ള അലൈൻമെന്റ് ചീഫ് എഞ്ചിനീയർക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വിശദമായ പദ്ധതി രൂപരേഖ സമർപ്പിക്കുമെന്നും റിപ്പോർട്ടിലുണ്ട്. തുടർന്ന് ചീഫ് എഞ്ചിനീയറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
ചിന്താവളപ്പ് ജംഗ്ഷൻ മുതൽ പുതിയപാലം ജംഗ്ഷൻ വരെ ഇൻവെസ്റ്റിഗേഷൻ നടത്തുന്നതിന് 2022 ഫെബ്രുവരി 4 ന് ഭരണാനുമതി നൽകിയിരുന്നതായി ചീഫ് എഞ്ചിനീയർ അറിയിച്ചു. റിപ്പോർട്ട് പ്രകാരം 20 വീടുകൾക്ക് നഷ്ടങ്ങൾ സംഭവിക്കും. 1.0418 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിന് ഏകദേശം 29.74 കോടി രൂപ ആവശ്യമായി വരും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭരണാനുമതിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി യിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തുടർന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ നേരിൽ കേട്ടശേഷമാണ് കമ്മീഷൻ ഉത്തരവ് പാസാക്കിയത്. പുതിയറ സ്വദേശി രാധാകൃഷ്ണൻ നമ്പീശൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
തൂവൽ തീരത്തെ ബോട്ടപകടം ചികിത്സാരേഖകൾ ഹാജരാക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 328/2024 (Date : 13/12/2024)
മലപ്പുറം: താനൂർ തൂവൽ തീരത്ത് സംഭവിച്ച ബോട്ടപകടത്തിൽ പരിക്കേറ്റ കുട്ടിക്ക് തുടർ ചികിത്സക്കുള്ള ധനസഹായം ലഭിക്കുന്നതിനായി ആവശ്യമായ രേഖകൾ സഹിതം മലപ്പുറം ജില്ലാ കളക്ടറുടെ ഓഫീസിനെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കുട്ടിയുടെ പിതാവിന് നിർദ്ദേശം നൽകി.
പ്രതിമാസം വലിയൊരു തുക ചികിത്സക്ക് ചെലവഴിക്കുകയാണെന്ന് ആരോപിച്ച് മലപ്പുറം നെടുവ സ്വദേശി മുഹമ്മദ് ജാബിർ സമർപ്പിച്ച പരാതിയിലാണ് നടപടി.
മലപ്പുറം ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റവർക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്. ആശുപത്രിയിലെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. തുടർചികിത്സ ആവശ്യമുള്ള കേസുകളിൽ ചികിത്സ രേഖകൾ ജില്ലാ കളക്ടർക്ക് സമർപ്പിച്ചവർക്ക് ചികിത്സാ ചെലവ് അനുവദിച്ചിട്ടുണ്ട്.
പരാതിക്കാരന്റെ മകൾക്ക് തുടർ ചികിത്സ ആവശ്യമുണ്ടോ എന്ന കാര്യം ജില്ലാ കളക്ടറെ അറിയിച്ചിട്ടില്ല. പരാതിക്കാരൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പരാതി നൽകിയിരുന്നു. ചികിത്സാ ചെലവ് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കേറ്റ്, ചികിത്സാ രേഖകൾ, ഡിസ്ചാർജ് സമ്മറി, ആധാർ കാർഡ് എന്നീ രേഖകൾ സമർപ്പിക്കാത്തതിനാൽ അവ സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
|
തകർന്ന കൈവരികൾ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 12/12/2024)
കോഴിക്കോട്: കാൽനട യാത്രക്കാർക്ക് സുരക്ഷ ഒരുക്കേണ്ട നടപ്പാതകളിലെ കൈവരികൾ വണ്ടിയിടിച്ച് തകർന്നിട്ടും നന്നാക്കാത്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു.
കോഴിക്കോട് സിറ്റി റോഡ് വികസന പദ്ധതി പ്രോജക്ട് മാനേജർ പരാതി പരിശോധിച്ച് 3 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
അരയിടത്തു പാലത്തിന് സമീപം സരോവരം റോഡിലെ നടപ്പാതയിലെ കൈവരികളാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. രാത്രികളിൽ ഇവിടം വഴി സഞ്ചരിക്കുന്നവർക്ക് കൈവരികൾ അപകട ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ജൂലൈയിൽ നടപ്പാതയിലെ തകർന്ന കൈവരിയിൽ കുടുങ്ങി യുവാവിന്റെ കൈവിരലുകൾക്ക് സാരമായി പരിക്കേറ്റിരുന്നു. സരോവരം റോഡിലെ പല കൈവരികളും സമാന സ്ഥിതിയിലാണ്. പാവമണി റോഡിലെ കൈവരികളും തകരാറിലാണ്.
ജനുവരി 30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
വിദേശ വനിതയുടെ മൃതദേഹം ആമ്പുലൻസിനുള്ളിൽ : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ. (Date : 12/12/2024)
വയനാട്: വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച ആമ്പുലൻസിനുള്ളിൽ ഷെഡിൽ സൂക്ഷിച്ച സംഭവം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞമാസം 20 നാണ് വിദേശ വനിത പാൽവെളിച്ചം ആയുർവേദ റിസോർട്ടിൽ മരിച്ചത്. മരണം സ്ഥിരീകരിച്ച് ആയുർവേദ ഡോക്ടറാണ് സർട്ടിഫിക്കേറ്റ് നൽകിയതെന്ന് പരാതിയുണ്ട്. മരണത്തെക്കുറിച്ച് ഡി.എം.ഒ അറിഞ്ഞത് പിന്നീടാണെന്ന് പരാതിയുയർന്നിട്ടുണ്ട്.
ഒരാഴ്ച്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷം സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മണക്കാട് പാറമടയിലെ സ്ഫോടനം : നഷ്ടപരിഹാരം ആറാഴ്ചക്കുള്ളിൽ തിട്ടപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 30/2024 (Date : 12/12/2024)
എറണാകുളം: ആലുവ മുക്കന്നൂർ മണക്കാട് പാറമടയിൽ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയപ്പോഴുണ്ടായ സ്ഫോടനത്തിൽ വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചെന്ന പരാതിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് 6 ആഴ്ചക്കുള്ളിൽ നഷ്ടപരിഹാരം തിട്ടപ്പെടുത്തി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
എറണാകുളം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. നാശനഷ്ടം തിട്ടപ്പെടുത്തിയ റിപ്പോർട്ട് ലഭിച്ചാലുടൻ ജില്ലാ കളക്ടർ നടപടികൾ പൂർത്തിയാക്കി നഷ്ടപരിഹാരം അനുവദിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ 2 മാസത്തിനുള്ളിൽ ജില്ലാ കളക്ടർ സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയപ്പോൾ മുക്കന്നൂർ, അയ്യമ്പുഴ, തുറവൂർ പഞ്ചായത്തുകളിലെ 200 ഓളം വീടുകൾക്ക് വിള്ളൽ സംഭവിച്ചുവെന്ന പരാതിയിലാണ് നടപടി.
എറണാകുളം ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. തുറവൂർ മഞ്ഞിക്കാട് പ്രവർത്തിച്ചിരുന്ന പാറമടയിൽ ഇക്കഴിഞ്ഞ മേയ് 3 ന് സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയപ്പോൾ മുക്കന്നൂർ വില്ലേജിലെ 21 വീടുകൾക്കും തുറവൂർ വില്ലേജിലെ 9 വീടുകൾക്കും നാശനഷ്ടം സംഭവിച്ചതായി പരാതി ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തിയിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച വീടുകളുടെ നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നതിന് വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പിന് അപേക്ഷ നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മറുപടി ലഭിച്ചില്ല. മഞ്ഞപ്ര, അയ്യമ്പുഴ വില്ലേജുകളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്കമാലി സ്വദേശി ഷൈജു വർഗീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
12 വർഷം മുമ്പ് വിരമിച്ചയാൾക്ക് ഒരു മാസത്തിനകം പെൻഷൻ അനുവദിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 2110/2024 (Date : 11/12/2024)
ആലപ്പുഴ: ജലഗതാഗത വകുപ്പിൽ നിന്ന് 12 വർഷങ്ങൾക്ക് മുമ്പ് വിരമിച്ചയാൾക്ക് നൽകാനുള്ള ഗ്രാറ്റുവിറ്റിയും പെൻഷനും ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഏതു നിയമപ്രകാരമാണ് ഗ്രാറ്റുവിറ്റിയും പെൻഷനും തടഞ്ഞതെന്ന് കമ്മീഷൻ അംഗമായിരുന്ന വി.കെ. ബീനാകുമാരി ഉത്തരവിൽ ചോദിച്ചു. സുപ്രീംകോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന് ഗ്രാറ്റുവിറ്റിയും പെൻഷനും ലഭിക്കാൻ അർഹതയുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 ൽ വ്യവസ്ഥ ചെയ്തിരിക്കുന്ന അന്തസ്സോടെ ജീവിക്കാനുള്ള അധികാരമാണ് ലംഘിക്കപ്പെട്ടത്. പരാതിക്കാരൻ മറ്റൊരു വരുമാനമാർഗവുമില്ലാതെ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുകയാണെന്നും ഉത്തരവിൽ പറയുന്നു. ഞാറക്കൽ സ്വദേശി പി.എം. രഞ്ജൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പാണാവള്ളി സ്റ്റേഷനിലെ കാഷ്യർ നടത്തിയ പണാപഹരണ കേസിൽ ആരോപണ വിധേയരായ സ്റ്റേഷൻ മാസ്റ്റർമാരുടെ പട്ടികയിൽ പരാതിക്കാരനും ഉൾപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് പരാതിക്കാരന് ഭാഗിക പെൻഷൻ മാത്രം അനുവദിച്ചതെന്നും ജലഗതാഗത വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ പണാപഹരണ കേസിൽ ആരോപണ വിധേയനായ മറ്റൊരാൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകിയതായി പരാതിക്കാരൻ അറിയിച്ചു. വകുപ്പുതല അന്വേഷണത്തിൽ അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത് കൊണ്ടാണ് ആനുകൂല്യം നൽകിയതെന്ന് സർക്കാർ അറിയിച്ചു.
|
റോഡിൽ റീൽസ് വേണ്ട: കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 11/12/2024)
കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. കോഴിക്കോട് ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കോഴിക്കോട് പോലീസ് കമ്മീഷണർ 4 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ജനുവരി 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഇത്തരം സംഭവങ്ങൾ മത്സരഓട്ടത്തിൽ ഏർപ്പെടുന്നവർക്ക് പുറമേ മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണെന്ന് ഉത്തരവിൽ പറഞ്ഞു. സമൂഹമാധ്യമത്തിൽ ജനപ്രീതിയുണ്ടാക്കാൻ അപകടകരമായ നിലയിൽ റീലുകൾ ചിത്രീകരിക്കുന്ന പ്രവണത വർധിച്ചുവരികയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇത്തരം ചിത്രീകരണങ്ങൾക്കായി ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി അപകടരമായി വാഹനം ഓടിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു. മത്സര ഓട്ടങ്ങൾക്കായുള്ള മൈതാനമായി പൊതുനിരത്തുകളെ മാറ്റുന്ന വർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ അഡ്വ.വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് ഇടപെടൽ
|
ചപ്പാരപ്പടവ് നരിമട കുടിവെള്ള പ്ലാന്റ് : അനുമതിക്ക് മുമ്പ് വസ്തുതകൾ വിലയിരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8135/2023 (Date : 11/12/2024)
കണ്ണൂർ: ചപ്പാരപ്പടവ് നരിമടക്ക് സമീപം കുടിവെള്ള ബോട്ടിലിംഗ് പ്ലാന്റിന് അനുമതി നൽകുന്നതിന് മുമ്പ് എല്ലാ വസ്തുതകളും വിലയിരുത്തി നിയമാനുസൃതം മാത്രം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. ചപ്പാരക്കടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. പ്ലാന്റിനെതിരെ നാട്ടുകാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
ചപ്പാരക്കടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കുടിവെള്ള ബോട്ടിലിംഗ് പ്ലാന്റ് തുടങ്ങുന്നതിന് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ച ശേഷമാണ് നാട്ടുകാർ പ്രക്ഷോഭങ്ങൾ തുടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഏതെങ്കിലും വ്യവസായ സംരംഭത്തിനുള്ള അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനകം ലൈസൻസ് നൽകണമെന്നാണ് വ്യവസ്ഥയെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെ കമ്മീഷൻ നേരിൽ കേട്ടു.
പ്ലാന്റ് കാരണം സ്ഥലത്ത് ജലലഭ്യതക്ക് ദൗർലഭ്യമുണ്ടാകുമെന്ന പരാതി പരിശോധിക്കാൻ കമ്മീഷൻ ഇടക്കാല ഉത്തരവ് നൽകി. തുടർന്ന് പ്രൊഫ. വി. ഗോപിനാഥൻ, ഡോ.കെ. രാധാകൃഷ്ണൻ എന്നിവരെ നിയോഗിച്ച് നടത്തിയ പഠനത്തിൽ സ്ഥലത്ത് ബോട്ടിലിംഗ് പ്ലാന്റിന് അനുമതി നൽകരുതെന്നാണ് റിപ്പോർട്ട് ലഭിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പരാതിക്കാരുടെ ആശങ്ക അസ്ഥാനത്തല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പ്രദേശവാസിയായ ജിജോ മാത്യു സമർപ്പിച്ച പരാതിയിലാണ് പരാതി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : തടഞ്ഞുവച്ച വികലാംഗ പെൻഷൻ ലഭിച്ചു. HRMP No. 688/2024 (Date : 11/12/2024)
ഇടുക്കി: ജന്മനാ പോളിയോ ബാധിച്ച് രണ്ടുകാലുകൾക്കും സ്വാധീനമില്ലാത്തയാൾക്ക് മസ്റ്ററിംഗ് നടത്തിയില്ലെന്ന പേരിൽ പഞ്ചായത്ത് അധികൃതർ തടഞ്ഞുവച്ച വികാലാംഗപെൻഷൻ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് അനുവദിച്ചു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉപ്പുതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഉപ്പുതുറ ചേർപ്പുളശ്ശേരി വിഷ്ണു പൊന്നപ്പന്റെ (33) വികലാംഗ പെൻഷനാണ് പഞ്ചായത്ത് തടഞ്ഞത്. വാക്കറിന്റെ സഹായത്തോടെയാണ് വിഷ്ണു ജീവിക്കുന്നത്. വിഷ്ണുവിന്റെ അമ്മ വാഹനാപകടത്തിൽ മരിച്ചു. പിന്നാലെ അച്ഛനും മരിച്ചു. അച്ഛന്റെ സഹോദരിയുടെ മകളുടെ വീട്ടിലാണ് വിഷ്ണു താമസിക്കുന്നത്. ലോട്ടറി കച്ചവടം നടത്തിയാണ് വിഷ്ണു മുന്നോട്ടു പോയിരുന്നത്. എന്നാൽ വാഹനം കേടായതോടെ കച്ചവടം നിലച്ചു. 2004 മുതൽ വിഷ്ണുവിന് പെൻഷൻ ലഭിക്കുന്നുണ്ട്. മസ്റ്ററിംഗ് നടത്തിയിട്ടും പെൻഷൻ തടഞ്ഞെന്നാണ് പരാതി. കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെൻഷൻ അനുവദിച്ചതായി പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. വിഷ്ണുവിന് വേണ്ടി പൊതുപ്രവർത്തകനായ ഗിന്നസ് മാടസാമിയാണ് കമ്മീഷനെ സമീപിച്ചത്.
|
മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ എം ജോസഫ് ഉദ്ഘാടനം ചെയ്യുതു. (10/12/2024)
മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ എം ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, നിയമ സെക്രട്ടറി കെ.ജി. സനൽകുമാർ, മുൻ സംസ്ഥാന പോലീസ് മേ മേധാവി ജേക്കബ് പുന്നൂസ്, കമ്മീഷൻ അംഗം കെ. ബൈജുനാഥ്, സെക്രട്ടറി കെ.ആർ. സുചിത്ര, രജിസ്ട്രാർ ബി.എസ്. രേണുകാ ദേവി എന്നിവർ സമീപം.
|
അന്തസ്സോടെ ജീവിക്കാനുളള അവകാശം ഉറപ്പാക്കിയത് സുപ്രീം കോടതി : ജസ്റ്റിസ് കെ എം ജോസഫ്. (Date : 10/12/2024)
തിരുവനന്തപുരം : അന്തസ്സോടെ ജീവിക്കാനുള്ള അവകാശം വിവേചനരഹിതമായി എല്ലാവർക്കും ഉറപ്പാക്കാൻ കഴിഞ്ഞത് സുപ്രീം കോടതിയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് കെ. എം. ജോസഫ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ സെമിനാർ ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിൽ പരാമർശിച്ച അന്തസ്സിനുള്ള അവകാശം വിവിധ വിധിന്യായങ്ങളിലൂടെ എല്ലാവർക്കും പ്രാപ്യമാക്കിയത് കോടതികളാണ്. മതങ്ങളെല്ലാം മനുഷ്യന്റെ അന്തസിന് മുമ്പേ പ്രാധാന്യം നൽകിയിരുന്നു. ദൈവത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് മതങ്ങൾ പഠിപ്പിച്ചു. മനുഷ്യന്റെ അന്തസ് ഉയർത്തി പിടിക്കാനാണ് എക്കാലവും സുപ്രീം കോടതി ശ്രമിച്ചിട്ടുള്ളത്. ജീവിക്കാനുള്ള അവകാശം എന്നതിനെ അന്തസോടെ ജീവിക്കാനുള്ള അവകാശം എന്ന് വ്യാഖ്യാനിച്ചത് സുപ്രീം കോടതിയാണ്. അന്തസിന് പണക്കാരനെന്നോ പാവപ്പെട്ടവനോ ഉള്ള വ്യത്യാസമില്ലെന്ന് പറഞ്ഞതും സുപ്രീം കോടതിയാണ്. ജീവിക്കുക എന്നതിന് അന്തസോടെ ജീവിക്കുക എന്ന് അർത്ഥം വ്യാഖ്യാനിച്ചതും സുപ്രീം കോടതിയാണ്. ഗുണ മേന്മയുള്ള ജീവിതം എന്നത് വ്യാഖ്യാനിച്ചതും സുപ്രീം കോടതിയാണ്. തൊഴിലിടങ്ങളിലെ അടിമസ്വഭാവം അവസാനിപ്പിക്കാൻ നടപടിയെടുത്തതും സുപ്രീം കോടതിയാണ്. സ്വകാര്യതക്കുള്ള അവകാശം, ആശയപ്രകടനത്തിനുള്ള അവകാശം എന്നിവ ഉയർത്തിപിടിച്ചതും സുപ്രീം കോടതിയാണ്. പോലീസിന്റെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റത്തിനെതിരെ കർശന നടപടിയെടുത്തതും കുറ്റക്യത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചതും സുപ്രീം കോടതിയാണ്. ട്രാൻസ്ജെൻഡർമാരെ തേഡ് ജെന്റർ എന്ന് സ്ഥിരീകരിച്ച് അവർക്ക് അന്തസോടെ ജീവിക്കാൻ അവകാശം ഉറപ്പാക്കിയതും സുപ്രീം കോടതിയാണ്. സ്ത്രീക്കും പുരുഷനും മാത്രമുള്ള തല്ല അന്തസോടെ ജീവിക്കാനുള്ള അവകാശമെന്ന് സുപ്രീംകോടതി സ്ഥാപിച്ചു. ചെ ഭിന്നശേഷിക്കാരിയായ ജീജ ഘോഷിനെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ട കേസിലാണ് ഭിന്നശേഷിക്കാരുടെ അന്തസോടെ ജീവിക്കാനുള്ള അവകാശം സുപ്രീം കോടതി ഉയർത്തി പിടിച്ചത്. സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണെന്ന നാഴികകല്ലായ വിധി പാസാക്കിയതും സുപ്രിം കോടതിയാണ്. സ്വവർഗരതി ഉൾപ്പെടെ പ്രായപൂർത്തിയായവർക്കിടയിൽ ഉഭയ സമ്മതത്തോടെ നടക്കുന്ന എല്ലാ ലൈംഗികബന്ധങ്ങളും കുറ്റകരമല്ലാതാക്കിയതും സുപ്രീം കോടതിയാണ്. അന്തസോടെ മരിക്കാനുള്ള അവകാശം സ്ഥാപിച്ചതും സുപ്രീം കോടതിയാണ്. അന്തസോടെ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശങ്ങളുടെ മുഖ്യശിലയെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. പൊതു അധികാരിയിൽ നിന്നുമുണ്ടാകുന്ന അവകാശ ലംഘനങ്ങൾ മാത്രമല്ല മനുഷ്യാവകാശ ലംഘനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷൻ നടത്തിയ ഉപന്യാസ മത്സരത്തിൽ സമ്മാനം നേടിയ നിയമവിദ്യാർത്ഥികളായ നിധി ജീവൻ, സി രാകേന്ദു മുരളി, ജി.ആർ. ശിവരഞ്ജിനി എന്നിവർക്ക് ജസ്റ്റിസ് കെ.എം. ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു.
നിയമ സംഹിതകൾക്ക് അപ്പുറം മനുഷ്യാവകാശങ്ങൾക്ക് സവിശേഷമായ സ്ഥാനമാണുള്ളതെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണം കോടതിയുടെയോ ഭരണകൂടത്തിന്റെയോ മാത്രം ഉത്തരവാദിത്തമല്ലെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു,
നിയമം കൊണ്ടു മാത്രമല്ല നീതി ബോധമുള്ള സമൂഹത്തിന്റെ സഹായത്തോടെയാവണം മനുഷ്യാവകാശ സംരക്ഷണം നടപ്പാക്കേണ്ടതെന്ന് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് പറഞ്ഞു.നിയമസമാധാനം പോലീസിന്റെ തോക്കിൻ കുഴലിലാണെന്ന് വിശ്വസിക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാകുമെന്ന് പ്രഭാഷകനായ മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് പറഞ്ഞു. നിയമ സെക്രട്ടറി കെ.ജി. സനൽ കുമാർ ആശംസ അർപ്പിച്ചു, പുതിയ ക്രിമിനൽ നിയമങ്ങളും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തിൽ കേരള സർവകലാശാലാ നിയമ വിഭാഗം മേധാവി ഡോ. സിന്ധു തുളസീധരൻ പ്രഭാഷണം നടത്തി. മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറി കെ.ആർ. സുചിത്ര നന്ദി പറഞ്ഞു.
|
മനുഷ്യാവകാശ ദിനാഘോഷം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും (Date : 10/12/2024)
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാഘോഷം ഇന്ന് (10/12/2024) രാവിലെ 10.30 ന് നിയമ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയും.
പി.എം.ജി ജംഗ്ഷനിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.എം ജോസഫ് മുഖ്യാത്ഥിയാവും. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അധ്യക്ഷത വഹിക്കും. ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സ്വാഗതം ആശംസിക്കും
മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് പ്രഭാഷണം നടത്തും.. നിയമവകുപ്പു സെക്രട്ടറി കെ.ജി സനൽകുമാർ, കമ്മീഷൻ സെക്രട്ടറി കെ.ആർ.സുചിത്ര എന്നിവർ പ്രസംഗിക്കും.
പുതിയ ക്രിമിനൽ നിയമങ്ങളും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തിൽ കേരള സർവ്വകലാശാല നിയമവിഭാഗം മേധാവി പ്രൊഫ. സിന്ധു തുളസീധരൻ പ്രസംഗിക്കും. മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചൊല്ലി കൊടുക്കും.
|
അപൂർവ്വരോഗം ബാധിച്ചവരുടെ ഗതാഗതത്തിനായി പൊതുവഴിയിലെ കൈയ്യേറ്റം ഒഴിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ. RMP No. 6742/2021 (Date : 09/12/2024)
കൊല്ലം: മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ രോഗം ബാധിച്ചയാൾക്കും സഹോദരങ്ങൾക്കും ഉൾപ്പെടെയുള്ളവരുടെ ഗതാഗതത്തിനായി അഞ്ചാലുംമൂട് പൊതുമരാമത്ത് റോഡിൽ നിന്ന് കടവൂർ ക്ഷേത്രത്തിന് തെക്കു ഭാഗത്തുള്ള സർക്കാർ പുറമ്പോക്ക് വഴിയിലെ കൈയേറ്റം 2 മാസത്തിനകം ഒഴിപ്പിച്ച് മുമ്പുണ്ടായിരുന്ന വഴി പുന:സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അംഗമായിരുന്ന വി.കെ.ബീനാകുമാരി കൊല്ലം നഗരസഭാ സെക്രട്ടറിക്കും ഭൂരേഖാ തഹസിൽദാർക്കുമാണ് നിർദ്ദേശം നൽകിയത്. നടപടി റിപ്പോർട്ട് 2 മാസത്തിനകം കമ്മീഷനിൽ ലഭ്യമാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
പരാതിക്കാരന്റെ വീട്ടിലേക്ക് മഴക്കാലത്ത് കടവൂർ പള്ളിവേട്ട ചിറയിലൂടെ വാഹനങ്ങൾ സഞ്ചരിക്കാൻ കഴിയില്ലെന്നാണ് പരാതി. അഞ്ചാലുംമൂട് റോഡിൽ നിന്നും കടവൂർ ക്ഷേത്രത്തിന്റെ തെക്കു മാറിയുള്ള വഴിയിലെ കൈയേറ്റം ഒഴിപ്പിക്കുകയാണെങ്കിൽ പരാതിക്കാരനും 20 ഓളം കുടുംബങ്ങൾക്കും യാത്ര ചെയ്യാൻ കഴിയുമെന്നും പരാതിയിൽ പറയുന്നു. വഴി പരിസരവാസികൾ കൈയേറി മതിൽകെട്ടി അടച്ചിരിക്കുകയാണ്
വഴിക്ക് ഇരുവശമുള്ള കൈയേറ്റം കണ്ടെത്താൻ ഭൂരേഖാ തഹസിൽദാർക്ക് നിരവധി കത്തുകൾ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കൊല്ലം നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ കൊല്ലത്ത് നടന്ന സിറ്റിംഗിൽ ഹാജരായ തഹസിൽദാർ വഴിയിൽ കൈയേറ്റം കണ്ടെത്തിയിട്ടുണ്ടെന്നും അവ ഒഴിപ്പിക്കുന്നതിന് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. തൃക്കടവൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 2 റീസർവേ നമ്പർ 443/1140 ആർ ഭൂമിയിലാണ് വഴി കണ്ടെത്തിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
നഗരസഭാ സെക്രട്ടറിയും കൊല്ലം തഹസിൽദാറും പരസ്പരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും വഴിയിൽ കയ്യേറ്റം നടന്നുവെന്ന് കണ്ടെത്തിയതിൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തി. അനോൽഡ് ആൽബർട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ട്രാൻസ്ജെന്റർ യുവതിയുടെ പരാതിയിൽ കേസെടുക്കുന്നില്ല : ഡി.വൈ.എസ്.പി യെ വിളിച്ചുവരുത്താൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5885/2023 (Date : 09/12/2024)
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന ട്രാൻസ്ജെന്റർ യുവതി വീടുവയ്ക്കുന്നതിനായി സൂക്ഷിച്ചിരുന്ന കരിങ്കല്ലും ചുടുകട്ടയും മോഷ്ടിച്ചിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയോ നിയമാനുസൃതം അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന പരാതിയിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി യെ വിളിച്ചുവരുത്താൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ജനുവരി 16 ന് ഡി.വൈ.എസ്.പി കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായില്ലെങ്കിൽ വാറണ്ട് അയക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് കമ്മീഷൻ തിരുവനന്തപുരം റേഞ്ച് ഐ.ജി ക്കും തിരുവനന്തപുരം റൂറൽ എസ്.പി ക്കും നിർദ്ദേശം നൽകി. ഡി.വൈ.എസ്.പി യുടെ ഹാജർ ഐ.ജി. ഉറപ്പാക്കണം.
കിളിമാനൂർ കാനാറ സ്വദേശിയായ ട്രാൻസ്ജെന്റർ ഇന്ദിരയുടെ പരാതിയിൽ അന്വേഷണം നടത്താനും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും ഇക്കഴിഞ്ഞ സെപ്റ്റംബർ 30 ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി ക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് നൽകുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ല. ഭിന്നലിംഗക്കാർ മനുഷ്യരാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 21 ൽ അനുശാസിക്കുന്ന അന്തസോടെ ജീവിക്കാനുള്ള മൗലികാവകാശം അവർക്കുണ്ടെന്നും പോലീസ് മനസ്സിലാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. അവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. മറ്റൊരാൾക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും അവർക്കും ലഭ്യമാക്കണമെന്ന് ഉത്തരവിൽ പറയുന്നു. അയൽവാസിയായ അപ്പുണ്ണി എന്ന് വിളിക്കുന്ന അനിൽകുമാറിനെതിരെയാണ് പരാതി.
|
പത്രപ്രവർത്തക പെൻഷനിൽ വിവേചനം : പി.ആർ.ഡിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ. (Date : 09/12/2024)
കോഴിക്കോട് : ഒരു വാരിക വാർത്താധിഷ്ഠിതമാണെന്ന് കണ്ടെത്തി അതിലുണ്ടായിരുന്ന ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകിയ ശേഷം അതേ വാരികയിൽ ജോലി ചെയ്ത മറ്റൊരു ജീവനക്കാരന് വാരിക വാർത്താധിഷ്ഠിതമാണെന്ന് കണ്ടെത്താത്തത് കാരണം പെൻഷൻ നിഷേധിച്ച പി.ആർ.ഡിയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
എത്രയും വേഗം പത്രപ്രവർത്തക പെൻഷൻ തീരുമാനിക്കുന്ന മാനേജിംഗ് കമ്മിറ്റി വിളിച്ചു ച്ചേർത്ത് പരാതിക്കാരനായ കേസരി വാരികയിലെ മുൻ ജീവനക്കാരൻ ടി. വിജയകുമാറിന് പെൻഷൻ അനുവദിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ രണ്ടു മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
യഥാസമയം പെൻഷൻ അനുവദിക്കാതിരുന്നാൽ നടപടിയെടുക്കുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മുമ്പ് കേസരി വാരിക വാർത്താ വാരികയാണെന്ന് കണ്ടെത്തി അതിൽ ജോലി ചെയ്തിരുന്ന രണ്ടു പേർക്ക് പെൻഷൻ നൽകിയിരുന്നു. എന്നാൽ കേസരി വാർത്താ വാരികയാണെന്ന് കണ്ടെത്താത്തത് കാരണം തനിക്ക് പെൻഷൻ നൽകാൻ കഴിയില്ലെന്നാണ് പി.ആർ.ഡിയുടെ വാദമെന്ന് പരാതിക്കാരൻ അറിയിച്ചു. പി.ആർ.ഡി. പരാതിക്കാരന് പെൻഷൻ നിഷേധിച്ചതായും വിവേചനം കാണിച്ചതായും കമ്മീഷൻ കണ്ടെത്തി.
|
ദേശീയപാതയിലെ മൂടിയില്ലാത്ത ഓടയിൽ സ്ലാബ് സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 9222/2024 (Date : 09/12/2024)
തിരുവനന്തപുരം: കാര്യവട്ടം ജംഗ്ഷനിൽ മൂടിയില്ലാത്ത ഓടയിൽ വീണ് വാഹനാപകടങ്ങൾ സംഭവിച്ച സാഹചര്യത്തിൽ ഓടയിൽ സ്ലാബ് സ്ഥാപിച്ച് അപകടം ഉണ്ടാകാതിരിക്കാനുള്ള അടിയന്തര നടപടികൾ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
കാര്യവട്ടം -ചേങ്കോട്ടുകോണം ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്തെ മൂടിയില്ലാത്ത ഓടയാണ് അപകടങ്ങൾക്ക് കാരണമായത്. കാര്യവട്ടം ജംഗ്ഷൻ മുതൽ ചേങ്കോട്ടുകോണം വരെയുള്ള ഭാഗത്ത് അടുത്തകാലത്താണ് ഓട നിർമ്മിച്ച് ടാർ ചെയ്തത്. എന്നാൽ അപകടഭീഷണിയുള്ള കാര്യവട്ടം ജംഗ്ഷനിലെ ഓടയിൽ സ്ലാബിടുന്ന ജോലി ആരംഭിച്ചിട്ടില്ല.
പരാതി പരിഹരിച്ച് നാലാഴ്ച്ചക്കകം എക്സിക്യൂട്ടീവ് എഞ്ചിനീയർ നടപടി റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണം. ജനുവരി 14 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റാങ്കിൽ കുറയാത്ത ഒരു ഉദ്യാഗസ്ഥൻ സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
അനധികൃത മണ്ണെടുപ്പ്: നിയമം നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3482/2024 (Date : 09/12/2024)
കോഴിക്കോട്: മുക്കത്തെ സ്വകാര്യഭൂമിയിൽ നിന്നും മണ്ണെടുത്തതിനെ തുടർന്ന് നാട്ടുകാർ കടുത്ത ദുരിതത്തിലായ സാഹചര്യത്തിൽ നിയമം യഥാവിധി പ്രയോഗിക്കാനുള്ള ഇച്ഛാശക്തി മുക്കം നഗരസഭ കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
മണ്ണിടിച്ചിൽ ഭീഷണി ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിക്കാൻ സ്ഥലം ഉടമകൾക്ക് കർശന നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. നിർദ്ദേശം സ്ഥല ഉടമകൾ നടപ്പാക്കുന്നുണ്ടെന്ന് നഗരസഭ ഉറപ്പാക്കണം. മണ്ണിടിച്ചിൽ കാരണം പ്രദേശവാസിയായ ലീലാമണിയുടെ വീടിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കണം. അവർ വീട്ടിൽ നിന്നും മാറി താമസിച്ചതു വഴി ചെലവായ തുക നഷ്ടപരിഹാരമായി സ്ഥലം ഉടമകളിൽ നിന്നും ഈടാക്കി നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
നഗരസഭയുടെ അനുവാദത്തോടെയാണ് മുക്കം നഗരസഭാ ഡിവിഷൻ 28 ൽ നിന്നും മണ്ണെടുത്തതെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ സുരക്ഷാ സംവിധാനങ്ങൾ പാലിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥലത്ത് നിന്നും മണ്ണ് നീക്കിയിട്ടുണ്ട്. ഇപ്പോൾ അപകടാവസ്ഥ ഒഴിവായിട്ടുണ്ട്. എന്നാൽ പ്രദേശവാസിയായ ലീലാമണിയുടെ വീടിന് വൻ ഭീഷണി നിലനിൽക്കുകയാണെന്ന് തിരുവമ്പാടി സെയ്തലവി കമ്മീഷനെ അറിയിച്ചു. തുടർന്ന് കമ്മീഷൻ നഗരസഭാ സെക്രട്ടറിയെയും അസി. എഞ്ചിനീയറെയും നേരിൽ കേട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനമെന്ന നിലയിൽ പൗരൻമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ചുമതല നഗരസഭക്കുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സ്വീകരിച്ച നടപടികൾ മുക്കം നഗരസഭാ സെക്രട്ടറി 3 മാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം.
|
ലാബുകളിലെ ജീവനക്കാർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 7412/2023 (Date : 07/12/2024)
ആലപ്പുഴ: ജില്ലയിൽ പ്രവർത്തിക്കുന്ന ലബോറട്ടറികളിലെ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ടോയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇതു സംബന്ധിച്ച് പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനുണ്ടെങ്കിൽ അത് സർക്കുലറായി ഇറക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ജില്ലയിൽ പ്രവർത്തിക്കുന്ന ലാബുകൾ നിയമാനുസൃതമാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കണമെന്നും കമ്മീഷൻ അംഗമായിരുന്ന വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
കറ്റാനത്തെ സ്വകാര്യ ലാബിൽ നടന്ന എച്ച.ഐ.വി ടെസ്റ്റ് തടഞ്ഞു കൊണ്ട് ഡി.എം.ഒ പുറത്തിറക്കിയ എ6 – 18223/19 നമ്പർ ഉത്തരവ് പ്രകാരം സ്വീകരിച്ച നടപടികൾ കമ്മീഷന് ലഭ്യമാക്കണമെന്നും ഉത്തരവിൽ പറഞ്ഞു. സ്വകാര്യ ലാബിൽ നടത്തിയ എച്ച.ഐ.വി ടെസ്റ്റ് ചോദ്യം ചെയ്ത് ചുനക്കര സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
എച്ച്.ഐ.വി ടെസ്റ്റിന്റെ നിലവിലുള്ള നിയമപ്രകാരം പരിശോധനക്ക് മുമ്പും ശേഷവും കൗൺസിലിംഗ് നടത്തേണ്ടതുണ്ടെന്നും എന്നാൽ കറ്റാനത്തെ ലാബിൽ കൗൺസിലിംഗ് നടത്തിയിട്ടില്ലെന്നും ഡി.എം.ഒ കമ്മീഷനെ അറിയിച്ചു. തുടർന്ന് ലാബിൽ ചെയ്യുന്ന എച്ച്.ഐ.വി ടെസ്റ്റ് അടിയന്തരമായി നിർത്തിവയ്ക്കാനും ഉത്തരവിട്ടതായി റിപ്പോർട്ടിൽ പറയുന്നു.
|
സർക്കാർ ഉദ്യോഗസ്ഥക്ക് സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6299/6385/2024 (Date : 06/12/2024)
വയനാട്: വിരമിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ള, ഭർത്താവ് ഉപേക്ഷിച്ചുപോയ മണ്ണു സംരക്ഷണ വകുപ്പിലെ ജീവനക്കാരിക്ക് വയനാട് ജില്ലയിലേക്ക് സ്ഥലം മാറ്റം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ഇക്കാര്യത്തിൽ മാനുഷികവും ധാർമ്മികവുമായ പരിഗണന നൽകി കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം നൽകിയ നടപടി പുന:പരിശോധിക്കണമെന്ന് കമ്മീഷൻ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
വയനാട് വാഴവറ്റ സ്വദേശിനിയും മകനും സമർപ്പിച്ച പരാതികളിലാണ് ഉത്തരവ്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ പരാതിക്കാരിയെ 2023 ഡിസംബറിലാണ് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയത്. പരാതിക്കാരിക്ക് വിവാഹപ്രായമായ മകളും ഒൻപതിൽ പഠിക്കുന്ന മകനുമുണ്ട്.
കബനി പദ്ധതി 2013 ൽ നിർത്തലാക്കിയതിനെ തുടർന്ന് ജീവനക്കാരെ പുനർവിന്യസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരാതിക്കാരിയെ തൊട്ടടുത്ത ജില്ലയിലേക്ക് സ്ഥലം മാറ്റിയതെന്ന് മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. വയനാട് ജില്ലയിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ കുറവ് പരിഹരിക്കുന്നതിനായി മറ്റ് ജില്ലകളിൽ നിന്നും 13 തസ്തികകൾ വയനാട് ജില്ലയിലേക്ക് മാറ്റണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇത് അംഗീകരിക്കുകയാണെങ്കിൽ പരാതിക്കാരി ഉൾപ്പെടെയുള്ളവരെ വയനാട്ടിലേക്ക് മാറ്റാമെന്നും ഡയറക്ടർ അറിയിച്ചു.
പരാതിക്കാരിയുടെ മാതാവ് മനോരോഗ ചികിത്സ നടത്തിവരികയാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷി വിദ്യാർത്ഥിക്ക് മർദ്ദനം: സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 9148/2024 (Date : 06/12/2024)
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിക്കുകയും ശാരീരിക വൈകല്യത്തെക്കുറിച്ച് പറഞ്ഞ് അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ ഫലപ്രദമായ അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തണമെന്നും പരാതിയിലുള്ള സംഭവങ്ങളെ കുറിച്ച് വ്യക്തമായ ഒരു ചിത്രം റിപ്പോർട്ടിലുണ്ടാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. വിദ്യാർത്ഥിയുടെ ആരോപണങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
ജില്ലാ പോലീസ് മേധാവിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും നിയോഗിക്കുന്ന രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ ജനുവരി 14 ന് രാവിലെ 10 ന് കേസ് പരിഗണനക്കെടുക്കുമ്പോൾ കമ്മീഷൻ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. മർദ്ദനമേറ്റ പുനലാൽ സ്വദേശിയായ വിദ്യാർത്ഥി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
വിരമിച്ച പമ്പ് ഓപ്പറേറ്റർമാരുടെ ഹയർഗ്രേഡ്: സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 7403/2023 (Date : 05/12/2024)
കോഴിക്കോട്: പൊതുമരാമത്ത് കെട്ടിടവിഭാഗത്തിൽ നിന്നും പമ്പ് ഓപ്പറേറ്റർമാരായി വിരമിച്ചവരുടെ സർവീസ് ബുക്ക് കാണാതായതിനെ തുടർന്ന് ഹയർഗ്രേഡ് അനുവദിച്ചില്ലെന്ന പരാതിയിൽ 2024 ഫെബ്രുവരി 21 ന് പാസാക്കിയ ഉത്തരവ് നടപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികൾ ഒരു മാസത്തിനുള്ളിൽ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. സർവീസ് ബുക്ക് പോലെ പ്രധാനപ്പെട്ട രേഖകൾ അലക്ഷ്യമായി കൈകാര്യം ചെയ്ത നടപടിയെ കമ്മീഷൻ മുൻ ഉത്തരവിൽ അപലപിച്ചിരുന്നു. പരാതിക്കാർ കമ്മീഷനെ സമീപിച്ചതുകൊണ്ട് മാത്രമാണ് സർവീസ് ബുക്ക് തിരികെ ലഭിച്ചത്. ഇല്ലെങ്കിൽ സർവീസ് ബുക്ക് കാണാനില്ലെന്ന സ്ഥിരം പല്ലവി കേട്ട് അവർക്ക് അർഹതപ്പെട്ട സേവനാനുകൂല്യം ത്യജിക്കേണ്ട അവസ്ഥ വരുമായിരുന്നു. ഇപ്രകാരം മനുഷ്യാവകാശ ധ്വംസനം നടക്കുന്ന ഉത്തരവാദിത്വ ബോധമില്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. പരാതിക്കാർക്ക് നാലാമത്തെ സമയബന്ധിത ഹയർഗ്രേഡ് ഒരു മാസത്തിനകം അനുവദിക്കണമെന്നും കമ്മീഷൻ ഫെബ്രുവരി 21 ലെ ഉത്തരവിൽ നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ഉത്തരവ് പാസാക്കി 8 മാസം കഴിഞ്ഞിട്ടും ഹയർഗ്രേഡ് അനുവദിച്ചില്ലെന്ന് പരാതിക്കാർ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകൾ നിയമപരമായ നടപടി ക്രമമാണെന്നും സിവിൽ കോടതിയുടെ അധികാരത്തിന് അനുസൃതമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ചാത്തമംഗലം സ്വദേശി അബൂബക്കറും വേങ്ങരി സ്വദേശി പി.രവീന്ദ്രനും സമർപ്പിച്ച പരാതിയിലാണ് നടപടി.
|
വധശ്രമം: പുനരന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. HRMP No. 4565/2022 (Date : 05/12/2024)
മലപ്പുറം: 2022 ജൂൺ 25 ന് ഉണ്ടായ വധശ്രമത്തിൽ കരിപ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത 191/2022 നമ്പർ കേസ് ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. അന്വേഷണം 6 മാസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് കമ്മീഷന് കൈമാറണമെന്നും ഉത്തരവിൽ പറഞ്ഞു.
മലപ്പുറം കുമ്മിണിപറമ്പ് സ്വദേശി അബ്ദുൾ സമീർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. വെള്ളാരും പാടത്താണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പരാതിയെ കുറിച്ച് തെളിവുകൾ ലഭിച്ചില്ലെന്നും വിദേശ സാധനങ്ങൾ മറിച്ചു വിൽക്കുന്ന രണ്ടുപേർ തമ്മിലുള്ള ബിസിനസ് കൂട്ടുകെട്ട് പിരിഞ്ഞതാണ് പരാതിക്ക് ഇടയാക്കിയതെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
അന്വേഷണ റിപ്പോർട്ടിൽ പരാതിക്കാരൻ തർക്കം ഉന്നയിച്ചതിനെ തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷണം നടത്തി. പ്രതികൾ എത്തിയ വാഹനം കണ്ടെത്തുന്നതിന് സി.സി.റ്റി.വി ക്യാമറകൾ പരിശോധിച്ചില്ലെന്ന് ഉൾപ്പെടെ നിരവധി അപാകതകൾ അന്വേഷണ വിഭാഗം കണ്ടെത്തി. പരാതിയെക്കുറിച്ച് തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും കണ്ടെത്തി. തുടർന്നാണ് ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകിയത്.
|
കുരഞ്ഞിയൂർ അച്ചാർ ഫാക്ടറിയിലെ കെമിക്കൽ നിർവീര്യമാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 4977/2024 (Date : 05/12/2024)
തൃശൂർ: പുന്നയൂർ കുരഞ്ഞിയൂരിൽ പ്രവർത്തനം നിലച്ച പി.ജെ അഗ്രോ ഫുഡ്സ് എന്ന സ്ഥാപനത്തിൽ സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുന്ന കെമിക്കലും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും എസ്.ബി.ഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുന്നയൂർ പഞ്ചായത്ത് സെക്രട്ടറിയും മലിനീകരണ നിയന്ത്രണബോർഡ് പരിസ്ഥിതി എഞ്ചിനീയറും സംയുക്തമായി നിർവീര്യമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ കളക്ടർ, പുന്നയൂർ പഞ്ചായത്ത് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്കാണ് കമ്മീഷൻ അംഗമായിരുന്ന വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. സ്ഥാപനം ഇപ്പോൾ എസ്.ബി.ഐ യുടെ നിയന്ത്രണത്തിലാണ്.
2023 ഡിസംബർ 29 ന് കെമിക്കലുകളും ഭക്ഷ്യവസ്തുക്കളും നിർവീര്യമാക്കാൻ കമ്മീഷൻ പുന്നയൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും നടപ്പാക്കിയില്ല. ഗുരുതരമായ മലിനീകരണം തുടരുന്ന സാഹചര്യത്തിൽ നാട്ടുകാർ വീണ്ടും കമ്മീഷനെ സമീപിക്കുകയായിരുന്നു. പരിസരവാസികൾ ശ്വാസതടസം, ചൊറിച്ചിൽ, തലകറക്കം, ത്വക്ക് രോഗങ്ങൾ എന്നിവ കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും നാട്ടുകാർ പരാതിയിൽ പറഞ്ഞു.
തുടർന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 21 ന് വി.കെ ബീനാകുമാരി ഫാക്ടറി സന്ദർശിച്ചു. ഫാക്ടറിയിൽ നൂറോളം കാനുകൾ കമ്മീഷൻ കണ്ടെത്തി. തുടർന്നാണ് നിർദ്ദേശം നൽകിയത്. ജനകീയ സമരസമിതി കൺവീനർ വി.കെ ചാക്കോ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഉപന്യാസ മത്സരം: നിധി ജീവന് ഒന്നാംസ്ഥാനം. (Date : 05/12/2024)
തിരുവനന്തപുരം: മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ‘തടവുകാരുടെ അന്തസ്സിനുള്ള അവകാശം മനുഷ്യാവകാശ കാഴ്ചപ്പാടിൽ‘ എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ കോഴിക്കോട് ഗവ. ലാ കോളേജിലെ ത്രിവത്സര എൽ. എൽ. ബി ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി നിധി ജീവൻ ഒന്നാം സ്ഥാനത്തിന് അർഹയായതായി കമ്മീഷൻ സെക്രട്ടറി സുചിത്ര കെ. ആർ. അറിയിച്ചു.
കൊച്ചി സർവ്വകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ പഞ്ചവത്സര ബി.കോം – എൽ.എൽ.ബി ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി സി.രാഖേന്ദു മുരളിക്കാണ് രണ്ടാം സ്ഥാനം.
തിരുവനന്തപുരം ഗവ. ലാ കോളേജിലെ ബി.എ. എൽ.എൽ.ബി ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനി ജി.ആർ. ശിവരഞ്ജിനിക്കാണ് മൂന്നാം സ്ഥാനം.
വിജയികൾക്കുള്ള സമ്മാനദാനം ഡിസംബർ 10 ന് തിരുവനന്തപുരം പ്രിയദർശിനി പ്ലാനിറ്റോറിയം സെമിനാർ ഹാളിൽ നടക്കുന്ന മനുഷ്യാവകാശ ദിനാഘോഷത്തിൽ നിയമമന്ത്രി പി രാജീവ് നിർവ്വഹിക്കും.
|
വലിയതുറ തീരദേശ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കാൻ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. HRMP No. 4521/2024 (Date : 04/12/2024)
തിരുവനന്തപുരം: വലിയതുറ തീരദേശ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കിടത്തി ചികിത്സയും 24 മണിക്കുർ സേവനവും പുനരാരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സന്ദർശിച്ച് ആറാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ആവശ്യമുള്ള ഡോക്ടർമാരുടെയും നേഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം, നിലവിലുള്ള ജീവനക്കാരുടെ എണ്ണം, ആശുപത്രിയിൽ നിലവിലുള്ള കിടക്കകളുടെ എണ്ണം, കിടത്തി ചികിത്സ പുനരാരംഭിക്കാൻ പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രി കെട്ടിടത്തിനുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഡി.എം.ഒ യുടെ റി്പ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കണം.
കോവിഡിന് മുമ്പ് കിടത്തി ചികിത്സയും 24 മണിക്കൂർ സേവനവും ലഭ്യമാക്കിയിരുന്ന ആശുപത്രിയായിരുന്നു വലിയതുറ തീരദേശ ആശുപത്രിയെന്ന് ഡി.എം.ഒ കമ്മീഷനെ അറിയിച്ചു. ഇപ്പോൾ 6 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. കിടത്തി ചികിത്സ പുനരാരംഭിക്കണമെങ്കിൽ 3 ഡോക്ടർമാരുടെ സേവനം കൂടി ലഭിക്കണം. ആശുപത്രി കെട്ടിടത്തിന്റെ ബലക്ഷയവും ചോർച്ചയും പരിഹരിച്ചാൽ മാത്രമേ കിടത്തി ചികിത്സ പുനരാരംഭിക്കാൻ കഴിയുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് 2023 ഒക്ടോബർ 25 ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം നഗരസഭയുമായി ബന്ധപ്പെട്ട ആശുപത്രികളിൽ ഒരു ഡോക്ടറെയും ഒരു പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കാൻ മാത്രമാണ് അനുമതിയെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. വലിയതുറ സ്വദേശി ജെറോം മിരാന്റ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
പട്ടികവർഗ വികസനത്തിന് എസ്.ടി പ്രൊമോട്ടർമാരുടെ സഹായത്തോടെ പദ്ധതികൾ തയ്യാറാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5657/2024 (Date : 04/12/2024)
കോഴിക്കോട്: എസ്. ടി പ്രൊമോട്ടർമാരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി പട്ടികവർഗ്ഗക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് തദ്ദേശ സ്ഥാപനങ്ങളുടെ വാർഷികപദ്ധതിയിൽ അനുയോജ്യമായ പ്രോജക്ടുകൾ തയ്യാറാക്കി ഫണ്ട് വകയിരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർക്ക് നിർദ്ദേശം നൽകി.
പട്ടികവർഗ വികസന പദ്ധതികൾക്കായി തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന പ്ലാൻഫണ്ട് പട്ടികവർഗക്കാരുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രയോജനപ്പെടുത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പുതുപ്പാടി നാക്കിലമ്പാട് കോളനിലെ ശോചനീയാവസ്ഥക്കെതിരെ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 21ാം വാർഡിൽ ഉൾപ്പെട്ട നക്കിലമ്പാട് കോളനിയിൽ പട്ടികവർഗ പണിയ വിഭാഗത്തിലുള്ള 18 കുടുംബങ്ങളാണ് താമസിക്കുന്നതെന്ന് കോഴിക്കോട് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കോളനിയിൽ 11 വീടുകളാണുള്ളത്. ഇതിലേറെയും ജീർണാവസ്ഥയിലുള്ളതാണ്. 9 കുടുംബങ്ങൾ വീടിന് വേണ്ടി ലൈഫ് മിഷനിൽ അപേക്ഷ നൽകിയിരുന്നെങ്കിലും 3 വീടുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. വീടും സ്ഥലവുമില്ലാത്ത 5 കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീടും സ്ഥലവും അനുവദിച്ചിട്ടുണ്ട്. ഇനി 3 കുടുംബങ്ങൾക്ക് കൂടി വീടും സ്ഥലവും ലഭിക്കാനുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോളനിക്ക് സമീപം വരെ റോഡ് സൗകര്യമുണ്ടെങ്കിലും കോളനിക്ക് ഉള്ളിലേക്ക് റോഡ് സൗകര്യമില്ല. ഇതിനുവേണ്ടി പഞ്ചായത്തുമായി ബന്ധപ്പെട്ട് തുടർനടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട പട്ടികവർഗക്കാരുടെ ഉന്നമനത്തിന് പ്രഥമ പരിഗണന നൽകണമെന്ന് കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
|
ഭിന്നശേഷിക്കാരിക്ക് ജോലി നിഷേധിച്ചു: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 04/12/2024)
മലപ്പുറം : പി എസ് സി. റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും ഭിന്നശേഷിക്കാരിക്ക് അർഹപ്പെട്ട ജോലി നിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
മലപ്പുറം ജില്ലാ സാമൂഹിക നീതി ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കാടാമ്പുഴ സ്വദേശിനിയായ കാഴ്ചയില്ലാത്ത മകൾക്ക് വേണ്ടി അമ്മ ആമിന 8 വർഷമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്.. എം ഫിൽ ബിരുദധാരിയായ മകൾ സംസ്ഥാന ആസൂത്രണ ബോർഡിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പി.എസ്. സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയിരുന്നു എന്നാൽ തസ്തികയുടെ നോട്ടിഫിക്കേഷൻ വന്ന ശേഷമാണ് പ്രസ്തുത തസ്തിക ഭിന്നശേഷികാർക്കായി മാറ്റിയതെന്ന വാദം നിരത്തി ജോലി നിഷേധിച്ചു. കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ഉണ്ടായിട്ടും ജോലി ലഭിച്ചില്ല. നിലവിൽ പി.എസ്.സിവഴി ലഭിച്ച മറ്റൊരു തസ്തികയിൽ യുവതി ജോലി ചെയ്യുകയാണ്. ദ്യശ്യ മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
|
വയോജനങ്ങൾ ദുരവസ്ഥ നേരിടുമ്പോൾ സാമൂഹിക നീതി ഉദ്യോഗസ്ഥർ ഫലപ്രദമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3886/2024 (Date : 04/12/2024)
ആലപ്പുഴ: വയോജനങ്ങളെ മുറിയിൽ പൂട്ടിയിടുക, ഭക്ഷണം നൽകാതിരിക്കുക, പരിപാലിക്കാതിരിക്കുക തുടങ്ങിയ പരാതികൾ ഉണ്ടാകുമ്പോൾ പരിശോധനക്ക് പോകുന്ന സാമൂഹിക നീതി വകുപ്പുദ്യോഗസ്ഥർ ഫലപ്രദമായി ഇടപെട്ട് പഞ്ചായത്ത്,പോലീസ്, ഡി.എം.ഒ എന്നിവരെ വിവരം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇത്തരം പരാതികൾ അതാതുദിവസം തന്നെ പരിശോധിച്ച് നടപടിയെടുക്കണമെന്നും കമ്മീഷൻ അംഗമായിരുന്ന വി.കെ ബീനാകുമാരി പറഞ്ഞു.
ഇത്തരം പരാതികൾ പരിശോധിച്ച് 3 ദിവസത്തിനകം തീർപ്പുകൽപ്പിക്കാൻ പ്രത്യേകം മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നൽകണമെന്നും ഉത്തരവിൽ പറഞ്ഞു. പരാതികൾ സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെടുമ്പോൾ കൂടുതൽ ജാഗ്രതയും സൂക്ഷ്മപരിശോധനയും ആവശ്യമാണെന്നും കമ്മീഷൻ പറഞ്ഞു. സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
ആലപ്പുഴ സ്വദേശിനി രാധ പി നായരെയും മുത്തശിയെയും ഇളയ മകൻ സംരക്ഷിച്ചില്ലെന്ന മറ്റ് മക്കളുടെ പരാതിയിലാണ് നടപടി. പരാതി വാസ്തവമാണെന്ന് മനസിലാക്കിയിട്ടും സാമൂഹികനീതി വകുപ്പിന്റെ ആലപ്പുഴ ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥൻ അടിയന്തര നടപടികൾ സ്വീകരിക്കാത്തതു കാരണം 2 ജീവനുകളാണ് പൊലിഞ്ഞതെന്നും ഉത്തരവിൽ പറഞ്ഞു.
2024 ഒക്ടോബർ 21 ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ അമ്മമാരെ സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പരാതിക്കാരിക്ക് ആലപ്പുഴ ഡി.എം.ഒ നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
മാരാരിക്കുളം നോർത്ത് സ്വദേശിനി ആർ.ബിന്ദു, പൊള്ളേത്തൈ സ്വദേശി വി.പി ബിജു എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി. ഇളയമകനും സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ വ്യക്തി അമ്മയെയും മുത്തശിയെയും സംരക്ഷിച്ചില്ലെന്നും സഹോദരങ്ങളെ കാണാൻ അനുവദിച്ചില്ലെന്നുമാണ് പരാതി. മുത്തശി സരോജിനി അമ്മ 2024 ആഗസ്റ്റ് 30 നും അമ്മ രാധാ പി നായർ 2024 ഒക്ടോബർ 26 നുമാണ് മരിച്ചത്.
|
പോലീസ് കേസിൽ മനംനൊന്ത് ആത്മഹത്യ: ഡി.വൈ.എസ്. പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1028/2023 (Date : 02/12/2024)
മലപ്പുറം: പൊന്നാനി പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതിയെക്കുറിച്ച് ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
അന്വേഷണ റിപ്പോർട്ട് കാലതാമസമില്ലാതെ ഹാജരാക്കണമെന്നും കമ്മീഷൻ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി തുടർ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
പൊന്നാനി പള്ളപ്രം സ്വദേശിയാണ് 2023 ജനുവരി 9 ന് ആത്മഹത്യക്ക് ശ്രമിച്ചതും തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചതും. വീട്ടിലെ കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ ചിത്രം വെന്റിലേറ്ററിലൂടെ മൊബൈൽ ഫോണിൽ പകർത്തിയെന്ന സംശയത്തിലാണ് പള്ളപ്രം സ്വദേശി ശിവരാജിനെ പൊന്നാനി പോലീസ് പിടികൂടിയത്. ചിത്രം കണ്ടെത്താനായി ശിവരാജിന്റെ ഫോൺ പോലീസ് പിടിച്ചെടുത്തു.
എന്നാൽ അത്തരം ഒരു ദൃശ്യം ഇയാളുടെ ഫോണിലുണ്ടായിരുന്നില്ല. എന്നാൽ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് ജനുവരി 5 ന് വൈകിട്ട് ശിവരാജിനെ പോലീസ് കസ്റ്റഡിയിലെടുത്ത് 29/2023 നമ്പറായി കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് ജനുവരി 9 ന് ശിവരാജ് വിഷം കഴിച്ചു. ചികിത്സയിലിരിക്കെ ജനുവരി 14 ന് മരിച്ചു. ശിവരാജിനെതിരായി പൊന്നാനി പോലീസ് രജിസ്റ്റർ ചെയ്ത 29/2023 നമ്പർ കേസ് ദുരൂഹമാണെന്ന് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തി. തുടർന്നാണ് 29/2023 നമ്പർ കേസ് പുനരന്വേഷിക്കാൻ കമ്മീഷൻ ഉത്തരവിട്ടത്.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: നിർദ്ധന വീട്ടമ്മക്ക് ആനുകൂല്യം ലഭിച്ചു. HRMP No. 548/2021 (Date : 02/12/2024)
ആലപ്പുഴ: 85 ശതമാനം അംഗപരിമിതയായ കാൻസറിന് ചികിത്സ നടത്തുന്ന കുട്ടിയെ പരിപാലിക്കുന്ന 50 ശതമാനം വൈകല്യമുള്ള അമ്മയ്ക്ക് ആശ്വാസകിരണം പദ്ധതിയിൽ നിന്ന് കിടപ്പുരോഗികളെ പരിചരിക്കുന്നതിനുള്ള ധനസഹായമായ 44,000 രൂപ അനുവദിച്ചു.
മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്ന വി.കെ ബീനാകുമാരിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. കേരള സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് കമ്മീഷനെ ഇക്കാര്യം അറിയിച്ചത്. ചേർത്തല മായിത്തറ സ്വദേശിനിയായ അമ്മയ്ക്കാണ് ആനുകൂല്യം ലഭിച്ചത്.
പരാതിക്കാരിക്ക് പ്രത്യേക മാനുഷിക പരിഗണന നൽകി ആനുകൂല്യം അനുവദിക്കാൻ 2024 ആഗസ്റ്റ് 21 ന് കമ്മീഷൻ സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2017 മുതൽ 2023 ഫെബ്രുവരി വരെയുള്ള കുടിശികയായ 44,400 രൂപ അനുവദിച്ചത്.
2023 ന് ശേഷമുള്ള ആനുകൂല്യം ഉടൻ നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
|
മണമ്പൂരിലെ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ തുടർന്നും നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5328/2024 (Date : 02/12/2024)
തിരുവനന്തപുരം: (വർക്കല) മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ദുരിതത്തിൽ കഴിയുന്ന 98 ആശ്രയകുടുംബങ്ങൾക്ക് മാസത്തിലൊരിക്കൽ നൽകികൊണ്ടിരുന്ന അരിയും ധാന്യങ്ങളും അടങ്ങുന്ന ഭക്ഷ്യ വസ്തുക്കൾ തുടർന്നും നൽകുന്ന കാര്യം കുടുംബശ്രീ മിഷൻ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
അതുവരെ മണമ്പൂർ പഞ്ചായത്ത് നടപ്പിലാക്കികൊണ്ടിരുന്ന പാഥേയം പദ്ധതി തുടർന്നും നടപ്പാക്കി കുടുംബാംഗങ്ങളുടെ വിശപ്പ് മാറ്റണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ പഞ്ചായത്ത് സെക്രട്ടറി ആറാഴ്ചക്കുള്ളിൽ കമ്മീഷനെ അറിയിക്കണം. ജനുവരി 14 ന് കമ്മീഷൻ നടത്തുന്ന സിറ്റിംഗിൽ കുടുംബശ്രീ ഡയറക്ടർ ചുമതലപ്പെടുത്തുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സിറ്റിംഗിൽ ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
അഗതിരഹിത കേരളം പദ്ധതി വഴിയാണ് 2023 നവംബർ വരെ ഭക്ഷ്യസാധനങ്ങൾ നൽകുന്ന പദ്ധതി നടപ്പിലാക്കിയതെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
പരാശ്രയമില്ലാത്ത അഗതികളും രോഗികളുമായ 98 കുടുംബങ്ങൾ കഷ്ടത അനുഭവിക്കുകയാണെന്നും പദ്ധതി പുനരാരംഭിക്കേണ്ടത് കുടുംബശ്രീ മിഷനാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വർക്കല സ്വദേശി മാവിള വിജയൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 337 & 397/2024 (Date : 30/11/2024)
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തുന്ന പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തുന്ന കാര്യം പോലീസുമായി കൂടിയാലോചിച്ച് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മാളികപ്പുറം നടപ്പന്തൽ, അന്നദാന മണ്ഡപം എന്നീ സ്ഥലങ്ങൾ വെള്ളമൊഴിച്ച് നനയ്ക്കരുതെന്ന് വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. അയ്യപ്പ ഭക്തരെ നിയന്ത്രിക്കുന്ന സമയത്ത് ഒരു കാരണവശാലും പോലീസ് അടിക്കരുത്. ഭക്തർക്ക് തണൽ നൽകാൻ മേൽക്കുരയോടുകൂടിയ വിശ്രമസ്ഥലങ്ങൾ അനുവദിക്കണം. സന്തോഷത്തോടെയും ആത്മസംതൃപ്തിയോടെയും അയ്യപ്പ ഭക്തർക്ക് മലയിറങ്ങാൻ ദേവസ്വം ബോർഡ് സെക്രട്ടറി സത്വര നടപടിയെടുക്കണം.
ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകളെകുറിച്ചുള്ള പരാതികൾ തീർപ്പാക്കികൊണ്ടാണ് ഉത്തരവ്. കുടിവെള്ളവും ആഹാരം നൽകാൻ ദേവസ്വംബോർഡ് നടപടിയെടുക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ജനുവരി 7 ന് പതിനെട്ടാം പടിക്ക് അരികിലെത്തിയ ഭക്തരെ പോലീസ് മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.
ശബരിമലയിൽ തിരക്ക് കുറഞ്ഞ സമയത്ത് ദർശനത്തിനെത്തിയ കമ്മീഷന് കുടിവെള്ളത്തിന്റെയും ശുചിമുറികളുടെയും ദൗർലഭ്യം നേരിൽ ബോധ്യപ്പെട്ടു. ശുചിമുറികൾ താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. തിരക്കില്ലാത്തപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ തിരക്കുള്ളപ്പോൾ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലാവും. ശബരിമല ദേവസ്വത്തിന്റെ നിയന്ത്രണത്തിലുള്ള ഹോട്ടൽമുറികളും ശുചിമുറികളും ബക്കറ്റുകളും വൃത്തിഹീനമായി കണ്ടു. ഇത്തരം കാര്യങ്ങളിൽ ദേവസ്വം സെക്രട്ടറി സത്വര നടപടികൾ സ്വീകരിക്കണം. ഓൾ ഹിന്ദു ടെമ്പിൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി, രാനേഷ് രാംപ്രസാദ്, രാമനാഥപുരം സ്വദേശി ബി.ശ്രീധർ എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ഹേമ കമ്മിറ്റി റിപ്പോർട്ട് : ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ വിസമ്മതിച്ചു. HRMP No. 6097/2024 (Date : 30/11/2024)
കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോപണ വിധേയർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ വിസമ്മതിച്ചു. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാൻ നിയമതടസമുണ്ടെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ കണക്കിലെടുക്കുമ്പോൾ മലയാള സിനിമയിൽ മനുഷ്യാവകാശ ലംഘനങ്ങൾ വ്യാപകമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
ഹേമകമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴ് ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഐ.ജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം ഹേമകമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ഭൂമി അനുവദിക്കുമ്പോൾ വഴിയുണ്ടോ എന്ന് പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5628/2023 (Date : 30/11/2024)
കോട്ടയം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിന് ഭൂമി അനുവദിക്കുമ്പോൾ പ്രസ്തുത സ്ഥലത്തേക്ക് വഴിയുണ്ടോ എന്ന കാര്യം അധികൃതർ ഉറപ്പാക്കിയില്ലെങ്കിൽ സർക്കാരിന്റെ ആനുകൂല്യം നിഷ്പ്രയോജനമാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
കടുത്തുരുത്തി പഞ്ചായത്തിൽ അനുവദിച്ച സ്ഥലത്തിന് വഴിയില്ലെന്ന് പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന് കടുത്തുരുത്തി പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിലോ മറ്റോ ഉൾപ്പെടുത്തി വീട് വയ്ക്കാൻ അനുയോജ്യമായ ഭൂമി അനുവദിക്കണമെന്നും കമ്മീഷൻ കോട്ടയം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ 4 മാസത്തിനകം ജില്ലാ കളക്ടർ കമ്മീഷനെ അറിയിക്കണം. കടുത്തുരുത്തി സ്വദേശി എൻ. വി. മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി.
വഴിയുമായി ബന്ധപ്പെട്ട തർക്കം വൈക്കം മുൻസിഫ് കോടതിയുടെ പരിഗണനയിലാണെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. ഭൂമി അനുവദിക്കും മുമ്പ് വഴിയുണ്ടോ എന്ന കാര്യം സർക്കാർ പരിശോധിച്ചിരുന്നില്ല.
|
മണ്ണാർക്കാട്ടെ ഭൂമി തട്ടിപ്പ്: പട്ടികജാതി, ഗോത്ര കമ്മീഷൻ ഉത്തരവ് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 4799/2021 (Date : 30/11/2024)
പാലക്കാട്: ഭൂരഹിത ഭവനരഹിത പട്ടികജാതി കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം വാങ്ങി നൽകുന്ന പദ്ധതിയിൽ തട്ടിപ്പ് നടത്തി വീട് നിർമ്മിക്കാൻ അനുയോജ്യമല്ലാത്ത സ്ഥലം ഇടനിലക്കാരൻ വാങ്ങി നൽകിയെന്ന പരാതിയിൽ തട്ടിപ്പിനിരയായ 20 പേർക്കും വാസയോഗ്യവും സഞ്ചാരയോഗ്യവുമായ സ്ഥലം കണ്ടെത്തി നൽകുന്നതിന് പട്ടികജാതി വികസന ഓഫീസറെയും തഹസിൽദാറെയും ചുമതലപ്പെടുത്തണമെന്ന പട്ടികജാതി / ഗോത്രവർഗ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഇതു സംബന്ധിച്ച് പട്ടികജാതി, ഗോത്ര വർഗ്ഗ കമ്മീഷൻ പാസാക്കിയ ഉത്തരവ് നടപ്പിലാക്കാനുള്ള ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 2022 ഒക്ടോബർ 11 ന് സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷൻ പാസാക്കിയ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കി പരാതിക്ക് പരിഹാരം കാണണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പട്ടികജാതി വികസനവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും പട്ടികജാതി വികസന ഡയറക്ടർക്കുമാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. മണ്ണാർക്കാട് വില്ലേജിലാണ് സംഭവം.
മണ്ണാർക്കാട് കൊറ്റിയോട് സ്വദേശിനി സരോജിനി ഉൾപ്പെടെ 19 പേർ സമർപ്പിച്ച പരാതിയിലാണ് നടപടി. സ്ഥലം ഉടമകളിൽ നിന്നും ഇടനിലക്കാരനായി നിന്ന ആൾ വീടുവയ്ക്കാൻ യോഗ്യമല്ലാത്ത സ്ഥലം വാങ്ങി നൽകിയെന്നാണ് പരാതി. കമ്മീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പട്ടികജാതി / പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പട്ടികജാതി, ഗോത്രവർഗ കമ്മീഷൻ ഉത്തരവിട്ടിരുന്നു.
ഭൂമി തട്ടിപ്പ് അപൂർവ്വങ്ങളിൽ അപൂർവ്വമായതിനാൽ ലൈഫ് മിഷൻ പദ്ധതിയിൽ ഇളവ് വരുത്തി പരാതിക്കാരെ കൂടി ഉൾപ്പെടുത്തി ഭൂമി അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും പട്ടികജാതി, ഗോത്രകമ്മീഷന്റെ ഉത്തരവിട്ടിരുന്നു.
|
ബീച്ച് ആശുപത്രിയിലെ ചികിത്സാ പിഴവ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. (Date : 30/11/2024)
കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ തോളിനിട്ട കമ്പി നീക്കം ചെയ്യുന്നതിനിടയിൽ വീണ്ടും എല്ല് പൊട്ടിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഡിസംബർ 21 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നടുവട്ടം സ്വദേശിനിക്കാണ് ചികിത്സാ പിഴവ് സംഭവിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് 2 ദിവസം കഴിഞ്ഞാണ് എല്ല് പൊട്ടിയതായി കണ്ടെത്തിയത്. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
|
മേലോരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ കൃത്യമായി ജോലിക്ക് ഹാജരാകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5501/2023 (Date : 29/11/2024)
ഇടുക്കി: കൊക്കയാർ പഞ്ചായത്തിലെ മേലോരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ കൃത്യമായി ജോലിക്ക് ഹാജരാകുന്നതായി ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.
മൂന്നുമാസത്തിലൊരിക്കൽ ഡപ്യൂട്ടി ഡി.എം.ഒ (വിജിലൻസ്) ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രോഗികൾക്ക് യഥാസമയം ചികിത്സ ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഏതെങ്കിലും ജീവനക്കാർ ഡി.എം.ഒയുടെ നിർദ്ദേശങ്ങൾ ലംഘിക്കുന്നതായി കണ്ടാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വെള്ളവും വെളിച്ചവുമില്ലാത്ത സബ് സെന്ററുകളിൽ അവ ലഭ്യമാക്കാൻ ഡി.എം.ഒ നടപടിയെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. മേലോരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാർ ഹാജരാകുന്നില്ലെന്ന പരാതിയിലാണ് നടപടി.
ആശുപത്രിയിൽ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 17 ജീവനക്കാരുണ്ടെന്ന് ഇടുക്കി ഡി.എം.ഒ കമ്മീഷനെ അറിയിച്ചു. ഒ.പി യുടെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടാകാതിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നിന്നും പോകുമ്പോൾ പോകുന്ന സ്ഥലവും സമയവും ജീവനക്കാർ മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫീൽഡിൽ ജോലി ചെയ്യുന്നവരുടെ ടൂർ ഡയറി സൂപ്പർവൈസറും മെഡിക്കൽ ഓഫീസറും ഒപ്പിട്ടിരിക്കണം. ഒ.പി വിഭാഗം പ്രവർത്തിക്കുന്നില്ലെങ്കിൽ ഒരു ദിവസം മുമ്പേ അക്കാര്യം എഴുതി പ്രദർശിപ്പിക്കണം. പഞ്ചിംഗ് മെഷീൻ സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ റിപ്പോർട്ടിലെ കാര്യങ്ങൾ അവാസ്തവമാണെന്ന് പരാതിക്കാരനായ മേലോരം ഊരുമൂപ്പൻ എബ്രഹാം ഇറ്റക്കൽ കമ്മീഷനെ അറിയിച്ചു. ആശുപത്രിയിൽ ജീവനക്കാർ കൃത്യമായി ഹാജരാകുന്നില്ല എന്ന ആരോപണത്തെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഡി.എം.ഒ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഡി.എം.ഒ യുടെ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ആഴ്ചയിലൊരിക്കൽ ഇടുക്കി ഡി.എം.ഒ ക്ക് റിപ്പോർട്ട് നൽകണം. ഇത് ഒരു വർഷം തുടരണമെന്നും ഉത്തരവിൽ പറയുന്നു.
|
താമരശേരി പാതയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണം; വനം വകുപ്പിന്റെ ആശങ്ക പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 9073/2023 (Date : 29/11/2024)
കോഴിക്കോട്: താമരശേരി പാതയിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിന് വനം വകുപ്പ് ആശങ്കയറിയിച്ച സാഹചര്യത്തിൽ ശാസ്ത്രീയമായ പഠനങ്ങൾ തുടർ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം. കെ. ബൈജുനാഥ്.
തെരുവു വിളക്ക് സ്ഥാപിക്കാൻ സാമ്പത്തിക പരിമിതിയുണ്ടെങ്കിൽ സ്വകാര്യ പങ്കാളിത്തമോ സി.എസ്. ആർ ഫണ്ടോ ഉപയോഗിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സുരക്ഷയുടെ ഭാഗമായി റോഡരികിലും മീഡിയനിലും റിഫ്ളക്ടറുകൾ സ്ഥാപിക്കണമെന്നും കമ്മീഷൻ കോഴിക്കോട് ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകി.
ചുരംപാതയിലെ കൂരിരുട്ട് കാരണം വാഹനാപകടങ്ങൾ സംഭവിക്കുന്നതിനെതിരെ ശ്രീശാന്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
ചുരംപാതയിൽ ഇലക്ട്രിക് ലൈനുകൾ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. സോളാർ ലൈറ്റുകൾ സ്ഥാപിക്കാനുള്ള സാമ്പത്തിക ഭദ്രത പുതുപ്പാടി പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനുമില്ല. ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാൻ മുൻകൈയെടുക്കും.
സോളാർ ലൈറ്റുകൾ സ്ഥാപിക്കുകയാണെങ്കിൽ മോഷണം തടയാൻ സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിക്കണം. സി.സി.റ്റി.വി ക്യാമറകൾ സോളാറിൽ പ്രവർത്തിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. രാത്രികാലങ്ങളിൽ വന്യജീവികൾ സഞ്ചരിക്കുന്ന സ്ഥലമായതിനാൽ വന്യജീവികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ എന്ന് വനംവകുപ്പ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
|
മനുഷ്യാവകാശ ഉത്തരവ് നടപ്പിലാക്കി: മണക്കാട് – തിരുവല്ലം റോഡ് ഗതാഗതയോഗ്യമാക്കി. HRMP No. 6457/2024 (Date : 28/11/2024)
തിരുവനന്തപുരം: മണക്കാട്-തിരുവല്ലം റോഡിൽ നിലവിലുണ്ടായിരുന്ന പണികളെല്ലാം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കിയതായി ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. റോഡ് ഗതാഗത യോഗ്യമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങളും സർക്കാർ ഹാജരാക്കി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
കണ്ണൂർ റയിൽവേ സ്റ്റേഷനിലെ നായയുടെ പരാക്രമം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 28/11/2024)
കണ്ണൂർ: കണ്ണൂർ റയിൽവേ സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും പരിസരത്തുമായി ബുധനാഴ്ച 25 പേരെ നായ കടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു.
ജില്ലാ കളക്ടർ, മുൻസിപ്പൽ സെക്രട്ടറി. കണ്ണൂർ റയിൽവേ സ്റ്റേഷൻ മാനേജർ എന്നിവർ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കണ്ണൂർ മുൻസിപ്പൽ സെക്രട്ടറിയും റയിൽവേസ്റ്റേഷൻ മാനേജറും ഡിസംബർ 18 ന് രാവിലെ 11 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
എട്ടുമണിക്കൂറാണ് നായ പരാക്രമം നടത്തിയത്. കടിയേറ്റ പലരുടെയും യാത്ര മുടങ്ങി. ഇതിൽ 72 കാരന്റെ ഇരുകാലുകളും നായ കടിച്ചു പറിച്ചു.
നായയുടെ പരാക്രമം ജില്ലാ കളക്ടറെയും നഗരസഭയെയും സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. നേരത്തെ തന്നെ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും സ്റ്റേഷൻ മാനേജർ മാധ്യമങ്ങളോട് പറഞ്ഞു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
അംഗീകൃത ശേഷിയെക്കാൾ തടവുകാരെ പാർപ്പിക്കുന്നത് നിയമ വിരുദ്ധം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8965 / 2023 (Date : 28/11/2024)
തൃശൂർ: അംഗീകൃത ശേഷിയെക്കാൾ ഇരട്ടിയോളം തടവുകാരെ വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്നത് നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. സെൻട്രൽ ജയിലിലുള്ള 43 ഉദ്യോഗസ്ഥരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അന്തേവാസികളെ ആശുപത്രിയിലേക്കും കോടതികളിലേക്കും കൊണ്ടുപോകുന്നതിനാവശ്യമായ പോലീസ് എസ്കോർട്ട് ലഭിക്കാത്തത് കമ്മീഷൻ ഗൗരവമായി കാണും. ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ജയിൽ ഡയറക്ടർ ജനറലും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പരാതി ജനുവരി 23ന് പരിഗണിക്കും.
ഡയറക്ടർ ജനറൽ ഓഫ് പ്രിസണും ജില്ലാ പോലീസ് മേധാവിയും നിയോഗിക്കുന്ന രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ജനുവരി 23 ന് നടക്കുന്ന സിറ്റിംഗിൽ ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ സക്കീർ അലിക്ക് യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് മകനും എറണാകുളം പുത്തൻകുരിശ് സ്വദേശിയുമായ ആഷിക്ക് സമർപ്പിച്ച പരാതിയിലാണ് നടപടി.
വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. തടവുകാരന് യഥാസമയം ചികിത്സ നൽകാറുണ്ടെന്നും എന്നാൽ എല്ലാ തടവുകാരെയും കൃത്യമായി ആശുപത്രിയിൽ കൊണ്ടുപോകാൻ പോലീസ് എസ്കോർട്ട് ലഭിക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ജയിലിലെ ഓരോ ബ്ലോക്കുകളിലും നൂറിലേറെപേർ തിങ്ങി പാർക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. എൻ.ഐ.എ തടവുകാർ, മാവോയിസ്റ്റുകൾ, സ്ഥിരം കുറ്റവാളികൾ, മാനസികരോഗികൾ എന്നിവർക്ക് നിരന്തര നിരീക്ഷണം ആവശ്യമാണ്. ഇതിനുള്ള ജീവനക്കാരെയാണ് ആശുപത്രി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിലിലെ അംഗീകൃതശേഷി 553 ആണ്. എന്നാൽ ഏകദേശം 1068 അന്തേവാസികളെയാണ് പാർപ്പിച്ചിരിക്കുന്നത്. രോഗബാധിതരായ നിരവധി അന്തേവാസികൾ ജയിലിലുണ്ട്. ജയിലിലെ ഉദ്യോഗസ്ഥരുടെ അംഗീകൃതശേഷി 160 ആണ്. എന്നാൽ 117 ഉദ്യോഗസ്ഥർ മാത്രമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
|
വയനാട് മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾ പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. (Date : 28/11/2024)
വയനാട്: വയനാട് മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
വയനാട് മെഡിക്കൽകോളേജ് പ്രിൻസിപ്പൽ പരാതികൾ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം ഐ.സി.യു അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി. ശീതീകരണ സംവിധാനത്തിലെ തകരാറാണ് ഇതിന് കാരണമെന്ന് പറയുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഐ.സി.യു നന്നാക്കാൻ കഴിയാത്തതെന്ന് മനസിലാക്കുന്നു. അടിയന്തര ചികിത്സ ആവശ്യമുള്ള കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യാറാണ് പതിവ്.
സുൽത്താൻ ബത്തേരിയിൽ അടുത്തമാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ഹോളോ ബ്ലോക്ക് കമ്പനി രാത്രികാലങ്ങളിൽ പ്രവർത്തിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ. (Date : 28/11/2024)
ആലപ്പുഴ: വൈകുന്നേരം 6 മുതൽ രാവിലെ 6 വരെയുള്ള സമയത്ത് ഒരു കാരണവശാലും ഹോളോ ബ്ലോക്ക് കമ്പനിയിലെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി. രാത്രി സമയങ്ങളിൽ സ്ഥാപനം പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ മിന്നൽ പരിശോധന നടത്തണമെന്ന് കമ്മീഷൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകി.ചേപ്പാട് മുട്ടത്ത് പ്രവർത്തിക്കുന്ന ഹോളോ ബ്ലോക്ക് കമ്പനിക്കെതിരെ പ്രദേശവാസി സമർപ്പിച്ച പരാതിയിലാണ് നടപടി.
മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റ് എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിച്ചു. ബോർഡ് നൽകിയ നിർദ്ദേശങ്ങൾ പാലിക്കുകയാണെന്നിൽ മലിനീകരണം നിയന്ത്രിക്കാനാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ബോർഡ് നൽകിയ നിർദ്ദേശങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് പരാതിക്കാർ അറിയിച്ചു. ഉപജീവന മാർഗ്ഗമായാണ് യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതെന്ന ചേപ്പാട് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് കമ്മീഷൻ തള്ളി. ഒരു വ്യവസായ സ്ഥാപനം 24 മണിക്കൂറും പ്രവർത്തിക്കുന്നത് ഉപജീവനത്തിന് വേണ്ടിയാണോ എന്ന് കമ്മീഷൻ ചോദിച്ചു.
|
നാട്ടികയിലെ അപകടം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. HRMP No. 8978/2024 (Date : 27/11/2024)
തൃശൂർ: മദ്യലഹരിയിൽ ക്ലീനർ ഓടിച്ച ലോറി പാഞ്ഞുകയറി രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പോലീസ് മേധാവി (റൂറൽ) സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്
|
മോർച്ചറിയിൽ ഇൻക്വസ്റ്റിന് സ്ഥലമില്ല: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 27/11/2024)
കോഴിക്കോട് : മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഇൻക്വസ്റ്റ് നടപടികൾ ചെയ്യുന്ന പോലീസുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. നിൽക്കാൻ പോലും സ്ഥലമില്ലാത്ത കുടുസുമുറിയിലാണ് ഇൻക്വസ്റ്റ് നടക്കുന്നത്. നിലത്തുള്ള ചോരയിൽ ചവിട്ടി നിന്നു വേണം ഇൻക്വസ്റ്റ് പൂർത്തിയാക്കേണ്ടത് . മോർച്ചറിയിൽ അവഗണന മ്യതദേഹങ്ങളോട് മാത്രമല്ല ജീവനക്കാരോടുമുണ്ടെന്ന് പരാതിയുണ്ട്. ദിവ സേനെ പത്തോളം ഇൻക്വിസ്റ്റ് നടക്കാറുണ്ട്. മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ പോസ്റ്റ് മോർട്ടം നടപടികൾ വൈകാറുണ്ടെന്നും പരാതിയുണ്ട്.
അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ഫ്രീസർ ഇൻക്വസ്റ്റ് മുറിയിലേക്ക് കൊണ്ടുവന്നതിനാൽ നിലവിൽ രണ്ടു ടേബിളുകൾ മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. ഇൻക്വസ്റ്റ് സമയത്ത് മുറയിലുണ്ടാകേണ്ട രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കും 5 സാക്ഷികൾക്കും നിൽക്കാൻ പോലും സ്ഥലമുണ്ടാകാറില്ല. മ്യതദേഹത്തിൽ നിന്നും ഒഴുകുന്ന രക്തത്തിലും സ്രവത്തിലും ചവിട്ടി നിന്നു വേണം ഇവർ ജോലി ചെയ്യേണ്ടത്. പകർച്ചവ്യാധികൾ പകരാൻ വരെ സാധ്യതയുണ്ട്. ഫ്രീസർ മാറ്റി സ്ഥാപിച്ചാൽ സ്ഥലം ലഭിക്കുമെന്നാണ് മനസിലാക്കുന്നത്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഇടപെട്ടത്.
|
സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ സൗകര്യം ഒരുക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3871/2023 (Date : 27/11/2024)
കണ്ണൂർ : സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിക്കാൻ സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ഈ സംവിധാനം നിലവിലുണ്ടെങ്കിൽ അത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രചരണം നൽകണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
സ്ത്രീകളും കുട്ടികളും വയോജനങ്ങൾക്കും നൽകുന്ന പരാതികൾ ഗൗരവത്തോടെയും പ്രാധാന്യത്തോടെയും കൈകാര്യം ചെയ്യണമെന്നും ഇത്തരം പരാതികളിൽ യഥാസമയം നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിക്ക് ആസ്പദമായ സംഭവസ്ഥലത്തിന്റെ പരിധിയിൽ തന്നെ പരാതി നൽകണമെന്ന നിബന്ധന പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും എവിടെ വേണമെങ്കിലും പരാതി നൽകാൻ സൗകര്യം ഒരുക്കണമെന്ന പരാതിയിലാണ് ഉത്തരവ്. നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
പി. ആർ.ഡി ഇൻഫർമേഷൻ സെന്ററിൽ 50 ദിവസമായി കറന്റില്ല: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. HRMP No. 8790/2024 & 8674/2024 (Date : 27/11/2024)
തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് വകുപ്പിന് കീഴിൽ പ്രസ് ക്ലബ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ആന്റ് റിസർച്ച് സെന്ററിൽ കഴിഞ്ഞ അൻപത് ദിവസമായി വൈദ്യുതി ഇല്ലെന്ന പരാതിയെ കുറിച്ച് അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പി.ആർ.ഡി ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണം.
സിവിൽ സർവീസിന് പഠിക്കുന്നവരും ഗവേഷക വിദ്യാർത്ഥികളും റഫറൻസിനായി ആശ്രയിക്കുന്ന സ്ഥലത്താണ് വൈദ്യുതി നിലച്ചതെന്ന് പരാതിക്കാർ അറിയിച്ചു. ഇവിടെയുള്ള വായനാ മുറിയിൽ പത്രവായനക്കായി നിരവധിയാളുകൾ ദിവസേനെ എത്താറുണ്ട്. ഇൻഫർമേഷൻ ഓഫീസർ അടക്കം 3 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. വൈദ്യുതി നിലച്ചതിനാൽ പത്രവായനക്കും റഫറൻസിനുമായി എത്തുന്നവർ ഇരുട്ടിൽ തപ്പുന്നതായി പരാതിയിൽ പറയുന്നു.
ഒക്ടോബർ 3 നാണ് വൈദ്യുതി നിലച്ചത്. സെക്രട്ടറിയേറ്റിന് തൊട്ടുപിന്നിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ദുരവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരായ രാഗം റഹിം, നാരായണദാസ് എന്നിവർ അറിയിച്ചു.
|
അധ്യാപികയ്ക്ക് രണ്ടുമാസത്തിനകം വേതനം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO . 6232/2022 (Date : 26/11/2024)
കോഴിക്കോട്: മാങ്ങാട് എ.യു.പി സ്കൂളിൽ അധ്യാപികയായി ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തയാൾക്ക് നാലുവർഷത്തിലേറെയായി വേതനം നിഷേധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നും രണ്ടുമാസത്തിനുള്ളിൽ വേതനം അനുവദിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ.
മാങ്ങാട് എ.യു.പി സ്കൂൾ മാനേജർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ സ്കൂൾ മാനേജർ നിശ്ചിത സമയപരിധിക്കുള്ളിൽ കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. പുതുപ്പാടി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി.
2019 നവംബർ 29 നാണ് പരാതിക്കാരി 935 രൂപ ദിവസവേതനാടിസ്ഥാനത്തിൽ മാങ്ങാട് എ.യു.പി സ്കൂളിൽ നിയമിതയായത്. 2020 മാർച്ച് 8 വരെ ജോലി ചെയ്തു. പരാതിക്കാരിയുടെ നിയമനത്തിന് എ.ഇ.ഒ അംഗീകാരം നൽകിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ അംഗീകാരം ലഭിക്കാത്തതുകൊണ്ടാണ് വേതനം നൽകാൻ കഴിയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
|
മോഷണ സംഘങ്ങളുടെ ഭീഷണി : സമാധാന ജീവിതം ഉറപ്പാക്കണം - മനുഷ്യാവകാശ കമ്മീഷൻ. (Date 26/11/2024)
കണ്ണൂർ : സംസ്ഥാനത്ത് വൻ മോഷണ സംഘങ്ങൾ സൃഷ്ടിക്കുന്ന ഭീതി അവസാനിപ്പിക്കുന്നതിന് കർശനവും പ്രായോഗികവും ഫലപ്രദവുമായ നടപടികൾ സ്വീകരിച്ച് സമാധാന ജീവിതം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ്. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഡിസംബർ 18 ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വളപട്ടണത്ത് നടന്ന വൻ മോഷണത്തിന്റെ പശ്ചാത്തലത്തിൽ പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വൻ മോഷണ സംഘങ്ങൾ വല്ലാത്ത ഭീതി സൃഷ്ടിക്കുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ജീവനും സ്വത്തിനും ഭീഷണിയാവുന്ന മോഷണങ്ങളുടെ എണ്ണം പെരുകുന്നു. നിയമ സമാധാനത്തിന് വെല്ലുവിളി നേരിടുന്ന സംഭവങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. പൊതു ജനങ്ങൾക്ക് ഭയരഹിതമായി ജീവിക്കാൻ കഴിയുന്ന സാഹചര്യം പോലീസ് സംജാതമാക്കണ മെന്ന് ഉത്തരവിൽ പറഞ്ഞു.
|
ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കിയതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 26/11/2024)
വയനാട്: ആദിവാസികളുടെ കുടിലുകൾ വനം വകുപ്പ് പൊളിച്ചു മാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
വയനാട് ജില്ലാ കളക്ടറും സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് വാർഡനും ഇക്കാര്യം പരിശോധിച്ച്15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.ബേഗൂരിലെ കുടിലുകൾ വനം കൈയേറ്റത്തിന്റെ പേരു പറഞ്ഞ് പൊളിച്ചു നീക്കിയെന്നാണ് പരാതി.
|
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്: മാട്ടുക്കട്ട മാർക്കറ്റിലെ ശൗചാലയ വാതിൽ തടസ്സപ്പെടുത്തിയ മാലിന്യങ്ങൾ നീക്കം ചെയ്തു. HRMP No. 8631/2023 (Date : 25/11/2024)
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്: മാട്ടുക്കട്ട മാർക്കറ്റിലെ ശൗചാലയ വാതിൽ തടസ്സപ്പെടുത്തിയ മാലിന്യങ്ങൾ നീക്കം ചെയ്തു. HRMP No. 8631/2023 (Date : 25/11/2024)
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ജൂനിയർ ഡോക്ടർമാരുടെ അധിക ജോലിഭാരം പരിഹരിക്കാൻ മാനുവൽ പരിഷ്ക്കരിക്കുമെന്ന് സർക്കാർ. HRMP No. 5339/2023 (Date : 25/11/2024)
തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്ടർമാരും ഹൗസ് സർജൻമാരും അധിക ജോലി ഭാരം അനുഭവിക്കുകയാണെന്ന പരാതി പരിഹരിക്കാൻ പി.ജി. വിദ്യാർത്ഥികളുടെയും ഹൗസ് സർജൻമാരുടെയും മാനുവൽ പരിഷ്ക്കരിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തുടർനടപടികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
മെഡിക്കൽ വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് കേരള ആരോഗ്യസർവകലാശാല രജിസ്ട്രാർക്ക് കത്ത് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
|
പുനലൂർ പേപ്പർ മില്ലിൽ നിന്നും വിരമിച്ചയാൾക്ക് 3 മാസത്തിനകം ആനുകൂല്യങ്ങൾ നൽകണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 25/11/2024)
കൊല്ലം: പുനലൂർ ആർ. പി. സി. പേപ്പർ മില്ലിൽ നിന്നും 2015 ൽ വിരമിച്ചയാൾക്ക് നൽകാനുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ 3 മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്പനി മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.
കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതു കാരണമാണ് ആനുകൂല്യങ്ങൾ നൽകാൻ കഴിയാത്തതെന്ന് എം.ഡി.യുടെ റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ ഭൂമി വിൽക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ നടന്നു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആനുകൂല്യം നൽകാൻ കമ്പനി സമയം ചോദിച്ചു.
പരാതിക്കാരനായ ചടയമംഗലം സ്വദേശി കെ. മധുസൂദനൻ പിള്ളക്ക് മറ്റ് വരുമാന മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ മാനുഷിക പരിഗണന നൽകി മൂന്നു മാസത്തിനകം സാമ്പത്തിക ആനുകൂല്യങ്ങൾ നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
|
കാടുപിടിച്ച സ്ഥലം വെട്ടി തെളിക്കാതിരുന്നാൽ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6925/2024 & 8867/2023 (Date : 25/11/2024)
കോഴിക്കോട്: കാടുപിടിച്ച് നടക്കുന്ന സ്ഥലം, ഉടമകൾ യഥാസമയം വെട്ടിതെളിക്കാതിരുന്നാൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ തുടർപരിശോധന നടത്തി ഉടമക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. തന്റെ താമസസ്ഥലത്തിന് സമീപം 20 സെന്റ് സ്ഥലം കാടുപിടിച്ച് കിടക്കുകയാണെന്ന് ആരോപിച്ച് ഗോവിന്ദപുരം വളയനാട് സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി.
കോഴിക്കോട് നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കാട് വെട്ടി സ്ഥലം വൃത്തിയാക്കണമെന്ന് ഉടമക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
അയൽക്കാർക്ക് ഉപദ്രവമാകുന്ന രീതിയിൽ പറമ്പിൽ കാടുവളരുന്നത് ഒഴിവാക്കാൻ സ്ഥലം ഉടമകൾ അടിയന്തരമായി നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഇക്കാര്യം പരിശോധിക്കണം. തുടർന്ന് കാടുവെട്ടിതെളിച്ചതായി ഹെൽത്ത് ഇൻസ്പെക്ടർ കമ്മീഷനെ അറിയിച്ചു.
|
കാൽനട യാത്രക്കാരുടെ അവകാശങ്ങൾ കവരുന്നവർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date 25/11/2024)
കോഴിക്കോട്: കാൽനട യാത്രക്കാരെ റോഡിലേക്ക് തള്ളിവിട്ടശേഷം നടപ്പാതകൾ കൈയടക്കുന്ന തെരുവു കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ, നഗരസഭാ സെക്രട്ടറി എന്നിവർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സാമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
റോഡ്, വാഹനങ്ങൾക്കും നടപ്പാത കാൽനടയാത്രക്കാർക്കുമുള്ളതാണ്. എന്നാൽ നടപ്പാതകൾ കച്ചവടക്കാർ കൈയേറുകയാണ് ചെയ്യുന്നത്. ഇത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. കാൽനടയാത്രക്കാരെ റോഡിലേക്ക് തള്ളിവിടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായും ഉത്തരവിൽ പറയുന്നു.
നടക്കാവ്, പാളയം, മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥലങ്ങൾ തെരുവുകച്ചവടക്കാരുടെ കൈയിലാണെന്ന്പരാതിയുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. ഡിസംബർ 20 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
കെ.പി. വള്ളോൻ റോഡ് മുല്ലയ്ക്കൽ ലൈനിൽ കുടിവെള്ളമെത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 486/2024 (Date : 22/11/2024)
എറണാകുളം: കെ.പി. വള്ളോൻ റോഡ് മുല്ലയ്ക്കൽ ലൈനിൽ ജലഅതോറിറ്റി കൊച്ചി സർക്കിൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥലപരിശോധന നടത്തി കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ രണ്ടാഴ്ചക്കുള്ളിൽ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഡിസംബർ 3 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ അസിസ്റ്റന്റ് എഞ്ചിനീയർ റാങ്കിൽ കുറയാത്ത ഒരു എഞ്ചിനീയർ ഹാജരായി സ്വീകരിച്ച നടപടികൾ വിശദമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കൊച്ചി സർക്കിൾ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും വൈറ്റില സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കുമാണ് നിർദ്ദേശം നൽകിയത്.
2022 ൽ കേടായതും പഴയതുമായ എ.സി പൈപ്പുകൾ മാറ്റി പുതിയ 160 എം. എം പി. വി.സി പൈപ്പ് സ്ഥാപിക്കാൻ നടപടി തുടങ്ങിയെങ്കിലും പൊതുജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പ്രവൃത്തി മുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. റോഡ് പുനരുദ്ധാരണം കൂടി ഉൾപ്പെടുത്തിയുള്ള ടെണ്ടർ നടപടികൾ അവസാനഘട്ടത്തിലാണെന്നും റിപ്പോർട്ടിലുണ്ട്. പൈപ്പുകൾ സ്ഥാപിച്ചെങ്കിലും കുടിവെള്ളം ലഭിച്ചില്ലെന്ന് പരാതിക്കാരനായ പി.ജെ ചാർലി കമ്മീഷനെ അറിയിച്ചു.
|
കരമനയിൽ മലിനജലം റോഡിലേക്ക് ഒഴുകുന്നു : അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO . 8747/2024 (Date : 22/11/2024)
തിരുവനന്തപുരം: കരമന തളിയൽ റോഡിൽ അഗ്രഹാരങ്ങൾക്ക് സമീപം ഓടയിൽ നിന്ന് മലിനജലം റോഡിലേക്കും അതുവഴി കരമന നദിയിലേക്കും ഒഴുകുന്നത് തടയാൻ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഒരു വർഷത്തോളമായി മലിനജലം റോഡിലേക്കും നടപ്പാതയിലേക്കും ഒഴുകി പൊതുജനങ്ങൾക്ക് ഉപദ്രവമുണ്ടായിട്ടും ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയിലാണ് നടപടി.
ജല അതോറിറ്റി സ്വീവറേജ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ നിയോഗിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയർ, തിരുവനന്തപുരം നഗരസഭ കരമന സോൺ ഹെൽത്ത് ഇൻസ്പെക്ടർ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർ സംയുക്തമായി സ്ഥല പരിശോധന നടത്തണം.
സ്ഥല പരിശോധനക്ക് മുമ്പ് പരാതിക്കാർക്ക് മുൻകൂർ നോട്ടീസ് നൽകണം. പരിശോധക്ക് ശേഷം ഓട കരകവിഞ്ഞൊഴുകുന്നത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ വിശദീകരിച്ച് ഒരു റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഡിസംബർ 9 ന് കേസ് വീണ്ടും പരിഗണിക്കും. പ്രദേശവാസിയായ എസ്. ശിവ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കുന്നം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ജീവനക്കാർ തമ്മിൽ സൗഹാർദ്ദപരമായി പെരുമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO . 3938/2023 (Date : 22/11/2024)
ആലപ്പുഴ: കുന്നം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ജോലി ചെയ്യാനുള്ള അന്തരീക്ഷം സൗഹൃദപരമായി നിലനിർത്താൻ ജീവനക്കാർ ബോധപൂർവ്വം ശ്രമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്ന പ്രിൻസിപ്പാളിന്റെ ഉറപ്പ് കമ്മീഷൻ രേഖപ്പെടുത്തി.
സ്കൂളിലെ ജീവനക്കാരിയെ അധ്യാപിക വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് ജീവനക്കാരി സമർപ്പിച്ച പരാതിയിലാണ് നടപടി.
ജീവനക്കാരിയെ വ്യക്തിപരമായി സ്റ്റാഫ്റൂമിൽ വച്ച് അധിക്ഷേപിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ഉത്തരവിൽ പറയുന്നു.
|
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന് തിരൂരിൽ. (Date : 22/11/2024)
മലപ്പുറം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഇന്ന് (22/11/2024) രാവിലെ 11 ന് തിരൂർ പി.ഡബ്ല്യു. ഡി. റസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും
|
കാലത്തിന്റെ ഗർഭപാത്രത്തെ കുറിച്ചോർത്ത് സാധാരണക്കാരനോട് അനീതി കാണിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6736/2024 (Date : 22/11/2024)
കാലത്തിന്റെ ഗർഭപാത്രത്തിൽ ഉദയം ചെയ്തേക്കാവുന്ന പ്രതിസന്ധികളെ കുറിച്ചോർത്ത് സാധാരണ മനുഷ്യരുടെ ജീവിതം എളുപ്പവും സൗകര്യപ്രദവുമാക്കാനുതകുന്ന ഇന്നിന്റെ അവസരങ്ങളെ നിരാകരിക്കുന്നത് അനീതിയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ റയിൽവേ റിസർവേഷൻ കേന്ദ്രം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിൽ ആശുപത്രി അധികൃതർ പ്രവർത്തിക്കുകയാണെന്ന പരാതിയിലാണ് കമ്മീഷന്റെ വിമർശനം.
നിലവിൽ കാമ്പസിനകത്ത് റിസർവേഷൻ കേന്ദ്രത്തിനായി പ്രവൃത്തി നടത്തിയ കെട്ടിടത്തിൽ തന്നെ റിസർവേഷൻ കേന്ദ്രം ആരംഭിക്കണമെന്നും കെട്ടിടം റയിൽവേയുടെ ഉപയോഗത്തിനായി എത്രയും വേഗം വിട്ടുകൊടുക്കണമെന്നും കമ്മീഷൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് നിർദ്ദേശം നൽകി.
ആശുപത്രിയുടെ ചുറ്റുമതിലുമായി ബന്ധപ്പെട്ട് റോഡ് വീതി കൂട്ടണമെന്ന ഉത്തരവ് വരാൻ സാധ്യതയുള്ളതിനാൽ ഈ കെട്ടിടം വിട്ടുകൊടുക്കാനാവില്ലെന്ന പ്രിൻസിപ്പാളിന്റെ വാദം കമ്മീഷൻ തള്ളി.
പഴയ അത്യാഹിത വിഭാഗത്തിന് സമീപം ഒന്നാം വാർഡിനോട് ചേർന്ന് മുമ്പ് ടെലഫോൺ ബൂത്ത് പ്രവർത്തിച്ചിരുന്ന സ്ഥലം റിസർവേഷൻ കൗണ്ടറിന് യോജിച്ചതല്ലെന്നും ഉത്തരവിൽ പറയുന്നു. ഇത് രോഗികൾക്ക് ബുദ്ധിമുട്ടിന് കാരണമാകും. പാർക്കിങ്ങിനും അസൗകര്യമുണ്ടാകും. റോഡ് വീതി കൂട്ടുന്ന നടപടികൾ നിർദ്ദിഷ്ട റിസർവേഷൻ കൗണ്ടറിനെ ബാധിക്കാൻ സാധ്യതയുണ്ടെങ്കിൽ മാത്രം കാമ്പസിനകത്ത് ഒരു പുതിയ കെട്ടിടത്തിലേക്ക് കൗണ്ടർ മാറ്റുന്നതിനുള്ള നടപടികൾ പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു. ദിനേശ് പെരുമണ്ണ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മുതുപിലാക്കോട് പള്ളിയിലെ കൂറ്റൻ മണി ശബ്ദം: ഡി.വൈ.എസ്.പി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 2896/2022 (Date : 21/11/2024)
കൊല്ലം: ശാസ്താംകോട്ട മുതുപിലാക്കോട് സെന്റ് മേരീസ് മലങ്കര സിറിയൻ കത്തോലിക്ക പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ മണിയിൽ നിന്നുമുള്ള ശബ്ദം സമീപവാസിക്കും കുടുംബത്തിനും മാനസിക ശാരീരിക അസ്വസ്ഥതതകളുണ്ടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ ശബ്ദ മലിനീകരണ നിയന്ത്രണ നിയമപ്രകാരം അധികാരപ്പെട്ട ശാസ്താംകോട്ട ഡി.വൈ.എസ്.പി കർശന നടപടികൾ ഒരു മാസത്തിനകം സ്വീകരിച്ചശേഷം രേഖാമൂലം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കൂറ്റൻ മണിയിൽ നിന്നുള്ള ശബ്ദം അനുവദനീയമായ പരിധിയിൽ നിന്നും പത്ത് ഡെസിബെൽ കൂടുതലാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർ അറിയിച്ച സാഹചര്യത്തിലാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയുടെ ഉത്തരവ്.പരാതിക്കാരിയുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി ഉത്തരവിൽ പറയുന്നു. 2000 ലെ ശബ്ദമലിനീകരണ നിയന്ത്രണ നിയമത്തിൽ ശബ്ദമലിനീകരണത്തിന്റെ പരിധി ലംഘിക്കരുതെന്നും ലംഘിച്ചാൽ ഉത്തരവാദപ്പെട്ടവർ നടപടിയെടുക്കണമെന്നും അനുശാസിക്കുന്നതായി ഉത്തരവിൽ പറഞ്ഞു. റസിഡൻഷ്യൽ ഏരിയയിൽ ശബ്ദപ്രസരണം പകൽസമയത്ത് പരമാവധി 55 ഡെസിബല്ലും രാത്രി 45 ഡെസിബെല്ലുമാണ്. എന്നാൽ 75.3 ഡെസിബല്ലാണ് ഇവിടെ കണ്ടെത്തിയത്.
ഈ നിയമം പള്ളി അധികാരികൾക്കും ബാധകമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പള്ളിമണിയുടെ ശബ്ദതീവ്രത കാരണം ഏറെനേരം തലക്കുള്ളിൽ മുഴക്കം അനുഭവപ്പെടുന്നതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു. തുടർന്ന് പരാതിക്കാരി ചികിത്സ തേടി. ഈ സാഹചര്യത്തിൽ പള്ളിമണി മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാകാത്ത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയോ അല്ലെങ്കിൽ നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള പരിധി ലംഘിക്കാതെ മണി ശബ്ദം നിയന്ത്രിക്കുകയോ വേണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഇത് സംബന്ധിച്ച് കമ്മീഷൻ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കേരള ഹൈക്കോടതി ഉത്തരവുപ്രകാരം ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും നോട്ടീസ് നൽകി കമ്മീഷൻ ഒരിക്കൽ കൂടി കേട്ടശേഷമാണ് പുതിയ ഉത്തരവ് പാസാക്കിയത്.
|
കാഴ്ചയും കാലിന് സ്വാധീനവും ഇല്ലാത്ത ഭിന്നശേഷക്കാരിക്ക് ലൈഫ് മിഷനിൽ മുൻഗണന നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5245/2024 (Date :21/11/2024)
പാലക്കാട് : തകർന്നു വീഴാറായ വീട്ടിൽ താമസിക്കുന്ന കാഴ്ചയും കാലിന് സ്വാധീനവും ഇല്ലാത്ത ഭിന്നശേഷിക്കാരിക്ക് ലൈഫ് ഭവന പദ്ധതിയിൽ മുൻഗണന നൽകി ധനസഹായം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കരിമ്പുഴ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
കരിമ്പുഴ 13-ാം വാർഡിൽ അമ്മയുമൊത്ത് താമസിക്കുന്ന കെ.ആർ.വളർമതി സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് കമ്മീഷൻ ഉത്തരവ്.
കരിമ്പുഴ പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരി 11-ാം ക്രമനമ്പറായി ഉൾപ്പെട്ടിട്ടുണ്ടെന്നും ഫണ്ടിന്റെ അപര്യാപ്തത കാരണം ആനുകൂല്യം അനുവദിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. പരാതിക്കാരിയെ പോലെ നിരവധി ഗുണഭോക്താക്കൾ ആനുകൂല്യം ലഭിക്കാതെ കഷ്ടപ്പെടുന്നുണ്ട്. 15 ഗുണഭോക്താക്കൾക്ക് ആനുകൂല്യം അനുവദിക്കാൻ നിർവഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് മുൻഗണന നൽകാനാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്.
|
മഞ്ഞപ്പിത്ത ബാധ : കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 21/11/2024)
കോഴിക്കോട്: ജില്ലയിൽ മഞ്ഞപിത്ത രോഗ ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷിത ഭക്ഷണവും വെള്ളവും നൽകുന്ന കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.
ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുൻസിപ്പൽ സെക്രട്ടറിയും ജില്ലയിൽ വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങളുടെയും കുടിവെള്ളത്തിന്റെയും ഗുണ നിലവാരം ഉറപ്പു വരുത്തമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിക്കുന്ന നടപടികളെ കുറിച്ച്ര ണ്ടാഴ്ചക്കകം ഇരുവരും റിപ്പോർട്ട് സമർപ്പിക്കണം. ഡിസംബർ 20 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
നവംബറിലെ ആദ്യ ആഴ്ചയിൽ 54 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്.ജില്ലയിൽ കോർപ്പറേഷനിലും പഞ്ചായത്തുകളിലും രോഗ ബാധ സ്ഥിരീകരിച്ചതായി മനസിലാക്കുന്നു.
|
ചികിത്സാപ്പിഴവ് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. HRMP No. 8618/2024 (Date : 19/11/2024)
കോഴിക്കോട്: ശരീരമരവിപ്പും വേദനയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ചികിത്സ തേടിയ യുവതി യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കേസെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിൽ നിന്നും അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
നവംബർ 4 നാണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബർ 19 ന് മരിച്ചു. രോഗ നിർണയം നടത്തിയില്ലെന്നാണ് പരാതി. ഗില്ലൈൻബാരി സിൻഡ്രോം എന്ന ഗുരുതര രോഗമാണ് രജനിക്കുണ്ടായിരുന്നതെന്നും എന്നാൽ മനോരോഗ ചികിത്സയാണ് രജനിക്ക് നൽകിയതെന്നും ഭർത്താവ് ഗിരീഷ് സമർപ്പിച്ച പരാതിയിൽ പറയുന്നു. നാലുദിവസങ്ങൾക്ക് ശേഷം രോഗം കണ്ടുപിടിച്ചപ്പോൾ ന്യുമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. മൂന്നു കുട്ടികളുടെ അമ്മയാണ് രജനി.
|
നെൻമാറയിൽ 17 കാരന് പോലീസ് മർദ്ദനം: ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6166/2024 (Date : 19/11/2024)
പാലക്കാട്: നെൻമാറ ടൗണിൽ കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന 17 കാരനെ പോലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതിയുയർന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള കർശന നിർദ്ദേശം കീഴുദ്യോഗസ്ഥർക്ക് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സംഭവത്തിൽ നെൻമാറ പോലീസ് സ്റ്റേഷൻ എസ്.ഐ ക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് തീർപ്പാക്കി.
പാലക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിൽ ആലത്തൂർ ഡി.വൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ട് കമ്മീഷൻ സ്വീകരിച്ചു. സംഭവത്തിന്റെ സി.സി.റ്റി.വി ദൃശ്യങ്ങൾ ഡി.വൈ.എസ്.പി സമർപ്പിച്ചു.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സ്കൂൾ കുട്ടികളിൽ കഞ്ചാവിന്റെ ഉപയോഗം വ്യാപകമാണെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകാൻ സാധ്യതയുള്ള ഇത്തരത്തിലുള്ള ചെറിയ വീഴ്ചകൾ പോലും പോലീസിനെതിരെയുള്ള വലിയ പ്രതിഷേധത്തിന് കാരണമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
എസ്. ഐ യുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് എസ്. ഐ ക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ശുപാർശ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതലയെന്നും റിപ്പോർട്ടിലുണ്ട്.
|
പെൻഷൻ ആനുകൂല്യം ഉടൻ നൽകണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 19/11/2024)
ആലപ്പുഴ : ഭൂജല വകുപ്പിൽ സീനിയർ ഡ്രില്ലർ തസ്തികയിൽ നിന്നും 2020 ഒക്ടോബർ 31 ന് സർവീസിൽ നിന്നും വിരമിച്ചയാൾക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ എത്രയും വേഗം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഭൂജല വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.
അമ്പലപ്പുഴ സ്വദേശി ശ്യാംലാലിന്റെ പരാതി പരിഹരിക്കണമെന്നാണ് നിർദ്ദേശം.
പരാതിക്കാരന്റെ പെൻഷൻ ആനുകൂല്യങ്ങൾ ഒരു മാസത്തിനകം നൽകണമെന്ന് കമ്മീഷൻ 2024 ഏപ്രിൽ 3 ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നടപ്പായില്ല.
പരാതിക്കാരന്റെ പ്രൊമോഷൻ രേഖകൾ സ്പാർക്കിൽ തെറ്റായി രേഖപ്പെടുത്തിയത് കാരണമാണ് ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസമുണ്ടായതെന്ന് ഭൂജല വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.
|
നെൽകൃഷിക്ക് തടസ്സമുണ്ടാകാത്ത തരത്തിൽ നട വഴി നിർമ്മിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5199/2024 (Date : 18/11/2024)
മലപ്പുറം: വയലിൽ നീരൊഴുക്കിന് തടസ്സമില്ലാത്ത വിധത്തിൽ കൃഷി ചെയ്യുന്നതിനുമുള്ള സംവിധാനം ഒരുക്കി മഴക്കാലത്തും സൗകര്യപ്രദമായി നടക്കാനുള്ള വഴി ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പെരിന്തൽമണ്ണ തഹസ്സിൽദാർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്.
ഇ.എം.എസ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീട്ടിൽ താമസിക്കുന്ന പള്ളിക്കൽ വി.പി അഹമ്മദ്കുട്ടിയുടെ നടവരമ്പ് നിർമ്മിച്ച് നൽകാനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. സ്ഥലം ഉടമകൾ നടവരമ്പ് പൊളിച്ച് കളഞ്ഞതിനാൽ അരയ്കൊപ്പം വെള്ളത്തിലൂടെയാണ് നടക്കുന്നതെന്ന പരാതിയിലാണ് നടപടി.
പെരിന്തൽമണ്ണ സബ് കളക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ നടവഴി കടന്നുപോകുന്ന വയലിന്റെ ഉടമകൾക്ക് നടവഴി നിർമ്മിച്ച് നൽകാൻ നിർദ്ദേശം നൽകിയിരുന്നതായി പറയുന്നു. എന്നാൽ കൃഷിയിടത്തിലൂടെ വഴികെട്ടി ഉയർത്തിയാൽ കൃഷി ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞ് വയൽ ഉടമകൾ ആവശ്യം നിരസിച്ചു.
തങ്ങൾക്ക് വഴി നടക്കാനുള്ള സൗകര്യം മാത്രമാണ് ആവശ്യമെന്നും എതിർകക്ഷികളുടെ വസ്തുവകകൾ നഷ്ടമാകാത്ത തരത്തിൽ ഒരു നടവഴി മാത്രം ലഭിച്ചാൽ മതിയെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. തുടർന്നാണ് പെരിന്തൽമണ്ണ സബ് കളക്ടർക്ക് നിർദ്ദേശം നൽകിയത്.
|
ഇല്ലാത്ത രോഗത്തിന് ചികിത്സയെന്ന് പരാതി: ഡിസ്ചാർജ് സർട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 4275/2023 (Date :18/11/2024)
ആലപ്പുഴ: ചേർത്തല കെ.വി.എം ആശുപത്രിയിൽ നിന്നും 2022 ഡിസംബർ 31 ന് വിടുതൽ ചെയ്തയാളുടെ ഡിസ്ചാർജ് സമ്മറി സർട്ടിഫിക്കേറ്റ് രോഗിക്ക് നൽകണമെന്ന നിർദ്ദേശം ആശുപത്രി അധികൃതർ അനുസരിക്കാത്ത സാഹചര്യത്തിൽ അത് കമ്മീഷനിൽ ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇല്ലാത്ത രോഗത്തിന് ചികിത്സ നൽകിയെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയുടെ ഉത്തരവ്.
തന്റെ ഭാര്യ ആശുപത്രിയിലെത്തി ചികിത്സിക്കുന്ന ഡോക്ടറോട് തനിക്ക് മാനസികരോഗം ഉണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യാതൊരു പരിശോധനയും കൂടാതെ മനോരോഗ വിഭാഗത്തിലേക്ക് റഫർ ചെയ്തുവെന്നാണ് പരാതി.
ചേർത്തല ഡി.വൈ.എസ്.പി യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. എന്നാൽ ആശുപത്രി രേഖകൾ പ്രകാരമാണ് മനോരോഗ ചികിത്സ നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരന് ഭയവും ഉത്കണ്ഠയുമുണ്ടെന്നും ഉറക്കത്തിൽ അസ്വസ്ഥതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് ആശുപത്രിയിൽ നൽകിയ മാനസികാരോഗ്യ പരിപാലനം അനാവശ്യമാണെന്ന് കരുതാനാവില്ലെന്നും ഡി.എം.ഒ അറിയിച്ചു. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറോട് ഡിസ്ചാർജ് സർട്ടിഫിക്കേറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയില്ല.
ചേർത്തല ഡി.വൈ.എസ്.പി യുടെ റിപ്പോർട്ട് അവിശ്വസിക്കേണ്ടതില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ ഡിസ്ചാർജ് സമ്മറി സർട്ടിഫിക്കേറ്റിൽ അപാകതയുള്ളതായി പരാതിക്കാരൻ ആരോപിച്ച സാഹചര്യത്തിൽ സർട്ടിഫിക്കേറ്റ് ലഭിക്കാൻ പരാതിക്കാരന് അർഹതയുള്ളതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. തുറവൂർ പള്ളിത്തോട് സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
HRMP No. 5687/2023 ഭക്ഷ്യസുരക്ഷാ പരിശോധനകൾ കൃത്യമായ ഇടവേളകളിൽ നടത്തണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5687/2023 (Date : 18/11/2024)
എറണാകുളം: പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുന്നതിനുള്ള പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. അലക്സാണ്ടർ തോമസ്.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പ്രവർത്തിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷാ വകുപ്പ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. വൻകിട ഹോട്ടലുകളിൽ ഉൾപ്പെടെ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ, വെള്ളം, പഴവർഗ്ഗങ്ങൾ, പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെ ഗുണനിലവാരം മാസത്തിലൊരിക്കൽ പരിശോധിക്കണമെന്ന പരാതിയിലാണ് നടപടി.
എറണാകുളം ജില്ലയിൽ നടത്തിയ പരിശോധനയുടെ വിശാദാംശങ്ങൾ ഭക്ഷ്യാസുരക്ഷാവകുപ്പ് സമർപ്പിച്ചു. പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേർന്ന് പോലീസ് മാസത്തിൽ രണ്ടു ദിവസം രാത്രികാലങ്ങളിൽ തട്ടുകടകളിൽ പരിശോധിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജനകീയ അന്വേഷണ സമിതി ജനറൽ കൺവീനർ റ്റി.എൻ. പ്രതാപൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കെ.എസ്.ആർ.റ്റി.സി കൊറിയർ ജീവനക്കാരനോട് മാനുഷിക പരിഗണന കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3818/2024 (Date : 16/11/2024)
കൊല്ലം : കെ.എസ്.ആർ.റ്റി.സി കൊട്ടാരക്കര ഡിപ്പോയിലെ കൊറിയർ ലോജിസ്റ്റിക് ജീവനക്കാരന് അമിതജോലിഭാരം അടിച്ചേൽപ്പിച്ചെന്ന പരാതിയിൽ ജീവനക്കാരന്റെ സമ്മർദ്ദം ഒഴിവാക്കാൻ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയാണ് കോർപ്പറേഷൻ ചെയർമാൻ / എം.ഡിക്ക് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി രണ്ടാഴ്ചക്കുള്ളിൽ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ജോലി സമ്മർദ്ദം അനുഭവിക്കുന്നുവെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കെ.എസ്.ആർ.റ്റി.സി കമ്മീഷനെ അറിയിച്ചു. മകന്റെ അസുഖം കാരണം പരാതിക്കാരൻ 2024 മാർച്ച് 27 ന് ജോലി വിട്ടു. ആഹാരം കഴിക്കാനും പ്രാഥമികാവശ്യങ്ങൾക്കും സമയം അനുവദിച്ചില്ലെന്ന പരാതി അവാസ്തവമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ശാരീരിക ബുദ്ധിമുട്ട് കാരണം ജോലി യിൽ നിന്നും ഒഴിവായ ദിവസം തന്നെ തന്റെ ജോലി നഷ്ടപ്പെട്ടതായി പരാതിക്കാരനായ കൊച്ചാലുമൂട് സ്വദേശി ആർ.ആനന്ദ് റെക്സ് കമ്മീഷനെ അറിയിച്ചു. തനിക്കൊപ്പം ജോലി ചെയ്തവർക്ക് പുനർനിയമനം നൽകിയതായും പരാതിക്കാരൻ അറിയിച്ചു.
എന്നാൽ പരാതിക്കാരന്റെ ജോലി നഷ്ടമായിട്ടില്ലെന്ന് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ കമ്മീഷനെ അറിയിച്ചു. പരാതിക്കാരനെ സർവീസിൽ തിരികെ എടുക്കുമെന്നും പറഞ്ഞു.
പുനർനിയമനം നൽകുന്ന കാര്യത്തിൽ വേർതിരിവ് കാണിക്കുന്നത് നിയമലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. 24 മണിക്കൂറും ജോലി ചെയ്യിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.
|
ചികിത്സാ പിഴവ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. (Date : 16/11/2024)
കോഴിക്കോട് : ചുമയുമായി സ്വകാര്യാശുപത്രിയിലെത്തിയ വയോധികൻ ചികിത്സാപിഴവിനെ തുടർന്ന് അബോധാവസ്ഥയിലാവുകയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തുവെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസറും സിറ്റി പോലീസ് കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയ്ക്കും ഡോക്ടർമാർക്കുമെതിരെ അന്വേഷിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്. കുതിരവട്ടം പറയഞ്ചേരി സ്വദേശി കോയ (67) യ്ക്ക് വേണ്ടി മകൻ മുഹമ്മദ് ഷാനു സമർപ്പിച്ച പരാതിയിലാണ് നടപടി.
ആരോഗ്യവാനായിരുന്ന കോയ കോർനേഷൻ തീയറ്ററിന് സമീപം പലചരക്ക് കട നടത്തുന്നയാളാണ്. ബ്രോൺകോസ്കോപ്പി നടത്തി പരിശോധനക്ക് സാമ്പിൾ എടുത്തപ്പോൾ ഉണ്ടായ കുറ്റകരമായ അശ്രദ്ധയും പിഴവും കാരണമാണ് ഇപ്പോഴത്തെ അവസ്ഥയുണ്ടായതെന്ന് പരാതിയിൽ പറയുന്നു. രോഗിയുടെ കാഴ്ച നഷ്ടമായെന്നും പരാതിക്കാരൻ അറിയിച്ചു. വെല്ലൂർ സി.എം.സി ആശുപത്രിയിൽ നിന്നും വിദഗ്ദ്ധാഭിപ്രായം തേടിയെങ്കിലും രോഗിയുടെ നില ഗുരുതരമാണെന്നായിരുന്നു മറുപടി. ഇപ്പോൾ സ്വകാര്യാശുപത്രി രോഗിയെ വിടുതൽ ചെയ്യാൻ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ഡിസംബർ 20 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 7520 & 7623 /2021 (Date : 16/11/2024)
തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹ ബാധിതരായ വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് മണിക്കൂറിന് 20 മിനിറ്റ് അധികസമയം സംസഥാന സർക്കാർ കൂടുതൽ അനുവദിച്ചിരിക്കുന്ന മാതൃകയിൽ സി.ബി.എസ്.ഇ സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടി സമയം അധികമായി അനുവദിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സി.ബി.എസ്.ഇ യിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
സി.ബി.എസ്.ഇ ഡയറക്ടറും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
മണിക്കൂറിന് 20 മിനിറ്റ് സമയം വീതമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. എസ്.എസ്.എൽ.സി, ഹയർസെക്കന്ററി തലങ്ങളിൽ ഇപ്പോൾ പ്രസ്തുത ആനുകൂല്യം ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് 8000 ലധികം കുട്ടികൾ ടൈപ്പ് വൺ പ്രമേഹ ബാധിതരാണെന്ന് കാര്യവട്ടം ബുഷ്റ ഷിഹാബ് സമർപ്പിച്ച പരാതിയിലാണ് പറയുന്നു. സംസ്ഥാന സർക്കാരിന്റെ മിഠായി പദ്ധതിയിൽ 2500 കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്ത് 8 ലക്ഷത്തിലധികം കുട്ടികൾ ടൈപ്പ് വൺ പ്രമേഹ ബാധിതരാണെന്നും പരാതിയിൽ പറയുന്നു.
|
ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 574/2021 (Date : 15/11/2024)
ആലപ്പുഴ: പരസഹായമില്ലാതെ യാത്ര ചെയ്യാൻ കഴിയാത്ത അംഗപരിമിതയായ സ്ത്രീയുടെ വീടിന് മുകളിലൂടെ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാനുഷിക പരിഗണന നൽകി മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിൽ മാനുഷിക പരിഗണന നൽകി തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആലപ്പുഴ ഇലക്ട്രിക് സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കാണ് നിർദ്ദേശം നൽകിയത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള വൈദ്യുതി പോസ്റ്റ് തന്റെ വീടിന്റെ പരിസരത്ത് സ്ഥാപിച്ചെന്നും ഓടിട്ട വീടിന് മുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈൻ കാരണം സ്പാർക്കുണ്ടാകാൻ സാധ്യതയുണ്ടെന്നും മാവേലിക്കര ഐരാണിക്കുഴി സ്വദേശിനി മായാദേവി സമർപ്പിച്ച പരാതിയിൽ പറയുന്നു.
ചാരുംകുടി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ വീടിന് സമീപമുള്ള പോസ്റ്റിൽ നിന്ന് രണ്ട് വൈദ്യുതി കണക്ഷൻ നൽകിയതിനാൽ പോസ്റ്റ് മാറ്റാനാവില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
നിലവിൽ ഉപയോഗമില്ലാത്ത രണ്ടു ലൈനുകൾ അഴിച്ചുമാറ്റുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ജോസ്കോ ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റ് സ്വാധീനത്തിന്റെ പിൻബലത്തിൽ മാറ്റി സ്ഥാപിച്ചതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു. പോസ്റ്റ് അപകടകരമായ സ്ഥലത്താണ് നിൽക്കുന്നതെന്നും ലൈൻ നിൽക്കുന്ന ഭാഗത്ത് സ്പാർക്ക് ഉണ്ടാകാറുണ്ടെന്നുമുള്ള പരാതിയെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പരാതിക്ക് ശാശ്വതമായ പരിഹാരമുണ്ടാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പരാതിക്കാരിക്ക് അപകട ഭീഷണിയുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
നനഞ്ഞ പ്ലാസ്റ്റിക് കവറുകൾ കത്തിക്കാൻ ഹരിതകർമ്മ സേനാംഗങ്ങൾ നിർദ്ദേശം നൽകിയോ എന്ന് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 68/2024 (Date : 15/11/2024)
കാസറഗോഡ്: നനഞ്ഞ പ്ലാസ്റ്റിക് കവറുകൾ കത്തിച്ചുകളയാൻ ഹരിതകർമ്മ സേനാംഗങ്ങൾ നിർദ്ദേശം നൽകിയെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് വാസ്തവമാണെന്ന് കണ്ടാൽ ബന്ധപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പുത്തിഗൈ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. പുത്തിഗൈ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേന എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ടുപോകാറില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പുത്തിഗൈ പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ ആരോപണം നിഷേധിച്ചു. പരാതിയുള്ള സ്ഥലത്തെ മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്തിട്ടുണ്ടെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടന്നും റിപ്പോർട്ടിൽ പറയുന്നു. സീതാംഗോളി ടൗണിലെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ സി.സി.റ്റി.വി ക്യാമറ സ്ഥാപിക്കാൻ 86000 രൂപയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. സീതാംഗോളി ടൗണിൽ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ നാല് പ്രധാന നിയമ ലംഘനങ്ങൾക്ക് 30,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. സീതാംഗോളി പരിസരം വ്യ ത്തിയാക്കിയതിന്റെ ചിത്രങ്ങളും ഹാജരാക്കി.
എന്നാൽ പരിസരമലിനീകരണത്തിനെതിരെ പരാതി നൽകിയതിന് തനിക്ക് പെട്ടികട അനുവദിച്ചില്ലെന്നും ഭിന്നശേഷിക്കാരനായ തനിക്ക് പെട്ടികട അനുവദിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നും പരാതിക്കാരനായ കുമ്പള എടനാട് സ്വദേശി ഇസ്സകുഞ്ഞി അറിയിച്ചു.
|
അടിമാലി പ്രീമെട്രിക് ഹോസ്റ്റലിലെ ദുരിതങ്ങൾ: ട്രൈബൽ ഓഫീസർ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4867/2024 (Date : 15/11/2024)
ഇടുക്കി: അടിമാലി മന്നാംകാലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികൾ ബോധ്യപ്പെടുത്തുന്നതിനായി അടിമാലി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഡിസംബർ 13 ന് രാവിലെ 10 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. ആൺകുട്ടികളുടെ ഹോസ്റ്റൽ ഒന്നിലെയും രണ്ടിലെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന പരാതിയിലാണ് ഉത്തരവ്.
ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ കെട്ടിടങ്ങൾ നവീകരിക്കുന്നതിന് 31,50,000, 34,50,000 രൂപയുടെയും രണ്ട് എസ്റ്റിമേറ്റുകൾ ഭരണാനുമതിക്കും ഫണ്ട് അനുവദിക്കുന്നതിനുമായി 2022 ഡിസംബർ 1 ന് പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർക്ക് അയച്ചതായി പറയുന്നു. എന്നാൽ ഡയറക്ടർ തീരുമാനമെടുത്തിട്ടില്ല. കാലതാമസം വന്നതിന്റെ കാരണവും വ്യക്തമല്ല. ഡയറക്ടർ രണ്ടാഴ്ചക്കകം തീരുമാനമെടുത്ത് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസറെ വിവരമറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തിന്റെ അവസ്ഥ പരിതാപകരമാണെന്ന് പരാതിയിലുണ്ടെങ്കിലും റിപ്പോർട്ടിൽ ഇതിനെക്കുറിച്ച് പരാമർശമില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ പൊതുമരാമത്ത് കെട്ടിടം വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറോടൊപ്പം ഹോസ്റ്റൽ സന്ദർശിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം മനസ്സിലാക്കണം. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തിന്റെ ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ പോരായ്മകൾ എങ്ങനെ പരിഹരിക്കാമെന്ന് അറിയണം. ഇതിന് അനുസൃതമായി അസിസ്റ്റന്റ് എഞ്ചിനീയറിൽ നിന്നും എസ്റ്റിമേറ്റ് ലഭ്യമാക്കി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ നടപടിയെടുക്കണം. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് നവംബർ 30 നകം കമ്മീഷനിൽ സമർപ്പിക്കണം. അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കൃഷ്ണമൂർത്തി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അവസാന നിമിഷം ശസ്ത്രക്രിയ മാറ്റി: മെഡിക്കൽ കോളേജിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 14/11/2024)
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടയെല്ല് പൊട്ടിയ യുവാവിന് നടത്തേണ്ട ശസ്ത്രക്രിയ അവസാന നിമിഷം മാറ്റിയതു കാരണം യുവാവ് വെന്റിലേറ്ററിലായെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സൂപ്രണ്ടിന് നോട്ടീസയച്ചു.
ഒരാഴ്ചക്കകം അന്വേഷണം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജൂനാഥ് നൽകിയ നിർദ്ദേശം. ഡിസംബറിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ആശുപത്രിയിൽ ആവശ്യമായ ജീവനക്കാർ ഇല്ലാത്തതു കാരണമാണ് ശസ്ത്രക്രിയ മാറ്റിയെന്ന് മനസിലാക്കുന്നു. ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് മജ്ജ രക്തത്തിലേക്കിറങ്ങിയാണ് യുവാവ് വെന്റിലേറ്ററിലായത്. നാദാപുരം ചെക്യാട് സ്വദേശി അശ്വിന്റെ അടിയന്തര ശസ്ത്രക്രിയയാണ് മൂന്ന് ദിവസത്തേക്ക് മാറ്റിയത്. തുടർന്ന് രോഗിയെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. എന്നാൽ സമയം വൈകിയതിനാൽ രോഗിയുടെ നില ഗുരുതരമായി. എട്ടു ദിവസ മെങ്കിലും വെന്റിലേറ്ററിൽ കഴിയണം. ഒരു ദിവസം ഒരു ലക്ഷം രൂപ ചെലവു വരും. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളയാളാണ് അശ്വിൻ. ഞായറാഴ്ച കോയമ്പത്തൂരിൽ നടന്ന മിലിട്ടറി റിക്രൂട്ട്മെന്റ് റാലിക്കിടയിലാണ് അശ്വിന് പരിക്കേറ്റത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസുകാർക്ക് മാർഗനിർദ്ദേശം നൽകണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 14/11/2024)
പത്തനംതിട്ട : ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസുകാർക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. പതിനെട്ടാം പടി കയറുമ്പോൾ പോലീസുകാരൻ കരണത്തടിച്ചെന്ന പരാതിയിലാണ് ഉത്തരവ്.
റാന്നി ഡി വൈ എസ്. പി ജില്ലാ പോലീസ് മേധാവി മുഖാന്തിരം സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പരാതി പരിഹരിച്ചിട്ടുണ്ടെന്നും പരാതിക്കാരന് പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും പറയുന്നു.
അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ ഒരു കൈ സഹായിക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഭക്തരെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കേൾക്കുന്നത് വിശ്വാസികൾക്ക് ഉൾക്കൊള്ളാനാവില്ല. പരാതിക്കാരന്റെ കരണത്തടിച്ചത് തീർച്ചയായും ക്യത്യവിലോപമാണെന്ന് ഉത്തരവിൽ പറയുന്നു. പത്തനംതിട്ട സ്വദേശി കിരൺ സുരേഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മാസങ്ങളോളം സിഗ്നൽ ലൈറ്റ് കത്താത്തത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 8429/2024 (Date : 14/11/2024)
തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ നീറമൺകര മുതൽ നേമം വരെയുള്ള ട്രാഫിക് ലൈറ്റുകൾ മാസങ്ങളോളം കത്താതിരുന്നത് കാരണം അപകടമരണങ്ങൾ ഉൾപ്പെടെ സംഭവിച്ചുവെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്. ഡിസംബർ 10 നകം റിപ്പോർട്ട് സമർപ്പിക്കണം. പൊതുപ്രവർത്തകനായ ശാന്തിവിള പത്മകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യന്ത്രങ്ങൾ പ്രവർത്തന സജ്ജമാക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 5279/2023 (Date : 14/11/2024)
മലപ്പുറം: കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ 2014 ൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 6 ഡയാലിസിസ് യന്ത്രങ്ങൾ കാലതാമസമില്ലാതെ പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ജില്ലയിൽ ഡയാലിസിസ് സൗകര്യമുള്ള മറ്റേതെങ്കിലും സർക്കാർ ആശുപത്രിയിലേക്ക് അവ മാറ്റി സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ 6 മാസത്തിനുള്ളിൽ ഡി.എം.ഒ കമ്മീഷനിൽ സമർപ്പിക്കണം.
ഡയാലിസിസ് യന്ത്രങ്ങൾ പൊടിപിടിച്ച് നശിക്കുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കൊണ്ടോട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് കമ്മീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ ഡയാലിസിസ് യന്ത്രങ്ങൾ പ്രവർത്തന സജ്ജമല്ലെന്ന് പറയുന്നു. കൊണ്ടോട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി കൊട്ടുക്കരയിലേക്ക് മാറ്റിയ ശേഷമാണ് സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഡയാലിസിസ് യന്ത്രങ്ങൾ പ്രവർത്തനരഹിതമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിസരവാസികൾ ഉയർത്തിയ ശക്തമായ പ്രതിഷേധം കാരണമാണ് ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണമെന്നും റിപ്പോർട്ടിലുണ്ട് .
ഡയാലിസിസ് സെന്റർ കൊട്ടുക്കരയിലേക്ക് മാറ്റാൻ കാരണം ജനകീയ പ്രക്ഷോഭമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗികൾക്ക് ആശ്വാസം നൽകാനുള്ള സംവിധാനങ്ങൾ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപയോഗശൂന്യമായി ഇട്ടിരിക്കുന്നത് കടുത്ത അനീതിയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. നാട്ടൊരുമ പൗരാവകാശ സമിതി സെക്രട്ടറി പി.പി. അബ്ദുൾ അസീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ഹൈക്കോടതി വിധിയുണ്ടായിട്ടും പട്ടയം നൽകുന്നതിൽ തടസ്സം : റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 5564/2023 (Date : 13/11/2024)
ഇടുക്കി: ഹൈക്കോടതി വിധി ഉണ്ടായിട്ടും വനം വകുപ്പ് പട്ടയം നൽകാൻ തടസ്സം നിൽക്കുന്ന സാഹചര്യത്തിൽ ഡിസംബർ 13 ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ നേരിട്ട് ഹാജരായി വിശദികരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പുന്നയാർ ഊരുകൂട്ടത്തിലെ ഊരുമൂപ്പൻ റ്റി.എം കൃഷ്ണകുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പട്ടയം അനുവദിക്കണമെങ്കിൽ വിശദമായ സർവേ നടത്തേണ്ടിവരുമെന്നാണ് നേര്യമംഗലം ഫോറസ്റ്റ് ഓഫീസർ കമ്മീഷനെ അറിയിച്ചത്. പലതവണ സർവേ നടത്തിയിട്ടും പട്ടയം അനുവദിക്കാൻ വനം വകുപ്പ് തടസം നിൽക്കുകയാണെന്ന് പരാതിക്കാരൻ ആരോപിച്ചു. പരാതിക്കാരന് പട്ടയം അനുവദിക്കണമെന്ന് കേരളഹൈക്കോടതി 2021 സെപ്റ്റംബർ 17 ന് ഉത്തരവും പാസാക്കിയിരുന്നു.
പരാതിക്കാരന്റെ ആരോപണം ശരിയാണെങ്കിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നടപടി കോടതി ഉത്തരവിന്റെ ലംഘനവും കോടതി അലക്ഷ്യവുമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത് ഇനിയും നീട്ടിയാൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ വ്യക്തിപരമായി നഷ്ടത്തിന് ഉത്തരവാദിയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. മനുഷ്യാവകാശ നിയമപ്രകാരം പരാതിക്കാരന് പട്ടയം നൽകാനുള്ള നടപടി നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
ഇക്കാര്യത്തിൽ സ്വീകരിച്ച തുടർനടപടികൾ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ മൂന്നാഴ്ച്ചക്കുള്ളിൽ സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയുണ്ടായിട്ടും എന്തുകൊണ്ട് പട്ടയം നൽകുന്നില്ല എന്നതിൽ ഒരു വിശദീകരണവും റിപ്പോർട്ടിനൊപ്പം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
|
ചാലിൽ കോറോമിൽ നടക്കുന്ന അനധികൃത നിർമ്മാണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 13/11/2024)
വയനാട്: തൊണ്ടർനാട് വില്ലേജ് പരിധിയിൽ ചാലിൽ കോറോമിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടക്കുന്ന നിർമ്മാണത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
വയനാട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. 3 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയോടെയാണ് അനധികൃത കെട്ടിട നിർമ്മാണം പുരോഗമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. അനധികൃത കെട്ടിട നിർമ്മാണത്തിന്റെ മറവിൽ പണം വെട്ടിപ്പും നികുതിവെട്ടിപ്പും നടക്കുന്നതായും പരാതിയിൽ പറയുന്നു.
അനധികൃത കെട്ടിട നിർമ്മാണം കാരണം മണ്ണിടിച്ചിൽ ഭീഷണിയുള്ളതായി പരാതിയിൽ പറയുന്നു. പെർമിറ്റിൽ അനുവദിച്ച രീതിയിലല്ല നിർമ്മാണം നടക്കുന്നത്. നിയമം സംരക്ഷിക്കേണ്ടവർ തന്നെ നിയമലംഘനം നടത്തുന്ന സാഹചര്യമാണുള്ളത്. കേരളത്തിൽ ഒരു സാധാരണക്കാരന് ലഭിക്കാത്ത ആനുകൂല്യങ്ങൾ ഒരു കോർപ്പറേറ്റ് കമ്പനി പണം നൽകി നേടിയെടുക്കുകയാണ് ചെയ്യുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി മറ്റൊരു കമ്പനി രജിസ്റ്റർ ചെയ്താണ് കെട്ടിട നിർമ്മാണം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.
|
വനിതാ അസിസ്റ്റന്റ് ബാങ്ക് മാനേജരെ ബ്രാഞ്ച് മാനേജർ മർദ്ദിച്ചു : അസിസ്റ്റന്റ് മാനേജർക്ക് സ്ഥലം മാറ്റം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 2331/2024 (Date : 13/11/2024)
പത്തനംതിട്ട: ഓർമ്മക്കുറവ് രോഗം ബാധിച്ച അമ്മയെ സംരക്ഷിക്കാൻ ഏതാനും ദിവസത്തെ അവധി ചോദിച്ച വനിതാ അസിസ്റ്റന്റ് ബാങ്ക് മാനേജറെ ബ്രാഞ്ച് മാനേജറും പ്യൂണും ചേർന്ന് മർദ്ദിച്ച സാഹചര്യത്തിൽ വനിതാ അസിസ്റ്റന്റ് മാനേജർക്ക് അടിയന്തരമായി മറ്റൊരു ശാഖയിലേക്ക് സ്ഥലംമാറ്റം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഏഴുമറ്റൂർ ശാഖാ മാനേജർക്കെതിരെ പത്തനംതിട്ട സ്വദേശിനിയായ വനിതാ അസിസ്റ്റന്റ് മാനേജർ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയുടെ ഇടക്കാല ഉത്തരവ്.
ഉദ്യോഗസ്ഥയ്ക്ക് അവധി അനുവദിക്കണമെന്നും ക്രെഡിറ്റിൽ അവധിയുള്ള സാഹചര്യത്തിൽ കുടിശിക ശമ്പളം ഉടൻ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം റീജിയണൽ മാനേജർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.
ജോലി സ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും നിരോധനവും പരിഹാരവും) നിയമം 2013 ന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ് ശാഖാ മാനേജറും വനിതാ പ്യൂണും ചേർന്ന് നടത്തിയതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
തനിക്ക് നേരെയുണ്ടായ ആക്രമണം ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പരാതിക്കാരിയുടെ ഹർജിയിൽ ഹൈക്കോടതി പാസാക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം പൂർത്തിയാക്കിയ ശേഷം പരാതിക്കാരിക്ക് കമ്മീഷനെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു.
അമ്മയെ സംരക്ഷിക്കാൻ ഹോംനേഴ്സിനെ കിട്ടാതെ വന്നപ്പോഴാണ് പരാതിക്കാരി അവധിക്ക് അപേക്ഷ നൽകിയത്. പരാതിക്കാരിക്ക് 8 മാസം നിയമാനുസരണം അവധി അനുവദിക്കാമായിരുന്നിട്ടും ശാഖാമാനേജർ നിരസിച്ചു. ഇതിന് ശേഷം ബ്രാഞ്ച് മാനേജർ പരാതിക്കാരിയെ പരസ്യമായി അപമാനിക്കാൻ തുടങ്ങി. ഇതിനെ തുടർന്ന് പരാതിക്കാരി ബാങ്കിന്റെ മുംബൈ ഹെഡ്ഓഫീസിലേക്ക് ബ്രാഞ്ച് മാനേജർക്കെതിരെ പരാതി അയച്ചു. ഇതിൽ പ്രകോപിതനായ പുരുഷ മാനേജരും വനിതാ പ്യൂണും ചേർന്ന് 2023 ആഗസ്റ്റ് 5 ന് പരാതിക്കാരിയെ ശുചിമുറിക്ക് സമീപം തടഞ്ഞു നിർത്തി 25 മിനിറ്റോളം മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. ഇതിനെതിരെ പെരുമ്പട്ടി പോലീസിലും ജില്ലാ കളക്ടർക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. എന്നാൽ പരാതിക്കാരിക്കെതിരെ ബാങ്ക് വ്യാജ പരാതി നൽകിയതായി പരാതിയിലുണ്ട്. തുടർന്ന് പരാതിക്കാരി ബാങ്കിൽ പോകാതായി.
2023 സെപ്റ്റംബർ 30 ന് റീജിയണൽ മാനേജർ പരാതിക്കാരിയിൽ നിന്നും മെന്റൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. 2023 നവംബർ മുതൽ പരാതിക്കാരിക്ക് ശമ്പളം നൽകാതായി.
സംഭവത്തിൽ ബ്രാഞ്ച് മാനേജർ അധികാര ദുർവിനിയോഗം നടത്തിയതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അസിസ്റ്റന്റ് മാനേജരെ മർദ്ദിച്ച പ്യൂൺ അനുസരണക്കേട് കാണിച്ചിട്ടും അവർക്കെതിരെ ബാങ്ക് നടപടിയെടുക്കാത്തത് തെറ്റാണെന്നും കമ്മീഷൻ വിലയിരുത്തി. തുടർന്ന് കമ്മീഷൻ സിറ്റിംഗിൽ ഹാജരായ പരാതിക്കാരി തനിക്ക് തത്കാലം മറ്റേതെങ്കിലും ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം നൽകണമെന്ന് ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷൻ വിദ്യാർത്ഥികൾക്ക് ഉപന്യാസ മത്സരം നടത്തുന്നു. (Date : 12/11/2024)
തിരുവനന്തപുരം : ഡിസംബർ 10 ന് ആഘോഷിക്കുന്ന സാർവദേശീയ മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിയമ വിദ്യാർത്ഥികൾക്കും മനുഷ്യാവകാശം ഒരു വിഷയമായി ഡിഗ്രി, പി.ജി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുമായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.
“തടവുകാരുടെ അന്തസ്സിനുളള അവകാശം – മനുഷ്യാവകാശ കാഴ്ചപ്പാടിൽ ” എന്ന വിഷയത്തിൽ 5 പുറത്തിൽ കവിയാത്ത കൈയെഴുത്ത് പ്രതികൾ ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കി കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി നവംബർ 25 ന് മുമ്പ് തപാലിലോ സ്കാൻ ചെയ്ത് ഇ-മെയിലിലോ അയക്കണമെന്ന് കമ്മീഷൻ സെക്രട്ടറി സുചിത്ര കെ. ആർ. അറിയിച്ചു. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
രചനകൾ അയക്കേണ്ട വിലാസം. സെക്രട്ടറി, മനുഷ്യാവകാശ കമ്മീഷൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 33. Email Id :– hrckeralatvm@gmail.com
കൂടുതൽ വിവരങ്ങൾക്കായി കമ്മീഷന്റെ വെബ് സൈറ്റ് സന്ദർശിക്കുക: https://www.kshrc.kerala.gov.in
|
റയിൽവേ സ്റ്റേഷനിലെ തെരുവ് നായ ശല്യം: റയിൽവേ , നഗരസഭാ ഉദ്യോഗസ്ഥരെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചുവരുത്തും. (Date : 12/11/2024)
കോഴിക്കോട്: കോഴിക്കോട് റയിൽവേ സ്റ്റേഷൻ പരിസരവും പ്ലാറ്റ്ഫോമുകളും തെരുവുനായ്ക്കൾ കൈയടക്കിയെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ സ്റ്റേഷൻ മാനേജർ, ആർ.പി.എഫ് സൂപ്രണ്ട്, നഗരസഭാ സെക്രട്ടറി എന്നിവർ കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
നവംബർ 15 ന് രാവിലെ 11 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ തെരുവുനായ്ക്കൾ സ്ഥിരം കാഴ്ചയാണെന്ന് ഉത്തരവിൽ പറയുന്നു. രാജ്യത്തെ മാതൃക റയിൽവേ സ്റ്റേഷനാകാൻ തയ്യാറാടെക്കുന്ന കോഴിക്കോട് റയിൽവേസ്റ്റേഷൻ തെരുവുനായ്ക്കളുടെ സ്വതന്ത്രവിഹാരകേന്ദ്രമാകുന്നത് പരിതാപകരമാണെന്ന് ഉത്തരവിൽ പറഞ്ഞു.
തെരുവുനായ ശല്യത്തിനെതിരെ മുമ്പും കമ്മീഷൻ ഉത്തരവ് പാസാക്കിയിട്ടുള്ളതാണ്. എന്നാൽ ദുരിതം അവസാനിപ്പിക്കാൻ ഫലപ്രദമായ യാതൊരു നടപടികളും റയിൽവേയോ നഗരസഭയോ സ്വീകരിച്ചില്ല. പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടിയെടുക്കുന്നതിന് പകരം നഗരസഭയും റയിൽവേയും പരസ്പരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്ലാറ്റ്ഫോമിലും സ്റ്റേഷൻ പരിസരത്തും പൊതുജനങ്ങൾക്ക് ഭീഷണിയാവുന്ന തരത്തിലുള്ള തെരുവുനായ ശല്യം അവസാനിപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കമ്മീഷൻ തീരുമാനിച്ചത്.
വിദേശവനിതക്ക് പ്ലാറ്റ്ഫോമിൽ നിന്നും കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റിരുന്നു.
|
അരിമ്പൂരിൽ ഭാഗ്യക്കുറി വിൽപ്പനക്കാരിയെ പറ്റിച്ചു: അടിയന്തര അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. (Date : 12/11/2024)
തൃശൂർ: അരിമ്പൂരിൽ ഭാഗ്യക്കുറി വിറ്റ് ഉപജീവനം നടത്തുന്ന 60 കാരിയിൽ നിന്നും ഡമ്മിനോട്ട് നൽകി ലോട്ടറി ടിക്കറ്റുകളും പണവും കവർന്ന സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അന്തിക്കാട് പോലീസ് എസ്.എച്ച്.ഒ ക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. മോഷ്ടാക്കളുടെ സി.സി.റ്റി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
തൃശൂർ-വാടാനാപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ നാലാംകല്ല് കോവിൽറോഡിന് മുമ്പിൽ കച്ചവടം ചെയ്യുന്ന കാർത്ത്യായനിയാണ് പറ്റിക്കപ്പെട്ടത്. കുട്ടികൾക്ക് കളിക്കാൻ നൽകുന്ന 500 രൂപയുടെ നോട്ടാണ് നൽകി രണ്ടംഗ സംഘമാണ് പറ്റിച്ചത്. നോട്ട് മടക്കിയാണ് നൽകിയത്. നമ്പർ പറഞ്ഞാണ് ടിക്കറ്റ് വാങ്ങിയത്. 500 രൂപയുടെ ബാക്കിയും വാങ്ങി. നോട്ട് യഥാർത്ഥത്തിലുള്ളതാണെന്ന് കരുതി വയോധിക നോക്കിയതുമില്ല. കാർത്ത്യായനിയുടെ ഭർത്താവ് മരിച്ചു. മക്കളില്ല. ടിക്കറ്റി വിറ്റാണ് ഉപജീവനം കഴിക്കുന്നത്. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
രാത്രി 10 ന് ശേഷം ടർഫിൽ മൈക്ക് ഉപയോഗിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1451/2024 (Date : 13/11/2024)
പാലക്കാട്: ഒറ്റപ്പാലം ചുനങ്ങാട് പ്രവർത്തിക്കുന്ന ടർഫിൽ രാത്രി പത്തിന് ശേഷം ലൗഡ് സ്പീക്കർ പ്രവർത്തിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ടർഫിൽ പ്രവർത്തിക്കുന്ന ജിംനേഷ്യത്തിൽ ഊഫർ പ്രവർത്തിപ്പിക്കാതിരിക്കാനുള്ള കർശന നിർദ്ദേശം ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫീസർ എ.ആർ സ്പോർട്സ് സിറ്റി ഉടമക്ക് നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.
രാത്രി 10 ന് ശേഷവും ടർഫിൽ മൈക്ക് സെറ്റ് പ്രവർത്തിക്കുന്നതിനെതിരെ പ്രദേശവാസി സമർപ്പിച്ച പരാതിയിലാണ് നടപടി.
അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. രാത്രി 10 ന് ശേഷം മൈക്ക് ഉപയോഗിക്കരുതെന്നും മത്സരങ്ങൾ സംഘടിപ്പിക്കരുതെന്നും രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് ടർഫിൽ മിന്നൽ പരിശോധന നടത്താൻ ഒറ്റപ്പാലം എസ്.എച്ച്.ഒ ക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
തന്റെ വീട്ടിൽ നിന്നും 10 അടിമാത്രമാണ് ടർഫിലേക്കുള്ള അകലമെന്ന് പരാതിക്കാരൻ അറിയിച്ചു. രാത്രി 10 ന് ശേഷവും ടർഫിന്റെ പ്രവർത്തനം തുടരുന്നതായി പരാതിക്കാരൻ പറഞ്ഞു. ടർഫിന്റെ ഭാഗമായി നടത്തുന്ന ജിമ്മിൽ ഊഫർ സ്ഥാപിച്ച് മ്യൂസിക് ഉച്ചത്തിൽ കേൾപ്പിക്കുന്നതായും പരാതിക്കാരൻ അറിയിച്ചു. പഞ്ചായത്ത് നൽകിയ നിർദ്ദേശങ്ങൾ ഉടമ പാലിച്ചില്ലെന്നും പരാതിക്കാരൻ പറഞ്ഞു.
ജിമ്മിൽ ഊഫർ പ്രവർത്തിപ്പിക്കേണ്ട ആവശ്യമില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സമീപവാസികൾക്ക് ബുദ്ധിമുട്ടില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് പഞ്ചായത്തും പോലീസും ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അമ്പലപ്പാറ പഞ്ചായത്തിനും ഒറ്റപ്പാലം എസ്.എച്ച്.ഒ ക്കുമാണ് നിർദ്ദേശം നൽകിയത്.
|
ഗവ. സ്കൂളിലെ മലിനജലം സമീപത്തെ വീടുകളിലേക്ക് : ഒരു മാസത്തിനകം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 4670/2024 (Date : 08/11/2024)
കൊല്ലം: കുളക്കട ഗവ.ഹയർ സെക്കന്ററി സ്കൂളിലെ മലിനജലം സമീപത്തെ വീട്ടുമുറ്റത്ത് കെട്ടിനിന്ന് കിണർ മലിനമായെന്ന പരാതിയിൽ ഒരു മാസത്തിനകം പ്രശ്നപരിഹാരമുണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, കുളക്കട ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കുളക്കട ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എന്നിവർ സംയുക്തമായി ആലോചിച്ച് പരാതിയിൽ പരിഹാരം കാണണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് തീരുമാനം കൈക്കൊള്ളുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടറെ കമ്മീഷൻ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം ഉദ്യോഗസ്ഥരെ വിളിച്ചുചേർക്കണം.
മലിനജലം ഒഴുക്കിവിടുന്നത് സംബന്ധിച്ചുള്ള നിയമങ്ങൾ സ്കൂൾ അധികൃതർക്ക് അറിയാമായിരുന്നിട്ടും അധികൃതർ കാര്യമായ ശ്രദ്ധ പതിപ്പിക്കാത്തത് കാരണമാണ് മലിനജലം പരാതിക്കാരന്റെ കിണറിലേക്ക് എത്തിയതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരന്റെ വീട്ടുമുറ്റത്ത് മലിനജലം കെട്ടികിടക്കുന്നുണ്ടെന്ന് കുളക്കട ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. പരാതി പരിഹരിക്കാൻ സ്കൂൾ പരിസരത്ത് തന്നെ വെള്ളം സംസ്ക്കരിക്കാൻ നടപടിയെടുക്കണമെന്ന് സ്കൂൾ പ്രിൻസിപ്പലിന് 2024 ജൂലൈ 25 ന് കത്ത് നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമല്ല. കുളക്കട സ്വദേശി അഖിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷനിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട്: മംഗൾപാടിയിൽ പുതിയ മാലിന്യ സംസ്കരണ പ്ലാന്റ്. HRMP No. 1229/2024 (Date : 08/11/2024)
കാസർകോട്: മഞ്ചേശ്വരം മംഗൾപാടി ഗ്രാമപഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ മാലിന്യസംസ്കരണ പ്ലാന്റ് നിർമ്മിക്കാൻ മൂന്നുകോടിയുടെ പ്രോജക്റ്റ് ഏറ്റെടുത്തിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കുബണൂർ മാലിന്യപ്ലാന്റിൽ ഇടക്കിടെ തീപിടുത്തമുണ്ടാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ജില്ലാ കളക്ടർ ഇക്കാര്യമറിയിച്ചത്.
2024 ഫെബ്രുവരി 12 ന് രാത്രിയാണ് തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞയുടൻ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് തീയണക്കാൻ കഴിഞ്ഞു. 14 നും 21 നും രാത്രി വീണ്ടും തീപിടുത്തം ഉണ്ടായെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. തുടർന്നും അപകടം സംഭവിക്കാതിരിക്കാൻ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഫയർ ഓഡിറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തീപിടുത്തം സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബയോ മൈനിംഗ് പ്രോജക്റ്റിന്റെ ടെണ്ടർ അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുബണൂർ മാലിന്യ പ്ലാന്റിനെതിരെ ഹൈക്കോടതിയിലും ദേശീയ ഹരിത ട്രൈബ്യൂണലിലും കേസുകൾ നിലവിലുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
മാലിന്യസംസ്കരണ പ്ലാന്റ് സംബന്ധിച്ച കേസുകൾ നിലനിൽക്കുന്നതിനാൽ കൂടുതൽ നടപടികൾ നിർദ്ദേശിക്കുന്നില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പൊതുപ്രവർത്തകനായ അഡ്വ.വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ആലുവ സബ്ട്രഷറി ഓഫീസിൽ ഇരിപ്പടമില്ല, ശുചിമുറിയുമില്ല: അടിയന്തര നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8348/2024 (Date : 08/11/2024)
എറണാകുളം: ആലുവ സബ് ട്രഷറി ഓഫീസിൽ ഇരിക്കാനുള്ള കസേരകളോ ശുചിമുറി സൗകര്യമോ ഏർപ്പെടുത്താത് അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ട്രഷറി വകുപ്പ് ഡയറക്ടറും ആലുവ സബ് ട്രഷറി ഓഫീസറും ആവശ്യമായ പരിശോധന നടത്തി പ്രത്യേകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ആലുവ സബ്ട്രഷറി കെട്ടിടത്തിലെ അപര്യാപ്തതകൾ പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ശുചിമുറികളും ഇരിപ്പിടങ്ങളും സ്ഥാപിക്കുന്നത് സംബന്ധിച്ച് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനിൽ സമർപ്പിക്കണം.
കമ്മീഷൻ സ്വമേധയാ രജിസ്റ്റർ കേസിലാണ് നടപടി.
|
ജല അതോറിറ്റിയുടെ വാദം തള്ളി : ഗാർഹിക കണക്ഷൻ പുന:സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 327/2024 (Date : 07/11/2024)
കോഴിക്കോട്: കെട്ടിട നിർമ്മാണത്തിന് കുടിവെള്ളം ഉപയോഗിച്ചെന്ന് ആരോപിച്ച് ഗാർഹിക കണക്ഷൻ ഗാർഹികേതര കണക്ഷനാക്കി മാറ്റിയ ജല അതോറിറ്റിയുടെ നടപടി അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഗാർഹിക കണക്ഷൻ പുന:സ്ഥാപിച്ച് അതിനനുസരിച്ച് ബില്ലുകൾ തയ്യാറാക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജലഅതോറിറ്റി സബ്ജിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. ഗോവിന്ദപുരം സ്വദേശിനി എം. വവിതകുമാരിയുടെ പരാതിയിലാണ് നടപടി.
വീടിന്റെ അറ്റകുറ്റപണികൾ നടക്കുന്നതായി മനസിലാക്കിയ ജലഅതോറിറ്റി ഉദ്യോഗസ്ഥർ ഗാർഹിക കണക്ഷൻ ഗാർഹികേതര കണക്ഷനാക്കി മാറ്റിയെന്നാണ് പരാതി. 7925 രൂപയുടെ ബില്ലും നൽകി. പരാതിക്കാരിയുടെ വീട്ടിൽ കിണറുണ്ടെങ്കിലും 2000 ലിറ്ററിന്റെ ടാങ്ക് സ്ഥാപിച്ച് കുടിവെള്ളം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. എന്നാൽ ഗാർഹികേതര ആവശ്യങ്ങൾക്ക് കിണറിൽ നിന്നാണ് വെള്ളമെടുക്കുന്നതെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ പരാതിക്കാരിയുടെ കുടിവെള്ള ഉപഭോഗം പരിശോധിച്ചു. 2022 സെപ്റ്റംബർ മുതൽ 2023 മാർച്ച് വരെയുള്ള സമയത്തെ ഉപഭോഗം 2023 സെപ്റ്റംബറിന് ശേഷമുള്ള ഉപഭോഗത്തെക്കാൾ കൂടുതലാണെന്ന് കമ്മീഷൻ കണ്ടെത്തി. ഉപഭോഗത്തിലെ വർദ്ധനവ് കുടിവെള്ളം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതുകൊണ്ടാണെന്ന ജലഅതോറിറ്റിയുടെ നിലപാട് , ഇതുകൊണ്ടുതന്നെ യുക്തിക്ക് നിരക്കുന്നതല്ല. 2023 സെപ്റ്റംബറിന് ശേഷം മീറ്റർ റീഡിങ്ങിൽ ക്രമാനുഗതമായ വർധനവുണ്ടെന്നാണ് ജല അതോറിറ്റിയുടെ കണ്ടെത്തൽ. ഈ സമയത്ത് കെട്ടിട നിർമ്മാണം നടന്നതെന്നാണ് ജലഅതോറിറ്റിയുടെ വിശദീകരണം. ഈ വാദമാണ് കമ്മീഷൻ തള്ളിയത്.
|
വീട്ടിൽ സമാധാനം നിലനിർത്താൻ ഗൃഹനാഥൻ ശ്രമിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5372/2024 (Date : 07/11/2024)
തൃശൂർ: നിത്യരോഗിയായ ഗൃഹനാഥനെ ഭാര്യയും മക്കളും സംരക്ഷിക്കുന്നില്ലെന്ന പരാതിയിൽ വീട്ടിലെ സമാധാനാന്തരീക്ഷം നിലനിർത്താൻ ഗൃഹനാഥൻ ശ്രദ്ധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കൊടകര സ്വദേശിയുടെ പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയുടെ നിരീക്ഷണം.
കൊടകര എസ്.എച്ച്.ഒ യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ ഭാര്യയും മക്കളുമായി കുടുംബത്തിനുള്ളിൽ വഴക്ക് പതിവാണെന്നും 2024 ജൂലൈ 15 നു രാത്രിയിൽ വഴക്കുണ്ടായെന്നും പോലീസ് അറിയിച്ചു. ഭാര്യയുടെ തലയിൽ മുറിവുണ്ടായെന്നും തലയിൽ തുന്നലുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.
|
അന്വേഷണം എസ്. സി –എസ്. ടി സ്പെഷ്യൽ സെല്ലിനെ ഏൽപ്പിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 745/2023 (Date : 07/11/2024)
കൊല്ലം: ജാതിപേര് വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിട്ടും പോലീസ് നീതിപൂർവ്വമായ അന്വേഷണം നടത്തുന്നില്ലെന്ന പരാതിയിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകണമെന്നും പരാതി ലഭിച്ചാൽ എസ്.സി-എസ്.ടി സ്പെഷ്യൽ സെൽ എസ്.പി അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശ കമ്മീഷൻ.
സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്.
പാലോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ താൻ നൽകിയ മൊഴിപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് പുനലൂർ കരവാളൂർ സ്വദേശി ജി.ശ്രീവിശാഖ് സമർപ്പിച്ച പരാതിയിലാണ് നടപടി.
കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതായും ഹൈക്കോടതി ഉത്തരവ് പ്രകാരം രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്ന് പരാതിക്കാരൻ അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്.
|
വയലും ഓടയും നികത്തുന്നുവെന്ന പരാതി പരിശോധിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3966/2023 (Date : 07/11/2024)
ആലപ്പുഴ: ഹരിപ്പാട് നഗരസഭയിലെ 21-ാം വാർഡിൽ താഴ്ച പുരയിടങ്ങൾക്ക് സമീപമുള്ള വയലും ഓടയും അനധികൃതമായി നികത്തുന്നുവെന്ന പരാതി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കാർത്തികപ്പള്ളി തഹസിൽദാർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഹരിപ്പാട് വെട്ടുവേനി സ്വദേശി വി. ഗംഗാധരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ജില്ലാ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8529/2023 (Date : 07/11/2024)
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് വ്യക്തിപരമായ താൽപര്യമെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
ജില്ലാ ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ രോഗിയുടെ തുന്നലെടുത്തെന്ന പരാതിയിലാണ് ഉത്തരവ്.
കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ജില്ലാ ആശുപത്രിയിലെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. സൂപ്പർ സെപ്ഷ്യാലിറ്റി ബ്ലോക്കിലെ 1500 കെ.ഡബ്ലൂ ജനറേറ്ററുമായി ആശുപത്രിയിലെ ബാക്കി വരുന്ന ബ്ലോക്കുകൾ ബന്ധപ്പെടുത്തുന്നതോടുകൂടി വൈദ്യുതി തടസം ഇല്ലാതാക്കാൻ കഴിയും. കരാർ കമ്പനിയോട് പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 2.5 കോടി ചെലവിൽ പൈപ്പ് ലൈൻ സ്ഥാപിക്കാമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. നിലവിൽ വെള്ളത്തിന്റെ കുറവുണ്ടാകുമ്പോൾ പുറത്തു നിന്നും വെള്ളമെത്തിച്ച് ടാങ്കിൽ നിറക്കും. ആശുപത്രിയിൽ 24 x7 വൈദ്യുതി ലഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരനായ അഡ്വ.വി.ദേവദാസ് ആവശ്യപ്പെട്ടു.
|
മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ കേടായത് അന്വേഷിക്കുന്ന വിദഗ്ധ സമിതി 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5966/2023 (Date : 07/11/2024)
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ വിലപിടിപ്പുള്ള ശസ്ത്രക്രിയാ ഉപകരണങ്ങൾ കേടായതിന് പിന്നിലുള്ള കാരണങ്ങൾ കണ്ടെത്തുന്നതിന് വകുപ്പിന് പുറത്തുള്ള സാങ്കേതിക വിദഗ്ധനെ കൂടി ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമിതി അന്വേഷണം പൂർത്തിയാക്കി 2 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
30 ഡിഗ്രി ടെലിസ്കോപ്, ലൈറ്റ് സോഴ്സ് കേബിൾ എന്നിവ കേടാകുന്നതിന് മുമ്പ് ഒരു മാസം ശരാശരി എത്ര ശസ്ത്രക്രിയകളാണ് നടത്തിയിരുന്നതെന്നും തകരാർ പരിഹരിച്ച ശേഷം ഒരു മാസം എത്ര ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെന്നുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഒരു അഡീഷണൽ റിപ്പോർട്ട് കൂടി സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നിലവിൽ എത്ര ശസ്ത്രക്രിയകൾ നടത്താനുണ്ടെന്നും ചട്ടലംഘനം നടത്തിയ സീനീയർ ഫാക്കൽറ്റിമാർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന വിവരവും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ മുടങ്ങിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഉത്തരവ്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്പെഷ്യൽ ഓഫീസർ, നഴ്സിംഗ് വിഭാഗം ജോയിന്റ് ഡയറക്ടർ, സർജിക്കൽ ഗാസ്ട്രോ എന്റോളജി വിഭാഗം മേധാവി എന്നിവർ അംഗങ്ങളായി ഒരു അന്വേഷണ കമ്മീഷൻ രൂപീകരിച്ച് അന്വേഷണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 2022-23 ൽ എച്ച്.ഡി.എസ് ഫണ്ടുപയോഗിച്ച് വാങ്ങിയ 30 ഡിഗ്രി ടെലിസ്കോപ്പ്, ലൈറ്റ് സോഴ്സ് കേബിൾ എന്നിവ കേടായതായി കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. യൂറോളജി വിഭാഗത്തിലെ സങ്കീർണവും വിലയേറിയതും അത്യധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമായ ഉപകരണങ്ങൾ അശ്രദ്ധമായാണ് കൈകാര്യം ചെയ്തതെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. യൂറോളജി വിഭാഗം യൂണിറ്റ് 3 ൽ ശസ്ത്രക്രിയാ ദിവസം ലൈറ്റ് കേബിൾ സോഴ്സ് കേടായതായി കണ്ടെത്തി. ശസ്ത്രക്രിയാ ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ച് വകുപ്പ് മേധാവി ഫാക്കൽറ്റിക്കും നഴ്സിംഗ് അസിസ്റ്റന്റ്മാർക്കും മാർഗ നിർദേശങ്ങൾ നൽകിയിരുന്നില്ല. ഓപ്പറേഷൻ തീയറ്ററിൽ സീനിയർ യൂറോളജി ഫാക്കൽറ്റികൾ അപമര്യാദയായി പെരുമാറിയെന്ന് പരാതി ഉയർന്നിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
30 ഡിഗ്രി ടെലിസ്കോപ്പ്, ലൈറ്റ് സോഴ്സ് കേബിൾ എന്നിവ കേടായതു ആകസ്മികമായാണോ അതോ മനപൂർവ്വമാണോ എന്നത് സംബന്ധിച്ച സ്ഥിരീകരണത്തിന് മറ്റൊരു അന്വേഷണം നടത്തേണ്ടതുണ്ടെന്നും അന്വേഷണ കമ്മീഷൻ സർക്കാരിനെ അറിയിച്ചു. ഓപ്പറേഷൻ തിയേറ്ററിൽ സീനീയർ ഫാക്കൽറ്റിമാർ ചട്ടലംഘനം നടത്തിയതും യൂണിറ്റ് ചീഫ് അന്വേഷണ കമ്മീഷൻ മുമ്പാകെ ഹാജരാകാത്തതും ഗുരുതരവീഴ്ചയായി കണക്കാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. സർക്കാരിന്റെ നിർദ്ദേശാനുസരണമാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകാൻ തീരുമാനിച്ചത്. ജി.എസ് ശ്രീകുമാർ, ജോസ് വൈ. ദാസ് എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി. ജനുവരിയിലെ സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും.
|
വിനോദയാത്ര പോയ വിദ്യാർത്ഥികൾക്ക് നരകയാതന : ശക്തമായ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8263/2024 (Date : 05/11/2024)
എറണാകുളം: ആലുവ എസ്.എൻ.ഡി.പി ഹയർസെക്കന്ററി സ്കൂളിൽ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ 135 പ്ലസ്ടു വിദ്യാർത്ഥികൾ പെരുവഴിയിൽ നരകയാതന അനുഭവിച്ചെന്ന പരാതിയിൽ ശക്തമായ നടപടികളുമായി മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പരാതിയെക്കുറിച്ച് വിശദവും ഫലപ്രദവുമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ആർ.റ്റി.ഒ യെ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ ചുമതലപ്പെടുത്തണമെന്ന് ഉത്തരവിൽ പറയുന്നു. ആർ.റ്റി.ഒ യുടെ അന്വേഷണ റിപ്പോർട്ട് 3 ആഴ്ചക്കുള്ളിൽ കമ്മീഷനിൽ സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകണം.
സംഭവത്തിന് ഉത്തരവാദികളായ ടൂർ ഓപ്പറേറ്റർമാരുടെ പെർമിറ്റ് / ലൈസൻസ് റദ്ദാക്കാൻ പര്യാപ്തമായ പാളിച്ചകളാണോ സംഭവിച്ചതെന്ന കാര്യത്തിൽ ആർ.റ്റി.ഒ യുടെ അഭിപ്രായവും കമ്മീഷനിൽ സമർപ്പിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. ആലുവ എസ്.എൻ.ഡി.പി ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പലും റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ചാലുടൻ കേസ് എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
വെള്ളിയാഴ്ച പുലർച്ചെ പുറപ്പെട്ട സംഘത്തിന് കൊടൈക്കനാലിൽ താമസ സൗകര്യം ഏർപ്പെടുത്താൻ ടൂർ പാക്കേജ് കണ്ടെക്റ്റിംഗ് സ്ഥാപനം തയ്യാറായില്ലെന്നാണ് പരാതി. തുടർന്ന് ബസിൽ കഴിച്ചുകൂട്ടിയ സംഘത്തെ ഊട്ടിയിലേക്ക് കൊണ്ടുപോയി. ഊട്ടിയിൽ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ മാത്രം സൗകര്യം നൽകിയതായി പരാതിയിലുണ്ട്.
പത്രവാർത്തയുടെ അടിസ്ഥാത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : പരാതിക്കാരന്റെ മൊഴിയെടുത്തു. (Date : 05/11/2024)
കൊല്ലം: മുണ്ടക്കൽ വെസ്റ്റ് സ്വദേശിയെയും ഭാര്യയെയും ഓട്ടോ ഡ്രൈവർ ഇരുവരെയും ക്രൂരമായി മർദ്ദിച്ചിട്ടും പോലീസ് കേസെടുത്തില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെ പരാതിക്കാരന്റെ മൊഴിയെടുത്തു.
മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടി സ്വീകരിക്കാൻ കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർക്ക് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകി.
2022 സെപ്റ്റംബർ 21 വൈകിട്ടാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർ മർദ്ദിച്ചതായി പരാതി ഉയർന്നത്. പരാതിക്കാരനായ ഷറഫൂദ്ദീനെ നിരന്തരം ബന്ധപ്പെട്ടിട്ടും മൊഴി നൽകിയില്ലെന്നാണ് കൊല്ലം പോലീസ് ഇൻസ്പെക്ടറുടെ വിശദീകരണം. കമ്മീഷൻ നോട്ടീസയച്ചതിനെ തുടർന്ന് മൊഴി രേഖപ്പെടുത്തി.
2024 സെപ്റ്റംബർ 23 ന് കമ്മീഷൻ സിറ്റിംഗിൽ ഹാജരായ പരാതിക്കാരൻ തന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയതായി കമ്മീഷനെ അറിയിച്ചു.
|
അമ്മയിൽ നിന്നും മക്കൾ വാങ്ങിയ ഒരു ലക്ഷം രൂപ 5 ഗഡുക്കളായി തിരികെ നൽകണം : മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 496/2024 (Date : 05/11/2024)
കോഴിക്കോട്: അമ്മയിൽ നിന്നും മക്കളും മരുമക്കളും ചേർന്ന് വാങ്ങിയ ഒരു ലക്ഷം രൂപ 5 ഗഡുക്കളായി 2 മാസത്തിനുള്ളിൽ തിരികെ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
നരിക്കുനി മടവൂർ സ്വദേശി ഭാഗീരഥി സമർപ്പിച്ച പരാതി തീർപ്പാക്കി കൊണ്ടാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഉത്തരവ്. തന്റെ പരാതി പരിഗണിക്കാതെ മടവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി താൻ താമസിച്ചിരുന്ന വീട് പൊളിച്ചു പണിയാൻ പണം അനുവദിച്ചെന്നും മക്കളും മരുമക്കളും ചേർന്ന് വീട് പൊളിച്ചുനീക്കിയെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
എന്നാൽ മടവൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിച്ചിരുന്ന പരാതിക്കാരിയുടെ മകന് ലൈഫ് മിഷനിൽ കെട്ടിടം പുനർനിർമ്മിക്കാൻ സഹായം അനുവദിച്ചിരുന്നതായി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസിലെ ആധാരം പരിശോധിച്ചതിൽ പരാതിക്കാരിക്ക് വീട്ടിൽ കൈവശാധികാരം ഉണ്ടെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിക്ക് കൂടി വീട്ടിൽ ഉടമസ്ഥാവകാശം നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം പരാതിക്കാരിയെ ബോധ്യപ്പെടുത്തുന്നതിനായി അദാലത്തിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകിയെങ്കിലും പരാതിക്കാരി പങ്കെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വീട് നിർമ്മാണം പൂർത്തിയാകുമ്പോൾ താൻ വഴിയാധാരമാകുമെന്ന പരാതിക്കാരിയുടെ ആശങ്ക അസ്ഥാനത്താണെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് എതിർകക്ഷികളായ മക്കളെയും മരുമക്കളെയും കമ്മീഷൻ നേരിട്ടുകേട്ടു. എതിർകക്ഷികൾ തനിക്ക് ഒരു ലക്ഷം രൂപ നൽകാനുണ്ടെന്ന് പരാതിക്കാരി അറിയിച്ചു. ഇക്കാര്യം പരാതിക്കാർ സമ്മതിച്ച സാഹചര്യത്തിലാണ് പണം തിരികെ നൽകാൻ കമ്മീഷൻ ഉത്തരവായത്.
|
പോക്സോ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി : യുവാവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 05/11/2024)
വയനാട്: പരിചയമുള്ള പെൺകുട്ടിയുമായി സംസാരിച്ചതിന് പോലീസ് പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് പുഴയിൽ ചാടി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സിറ്റിംഗ് തീയതി തീരുമാനിച്ചിട്ടില്ല.
പട്ടികവർഗ വിഭാഗത്തിലുള്ള റെതിൻ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. പരാതിയുയർന്നിരിക്കുന്നത്. പെൺകുട്ടിയുമായി റോഡരികിൽ സംസാരിച്ചു നിൽക്കുന്നതിനിടെ നിരപരാധിയായ തന്നെ പോലീസ് പോക്സോ കേസിൽപ്പെടുത്തിയെന്ന് റെതിൻ സഹോദരിക്കയച്ച വീഡിയോയിൽ പറയുന്നതായി മനസിലാക്കുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് യുവാവിനെ കാണാതായത്. അഞ്ചുകുന്ന് വെള്ളരിവയലിന് സമീപമുള്ള പുഴയിൽ നിന്ന് ഞായറാഴ്ച രാവിലെ 11 നാണ് മൃതദേഹം കണ്ടെത്തിയത്. പോക്സോ കേസിൽ പ്രതിയായെന്ന് തെറ്റിദ്ധരിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് മനസിലാക്കുന്നത്. എന്നാൽ പോക്സോ കേസ് എടുത്തിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
|
കെ.എസ്.ഇ.ബി പോസ്റ്റുകളിൽ കേബിൾ വലിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഹാജരാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 6000/2024 (Date : 02/11/2024)
എറണാകുളം: കെ.എസ്.ഇ.ബി യുടെ പോസ്റ്റുകളിൽ കേബിൾ വലിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കേബിൾ കുരുങ്ങി ദാരുണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി യുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഭാഗത്ത് നിന്നും കർശനമായ പരിശോധന ഇക്കാര്യത്തിലുണ്ടാകണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കെ. എസ്.ഇ.ബി പോസ്റ്റിൽ സ്ഥാപിച്ച കേബിളിൽ കുരുങ്ങി കളമശേരി മസ്ജിദ് ഇമാമിന് പരിക്കേറ്റ സംഭവത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കെ.എസ്.ഇ.ബി പോസ്റ്റുകളിൽ കേബിൾ വലിക്കുന്നതിന് അപേക്ഷിക്കേണ്ട വിധം, അപേക്ഷാഫീസ്, അപേക്ഷ ആർക്കാണ് സമർപ്പിക്കേണ്ടത്, അപേക്ഷ തയ്യാറാക്കാൻ നിശ്ചിത ഫോറം ഉണ്ടോ, അപേക്ഷയുടെയും സ്ഥലത്തിന്റെയും സൂക്ഷ്മ പരിശോധന നടത്താൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ വിവരങ്ങൾ, കേബിൾ വലിക്കാൻ അപേക്ഷകന് നൽകുന്ന കാലാവധി,വലിച്ച കേബിൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പരിശോധിക്കാറുണ്ടോ എന്നീ വിവരങ്ങൾ അടങ്ങിയ സമഗ്രമായ മാർഗനിർദ്ദേശമാണ് ഹാജരാക്കേണ്ടത്. കെ.എസ്.ഇ.ബി സെക്രട്ടറിയോ ചീഫ് എഞ്ചിനീയറോ മൂന്നാഴ്ചക്കകം സമർപ്പിക്കണം. ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നതിന്റെ കാരണങ്ങളും റിപ്പോർട്ടിലുണ്ടാവണം.
ഡിസംബർ 3 ന് രാവിലെ 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കെ. എസ്. ഇ.ബി സെക്രട്ടറി / ചീഫ് എഞ്ചിനീയർ ചുമതലപ്പെടുത്തുന്ന മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിവരങ്ങൾ കമ്മീഷനെ ബോധ്യപ്പെടുത്തണം. ജില്ലാ പോലീസ് മേധാവി, കളമശേരി മുൻസിപ്പൽ സെക്രട്ടറി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരുടെ പ്രതിനിധികളും സിറ്റിംഗിൽ ഹാജരാകണം.
|
എസ്. എൽ. ആർ ജീവനക്കാരന് പെൻഷൻ ആനുകൂല്യം ലഭിച്ചില്ല: ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4366/2021 (Date : 02/11/2024)
കൊല്ലം: ഭൂജല വകുപ്പിന്റെ ആലപ്പുഴ ജില്ലാ ഓഫീസിൽ നിന്നും എസ്. എൽ. ആർ തസ്തികയിൽ വിരമിച്ചയാൾക്ക് പെൻഷൻ ആനുകൂല്യം നൽകുന്ന കാര്യത്തിൽ സർക്കാർ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഭൂജല വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. തനിക്ക് വിരമിക്കൽ ആനുകൂല്യം ലഭിച്ചില്ലെന്ന് ആരോപിച്ച് കുതിരപ്പന്തി സ്വദേശി പി.പി.ജറോം സമർപ്പിച്ച സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഭൂജലവകുപ്പ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരന് അക്കൌണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് പ്രകാരം ഗ്രാറ്റുവിറ്റി അനുവദിച്ചിരുന്നെങ്കിലും എസ്.എൽ.ആർ ജീവനക്കാർ റഗുലർ ജീവനക്കാരല്ലാത്തതിനാൽ കെ.എസ്. ആറിന്റെ പരിധിയിൽ വരുന്നതല്ലെന്ന് പിന്നീട് കണ്ടെത്തി. ഇവർ മുഴുവൻ സമയ സർക്കാർ ജീവനക്കാരല്ല. കേരള സർവീസ് ചട്ടങ്ങൾ പ്രകാരം സർക്കാർ ജീവനക്കാർക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങൾക്ക് അർഹതയില്ല. ഫീൽഡ് വർക്കിൽ വകുപ്പിലെ ജീവനക്കാരെ സഹായിക്കാനാണ് താത്കാലികമായി എസ്.എൽ. ആർ ജീവനക്കാരെ നിയമിക്കുന്നത്. ഒൻപതാം ശമ്പള പരിഷ്ക്കരണ ഉത്തരവിനൊപ്പമുള്ള എസ്. എൽ. ആർ ജീവനക്കാരുടെ പട്ടികയിൽ പരാതിക്കാരൻ ഉൾപ്പെട്ടിട്ടില്ല. ഇതാണ് സാഹചര്യമെങ്കിലും പരാതിക്കാരന് അർഹമായ കുടിശിക നൽകുന്നതിന് അനുമതി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്.
പരാതിക്കാരനെ കേട്ട കമ്മീഷൻ മറ്റ് വരുമാന മാർഗ്ഗങ്ങൾ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് മനസിലാക്കി. 2021 ജനുവരി 8 ന് ഭൂജല വകുപ്പ് ഡയറക്ടർ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ 3 വർഷം കഴിഞ്ഞിട്ടും നടപടിയുള്ളതായി കാണുന്നില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
|
ക്രിമിനലുകളായ അന്യദേശ തൊഴിലാളികളെ കണ്ടെത്താൻ ആഭ്യന്തര - തൊഴിൽ വകുപ്പുകൾ ആക്ഷൻ പ്ലാൻ രൂപീകരിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4192/2023 (Date : 02/11/2024)
കോഴിക്കോട്: ക്രിമിനലുകളായ ഒട്ടേറെ അന്യദേശ തൊഴിലാളികൾ വിവിധ സ്ഥലങ്ങളിൽ പണിയെടുക്കുന്നത് സ്വൈരജീവിതത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ ശാശ്വതമായ പരിഹാരത്തിനായി ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ വിശദമായ ഒരു ആക്ഷൻപ്ലാനിന് തൊഴിൽവകുപ്പ് രൂപം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ ലേബർ കമ്മീഷണർ കമ്മീഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കേരളത്തിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് പോലീസ് - തൊഴിൽ വകുപ്പുകളുടെ സംയുക്ത പരിശോധനക്ക് ശേഷം തിരിച്ചറിയൽ കാർഡ് അനുവദിക്കണമെന്ന പരാതിയിലാണ് നടപടി.
ലേബർ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ 2022 ആഗസ്റ്റ് 31 വരെ 5,13,620 തൊഴിലാളികൾക്ക് രജിസ്ട്രേഷൻ നൽകിയിട്ടുണ്ടെന്ന് പറയുന്നു. അതിഥി പോർട്ടൽ, അതിഥി ആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷനാക്കി മാറ്റി കൂടുതൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആപ്ലിക്കേഷൻ നിലവിൽ വരുമ്പോൾ മൊബൈൽ ഫോൺ വഴിയും രജിസ്ട്രേഷൻ നൽകാനാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതും രജിസ്ട്രേഷൻ നടപടികൾ നടത്തുന്നതും അനിവാര്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ ഇത്തരം നടപടികൾ വഴി ക്രിമിനലുകളായ തൊഴിലാളികളെ കണ്ടെത്താനും നടപടിയെടുക്കാനും കഴിയില്ല. ക്രിമിനലുകളായ ഒട്ടേറെ ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലെത്തുകയും വിവിധ സ്ഥലങ്ങളിൽ ജോലിയെടുക്കുകയും ചെയ്യുന്നുണ്ട്. ഇത് സ്വൈര്യ ജീവിതത്തിന് ഭീഷണിയാണെന്ന് ഉത്തരവിൽ പറയുന്നു.
|
മസാല ദോശയിൽ പഴുതാര: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 02/11/2024)
തൃശൂർ: ഗുരുവായൂർ കിഴക്കേ നടയിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ നിന്നും കഴിച്ച മസാല ദോശയിൽ പഴുതാര കണ്ടെത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഗുരുവായൂർ നഗരസഭാ ഹെൽത്ത് സൂപ്പർവൈസറും ( ക്ലീൻ സിറ്റി മാനേജർ ) ഹെൽത്ത് ഇൻസ്പെക്ടറും പരാതിയെ കുറിച്ച് അന്വേഷണം നടത്തി 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
ഭക്ഷണം കഴിച്ച കുട്ടികളുടെ പിതാവ് സന്തോഷ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമധേയാ കേസെടുത്തത്.
|
2016 ൽ വിരമിച്ച പ്രധാനാധ്യാപികക്ക് എത്രയും വേഗം പെൻഷൻ അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 675/2024 (Date : 01/11/2024)
മലപ്പുറം: പരപ്പനങ്ങാടി ഉപവിദ്യാഭ്യാസ ജില്ലയിലെ നെടുവ ഗവ.ഹൈസ്കൂളിൽ നിന്നും 2016 മേയ് 31 ന് വിരമിച്ച പ്രധാനധ്യാപികക്ക് എത്രയും വേഗം പൂർണമായ തോതിൽ പെൻഷൻ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പരപ്പനങ്ങാടി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. ചെട്ടിപ്പടി സ്വദേശിനി സി.വസന്തകുമാരിക്ക് പെൻഷൻ നൽകാനാണ് ഉത്തരവ്.
ഇക്കാര്യത്തിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് പാസാക്കിയിട്ടുള്ളതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പെൻഷൻ വിഷയത്തിൽ അടിയന്തര നടപടികൾ ആവശ്യമാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർ സംയുക്തമായി നടത്തിയ ഹിയറിംഗ് അനുസരിച്ചുള്ള ഉത്തരവ് ലഭ്യമാക്കി പെൻഷൻ അനുവദിക്കാൻ പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
പരോൾ പുന:സ്ഥാപിക്കാൻ നിർദ്ദേശിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 7706/2024 (Date : 01/11/2024)
കണ്ണൂർ: പരോൾ അനുവദിക്കുന്നതിനും റദ്ദാക്കാനുമുള്ള അധികാരം സർക്കാരിൽ നിഷിപ്തമാണെന്നും അതിൽ ഇടപെടാനോ നിയമം അനുശാസിക്കുന്ന ഒരു കാര്യത്തിൽ സർക്കാരിനോട് ശുപാർശ ചെയ്യാനോ മനുഷ്യാവകാശ കമ്മീഷന് കഴിയില്ലെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
മയക്കുമരുന്ന് നിരോധന നിയമപ്രകാരം തടവിലായവർക്ക് പരോൾ റദ്ദാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 10 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാളാണ് പരാതിക്കാരനെന്നും വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവേ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. എൻ.ഡി.പി.എസ് നിയമപ്രകാരം ശിക്ഷിക്കപ്പെട്ട തടവുകാർക്ക് അടിയന്തര അവധിയും സാധാരണ അവധിയും നിർത്തലാക്കിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തന്റെ പിതാവ് രോഗബാധിതനായി ആശുപത്രിയിലാണെന്നും കാണാൻ പരോൾ അനുവദിക്കണമെന്നും പരാതിക്കാരൻ അപേക്ഷിച്ചു.
|
തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ വേണമെങ്കിൽ നിയമാനുസരണം അപേക്ഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 8768/2024 (Date : 01/11/2024)
ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ആവശ്യമുണ്ടെങ്കിൽ പഞ്ചായത്ത് അനുശാസിക്കുന്ന വിധത്തിൽ അപേക്ഷ നൽകണമെന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് നിർദ്ദേശിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
നിയമാനുസൃതമായ നടപടികൾ പാലിക്കാൻ പരാതിക്കാരന് ബാധ്യതയുണ്ടെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. പരാതിക്കാരന് തൊഴിൽ ആവശ്യമെങ്കിൽ പഞ്ചായത്തിൽ അപേക്ഷ നൽകണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കൃഷ്ണപുരം പഞ്ചായത്തിലെ 17ാം വാർഡിൽ തൊഴിലുറപ്പ് നടപടി ക്രമങ്ങളിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. തൊഴിലിനുള്ള അപേക്ഷ തൊഴിലാളികളുടെ ഗ്രൂപ്പോ ഇല്ലെങ്കിൽ തൊഴിലാളി സ്വന്തമായോ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഇത്തരത്തിൽ അപേക്ഷ നൽകുന്ന എല്ലാ തൊഴിലാളികൾക്കും 15 ദിവസത്തിനുള്ളിൽ തൊഴിൽ അനുവദിക്കാറുണ്ട്.
എന്നാൽ മുൻകാലങ്ങളിൽ പഞ്ചായത്ത് ഭാരവാഹികൾ തൊഴിലാളികളുടെ യോഗം വിളിച്ചുചേർത്ത് എല്ലാവർക്കും തൊഴിൽ നൽകുന്ന രീതിയാണ് നിലവിലുണ്ടായിരുന്നതെന്ന് പരാതിക്കാരൻ വാദിച്ചു.
|
പന്നിയാർ കോളനിയിലെ കുടിവെള്ളക്ഷാമം: പദ്ധതിയുടെ നിലവിലെ അവസ്ഥ അറിയിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 1271/2024 (Date : 01/11/2024)
ഇടുക്കി: പന്നിയാർ കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള കുടിവെള്ള പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒരു മാസത്തിനകം ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
വസ്തുതകൾ കമ്മീഷനെ ബോധ്യപ്പെടുത്തുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയോ, മുതിർന്ന ഉദ്യോഗസ്ഥനോ ഡിസംബർ 13 ന് രാവിലെ 10 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണം. ആരാണ് പദ്ധതിയുടെ നിർവ്വഹണ അധികാരിയെന്നും ജല അതോറിറ്റി കീഴിലാണ് പദ്ധതിയെങ്കിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് എവിടെയാണെന്നും അറിയിക്കണം. പ്രവൃത്തി നടത്തുന്ന പ്രദേശത്തെ കെ. എസ്. ഇ. ബി എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ ഓഫീസ് എവിടെയാണെന്നും അറിയിക്കണം.
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്തിലെ എൽ. എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയറും പരാതിക്കാരനും ജല അതോറിറ്റിയുടെയും കെ.എസ്.ഇ.ബിയുടെയും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് മുൻകൂട്ടി നോട്ടീസ് നൽകിയശേഷം ജൽ ജീവൻ കുടിവെള്ള പദ്ധതി നടക്കുന്ന സ്ഥലം സന്ദർശിച്ച് പണിയുടെ പുരോഗതി വിലയിരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് സെക്രട്ടറി കമ്മീഷനിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പന്നിയാർ കോളനിയിൽ നിലവിൽ സൗജന്യമായി കുടിവെള്ള വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇക്കാര്യത്തിൽ ശാശ്വത പരിഹാരം കാണണമെങ്കിൽ ജൽജീവൻ മിഷന്റെ പദ്ധതി പൂർത്തിയാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമി നൽകിയ പരാതിയിലാണ് നടപടി.
|
ക്ഷേമനിധി അംഗത്തിന് പെൻഷനും കുടിശികയും നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 649/2024 (30/10/2024)
കൊല്ലം: കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ബോർഡിൽ 2021 വരെ അംശാദയം അടച്ച അംഗത്തിന് നൽകാനുള്ള പെൻഷനും കുടിശികയും എത്രയും വേഗം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ചീഫ് വെൽഫയർ ഫണ്ട് ഇൻസ്പെക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. പൂതക്കുളം സ്വദേശി ചന്ദ്രൻ പിള്ള സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്.
കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
2021 സെപ്റ്റംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള പെൻഷൻ കുടിശികയുണ്ടെന്നും ഇത് ചീഫ് ഓഫീസിലേക്ക് അംഗീകാരത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2023 ജൂലൈ മുതലുള്ള കുടിശിക ചീഫ് ഓഫീസിൽ നിന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നൽകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. കാലതാമസമില്ലാതെ പരാതിക്കാരന് പെൻഷനും കുടിശികയും നൽകാൻ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
ജനവാസമേഖലയിൽ ശവം മറവുചെയ്യുന്നതിൽ മനുഷ്യാവകാശ ലംഘനമുണ്ടെങ്കിലും കോടതി കേസുകൾ കാരണം നടപടിയെടുക്കാനാവില്ല: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 3659/2024 (Date : 30/10/2024)
കണ്ണൂർ: ജനവാസമേഖലയിൽ വീടിന്റെ തൊട്ടടുത്ത സ്ഥലം ശവപറമ്പായി ഉപയോഗിക്കുന്നത് തടയണമെന്ന പരാതിയിൽ മനുഷ്യാവകാശ ലംഘനങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും കോടതികളിൽ കേസുകൾ നടന്നുവരുന്നതായി ജില്ലാ കളക്ടർ അറിയിച്ച സാഹചര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തലശേരി മുൻസിപ്പൽ പരിധിയിൽ ജനവാസമേഖലയിലുള്ള ശ്മശാനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
കണ്ണൂർ ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്ക് ആസ്പദമായ വസ്തു വർഷങ്ങളായി പള്ളികമ്മിറ്റി കൈവശം വച്ചു വരുന്നതാണെന്നും മയ്യത്ത് മറവുചെയ്യുന്ന സ്ഥലമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്മശാനം പള്ളിയുടെ സ്ഥലത്ത് തന്നെയാണ്. എന്നാൽ പരാതിക്കാരിയുടെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് നിന്നും നിശ്ചിത അകലം പാലിക്കാതെ ശവം മറവുചെയ്യുന്ന നടപടി നിർത്തിവയ്ക്കാൻ തലശേരി സബ്ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഉത്തരവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രസ്തുത ഉത്തരവിനെതിരെ പള്ളികമ്മിറ്റി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. പരാതിക്കാരിയുടെ ഭർത്താവും കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇരുകക്ഷികളെയും കേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവായി. തുടർന്ന് തലശേരി എസ്.ഡി.എം കോടതി 2020 ജൂൺ 23 ലെ ആദ്യ ഉത്തരവ് റദ്ദാക്കി ശ്മശാന ഭൂമിക്ക് ലൈസൻസിന്റെ ആവശ്യകത സംബന്ധിച്ച് മുൻസിപാലിറ്റിക്ക് തീരുമാനമെടുക്കാമെന്ന് വിധി പാസാക്കി. 1994 ലെ മുൻസിപ്പാലിറ്റി നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് മണ്ണയാട് മഹൽ മുസ്ലീം ജമാ അത്ത് പള്ളിയും ഖബർസ്ഥാനും നിലവിലുള്ളതിനാൽ ലൈസൻസ് ആവശ്യമില്ലെന്ന് തലശേരി നഗരസഭാ സെക്രട്ടറി റിപ്പോർട്ട് ചെയ്തു. തുടർന്ന് ജില്ലാ കളക്ടർ ഇരുകക്ഷികളേയും കേട്ടു. ശവം മറവു ചെയ്യുന്നതിനെതിരെ പരാതിക്കാരിയുടെ ഭർത്താവിന്റെ അമ്മ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. നിലവിൽ ശവം മറവു ചെയ്യുന്നത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് ഡി.എം.ഒ റിപ്പോർട്ട് ചെയ്തു. സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ ധർമ്മടം പോലീസ് നടപടിയെടുത്തിട്ടുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു.
|
നീലേശ്വരം വെടിക്കെട്ടപകടം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 30/10/2024)
കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കാസർകോട് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കാസർകോട് ഗവ.ഗസ്റ്റ് ഹൗസിൽ അടുത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
154 പേർക്ക് പരിക്കേറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
|
അനധികൃത നിർമ്മാണം പൂർവ്വസ്ഥിതിയിലാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 7166/2023 (Date : 29/10/2024)
ആലപ്പുഴ: ബുധനൂർ ഗ്രാമപഞ്ചായത്തിലെ എണ്ണയ്ക്കാട് വില്ലേജിൽ പുറമ്പോക്ക് കൈയേറുകയോ കുളിക്കടവിന്റെ വഴി തടസ്സപ്പെടുത്തുകയോ ചെയ്യുന്ന തരത്തിൽ അനധികൃത നിർമ്മാണം നടന്നിട്ടുണ്ടെങ്കിൽ അത് അടിയന്തരമായി പൂർവ്വസ്ഥിതിയിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ബുധനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് നിർദ്ദേശം നൽകിയത്.
വിവാദ സ്ഥലം പുറമ്പോക്ക് ഭൂമിയാണോ എന്ന് താലൂക്ക് സർവ്വേയറെ കൊണ്ട് അളന്ന് തിട്ടപ്പെടുത്തി പുറമ്പോക്ക് ഭൂമിയാണെങ്കിൽ എതിർകക്ഷിയായ രമണൻ കൈയേറിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഉത്തരവിൽ പറയുന്നു. കുളിക്കടവിന്റെ സംരക്ഷണഭിത്തി എതിർ കക്ഷി പൊളിച്ചുമാറ്റിയെങ്കിൽ ആവശ്യമായ നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
റീസർവേ നമ്പർ 275/7, 275/12 എന്നിവയുടെ ഭാഗത്ത് പുറമ്പോക്ക് കൈയേറി നിലംനികത്തി കുളിക്കടവിന്റെ വഴി തടസ്സപ്പെടുത്തിയെന്നാണ് പരാതി.
ചെങ്ങന്നൂർ ആർ.ഡി.ഒ യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ ഉൾപ്പെടെ നൂറോളം കുടുംബങ്ങൾ കുടിക്കാനും കുളിക്കാനും കൃഷിയാവശ്യങ്ങൾക്കും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കടവും അതിലേക്കുള്ള വഴിയും നഷ്ടപ്പെട്ടതായി പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: അതിജീവിതയുടെ കുടുംബം വാടക വീട്ടിലെന്ന് സാമൂഹിക നീതി വകുപ്പ്. HRMP NO. 2751/2024 (Date : 29/10/2024)
മലപ്പുറം: ബന്ധുക്കളിൽ നിന്നും ലൈംഗിക ഉപദ്രവമേറ്റതിനെ തുടർന്ന് ജീവനൊടുക്കിയ പെൺകുട്ടിയുടെ കുടുംബം നിലവിൽ താമസിക്കുന്ന വീട്ടിൽ തന്നെയാണ് ഇപ്പോഴും താമസിക്കുന്നതെന്ന് മലപ്പുറം ജില്ലാ ശിശുവികസന ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം വാടക നൽകാൻ പണമില്ലാത്തതിനാൽ തെരുവിലിറങ്ങിയെന്ന ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജില്ലാ ശിശുവികസന ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചത്.
കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയുടെ കുടുംബം മലപ്പുറത്താണ് ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. ടി.ടി.സി ക്ക് പഠിക്കുമ്പോഴാണ് പെൺകുട്ടി ജീവനൊടുക്കിയത്. കുട്ടിയുടെ പിതാവ് 13 വർഷം മുമ്പ് മരിച്ചു. സഹോദരൻ സ്കൂൾ വിദ്യാർത്ഥിയാണ്.
അമ്മയുടെ സഹോദരിയുടെ മക്കളിൽ നിന്നാണ് ആദ്യം ലൈംഗിക ഉപദ്രവം ഉണ്ടാകുന്നത്. പിന്നീട് മറ്റ് ചില ബന്ധുക്കളും ഉപദ്രവിച്ചു. ഇത് സംബന്ധിച്ച് ഫറോക്ക്,തേത്തിപ്പലം പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്.
നിലവിൽ കേസിന്റെ അവസ്ഥയെ കുറിച്ച് അമ്മയ്ക്ക് അറിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ചേലാമ്പ്രയിൽ കുടുംബം താമസിക്കുന്ന വീടിന് 6500 രൂപയാണ് വാടക. ഇത് നൽകാൻ കഴിയാത്തതിനെ തുടർന്ന് വീട്ടുടമ കോടതിയിൽ കേസ് കൊടുത്തു. വാടക കോടതിയിൽ കെട്ടിവയ്ക്കാൻ ഉത്തരവായതായി റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ അമ്മക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും മറ്റൊരു വീട്ടിലേക്ക് താമസം മാറാൻ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
|
മാംസകടകളിൽ നിരന്തര പരിശോധന ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 6238/2024 (Date : 28/10/2024)
കോഴിക്കോട്: മാംസകടകളിലും മറ്റും നിരന്തരം മിന്നൽപരിശോധനകൾ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകി.
2006 ലെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ജനങ്ങൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ഭക്ഷ്യസുരക്ഷാ വകുപ്പിനുണ്ടെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണപദാർത്ഥങ്ങളാണ് ജനങ്ങളുടെ ഉപഭോഗത്തിനായി ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
തലക്കുളത്തൂർ അണ്ടിക്കോട് സി.പി.ആർ ചിക്കൻ സ്റ്റാളിൽ ചത്ത കോഴി വിൽക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കമ്മീഷൻ സംസ്ഥാന പോലീസ് മേധാവി,ഭക്ഷ്യസുരക്ഷാ കമ്മീഷണർ എന്നിവരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
ചത്തകോഴി വിൽക്കുന്നതായുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ എലത്തൂർ പോലീസ് സ്ഥലത്തെത്തി സ്ഥാപനം അടച്ചുപൂട്ടി താക്കോൽ കസ്റ്റഡിയിലെടുത്തതായി സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി ടൗൺ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. തുടർന്ന് 2024 ആഗസ്റ്റ് 28 ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 33 കിലോ ജീവനില്ലാത്ത അഴുകിയ കോഴി കണ്ടെത്തി. തുടർന്ന് കടയുടമയുടെ ലൈസൻസ് റദ്ദാക്കി. 25000 രൂപ പിഴ ചുമത്തിയെങ്കിലും പിഴ അടയ്ക്കാത്തതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ കടയുടമക്കെതിരെ റവന്യൂറിക്കവറി നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ചത്തകോഴിയിടെ മാംസം വിൽപ്പന നടത്തി നല്ല ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം ധ്വംസിക്കുന്ന ഇത്തരക്കാർ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന് ഉത്തരവിൽ പറഞ്ഞു. ഇവർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കേണ്ടത് അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു.
|
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ കെട്ടിടത്തിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4452/2024 (Date : 28/10/2024)
കൊല്ലം: കർബല ജംഗ്ഷന് സമീപം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ കെട്ടിടത്തിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം പരിശോധിച്ച് ഇതുവരെ സ്വീകരിച്ച നടപടികൾ ഉൾപ്പെടുത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കൊല്ലം കോർപ്പറേഷൻ സെക്രട്ടറിക്കും റയിൽവേ ഡിവിഷണൽ മാനേജർക്കുമാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അസിസ്റ്റന്റ് രജിസ്ട്രാർ റിപ്പോർട്ട് സമർപ്പിച്ചു. റോഡ് അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയെന്നും എന്നാൽ റോഡിന്റെ ഉടമസ്ഥാവകാശം റയിൽവേക്കാണെന്നായിരുന്നു മറുപടിയെന്നും റിപ്പോട്ടിൽ പറഞ്ഞു. തുടർന്ന് ദക്ഷിണ റയിൽവെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉപഭോക്തൃ കമ്മീഷൻ കത്ത് നൽകി. നിയമപ്രകാരമുള്ള തുക കെട്ടിവച്ചാൽ റോഡ് ഗതാഗതയോഗ്യമാക്കി നൽകാമെന്നായിരുന്നു മറുപടി. തുടർന്ന് ഇക്കാര്യം കോർപ്പറേഷൻ സെക്രട്ടറിയെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഉപഭോക്തൃ കമ്മീഷനിലെ രേഖകൾ പരിശോധിച്ചപ്പോൾ കെട്ടിടം നിൽക്കുന്ന സ്ഥലം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയതായി ഉപഭോക്തൃ കമ്മീഷൻ അറിയിച്ചു. വസ്തുവിന്റെ ഉടമസ്ഥാവകാശം കോർപ്പറേഷനായതിനാൽ റോഡ് സഞ്ചാരയോഗ്യമാക്കേണ്ട ചുമതലയും കോർപ്പറേഷനാണ്. ഇക്കാര്യങ്ങൾ കാണിച്ച് കോർപ്പറേഷൻ സെക്രട്ടറിക്ക് ഇക്കഴിഞ്ഞ മേയ് 25 ന് വീണ്ടും കത്ത് നൽകിയതായി ഉപഭോക്തൃ കമ്മീഷൻ അറിയിച്ചു.
എതിർകക്ഷികൾ തമ്മിൽ കത്തിടപാടുകൾ നടക്കുന്നതല്ലാതെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. റോഡ് പണി അനന്തമായി നീട്ടി കൊണ്ടുപോകാതിരിക്കാൻ കമ്മീഷൻ ഇടപെടണമെന്ന് പരാതിക്കാരനായ ചെങ്കളം സ്വദേശി ലൈക്.പി. ജോർജ് കമ്മീഷനെ അറിയിച്ചു. മഴവെള്ളം കെട്ടി നിന്ന് റയിൽവേ ക്വാർട്ടേഴ്സുകൾ വെള്ളക്കെട്ടിലാണെന്നും പരാതിക്കാരൻ അറിയിച്ചു.
റയിൽവേ അധികൃതരുമായി ചർച്ച നടത്തിയ ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: കെട്ടിട നമ്പർ ലഭിച്ചാലുടൻ കുടിവെള്ള കണക്ഷൻ നൽകും. HRMP NO. 3870/2022 (Date : 28/10/2024)
വയനാട്: പട്ടികവർഗ പണിയ വിഭാഗത്തിലുള്ള കുടുംബത്തിന് കെട്ടിട നമ്പർ ലഭിച്ചാലുടൻ കുടിവെള്ള കണക്ഷൻ നൽകുമെന്ന് ജില്ലാ പട്ടികവർഗ വികസന ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
സുൽത്താൻ ബത്തേരി മീനങ്ങാടി അഞ്ചാം വാർഡിൽ താമസിക്കുന്ന തങ്കമ്മ സമർപ്പിച്ച പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.
പരാതിക്കാരിയുടെ കുടുംബം കുടിവെള്ളക്ഷാമം നേരിടുന്നുണ്ടെന്നും ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ പരാതിക്കാരിയുടെ വീടിന് സമീപം വരെ സ്ഥാപിച്ചിട്ടുണ്ടെന്നും വീട്ടു നമ്പർ ലഭിച്ചാൽ കണക്ഷൻ നൽകുമെന്നും ജില്ലാ പട്ടിക വർഗ വികസന ഓഫീസർ കമ്മീഷനെ അറിയിച്ചു.
|
ചിതറയിലെ അങ്കണവാടി ഹെൽപ്പർ നിയമനം: സാമൂഹിക നീതി വകുപ്പ് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 2547/2024 (Date : 26/10/2024)
കൊല്ലം: ചിതറ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിൽ ഇക്കൊല്ലം ഫെബ്രുവരിയിൽ നടത്തിയ അഭിമുഖവുമായി ബന്ധപ്പെട്ട് പരാതി നൽകിയ കടയ്ക്കൽ ആറ്റിയ്ക്കൽ സ്വദേശിനിയെ സാമൂഹിക നീതി വകുപ്പ് സെക്രട്ടറി നേരിൽ കേട്ട് തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സാമൂഹിക നീതി വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.
മാർച്ച് 14 നാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ചിതറ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിക്ക് 39ാം റാങ്ക് ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള 3 ഒഴിവുകളിൽ രണ്ടെണ്ണം ഓപ്പൺ കാറ്റഗറിയും ഒരെണ്ണം മുസ്ലീം കാറ്റഗറിയുമാണ്. ഭാവിയിൽ ഉണ്ടാകുന്ന ഒഴിവിലേക്ക് പരാതിക്കാരിയെ പരിഗണിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ശിശുവികസന ഓഫീസർ കമ്മീഷൻ സിറ്റിംഗിൽ ഹാജരായി. 2020 ഫെബ്രുവരി 22 ന് സാമൂഹിക നീതി (ബി) വകുപ്പ് പുറത്തിറക്കിയ സർക്കുലർ അനുസരിച്ചല്ല റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്നും 54 വയസ്സുവരെയുള്ളവരെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ നിയമിച്ചതായും പരാതിക്കാരി അറിയിച്ചു. 10 വർഷം വരെ അങ്കണവാടികളിൽ താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് 3 വർഷത്തെ വയസിളവ് അനുവദിക്കുമെന്ന് നോട്ടിഫിക്കേഷനിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2009 ലും 2004 ലും അപേക്ഷ നൽകിയ 60 വയസ്സ് തികയാത്തവർക്ക് അപേക്ഷിക്കുവാൻ അവസരം നൽകുമെന്ന് നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടില്ല. കൂടാതെ മുൻകാല അങ്കണവാടി പരിചയം ഇല്ലാത്തവരെയും പരിഗണിച്ചതായും പരാതിക്കാരി അറിയിച്ചു. ഈ സാഹചര്യത്തിലാണ് പരാതിയെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ കമ്മീഷൻ ആവശ്യപ്പെട്ടത്.
|
ചെങ്ങറ പാക്കേജ്: പരാതി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 406/2022 (Date : 26/10/2024)
കാസർകോട്: ചെങ്ങറ പാക്കേജുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുമായി ചർച്ച നടത്തി കൃഷിയോഗ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് താമസം കൂടാതെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കാഞ്ഞങ്ങാട് സബ് കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 3 മാസത്തിനുള്ളിൽ സബ് കളക്ടർ കമ്മീഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ചെങ്ങറ പാക്കേജിലുള്ള 35 കുടുംബങ്ങൾക്ക് കൃഷിഭൂമി നൽകിയില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സെപ്റ്റംബർ 24 ന് കാസർകോട് നടന്ന സിറ്റിംഗിൽ കാഞ്ഞങ്ങാട് സബ് കളക്ടർക്ക് കമ്മീഷൻ നേരിട്ടാണ് നിർദ്ദേശം നൽകിയത്.
2010 ൽ ചെങ്ങറ പാക്കേജായി 1495 ഭൂരഹിതരായ ആൾക്കാരെ 10 ജില്ലകളിലായി പുനരധിവസിപ്പിച്ചിട്ടുണ്ടെന്ന് സബ് കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കാസർകോട് ജില്ലയിൽ ഭൂമി അനുവദിച്ചിട്ടുള്ള 360 പേരിൽ 126 പേർക്ക് പട്ടയം അനുവദിച്ചിട്ടുണ്ട്.
സർക്കാർ അനുവദിച്ച ഭൂമി അളന്നു തിട്ടപ്പെടുത്തി അർഹരായ ഗുണഭോക്താക്കൾക്ക് അനുവദിക്കാൻ നിലവിൽ ഗുണഭോക്താക്കളിൽ പ്പെട്ടവർ തന്നെ അനുവദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സബ് കളക്ടർ അറിയിച്ചു. കമ്മീഷൻ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കാമെന്ന് സബ് കളക്ടർ കമ്മീഷൻ മുമ്പാകെ ഉറപ്പു നൽകി. സി. രവീന്ദ്രനും മറ്റുള്ളവരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കുടിവെള്ളം മുട്ടിച്ച തണൽ മരം മുറിച്ചു. (Date : 26/10/2024)
കോഴിക്കോട്: വയനാട് റോഡിൽ മൂഴിക്കൽ ജുമാ മസ്ജിദിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികെ കുടിവെള്ളം മുട്ടിച്ച തണൽ മരം മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടലിനെ തുടർന്ന് മുറിച്ചുമാറ്റി.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ നടപടിയെടുക്കാൻ കമ്മീഷൻ ദേശീയപാതാ അതോറിറ്റിക്കും ജല അതോറിറ്റിക്കും നിർദ്ദേശം നൽകിയിരുന്നു.
ജല അതോറിറ്റിയുടെ പൈപ്പ് ചോർച്ച അടയ്ക്കുന്നതിന് തടസമായി നിന്ന മഹാഗണിമരം മുറിച്ചുമാറ്റിയതായി പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു.
മരത്തിന്റെ വേരുകൾ വളർന്നതു കാരണം ചെലവൂർ ഭാഗത്തേക്കുള്ള കുടിവെള്ള ലൈനിനാണ് തകരാർ സംഭവിച്ചതെന്ന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. ചോർച്ചയുണ്ടായത് വലിയ മരത്തിന്റെ അടിയിൽ നിന്നാണ് . റോഡിലേക്ക് ചെരിഞ്ഞ മരം മുറിക്കാതെ ചോർച്ച പരിഹരിക്കാൻ കഴിയുമായിരുന്നില്ല. തുടർന്ന് കോഴിക്കോട് മുൻസിപ്പൽ കോർപറേഷൻ സെക്രട്ടറിയുടെ തീരുമാനപ്രകാരം മരം മുറിച്ചുമാറ്റി പൈപ്പിലെ ചോർച്ച പരിഹരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
തീവണ്ടികളിലെ ദുരിതയാത്ര: റയിൽവേയുടെ ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. (Date : 25/10/2024)
കോഴിക്കോട്: ജില്ലയിലെ റയിൽവേ സ്റ്റേഷനുകളിൽ രാവിലെയും വൈകുന്നേരവും അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന് റയിൽവേയുടെ ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ.
ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർ പരാതികൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
സ്ത്രീകൾ അടക്കുമുള്ളവർ ശ്വാസംമുട്ടിയാണ് തീവണ്ടികളിൽ യാത്ര ചെയ്യുന്നത്. ജനറൽ കോച്ചുകളിൽ ലഗേജ് വയ്ക്കുന്ന സ്ഥലത്ത് വരെ യാത്രക്കാർ കയറുന്നു. പരശുറാം, ചെന്നൈ എഗ്മോർ, നേത്രാവതി, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് തുടങ്ങിയ തീവണ്ടികളിലാണ് ദിവസേന വലിയ തിരക്ക് അനുഭവപ്പെടുന്നത്. യാത്രക്കാർ ഏറെയുണ്ടെങ്കിലും പല തീവണ്ടികളിലും രണ്ട് ജനറൽ കോച്ചുകൾ മാത്രമാണ് ഉള്ളത്. ഇത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു.
തീവണ്ടികളുടെ സമയക്രമവും യാത്രക്കാരെ ദോഷകരമായി ബാധിക്കുന്നുണ്ട്. കോഴിക്കോട് നിന്നും വൈകിട്ട് 6.15 കഴിഞ്ഞാൽ കണ്ണൂർ ഭാഗത്തേക്കുള്ള അടുത്ത തീവണ്ടി രാത്രി 9.32 നാണ്. കേരളത്തിൽ സർവീസ് നടത്തുന്ന 12 മെമു സർവീസുകളിൽ ഒരെണ്ണം മാത്രമാണ് കോഴിക്കോട്ടേക്കുള്ളത്. ആലപ്പുഴ വഴി പോകുന്ന വന്ദേഭാരത് 16 കോച്ചുകളായി വർദ്ധിപ്പിച്ചാൽ ദീർഘദൂര യാത്രക്കാർക്ക് സഹായകരമാകും.
ആഴ്ചയിൽ അഞ്ചുദിവസം സർവീസ് നടത്തുന്ന കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി എല്ലാ ദിവസവും സർവീസ് നടത്തുന്നതും യാത്രക്കാരെ സഹായിക്കും. കടലുണ്ടി, ഫറോക്ക്, കൊയിലാണ്ടി സ്റ്റേഷനുകളിൽ സ്റ്റോപ്പ് വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വെസ്റ്റ് ഹില്ലിൽ സ്റ്റോപ്പ് അനുവദിക്കുന്നതും ദിവസേനെയുള്ള യാത്രക്കാരെ സഹായിക്കും.
നവംബർ 15 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
വടക്കേക്കാട് പെട്രോൾ പമ്പ് നിർമ്മാണത്തിലുള്ള അപാകതകൾ പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4360/2024 (Date : 24/10/2024)
തൃശൂർ: വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലെ അപാകതകൾ പരിഹരിച്ചതായി വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അപാകതകൾ പരിഹരിച്ചുവെന്ന് ഉറപ്പാക്കേണ്ടത് പഞ്ചായത്ത് സെക്രട്ടറിയാണെന്നും വീണ്ടും പരിശോധന നടത്തി നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.
പൊതുമരാമത്ത് റോഡ് കൈയേറിയാണ് പമ്പ് നിർമ്മിച്ചതെന്നും അനധികൃത നിർമ്മാണം വാഹനാപകടങ്ങൾക്ക് കാരണമാകുന്നതായും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥാപനം ലൈസൻസോടെയാണ് പ്രവർത്തിക്കുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
എന്നാൽ അനധികൃത നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതുവരെ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. കംപ്ലീഷൻ പ്ലാനും സൈറ്റും പരിശോധിച്ചതിൽ നിന്നും പ്ലാനും നിലവിലുള്ള സൈറ്റും തമ്മിൽ വ്യത്യാസം കാണുന്നതായി എൽ. എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കംപ്ലീഷൻ പ്ലാനിൽ നിന്നും വ്യതിചലിച്ച് നിർമ്മാണം നടത്തിയത് വഴിയുള്ള അപാകതകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
|
ആരാധനാലയങ്ങളിലെ നിയമവിരുദ്ധ ഉച്ചഭാഷിണി ഉപയോഗം: പരാതി കിട്ടിയാലും ഇല്ലെങ്കിലും നടപടിവേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 905/2024 (Date : 24/10/2024)
കോഴിക്കോട്: ആരാധനാലയങ്ങളിലും മറ്റും നിയമവിരുദ്ധമായ രീതിയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ ഉത്തരവിന് വിധേയമായി പരാതി ലഭിച്ചാലും ഇല്ലെങ്കിലും നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
സുപ്രീം കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകൾ ഉണ്ടായിട്ടും ക്ഷേത്രങ്ങളിലും പള്ളികളിലും നിയമവിരുദ്ധമായി ഉച്ചഭാഷിണി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. അന്വേഷണത്തിൽ ഉച്ചഭാഷിണി നിയമവിരുദ്ധമായി ഉപയോഗിക്കുന്നതിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതികൾ ലഭിക്കുന്ന മുറക്ക് നടപടിയെടുക്കാൻ കോഴിക്കോട് സിറ്റിയിലെ എല്ലാ എസ്.എച്ച്. ഒ മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് പരാതി ലഭിച്ചാലും ഇല്ലെങ്കിലും കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കമ്മീഷൻ നിർദ്ദേശിച്ചത്. ഒരു മനുഷ്യാവകാശ സംഘടന സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അനധികൃത പരസ്യബോർഡുകൾ നീക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 8535/2023 (Date : 24/10/2024)
കണ്ണൂർ: റോഡുകളിലും ഡിവൈഡറുകളിലും കെട്ടിടങ്ങളുടെ മുകളിലും മറ്റും സ്ഥാപിച്ച അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യുന്നതിന് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അടിയന്തര നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്.
അനധികൃത പരസ്യബോർഡുകൾക്കെതിരെ നടപടിയെടുക്കാൻ കോടതി ഉത്തരവുണ്ടായിട്ടും അവഗണിക്കുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
കണ്ണൂർ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ പഞ്ചായത്ത്, മുൻസിപ്പൽ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇത്തരം പരാതികൾ ലഭിച്ചാൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ എല്ലാ എസ്.എച്ച്. ഒ മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതാത് സബ് ഡിവിഷൻ ഓഫീസർമാർക്ക് ഇക്കാര്യത്തിൽ നിലവിലുള്ള കോടതി ഉത്തരവുകൾക്ക് അനുസൃതമായി നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച് പരാതിയിലാണ് നടപടി.
|
പിഴല അപ്രോച്ച് റോഡ് നിർമ്മാണം : ജില്ലാ കളക്ടർ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4436/2024 (Date : 23/10/2024)
കൊച്ചി: കടമക്കുടി ഗ്രാമപഞ്ചായത്തിലെ മൂലമ്പിള്ളി-പിഴല പാലവുമായി ബന്ധിപ്പിക്കുന്ന 350 മീറ്റർ പിഴല അപ്രോച്ച് റോഡിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
ഗോശ്രീ ദ്വീപ് വികസന അതോറിറ്റി സെക്രട്ടറി, കടമക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർക്കണം. പിഴല അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ മനസ്സിലാക്കി തടസ്സങ്ങൾ ഒഴിവാക്കി റോഡ് നിർമ്മാണം പെട്ടെന്ന് പൂർത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ ഗോശ്രീ വികസന അതോറിറ്റി സെക്രട്ടറിക്കും ആവശ്യമെങ്കിൽ കരാറുകാരനും ജില്ലാ കളക്ടർ നൽകണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ നൽകിയ നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമാക്കി സമഗ്രമായ റിപ്പോർട്ട് നാലാഴ്ചക്കുള്ളിൽ ജില്ലാ കളക്ടർ സമർപ്പിക്കണം. റോഡ് പണി പൂർത്തിയാക്കാൻ ആവശ്യമായ ചുരുങ്ങിയ സമയം റിപ്പോർട്ടിൽ സൂചിപ്പിക്കണം
ഡിസംബർ 3 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എറണാകുളം ജില്ലാ കളക്ടർ, കടമക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഗോശ്രീ വികസന അതോറിറ്റി സെക്രട്ടറി എന്നിവർ നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ സിറ്റിംഗിൽ ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു.
പിഴല സ്വദേശി ഒ.ജി. സെബാസ്റ്റ്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ഖാദിപ്പടി പാലമൂട്ടിൽപ്പടി റോഡ് ഏറ്റെടുത്ത് കോൺക്രീറ്റ് ചെയ്യണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 170/2024 (Date : 23/10/2024)
പത്തനംതിട്ട: മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലുള്ള ഖാദിപ്പടി പാലമൂട്ടിൽപ്പടി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ 3 മാസത്തിനകം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പ്രസ്തുത റോഡ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്തതിനാലാണ് കോൺക്രീറ്റ് ചെയ്യാൻ കഴിയാത്തതെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വാദം പൂർണമായി അംഗീകരിക്കുമ്പോഴും നടപടി ക്രമങ്ങൾ പൂർത്തിയാക്കി റോഡ് പഞ്ചായത്ത് രജിസ്റ്ററിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
പൂർണമായി കാഴ്ചയില്ലാത്ത ജിപു പി. സ്കറിയ സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്. കാൽനടയാത്ര പോലും ബുദ്ധിമുട്ടിലായതുകൊണ്ടാണ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് താൻ ആവശ്യപ്പെട്ടതെന്ന് പരാതിക്കാരൻ അറിയിച്ചു.
2022-23 സമർപ്പിച്ച പദ്ധതിയിൽ രണ്ടു ലക്ഷം രൂപ വകയിരുത്തിയിരുന്നുവെന്നും റോഡ് ആസ്തി രജിസ്റ്ററിൽ ഇല്ലാത്തതുകൊണ്ടാണ് നിർമ്മാണം തുടങ്ങാൻ കഴിയാത്തതെന്നും മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ: കുവൈറ്റ് നഴ്സിംഗ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്മീഷണർ. HRMP NO. 3375/2024 (Date : 23/10/2024)
കോഴിക്കോട്: കുവൈറ്റിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നതിന്റെ മറവിൽ തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ കോഴിക്കോട് പോലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ നിന്നും യുവതികളെ റിക്രൂട്ട് ചെയ്ത് കുവൈറ്റിൽ കൊണ്ടുപോയി ലൈംഗികവൃത്തിക്ക് പ്രേരിപ്പിക്കുന്നുവെന്നായിരുന്നു പരാതി. കൊച്ചി, കോഴിക്കോട്, തൃശൂർ ജില്ലകളിലുള്ള മൂന്നുപേരാണ് തട്ടിപ്പിനു പിന്നിലെന്നും മലപ്പുറം സ്വദേശിനിയാണ് കുവൈറ്റിൽ ഇവർക്ക് സഹായം നൽകുന്നതെന്നും പരാതിയുണ്ടായിരുന്നു.
|
കണ്ണൂർ മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന്. (Date : 23/10/2024)
കണ്ണൂർ: മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് ഇന്ന് ( 23/ 10 / 24 ) രാവിലെ 10.30ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ദേശീയ പാതയിലെ അമിത വേഗതയ്ക്കും മത്സരയോട്ടത്തിനും വിലക്ക് വീഴും. (Date : 22/10/2024)
കോഴിക്കോട്: കോഴിക്കോട് - കണ്ണൂർ ദേശീയ പാതയിൽ സ്വകാര്യ ബസുകൾ നടത്തുന്ന അമിത വേഗതയും മത്സര ഓട്ടവും നിയന്ത്രിക്കാൻ ജില്ലകളിലെ ഹൈവേപരിധിയിലുള്ള എല്ലാ എസ്.എച്ച് ഒ മാർക്കും ഹൈവേപോലീസ്, ഇന്റർസെപ്റ്റർ, ട്രാഫിക് യൂണിറ്റുകൾ എന്നിവർക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കണ്ണൂർ റേഞ്ച് ഡി. ഐ. ജി.മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
അമിത വേഗത സംബന്ധിച്ച് കമ്മീഷൻ ജൂഡിഷ്യൽ അംഗം കെ. ബൈജൂനാഥ് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കണ്ണൂർ - കോഴിക്കോട് ഹൈവേയിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. പെട്രോളിംഗിൽ നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കും. ദീർഘദൂര ബസുകൾ യാത്രക്കാർക്കും പൊതുജനങ്ങൾക്കും അപകടമുണ്ടാക്കുന്ന രീതിയിൽ സർവീസ് നടത്തിയാൽ ബന്ധപ്പെട്ട എസ്.എച്ച്. ഒ മാർ നടപടിയെടുക്കും.
കോഴിക്കോട് സിറ്റി പോലീസ് , കോഴിക്കോട് റൂറൽ,കണ്ണൂർ സിറ്റിഎന്നീ പോലീസ് മേധാവിമാരിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡി ഐ,ജി റിപ്പോർട്ട് നൽകിയത്. അമിത വേഗതയും മത്സര ഓട്ടവും കണ്ടെത്താൻ രണ്ടു ദിവസം പ്രത്യേക പരിശോധനകൾ നടത്തിയെങ്കിലും നിയമലംഘനങ്ങൾ കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കൊയിലാണ്ടി ഭാഗത്ത് നിന്നു വരുന്ന ബസുകളുടെ അമിതവേഗത പരിശോധിക്കാൻ എലത്തൂരിൽ ബസ് പഞ്ചിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. അമിത വേഗത നിയന്ത്രിക്കാൻ കോഴിക്കോട് സിറ്റിയിൽ ഒരു ഇന്റർസെപ്റ്റർ വാഹനം അനുവദിച്ചിട്ടുണ്ട്. ഈ റൂട്ടിലെ ബസ് ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകി നിയമലംഘനങ്ങൾ ആവർത്തിച്ചാലുള്ള ഭ വിഷ്യത്ത് പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്.
കണ്ണൂർ റേഞ്ചിന് കീഴിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ അമിതവേഗത കണ്ടെത്താൻ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്നും റിപ്പോർട്ടിലുണ്ട്.
ആറുവരി പാതാ നിർമ്മാണം നടക്കുന്ന ദേശീയ പാതയിലെ ഗതാഗത കുരുക്ക് കണക്കിലെടുക്കാതെയാണ് സ്വകാര്യ ബസുകൾ അമിത വേഗതയിൽ പായുന്നത്.ലൈൻ ട്രാഫിക് അനുസരിക്കാറില്ല. അമിത വേഗത ചെറിയ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി മാറുന്നുണ്ടെന്നും പരാതിയുണ്ട്.
|
പാറപ്പറമ്പ് – കുഴിപ്പള്ളി പറമ്പ് റോഡ് മുച്ചക്ര വാഹനങ്ങൾക്ക് കൂടി ഗതാഗത യോഗ്യമാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 7699/2022 & 720/2023 (Date : 22/10/2024)
എറണാകുളം: നോർത്ത് പറവൂർ ഏഴിക്കര വടക്കുഭാഗത്ത് 15 ലക്ഷം മുടക്കി പഞ്ചായത്ത് നിർമ്മിച്ച റോഡിലൂടെ മുച്ചക്ര ഇരുചക്ര വാഹനങ്ങൾ സഞ്ചരിക്കുന്നതിന് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതുഖജനാവിൽ നിന്നും 15 ലക്ഷം മുടക്കി നിർമ്മിച്ച പാറപറമ്പ് കുഴിപ്പള്ളി പറമ്പ് റോഡിലൂടെ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടിക്കണമെങ്കിൽ സ്വകാര്യ വ്യക്തിയുടെ അനുമതി ആവശ്യമാണെന്ന ഏഴിക്കര പഞ്ചായത്ത് സെക്രട്ടറിയുടെ വാദം തെറ്റാണെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
അഞ്ചോളം കുടുംബങ്ങൾക്ക് ഗതാഗത സൗകര്യം നിഷേധിക്കുകയാണെന്ന പരാതിയിലാണ് ഉത്തരവ്. കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പൊക്കാളി പാടത്തിന് നടുവിലൂടെ ഇരുവശവും കരിങ്കൽ കെട്ടി നിർമ്മിച്ചിട്ടുള്ള നടപ്പാതയിൽ 1.80 മീറ്റർ വീതിയിൽ കോൺക്രീറ്റ് ടൈൽ വിരിച്ചിട്ടുള്ളതായി കണ്ടെത്തി. ഇവിടെ ചെമ്മീൻ കെട്ടിൽ നിന്നുള്ള തൂമ്പ് സ്ഥാപിച്ചിട്ടുണ്ട്. തൂമ്പിന് മുകളിലൂടെ താൽക്കാലിക നടപ്പാത നിർമ്മിച്ചിട്ടുണ്ട്. ഈ താല്ക്കാലിക നടപ്പാതയിലൂടെയാണ് 5 കുടുംബങ്ങൾ യാത്ര ചെയ്യുന്നത്. അര മീറ്റർ വീതിയുള്ള താൽക്കാലിക പാളത്തിലൂടെ സൈക്കിളിനും ബൈക്കിനും കടന്നുപോകാം. തൂമ്പിന് മുകളിലൂടെ കലുങ്ക് പണിതാൽ കൃഷിക്ക് വെള്ളം കൊണ്ടുപോകാനാവില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്.
ഇപ്പോൾ ഉള്ളതുപോലെ മറ്റ് രണ്ട് ഇരുമ്പ് ചട്ടങ്ങൾ കൂടി പണിത് ഇതിന് മുകളിൽ സ്ഥാപിച്ചാൽ ഓട്ടോറിക്ഷക്ക് കടന്നുപോകാൻ കഴിയുമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ ഇപ്രകാരം ചെയ്യണമെങ്കിൽ പൊക്കാളി പാടത്തിന്റെ ഉടമയുടെ അനുമതി വേണമെന്ന് പഞ്ചായത്ത് അധികൃതർ കമ്മീഷനെ അറിയിച്ചു. ഈ വാദം കമ്മീഷൻ തള്ളി. റോഡിന്റ ബലക്ഷയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പരിശോധിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഏഴിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. പ്രദേശവാസിയായ കുമാരൻ പുരുഷോത്തമൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
12700 രൂപയുടെ കുടിവെള്ള കുടിശികക്ക് 6 ഗഡുക്കൾ നൽകി കണക്ഷൻ പുന: സ്ഥാപിക്കണം മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 1088/2024 (Date : 22/10/2024)
തിരുവനന്തപുരം: കൂലിപ്പണിക്കാരനും നിർദ്ധനനുമായ മുതിർന്ന പൗരന് ലഭിച്ച 12700 രൂപയുടെ ബിൽ 6 തുല്യ ഗഡുക്കളാക്കി നൽകി കുടിവെള്ള കണക്ഷൻ പുന:സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.
ഒന്നാമത്തെ ഗഡുവും കണക്ഷൻ പുനസ്ഥാപിക്കുന്ന ചാർജും അടച്ച ശേഷം പരാതിക്കാരൻ ജല അതോറിറ്റിക്കെതിരെ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നൽകിയ കേസ് പിൻവലിച്ച ഉത്തരവ് അതോറിറ്റിയിൽ ഹാജരാക്കിയാൽ ജലഅതോറിറ്റി കരമന അസിസ്റ്റന്റ് എഞ്ചിനീയർ പരാതിക്കാരന്റെ കുടിവെള്ള കണക്ഷൻ പുന:സ്ഥാപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തവണ അടയ്ക്കുന്നതിൽ പിന്നീട് മുടക്കം വരുത്തിയാൽ കണക്ഷൻ വിച്ഛേദിക്കാനുള്ള അധികാരം ജലഅതോറിറ്റിക്കുണ്ടെന്നും ഉത്തരവിൽ പറയുന്നു. പരാതിക്കാരൻ തവണ അടയ്ക്കുന്ന കാലത്തോളം ജല അതോറിറ്റി സ്വീകരിച്ച റവന്യൂ റിക്കവറി നടപടികൾ നിർത്തിവയ്ക്കണം. കുടിശിക അടച്ചുതീർന്നാൽ റിക്കവറി നടപടികൾ പിൻവലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കരമന തളിയൽ സ്വദേശി പി.വെങ്കിടാചലം സമർപ്പിച്ച പരാതിയിലാണ് നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിക്കണം.
|
കൊല്ലം മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന്. (Date : 22/10/2024)
കൊല്ലം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം വി.കെ. ബീനാകുമാരി ഇന്ന് (22/10/2024) രാവിലെ 11 ന് കൊല്ലം ഗവ.ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടി പോകാതിരിക്കാൻ ശ്രദ്ധിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 5268/2022 (Date : 21/10/2024)
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടി പോകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തി.
2022 ഓഗസ്റ്റ് 14 ന് ഒരു അന്തേവാസി ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട സംഭവത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
22 ഏക്കർ സ്ഥലത്ത് 22 കെട്ടിടങ്ങളും 10 വാർഡുകളുമായി പ്രവർത്തിക്കുന്ന മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാരുടെ കുറവ് കാരണമാണ് അന്തേവാസികൾ ചാടി പോകുന്നതെന്ന് സൂപ്രണ്ട് അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. കെട്ടിടങ്ങളുടെ ഉയരം പൊതുമരാമത്ത് വകുപ്പ് കൂട്ടിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിക്ക് സംരക്ഷണം നൽകാൻ പോലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
|
തേങ്ങ വീഴാതിരിക്കാനുള്ള ആവരണം സ്ഥാപിച്ചില്ലെങ്കിൽ മനുഷ്യജീവന് പ്രാധാന്യം നൽകി നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 40/2024 (Date : 21/10/2024)
കൊല്ലം: അപകടകരമായി പൊതുവഴിയിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങിൽ നിന്ന് കായ്ഫലങ്ങൾ വഴിയിലേക്ക് വീഴാതിരിക്കാൻ ആവശ്യമായ ആവരണം കൊണ്ട് മൂടികെട്ടാൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യജീവന് പ്രാധാന്യം നൽകി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
72 വയസ്സുള്ള വയോധിക സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയുടെ ഉത്തരവ്. കരുനാഗപ്പള്ളി ആലുംകടവ് മരു:വടക്ക് എന്ന സ്ഥലത്താണ് പരാതിക്കിടയാക്കിയ തെങ്ങുകൾ നിൽക്കുന്നത്. പരാതിക്കാരിയായ എസ്. രാജലക്ഷ്മിയുടെ വീട്ടിലേക്കുള്ള ഒരു മീറ്റർ വീതിയുള്ള നടവഴിയിലോട് ചേർന്നാണ് തെങ്ങുകൾ നിൽക്കുന്നതെന്ന് പരാതിക്കാരി അറിയിച്ചു.
കരുനാഗപ്പള്ളി നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. എതിർകക്ഷികൾക്ക് നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടാവാത്ത സാഹചര്യത്തിൽ പോലീസിന്റെ സഹായത്തോടെ ഉണങ്ങിയ തെങ്ങ് മുറിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മറ്റ് തെങ്ങുകളിൽ നിന്നും ഓലയും തേങ്ങയും വെട്ടി താൽക്കാലികമായി പരാതി പരിഹരിച്ചു. തേങ്ങയും ഓലയും യഥാസമയം വെട്ടിമാറ്റാമെന്ന് എതിർകക്ഷി ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഫലങ്ങൾ വഴിയിലേക്ക് വീഴുകയാണെന്ന് പരാതിക്കാരി അറിയിച്ചു. യുക്തമായ തീരുമാനം ഉടൻ സ്വീകരിച്ച് പരാതി പരിഹരിക്കണമെന്ന് കമ്മീഷൻ കരുനാഗപ്പള്ളി നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇരുകക്ഷികളെയും വിളിച്ചുവരുത്തി തീരുമാനമെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
|
മഠംകുന്ന് കോളനി നിവാസികൾക്ക് പട്ടയം നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 3114/2022 (Date : 21/10/2024)
വയനാട്: മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് മഠംകുന്നിൽ ടാർപോളിൻ മറച്ച വീടുകളിൽ താമസിക്കുന്ന പണിയ സമുദായത്തിലുള്ള കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വയനാട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. സർവേയർമാരുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് പട്ടയം അനുവദിക്കുന്ന നടപടികൾ അനന്തമായി നീട്ടുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പട്ടികവർഗ കുടുംബങ്ങൾ ഇപ്പോൾ താമസിക്കുന്ന ഷെഡുകളുടെ ഭൗതികാവസ്ഥ താൽക്കാലിമായെങ്കിലും മെച്ചപ്പെടുത്തി ശുചിമുറി സൗകര്യങ്ങൾ ഏർപ്പെടുത്താനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുട്ടിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ഐ.റ്റി.ഡി.പി പ്രോജക്റ്റ് ഓഫീസർക്കും കമ്മീഷൻ നിർദ്ദേശം നൽകി. മാനുഷിക പരിഗണന നൽകി അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട ജോലികൾക്ക് ഭൂമിക്ക് പട്ടയമില്ലെന്ന ന്യൂനത തടസ്സമാകരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വയനാട് ജില്ലാ കളക്ടറും മുട്ടിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഐ.റ്റി.ഡി.പി പ്രോജക്റ്റ് ഓഫീസറും 3 മാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം. ഭൂമിക്ക് പട്ടയം ലഭിച്ചില്ലെങ്കിൽ ഇവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നഷ്ടമാകുമെന്നും ഉത്തരവിൽ പറയുന്നു.
പ്രദേശത്ത് താമസിക്കുന്ന 33 കുടുംബങ്ങളുടെയും വീടുകൾ താൽക്കാലികമായി കെട്ടിമേയുക, കാരാപ്പുഴ പദ്ധതി പ്രദേശത്ത് നിന്നും പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുട്ടിൽ പഞ്ചായത്ത് വാർഡ് പഞ്ചായത്തംഗം പി.വി സജീവ് സമർപ്പിച്ച പരാതിയിലാണ് നടപടി.
കുടുബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന് സ്ഥലത്തെ സർവേ പൂർത്തിയാക്കാൻ സർവേയർമാരുടെ അപര്യാപ്തതയുണ്ടെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. റിസർവോയർ പ്രദേശത്തെ ഭൂമിയായതിനാൽ ഭൂമി പതിച്ചു നൽകാൻ റവന്യൂവകുപ്പിന് മാത്രമായി കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റവന്യൂ, ഇറിഗേഷൻ, പട്ടികവർഗ വകുപ്പുകളുടെ സംയുക്ത പരിശോധന ആവശ്യമാണ്. മുട്ടിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പ്രദേശത്ത് പ്രായപൂർത്തിയായവരും കുട്ടികളുമടക്കം 100 ലധികം പേർ താമസിക്കുന്നുണ്ടെന്നും ഇവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സ്ഥലം പോലും ലഭ്യമല്ലെന്നും പറയുന്നു.
|
അംഗീകാരമില്ലാത്ത സ്ഥാപനം: നോട്ടീസ് നൽകിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4055/2024 (Date : 19/10/2024)
തൃശൂർ: പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാൻ സ്ഥാപനമുടയ്ക്ക് നോട്ടീസ് നൽകിയതുകൊണ്ടു മാത്രം സ്ഥാപനം പ്രവർത്തനം നിർത്തണമെന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അനുമതിയില്ലാതെ സ്ഥാപനം പ്രവർത്തിക്കുകയാണെങ്കിൽ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കേണ്ടത് പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
പുന്നയൂർക്കുളം പഞ്ചായത്തിൽ ആൽത്തറ വടക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പുറകുവശം പ്രവർത്തിക്കുന്ന പാറപ്പൊടി, മണൽ സംഭരണ കേന്ദ്രത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച പരാതിയിൽ പാറപ്പൊടി വിൽക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പറയുന്നു.
എന്നാൽ പഞ്ചായത്തിന്റെ നോട്ടീസ് അവഗണിച്ച് സ്ഥാപനം പ്രവർത്തനം തുടരുകയാണെന്ന് പരാതിക്കാരൻ അറിയിച്ചു. ഇക്കാര്യം പരിശോധിച്ച് അടിയന്തര നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: പോക്സോ കേസിലെ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പോലീസ്. HRMP NO. 3324/2024 (Date : 19/10/2024)
കോഴിക്കോട്: പോക്സോ കേസിലെ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായുള്ള അതിജീവിതയുടെ പിതാവിന്റെ പരാതി അവാസ്തവമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ 11 ന് മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അട്ടിമറിക്കാനുള്ള നീക്കമുണ്ടെന്ന ദൃശ്യ മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് സംഭവസ്ഥലം മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലായതിനാൽ മെഡിക്കൽ കോളേജ് സ്റ്റേഷനിലേക്ക് കൈമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിജീവിതയുടെ അമ്മയുടെ സുഹൃത്ത് 12 വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 2024 ജനുവരി 20 ന് കോഴിക്കോട്ടെ ഒരു ഫ്ലാറ്റിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
അതിജീവിത സംഭവസ്ഥലം കാണിച്ചു കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണ്. മേയ് 14 ന് അതിജീവിതയും പിതാവും സ്റ്റേഷനിൽ വന്നപ്പോൾ ഇവരുമായി പിണങ്ങി കഴിയുന്ന ഉമ്മയും ഇളയമകളും സ്റ്റേഷനിലെത്തിയതാണ് അതിജീവിതക്കും പിതാവിനും സംശയത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉമ്മയും മകളും സ്റ്റേഷനിലെത്തിയത് പോലീസ് പറഞ്ഞിട്ടാവും എന്ന് അതിജീവിതയും പിതാവും സംശയിച്ചിട്ടുണ്ടെന്ന് പിതാവിന്റെ മൊഴിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പോക്സോ കേസ് സംബന്ധിച്ച് അതിജീവിതയുടെ മൊഴി കളവാണെന്നാണ് ഉമ്മയുടെ വാദം. മകൾ ഇംഹാൻസിൽ ചികിത്സയിലാണ്. അതിജീവിതക്ക് കുടുംബപരമായ സമ്മർദ്ദമുണ്ടെന്ന് ഇംഹാൻസിലെ ഡോക്ടർ പറഞ്ഞിട്ടുണ്ട്. കൗൺസിലിംഗ് നൽകിയാൽ മാത്രമേ ആരോപണത്തിലെ സത്യാവസ്ഥ മനസിലാക്കാൻ കഴിയുകയുള്ളു. അതിജീവിതയുടെ മൊഴി സത്യമാണെന്ന് തെളിഞ്ഞാൽ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
|
നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കുന്നത് ഉചിതമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 8732/2024 (Date : 19/10/2024)
തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന സാഹചര്യത്തിൽ ഇത്തരം പരാതികൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് ഒരു സ്ഥിരം സമിതി രൂപീകരിക്കേണ്ടത് ഉചിതമായിരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സമിതിയിൽ നഗരസഭ, പോലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അംഗങ്ങളാകണമെന്നും സ്ഥിരം സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് നഗരസഭ സെക്രട്ടറി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം ചീഫ് എഞ്ചിനീയർ എന്നിവരുടെ അഭിപ്രായം അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികളുടെ പകർപ്പുകൾ സമാഹരിച്ച് അതിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാനിന് രൂപം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഡിസംബർ 5 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ നഗരസഭാ സെക്രട്ടറി നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനും സിറ്റി പോലീസ് കമ്മീഷണർ നിയോഗിക്കുന്ന അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനും പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ നിയോഗിക്കുന്ന മുതിർന്ന എഞ്ചിനീയറും സിറ്റിംഗിൽ ഹാജരായി വിവരങ്ങൾ കമ്മീഷനെ ബോധ്യപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
നടപ്പാതകളിലെ പരസ്യബോർഡുകൾക്കും പാതയോരങ്ങളുടേയും പൊതുഗതാഗതത്തിന്റെയും ശോചനീയാവസ്ഥക്കുമെതിരെ പൂർണമായും കാഴ്ച വെല്ലുവിളി നേരിടുന്ന സർക്കാർ ഉദ്യോഗസ്ഥനായ നിധീഷ് ഫിലിപ്പ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
|
അംഗീകാരമില്ലാത്ത സ്ഥാപനം: നോട്ടീസ് നൽകിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4055/2024 (Date : 19/10/2024)
തൃശൂർ: പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാൻ സ്ഥാപനമുടയ്ക്ക് നോട്ടീസ് നൽകിയതുകൊണ്ടു മാത്രം സ്ഥാപനം പ്രവർത്തനം നിർത്തണമെന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അനുമതിയില്ലാതെ സ്ഥാപനം പ്രവർത്തിക്കുകയാണെങ്കിൽ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കേണ്ടത് പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
പുന്നയൂർക്കുളം പഞ്ചായത്തിൽ ആൽത്തറ വടക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പുറകുവശം പ്രവർത്തിക്കുന്ന പാറപ്പൊടി, മണൽ സംഭരണ കേന്ദ്രത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച പരാതിയിൽ പാറപ്പൊടി വിൽക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പറയുന്നു.
എന്നാൽ പഞ്ചായത്തിന്റെ നോട്ടീസ് അവഗണിച്ച് സ്ഥാപനം പ്രവർത്തനം തുടരുകയാണെന്ന് പരാതിക്കാരൻ അറിയിച്ചു. ഇക്കാര്യം പരിശോധിച്ച് അടിയന്തര നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: പോക്സോ കേസിലെ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പോലീസ്. HRMP NO. 3324/2024 (Date : 19/10/2024)
കോഴിക്കോട്: പോക്സോ കേസിലെ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായുള്ള അതിജീവിതയുടെ പിതാവിന്റെ പരാതി അവാസ്തവമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ 11 ന് മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അട്ടിമറിക്കാനുള്ള നീക്കമുണ്ടെന്ന ദൃശ്യ മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് സംഭവസ്ഥലം മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലായതിനാൽ മെഡിക്കൽ കോളേജ് സ്റ്റേഷനിലേക്ക് കൈമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിജീവിതയുടെ അമ്മയുടെ സുഹൃത്ത് 12 വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 2024 ജനുവരി 20 ന് കോഴിക്കോട്ടെ ഒരു ഫ്ലാറ്റിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
അതിജീവിത സംഭവസ്ഥലം കാണിച്ചു കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണ്. മേയ് 14 ന് അതിജീവിതയും പിതാവും സ്റ്റേഷനിൽ വന്നപ്പോൾ ഇവരുമായി പിണങ്ങി കഴിയുന്ന ഉമ്മയും ഇളയമകളും സ്റ്റേഷനിലെത്തിയതാണ് അതിജീവിതക്കും പിതാവിനും സംശയത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉമ്മയും മകളും സ്റ്റേഷനിലെത്തിയത് പോലീസ് പറഞ്ഞിട്ടാവും എന്ന് അതിജീവിതയും പിതാവും സംശയിച്ചിട്ടുണ്ടെന്ന് പിതാവിന്റെ മൊഴിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പോക്സോ കേസ് സംബന്ധിച്ച് അതിജീവിതയുടെ മൊഴി കളവാണെന്നാണ് ഉമ്മയുടെ വാദം. മകൾ ഇംഹാൻസിൽ ചികിത്സയിലാണ്. അതിജീവിതക്ക് കുടുംബപരമായ സമ്മർദ്ദമുണ്ടെന്ന് ഇംഹാൻസിലെ ഡോക്ടർ പറഞ്ഞിട്ടുണ്ട്. കൗൺസിലിംഗ് നൽകിയാൽ മാത്രമേ ആരോപണത്തിലെ സത്യാവസ്ഥ മനസിലാക്കാൻ കഴിയുകയുള്ളു. അതിജീവിതയുടെ മൊഴി സത്യമാണെന്ന് തെളിഞ്ഞാൽ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
|
നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കുന്നത് ഉചിതമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 8732/2024 (Date : 19/10/2024)
തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന സാഹചര്യത്തിൽ ഇത്തരം പരാതികൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് ഒരു സ്ഥിരം സമിതി രൂപീകരിക്കേണ്ടത് ഉചിതമായിരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സമിതിയിൽ നഗരസഭ, പോലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അംഗങ്ങളാകണമെന്നും സ്ഥിരം സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് നഗരസഭ സെക്രട്ടറി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം ചീഫ് എഞ്ചിനീയർ എന്നിവരുടെ അഭിപ്രായം അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികളുടെ പകർപ്പുകൾ സമാഹരിച്ച് അതിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാനിന് രൂപം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഡിസംബർ 5 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ നഗരസഭാ സെക്രട്ടറി നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനും സിറ്റി പോലീസ് കമ്മീഷണർ നിയോഗിക്കുന്ന അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനും പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ നിയോഗിക്കുന്ന മുതിർന്ന എഞ്ചിനീയറും സിറ്റിംഗിൽ ഹാജരായി വിവരങ്ങൾ കമ്മീഷനെ ബോധ്യപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
നടപ്പാതകളിലെ പരസ്യബോർഡുകൾക്കും പാതയോരങ്ങളുടേയും പൊതുഗതാഗതത്തിന്റെയും ശോചനീയാവസ്ഥക്കുമെതിരെ പൂർണമായും കാഴ്ച വെല്ലുവിളി നേരിടുന്ന സർക്കാർ ഉദ്യോഗസ്ഥനായ നിധീഷ് ഫിലിപ്പ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
|
മാവൂർ ബസ്റ്റാന്റിലെ സംഘർഷം: കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 18/10/2024)
കോഴിക്കോട്: മാവൂർ ബസ് സ്റ്റാന്റിൽ സംഘർഷമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് സമാധാന ജീവിതം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. കേസ് ഒക്ടോബർ 29 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഇക്കഴിഞ്ഞ ദിവസം ഉച്ചക്ക് ബസ് തൊഴിലാളികൾ തമ്മിൽ വീണ്ടും സംഘർഷമുണ്ടായ സാഹചര്യത്തിലാണ് കമ്മീഷൻ ഇടപെട്ടത്. സമയക്രമത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്.. മാവൂർ പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. മാവൂരിൽ ബസ് തൊഴിലാളികൾ തമ്മിലുള്ള സംഘർഷം പതിവാവുകയാണ്. അസഭ്യവർഷവും കൂട്ടയടിയും പതിവാണ്. സ്റ്റാന്റിന് മുമ്പിലുള്ള പോലീസ് എയ്ഡ് പോസ്റ്റിൽ ഉച്ചക്ക് ശേഷം പോലീസില്ലാത്തത് സംഘർഷത്തിന് കാരണമാകുന്നതായി പരാതിയുണ്ട്.
|
മനോരോഗിയെ ചികിത്സക്ക് കൊണ്ടുപോകുമ്പോൾ പോലീസ് അനുഗമിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 229/2024 (Date : 18/10/2024)
കണ്ണൂർ: ജന്മനാ രണ്ടു കൈയ്ക്കും സ്വാധീനക്കുറവും മാനസികപ്രശ്നങ്ങളുമുള്ള ഇരിട്ടി മഠത്തിൽ സ്വദേശിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോകുമ്പോൾ പോലീസ് അനുഗമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പരിയാരം മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്.
തുടർചികിത്സ നൽകി പരാതിക്കാരന്റെ മാനസികാവസ്ഥ സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പോലീസ് സാന്നിധ്യമില്ലാതെ പരാതിക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് നിലവിലെ സാഹചര്യത്തിൽ അഭിലഷണീയമല്ല. ചികിത്സാ വേളയിൽ രോഗിക്ക് സമീപം തന്നെ പോലീസ് ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. രോഗിക്ക് ആവശ്യമായ തുടർചികിത്സ നൽകണമെന്നും കമ്മീഷൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി.
ചികിത്സക്കെത്തിയ തന്നെ മെഡിക്കൽ സൂപ്രണ്ടും ആശുപത്രി ജീവനക്കാരും ചേർന്ന് മർദ്ദിച്ചതായി ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
കമ്മീഷൻ മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ, ആശുപത്രി സൂപ്രണ്ട് എന്നിവരിൽ നിന്നും റിപ്പോർട്ട് വാങ്ങി. ചികിത്സാ സമയത്ത് പരാതിക്കാരൻ അക്രമസക്തനാകാറുണ്ടെന്ന് രണ്ടു റിപ്പോർട്ടുകളിലും പറയുന്നു.
|
തഴക്കരയിൽ വഴി നടക്കാൻ പാലം നിർമ്മിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 464/2020 (Date : 18/10/2024)
ആലപ്പുഴ: മാവേലിക്കര തഴക്കര തഴയിൽ പാടത്തിന്റെ വടക്കുഭാഗത്ത് നീരൊഴുക്ക് തോടിന് സമീപം താമസിക്കുന്നവർക്ക് യാത്ര ചെയ്യാനായി പാലം നിർമ്മിക്കണമെന്ന ആവശ്യത്തിൽ തഴക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പാലം നിർമ്മിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിന്റെ അനുമതി ആവശ്യമാണെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് കമ്മീഷൻ അംഗീകരിച്ചു. ദീർഘകാലമായി സ്വതന്ത്രമായി വഴി നടക്കാൻ പാലം നിർമ്മിക്കുന്നതിന് വിവിധ അധികാര കേന്ദ്രങ്ങളിൽ പരാതിക്കാർ ഇറങ്ങികയറുന്ന കാര്യം ഉത്തരവാദപ്പെട്ടവർ കണക്കിലെടുക്കണമെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
മൈനർ ഇറിഗേഷൻ ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയറും പരാതിയിൽ ഇടപെടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
20 വർഷത്തിലേറെയായി പരാതിക്കാർ ദുരിതം അനുഭവിക്കുകയാണ്. ഒരാൾക്ക് രോഗം വന്നാൽ നീരൊഴുക്ക് തോട്ടിലൂടെ നടന്നുവേണം റോഡിലെത്തിക്കേണ്ടത്. മഴയത്ത് തോട്ടിൽ 5 അടിയിൽ കൂടുതൽ വെള്ളമുണ്ടാകും. ഇതിലൂടെ നിത്യയാത്ര ചെയ്യേണ്ടി വരുന്നത് ദുസഹമാണെന്നും പരാതിക്കാരനായ തഴക്കര പാണന്റെ പടീറ്റതിൽ വീട്ടിൽ സി.എസ്. പ്രശാന്ത് കമ്മീഷനെ അറിയിച്ചു.
കനാലിനോട് ചേർന്നുള്ള നടവഴിയിലൂടെ അവസാന ഭാഗത്ത് നിന്ന് തോടിന്റെ എതിർകരയിലേക്ക് സ്ലാബുകൾ സ്ഥാപിച്ച് ചെറിയ പാലം നിർമ്മിച്ചാൽ പരാതിക്ക് പരിഹാരമാകുമെന്ന് മാവേലിക്കര തഹസിൽദാർ കമ്മീഷനെ അറിയിച്ചു. പഞ്ചായത്തിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി ചെറിയ പാലം നിർമ്മിക്കാവുന്നതാണെന്ന് തഹസിൽദാർ അറിയിച്ചു. ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം ആവശ്യമാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
|
ശുചിമുറിയിൽ വെള്ളമില്ല: നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 5047/2024 (Date :17/10/2024)
തൃശൂർ: തോളൂർ ഗ്രാമപഞ്ചായത്തിന്റെ വനിതാ വ്യവസായ കേന്ദ്രത്തിലുള്ള ശുചിമുറിയിൽ വെള്ളവും മറ്റ് സൗകര്യങ്ങളും രണ്ടു മാസത്തിനുള്ളിൽ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ശുചിമുറി ഉണ്ടെങ്കിലും പൈപ്പ് കണക്ഷൻ ഇല്ലെന്ന പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയുടെ ഉത്തരവ്.
വനിതാ വ്യവസായ കേന്ദ്രം എന്നാണ് പേരെങ്കിലും വനിതകൾക്ക് പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയുന്നില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ശുചി മുറിയിൽ വെള്ളസംഭരണി സ്ഥാപിച്ച് വെള്ളമെത്തിക്കാൻ പഞ്ചായത്തിന് കാലതാമസം എന്തിനാണെന്ന് കമ്മീഷൻ ചോദിച്ചു. തോളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
കിണറിൽ നിന്നും വെള്ളം കോരികൊണ്ടുവന്ന് ശുചിമുറി ഉപയോഗിക്കേണ്ട ഗതികേടിലാണ് വനിതാവ്യവസായ കേന്ദ്രത്തിലുള്ളവരെന്ന് പരാതിയിൽ പറയുന്നു. ശുചിമുറി വൃത്തിയാക്കിയിട്ടുണ്ടെന്നും അതിന് സമീപം കിണറുണ്ടെന്നും തോളൂർ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ നടുവേദനയുള്ള തനിക്ക് കിണറിൽ നിന്നും വെള്ളം കോരി ശുചിമുറി ഉപയോഗിക്കാനുള്ള ആരോഗ്യമില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
|
വെള്ളായണി പറക്കോട്ട് കുളത്തിലെ മുങ്ങി മരണം: എഫ്.ഐ.ആർ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 3748/2024 (Date : 17/10/2024)
തിരുവനന്തപുരം: ഇക്കഴിഞ്ഞ മേയ് 30 ന് നേമം വെള്ളായണി ജംഗ്ഷൻ പറക്കോട് കുളത്തിൽ രണ്ടു കുട്ടികൾ മുങ്ങിമരിക്കാനിടയായ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നേമം പോലീസ് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ കേസിന്റെ നിലവിലെ അവസ്ഥയും വിശദമാക്കി നേമം എസ്.എച്ച്.ഒ നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കേസ് നവംബർ 5 ന് പരിഗണിക്കും.
കുളത്തിന്റെ നവീകരണം നിർത്തിവച്ചതായി ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. കുളത്തിനകത്ത് ഒരു ചെറുകുളം ഉണ്ടെന്നും ഇത് ആരുടെയും ശ്രദ്ധയിൽ പെടാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചെറുകുളത്തിൽ അകപ്പെട്ടാണ് കുട്ടികൾ മരിച്ചതെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം കമ്മീഷനെ അറിയിച്ചു. നവികരണം നടന്നപ്പോൾ ചെറുകുളം സ്ലാബ് കൊണ്ട് അടച്ചിരുന്നെങ്കിൽ അപകടം സംഭവിക്കുകയില്ലായിരുന്നുവെന്ന് പരാതിക്കാരൻ അറിയിച്ചു. കുളത്തിന്റെ നവീകരണം നടത്തിയത് ജലസേചന വകുപ്പാണെന്ന് നഗരസഭാ സെക്രട്ടറിയും കമ്മീഷനെ അറിയിച്ചു.
|
പിതാവിന് വേണ്ടെങ്കിൽ ലൈഫ് മിഷൻ ആനുകൂല്യം മകന് നൽകുന്ന കാര്യം പരിശോധിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 6251/2023 (Date : 17/10/2024)
വയനാട്: മാനന്തവാടി നഗരസഭ ചിറക്കര എസ്റ്റേറ്റ് സ്വദേശി രാജേന്ദ്രന് 2017 ൽ ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച ആനുകൂല്യം ഗുണഭോക്താവ് സ്വീകരിക്കാതിരിക്കുന്ന സാഹചര്യത്തിൽ മകൻ പി.ഡി. രജീഷിന്റെ പേരിൽ അനുവദിക്കണമെന്ന ആവശ്യത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. വയനാട് ജില്ലാ കളക്ടർക്കും മാനന്തവാടി നഗരസഭാ സെക്രട്ടറിക്കുമാണ് നിർദ്ദേശം നൽകിയത്.
പി.ഡി. രജീഷ് സമർപ്പിച്ച പരാതിയിലാണ് നടപടി. തനിക്ക് ആനുകൂല്യം കൈമാറാൻ പിതാവ് രേഖാമൂലം സമ്മതം നൽകിയിട്ടുള്ളതായി പരാതിക്കാരൻ കമ്മീഷനെ അറയിച്ചു. എന്നാൽ പിതാവിനെ മാനന്തവാടി നഗരസഭാ കൗൺസിൽ വിളിച്ചുവരുത്തി സംസാരിച്ചപ്പോൾ സമ്മതപത്രം വ്യാജമാണെന്ന് പിതാവ് അറിയിച്ചതായി മാനന്തവാടി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
പരാതിക്കാരൻ പിതാവിന്റെ റേഷൻ കാർഡിൽ ഉൾപ്പെട്ടയാളാണ്. പരാതിക്കാരന്റെ പിതാവും സഹോദരിയും തമിഴ്നാട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. പരാതിക്കാരൻ മാത്രമാണ് സംസ്ഥാനത്ത് ഉള്ളതെന്ന സാഹചര്യം കണക്കിലെടുത്ത് ആനുകൂല്യം പരാതിക്കാരന് അനുവദിക്കാവുന്നതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ കമ്മീഷനെ അറിയിച്ചു.
|
എലത്തൂരിലെ 600ൽ പരം കുടുംബങ്ങൾക്ക് യുദ്ധകാലടിസ്ഥാനത്തിൽ കുടിവെള്ളം നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4152/2023 (Date : 16/10/2024)
കോഴിക്കോട്: ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന എലത്തൂരിലെ അറുനൂറിൽപരം കുടുംബങ്ങൾക്ക് ജിക്ക, ജലജീവൻ, അമൃത് പദ്ധതി പ്രകാരം പ്രവർത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ജലവിതരണം കാര്യക്ഷമമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അടിയന്തര പ്രധാന്യം അർഹിക്കുന്ന അറ്റകുറ്റപണികൾ കാലതാമസം കൂടാതെ നടത്തണമെന്നും പത്രമാധ്യമങ്ങളിൽ കൂടി മുൻകൂട്ടി അറിയിക്കാതെ ജലവിതരണം തടസ്സപ്പെടുത്തരുതെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
5 ലക്ഷം ലിറ്റർ മാത്രം സംഭരണശേഷിയുള്ള പഴയ ഉപരിതല ടാങ്കിനു പകരം ജിക്ക പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച 52 ലക്ഷം ലിറ്റർ ജലസംഭരണി പ്രവർത്തന ക്ഷമമാക്കാൻ കഴിയാത്തതാണ് കുടിവെള്ള വിതരണത്തിന് പ്രധാന തടസമെന്ന് ജലഅതോറിറ്റി കമ്മീഷനെ അറിയിച്ചു. ടാങ്കിൽ നിന്ന് ജലവിതരണത്തിന് പുതിയ പൈപ്പ് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കോടതിയിലുള്ള സിവിൽ കേസാണ് കാരണം. കാലപഴക്കം ചെന്ന എ.സി പൈപ്പുകൾ മുഴുവനായും മാറ്റി കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് ജിക്ക പദ്ധതി പ്രകാരം പ്രവൃത്തികൾ നടന്നുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എലത്തൂർ ദർശന റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.പുരുഷേത്തമൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അനധികൃതമായി ട്രാക്ടർ പിടിച്ചെടുത്തെന്ന പരാതിയിൽ എസ്.ഐ കൃത്യവിലോപം കാണിച്ചതായി മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 722/2024 (Date : 16/10/2024)
തൃശൂർ: സ്വകാര്യ വസ്തുവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ട്രാക്ടർ അനധികൃതമായി പിടിച്ചെടുത്ത സംഭവത്തിൽ വടക്കേക്കാട് പോലീസ് സബ് ഇൻസ്പെക്ടറുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായതായി മനുഷ്യാവകാശ കമ്മീഷൻ.
സ്റ്റേഷനിലെത്തുന്ന കക്ഷികളോട് നല്ല രീതിയിൽ പെരുമാറണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി എസ്.ഐ, കെ.പി ആനന്ദിന് താക്കീത് നൽകി.
പ്രവാസജീവിതത്തിന് ശേഷം നാട്ടിലെത്തി സ്വന്തം പുരയിടത്തിൽ കൃഷി ചെയ്യുമ്പോൾ പറമ്പിൽ നിന്നും ട്രാക്ടർ പിടിച്ചെടുത്തെന്നാണ് പരാതി. ട്രാക്ടറിന് രസീത് നൽകിയില്ലെന്നും എസ് ഐ യും പോലീസുകാരും അപമര്യാദയായി പെരുമാറിയെന്നും പരാതിക്കാരനായ ഞമ്മനേങ്ങാട് സ്വദേശി മുസ്തഫ സമർപ്പിച്ച പരാതിയിൽ പറയുന്നു.
കമ്മീഷൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണറിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള പറമ്പിന്റെ നടുക്കുള്ള കുളം ട്രാക്ടർ ഉപയോഗിച്ച് മണ്ണിട്ട് നികത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയതെന്നും ട്രാക്ടർ പിടിച്ചെടുത്തതെന്നും കമ്മീഷണർ കമ്മീഷനെ അറിയിച്ചു. എന്നാൽ റിപ്പോർട്ട് അവാസ്തവമാണെന്നും തന്റെ സ്വകാര്യ പറമ്പിലെ ചെറിയ കുളമാണ് പരാതിക്ക് ആധാരമായതെന്നും പരാതിക്കാരൻ അറിയിച്ചു.
ജിയോളജി വകുപ്പ് ഇക്കാര്യം അറിയിച്ചിട്ടും എസ്. ഐ വാഹനം വിട്ടു തന്നില്ല. തുടർന്ന് താൻ ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ചെന്നും അതിന്റെ അടിസ്ഥാനത്തിൽ വാഹനം വിട്ടു നൽകിയതായും പരാതിക്കാരൻ അറിയിച്ചു.
വാഹനത്തിന് കേടുപാട് ഇല്ല എന്ന് പോലീസിന്റെ നിർബന്ധപ്രകാരം തനിക്ക് എഴുതി നൽകേണ്ടി വന്നതായി പരാതിക്കാരൻ അറിയിച്ചു. എന്നാൽ വാഹനം ലഭിച്ചപ്പോൾ ഡീസൽ ഇല്ലായിരുന്നുവെന്നും ബാറ്ററി നശിച്ച അവസ്ഥയിലായിരുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു. വാഹനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായിരുന്നുവെന്നും പരാതിക്കാരൻ അറിയിച്ചു. ഈ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ പോലീസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വാഹനം പിടിച്ചെടുത്തപ്പോൾ നിയമാനുസൃതം നൽകേണ്ട രസീത് നൽകിയിട്ടില്ലെന്നും ഉത്തരവിൽ പറഞ്ഞു.
|
തീപ്പൊള്ളലേറ്റയാൾക്ക് യഥാസമയം ചികിത്സ നൽകിയില്ല : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. HRMP NO. 7667/2024 (Date : 16/10/2024)
തിരുവനന്തപുരം: തീപ്പൊള്ളലേറ്റ് ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രോഗിയെ വരാന്തയിൽ നിന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ ട്രോളിയും ജീവനക്കാരും സമയത്തെത്തിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ് അരമണിക്കൂറോളം ആശുപത്രി വരാന്തയിൽ ഇരിക്കുകയും വേദന സഹിക്കാൻ കഴിയാതെ നിലവിളിക്കുകയും ചെയ്ത രോഗിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നതായി പരാതിയിൽ പറയുന്നു. കരകുളം സ്വദേശി ബൈജുവിനാണ് (48) യഥാസമയം ചികിത്സ നൽകാത്തതെന്നും പരാതിയിൽ പറയുന്നു.
ചൊവ്വാഴ്ച രാത്രി 7 ന് പൂജപ്പുര മഹിളാമന്ദിരത്തിന് മുമ്പിലാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിക്കാൻ ബൈജു ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.
പൊതുപ്രവർത്തകരായ ജി.എസ് ശ്രീകുമാറും, ജോസ് വൈ.ദാസും സമർപ്പിച്ച പരാതിയിലാണ് നടപടി.
|
എ.ഡി.എമ്മിന്റെ ആത്മഹത്യ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. (Date : 16/10/2024)
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതു സഹിക്കാനാവാതെ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു.
ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.എ ഡി എമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ഡി എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. പ്രസിഡന്റിന്റെ നടപടി തീർത്തും നിയമവിരുദ്ധമാണെന്നും നവീൻബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതക്ക് ജോലിയും നൽകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് എറണാകുളം ഗസ്റ്റ് ഹൗസിൽ
കൊച്ചി: മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇന്നും നാളെയും (16/10/2024 & 17/10/2024) രാവിലെ 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
|
മെഡിക്കൽ വിദ്യാർത്ഥിനിയുടെ വീട്ടിലെ കിണർവെള്ളം മലിനമാക്കിയ കക്കൂസ് ടാങ്ക് കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 1784/2024 (Date : 15/10/2024)
ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥിനിയുടെ വീട്ടിലെ കിണർവെള്ളം മലിനപ്പെടാൻ കാരണമായ അയൽവാസിയുടെ കക്കൂസ് ടാങ്ക് കണ്ടെത്താൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മാന്നാർ പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ, പരാതിക്കാരിയുടെയും പരാതിക്കാരിക്കും പഞ്ചായത്തിനും യുക്തമായ ഒരു സാക്ഷിയുടെയും സാന്നിധ്യത്തിൽ പരാതിക്ക് കാരണമായ ടാങ്ക് ഉള്ള സ്ഥലം പരിശോധിച്ച് കൃത്യമായ അകലം പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പരിശോധന പൂർത്തിയാക്കിയ ശേഷം കൃത്യമായ റിപ്പോർട്ട് സെക്രട്ടറി കമ്മീഷനിൽ സമർപ്പിക്കണം.
മെഡിക്കൽ പി.ജി വിദ്യാർത്ഥിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ കിണറിനോട് ചേർന്ന് അയൽവാസി ശൗചാലയം നിർമ്മിച്ചതിനാൽ കിണർവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായെന്നാണ് പരാതി.
മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ കിണറിന് സമീപം കക്കൂസ് ടാങ്ക് ഇല്ലെന്നാണ് അയൽവാസി പറയുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ റിപ്പോർട്ട് അവാസ്തവമാണെന്നും കക്കൂസ് കുഴിയുള്ള ഭാഗത്ത് വ്യക്തമായ പരിശോധന വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. മാന്നാർ കുരട്ടിക്കാട് സ്വദേശിനിയാണ് പരാതിക്കാരി.
|
ഭാര്യയിൽ നിന്നും അകന്നു കഴിയുന്ന അഭിഭാഷകന് ആവശ്യമെങ്കിൽ സംരക്ഷണം നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 1002/2024 (Date : 15/10/2024)
കൽപ്പറ്റ: ഭാര്യയും മക്കളും ബുദ്ധിമുട്ടിക്കുന്നത് തുടർന്നാൽ ഹൈക്കോടതി അഭിഭാഷകനായ സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശിക്ക് അവരിൽ നിന്നും സംരക്ഷണം നൽകാനും സമാധാന ജീവിതം ഉറപ്പാക്കാനും വയനാട് ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അതേസമയം ഭാര്യക്കും മക്കൾക്കും മുന്നിൽ സംയമനം പാലിക്കാൻ അഭിഭാഷകൻ ശ്രദ്ധിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പരാതിക്കാരനായ അഭിഭാഷകൻ മുതിർന്ന പൗരനും വിവിധ രോഗങ്ങൾക്ക് ചികിത്സ തേടുന്ന വ്യക്തിയുമായതിനാൽ അദ്ദേഹത്തിന്റെ മനുഷ്യാവകാശം സംരക്ഷിക്കാനുള്ള ബാധ്യത ബന്ധപ്പെട്ടവർക്കുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
അഭിഭാഷൻ നേരിട്ടോ പരാതി മുഖേനയോ ഫോണിലോ സംരക്ഷണം ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകണമെന്ന് കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
ഒരു വീടിന്റെ രണ്ടു നിലകളിലായാണ് പരാതിക്കാരനും ഭാര്യയും താമസിക്കുന്നത്. മക്കൾ എറണാകുളത്താണ് താമസം. ഭാര്യയും ഭർത്താവുമായി യാതൊരു ബന്ധവുമില്ല.
ഇരുവരും പരസ്പരം നിരവധി പരാതികൾ സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.സുൽത്താൻ ബത്തേരി പോലീസ് ഭാര്യക്കും മക്കൾക്കും ഒപ്പമാണെന്നും തനിക്ക് നീതി നിഷേധിക്കുകയാണെന്നും പരാതിക്കാരൻ അറിയിച്ചു.
|
അതി തീവ്രമഴ: നഷ്ടപരിഹാര കണക്ക് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 5693/2024 (Date : 15/10/2024)
പാലക്കാട്: ആലത്തൂർ,വടക്കാഞ്ചേരി താലൂക്കുകളിൽ ഇക്കൊല്ലം ജൂലൈ 29, 30 തീയതികളിലുണ്ടായ അതി തീവ്രമഴയിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് നൽകിയ നഷ്ടപരിഹാരത്തിന്റെ കണക്ക് രേഖാമൂലം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പാലക്കാട് ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആലത്തൂർ താലൂക്കിലാണെന്നും വടക്കാഞ്ചേരി വില്ലേജിൽ ആര്യങ്കടവ് പ്രദേശത്ത് കൂടി കടന്നുപോകുന്ന പുഴ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിയെന്നും വീട്ടുപകരണങ്ങൾ ഉൾപ്പെടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ നാശനഷ്ട കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നും
അർഹതപ്പെട്ടവർക്ക് നഷ്ടപരിഹാര സംഖ്യ വിതരണം ചെയ്തതിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അതി തീവ്ര മഴയുമായി ബന്ധപ്പെട്ട് എത്ര ആളുകളെ വെള്ളക്കെട്ട് ദുരിതം ബാധിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമല്ല.
എത്രപേർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തുവെന്നും വ്യക്തമല്ല. എത് നിയമപ്രകാരമാണ് നഷ്ടപരിഹാരം കണക്കാക്കിയതെന്നും ആർക്കെങ്കിലും നഷ്ടപരിഹാരം ഇനിയും നൽകാനുണ്ടോ എന്നും വ്യക്തമാക്കണം. നൽകാനുള്ള നഷ്ടപരിഹാരം എത്രകാലം കൊണ്ട് കൊടുത്തു തീർക്കുമെന്നും ഒരു മാസത്തിനുള്ളിൽ അറിയിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ പത്തനംതിട്ട സിറ്റിംഗ് ഇന്ന് . (Date : 15/10/2024)
പത്തനംതിട്ട : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഇന്ന് (15/10/2024) രാവിലെ 10.30 ന് പത്തനംതിട്ട ഗവ.ഗസ്റ്റ് ഹൌസിൽ സിറ്റിംഗ് നടത്തും.
|
മനുഷ്യാവകാശ കമ്മീഷൻ വയനാട് സിറ്റിംഗ് ഇന്ന് . (Date : 15/10/2024)
സുൽത്താൻ ബത്തേരി : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ.ബൈജുനാഥ് ഇന്ന് (15/10/2024) രാവിലെ 10.30 ന് സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ , സിറ്റിംഗ് നടത്തും.
|
വേതനം പറ്റുന്നവർ കൃത്യമായി ജോലി ചെയ്യണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 3415/2023 (Date : 14/10/2024)
തൃശൂർ: വേതനം കൈപ്പറ്റുന്ന ജീവനക്കാർ മേലുദ്യോഗസ്ഥർ പറയുന്ന പ്രകാരം സത്യസന്ധവും കാര്യക്ഷമവുമായി ജോലി ചെയ്യാൻ ബാധ്യസ്ഥരാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അതേസമയം ഓഫീസിന്റെ അച്ചടക്കം നിലനിർത്താൻ മേൽനോട്ട ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയർ ഉള്ളപ്പോൾ ഓഫീസ് സൂപ്രണ്ട് അനാവശ്യ പരാമർശങ്ങളിലൂടെ ഓഫീസ് അന്തരീക്ഷം കലുഷിതമാക്കരുതെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
തൃശൂർ കോർപ്പറേഷനിലെ വാട്ടർ സെക്ഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ തങ്ങളോട് ഓഫീസ് സൂപ്രണ്ട് അപമര്യാദയായി പെരുമാറുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തൃശൂർ കോർപ്പറേഷൻ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കൃത്യമായി ജോലി ചെയ്യണമെന്ന മേലധികാരികളുടെ നിർദ്ദേശം അനുസരിക്കാൻ കഴിയാത്തവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
എന്നാൽ പരാതികാർക്ക് ജോലിചെയ്യാൻ ഓഫീസ് അന്തരീക്ഷം നന്നായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വൻതോതിലുള്ള വെള്ളക്കരം കുടിശിക നഗരസഭക്കുണ്ടെന്ന സെക്രട്ടറിയുടെ പ്രസ്താവന അതിശയിപ്പിക്കുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കുടിവെള്ളം മനുഷ്യാവകാശങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നതിനാൽ വാട്ടർ സെക്ഷൻ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടത് ജനങ്ങളുടെ മനുഷ്യാവകാശമാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ക്ലാർക്കുമാരുടെയും ഓവർസീയർമാരുടെയും ജോലി മീറ്റർ റീഡർമാരെ കൊണ്ട് ചെയ്യിപ്പിക്കരുതെന്നും ഉത്തരവിൽ പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. സുകുമാരനും മറ്റുള്ള ജീവനക്കാരും സമർപ്പിച്ച പരാതിയിലാണ് നടപടി.
|
എൺപതുകഴിഞ്ഞവരുടെ പെൻഷൻ കുടിശിക നൽകുന്നതിൽ ആറാഴ്ചക്കകം തീരുമാനമെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 14/10/2024)
തിരുവനന്തപുരം: എൺപത് കഴിഞ്ഞവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ഡി. എ കുടിശികയും അടിയന്തരമായി നൽകണമെന്ന ആവശ്യത്തിൽ സർക്കാർ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഇതു സംബന്ധിച്ച് ആവശ്യമെങ്കിൽ പരാതിക്കാർ സർക്കാരിന് നിവേദനം നൽകണമെന്നും ഇക്കാര്യം ഗൗരവമായി പരിഗണിച്ച് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തീരുമാനമെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 80 കഴിഞ്ഞവർ ദുർബല വിഭാഗത്തിലുള്ളവരാണെന്നും ഇവർക്ക് സംരക്ഷണം നൽകേണ്ട ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു.
തീരുമാനമെടുത്ത ശേഷം രണ്ടാഴ്ചക്കകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. പെൻഷൻ പരിഷ്ക്കരണ കുടിശിക പൂർണമായി ലഭിക്കാതെ, 2019 ജൂലൈ മുതൽ കഴിഞ്ഞ ഏപ്രിൽ വരെ 77000 സർവീസ് പെൻഷൻമാർ മരിച്ചുപോയതായി വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിട്ടുണ്ടെന്ന് പരാതിക്കാരനായ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് വൈസ് പ്രസിഡന്റ് കെ.കെ. ശ്രീകുമാർ നൽകിയ പരാതിയിൽ പറഞ്ഞു. പെൻഷൻ ഭരണഘടനാപരമായ അവകാശമാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
|
തെങ്ങും മാവിന്റെ ശിഖരങ്ങളും പഞ്ചായത്ത് മുറിച്ചുമാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6855/2023 (Date : 14/10/2024)
കണ്ണൂർ: വഴിത്തർക്കം നിലനിൽക്കുന്ന സ്ഥലത്ത് താമസിക്കുന്നവരുടെ വസ്തുവിൽ അപകടകരമായി നിൽക്കുന്ന തെങ്ങും മാവിന്റെ ശിഖരങ്ങളും ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കണ്ടെത്തിയാൽ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിയമാനുസരണം അവ മുറിച്ചുമാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കുന്നോത്ത് പറമ്പ് പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. തെങ്ങും മാവിന്റെ ശിഖരങ്ങളും പഞ്ചായത്ത് മുറിച്ചുമാറ്റേണ്ടി വന്നാൽ പാനൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഉത്തരവ് കൈപ്പറ്റി 3 മാസത്തിനകം പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മാവിലേരി ചെണ്ടയാട് സ്വദേശിനി തന്റെ വീടിന് ഭീഷണിയായ തെങ്ങ് മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ബീച്ച് ആശുപത്രിയിലെ വെള്ളക്കെട്ട്: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. (Date : 14/10/2024)
കോഴിക്കോട്: വെള്ളക്കെട്ട് കാരണം ബീച്ച് ജനറൽ ആശുപത്രിയിലെ ഒ.പി കൗണ്ടറിലെത്താൻ രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ബീച്ച് ജനറൽ ആശുപത്രി സൂപ്രണ്ട് എന്നിവർ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബറിൽ കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വെള്ളക്കെട്ടിലൂടെ നടക്കാൻ കഴിയാത്തതിനാൽ താത്കാലികമായി കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. യാതൊരു ഉറപ്പുമില്ലാത്ത കല്ലുകളിൽ തട്ടി സ്ത്രീകളും വയോധികരും ഉൾപ്പെടെയുള്ള രോഗികൾ വീഴാൻ സാധ്യതയുള്ളതായി പരാതിയിൽ പറയുന്നു. സർക്കാർ ആശുപത്രിയെ ശരണം പ്രാപിക്കുന്ന പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണ് ഇത്തരം സംഭവങ്ങളെന്നും മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: മുണ്ടക്കൈ ദുരന്തത്തിൽ കടബാധ്യതയുള്ളവരെ കണ്ടെത്താനുള്ള പട്ടിക ലീഡ് ബാങ്കിന് നൽകി. HRMP NO. 5962/2024 (Date : 10/10/2024)
വയനാട്: മുണ്ടക്കൈ ഉരുൾ പൊട്ടലുമായി ബന്ധപ്പെട്ട ദുരന്ത ബാധിതരിൽ കട ബാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി ദുരന്ത ബാധിതരുടെ പട്ടിക ലീഡ് ബാങ്കിന് കൈമാറിയതായി ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ദുരന്ത ബാധിതർക്ക് സർക്കാർ അനുവദിച്ച ധനസഹായത്തിൽ നിന്നും കേരള ഗ്രാമീൺ ബാങ്കിന്റെ വെള്ളരിമല ശാഖ വായ്പ തിരിച്ചുപിടിച്ചതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ദുരന്ത മേഖലയിൽ നിന്നുള്ള അക്കൗണ്ടുകളിൽ നിലവിലുള്ള എല്ലാ സ്റ്റാന്റിംഗ് ഇൻസ്ട്രക്ഷനുകളും സർക്കാർ തീരുമാനം വരുന്നതുവരെ മരവിപ്പിക്കാൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
കേരള ഗ്രാമീൺ ബാങ്ക്, സർക്കാർ നൽകിയ ധനസഹായത്തിൽ നിന്നും വായ്പ കുടിശിക ഈടാക്കിയ സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജില്ലാ കളക്ടർ വിശദീകരണം സമർപ്പിച്ചത്.
ദുരന്തബാധിതർക്ക് ലഭിക്കുന്ന ധനസഹായത്തിൽ നിന്നും ലോൺ ഇനത്തിലുള്ള കുടിശിക പിരിക്കരുതെന്ന് എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകാൻ ജില്ലാ ലീഡ് ബാങ്ക് മാനേജർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കേരള ഗ്രാമീൺ ബാങ്ക് വെള്ളരിമല ശാഖയിൽ നിന്നും 931 ലോൺ അക്കൗണ്ടുകളിലായി 15.44 കോടി രൂപയോളം വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 131 ഉപഭോക്താക്കൾക്കാണ് സർക്കാർ ധനസഹായം ലഭിച്ചിട്ടുള്ളത്. 131 ഉപഭോക്താക്കളിൽ റീന, മിനിമോൾ, റഹിയാനത്ത് എന്നിവരിൽ നിന്നാണ് വായ്പ കുടിശിക ഈടാക്കിയത്. ഇതിൽ റഹിയാനത്തിന് സർക്കാർ ധനസഹായം ലഭിച്ചില്ല. ഇവർ ബാങ്കിൽ നൽകിയ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കുടിശിക ഈടാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. ബാങ്ക് ഈടാക്കിയ തുക ഓഗസ്റ്റ് 18 ന് അക്കൗണ്ടുകളിലേക്ക് മടക്കി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
|
മകളുടെ ആവശ്യം മാനിച്ച് അച്ഛന് ചികിത്സ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO1280/2024 (Date : 10/10/2024)
പത്തനംതിട്ട: മകളുടെ ആവശ്യപ്രകാരം അച്ഛന് ആവശ്യമായ ചികിത്സയും കൗൺസിലിംഗും നൽകുന്ന കാര്യം ജില്ലാ സാമൂഹിക നീതി ഓഫീസർ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മകൾക്കും കുടുംബത്തിനും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ കോന്നി എസ്.എച്ച്.ഒ യെ സമീപിക്കാമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകി. കോന്നി സ്വദേശിനിയുടെ പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്.
എം.എസ്.സി വിദ്യാർത്ഥിനിയായ മകളാണ് പരാതി നൽകിയത്. അച്ഛൻ നിരന്തരം വഴക്കുണ്ടാക്കുകയാണെന്നും അമ്മയെ കൊല്ലാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. തുടർന്ന് പോലീസിന്റെ സഹായത്തോടെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പഞ്ചായത്ത് മെമ്പറും നാട്ടുകാരും തങ്ങൾക്കെതിരെ പോലീസിൽ പരാതി നൽകിയെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
കോന്നി എസ്.എച്ച്.ഒ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരിയുടെ പിതാവ് സ്വമേധയാ ചികിത്സക്ക് വിധേയനായെന്നും നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും പറയുന്നു.
എന്നാൽ അച്ഛൻ ഇപ്പോഴും മാനസിക വിഭ്രാന്തി കാണിക്കുകയാണെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. അച്ഛന്റെ ബന്ധുക്കളും സുഹൃത്തുക്കളും തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുകയാണെന്നും നാട്ടുകാർ തങ്ങളോട് സഹകരിക്കുന്നില്ലെന്നും പരാതിക്കാരി അറിയിച്ചു.
|
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി: മൂത്തേടത്ത് സ്കൂളിൽ പ്ലസ് വണിന് ഒരു സീറ്റ് കൂടി. HRMP NO. 4473/4696/2024 (Date : 10/10/2024)
കണ്ണൂർ: മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥിക്ക് സ്കൂൾ അധിക്യതർ അഡ്മിഷൻ പോർട്ടലിൽ മാനേജ് മെന്റ് ക്വാട്ട എന്ന് അബദ്ധത്തിൽ രേഖപ്പെടുത്തിയത് കാരണം മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർത്ഥിക്ക് ഒരു പ്രത്യേക കേസായി പരിഗണിച്ച് പ്രവേശനം നൽകാൻ സർക്കാർ തീരുമാനിച്ചു.
മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ, മാനേജ്മെന്റ് ക്വാട്ടയിൽ പ്ലസ് വണിന് സയൻസ് വിഭാഗത്തിൽ ഒരു താൽക്കാലിക സീറ്റ് അനുവദിക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥിന്റെ ഉത്തരവാണ് സർക്കാർ നടപ്പിലാക്കിയത്.
പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് ഇക്കാര്യം കമ്മീഷനെ അറിയിച്ചത്. . മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ ഒരു വിദ്യാർത്ഥിക്ക് മാനേജ്മെൻറ് ക്വാട്ട എന്ന് സ്കൂൾ അധിക്യതർ പ്രവേശന പോർട്ടലിൽ അബദ്ധത്തിൽ രേഖപ്പെടുത്തിയതാണ് പരാതിക്ക് ഇടയാക്കിയത്. ഇതു കാരണം മാനേജ്മെന്റ് ക്വാട്ടയിൽ അപേക്ഷ നൽകിയ കണ്ണൂർ കാപ്പുക്കൽ സ്വദേശിയായ ശ്രീധർശ് എന്ന വിദ്യാർത്ഥിക്ക് പ്രവേശനം ലഭിച്ചില്ല. ഈ വിദ്യാർത്ഥിക്ക് കൊട്ടില സ്കൂളിൽ പ്രവേശനം നേരത്തെ ലഭിച്ചിരുന്നു. എന്നാൽ മൂത്തേടത്ത് സ്കൂളിൽ പ്രവേശനം ലഭിക്കുമെന്ന് കരുതി കൊട്ടിലയിലെ സീറ്റ് ഉപേക്ഷിച്ചു. ഫലത്തിൽ ഇക്കൊല്ലം പഠനം മുടങ്ങുമെന്ന സ്ഥിതി വന്നു. ഈ സാഹചര്യത്തിലാണ് ശ്രീധർശിന് ഒരു സീറ്റ് അനുവദിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചത് .
ശ്രീധർശിന്റെ പിതാവ് ഇ.വി. ശ്രീകാന്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ഗവ.ആശുപത്രിയിലെ കസേരകളുടെ അറ്റകുറ്റപണി നടത്തിയതിന് പ്രതിഫലം ലഭിച്ചു. HRMP NO. 2816/2024 (Date : 10/140/2024)
കോട്ടയം: പാലാ ഗവ.ആയുർവേദ ആശുപത്രിയിലെ കസേരകളുടെ അറ്റകുറ്റപണികൾ നടത്തിയ ഭിന്നശേഷിക്കാരനായ നിർദ്ധനന് ആശുപത്രി അധികൃതർ കൂലി നൽകിയില്ലെന്ന പരാതി മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിലൂടെ പരിഹരിച്ചു.
കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കരൂർ സ്വദേശി റെജി അഗസ്റ്റിനാണ് ജോലിക്കുള്ള പ്രതിഫലം ലഭിച്ചു.
2300 രൂപയാണ് ആശുപത്രി അധികൃതർ നിർദ്ധനനായ പരാതിക്കാരന് നൽകാനുണ്ടായിരുന്നത്. ക്വട്ടേഷനിൽ കാണിച്ച തുകയിൽ നിന്നും അധികരിച്ചതു കാരണമാണ് പരാതിക്കാരന് പ്രതിഫലം നൽകാൻ കാലതാമസമുണ്ടായതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ കമ്മീഷനെ അറിയിച്ചു. പരാതിക്കാരനും മെഡിക്കൽ ഓഫീസറും പോലീസ് സ്റ്റേഷനിൽ പരസ്പരം പരാതി നൽകിയെങ്കിലും എസ്. ഐ യുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ അറ്റകുറ്റ പണികൾ നടത്തിയ കസേരകൾ തിരികെ ലഭിച്ചു.
|
മലപ്പുറം മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന് . (Date : 10/10/2024)
മലപ്പുറം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഇന്ന് (10/10/2024) രാവിലെ 11 ന് തിരൂർ പി.ഡബ്ല്യു. ഡി. റസ്റ്റ് ഹൌസിൽ സിറ്റിംഗ് നടത്തും
|
ബീമാപള്ളി –വലിയതുറ റോഡിന്റെ നവീകരണം കാലതാമസമില്ലാതെ പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 6894/2024 (Date : 09/10/2024)
തിരുവനന്തപുരം: ബീമാപള്ളി – വലിയതുറ , വലിയതുറ –ആഭ്യന്തര വിമാനത്താവളം റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പൂർത്തിയാക്കി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്. ഈഞ്ചക്കൽ - വള്ളക്കടവ് റോഡിൽ വെള്ളം കെട്ടി നിന്ന് അപകടമുണ്ടാകുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഈഞ്ചക്കൽ , വള്ളക്കടവ്-വലിയതുറ ബീമാപള്ളി റോഡുകളിൽ വെള്ളം കെട്ടി നിൽക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
മണക്കാട്- വലിയതുറ –ബീമാപള്ളി, ആഭ്യന്തര വിമാനത്താവളം എന്നീ റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായ ഭാഗങ്ങളിൽ മഴക്കുഴി നിർമ്മിച്ച് ഇന്റർലോക്ക് സ്ഥാപിക്കും. മറ്റ് ഭാഗങ്ങളിൽ ബി.എം ആന്റ് ബി.സി ടാറിംഗ് നടത്തും. വലിയതുറ-ആഭ്യന്തര വിമാനത്താവളം റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമ്മാണവും ടാറിംഗും ഉൾപ്പെടുത്തി 15 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. ഈഞ്ചക്കൽ- വള്ളക്കടവ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായ വള്ളക്കടവ് ഭാഗത്ത് ഓടയുടെ നിർമ്മാണവും റോഡ് ഉയർത്തി ടാറിംഗും നടത്താൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യൻ മനുഷ്യനെ ചുമക്കുന്നത് ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 6803/2024 (Date ; 09/10/2024)
പത്തനംതിട്ട: ആധുനിക സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ മനുഷ്യൻ മനുഷ്യനെ ചുമക്കുന്ന പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികൾ ഡി.എം.ഒ 15 ദിവസത്തിനകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗികളെ ജീവനക്കാർ ചുമന്ന് താഴെയിറക്കിയ സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നിരീക്ഷണം
മൂന്നാം നിലയിലെ ഓപ്പറേഷൻ തീയറ്റേറിൽ നിന്നും തടിയിൽ കോർത്തു കെട്ടിയ തുണിയിൽ കിടത്തിയാണ് രോഗികളെ താഴെയെത്തിച്ചത്. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ സത്വരനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
പരിയാരം മെഡിക്കൽ കോളേജിലെ പാമ്പ് ശല്യം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. (Date : 09/10/224)
കണ്ണൂർ: പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും കോളേജ് ഹോസ്റ്റലിലും പാമ്പുകളുടെ ശല്യം രൂക്ഷമായിട്ടും കാട് വെട്ടി തെളിക്കാൻ മെഡിക്കൽ കോളേജ് അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് പരാതി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ഒക്ടോബർ 23 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ ഹോസ്റ്റലിലാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞയാഴ്ച ആശുപത്രിയിലെ അഞ്ചാം നിലയിലും കാർഡിയോളജി വാർഡിലും പാമ്പ് കയറിയിരുന്നു. ആശുപത്രി കെട്ടിട പരിസരം കാട് കയറിയിട്ട് ദിവസങ്ങളായി.
വിദ്യാർത്ഥികളും ജീവനക്കാരും ഭീതിയോടെയാണ് വഴി നടക്കുന്നതെന്നും റിപ്പോർട്ടുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ഓട്ടോറിക്ഷ വിട്ടു നൽകാത്തതിൽ മനംനൊന്ത് ആത്മഹത്യ: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. (Date : 09/10/2024)
കാസർകോട്: ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ 5 ദിവസം കഴിഞ്ഞിട്ടും വിട്ടു കിട്ടാത്തതിൽ മനംനൊന്ത് സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ശേഷം ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കാസർകോട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കാസർകോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.
കർണാടക മംഗളുരു പാണ്ഡേശ്വരയിലെ അബ്ദുൾ സത്താറാണ് (60) മരിച്ചത്. നെല്ലിക്കുന്ന് ബീച്ച് റോഡ് ജംഗ്ഷനിൽ വഴി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് മനസിലാക്കുന്നു. വായ്പയെടുത്താണ് ഓട്ടോ വാങ്ങിയതെന്നും വിട്ടുകിട്ടിയില്ലെങ്കിൽ ഉപജീവനം മുടങ്ങുമെന്നും പോലീസിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കേൾക്കുന്നു. ഡി.വൈ.എസ്.പി ഇടപെട്ടിട്ടും ഓട്ടോ വിട്ടുകിട്ടിയില്ല. പുക പരിശോധിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഓട്ടോ വിട്ടു നൽകാത്തതെന്നും മനസിലാക്കുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
സംഭവത്തിൽ കാസർകോട് എസ്.ഐ യെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതായി മനസിലാക്കുന്നു.. കാസർകോട് റയിൽവേ സ്റ്റേഷന് സമീപം താമസിച്ചാണ് അബ്ദുൾ സത്താർ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്നത്.
|
കാറിടിച്ച് 15 കാരനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 6451/2023 (Date : 08/10/2024)
തിരുവനന്തപുരം: ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയ 15 കാരനെ കാറിടിപ്പിച്ച് കൊന്ന കേസിൽ അന്വേഷണം ഇതുവരെ പൂർത്തിയായില്ലെങ്കിൽ റൂറൽ ഡി.വൈ.എസ്.പി യുടെ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയതിന്റെ വിരോധത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കാട്ടാക്കട ഡി.വൈ.എസ്.പി കമ്മീഷനെ അറിയിച്ചു. പൂവച്ചലിൽ അരമണിക്കൂറോളം കാത്തുനിന്ന ശേഷം പ്രതി 2023 ഓഗസ്റ്റ് 30ന് വൈകിട്ട് 5.24 ന് ക്ഷേത്രമൈതാനത്തിന് മുന്നിൽ സൈക്കിളിൽ നിൽക്കുകയായിരുന്ന കുട്ടിയെ മനപുർവ്വം കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 11 ന് പ്രതി പ്രിയരഞ്ജനെ കളിയിക്കാവിളയിൽ നിന്നും അറസ്റ്റ് ചെയ്തു. കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ്ഷീറ്റ് കോടതിയിൽ സമർപ്പിക്കാമെന്ന് ഡി.വൈ.എസ്.പി കമ്മീഷനെ അറിയിച്ചു. റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കേരളപുരം സ്പിന്നിംഗ് മിൽ സ്ഥിരപ്പെടുത്തലിൽ ക്രമക്കേട് : മനുഷ്യാവകാശ കമ്മീഷൻ പരിഗണിക്കും. HRMP NO. 6232/2023 (Date : 08/10/2024)
ആലപ്പുഴ: കേരളപുരം സ്പിന്നിംഗ് ആന്റ് വീവിംഗ് മില്ലിൽ 2021 ൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തിയതിൽ ക്രമക്കേടുണ്ടെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ ഈ മാസം പരിഗണിക്കും.
ക്രമക്കേട് ആരോപിച്ച് പരാതി നൽകിയ ജീവനക്കാരൻ രേഖകൾ സമർപ്പിക്കാൻ ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കമ്മീഷൻ കമ്മീഷൻ സമയം അനുവദിച്ചത്.
2021 ൽ കമ്പനി നടത്തിയ സ്ഥിരപ്പെടുത്തലിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയിലാണ് നടപടി. ഒരു മാസത്തെ സാവകാശമാണ് കമ്മീഷൻ നൽകിയത്. സ്ഥിരപ്പെടുത്തലിലെ ക്രമക്കേട് സംബന്ധിച്ച് താൻ വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷക്ക് മറുപടി ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
അംഗീകൃത യൂണിയനുകളുമായി ചർച്ച നടത്തി മാത്രമേ ഇക്കാര്യത്തിൽ സമവായത്തിലെത്താൻ കഴിയുകയുള്ളുവെന്ന് സ്പിന്നിംഗ് മിൽ മേധാവി കമ്മീഷനെ അറിയിച്ചു.
|
തദ്ദേശ സ്ഥാപനങ്ങളിൽ ഇൻ-ചാർജ് ഭരണം വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4401/2024 (Date : 08/10/2024)
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാസങ്ങളോളം തുടരുന്ന ഇൻ-ചാർജ് ഭരണം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഏതാനും ദിവസങ്ങൾ മാത്രം ഉദ്യോഗസ്ഥർക്ക് ചുമതല നൽകുന്നതിൽ തെറ്റില്ലെന്നും എന്നാൽ മാസങ്ങളോളം ചുമതല നൽകിയാൽ തദ്ദേശ സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
ഫറോക്ക് മുൻസിപാലിറ്റിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പൊതുജനങ്ങൾക്ക് ജനനം മുതൽ മരണം വരെയുള്ള എല്ലാ ആവശ്യങ്ങൾക്കും സമീപിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണെന്ന യാഥാർത്ഥ്യം മറക്കരുതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
വിവരാവകാശ നിയമത്തിന്റെ അന്ത:സത്തക്ക് നിരക്കാത്ത തരത്തിൽ അപേക്ഷകൾ സമർപ്പിച്ച് ജീവനക്കാരുടെ സമയം പാഴാക്കരുതെന്ന് കമ്മീഷൻ പരാതിക്കാരനായ കല്ലായ് സ്വദേശി കെ.ടി അബ്ദുൾ മനാഫിന് നിർദ്ദേശം നൽകി. ജീവനക്കാർക്കും മനുഷ്യാവകാശങ്ങൾ ഉണ്ടെന്ന കാര്യം പരാതിക്കാരൻ മറക്കരുത്. അതോടൊപ്പം നഗരസഭയെ സമീപിക്കുന്ന സാധാരണക്കാരുടെ ആവശ്യങ്ങൾ കാലതാമസം കൂടാതെ നൽകാനുള്ള ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഫറോക്ക് മുൻസിപാലിറ്റിയിൽ പരാതിക്കാരന്റേതായി അവശേഷിക്കുന്ന തീരുമാനമാകാത്ത അപേക്ഷകളിൽ ഒരു മാസത്തിനകം തീരുമാനമെടുത്ത ശേഷം മുൻസിപ്പാലിറ്റി സെക്രട്ടറി കമ്മീഷനിൽ റിപ്പോർട്ട് നൽകണം.
|
തൃശൂർ മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന് (Date : 08/10/2024)
തൃശൂർ : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഇന്ന് (08/10/2024) രാവിലെ 11 ന് തൃശൂർ ഗവ.ഗസ്റ്റ് ഹൌസിൽ സിറ്റിംഗ് നടത്തും.
|
ലൈസൻസില്ലാത്ത കെട്ടിടം പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 07/10/2024)
തൃശൂർ: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ എക്സിബിഷൻ ആന്റ് മറൈൻ റിസർച്ച് സെന്റർ അമ്യൂസ്മെന്റ് പാർക്ക് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ചതാണെങ്കിൽ ഇപ്പോഴും പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ലൈസൻസില്ലാത്ത സ്ഥാപനം കെട്ടിട നിർമ്മാണത്തിലെ ചട്ടലംഘനങ്ങൾ ക്രമവൽക്കരിക്കുന്നതിൽ സ്വീകരിച്ച നടപടികൾ വ്യക്തമല്ലെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
ഇക്കാര്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം ഒരു അന്തിമ റിപ്പോർട്ട് ഒക്ടോബറിൽ കമ്മീഷൻ കേസ് പരിഗണിക്കുന്ന വേളയിൽ സമർപ്പിക്കണമെന്ന് കമ്മീഷൻ തൃശൂർ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കിടയാക്കിയ നിർമ്മാണത്തിന് ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലെന്ന് പറയുന്നു. ഗ്രാമപഞ്ചായത്ത് നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ചട്ടലംഘനം ക്രമവൽക്കരിക്കാൻ സ്ഥാപനം അപേക്ഷ നൽകിയിട്ടുണ്ടെന്നും നിലവിൽ സ്ഥാപനത്തിന് ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ കടലോരത്തെ സർക്കാർ ഭൂമി കൈയേറി റോഡും ചെറിയ പാലങ്ങളും കുളങ്ങളും അമ്യൂസ്മെന്റ് പാർക്ക് നിർമ്മിച്ചിട്ടുണ്ടെന്ന് പരാതിക്കാരനായ ശ്രീജിത്ത് കമ്മീഷനെ അറിയിച്ചു. ലൈസൻസ് പുതുക്കിയിട്ടില്ലെങ്കിലും സ്ഥാപനം തുറന്നുപ്രവർത്തിക്കുന്നതായി പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
|
കെ.എസ്.ഇ.ബി പോസ്റ്റിൽ കേബിൾ വലിക്കാൻ അനുമതി നൽകിയിട്ടുണ്ടോ ? മനുഷ്യാവകാശ കമ്മീഷൻ. (Date : 07/10/2024)
എറണാകുളം: കെ.എസ്.ഇ.ബി പോസ്റ്റിൽ സ്ഥാപിച്ചിരുന്ന കേബിളിൽ കുരുങ്ങി കളമശേരി ഇഖറ മസ്ജിദ് ഇമാമിന് പരിക്കേറ്റ സംഭവത്തിൽ പോസ്റ്റിൽ കേബിൾ വലിക്കാൻ കെ.എസ്.ഇ.ബി അനുമതി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് .
കെ.എസ്.ഇ.ബി ആലുവ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
പോസ്റ്റിൽ കേബിൾ വലിക്കാൻ അനുമതി വാങ്ങിയവരുടെ വിവരങ്ങൾ ലഭ്യമാണോ എന്നും കമ്മീഷൻ ഉത്തരവിൽ ചോദിച്ചു. കെ.എസ്.ഇ.ബിയിൽ നിന്നും ഈ ആവശ്യത്തിന് ആരാണ് അനുമതി നൽകുന്നത്, ഈടാക്കുന്ന ഫീസ് എന്നിവ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 ന് ഉച്ചയ്ക്ക് ഇമാം അബ്ദുൾ അസീസ് സഞ്ചരിച്ചിരുന്ന ബൈക്ക് പള്ളിലംകര റോക്ക് വെൽറോഡിലാണ് താഴ്ന്നു കിടന്ന കേബിളിൽ കുരുങ്ങിയത്.
കമ്മീഷൻ നിർദ്ദേശാനുസരണം സെപ്റ്റംബർ 13 ന് ആലുവയിൽ നടന്ന സിറ്റിംഗിൽ തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മീഷണർ, പൊതുമരാമത്ത് (നിരത്ത്) എക്സിക്യൂട്ടീവ് എഞ്ചിനീയർ, കളമശേരി മുൻസിപാലിറ്റി ഓവർസിയർ എന്നിവർ ഹാജരായി.
കെ.എസ്.ഇ.ബി പോസ്റ്റിലാണ് കേബിൾ വലിച്ചെതെന്നും കേബിൾ വലിക്കാനോ പോസ്റ്റ് സ്ഥാപിക്കാനോ കെ.എസ്.ഇ.ബി പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങാറില്ലെന്നും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. കെ.എസ്.ഇ.ബിയുടെ പോസ്റ്റിൽ കേബിൾ ടി.വി ഏജൻസി സ്ഥാപിച്ച കേബിളാണ് അപകടത്തിന് കാരണമായതെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു. അനധികൃതമായി സ്ഥാപിച്ച കേബിൾ ആരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
കേബിൾ ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്താൻ കെ.എസ്. ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് (കളമശേരി) സെപ്റ്റംബർ 10 ന് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് തൃക്കാക്കര എ.സി കമ്മീഷനെ അറിയിച്ചു.
കേബിളിന്റെ ഉടമസ്ഥനെ കണ്ടെത്താൻ കളമശേരി എസ്.എച്ച് .ഒ അയച്ച കത്തിന് കെ.എസ്.ഇ.ബി അധികൃതർ 10 ദിവസത്തിനകം മറുപടി നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ഒക്ടോബർ 17 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും
|
അംഗപരിമിതന്റെ വഴി സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 3794/2019 (Date : 04/10/2024)
ആലപ്പുഴ (ചേർത്തല) : 75 ശതമാനം അംഗപരിമിതനായ വ്യക്തിക്ക് അവകാശപ്പെട്ട 1.80 മീറ്റർ വീതിയിലുള്ള വഴിയിൽ തടസ്സങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ചേർത്തല തഹസിൽദാർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. പരാതിക്കാരന് സ്വന്തമായുള്ള വഴി വേലി കെട്ടി തിരിച്ച് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കാൻ ചേർത്തല തഹസിൽദാർ നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
തനിക്ക് അവകാശപ്പെട്ട വഴി ഭജനമഠത്തിന് അർഹതപ്പെട്ടതാണെന്ന് ആരോപിച്ച് വഴിയിൽ വാഹനം കയറാത്ത തരത്തിൽ കോൺക്രീറ്റ് പോസ്റ്റിട്ടെന്നാണ് ചേർത്തല എസ്.എൽ പുരം സ്വദേശി വി.എം കുഞ്ഞുമോൻ സമർപ്പിച്ച പരാതി.
ചേർത്തല തഹസിൽദാറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ വഴി ആരും തടസ്സപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എതിർകക്ഷിയായ ഭജനമഠം ഭാരവാഹികളെയും പരാതിക്കാരനെയും കണ്ട് വില്ലേജ് ഓഫീസർ സംസാരിച്ചിട്ടുണ്ട്. 1.80 മീറ്റർ വഴിവിട്ട് മാത്രം മതിൽ കെട്ടുകയുള്ളുവെന്ന് ഭജനമഠം ഭാരവാഹികളും സമ്മതിച്ചിട്ടുണ്ട്. പരാതിക്കാരന് ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ ചേർത്തല തഹസിൽദാറെ സമീപിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
ചേവായൂർ ജില്ലാ ത്വക് രോഗാശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ചേവായൂർ ജില്ലാ ത്വക് രോഗാശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവാശ കമ്മീഷൻ.
ചേവായൂർ ജില്ലാ ത്വക് രോഗാശുപത്രി സൂപ്രണ്ട് ഇക്കാര്യം പരിശോധിച്ച് 2 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഇക്കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിൽ 600 ലധികം രോഗികൾ ചികിത്സ തേടിയെത്തിയെങ്കിലും മൂന്നു മണിക്കൂറോളം ക്യൂ നിൽക്കേണ്ടി വന്നതായി പരാതിയിലുണ്ട്. പൊരിവെയിലത്താണ് സ്ത്രീകളും കുട്ടികളും വയോധികരും ക്യൂ നിൽക്കുന്നത്. ഒക്ടോബർ 29 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
പഠനത്തെ ബാധിക്കുന്ന തരത്തിൽ അധ്യാപകരുടെ പൊതുസ്ഥലം മാറ്റം നടത്തരുത്: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 219/2024 (Date : 04/10/2024)
കണ്ണൂർ: അധ്യാപകരുടെ പൊതുസ്ഥലം മാറ്റം കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കണ്ണൂർ ശ്രീപുരം ഗവ.ഹയർ സെക്കന്ററി സ്കുളിലെ 15 അധ്യാപകരെ 2023 ഫെബ്രുവരി 15 ന് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച പരാതിയിലാണ് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഉത്തരവ്. അധ്യയന വർഷത്തിന്റെ അവസാനപാദത്തിൽ മോഡൽ പരീക്ഷക്കിടയിലാണ് സ്ഥലം മാറ്റം നടന്നതെന്നും ഇത് പഠനത്തെ പ്രതികൂലമായി ബാധിച്ചെന്നും രക്ഷകർത്താവ് കൂടിയായ പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കോടതി വ്യവഹാരങ്ങൾ കാരണമാണ് ഒറ്റയടിക്ക് സ്ഥലംമാറ്റം നടത്തേണ്ടി വന്നതെന്നും ഇത് പഠനത്തെ ബാധിച്ചിട്ടില്ലെന്നും ഡി.പി.ഐ അറിയിച്ചു. കോടതി ഇടപെട്ട വിഷയമായതിനാൽ കമ്മീഷന് തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്നും എന്നാൽ ഭാവിയിൽ ഇത്തരം ഒരു അവസ്ഥ ഒഴിവാക്കണമെന്നും കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. ആലക്കോട് വായക്കമ്പ സ്വദേശി എം.ജി. സജീവൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ ഫലം കാണുന്നു: വഴുതക്കാട്ടെ കുടിവെള്ള ദൗർലഭ്യം 25 ന് മുമ്പ് പരിഹരിക്കാൻ കഴിഞ്ഞേക്കുമെന്ന് ജലഅതോറിറ്റി. (Date : 04/10/2024)
തിരുവനന്തപുരം: വഴുതക്കാട്ടെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ള ദൗർലഭ്യം ഒക്ടോബർ 25 ന് മുമ്പ് പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജലഅതോറിറ്റി ചീഫ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നടത്തിയ സിറ്റിംഗിലാണ് ചീഫ് എഞ്ചിനീയർ ഹാജരായി ഇക്കാര്യം രേഖാമൂലം അറിയിച്ചത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ജലദൗർലഭ്യം പരിഹരിക്കാൻ ജല അതോറിറ്റി സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികളുടെ പുരോഗതി സംബന്ധിച്ച് ചീഫ് എഞ്ചിനീയർ ഒക്ടോബർ 9 ന് തിരുവനന്തപുരത്ത് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഒരു അഡീഷണൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 9 ന് രാവിലെ 10 ന് കേസ് പരിഗണിക്കും.
കമ്മീഷൻ സെപ്റ്റംബർ 5 ന് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജലഅതോറിറ്റി മാനേജിംഗ് ഡയറക്ടർ ചീഫ് എഞ്ചിനീയറുടെ സാന്നിധ്യത്തിൽ ഒരു ഉന്നതതല യോഗം ചേർന്നതായി ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ പറഞ്ഞു. യോഗം പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
|
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിനും മോർച്ചറി കെട്ടിടത്തിനുമിടയിൽ പാസേജ് നിർമ്മിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 3198/2024 (Date : 03/10/2024)
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടവും മോർച്ചറി കെട്ടിടവും ബന്ധിപ്പിച്ചു കൊണ്ട് മൃതദേഹങ്ങൾ കൊണ്ടുപോകാൻ 6 മാസത്തിനകം പാസേജ് നിർമ്മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഗവ.റ്റി.ഡി മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നത് തുറസായ സ്ഥലത്തിലൂടെയാണെന്നും രണ്ടു കെട്ടിടങ്ങൾ തമ്മിൽ ഒരു പാസേജ് നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
വണ്ടാനം മെഡിക്കൽ കോളേജ് സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഏകദേശം 200 മീറ്റർ ദൂരെയാണ് മോർച്ചറി കെട്ടിടം സ്ഥിതിചെയ്യുന്നതെന്നും നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കാഷ്വാലിറ്റി ഇ ബ്ലോക്കിൽ നിന്നും പാസേജിലൂടെ കെ. ബ്ലോക്കിലെത്തിച്ച് പുറത്തേക്കുള്ള വാതിൽ വഴിയാണ് മോർച്ചറി കെട്ടിടത്തിലെത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കെ.ബ്ലോക്കിൽ നിന്ന് റോഡ് മുറിച്ച് കടന്ന് മോർച്ചറി കെട്ടിടത്തിലെത്തുന്നതിനുള്ള ദൂരം ഏകദേശം 50 മീറ്റർ മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മൃതദേഹത്തോട് യാതൊരു തരത്തിലുമുള്ള അനാദരവും ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
ആശുപത്രി കെട്ടിടവും മോർച്ചറി കെട്ടിടവും ബന്ധിച്ചുകൊണ്ട് പാസേജ് നിർമ്മിക്കുന്നതിലെ പ്രയോഗികത ആരാഞ്ഞ് ആലപ്പുഴ പൊതുമരാമത്ത് കെട്ടിട ഉപ വിഭാഗത്തിന് കത്ത് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആലപ്പുഴ റ്റി.ഡി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അമ്പലപ്പുഴ കോമന സ്വദേശി എം.എ നാസർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ജല അതോറിറ്റി നൽകിയ ബിൽ ഗഡുക്കളാക്കി നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 2695/2024 (Date : 03/10/2024)
തിരുവനന്തപുരം (വർക്കല) : സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് ജല അതോറിറ്റി നൽകിയ 19,428 രൂപയുടെ ബിൽ 6 മാസ തുല്യഗഡുക്കളായി അടയ്ക്കാൻ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കുടിശ്ശിക അടച്ചു തീർത്തശേഷം ഗാർഹികേതര ആവശ്യത്തിന് കണക്ഷൻ ഉപയോഗിക്കുന്നില്ലെന്ന് രേഖാമൂലം എഴുതി നൽകിയാൽ ഗാർഹിക കണക്ഷനാക്കി മാറ്റി നൽകണമെന്നും കമ്മീഷൻ ജല അതോറിറ്റി വർക്കല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. താൻ വാങ്ങിയ കെട്ടിടത്തിൽ ഒരു റിസോർട്ടിന്റെ ഓഫീസ് പ്രവർത്തിക്കുന്നു എന്ന പേരിലാണ് ഗാർഹികേതര കണക്ഷൻ നൽകിയെന്നാണ് പരാതി.
വർക്കല കൈരളിനഗർ സ്വദേശി എൽ. യശോധരൻ സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് നടപടി. തനിക്ക് ഗാർഹികേതര കണക്ഷൻ നൽകിയ നടപടി റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ഗാർഹികേതര ബിൽ പൂർണ്ണമായും അടച്ചശേഷം ഗാർഹിക കണക്ഷൻ നൽകണമെന്ന് അപേക്ഷ ലഭിച്ചാൽ പരിഗണിക്കാമെന്ന് ജലഅതോറിറ്റി കമ്മീഷനെ അറിയിച്ചു.
|
വിജയശതമാനം ഉയർത്താൻ കുട്ടികളെ ഭിന്നശേഷിക്കാരായി ചിത്രീകരിക്കരുത് : കർശന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 1443/2024 (Date : 03/10/2024)
കണ്ണൂർ: സ്കൂളിന്റെ വിജയശതമാനം ഉയർത്താനായി ഭിന്നശേഷിക്കാരല്ലാത്ത വിദ്യാർത്ഥികളെ ഭിന്നശേഷിക്കാരായി രേഖപ്പെടുത്തിയ ശേഷം സഹായിയെ നിയോഗിച്ച് പരീക്ഷ എഴുതിപ്പിക്കുന്ന സമ്പ്രദായം ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ എല്ലാ വിദ്യാലയ മേധാവികൾക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഭിന്നശേഷിക്കാരനല്ലാത്ത വിദ്യാർത്ഥിയെ ഭിന്നശേഷിക്കാരനാക്കാൻ ശ്രമിച്ച മമ്പറം ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപികക്ക് മെമ്മോ നൽകി രേഖമൂലം വിശദീകരണം വാങ്ങണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം. കെ ബൈജുനാഥ് നിർദ്ദേശിച്ചു.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്ന് തലശേരി വിദ്യാഭ്യാസ ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
മമ്പറം സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പൂർണ ആരോഗ്യവാനായ തന്റെ മകന് സ്കൂളിലെ പ്രധാനാധ്യാപിക യൂണിക് ഡിസബിലിറ്റി ഐ.ഡി കാർഡ് നൽകിയെന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം ഉറപ്പാക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നും പരാതിയിൽ പറയുന്നു.
കുട്ടിക്ക് പരീക്ഷാ സഹായിയെ നിയോഗിച്ച നടപടി അമ്മയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ റദ്ദാക്കിയതായി തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ കമ്മീഷനെ അറിയിച്ചു. വരും വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിക്കുമ്പോൾ ബോധവത്കരണം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിക്ക് പരീക്ഷ എഴുതാൻ സഹായിയെ ആവശ്യമാണെങ്കിൽ രക്ഷകർത്താവിന്റെയും കുട്ടിയുടെയും സമ്മതപത്രം വാങ്ങാൻ പ്രധാനാധ്യാപികക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം കുത്സിത പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
ഭവനനിർമ്മാണ വായ്പക്ക് ഈടായി നൽകിയ ആധാരം തിരികെ നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 8961/2024 (Date : 01/10/2024)
കോട്ടയം: കേരള ബാങ്ക് പുതുപ്പളളി ശാഖയിൽ നിന്നും ഭവനനിർമ്മാണത്തിനായി വാങ്ങിയ 25 ലക്ഷം രൂപയുടെ വായ്പക്ക് ഈടായി നൽകിയ സ്ഥലം വിറ്റ് വായ്പ തീർപ്പാക്കുന്നതിന് സ്ഥലത്തിന്റെ ആധാരം വിട്ടു നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കേരള ബാങ്ക് പുതുപ്പളളി ശാഖാ മാനേജർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകിയത്. കോട്ടയം പരിയാരം സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിക്കാരൻ വായ്പ അടയ്ക്കുന്നതിന് മുടക്കം വരുത്തിയതിനെ തുടർന്ന് ബാങ്ക് ജപ്തി നടപടികളിലേക്ക് പ്രവേശിച്ചു. ആധാരം ബാങ്കിലാണെന്നും അത് തിരികെ നൽകിയാൽ വസ്തു വിറ്റ് വായ്പാ കുടിശ്ശിക തീർക്കാമെന്നും പരാതിക്കാരൻ അറിയിച്ചു. തുടർന്നാണ് വായ്പാ കുടിശ്ശിക അടച്ചു തീർക്കുന്നതിന് സൗകര്യവും അതിനാവശ്യമായ സമയവും ബാങ്ക് അനുവദിച്ചു നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടത്.
|
പിതാവിനെ മകൾ സംരക്ഷിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ല: പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. HRMP NO. 233/2023 (Date : 01/10/2024)
പത്തനംതിട്ട: 72 വയസ്സുളള പിതാവിനെ മകൾ സംരക്ഷിക്കണമെന്ന കൊല്ലം ആർ.ഡി.ഒ.കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിനായി സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
തൃശ്ശൂർ മേലൂർ കലവറ കടവിൽ റോയ് ചെറിയാനെ പത്തനംതിട്ട മല്ലപ്പളളിയിൽ താമസിക്കുന്ന മകൾ റോണി റോയിയും മരുമകൻ കെ.തോമസും സംരക്ഷിക്കണമെന്ന ഉത്തരവ് നടപ്പിലാക്കിയില്ലെന്ന് ആരോപിച്ച് റോയ് ചെറിയാൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയുടെ ഉത്തരവ്. മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും നിയമം 2007 പ്രകാരമുള്ള പരാതിയിലാണ് കൊല്ലം ആർ. ഡി. ഒ കോടതി സംരക്ഷണ ഉത്തരവ് നൽകിയത്. എന്നാൽ മകൾ അനുസരിച്ചില്ല.
പരസഹായമില്ലാതെ നടക്കാൻ ബുദ്ധിമുട്ടാണെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. ജീവിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ല. ഉത്തരവ് നടപ്പാക്കി തരണമെന്ന് ആവശ്യപ്പെട്ട് താൻ കൊല്ലം ജില്ലാ കളക്ടർക്ക് അപ്പീൽ നൽകിയെങ്കിലും അത് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നും പരാതിക്കാരൻ അറിയിച്ചു. തുടർന്നാണ് ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ വിശദീകരണം ചോദിച്ചത്.
|
റോഡിന്റെ ഇരുവശത്തുമുള്ള സാധനങ്ങൾ നീക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 3310/2024 (Date : 01/10/2024)
എറണാകുളം: ചേന്ദമംഗലം വടക്കുംപുറം ഗോതുരുത്ത് റോഡിന്റെ ഇരുവശങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന കോൺക്രീറ്റ് പോസ്റ്റുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ അടിയന്തരമായി നീക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചേന്ദമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
വീട്ടുകാരുടെ മതിൽ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് റോഡിന്റെ വശങ്ങളിൽ മരം, ഇരുമ്പ് പോസ്റ്റ്, കോൺക്രീറ്റ് മതിലുകളുടെ അവശിഷ്ടങ്ങൾ എന്നിവ കൂട്ടിയിട്ടിരിക്കുന്നതെന്നാണ് പരാതി.
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ വടക്കുംപുറം - ഗോതുരുത്ത് പൊതുമരാമത്ത് റോഡിലും പഞ്ചായത്ത് റോഡിലും സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതെന്ന് പറയുന്നു. സാധനങ്ങൾ നീക്കാൻ വീട്ടുകാർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ചില സാധനങ്ങൾ നീക്കിയെങ്കിലും ബാക്കി സ്ഥലത്ത് തന്നെയുണ്ടെന്ന് പരാതിക്കാരനായ ക്രിസ്റ്റി ഗോതുരുത്ത് കമ്മീഷനെ അറിയിച്ചു. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.
|
കുടിവെള്ളം നിഷേധിക്കുന്നു : നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4505/2024 (Date : 30/09/2024)
തിരുവനന്തപുരം: കഴക്കൂട്ടം വെട്ടുറോഡ് – വെഞ്ഞാറമൂട് റോഡിന്റെ വലതു വശത്ത് താമസിക്കുന്നവർക്ക് കുടിവെള്ളം നൽകുകയും ഇടതുവശത്ത് താമസിക്കുന്നവർക്ക് കുടിവെള്ളം നിഷേധിക്കുകയും ചെയ്യുകയാണെന്ന പരാതി പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
റോഡിന്റെ വലതുഭാഗത്ത് മാവിൻമൂട് പുന്നാട്ട് തമ്പുരാൻ ക്ഷേത്രത്തിന്റെ ആർച്ചുവരെ വെള്ളം ലഭ്യമാണ്. പ്രസ്തുത പൈപ്പ് ലൈൻ ഇടതുഭാഗത്തേക്ക് നീട്ടിയാൽ പരിഹരിക്കാവുന്ന വിഷയമാണിതെന്ന് പരാതിക്കാരൻ അറിയിച്ചു.
ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥലം സന്ദർശിച്ച് നിലവിലുള്ള പൈപ്പ് ലൈൻ നീട്ടിയാൽ പ്രശ്നപരിഹാരം കാണാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇപ്രകാരം ചെയ്തശേഷം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. ഇതിൽ അമൃത് 2. 0 പദ്ധതി പ്രകാരം ചന്തവിള കാട്ടായിക്കോണം പൈപ്പ് ലൈൻ പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായോ എന്നും വ്യക്തമാക്കണം. കരാറുകാരൻ കരാർ ഒപ്പിട്ടെങ്കിൽ അക്കാര്യവും, പണി എന്ന് പൂർത്തിയാകുമെന്ന വിവരവും റിപ്പോർട്ടിലുണ്ടാകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഒക്ടോബർ 8 ന് നടക്കുന്ന സിറ്റിംഗിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ നിയോഗിക്കുന്ന ഒരു സീനിയർ എഞ്ചിനീയർ ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പ്രദേശവാസികൾക്ക് വേണ്ടി ശ്രീകുമാരി നൽകിയ പരാതിയിലാണ് നടപടി.
|
നടുവട്ടം ഗോഡൗണിലെ സുരക്ഷാവീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 30/09/2024)
കോഴിക്കോട്: മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും വിതരണത്തിനായി ധാന്യങ്ങൾ സൂക്ഷിക്കുന്ന നടുവട്ടം ഗോഡൗണിൽ സുരക്ഷഭീഷണിയുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സപ്ലൈ കോ റീജിയണൽ മാനേജർക്ക് നോട്ടീസയച്ചു.
ഒരാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ഒക്ടോബർ 29 ന് വെസ്റ്റ് ഹിൽ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഗോഡൗണിലേക്കുള്ള പ്രധാന ഗേറ്റ് തകർന്ന നിലയിലാണെന്നാണ് പരാതി. ലക്ഷങ്ങൾ വിലയുള്ള ധാന്യങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിന്റെ മേൽക്കൂരയിൽ സമീപത്തെ വൃക്ഷത്തിന്റെ ശിഖരങ്ങൾ ചാഞ്ഞ് കിടക്കുന്നു. മേൽക്കൂരയിലെ ടിൻ ഷീറ്റ് ദ്രവിച്ചതിനാൽ മഴവെള്ളം കെട്ടിടത്തിനുള്ളിലേക്ക് പതിച്ച് ഭക്ഷ്യധാന്യങ്ങൾ കേടാകാൻ സാധ്യതയുണ്ട്. കെട്ടിട വളപ്പിൽ വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ താവളമാണ്.
ഗോഡൌണിന് സമീപമുള്ള മരം ഏതു സമയത്തും കെട്ടിടത്തിലേക്കോ വൈദ്യുതി ലൈനിലേക്കോ വീഴാൻ സാധ്യതയുണ്ട്. മരങ്ങൾ മേൽക്കൂരയിൽ വീണാൽ ഷീറ്റ് തകർന്ന് വെള്ളം കെട്ടിടത്തിനുള്ളിൽ പതിക്കും. കെട്ടിട വളപ്പിൽ ഭീഷണിയുയർത്തുന്ന മരങ്ങൾ മുറിക്കാൻ വനം വകുപ്പ് അനുമതി നൽകിയെങ്കിലും ഉടമസ്ഥാവകാശത്തെയും ധനവിനിയോഗത്തെയും കുറിച്ചുള്ള തർക്കം കാരണം നടന്നിട്ടില്ലെന്നും പരാതിയിലുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
കിണറിൽ നിന്നും കക്കൂസ് കുഴിക്ക് അകലം കുറവെന്ന് ആരോപണം: ഒരിക്കൽ കൂടി അളക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4331/2023 (Date : 30/09/2024)
കൊല്ലം: കിണറിൽ നിന്നും കക്കൂസ് കുഴിക്കുള്ള അകലം സംബന്ധിച്ച തർക്കം പരിഹരിക്കാൻ പരാതിക്കാരന്റെ സാന്നിധ്യത്തിൽ അളക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇക്കാര്യത്തിൽ വെളിയം പഞ്ചായത്ത് സെക്രട്ടറി സമവായ ചർച്ച നടത്തി പരാതി പരിഹരിക്കണമെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
കൊട്ടറ മീയണ്ണൂർ സ്വദേശി കെ.എസ്. കോശിയുടെ പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്. കക്കൂസ് കുഴിയുടെ നിർമ്മാണം വെളിയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി തടഞ്ഞെന്നാണ് പരാതി.
കമ്മീഷൻ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. ആൻസി.ഡി.ബാബു എന്നയാളുടെ കുടിവെള്ള കിണറിൽ നിന്നും 7.5 മീറ്റർ അകലം പാലിക്കാത്തതുകൊണ്ടാണ് കക്കൂസ് കുഴിയുടെ നിർമ്മാണം തടഞ്ഞതെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ ചട്ടപ്രകാരം അകലമില്ലെന്ന വ്യാജ റിപ്പോർട്ടാണ് നൽകിയതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. തുടർന്നാണ് പരാതിക്കാരനെ ബോധ്യപ്പെടുത്തി സ്ഥലം ഒരിക്കൽ കൂടി അളക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടത്.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: വായ്പക്ക് ഈട് നൽകിയ പ്രമാണം തിരികെ ലഭിച്ചു. HRMP NO. 1309/2024 (Date : 28/09/2024)
ഇടുക്കി: ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് കാർഷിക കടാശ്വാസ കമ്മീഷൻ പാസാക്കിയ ഉത്തരവ് ബാങ്കിന് ലഭിച്ചില്ലെന്ന പേരിൽ പാറത്തോട് സർവീസ് സഹകരണ ബാങ്ക് വായ്പയെടുത്തയാൾക്ക് തിരികെ നൽകാതിരുന്ന പ്രമാണം മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിലൂടെ തിരികെ ലഭിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പാറത്തോട് സർവീസ് സഹകരണ ബാങ്കിന് നൽകിയ നിർദ്ദേശത്തെ തുടർന്നാണ് വായ്പയെടുത്ത പാറത്തോട് സ്വദേശിനിക്ക് പ്രമാണം തിരികെ ലഭിച്ചത്.
2016 ൽ 100,000 രൂപയും 2017 ൽ 3,50,000 രൂപയുമാണ് പരാതിക്കാരി വായ്പയെടുത്തത്. 2022 സെപ്റ്റംബർ 15 ന് കാർഷിക കടാശ്വാസ കമ്മീഷൻ ഹിയറിംഗ് നടത്തുകയും 6,00,000 രൂപ വായ്പയെടുത്തയാളുടെ വിഹിതമായി അടയ്ക്കുകയും ചെയ്തു. പരാതിക്കാരി വായ്പ കുടിശ്ശിക തിരിച്ചടച്ചെങ്കിലും കടാശ്വാസ കമ്മീഷന്റെ ഉത്തരവ് ലഭിക്കാത്തതിനാൽ ബാങ്ക് വായ്പക്ക് ഈടായി നൽകിയ പ്രമാണം തിരികെ നൽകിയില്ല. മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം കടാശ്വാസ കമ്മീഷനെ അറിയിക്കുകയും തുടർന്ന് കടാശ്വാസ കമ്മീഷൻ ഉത്തരവ് ബാങ്കിന് നൽകുകയും ചെയ്തതോടെയാണ് പ്രമാണം തിരികെ ലഭിച്ചത്.
|
പഞ്ചായത്ത് കെട്ടിടത്തിന് സമീപമുള്ള പാലമരത്തിന്റെ ശിഖരങ്ങൾ മുറിക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 28/09/2024)
തൃശൂർ: വരന്തരപ്പിള്ളി പഞ്ചായത്ത് കെട്ടിടത്തിന് സമീപമുള്ള പാലമരത്തിന്റെ അപകടാവസ്ഥയിലുള്ള ശിഖരങ്ങൾ മുറിച്ചു മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മരത്തിന്റെ ശിഖരങ്ങളും തലപ്പും മുറിച്ചുമാറ്റാൻ തീരുമാനിച്ചിട്ടുള്ളതായി വരന്തരപ്പിള്ളി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പരാതിക്ക് പരിഹാരമായില്ലെങ്കിൽ പരാതിക്കാരന് കമ്മീഷനെ വീണ്ടും സമീപിക്കാമെന്ന് ഉത്തരവിൽ പറയുന്നു.
മുപ്ലിയം കാരോടൻ വീട്ടിൽ രവീന്ദ്രനാഥ് സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്.
|
മക്കൾ പോലീസിന് കൈമാറിയ രേഖകൾ അമ്മക്ക് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 2234/2023 (Date ; 28/09/2024)
കോഴിക്കോട്: അച്ഛന്റെ ആത്മഹത്യയെ തുടർന്ന് മക്കൾ പോലീസിന് കൈമാറിയ ബാങ്ക് സ്ഥിരം നിക്ഷേപത്തിന്റെ സർട്ടിഫിക്കേറ്റുകളും മറ്റു രേഖകളും അമ്മക്ക് മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ യിൽ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ചേവരമ്പലം സ്വദേശിനിക്ക് രേഖകൾ കൈമാറിയ വിവരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. കോടതി പരിഗണിച്ച വിഷയമായതിനാൽ കേസന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. ചേവരമ്പലം സ്വദേശിനിക്ക് ആവശ്യമെങ്കിൽ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം സമർപ്പിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
പരാതിക്കാരിയായ ചേവരമ്പലം സ്വദേശിനിയുടെ ഭർത്താവ് 2023 ഫെബ്രുവരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി പരാതിക്കാരിയുടെ മക്കളാണ് സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ പോലീസിനെ ഏൽപ്പിച്ചത്. ഇവ കോടതിയിൽ ഹാജരാക്കിയെങ്കിലും സുരക്ഷിതമായി സൂക്ഷിക്കാൻ കോടതി മെഡിക്കൽ കോളേജ് എസ്.എച്ച്.ഒയെ ചുമതലപ്പെടുത്തി. അന്വേഷണത്തിനുശേഷം സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങാൻ പരാതിക്കാരിയെ ഫോണിൽ വിളിച്ചെങ്കിലും കോൾ എടുത്തില്ലെന്ന് പോലീസ് കമ്മീഷനെ അറിയിച്ചു. രേഖകളുമായി പോലീസ് പരാതിക്കാരിയുടെ വീട്ടിലെത്തിയെങ്കിലും പരാതിക്കാരിയായ അമ്മ എവിടെയാണെന്ന് അറിയില്ലെന്ന് മക്കൾ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മക്കെതിരെ പരാതിക്കാരായ പെൺമക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നതായും ഇതിന്റെ ഭാഗമായാണ് സർട്ടിഫിക്കേറ്റുകൾ പോലീസിന് കൈമാറിയതെന്നും മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. ഭർത്താവിന്റെ ആത്മഹത്യാ കേസുമായി സ്ഥിരനിക്ഷേപ സർട്ടിഫിക്കേറ്റുകൾക്ക് യാതൊരു ബന്ധവുമില്ലെന്നും അവ പോലീസ് അന്യായമായി കസ്റ്റഡിയിൽ സൂക്ഷിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. കേസന്വേഷണം അവസാനിച്ചിട്ടും എസ്.എച്ച്.ഒ രേഖകൾ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്നും പരാതിയിൽ പറയുന്നു.
|
പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് സർട്ടിഫിക്കേറ്റുകൾ അയച്ചു കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 28/09/2024)
കോട്ടയം: ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിയുടെ ശമ്പളത്തിൽ നിന്നും വിഹിതം പിടിച്ച് അടച്ച ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം, (ജി.ഐ.എസ്) സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് (എസ്.എൽ.ഐ) എന്നിവയുടെ സാക്ഷ്യപത്രങ്ങൾ പാമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പാനൂർ നഗരസഭാ സെക്രട്ടറിയും പരാതിക്കാരന് നേരിട്ട് അയക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു.
കടുത്തുരുത്തി സപ്തസ്വര യിൽ പി. ശ്രീകുമാർ സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്. മലപ്പുറം പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിട്ടാണ് പരാതിക്കാരൻ വിരമിച്ചത്. പാമ്പാടി, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും പാനൂർ, ഏറ്റുമാനൂർ നഗരസഭാ സെക്രട്ടറിമാരും തുക അടച്ചതിന്റെ സർട്ടിഫിക്കേറ്റ് നൽകിയില്ലെന്നായിരുന്നു പരാതി.
കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് ഏറ്റുമാനൂർ നഗരസഭ, കടുതുരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ സർട്ടിഫിക്കേറ്റ് പരാതിക്കാരന് അയച്ചുകൊടുത്തു. എന്നാൽ പാനൂർ നഗരസഭാ സെക്രട്ടറി സർട്ടിഫിക്കേറ്റ് കമ്മീഷന് അയച്ചുതന്നു. തുടർന്ന് കമ്മീഷൻ സിറ്റിംഗിന് ഹാജരായ പരാതിക്കാരൻ പാമ്പാടി ഗ്രാമപഞ്ചായത്തിൽ നിന്നും വാട്സാപ്പ് മുഖേനയാണ് തനിക്ക് സർട്ടിഫിക്കേറ്റ് അയച്ചുതന്നതെന്ന് പറഞ്ഞു. തുടർന്നാണ് പാനൂർ നഗരസഭാ സെക്രട്ടറി സർട്ടിഫിക്കേറ്റ് പരാതിക്കാരന് നേരിട്ട് അയച്ചുകൊടുക്കാൻ ഉത്തരവായത്. പാമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി യഥാർത്ഥ സർട്ടിഫിക്കേറ്റ് പരാതിക്കാരന് അയക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
|
ബീമാപ്പള്ളി നഴ്സറി സ്കൂളിന് സമീപമുള്ള മാലിന്യകൂമ്പാരം നാലു ദിവസത്തിനകം നീക്കം ചെയ്യണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 27/09/2024)
തിരുവനന്തപുരം: ബീമാപ്പള്ളി നഴ്സറി സ്കൂളിന് സമീപമുള്ള മാലിന്യ നിക്ഷേപം നഗരസഭാ സെക്രട്ടറിയും ഹെൽത്ത് ഇൻസ്പെക്ടറും നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും 4 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സ്വീകരിച്ച നടപടികൾ നഗരസഭാ സെക്രട്ടറിയോ അദ്ദേഹം നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനോ ഒക്ടോബർ 9ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
നഗരസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബീമാപ്പള്ളി നഴ്സറി സ്കൂളിലെ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിലേക്കായി നഗരസഭാ സെക്രട്ടറിക്കും സ്കൂൾ അധികൃതർക്കും മുൻകൂർ നോട്ടീസ് നൽകിയ ശേഷം വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ നിയോഗിക്കുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്കൂൾ സന്ദർശിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
സ്കൂളിലെ അപര്യാപ്തതകൾ മനസിലാക്കി നിലവിലുള്ള മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള സൗകര്യങ്ങൾ സ്കൂളിലുണ്ടോ എന്ന് പരിശോധിക്കണം. എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളാണ് സ്കൂളിൽ അനിവാര്യമെന്നതിനെകുറിച്ച് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഒരു മാസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം.
പഠനത്തിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ നഴ്സറിയിലില്ലെന്ന് പത്രവാർത്തയിൽ പറയുന്നു. മത്സ്യഭവന്റെ രണ്ടു ഓഫീസുകൾക്ക് നടുവിൽ ഒറ്റ മുറിയിലാണ് നഴ്സറി പ്രവർത്തിക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന ക്ലാസ് മുറിക്ക് സമീപം മാലിന്യകൂമ്പാരമാണ്. കളിപ്പാട്ടമോ കളിസ്ഥലമോ ഇല്ലാതെ കുട്ടികൾ വീർപ്പുമുട്ടുന്നു. കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുള്ള സ്ഥലം, പൈപ്പുകൾ, ശുചിമുറി എന്നിവ ലഭ്യമല്ല. പാവപ്പെട്ട മത്സ്യത്തഴിലാളികളുടെ വീട്ടിൽ നിന്നും വരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ അവകാശ നിഷേധമാണ് നടക്കുന്നതെന്നും വാർത്തയിൽ പറയുന്നു.
|
ജനവാസ മേഖലയിലെ മൊബൈൽ ടവർ നിർമ്മാണം: ജില്ലാ കളക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. (Date : 27/09/2024)
കോഴിക്കോട്: താമരശേരി ഉണ്ണിക്കുളം പഞ്ചായത്തിലെ ചോയിരം വാർഡിൽ കാരമ്മൽ മംഗലത്ത് ജനവാസ മേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കം തടയണമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ കളക്ടർക്ക് നോട്ടീസയച്ചു.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഒക്ടോബർ 29 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസ് പരിഗണിക്കും.
നിലവിൽ മൊബൈൽ ഫോണുകൾക്ക് മികച്ച സിഗ്നൽ ലഭിക്കുന്ന സ്ഥലത്ത് പുതിയ ടവറിന്റെ ആവശ്യമില്ലെന്ന് പരാതിക്കാർ അറിയിച്ചു. രോഗികളും സ്ത്രീകളും തിങ്ങിപാർക്കുന്ന സ്ഥലത്ത് സ്വകാര്യ മൊബൈൽ കമ്പനി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മൊബൈൽ ടവറിന്റെ നിർമ്മാണം തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശവാസികൾക്ക് വേണ്ടി സി.പി. അബ്ദുൾ മജീദും എ. മൻസൂറുമാണ് കമ്മീഷനെ സമീപിച്ചത്.
|
റേഷൻ കാർഡിൽ നിന്നും പേര് നീക്കി : പുതിയ കാർഡ് രണ്ടാഴ്ചക്കകം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 27/09/2024)
തൃശൂർ: കുടുംബവഴക്കിനെ തുടർന്ന് സഹോദരൻ, സഹോദരിയുടെ പേര് റേഷൻകാർഡിൽ നിന്നും നീക്കിയെന്ന പരാതിയിൽ റേഷൻ കാർഡ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കിള്ളിമംഗലം അടിച്ചാഴി മഠത്തിൽ വീട്ടിൽ രുഗ്മിണിക്ക് പുതിയ റേഷൻകാർഡ് അനുവദിക്കാനാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി തലപ്പിള്ളി താലൂക്ക് സപ്ളെ ഓഫീസർക്കാണ് നിർദ്ദേശം നൽകിയത്. ഉത്തരവ് ലഭിച്ച് രണ്ടാഴ്ചക്കകം പുതിയ റേഷൻകാർഡ് അനുവദിക്കണം.
പരാതിക്കാരി 1842082458 എന്ന റേഷൻ കാർഡിൽ ഉൾപ്പെട്ടിരുന്നതായി പരാതിയിൽ പറയുന്നു. തന്റെ അമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ സഹോദരൻ വ്യാജരേഖ ചമച്ച് തലപ്പിള്ളി താലൂക്ക് സപ്ലെ ഓഫീസർക്ക് സമർപ്പിക്കുകയും തന്റെ പേര് റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്തതായും പരാതിയിൽ പറഞ്ഞു. നിലവിൽ തന്റെ പേര് ഒരു റേഷൻ കാർഡിലുമില്ലെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
സപ്ലൈ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ പുതിയ റേഷൻകാർഡ് നിയമാനുസൃതം അനുവദിക്കാമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ഇല്ലെങ്കിൽ പരാതിക്കാരിയുടെ ഭർത്താവും മക്കളും ഉൾപ്പെടുന്ന റേഷൻകാർഡിൽ പരാതിക്കാരിയുടെ പേരും ചേർക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
|
പൊതുവഴിയിലെ കക്കൂസ് കുഴി മാറ്റാനുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പാലിച്ചില്ല : നഗരസഭാ സെക്രട്ടറിയെ വിളിച്ചുവരുത്തും. (Date : 27/09/2024)
കോട്ടയം: കക്കൂസ് കുഴിയുടെ ടാങ്ക് പ്രദേശവാസി പൊതുവഴിയിൽ സ്ഥാപിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കാത്ത കോട്ടയം നഗരസഭാ സെക്രട്ടറിയെ കമ്മീഷൻ വിളിച്ചുവരുത്തും.
നവംബറിൽ കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരായില്ലെങ്കിൽ 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരവും 2023 ലെ ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും നടപടിയെടുക്കുമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. സിറ്റിംഗ് തീയതി പിന്നീട് അറിയിക്കും.
ഉത്തരവിന്റെ പകർപ്പ് രജിസ്റ്റേഡ് തപാലിൽ നഗരസഭാ സെക്രട്ടറിക്ക് അയച്ചു. മള്ളുശേരി ചെരുവുകാലയിൽ ജോസഫ് മാനുവൽ സമർപ്പിച്ച പരാതിയിലാണ് നടപടി. മള്ളുശേരി സ്വദേശി കുഞ്ഞച്ചനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
പരാതിക്കാരന്റെ വീട്ടിലേക്കുള്ള വഴിയിലാണ് എതിർകക്ഷി കക്കൂസ് കുഴിയെടുത്തത്. ഇതിനെതിരെയുള്ള പരാതി പരിഹരിക്കാൻ കമ്മീഷൻ കോട്ടയം നഗരസഭാ സെക്രട്ടറിക്ക് 2022 സെപ്റ്റംബർ 27 ന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് പരാതിക്കാരൻ വീണ്ടും കമ്മീഷനെ സമീപിച്ചു. സിറ്റിംഗിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് നാലു തവണ നോട്ടീസയച്ചെങ്കിലും സെക്രട്ടറി ഹാജരായില്ല. അവധിയും സമർപ്പിച്ചില്ല. തുടർന്നാണ് നടപടി.
|
കോഴിക്കോട് മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന് (Date : 27/09/2024)
കോഴിക്കോട് : മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജുനാഥ് ഇന്ന് (27/9/2024) രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.
|
ആലപ്പുഴ മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന് (Date : 27/09/2024)
ആലപ്പുഴ : മനുഷ്യാവകാശ കമ്മീഷൻ ഇന്ന് ( സെപ്റ്റംബർ 27 ) ആലപ്പുഴ ഗവ.ഗസ്റ്റ്ഹൗസിൽ സിറ്റിംഗ് നടത്തും. 28 ന് നടത്താനിരുന്ന സിറ്റിംഗ് വള്ളംകളി കാരണം 27 ലേക്ക് മാറ്റുകയായിരുന്നു. 28 ന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ 27 ന് രാവിലെ പത്തരക്ക് ഹാജരാകണം.
|
സഹകരണ സംഘം മുൻ ജീവനക്കാരന്റെ ആനുകൂല്യങ്ങൾ ഉടൻ നൽകണം : മനുഷ്യാവകാശ കമ്മീഷൻ. ( Date : 26/09/2024)
പത്തനംതിട്ട: ജീവനക്കാർ സർവീസിൽ നിന്നും വിരമിച്ചാൽ കാലതാമസം കൂടാതെ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന നിയമം അറിഞ്ഞുകൊണ്ടു തന്നെ തടഞ്ഞുവച്ച സഹകരണ സംഘം മുൻ ജീവനക്കാരന്റെ രണ്ടു മാസത്തെ ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും അടിയന്തരമായി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മൈലപ്ര സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്കും പെൻഷൻ ബോർഡ് സെക്രട്ടറിക്കുമാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.
വെട്ടിപ്പുറം അഞ്ചകാല സ്വദേശി ജോഷ്വാമാത്യുവിന്റെ ആനുകൂല്യങ്ങൾ നൽകാനാണ് ഉത്തരവ്. 2022 ഏപ്രിൽ 30 നാണ് പരാതിക്കാരൻ വിരമിച്ചത്.
ബാങ്കിനുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ശമ്പളം നൽകാൻ കഴിയാത്തതെന്ന് മൈലപ്ര സഹകരണ ബാങ്ക് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന്റെ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ സഹകരണ വകുപ്പിന്റെ അനുമതി ലഭ്യമാകണമെന്നും റിപ്പോർട്ടിൽ പറഞ്ഞു. പരാതിക്കാരന്റെ സർവീസ് സംബന്ധമായ കാര്യങ്ങളിൽ വ്യക്തത വരുത്താൻ പത്തനംതിട്ട പെൻഷൻ ഫണ്ട് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
പരാതിക്കാരൻ സർവീസിൽ നിന്നും വിരമിച്ച് ഒന്നരവർഷം കഴിഞ്ഞിട്ടും ലഭിക്കേണ്ട രണ്ടുമാസത്തെ ശമ്പളം നൽകാത്തത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
ഗുണ്ടകളെ നിയന്ത്രിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത് എ.ഡി.ജി.പി നിരീക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 26/09/2024)
ഇടുക്കി: ഗുണ്ടാ വിളയാട്ടം നിയന്ത്രിക്കുന്നതിനുള്ള സർക്കാർ പദ്ധതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി നടപ്പിലാക്കുന്നുവെന്ന് എ.ഡി.ജി.പി (ക്രമസമാധാനം) ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
2022 അവസാനം പോലീസ് തയ്യാറാക്കിയ ഗുണ്ടകളുടെ പട്ടികയിൽ 2272 പേരാണ് ഉണ്ടായിരുന്നതെന്നും ഇത് ഒന്നരവർഷം കൊണ്ട് 2815 ആയി ഉയർന്നുവെന്നും ആരോപിക്കുന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 438 കൊലപാതകങ്ങളും 1358 വധശ്രമങ്ങളും നടന്നതായി പരാതിക്കാരൻ ആരോപിച്ചു.
സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി ക്രമസമാധാന വിഭാഗം അഡീഷണൽ ഡി.ജി.പി റിപ്പോർട്ട് സമർപ്പിച്ചു. ഗുണ്ടാ വിളയാട്ടം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എല്ലാ പോലീസ് സ്റ്റേഷനുകളിലും ആന്റി സോഷ്യൽ രജിസ്റ്റർ സൂക്ഷിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ നിരീക്ഷിക്കാറുമുണ്ട്. ഗുണ്ടകളെ നിരീക്ഷിക്കുന്നതിന് ഓഗ്മെന്റ് ആക്ഷൻ എഗൈൻസ്റ്റ് ആന്റി സോഷ്യൽസ് ആന്റ് ഗുണ്ടാസ് നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മയക്കുമരുന്ന് തടയാൻ ഡി.ഹണ്ട്, കുട്ടികൾക്കെതിരെയുള്ള അക്രമം തടയാൻ പി.ഹണ്ട്, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ സി.വൈ ഹണ്ട്, ആയുധ ദുരുപയോഗം തടയാൻ ജി.ഹണ്ട് എന്നീ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
സൗജന്യ കുടിവെള്ള വിതരണം നിർത്തലാക്കിയതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. (Date : 26/09/2024)
കോഴിക്കോട്: ഫറോക്ക് നഗരസഭയിൽ 10,000 ത്തോളം പേർക്ക് ആശ്രയമായിരുന്ന സൗജന്യ കുടിവെള്ള വിതരണം നിർത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു. ഫറോക്ക് മുൻസിപാലിറ്റി സെക്രട്ടറി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ ഒക്ടോബർ 29 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഫറോക്ക് വെസ്റ്റ് എല്ലൂരിലെ വാട്ടർടാങ്കിൽ നിന്നും മൂന്നാഴ്ച മുമ്പ് വരെ കുടിവെള്ളം സൗജന്യമായി നൽകിയിരുന്നു. കരുവൻതുരുത്തി മേഖലയിലെ 10,000 പേർ ഇതോടെ ദുരിതത്തിലായി. സംസ്ഥാന സർക്കാരാണ് കുടിവെള്ള വിതരണം നിയന്ത്രിക്കുന്നത്. പ്രതിമാസം 50 രൂപ ഗുണഭോക്താക്കൾ നൽകണമെന്നാണ് മുൻസിപാലിറ്റിയുടെ നിലപാട്. 50 വർഷങ്ങൾക്ക് മുമ്പാണ് പദ്ധതി നടപ്പിലാക്കിയത്. സർക്കാർ മാനദണ്ഡങ്ങളിൽ ഇളവു വരുത്തിയാൽ സൗജന്യ കുടിവെള്ള വിതരണം തുടരാമെന്നാണ് മുൻസിപാലിറ്റിയുടെ റിപ്പോർട്ട്. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഇടപെട്ടത്.
|
ആലപ്പുഴ മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് 27ലേക്ക് മാറ്റി. (Date : 25/09/2024)
ആലപ്പുഴ : മനുഷ്യാവകാശ കമ്മീഷൻ സെപ്റ്റംബർ 27 ന്ആലപ്പുഴ ഗവ.ഗസ്റ്റ്ഹൗസിൽ സിറ്റിംഗ് നടത്തും. 28 ന് നടത്താനിരുന്ന സിറ്റിംഗ് വള്ളംകളി കാരണം 27 ലേക്ക് മാറ്റുകയായിരുന്നു. 28 ന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ 27 ന് രാവിലെ പത്തരക്ക് ഹാജരാകണം.
|
ഇ. സി.റ്റി ചികിത്സ മുടങ്ങി മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 25/09/2024)
കോഴിക്കോട് : ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ അനസ്തെറ്റിസ്റ്റ് ഇല്ലാത്തതിനെ തുടർന്ന് ഇലക്ട്രോൺ കൺവസ്ലീവ് തെറപ്പി ( ഇ സി.ടി.) മുടങ്ങിയതിനെകുറിച്ച് അന്വേഷണം നടത്തി ആശുപത്രി സൂപ്രണ്ട് വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.ഒരാഴ്ചക്കകം വിശദീകരണം നൽകണം.
6 രോഗികൾക്ക് വീതം 2 ദിവസം എന്ന ക്രമത്തിൽ നൽകുന്ന ചികിത്സയാണ് മുടങ്ങിയത്. ഇ.സി.ടി.ചികിത്സക്ക് അനസ്തെറ്റിസ്റ്റിന്റെ സേവനം നിർബന്ധമാണ്. അനസ്തീസിയ നൽകിയ ശേഷം തലച്ചോറിലേക്ക് നേരിയ തോതിൽ വൈദ്യുതി കടത്തിവിടുന്ന ചികിത്സയാണ് ഇത്. ഒരു മാസം മുമ്പ് പുനസ്ഥാപിച്ച ചികിത്സയാണ് മുടങ്ങിയത്.
ആഴ്ചയിൽ ഒരു ദിവസം ഗവ.ജനറൽ ആശുപത്രിയിലേയും കോട്ടപറമ്പ് ആശുപത്രിയിലെയും അനസ്തെറ്റിസ്റ്റിന്റെ സേവനമാണ് മാനസികാരോഗ്യകേന്ദ്രത്തിൽ ലഭ്യമാകുന്നത്. ഓരോ രോഗിക്കും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തുടർച്ചയായി നടത്തേണ്ട ചികിത്സ മുടങ്ങാൻ പാടില്ല. ഈ സാഹചര്യം കണക്കിലെടുത്ത് മാനസികാരോഗ്യ കേന്ദ്രത്തിൽ അനസ്തെറ്റിസ്റ്റ് നിയമനം നടത്തണമെന്നാണ് ആവശ്യം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാലിന്യസംസ്ക്കരണം: മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. (Date : 25/09/2024)
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാലിന്യസംസ്ക്കരണം അവതാളത്തിലായെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
ആശുപത്രി സൂപ്രണ്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചശേഷം രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിൽ മാലിന്യം കുന്നുകൂടിയത് പകർച്ച വ്യാധി ഭീഷണിയുയർത്തുന്നു. ഖരമാലിന്യ പ്ലാന്റിലെ ഇൻസിനറേറ്റർ തകരാറിലായതാണ് മാലിന്യ സംസ്ക്കരണം മുടങ്ങാൻ കാരണമെന്ന് പരാതിയുണ്ട്.
പാരാ മെഡിക്കൽ ഹോസ്റ്റലിന് സമീപമുള്ള ഖരമാലിന്യ പ്ലാന്റിലാണ് ദുസ്ഥിതിയുണ്ടായത്. ദിവസേനെ മൂന്നര ടൺ മാലിന്യം ഇവിടെയെത്തുന്നുണ്ട്. ഇതിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുമുണ്ട്. ദുർഗന്ധം കാരണം ജീവിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കൊതുകും ഈച്ചയും സ്വൈരവിഹാരം നടത്തുന്നു. തെരുവുനായ ശല്യവും കൂടുതലാണ്.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഒക്ടോബർ 29ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ശബരിമല വിമാനത്താവളം: സ്ഥലം ഏറ്റെടുത്ത് ജപ്തി ഒഴിവാക്കണം- മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 8554/2023 (Date : 25/09/2024)
കോട്ടയം: ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്ന സ്ഥലം എത്രയും വേഗം ഏറ്റെടുത്ത് വസ്തു ഉടമയുടെ പേരിലുള്ള ജപ്തി നടപടികൾ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഉടൻ നഷ്ടപരിഹാരം അനുവദിക്കാത്ത പക്ഷം ചെറുവള്ളി കരിക്കത്തൂർ സെന്റർ സ്വദേശിനിയുടെ വസ്തു ബാങ്ക് ജപ്തി ചെയ്യാൻ സാധ്യതയുണ്ടെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. കോട്ടയം ജില്ലാ കളക്ടർ ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കേരള ബാങ്ക് കരിക്കത്തുർ ശാഖാ മാനേജറും പരാതി അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണം.
കേരള ബാങ്ക് കരിക്കത്തൂർ ശാഖയിൽ നിന്നും പരാതിക്കാരിയായ ലിജൻ മാത്യു 20 ലക്ഷം രൂപ ഭവന വായ്പയെടുത്തിരുന്നു. ഭർത്താവ് മരിച്ചതോടെ തിരിച്ചടവ് മുടങ്ങി. വായ്പ കുടിശ്ശിക ഈടാക്കുന്നതിനായി സർഫാസി നിയമപ്രകാരം നോട്ടീസ് അയച്ചിട്ടുണ്ടെന്നും എന്നാൽ വസ്തു ഉടമ മരിക്കുകയും ഈടായി നൽകിയ സ്ഥലം ശബരിമല വിമാനത്താവളത്തിന് ഏറ്റെടുക്കുന്നതിനാലും ജപ്തി നടപടികൾ തത്കാലം നിർത്തിയിരിക്കുകയാണെന്ന് ബാങ്ക് കമ്മീഷനെ അറിയിച്ചു. മൊത്തം 23,90,091 രൂപ അടയ്ക്കാനുണ്ട്. ബാങ്ക് മാനേജറെയും പരാതിക്കാരിയെയും നേരിൽ കേട്ടശേഷമാണ് ഉത്തരവ് പാസാക്കിയത്.
|
കാസർകോട് കാസർകോട് സിറ്റിങ് ഇന്ന്. (Date : 24/09/2024)
കാസർകോട് : മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജുനാഥ് ഇന്ന് (24/9/2024) രാവിലെ 10.30 ന് കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.
|
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി : മർദ്ദനമേറ്റയാൾക്ക് 25000 രൂപ നൽകും : എസ്.ഐ യിൽ നിന്നും ഈടാക്കും . (Date : 23/09/2024)
എറണാകുളം: ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ പിടികൂടി ക്രൂരമായി മൂന്നാംമുറ പ്രയോഗിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 25,000 രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവിട്ടു. നഷ്ടപരിഹാരം കുറ്റാരോപിതനായ പനങ്ങാട് മുൻ എസ്.ഐ യുടെ ശമ്പളത്തിൽ നിന്നും 3 തുല്യ ഗഡുക്കളായി ഈടാക്കാനും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കമ്മീഷൻ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ജെ.ബി കോശിയുടെ ഉത്തരവാണ് നടപ്പാക്കിയത്.
നെട്ടൂർ കൈതമനപറമ്പ് വീട്ടിൽ സോജിഷിനാണ് എസ്.ഐ യിൽ നിന്നും മർദ്ദനമേറ്റത്. പട്ടിക വിഭാഗക്കാരനായ തന്നെ ഷാജി എന്നയാൾ മർദ്ദിച്ചതായി പരാതിക്കാരൻ പറഞ്ഞു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തന്നെ അധികാരികളുടെ അറിവോ സമ്മതമോ ഇല്ലാതെ പനങ്ങാട് മുൻ എസ്.ഐ, എ.ബി വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തെന്നാണ് പരാതി. തുടർന്ന് സോജിഷ് കമ്മീഷനിൽ പരാതി നൽകി. പരാതിയിൽ എസ്.ഐ ക്കെതിരെ കേസെടുത്ത് നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.
എസ്.ഐ ക്കെതിരെ അന്വേഷണം നടത്തി സെൻഷ്വർ നൽകി വകുപ്പുതല നടപടി സ്വീകരിച്ചെങ്കിലും നഷ്ടപരിഹാരം നൽകിയില്ല. കമ്മീഷൻ അന്തിമ ഉത്തരവ് പാസാക്കുന്നതിന് മുമ്പ് എതിർവാദം സമർപ്പിക്കാൻ എസ്.ഐ ക്ക് അവസരം നൽകിയെങ്കിലും ചെയ്തിട്ടില്ലെന്ന് സർക്കാർ കണ്ടെത്തി.
ഈ സാഹചര്യത്തിലാണ് പരാതിക്കാരാനായ സോജിഷിന് 25,000 രൂപ നൽകാൻ സർക്കാർ ഉത്തരവായത്.
|
മഹൽ അംഗത്തിന് മനുഷ്യാവകാശം നിഷേധിച്ചാൽ വഖഫ് ബോർഡിനെ സമീപിക്കണം: മനുഷ്യാവകാശ കമ്മീഷൻ . (Date : 23/09/2024)
തൃശൂർ: മഹൽ അംഗം എന്ന നിലയിൽ ലഭിക്കേണ്ട എല്ലാ സേവനങ്ങൾക്കും സഹായങ്ങൾക്കും വഖഫ് ബോർഡിനെ സമീപിക്കാമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി.
ഒരാളുടെ മനുഷ്യാവകാശത്തെ ലംഘിക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പുത്തൻചിറ പടിഞ്ഞാറേ മുസ്ലീം മഹൽ ജമാമത്ത് അംഗത്തിന്റെ മകളുടെ വിവാഹത്തിന് സമ്മതപത്രം നൽകിയില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
മഹലിലെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ പരാതി നൽകിയതുകൊണ്ടാണ് തനിക്ക് സമ്മതപത്രം നിഷേധിച്ചതെന്നും പരാതിക്കാരനായ പുത്തൻചിറ കോവിലത്തുകുന്ന് സ്വദേശി കമ്മീഷനെ അറിയിച്ചു.
മാള പോലീസ് എസ്.എച്ച.ഒ യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഇരുകക്ഷികളും തമ്മിലുള്ള തർക്കം വഖഫ് ബോർഡിൽ നിലവിലുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
|
ഓട്ടിസം ബാധിതരായ കുട്ടികളുടെ അമ്മക്ക് ജോലി നൽകണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 23/09/2024)
കോട്ടയം: 90 ശതമാനം ഓട്ടിസവും കൺജനിറ്റൽ അഡ്രിനൽ ഹൈപ്പർ പ്ലാസിയ എന്ന രോഗമുള്ളവരുമായ രണ്ടു കുട്ടികളുടെ അമ്മക്ക് കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ ജോലി നൽകണമെന്ന ആവശ്യം മാനുഷിക പരിഗണന നൽകി അംഗീകരിക്കണമെന്ന് മനുഷ്യാവാശ കമ്മീഷൻ.
തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. കൊഴുവനാൽ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
കൊഴുവനാൽ പഞ്ചായത്ത് സെക്രട്ടറിയെ കമ്മീഷൻ നേരിൽ കേട്ടു. ഇക്കാര്യത്തിൽ 2022 നവംബർ 5 ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പരാതിക്കാരിക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഒരു ജോലി അനിവാര്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
കൊല്ലം സിറ്റിങ് തിങ്കളാഴ്ച (Date : 20/09/2024)
മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി തിങ്കളാഴ്ച (23/ 9/2024) രാവിലെ പത്തരക്ക് കൊല്ലം ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.
|
യുവതിയുടെ ആത്മഹത്യ: കാലതാമസം കൂടാതെ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.HRMP No. 2449/2023 (Date : 20/09/2024)
കൊല്ലം: മരുത്തടി കന്നിമേൽ ചേരി സ്വദേശിനിയുടെ ആത്മഹത്യയിൽ അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം കാലതാമസം കൂടാതെ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. അലക്സാണ്ടർ തോമസ്.
വർക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത 1073/22 നമ്പർ കേസിന്റെ അന്വേഷണം പൂർത്തിയാക്കാനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
ശ്രീകലയുടെ പിതാവ് കെ. ശങ്കരൻകുട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി. വർക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. 2022 ഡിസംബർ 28 ന് വൈകിട്ട് ഇടവ കാപ്പിൽ കണ്ണൻ മൂല ചന്ദ്രത്തിൽ വീട്ടിലാണ് ശ്രീകല ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ നിരന്തര പീഡനത്തെ തുടർന്നാണ് ശ്രീകല ആത്മഹത്യ ചെയ്തതെന്ന് പരാതിയിൽ പറയുന്നു. മകളുടെ മരണത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
|
പോലീസുകാരനെതിരായ വീട്ടമ്മയുടെ പരാതി: മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും. HRMP No. 6469/2023 (Date : 20/09/2024)
എറണാകുളം: ഭർത്താവിന്റെ സഹോദരനായ സിവിൽ പോലീസ് ഓഫീസർക്ക് സഹായകരമായ നിലപാട് സ്വീകരിച്ച് വീട്ടമ്മക്ക് നീതി നിഷേധിക്കുകയാണെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും.
കമ്മീഷന്റെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് 2 മാസത്തിനകം സമർപ്പിക്കണം.
പരാതിക്കാരിയും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥരാണ്. പോലീസുകാരനായ എതിർകക്ഷി തന്നെയും ഭർത്താവിനെയും കള്ളക്കേസിൽ കുടുക്കി ഉപദ്രവിക്കുകയാണെന്നാണ് പരാതി.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയും എതിർകക്ഷിയും തമ്മിൽ കാലാകാലങ്ങളായി വസ്തുതർക്കം നിലനിൽക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എതിർകക്ഷിയുടെ ഭാര്യയുടെ മൊഴി പ്രകാരം 2022 ഏപ്രിൽ 29 ന് കുന്നത്തുനാട് പോലീസ് 286/22 നമ്പറായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിന്നീട് കേസ് തെറ്റാണെന്ന് മനസ്സിലാക്കി കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. 2023 ജൂലൈ 24 ന് പരാതിക്കാരിയുടെ ഭർത്താവ് എതിർകക്ഷിയുടെ വീട്ടിലേക്ക് ടൈൽ വലിച്ചെറിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം സി.സി.റ്റി.വി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിയുടെ ഭർത്താവിന് കർശനമായ താക്കീത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പോലീസുകാരനായ എതിർകക്ഷിക്ക് സഹതാപകരമായ നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. പോലീസുകാരൻ ചെയ്യുന്ന കാര്യങ്ങൾ അവഗണിച്ച് പരാതിക്കാരിയുടെയും കുടുംബത്തിന്റെയും പേരിൽ കള്ളക്കേസെടുക്കുകയാണെന്നും പരാതിക്കാരി അറിയിച്ചു. ഈ സാഹചര്യത്തിലാണ് വിഷയം നേരിട്ട് അന്വേഷിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.
|
വഴിതർക്കം കോടതിയിൽ പരിഹരിക്കണം; പക്ഷേ സമാധാന ജീവിതം തകർക്കരുത് - മനുഷ്യാവകാശ കമ്മീഷൻ. HRMP No. 4664/2024 (Date : 20/09/2024)
പാലക്കാട്: വഴിത്തർക്കം സിവിൽ കോടതി വഴി പരിഹരിക്കേണ്ടതാണെങ്കിലും മുതിർന്ന പൗരനും ഭാര്യക്കും സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കുഴൽമന്ദം സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. തച്ചങ്ങാട് പെരിങ്ങാട് വീട്ടിൽ ജയകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
രണ്ട് വീട്ടുകാർ താമസിക്കുന്ന സ്ഥലത്തുള്ള ഗേറ്റ് സംബന്ധിച്ചാണ് തർക്കം. പഞ്ചായത്ത് റോഡിൽ നിന്ന് വസ്തുവിലേക്ക് പ്രവേശിക്കാനുള്ള സ്ഥലത്താണ് ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. അയൽക്കാരൻ തങ്ങൾക്കു കൂടി അവകാശപ്പെട്ട ഗേറ്റ് പൂട്ടി തങ്ങളുടെ സമാധാനം തകർക്കുന്നുവെന്നാണ് പരാതി.
കുഴൽമന്ദം എസ്. എച്ച്.ഒ യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഗേറ്റ് വ്യത്യസ്ത സമയങ്ങളിൽ പൂട്ടുന്നത് സംബന്ധിച്ചാണ് തർക്കം. പരാതി പരിഹരിക്കാൻ നിർദ്ദേശം നൽകിയെങ്കിലും ഇരുകക്ഷികളും തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് കോടതിയിൽ പോകാൻ നിർദ്ദേശം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. വസ്തുവിലേക്കുള്ള വഴിയിലൂടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയത്തിലുള്ള തർക്കം മനുഷ്യാവകാശ കമ്മീഷന്റെ അധികാര പരിധിയിൽ വരുന്നതല്ലെങ്കിലും സ്വസ്ഥതയും സമാധാനവും തകർക്കാൻ അനുവദിക്കരുതെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ വർദ്ധിപ്പിക്കണം; സി.സി.റ്റി.വി സ്ഥാപിക്കണം മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4575/2023 (Date : 20/09/2024)
തിരുവനന്തപുരം: ശക്തമായ സുരക്ഷാ സംവിധാനവും സി.സി.റ്റി.വി ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തി പേരൂർക്കട മാനസികരോഗ്യകേന്ദ്രത്തിൽ നിന്നും രോഗികൾ ചാടി പോകുന്നത് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആരോഗ്യവകുപ്പ് ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
കഴിഞ്ഞ 6 വർഷത്തിനിടെ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സക്കായി പ്രവേശിച്ച 691 രോഗികളെ കാണാനില്ലെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കഴിഞ്ഞ 6 വർഷത്തിനിടെ കാണാതായവരുടെ എണ്ണം 378 ആണെന്നും ഇതിൽ 291 പേരും തിരികെ വീട്ടിലെത്തിയെന്നും റിപ്പോർട്ടിൽ പറഞ്ഞു. ബാക്കി 87 പേരുടെ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. വീട്ടിൽ എത്തിയവരിൽ 204 പേർ പലപ്പോഴായി ആശുപത്രിയിൽ വീണ്ടും പ്രവേശിക്കപ്പെട്ട് ചികിത്സ തേടിയതായും റിപ്പോർട്ടിൽ പറയുന്നു.
രോഗം പൂർണ്ണമായും ഭേദമാകാത്ത രോഗികൾ ആശുപത്രിയിൽ നിന്നും കടന്നു കളയുന്നത് ഒഴിവാക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. രോഗികൾക്കും പൊതു സമൂഹത്തിനും ഇത് ദോഷം ചെയ്യും. ശക്തമായ സുരക്ഷയുടെ അഭാവമാണ് രോഗികൾ പുറത്തുപോകാൻ കാരണമെന്നും ഉത്തരവിൽ പറഞ്ഞു.
|
എടത്തല എൻ.എ.ഡി കവല ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം ത്വരിപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 419/2024 ( Date : 19/09/2024)
കൊച്ചി: എടത്തല എൻ.എ.ഡി കവല ബസ് സ്റ്റോപ്പ് നിർമ്മാണം ത്വരിതപ്പെടുത്താൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് 2023 നവംബറിൽ എൻ.എ.ഡി അധികൃതർ നൽകിയ കത്തിന് മറുപടി നൽകിയ ശേഷം അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് എടത്തല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
എൻ.എ.ഡി യുടെ അനുമതി ലഭിക്കാത്തതിനാൽ നിർമ്മാണം വൈകുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്.
26 വർഷം പഴക്കമുള്ള ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റാൻ പഞ്ചായത്ത് ഭരണസമിതി 2023 ഫെബ്രുവരി 10 ന് തീരുമാനമെടുത്തെങ്കിലും എൻ.എ.ഡി യുടെ സുരക്ഷാ മേഖലയായതിനാൽ അവരുടെ അനുമതി ആവശ്യമാണെന്ന് എടത്തല പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
ഇതു സംബന്ധിച്ച് എൻ.എ.ഡി ക്ക് നിരവധി കത്തുകൾ നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ എൻ.എ.ഡി അധികൃതർ ചില കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ട് 2023 നവംബർ 23 ന് കത്തയച്ചെങ്കിലും പഞ്ചായത്ത് സെക്രട്ടറി ഇതുവരെയും മറുപടി നൽകിയിട്ടില്ലെന്ന് പരാതിക്കാരനായ സി.ജി. പ്രസന്നകുമാർ കമ്മീഷനെ അറിയിച്ചു. ഇതിനാലാണ് എൻ. ഒ.സി (നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകാൻ വൈകുന്നതെന്നും പരാതിക്കാരൻ അറിയിച്ചു. കത്തിന്റെ പകർപ്പും പരാതിക്കാരൻ ഹാജരാക്കി. ഈ സാഹചര്യത്തിലാണ് തുടർ നടപടികൾക്ക് കമ്മീഷൻ നിർദ്ദേശം നൽകിയത്.
|
വായ്പയ്ക്കായി സമർപ്പിച്ച രേഖകൾ തിരികെ നൽകുന്നില്ല: കാനറാ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. ( Date : 19/09/2024)
കൊല്ലം: ആടുവളർത്തലിന് വായ്പക്ക് അപേക്ഷിച്ച യുവാവിന് വായ്പ നിഷേധിച്ച സാഹചര്യത്തിൽ, യുവാവ് ബാങ്കിന് സമർപ്പിച്ച മുഴുവൻ രേഖകളും എത്രയും വേഗം തിരികെ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കാനറാ ബാങ്കിന്റെ കുണ്ടറ ശാഖാ മാനേജർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.
നിഷേധിച്ച വായ്പക്കായി സമർപ്പിച്ച രേഖകൾ തിരികെ നൽകാനാവില്ലെന്ന ബാങ്കിന്റെ വാദത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കാനറാ ബാങ്ക് പോലൊരു സ്ഥാപനത്തിൽ നിന്നും മാന്യമായ ഇടപെടലാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കുണ്ടറ ശാഖാ മാനേജരോ ചീഫ് റീജിയണൽ മാനേജരോ ബാങ്കിന്റെ യശസിനെ കുറിച്ച് ചിന്തിക്കാത്തത് നിർഭാഗ്യകരമാണ്. തൊഴിൽ രഹിതനായ ഒരു യുവാവിന്റെ രേഖകൾ പിടിച്ചുവയ്ക്കുന്നതുകൊണ്ട് എന്താണ് നേട്ടമെന്നും കമ്മീഷൻ ചോദിച്ചു. താൻ സമർപ്പിച്ച രേഖകൾക്കായി അപേക്ഷകൻ ബാങ്കിൽ കയറിയിറങ്ങുകയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. രേഖകൾ അപേക്ഷകന് തിരികെ കിട്ടിയാൽ മറ്റേതെങ്കിലും ബാങ്കിൽ നിന്നും വായ്പയെടുക്കാനാവും. താൻ സമർപ്പിച്ച രേഖകൾ ഒരു കൈപ്പറ്റ് രസീത് നൽകിയ ശേഷം ബാങ്കിൽ നിന്നും തിരികെ വാങ്ങാനും കമ്മീഷൻ അപേക്ഷകന് നിർദ്ദേശം നൽകി.
80,000 രൂപയുടെ വായ്പ ആവശ്യപ്പെട്ടാണ് കുണ്ടറ വെള്ളിമൺ സ്വദേശി പ്രേമചന്ദ്ര കുമാർ ബാങ്കിനെ സമീപിച്ചത്. വായ്പ നിഷേധിച്ചപ്പോൾ താൻ നൽകിയ രേഖകൾ മടക്കി നൽകണമെന്ന് അപേക്ഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഇതും നിഷേധിക്കപ്പെട്ടു. തുടർന്നാണ് കമ്മീഷനെ സമീപിച്ചത്.
അപേക്ഷകൻ ഒറിജിനൽ രേഖകളൊന്നും വായ്പയ്ക്കായി സമർപ്പിച്ചിട്ടില്ലെന്ന് ബാങ്ക് കമ്മീഷനെ രേഖാമൂലം അറിയിച്ചു. എന്നാൽ ഇക്കാര്യം അപേക്ഷകൻ നിഷേധിച്ചു. നൽകാത്ത വായ്പയുടെ രേഖകൾ കരസ്ഥമാക്കാൻ ബാങ്കിന് അധികാരമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
തങ്കമല കരിങ്കൽ ക്വാറിയിലെ ദുരിതങ്ങൾ: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ( Date : 19/09/2024)
കോഴിക്കോട്: ദേശീയ പാതാ നിർമ്മാണത്തിന് വേണ്ടി പ്രവർത്തിക്കുന്നതായി പറയുന്ന തങ്കമല കരിങ്കൽ ക്വാറി കാരണം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണബോർഡ് ജില്ലാ ഓഫീസറും ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
വർഷങ്ങളായി പ്രവർത്തിക്കുന്ന ക്വാറി നാട്ടുകാർക്ക് ദുരിതങ്ങളും വിട്ടുമാറാത്ത രോഗങ്ങളുമാണ് സമ്മാനിക്കുന്നതെന്നാണ് പരാതി. കുട്ടികളും മുതിർന്നവരും ശ്വാസകോശരോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്നു. ക്വാറിയിൽ നിന്നുള്ള പ്രകമ്പനം താങ്ങാനാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തങ്കമലയുടെ താഴ്വാരത്തിലൂടെ ഒഴുകുന്ന കുറ്റ്യാടി ഇറിഗേഷൻ കനാലിലേക്കാണ് ക്വാറിയിൽ നിന്നുള്ള മലിനജലം ഒഴുക്കുന്നത്.ഇത് കുടിവെള്ളം മലിനമാക്കി. കൃത്യമായ മാലിന്യ സംസ്ക്കരണ പദ്ധതികളില്ല. മഴക്കാലമായാൽ പ്രദേശവാസികൾക്ക് നടക്കാൻ പോലുമാവില്ല. 24 മണിക്കൂറും ലോറി ഓടിക്കാൻ അധികാരമുണ്ടെന്നാണ് പറയുന്നത്. ക്വാറിയിലെ സ്ഫോടനത്തിന്റെ ആഘാതം കാരണം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും പരാതിയിലുണ്ട്. ക്വാറിയിൽ കരിങ്കൽ പൊട്ടിക്കുമ്പോൾ പരിസരത്തെ വീടുകൾ കുലുങ്ങും. കൂറ്റൻ ലോറികൾ കാരണം റോഡുകൾ തകരുന്നതായും പരാതിയിലുണ്ട്.
ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ഇടുക്കി മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന്. (Date : 19/09/2024)
ഇടുക്കി : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. അലക്സാണ്ടർ തോമസ് ഇന്ന് (19/09/2024) രാവിലെ 11 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
ഒൻപത് വർഷങ്ങൾക്ക് മുമ്പ് കോവളത്ത് മരിച്ച യുവാക്കളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകിയില്ല: കാരണം വ്യക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 1889/2024 (Date : 18/09/2024)
തിരുവനന്തപുരം: 2015 ജൂലൈ 18 ന് കോവളം കടൽത്തീരത്തുണ്ടായ അപകടത്തിൽ മരിച്ച 5 യുവാക്കളുടെ അവകാശികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5 ലക്ഷം വീതമെങ്കിലും നഷ്ടപരിഹാരം അനുവദിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ 2017 ലെ ഉത്തരവ് നടപ്പാക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
നഷ്ടപരിഹാരം എന്ന് വിതരണം ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
അപകടത്തിൽ മരിച്ച അഖിൽ പി വിജയന്റെ അമ്മ മെഡിക്കൽ കോളേജ് പുതുപ്പള്ളി ലെയിനിൽ പ്രസന്നകുമാരി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നഷ്ടപരിഹാരം ഇതുവരെയും അനുവദിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.
പരാതിയിൽ റവന്യൂസെക്രട്ടറി,ടൂറിസം സെക്രട്ടറി, ഡി.ജി.പി, ജില്ലാ കളക്ടർ എന്നിവരിൽ നിന്നും തൽസ്ഥിതി റിപ്പോർട്ട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം അനുവദിക്കേണ്ടത് റവന്യൂ സെക്രട്ടറിയാണെന്ന് ടൂറിസം സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
മരിച്ച യുവാക്കളുടെ പേരുവിവരങ്ങളും രക്ഷകർത്താക്കളുടെ വിവരങ്ങളും ജില്ലാ കളക്ടർ 6 ആഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
|
മിച്ചഭൂമി പതിച്ചു നൽകിയപ്പോൾ പരസ്പരം മാറിയെന്ന് പരാതി: ജില്ലാ കളക്ടർ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 6430/2024 (Date : 18/09/2024)
കണ്ണൂർ: മിച്ചഭൂമി പതിച്ചുനൽകിയ സമയത്ത് പ്ലോട്ടുകൾ പരസ്പരം മാറിയതു സംബന്ധിച്ചുള്ള പരാതിയിൽ ജില്ലാ കളക്ടർ നേരിട്ട് ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇക്കാര്യത്തിൽ സുതാര്യവും യുക്തവും നിയമാനുസൃതമായ നടപടികൾ സ്വീകരിച്ച് പരാതി പരിഹരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ 3 മാസത്തിനുള്ളിൽ ജില്ലാ കളക്ടർ കമ്മീഷനെ അറിയിക്കണം.
തളിപറമ്പ സി.എച്ച് റോഡിൽ സെയ്ത് നഗർ സ്വദേശിനി കെ.പി. ഷെറീഫ സമർപ്പിച്ച പരാതിയിലാണ് നടപടി. ജില്ലാ കളക്ടറുടെ ബി.8/89418/9 നമ്പർ ഉത്തരവ് പ്രകാരം പ്ലോട്ട് നമ്പർ 29 ആയി പതിച്ചു കിട്ടിയ സ്ഥലത്തിന്റെ കുറെ ഭാഗം മറ്റ് രണ്ടുപേർ തെറ്റായി കൈവശം വച്ചിരിക്കുകയാണെന്നാണ് പരാതി.
തളിപറമ്പ തഹസിൽദാറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ സ്ഥലത്തിന് കൃത്യമായി ഭൂനികുതി ഒടുക്കുന്നുണ്ടെന്നും എന്നാൽ പതിവ് സ്കെച്ച് അനുസരിച്ചുള്ള പ്ലോട്ടുകളല്ല പരാതിക്കാരിയും 27, 28 നമ്പർ പ്ലോട്ടുകാരും കൈവശം വച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ 29 നമ്പർ പ്ലോട്ടിന്റെ ഏറിയപങ്കും ഷീല ജിമ്മി എന്നയാൾ അവരുടെതാണെന്ന് ധരിച്ച് കൈവശം വച്ചിരിക്കുകയാണ്.
മിച്ചഭൂമി പതിച്ച് നൽകിയ പ്ലാൻ പ്രകാരം പരാതിക്കാരിയുടെ വസ്തു മറ്റൊരാളുടെ സ്ഥലത്താണ് വരേണ്ടത്. പരാതിക്കാരിയുടെ വസ്തു ആദ്യം പതിച്ചുകിട്ടിയവർ വ്യക്തമായ അതിർത്തി തിരിച്ച് നൽകാത്തതാണ് പരാതിക്ക് കാരണമായതെന്നും റിപ്പോർട്ടിലുണ്ട്. കക്ഷികളുടെ രേഖകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച് പ്ലോട്ടുകൾ പരസ്പരം മാറിയതാണെങ്കിൽ മാറ്റയാധാരം ചമച്ച് പ്രശ്നപരിഹാരം സാധ്യമാണോ എന്ന് പരിശോധിക്കാൻ കുറ്റ്യേരി വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും തളിപറമ്പ തഹസിൽദാർ കമ്മീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ ജില്ലാ കളക്ടറുടെ ഇടപെടൽ തേടിയത്.
|
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗികളെ ചുമന്നിറക്കുന്നതായി പരാതി: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ . (Date : 18/09/2024)
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിയതിനെ തുടർന്ന് രോഗികളെ ജീവനക്കാർ ചുമന്ന് താഴെയിറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒരാഴ്ചയ്ക്ക് മുമ്പാണ് ലിഫ്റ്റ് തകരാറിലായതെന്ന് മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വരെ ജീവനക്കാർ ചുമന്ന് താഴെയിറക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ആശുപത്രിയിൽ റാംപ് സൗകര്യമില്ലെന്ന് പറയുന്നു. തടിയിൽ കോർത്ത് കെട്ടിയ തുണിയിൽ കിടത്തിയാണ് രോഗികളെ താഴെയെത്തിക്കുന്നത്. മൂന്നാം നിലയിലുള്ള ഓപ്പറേഷൻ തീയേറ്ററിലേക്ക് രോഗികളെ എത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും ഇങ്ങനെയാണെന്ന് വാർത്തകളിൽ പറയുന്നു.
15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ശമ്പളം വൈകിപ്പിക്കുന്നത് മനുഷ്യാവകാശം നിഷേധിക്കുന്നതിന് തുല്യം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 3838/2024 (Date : 13/09/2024)
പാലക്കാട്: കൃഷിവകുപ്പിന് കീഴിലുള്ള കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനിൽ സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യാവകാശം നിഷേധിക്കലാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ശമ്പളം നൽകാതിരിക്കുന്ന സാഹചര്യത്തെ മറ്റ് വിഷയങ്ങളുമായി ബന്ധപ്പെടുത്താതെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉൾപ്പെടെ എത്രയും വേഗം നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
പാലക്കാട് ഓഫീസിലെ ജീവനക്കാരാനായ കെ.വിനോദ് സമർപ്പിച്ച പരാതിയിലാണ് നടപടി. സ്ഥാപനം പ്രവർത്തനക്ഷമമാക്കുന്നതിന് മാനേജ്മെന്റ് തലത്തിലാണ് ക്രിയാത്മക നടപടികൾ സ്വീകരിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
|
മോശം റോഡിൽ സർവീസ് നടത്താറില്ലേ ? കെ.എസ്.ആർ.റ്റി.സിയോട് മനുഷ്യാവകാശ കമ്മീഷൻ. (Date : 13/09/2024)
പത്തനംതിട്ട: മോശം സാഹചര്യത്തിലുള്ള റോഡുകളിലൂടെ കെ.എസ്.ആർ.റ്റി.സി സർവീസ് നടത്താറില്ലേ എന്ന് മനുഷ്യാവകാശ കമ്മീഷൻ.
വടശേരിക്കര ഗ്രാമപഞ്ചായത്തിലെ തെക്കുംമലയിലുള്ള നാലുവാർഡുകളിൽ നിലനിൽക്കുന്ന യാത്രാക്ലേശം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരിയുടെ നിരീക്ഷണം. മോശം സാഹചര്യത്തിലുള്ള റോഡായതിനാലാണ് സർവീസ് നടത്താത്തതെന്ന് കെ.എസ്.ആർ.റ്റി.സി അറിയിച്ചിരുന്നു. പ്രദേശത്തെ യാത്രാക്ലേശം അടിയന്തരമായി പരിഹരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പത്തനംതിട്ട അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർക്കാണ് അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.
യാത്രാക്ലേശം സംബന്ധിച്ച് സാധ്യതാപഠനം നടത്തിയിട്ടുണ്ടെന്ന് എ.റ്റി.ഒ അറിയിച്ചു. തലച്ചിറ മുതൽ വടശേരിക്കര വരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാർ കുറവാണ്. തലച്ചിറ – വടശേരിക്കര റൂട്ടിൽ കെ.എസ്.ആർ.റ്റി.സി റൂട്ട് അനുവദിക്കുന്നത് വരുമാനക്കുറവിന് കാരണമാകും. സ്ഥാപനം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണെന്നും വരുമാനമില്ലാത്ത റൂട്ടുകൾ ആരംഭിക്കുന്നത് പ്രായോഗികമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ട് അവാസ്തവമാണെന്ന് പരാതിക്കാർ അറിയിച്ചു.
കേരളത്തിൽ ഇത്രയും ശോചനീയാവസ്ഥയിലുള്ള റോഡുകളിൽ കെ.എസ്.ആർ.റ്റി.സി സർവീസ് നടത്തുന്നില്ലേ എന്ന് കമ്മീഷൻ ചോദിച്ചു. ഇതിനെക്കാൾ മോശപ്പെട്ട റോഡിൽ കെ.എസ്.ആർ.റ്റി.സി ബസ് റൂട്ട് അനുവദിച്ചിട്ടുണ്ടെന്ന് പരാതിക്കാരും അറിയിച്ചു.
കെ.എസ്.ആർ.റ്റി.സിക്ക് വരുമാനമില്ലാത്തതു കാരണം പുതിയ സർവീസുകൾ പ്രായോഗികമല്ലെന്ന വാദവും കമ്മീഷൻ തള്ളി. ഈ സ്ഥലങ്ങളിൽ ബസ് സർവീസ് നടത്തിയശേഷം മാത്രമേ അത് ലാഭകരമാണോ അല്ലെയോ എന്ന് മനസിലാക്കാൻ കഴിയുകയുള്ളു. ബസ് ഓടിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ എങ്ങനെയാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതെന്നും കമ്മീഷൻ ചോദിച്ചു.
പരാതിക്കാരുടെ ആവശ്യം മനുഷ്യാവകാശ വിഷയമാണെന്ന് ഉത്തരവിൽ പറയുന്നു. പ്രദേശത്തെ സാധാരണക്കാർക്ക് ചികിത്സ തേടുന്നതിനും കുട്ടികൾക്ക് സ്കൂളിൽ പോകുന്നതിനുമാണ് പരാതിക്കാർ ബസ് സർവീസ് ആവശ്യപ്പെടുന്നതെന്നും ഉത്തരവിൽ പറയുന്നു. വടശേരിക്കര സ്വദേശികളായ രാജമ്മ സദാനന്ദൻ, അഭിനേഷ് ചിറയിൽ എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ചേലിയ കൊളക്കണ്ടി പാറക്കണ്ടി റോഡ്: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.(Date :13/09/2024)
കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എട്ടാം വാർഡിലുള്ള ചേലിയ കൊളക്കണ്ടി പാറക്കണ്ടി റോഡ് സഞ്ചാരയോഗ്യമാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ചേലിയയിൽ താമസിക്കുന്ന 9 കുടുംബങ്ങളാണ് തകർന്ന റോഡ് കാരണം ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ 20 വർഷമായി ഇതാണ് അവസ്ഥയെന്ന് നാട്ടുകാർ പറയുന്നു. ജില്ലാ കളക്ടർ ഇടപെട്ടിട്ടും ഫലമുണ്ടായില്ലെന്നും പരാതിയിലുണ്ട്. സെപ്റ്റംബർ 27 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. റോഡ് പുനർനിർമ്മിക്കാൻ പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് ഇറക്കിയ കല്ലുകൾ എടുത്തുമാറ്റിയതായി പ്രദേശവാസികൾ പറയുന്നു. രോഗം വന്നാൽ ആളുകളെ ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ട ഗതികേടിലാണ് നാട്ടുകാരെന്ന് പരാതിയിലുണ്ട്.
|
ശ്രുതിയെ എങ്ങനെ സഹായിക്കാനാവും? ജില്ലാ കളക്ടറോട് മനുഷ്യാവകാശ കമ്മീഷൻ. (Date : 13/09/2024)
വയനാട്: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ വാഹനാപകടത്തിൽ മരിച്ചതോടെ ഒറ്റപ്പെട്ട ശ്രുതിയെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ജില്ലാ ഭരണകൂടത്തോട് മനുഷ്യാവകാശ കമ്മീഷൻ.
ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ ശ്രുതിയെ ചേർത്തു പിടിക്കാൻ ജില്ലാ ഭരണകൂടം ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയത്.
വയനാട് ജില്ലാ കളക്ടർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൌൺ ഹാളിൽ ഒക്ടോബർ 15 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എക്സ്റേ യൂണിറ്റ് പ്രവർത്തനരഹിതം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. (Date : 13/09/2024)
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എക്സ്റേ യൂണിറ്റ് പ്രവർത്തനരഹിതമാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. സെപ്റ്റംബർ 27 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
സൂപ്പർ സ്പഷ്യാലിറ്റി കെട്ടിടത്തിലേക്ക് അത്യാഹിത വിഭാഗം മാറ്റിയ ശേഷമാണ് രോഗികൾക്ക് എക്സറേ സൗകര്യം നിഷേധിക്കുന്നതെന്നാണ് പരാതി. അത്യാഹിത വിഭാഗത്തിലെ എക്സറേ യൂണിറ്റ് മിക്ക ദിവസങ്ങളിലും പണിമുടക്കും. കേടായ യൂണിറ്റ് ഒരു മാസം വരെ അടച്ചിട്ട ശേഷമായിരിക്കും നന്നാക്കുകയെന്നും പരാതിയുണ്ട്. രണ്ടാമത്തെ എക്സ്റേ യൂണിറ്റിൽ മെഷീൻ സ്ഥാപിച്ചെങ്കിലും മെഡിക്കൽ കോളേജിന് കൈമാറിയിട്ടില്ലെന്നും മനസിലാക്കുന്നു. എക്സ്റേ എടുക്കണമെങ്കിൽ രോഗിയെ 300 മീറ്റർ അകലെയുള്ള ജനറൽ ആശുപത്രി ബ്ലോക്കിൽ എത്തിക്കണമെന്നാണ് പരാതി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
എറണാകുളം മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന് (13/09/2024)
എറണാകുളം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇന്ന് (13/09/2024) രാവിലെ 11 ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൌസിൽ സിറ്റിംഗ് നടത്തും.
|
സ്വകാര്യ ബസുകളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 12/09/20224)
കോഴിക്കോട്: സ്വകാര്യബസുകളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയാൻ അടിയന്തര നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
സ്വകാര്യബസുകളിലെ ഗുണ്ടാപടയെ അമർച്ച ചെയ്ത് പൊതുജനങ്ങൾക്കും യാത്രക്കാർക്കും സമാധാനം ഉറപ്പാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകളിലെ ഗുണ്ടാപടയുടെ പ്രവർത്തനം സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പോലീസ് കമ്മീഷണറും ആർ.റ്റി.ഒ യും ഇക്കാര്യം പരിശോധിച്ച് കർശന നടപടികൾ സ്വീകരിച്ച ശേഷം രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കോഴിക്കോട് ഗവ.ഗസ്റ്റ് ഹൌസിൽ സെപ്റ്റംബർ 27 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സംഘർഷം പതിവാണെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ 6 മാസത്തിനിടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടും പോലീസ് കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.
|
മദ്രസ വിദ്യാർത്ഥി അനുഭവിച്ചത് ഗുരുതര മനുഷ്യാവകാശ ലംഘനമെന്ന് കമ്മീഷൻ. (Date : 12/09/2024)
കണ്ണൂർ: കൂത്തു പറമ്പ കിനാവയ്ക്കലിൽ മദ്രസ വിദ്യാർത്ഥിക്ക് അധ്യാപകനിൽ നിന്നും ക്രൂരമർദ്ദനമേറ്റെന്ന പരാതി ഗുരുതര മനുഷ്യാവകാശലംഘനമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി പരാതിയെ കുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സെപ്റ്റംബർ 25 ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ദർസിൽ മതപഠനത്തിനെത്തിയ താണ് വിഴിഞ്ഞം സ്വദേശിയാണ് വിദ്യാർത്ഥി. ഉസ്താദ് മർദ്ദിക്കാറുണ്ടെന്ന് പരാതി പറഞ്ഞതിനെ തുടർന്നാണ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റത്. ഇസ്തിരി പെട്ടി കൊണ്ട് പൊള്ളിച്ചു. ഒടുവിൽ മദ്രസയിൽ നിന്നും ഇറങ്ങിയോടിയെന്ന് വിദ്യാർത്ഥി പറയുന്നു. ഇക്കഴിഞ്ഞ മേയിലാണ് വിദ്യാർത്ഥി ദർസിലെത്തിയത്. എട്ടോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനുണ്ടായിരുന്നു. വിദ്യാർത്ഥിക്ക് ഉമ്മയും ബാപ്പയുമില്ല. മുറിക്കുള്ളിൽ പൂട്ടിയിട്ടെന്നും പരാതിയുണ്ട്. വിഴിഞ്ഞം ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർത്ഥി. വിഴിഞ്ഞം പോലീസ് കേസെടുത്തതായി റിപ്പോർട്ടുണ്ട് .
|
മൃതദേഹങ്ങൾ കോട്ടയം ജില്ലയിൽ പോസ്റ്റുമോർട്ടം ചെയ്യാനുള്ള സാധ്യത പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 6430/2024 (Date : 12/09/2024)
ഇടുക്കി: പീരുമേട് താലൂക്കിൽ അത്യാഹിതങ്ങളോ ആത്മഹത്യയോ കാരണം മരിക്കുന്നവരുടെ മൃതശരീരങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലോ കോട്ടയം മെഡിക്കൽ കോളേജിലോ പോസ്റ്റ്മോർട്ടം ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സംസ്ഥാന പോലീസ് മേധാവിയും ആരോഗ്യവകുപ്പ് ഡയറക്ടറും ഇക്കാര്യം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ടുകൾ മൂന്നാഴ്ചക്കകം സമർപ്പിക്കണം.
പെരുവന്താനം,കൊക്കയാർ പഞ്ചായത്തുകളിൽ ആത്മഹത്യയോ അത്യാഹിതമോ കാരണം മരിക്കുന്നവരുടെ മൃതശരീരങ്ങൾ ഇടുക്കി ജില്ലയിലെ ആശുപത്രികളിൽ തന്നെ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പീരുമേട്ടിലെ പഞ്ചായത്തുകളിൽ നിന്നും ഇടുക്കി മെഡിക്കൽ കോളേജിലേക്ക് 100 കിലോമീറ്റർ ദൂരമുണ്ടെന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് 55 കിലോമീറ്റർ മാത്രമാണുള്ളതെന്നും പരാതിക്കാരനായ പെരുവന്താനം സ്വദേശി മുഹമ്മദ് നിസാർ പരാതിയിൽ പറഞ്ഞു.
അതാത് ജില്ലകളിൽ തന്നെ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ഡോക്ടർമാരും പോലീസും നിർബന്ധം പിടിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞപക്ഷം പീരുമേട് താലൂക്കിലെങ്കിലും ഇളവ് നൽകാൻ കഴിയുമോ എന്ന് കമ്മീഷൻ ആരാഞ്ഞത്.
|
ആശാകിരണം സഹായം അടിയന്തരമായി നൽകണം : മനുഷ്യാവകാശ കമ്മീഷൻ. (Date : 12/09/2024)
ആലപ്പുഴ : 85 ശതമാനം അംഗവൈകല്യമുള്ള കുട്ടിയെ പരിപാലിക്കുന്ന 50 % വൈകല്യമുള്ള അമ്മയ്ക്ക് കിടപ്പുരോഗികളെ പരിചരിക്കുന്നവർക്ക് ആശാകിരണം പദ്ധതി വഴി നൽകുന്ന സർക്കാർ സഹായം കുടിശിക സഹിതം അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി
കേരള സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഉത്തരവിൻ്റെ അടിസ്ഥനത്തിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം.
ചേർത്തല മായിത്തറ സ്വദേശിനി ജി. അനിത സമർപ്പിച്ച പരാതിയിലാണ് ഉത്തരവ് . അനിതയുടെ കുട്ടിക്ക് സഹായം ചോദിച്ചാണ് അപേക്ഷ നൽകിയത്.
ജില്ലാ സാമൂഹിക നീതി ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. എണീറ്റ് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് കുട്ടിക്കുള്ളത്. പരാതിക്കാരിയുടെ ഭർത്താവിനും സുഖമില്ല. 2024 ഫെബ്രുവരി 17 ന് ശിശുവികസന ഓഫീസർ കേരള സാമൂഹിക സുരക്ഷാമിഷൻ ഡയറക്ടർക്ക് നൽകിയ കത്തിൽ ഇവരുടെ അപേക്ഷ അനുഭാവപൂർവം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ജില്ലാ സാമൂഹിക നീതി ഓഫീസർ കമ്മീഷനിൽ നൽകിയ റിപ്പോർട്ടിൽ ഇങ്ങനെ ഒരു അപേക്ഷ ലഭിച്ചിട്ടില്ലെന്നി പറയുന്നു. പരാതിക്കാരിയുടെ ഭൂരിതം ഉദ്യോഗസ്ഥർ മനസിലാക്കുന്നതിന് പകരം അപേക്ഷ കിട്ടിയിട്ടില്ലെന്ന് പറയുന്നത് ശരിയായ നടപടിയല്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. 2016 ലാണ് പരാതിക്കാരി അപേക്ഷ നൽകിയ തെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിയോട് വീണ്ടും അപേക്ഷ നൽകാൻ പറയുന്നത് മനുഷ്യത്വപരമല്ലെന്നും ഉത്തരവിൽ പറയുന്നു.
|
പൊൻമുടി യു.പി സ്കൂൾ ഗുരുതര സുരക്ഷ ഭീഷണിയിൽ: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 158/2024 (Date : 12/09/2024)
തിരുവനന്തപുരം: പൊൻമുടി സർക്കാർ യു.പി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും ഗുരുതര സുരക്ഷാ ഭീഷണി നേരിടുന്നതായി മനുഷ്യാവകാശ കമ്മീഷൻ.
സ്കൂളിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ വകുപ്പുകളെ പഴിചാരി രക്ഷപെടാൻ കഴിയുകയില്ലെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. വകുപ്പുകളുടെ ഏകോപനം ജില്ലാ കളക്ടർ നേരിട്ട് നടത്തണമെന്നും കാലതാമസം കൂടാതെ ചുറ്റുമതിൽ നിർമ്മിച്ച് കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വനാതിർത്തിയിലുള്ള സ്കുളിൽ 42 പിഞ്ചുകുഞ്ഞുങ്ങളും 8 അധ്യാപകരുമുണ്ട്.
ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2023 ഫെബ്രുവരി 24 ന് സ്കൂളിൽ ആന കയറിയെന്നും ജില്ലാ കളക്ടർ നേരിട്ട് പരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഡി.എഫ്.ഒ, നെടുമങ്ങാട് തഹസിൽദാർ, സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവരുടെ വകുപ്പുതല യോഗം വിളിച്ചുകൂട്ടി. റവന്യൂറിക്കോർഡ് പ്രകാരം സ്കുളിന് 02.25 ഏക്കർ ഭൂമിയുണ്ടെങ്കിലും നിലവിൽ സ്കൂളിന്റെ കൈവശത്തിൽ 45 സെന്റ് മാത്രമേയുള്ളുവെന്നും ജില്ലാ കളക്ടർ അറിയിച്ചു.
യു.പി സ്കൂളിന് 1 ഏക്കർ 10 സെന്റ് ഭൂമി ആവശ്യമുള്ള സാഹചര്യത്തിൽ 47 സെന്റിന് പുറമേയുളള 63 സെന്റിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ആവശ്യമില്ല. ഈ ഭൂമി പരിവേശ് പോർട്ടലിൽ ഉൾപ്പെടുത്തി സർക്കാരിന് തീരുമാനമെടുക്കാവുന്നതാണെന്ന് വനം വകുപ്പ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി പരിവേശ് പോർട്ടലിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
പ്രദേശത്ത് വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ സ്വൈര്യവിഹാരം നടത്തുന്നത് നിത്യ സംഭവമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
എൻ. ഐ.റ്റി കാമ്പസിൽ മാലിന്യസംസ്കുരണത്തിന് സുസജ്ജമായ സംവിധാനം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (HRMP NO. 123/2024) (Date : 11/09/2024)
കോഴിക്കോട്: എൻ.ഐ.റ്റി കാമ്പസിൽ മാലിന്യസംസ്ക്കരണത്തിന് സുസജ്ജമായ സംവിധാനം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
എൻ.ഐ.റ്റി കാമ്പസിലെ ഹോസ്റ്റലുകളിൽ നിന്നും മാലിന്യം പുറത്തേക്ക് ഒഴുക്കുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
എൻ.ഐ.റ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിയിലെ ആരോപണങ്ങൾ അവാസ്തവമാണെന്ന് പറയുന്നു. എൻ. ഐ.റ്റി കാമ്പസിലെ മാലിന്യം പുറത്തേക്ക് ഒഴുകുന്നത് തടയണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
എൻ.ഐ.റ്റി അധികൃതർ മാലിന്യസംസ്കരണത്തിന് മതിയായ പ്രാധാന്യം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പൊതുപ്രവർത്തകനായ ഷെരീഫ് മലയാമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി. വിഷയത്തിൽ എൻ. ഐ.റ്റി സമർപ്പിച്ച റിപ്പോട്ട് കമ്മീഷൻ സ്വീകരിച്ചു.
|
സിവിൽകേസിന്റെ പേരിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കാതിരിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ. (HRMP NO. 2267/2024) (Date : 11/09/2024)
പാലക്കാട്: സിവിൽകേസ് നിലവിലുണ്ടെന്ന കാരണം പറഞ്ഞ് മനുഷ്യജീവനും സ്വത്തിനും അപകടകരമായി നിൽക്കുന്ന മരങ്ങളോ ശിഖരങ്ങളോ മുറിച്ചുമാറ്റാനാവില്ലെന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട് ശരിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മരങ്ങളുടെയോ ശിഖരങ്ങളുടെയോ അപകടാവസ്ഥ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി അവ മുറിച്ചുമാറ്റുന്നതിന് സ്ഥലമുടമക്ക് നോട്ടീസ് നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മരങ്ങൾ മുറിക്കാൻ സ്ഥലമുടമ തയ്യാറായില്ലെങ്കിൽ പഞ്ചായത്ത് രാജ് നിയമത്തിൽ നിഷ്കർഷിക്കുന്നതനുസരിച്ച് വകുപ്പുതലത്തിൽ മുറിച്ചുമാറ്റാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ 3 മാസത്തിനുള്ളിൽ മങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പാലക്കാട് മാങ്കുറിശ്ശി സ്വദേശി എ. നാരായണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്റെ അയൽക്കാരന്റെ പറമ്പിലുള്ള മരങ്ങളുടെ ശിഖരങ്ങൾ ഒഴിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നാണ് പരാതി.
പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വാസ്തവമാണെങ്കിലും മരങ്ങൾ നിൽക്കുന്ന സ്ഥലം കേസിൽ പെട്ടതാണെന്ന് മങ്കര പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പഞ്ചായത്ത് നടത്തിയ അദാലത്തിൽ പങ്കെടുത്ത വസ്തു ഉടമ മരങ്ങൾ മുറിച്ചുമാറ്റാമെന്ന് സമ്മതിച്ചെങ്കിലും ചെയ്തില്ല. തുടർന്ന് ഇക്കഴിഞ്ഞ മെയ്യ് 25 ന് നടപടികൾ സ്വീകരിക്കുന്നതിന് പാലക്കാട് ലീഗൽ സർവീസ് അതോറിറ്റിയ്ക്ക് പഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
|
പച്ചാളം - വടുതല പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ . (HRMP NO. 2257/2024) (Date : 10/09/2024)
എറണാകുളം: പച്ചാളം- വടുതല പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സുഗമമായി കുടിവെള്ളം ലഭിക്കാൻ 6 ഇഞ്ച് വ്യാസമുള്ള 160 പൈപ്പുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും 3 മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കാൻ കഴിയുമെന്നും ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. 3 മാസത്തിനുള്ളിൽ പൈപ്പിടൽ പൂർത്തിയാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കൊച്ചി പി.എച്ച് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയറും പ്രൊജക്ട് ഡിവിഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയറും സംയുക്തമായി നടപടി സ്വീകരിക്കണം. പണികൾ പൂർത്തിയാകുന്നതുവരെ ജല ദൗർലഭ്യമുള്ള സ്ഥലങ്ങളിൽ ഗുണനിലവാരമുള്ള ശുദ്ധജലം എത്തിക്കണം. കുടിവെള്ള ലഭ്യതക്കായി റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾക്ക് ബന്ധപ്പെടാവുന്ന ഉദ്യോഗസ്ഥരുടെ പേരും ഫോൺ നമ്പറും ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറും കൊച്ചി നഗരസഭാ സെക്രട്ടറിയും ലോർഡ്സ് കോട്ടേജ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾക്ക് നൽകണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 2025 ജനുവരി 31 ന് മുമ്പ് കമ്മീഷനിൽ സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
വടുതല ലോർഡ്സ് കോട്ടേജ് റസിഡൻസ് അസോസിയേഷൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടെയുള്ള 70 ഓളം വീടുകളിൽ ഗുരുതരമായ ജലക്ഷാമം നേരിടുന്നുവെന്നാണ് പരാതി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 22 ന് നടന്ന സിറ്റിംഗിൽ കൊച്ചി നഗരസഭ ഓവർസിയറും ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും ഹാജരായി. കൊച്ചി നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 19 കോടിയുടെ പദ്ധതി പൂർത്തിയാക്കുമ്പോൾ കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാസം കൂടിയ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതോടെ പരാതി പരിഹരിക്കുമെന്ന് ജലഅതോറിറ്റി അറിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് വി.കെ ഷീബ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
|
സുൽത്താൻ ബത്തേരിയിൽ മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന്. (Date : 11/09/2024)
വയനാട് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഇന്ന് (11/09/2024) രാവിലെ 10.30 ന് സുൽത്താൻ ബത്തേരി ടൌൺ ഹാളിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.
|
കനാൽ ഭൂമിയിലെ മരങ്ങൾ മുറിക്കണമെന്ന് പരാതി നൽകിയ വ്യക്തി കനാൽ ഭൂമി കൈയേറിയതായി ആരോപണം: ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 1544/2024 (Date : 10/09/2024)
പത്തനംതിട്ട: കല്ലട ജലസേചന പദ്ധതിയുടെ വലതുകര ചെയിനേജ് ഇടതു ബണ്ടിനോട് ചേർന്ന് സ്വകാര്യ വ്യക്തി കനാൽ ഭൂമി കൈയേറിയെന്ന് അടൂർ കെ.ഐ.പി കണ്ടെത്തിയ സാഹചര്യത്തിൽ കൈയേറ്റം ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കനാൽ ഭൂമിയിലെ മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷനിൽ പരാതി നൽകിയ വ്യക്തി കനാൽ ഭൂമി കൈയേറിയെന്നാണ് കെ.ഐ.പി കണ്ടെത്തിയത്.
സർക്കാർ ഭൂമി ആര് കൈയേറിയാലും ഒഴിപ്പിക്കാനുള്ള അധികാരവും ബാധ്യതയും റവന്യു വകുപ്പിനുണ്ടെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
കനാൽ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാർഗ്ഗ തടസ്സം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ സ്വദേശി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കനാൽ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ ലേലം ചെയ്ത് വഴി തടസം ഒഴിവാക്കാൻ സ്വീകരിക്കുന്ന നടപടികൾ അടിയന്തരമായി നടപ്പിലാക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.
പരാതിക്കാരന്റെ സാന്നിധ്യത്തിൽ സ്ഥല പരിശോധന നടത്തിയതായി കെ.ഐ.പി ( ഒ & എം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു.
പരാതിക്കാരന്റെ കാർഷെഡിന്റെ ഒരു ഭാഗവും പടിഞ്ഞാറുഭാഗത്തെ ചുറ്റുമതിലിന്റെ ഒരു ഭാഗവും കനാൽ ഭൂമിയിലാണെന്നും കനാൽ വക സർവേകല്ല് പരാതിക്കാരന്റെ കാർഷെഡിലാണെന്നും ബോധ്യപ്പെട്ടതായി കെ.ഐ.പി അധികൃതർ കമ്മീഷനെ അറിയിച്ചു. അടൂർ കെ.ഐ.പി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്വീകരിച്ചു വരുന്ന നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. എന്നാൽ താൻ ഭൂമി കൈയേറിയിട്ടില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
കെ.ഐ.പി പൊന്നും വിലയ്ക്കെടുത്ത സ്ഥലത്തെ മരങ്ങൾ മുറിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. പരാതിക്കാരന്റെ വീട്ടിലേക്ക് പോകാൻ പഞ്ചായത്ത് റോഡ് ലഭ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
|
തൃശൂർ മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന്. ( Date : 10/09/2024)
തൃശൂർ : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഇന്ന് (10/09/2024) രാവിലെ 11 ന് തൃശൂർ ഗവ.ഗസ്റ്റ് ഹൌസിൽ സിറ്റിംഗ് നടത്തും.
|
വികസനത്തിന് പരിഗണന നൽകാതെ പദ്ധതികളെയെല്ലാം എതിർക്കരുത്: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 5766/2023 (Date : 10/09/2024)
വയനാട്: സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങൾക്ക് പരിഗണന നൽകാതെ, നടപ്പിലാക്കുന്ന എല്ലാ പദ്ധതികളെയും എതിർക്കുകയാണെങ്കിൽ അത് സാങ്കേതിക- വ്യാവസായിക വികസനത്തിന് തിരിച്ചടിയാവുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
കാസർകോഡ്, വയനാട് ജില്ലകളിലൂടെ അന്തർസംസ്ഥാന പ്രസരണ ശൃംഖലയെ ബന്ധിപ്പിച്ച് വൈദ്യുതി ബോർഡ് നിർമ്മിക്കുന്ന 400 കെ.വി ഡബിൾ സർക്യൂട്ട് പവർ ഹൈവേയുടെ ടവർ ലൊക്കേഷൻ എ.പി 86 മുതൽ എ.പി 94 വരെയുള്ള റൂട്ട് കൃഷിയിടങ്ങൾ നശിപ്പിക്കുമെന്ന പരാതിയിൽ ഇടപെട്ടുകൊണ്ടാണ് കമ്മീഷൻ ഉത്തരവ്. എന്നാൽ പരാതിക്കാരുടെ ഭയാശങ്കകൾ ദൂരീകരിക്കണമെന്നും അവകാശങ്ങൾ സംരക്ഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വയനാട് (പയ്യമ്പള്ളി) - കാസർകോട് (കരിന്തളം) 400 കെ.വി ഹൈ ടെൻഷൻ വൈദ്യുതി ലൈൻ നിർമ്മിക്കുന്നതിനായി കെ.എസ്.ഇ.ബി കേളകം, കണിച്ചാർ ഗ്രാമപഞ്ചായത്തുകളിലെ കർഷകർക്ക് നോട്ടീസ് നൽകിയെന്നാണ് പരാതി. ഏറ്റവും അനുയോജ്യമായ റൂട്ടാണ് പദ്ധതിക്ക് തെരഞ്ഞടുത്തതെന്നും
ജനവാസമേഖല പരാമവധി ഒഴിവാക്കിയിട്ടുണ്ടെന്നും കെ.എസ്.ഇ.ബി കമ്മീഷനെ അറിയിച്ചു. ഭൂമി നഷ്ടപെടുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഉത്തരമലബാറിലെ വൈദ്യുതി ആവശ്യകത നേരിടാനും വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കാനും കേരളത്തിലെ വൈദ്യുതി ശൃംഖല അന്തർ സംസ്ഥാന പ്രസരണ സംവിധാനങ്ങളുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇതിൽ പ്രധാനം കർണാടകത്തിലെ ഉഡുപ്പി ജനറേറ്റിംഗ് സ്റ്റേഷനിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കേരളത്തിൽ എത്തിക്കുന്നതാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരുടെ ആവശ്യം കെ.എസ്. ഇ.ബി വിശദമായി പരിശോധിച്ചിട്ടുണ്ട്. സാങ്കേതിക സുരക്ഷാ കാരണങ്ങളാൽ ബദൽ റൂട്ട് അലൈൻമെന്റ് നടപ്പാക്കാനാവില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ വാദം കമ്മീഷന് നിരാകരിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ കെ. എസ്.ഇ.ബി സ്വീകരിച്ചത് ഏകപക്ഷീയമായ നിലപാടല്ല. നിയമാനുസൃതമായ നഷ്ടപരിഹാരം കെ.എസ്.ഇ.ബി ഉറപ്പാക്കും. നിലവിലുളള താമസക്കാരെ കുടിയൊഴിപ്പിക്കേണ്ടി വരില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കിയിട്ടുണ്ട്. പരാതി വിഷയത്തിൽ മനുഷ്യാവകാശ ലംഘനം നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രവൃത്തി പുരോഗമിക്കുന്ന ഒരു പ്രധാനപദ്ധതിയെ അനിശ്ചിതത്വത്തിലാക്കാൻ കഴിയില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വയനാട്-കാസർകോട് 400 കെ.വി ട്രാൻസ്ഗ്രിഡ് ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ഷൈജു വർഗീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
പാലക്കാട് മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന്. ( Date : 10/09/2024)
പാലക്കാട് : മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇന്ന് (10/9/24) രാവിലെ 10.30 ന് പാലക്കാട് ഗവ.ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
അനധികൃത കൈയേറ്റമെന്ന പേരിൽ നിർദ്ധന സ്ത്രീയുടെ പെട്ടികട തല്ലി പൊളിച്ചു: പകരം ഉപജീവനമാർഗ്ഗം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 295/2024 (Date : 09/09/2024)
പാലക്കാട് : വിധവയും ഭിന്നശേഷിക്കാരായ രണ്ടു മക്കളുടെ അമ്മയുമായ നിർദ്ധന സ്ത്രീ നടത്തിവന്ന പെട്ടിക്കട, അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത സാഹചര്യത്തിൽ ഇവർക്ക് ജീവനോപാധി കണ്ടെത്തുന്നതിന് ജില്ലാ കളക്ടർ നടപടിയെടുക്മെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പാലക്കാട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഉത്തരവ് ലഭിച്ച് രണ്ടു മാസത്തിനുള്ളിൽ ജില്ലാ കളക്ടർ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വണ്ടാഴി മുടപ്പല്ലൂർ മംഗലം റോഡിലാണ് കെ.ടി രജനിക്ക് ഒരു സന്നദ്ധ സംഘടന പെട്ടികട നൽകിയത്. എന്നാൽ പൊതുമരാമത്ത് വകുപ്പ് പെട്ടികട തല്ലിപൊളിച്ചതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു. പെട്ടികടയുടെ പിന്നിലുള്ളവർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്ന് വണ്ടാഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
റോഡരികിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പെട്ടികട ഒഴിപ്പിച്ചതെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിച്ചു.
അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പെട്ടികട നീക്കം ചെയ്ത പൊതുമരാമത്ത് അധികൃതരുടെ നടപടിയിൽ അപാകതയില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
എന്നാൽ ഉത്തരവ് വിധവയും ഭിന്നശേഷിക്കാരായ മക്കളുടെ അമ്മയുമായ ഒരാളുടെ ജീവിതം ഗതിമുട്ടിച്ചത് തികച്ചും ഖേദകരമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരം ആളുകളെ സഹായിക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
HRMP NO. 804/2024 തേനീച്ച കർഷകർക്ക് പോലീസ് മർദ്ദനം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ . (Date : 09/09/2024)
തിരുവനന്തപുരം (കിളിമാനൂർ): അർദ്ധരാത്രിയിൽ ഓട്ടോറിക്ഷ റോഡരികിൽ നിർത്തി ഉറങ്ങുകയായിരുന്ന തേനീച്ച കർഷകരെ സംശയത്തിന്റെ പേരിൽ പോലീസ്, കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച സംഭവം ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.
2021 ജനുവരി 17 ന് കിളിമാനൂർ പോലീസ് സ്റ്റേഷന് സമീപം നിന്നാണ് ഓട്ടോ കസ്റ്റഡിയിലെടുത്തത്. പരാതിക്കാരനായ നെയ്യാർഡാം പന്ത ഉലയംകോണം സ്വദേശി വി.സജി, കർഷകരായ രാജു, ആൽബിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരെ റോഡരികിൽ സംശയാസ്പദമായി കണ്ടതുകൊണ്ടാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് പറയുന്നു. തുടർന്ന് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് കേസ് അന്വേഷിച്ചു.
സ്റ്റേഷനിൽ നിന്നും മർദ്ദനമേറ്റതായി പരാതിക്കാർ കന്യാകുളങ്ങര ആശുപത്രിയിൽ മൊഴി നൽകിയിട്ടുള്ളതായി അന്വേഷണ വിഭാഗം കണ്ടെത്തി. രാജുവിനും ആൽബിൻ രാജിനും പോലീസ് മർദ്ദനത്തിൽ പരിക്കേറ്റതായി ഡോക്ടർ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാർക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഹാജരാക്കിയ രേഖകളിൽ നിന്നും പരാതിക്കാരനും ഒപ്പമുണ്ടായിരുന്നവർക്കും ദേഹോപദ്രവം ഏറ്റതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാർ പോലീസുമായി പിടിവലി കൂടിയപ്പോൾ പരിക്ക് സംഭവിച്ചുവെന്ന വാദം കമ്മീഷൻ സ്വീകരിച്ചില്ല. തുടർന്നാണ് ഡി.വൈ.എസ്.പി തല അന്വേഷണത്തിന് ഉത്തരവിട്ടത്.
അന്വേഷണത്തിനുശേഷം കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടികളെക്കുറിച്ച് ജില്ലാ പോലീസ് മേധാവി (റൂറൽ) റിപ്പോർട്ട് സമർപ്പിക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
|
മാനസിക വെല്ലുവിളിയുള്ള പെൺകുട്ടിക്ക് മർദ്ദനമേറ്റ സംഭവം പുനരന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ . HRMP NO. 4557/2020 (Date : 09/09/2024)
പത്തനംതിട്ട : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഇവരുടെ വീടിന് സമീപം താമസിക്കുന്ന അമ്മയും മകളും ചേർന്ന് ശാരീരികമായി ഉപദ്രവിച്ചെന്ന പരാതി ഡി.വൈ.എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തിരുവല്ല ഡി.വൈ.എസ്.പിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.
കുറ്റപ്പുഴ വാരിക്കാട് സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. 2020 ജനുവരി 30 നായിരുന്നു സംഭവം. കുറ്റപ്പുഴ പുന്നക്കുന്നം സ്വദേശി നിഷാ രാജേഷിന്റെ വീട്ടിലേക്ക് പൈപ്പ് കണക്ഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് സംഭവത്തിന് കാരണമായതെന്ന് തിരുവല്ല പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കമ്മീഷനെ അറിയിച്ചു. പൈപ്പ് ലൈനിടാൻ എടുത്ത കുഴിയിൽ പരാതിക്കാരിയുടെ മകൾ ഇറങ്ങി ഇരുന്നത് കണ്ട് അയൽവാസിയായ സ്ത്രീ എഴുന്നേറ്റ് പോകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ മകളെ ആരും ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചിട്ടില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയെന്നും മുറിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ട് അവാസ്തവമാണെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
പരാതിയിൽ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങൾ നടന്നിട്ടില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും എന്നാൽ എതിർകക്ഷിക്ക് പോലീസ് ശക്തമായ താക്കീത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിവിഷയം നടന്നിട്ടില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന വാദം കമ്മീഷൻ തള്ളി. സംഭവം നടന്നിട്ടില്ലെങ്കിൽ ശക്തമായ താക്കീത് എന്തിനാണ് നൽകിയതെന്നും കമ്മീഷൻ ചോദിച്ചു. തുടർന്നാണ് ഇക്കാര്യങ്ങൾ ഒരിക്കൽ കൂടി പരിശോധിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടത്.
|
മെഡിക്കൽ കോളേജിലെ സീറോ വെയ്സ്റ്റ് പദ്ധതി താളം തെറ്റി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 07/09/2024)
കോഴിക്കോട്: മെഡിക്കൽ കോളേജിലെ മാലിന്യസംസ്ക്കരണത്തിനുള്ള സീറോ വെയ്സ്റ്റ് പദ്ധതി താളം തെറ്റിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് പരാതി പരിശോധിച്ച് 15 ദിവസത്തികം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
ഇൻസിനറേറ്റർ പണി മുടക്കിയിട്ട് ഒരു മാസം പിന്നിട്ടെന്നാണ് പരാതി. ഇതോടെ മെഡിക്കൽ കോളേജിലെ മാലിന്യസംസ്കരണം നിലച്ചു. കാമ്പസിലെ ഒരു ഇൻസിനറേറ്റർ ഒരു മാസം മുമ്പ് പ്രവർത്തനം നിലച്ചിരുന്നു. നിലവിലുള്ള ഇൻസിനറേറ്ററിന്റെ പ്രവർത്തനം കൂടി നിലച്ചതോടെ മാലിന്യം കുന്നുകൂടി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകൾ ഏത്തുന്ന മെഡിക്കൽ കോളേജ് ഇതോടെ പകർച്ചവ്യാധി ഭീഷണിയിലാണെന്നും പരാതിയിലുണ്ട്.
വിദ്യാർത്ഥികളുടെ ഹോസ്റ്റലിനും ജീവനക്കാരുടെ ക്വാർട്ടേഴ്സിനും സമീപമാണ് മാലിന്യം കുന്നുകൂടുന്നത്. ഇൻസിനറേറ്ററിന്റെ വാർഷിക അറ്റകുറ്റപണികൾക്ക് കരാറായിട്ടില്ലെന്നും ആരോപണമുണ്ട്. ദിനംപ്രതി 5000 കിലോ മാലിന്യമാണ് മെഡിക്കൽ കോളേജിൽ നിന്നുണ്ടാവുന്നത്. കോവിഡ് കാലത്ത് ഉണ്ടായ മാലിന്യം സംസ്ക്കരിക്കാതെ ഇപ്പോഴും ഇൻസിനറേറ്ററിന് സമീപം കെട്ടി കിടക്കുകയാണെന്നും ആരോപണമുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഈ മാസം 27 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
|
സർക്കാർ ആശുപത്രികളിൽ ഷൂട്ടിങ്ങ് പൂർണമായി ഒഴിവാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4409/2024 (Date : 07/09/2024)
എറണാകുളം: അത്യാഹിത വിഭാഗം പോലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനങ്ങളുള്ള ആശുപത്രികളിൽ സിനിമാ ഷൂട്ടിംഗ് പൂർണ്ണമായും ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടന്ന ഫഹദ് ഫാസിൽ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കമ്മീഷൻ താക്കീത് നൽകി. ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശം ആരോഗ്യവകുപ്പ് ഡയറക്ടർ ആശുപത്രി സൂപ്രണ്ടിന് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ആശുപത്രി സൂപ്രണ്ട് കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ ജൂൺ 27 ന് ഷൂട്ടിങ്ങ് തിരക്കിനിടയിലും രോഗികൾക്ക് പരിചരണം നൽകിയതായി പറയുന്നു. സർക്കാർ ആശുപത്രികൾ രോഗികളായ പൊതുജനങ്ങൾ ചികിത്സക്കെത്തുന്ന സ്ഥലമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. അവിടെ സിനിമാ ഷൂട്ടിങ്ങിന് അനുവാദം നൽകിയതു തന്നെ ആതുരസേവകർ എടുത്തിട്ടുള്ള പ്രതിജ്ഞക്ക് എതിരാണ്. ജൂൺ 27 ന് വൈകിട്ട് 6 ന് ഷൂട്ടിങ്ങ് സംഘം ആശുപത്രിയിലെത്തിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ ശബ്ദായമാനമായ അന്തരീക്ഷം ദൃശ്യമാധ്യമങ്ങളിൽ കാണുകയുണ്ടായി. തിരക്കിൽ ആവശ്യമായ പരിചരണം ശ്രദ്ധയോടെയും ഏകാഗ്രതയോടെയും നൽകാനാവില്ല. സിനിമ ഷൂട്ടിങ്ങിന് സർക്കാർ ആശുപത്രി തിരഞ്ഞെടുത്തതിലും ഔചിത്യമില്ലായ്മയുണ്ട്. ആതുരസേവകർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജൂലൈ 5 ന് ആലുവയിൽ കമ്മീഷൻ നടത്തിയ സിറ്റിംഗിൽ ഹാജരായിരുന്നു. രോഗികൾക്ക് പ്രയാസമോ ചികിത്സാ നിഷേധമോ സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. ഇക്കാര്യത്തിൽ താൻ ആശുപത്രിയിലെ സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ചതായി സൂപ്രണ്ട് അറിയിച്ചു. കയറുകെട്ടി വാഹനങ്ങൾ തടയുകയോ സഞ്ചാര തടസം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.
എന്നാൽ സൂപ്രണ്ടിന്റെ വാദം കമ്മീഷൻ തള്ളി. അത്യാഹിതവിഭാഗം ഷൂട്ടിങ്ങിന് നൽകിയത് തെറ്റാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
ജില്ലാ കളക്ടറുടെ ചേമ്പറിലെ ആനക്കൊമ്പ്: പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. HRMP NO. 784/2024 (Date 07/09/2024)
കൽപറ്റ: വയനാട് ജില്ലാ കളക്ടറുടെ ചേമ്പറിൽ ആനക്കൊമ്പുകൾ പ്രദർശിപ്പിക്കുന്നതിനെതിരെ സമർപ്പിച്ച പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ട് സ്വീകരിച്ചുകൊണ്ടാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നടപടി.
1990 ഡിസംബർ 21 ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലക്ക് അനുവദിച്ച ആനക്കൊമ്പുകളാണ് കളക്ടറുടെ ചേമ്പറിൽ പ്രദർശിപ്പിച്ചിട്ടുള്ളതെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിന് 1991 ഓഗസ്റ്റ് 20 ലെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ 40/91 നമ്പർ പ്രകാരം ഓണർഷിപ്പ് സർട്ടിഫിക്കേറ്റ് ലഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ ചേമ്പറിൽ ആനക്കൊമ്പ് സ്ഥാപിച്ചിട്ട് മുപ്പതോളം വർഷമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ ആനക്കൊമ്പ് പ്രദർശിപ്പിച്ചതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആരും വന്യജീവികളെ ഉപദ്രവിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വന്യജീവി സംരക്ഷണത്തിന്റെയും വനസമ്പത്തിന്റെയും പ്രതീകമാണ് ആനക്കൊമ്പുകളെന്നും റിപ്പോർട്ടിലുണ്ട്.
കേരളത്തിന്റെ തന്നെ വന്യജീവി സംരക്ഷണത്തിന്റെ പ്രതീകമായി ആനക്കൊമ്പുകൾ തുടർന്നും ജില്ലാ കളക്ടറുടെ ചേമ്പറിൽ സംരക്ഷിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
ജില്ലയിലെ “എൻ ഊര് ” പദ്ധതിയുടെ നിയമനവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേമ്പറിലെത്തിയ ആദിവാസി സംഘടന നേതാക്കളെ അധിക്ഷേപിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. പദ്ധതിയുടെ സി.ഇ.ഓ സ്ഥാനത്തേക്ക് നടന്ന ഇന്റർവ്യൂവിനെ തുടർന്ന് തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ ജില്ലാ കളക്ടർ ഇടപെടൽ നടത്തണമെന്ന ആവശ്യം തള്ളിയതു കാരണമാണ് ഇത്തരം ഒരു ആരോപണമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരന് അയച്ചുകൊടുത്തെങ്കിലും മറുപടി സമർപ്പിച്ചില്ല. പൊതുപ്രവർത്തകനായ വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ജപ്തി ചെയ്യാൻ ഉദ്ദേശിക്കുന്ന വസ്തുവിൽ നിന്നും കിണർ ഒഴിവാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 1669/2024 (Date : 07/09/2024)
മലപ്പുറം: പെരിന്തൽമണ്ണ കാർഷിക വികസന ബാങ്കിൽ നിന്നും 14 വർഷങ്ങൾക്ക് മുമ്പെടുത്ത വായ്പ അടയ്ക്കാത്തതിനെ തുടർന്ന് ജപ്തി നടപടികളിലേക്ക് പ്രവേശിച്ച വസ്തുവിൽ നിന്ന് കിണർ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇതു സംബന്ധിച്ച് സഹകരണ വകുപ്പ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
പെരിന്തൽമണ്ണ പാതയ്ക്കര രാം നിവാസിൽ അശോകന്റെ വസ്തുവിലുള്ള കിണർ ഒഴിവാക്കണമെന്നാണ് നിർദ്ദേശം.
മലപ്പുറം ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ച 2018-19 ൽ എടുത്ത 4,75,000 രൂപയുടെ വായ്പയാണ് കുടിശ്ശികയായത്. 2019 ഏപ്രിൽ മുതലുള്ള ഗഡുക്കൾ അടച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ബാങ്കിനെ സംബന്ധിച്ചടുത്തോളം സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും നബാർഡിൽ നിന്നും വായ്പ എടുത്ത് പുനർവായ്പ നൽകുന്ന രീതിയാണ് നിലവിലുള്ളതെന്നും വായ്പക്കാർ വായ്പ അടച്ചില്ലെങ്കിലും ബാങ്കിന് വായ്പ അടയ്ക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. ബാങ്ക് ജപ്തി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തുള്ള കിണർ ഒഴിവാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. കിണർ ഒഴിവാക്കിയാണ് ജപ്തി നടപടികൾ സ്വീകരിക്കുന്നതെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സഹകരണ വകുപ്പ് രജിസ്ട്രാർക്ക് ഒരിക്കൽ കൂടി അറിയിപ്പ് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
വഴുതക്കാട് വാർഡിലെ കുടിവെള്ളം പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. HRMP NO. 6485/2024 (Date : 06/09/2024)
തിരുവനന്തപുരം: വഴുതക്കാട് വാർഡിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജല അതോറിറ്റി ചീഫ് എഞ്ചിനിയറും ബന്ധപ്പെട്ട എഞ്ചിനിയർമാരും അടങ്ങുന്ന ഒരു സമിതിക്ക് രൂപം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജല അതോറിറ്റി എം.ഡി ക്ക് നിർദ്ദേശം നൽകി.
വഴുതക്കാട് വാർഡിലെ കുടിവെള്ള ക്ഷാമത്തെ കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ജല അതോറിറ്റി എം.ഡി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കണ്ടെത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സമയപരിധി നിശ്ചയിച്ച് യഥാസമയം പരിഹാര നടപടികൾ സ്വീകരിക്കണം. കുടിവെള്ള ക്ഷാമത്തിന് കാരണമായ പ്രവൃത്തി സംബന്ധിച്ച വിവരങ്ങൾ, കാലതാമസത്തിനുള്ള കാരണങ്ങൾ എന്നിവ കണ്ടെത്തി സ്വീകരിച്ച നടപടികൾ എം.ഡി കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
വിഷയത്തിൽ നഗരസഭാ സെക്രട്ടറി പ്രത്യേക റിപ്പോർട്ട് സമർപ്പിക്കണം. ഇതിൽ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന ആവശ്യം ജലഅതോറിറ്റിക്ക് മുന്നിൽ നഗരസഭ സമർപ്പിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കണം. കുടിവെള്ള ക്ഷാമത്തിന്റെ യഥാർത്ഥ കാരണങ്ങൾ വിലയിരുത്തി വഴുതക്കാട് വാർഡ് കൗൺസിലറും റിപ്പോർട്ട് സമർപ്പിക്കണം. ഇതിൽ പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിക്കണം. 3 ആഴ്ചക്കുള്ളിൽ റിപ്പോർട്ടുകൾ സമർപ്പിക്കണം.
ജല അതോറിറ്റി എം.ഡി യും നഗരസഭാ സെക്രട്ടറി നിർദ്ദേശിക്കുന്ന രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ബന്ധപ്പെട്ട വിശദീകരണങ്ങളുമായി സെപ്റ്റംബർ 30 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
|
വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി: പരാതി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 453/2024 (Date : 05/09/2024)
എറണാകുളം (കോതമംഗലം) : വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി ഗേറ്റിന്റെ പ്രവേശനകവാടത്തിൽ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ല് മാറ്റാൻ അയൽവാസി തയ്യാറാകുന്നില്ലെന്ന പരാതിയിൽ ഇരുകക്ഷികളെയും ഒരുമിച്ചിരുത്തി യുക്തമായ തീരുമാനം പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി.
ഇരുകക്ഷികളും തമ്മിൽ ചർച്ച ചെയ്താൽ പരിഹരിക്കാവുന്ന വിഷയമാണ് ഇതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരനായ കോതമംഗലം നെല്ലിക്കുഴി സ്വദേശി പി.ഡി.മോഹനൻ പരാതി വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇരുകക്ഷികളെയും ഒരുമിച്ചിരുത്തി പരാതി പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എന്നാൽ പരാതിക്ക് പരിഹാരമായില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
ഹൈക്കോടതി വിധിന്യായം നടപ്പിലാക്കാൻ പഞ്ചായത്ത് സെക്രട്ടറി എതിർകക്ഷിക്ക് നൽകിയ നിർദ്ദേശം നടപ്പിലാക്കിയിട്ടില്ലെങ്കിൽ അത് പാലിക്കുന്നതിന് നിയമപ്രകാരമുള്ള നടപടി പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നടപടി റിപ്പോർട്ട് ഒരു മാസത്തിനകം കമ്മീഷനിൽ ഹാജരാക്കണം.
|
ബയോമെട്രിക് രേഖകളില്ല: ഭിന്നശേഷിക്കാരന് ആധാർകാർഡ് ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ . HRMP NO. 4377/2024 (Date : 05/09/2024)
മലപ്പുറം: ബുദ്ധിവളർച്ചയും ചലനശേഷിയുമില്ലാത്ത 27 വയസ്സുള്ള യുവാവിന്റെയും 35 വയസ്സുള്ള യുവതിയുടെയ ശാരീരിക വൈകല്യം കാരണം ബയോമെട്രിക് രേഖകൾ എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇതില്ലാതെ തന്നെ ആധാർകാർഡ് ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
നാഷണൽ ട്രസ്റ്റ് നൽകുന്ന നിരാമയാ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ആധാർ നമ്പർ അനിവാര്യമാണെന്ന് യുവാവിന്റെ അമ്മ അറിയിച്ച സാഹചര്യത്തിൽ കാലതാമസം കൂടാതെ ആധാർ കാർഡ് ലഭ്യമാക്കണമെന്ന് കമ്മീഷൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ആധാർ ഇല്ലാത്തതു കാരണം ചേലമ്പ്ര സ്വദേശിനിയായ യുവതിയുടെ പേര് റേഷൻകാർഡിൽ നിന്നും നീക്കം ചെയ്തിരുന്നു. ബാങ്ക് അക്കൌണ്ട് മരവിപ്പിച്ചു.
ഇവരുടെ ശാരീരിക-മാനസിക വൈകല്യം കാരണം ബയോമെട്രിക് രേഖകൾ എടുക്കാൻ കഴിയുന്നില്ലെന്ന വിവരം യു.ഐ.ഡി.എ ഓഫീസിനെ അറിയിച്ചതായി മലപ്പുറം ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. ലഭ്യമായ വിവരങ്ങൾ വച്ച് ആധാർ നമ്പർ എടുക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി പ്രോജക്ട് മാനേജർ അറിയിച്ചതായി ജില്ലാ കളക്ടർ റിപ്പോർട്ടിൽ പറഞ്ഞു. ആധാർ ലഭിക്കുന്നതുവരെ കൃത്യമായ നിരീക്ഷണം ഇക്കാര്യത്തിലുണ്ടാകണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. യുവാവിന്റെ അമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കോട്ടയം മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന്. (Date : 05/09/2024)
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് ഇന്ന് (5/9/24)രാവിലെ 10.30 ന് കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
കോട്ടയം മനുഷ്യാവകാശ കമ്മീഷൻ
|
സ്കുളിലെ സ്റ്റാഫ് മുറിയിൽ സി.സി.റ്റി.വി ക്യാമറ: ഡി.പി.ഐ ക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. HRMP NO. 5870/2023 (Date : 04/09/2024)
കോട്ടയം: ചങ്ങനാശേരി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റാഫ് റൂമിൽ പ്രിൻസിപ്പൽ സി.സി.റ്റി.വി ക്യാമറ സ്ഥാപിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ സി.സി.റ്റി.വി ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചട്ടം രൂപീകരിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന്റെ വിശദീകരണം തേടി.
പൊതുവിദ്യാഭ്യാസ ഡയറക്ടർ 3 ആഴ്ചക്കകം വിശദീകരണം ഹാജരാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ മാർച്ച് 31 ന് സർവീസിൽ നിന്നും വിരമിച്ച സ്കൂൾ പ്രിൻസിപ്പലും നിലവിൽ പ്രിൻസിപ്പലിന്റെ ചുമതലയുള്ള അധ്യാപകനും പി.ടി.ഐ യെ തെറ്റിദ്ധരിപ്പിച്ച് വനിതാ അധ്യാപകരുടെ സ്റ്റാഫ് മുറിയിൽ സൌണ്ട് റിക്കോർഡിംഗ്, സൂം സംവിധാനങ്ങളുള്ള ക്യാമറ സ്ഥാപിച്ചെന്നാണ് പരാതി. ഇതിനെതിരെ പരാതി നൽകിയ 5 വനിതാ അധ്യാപകരെ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റി. ഡി.പി.ഐ യുടെ ഉത്തരവ് ഒടുവിൽ ഹൈക്കോടതി സ്റ്റേ ചെയ്തു. സിസി.റ്റി.വി യിൽ പതിയുന്ന ദൃശ്യങ്ങൾ പ്രിൻസിപ്പലിന്റെ മുറിയിലെ ടി വി യിൽ പരസ്യമായി പ്രദർശിപ്പിച്ചുവെന്നും പരാതിയിലുണ്ട്.
സി.സി.റ്റി.വി നീക്കം ചെയ്യാൻ വനിതാകമ്മീഷൻ നിർദ്ദേശിച്ചിട്ടും പ്രിൻസിപ്പൽ അംഗീകരിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിൽ സി.സി.റ്റി.വി സ്ഥാപിക്കരുതെന്ന മനുഷ്യാവകാശ കമ്മീഷന്റെ 2017 സെപ്റ്റംബർ 13 ലെ ഉത്തരവ് സ്കൂൾ അധികൃതർ ലംഘിച്ചു. കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2018 ജൂലൈ 12 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ 112803/18 നമ്പർ ഉത്തരവും ലംഘിച്ചതായി പരാതിയിൽ പറയുന്നു.
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ ജീവനക്കാരുടേയും കുട്ടികളുടെയും സ്വകാര്യതയെ ലംഘിക്കുന്ന തരത്തിൽ സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിക്കുന്ന പ്രവണത നിലവിലുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു.
സ്കൂളുകളിൽ ആരുടെയും സ്വകാര്യത ലംഘിക്കാതെ എവിടെയെല്ലാം സി.സി.ടി.വി സ്ഥാപിക്കണം എന്നത് സംബന്ധിച്ചതടക്കമുള്ള മാർഗനിർദ്ദേശം ഡി.പി.ഐ പുറത്തിറക്കണമെന്നും അവകാശ ലംഘനം നടത്തിയ ചങ്ങനാശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പലിനും മറ്റുള്ളവർക്കുമെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. പൊതുസ്ഥാപനങ്ങളിലെ സി.സി.റ്റി.വി ദൃശ്യങ്ങൾ ഓഫീസ് അധികൃതരുടെ സ്വകാര്യ മൊബൈൽ ഫോണിൽ കാണാൻ അനുവദിക്കരുതെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: മരങ്ങൾ പഞ്ചായത്ത് മുറിച്ചു ; ഉടമയിൽ നിന്നും പണവും ഈടാക്കി. HRMP NO. 640/2023 (Date : 04/09/2024)
പത്തനംതിട്ട: വീടിന് അപകടകരമായി മാറിയ മരങ്ങൾ ഉടമ മുറിച്ചു മാറ്റാത്തതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് മുറിച്ചുമാറ്റി മരങ്ങളുടെ ഉടമയിൽ നിന്നും ചെലവായ തുകയും 12% പലിശയും ഈടാക്കി.
മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് തുക ഈടാക്കിയത്.
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. അപകടഭീഷണി ഉയർത്തുന്ന ശിഖരങ്ങൾ മുറിച്ചുമാറ്റാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഉടമ നോട്ടീസ് അനുസരിക്കാത്തതിനാൽ കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരം 2023 ജൂലൈ 11 ന് മരങ്ങൾ മുറിച്ചുമാറ്റി. റാന്നി ബ്ലോക്ക്പടി സ്വദേശി മോഹനൻപിള്ളയിൽ നിന്നാണ് തുക ഈടാക്കിയത്.
ഭാവിയിൽ മരങ്ങളിൽ നിന്നോ മറ്റോ ഭീഷണിയുണ്ടായാൽ വീണ്ടും സമീപിക്കാമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വെട്ടൂർ സ്വദേശി ശശിധരൻപിള്ളയും പൊന്നമ്മയും സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ക്വാറി, ക്രഷർ അനുമതിക്ക് മുമ്പ് ആശങ്കകൾ പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 2526/2023 (Date : 04/09/2024)
വയനാട്: ജില്ലയിൽ ക്വാറി, ക്രഷർ എന്നിവയ്ക്ക് അനുമതി നൽകുന്നതിനു മുമ്പ് പ്രദേശവാസികളുടെ യഥാർത്ഥത്തിലുള്ള ആശങ്കകളും ബന്ധപ്പെട്ട ചട്ടങ്ങളും പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
സുൽത്താൻ ബത്തേരിയിൽ പാടിച്ചിറ മുള്ളൻകൊല്ലി പഞ്ചായത്തിൽ ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്ത് ക്വാറി തുടങ്ങുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പാടിച്ചിറ വില്ലേജിൽ തറപ്പത്ത് കവല ചാമപ്പാറ റോഡിന്റെ അരികിലാണ് കരിങ്കൽ ഖനനത്തിന് സർക്കാർ അനുമതിക്കായി സ്വകാര്യ വ്യക്തി അപേക്ഷ നൽകിയത്. ഇതിന് പരിസ്ഥിതി അനുമതി ലഭിച്ചിട്ടില്ല. പാരിസ്ഥിതികാനുമതി ഉൾപ്പെടെയുള്ളവ മറ്റ് വകുപ്പുകളിൽ നിന്നുള്ള ലഭ്യമായാൽ മാത്രമേ സ്ഥലത്ത് ഖനനാനുമതി നൽകാൻ കഴിയുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കരിങ്കൽ ക്വാറി തുടങ്ങാൻ അപേക്ഷ ലഭിച്ച സ്ഥലം അപകട സാധ്യത മേഖലയിൽ ഉൾപ്പെട്ടതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിയുണ്ടായ സ്ഥലത്ത് കരിങ്കൽ ഖനനം നടത്താനോ ക്രഷർ സ്ഥാപിക്കാനോ അനുമതി നൽകിയിട്ടില്ലെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ കമ്മീഷന്റെ ഇടപെടൽ ഈ ഘട്ടത്തിൽ ആവശ്യമില്ലെന്ന് ഉത്തരവിൽ പറയുന്നു. ചണ്ണോത്ത് കൊല്ലി ക്വാറി വിരുദ്ധസമിതിക്ക് വേണ്ടി ചെയർമാനും കൺവീനറും സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത് തദ്ദേശസ്ഥാപനങ്ങൾ: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4887/2023 (Date : 03/09/2024)
കോഴിക്കോട്: ജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പുറമണ്ണയിൽ കഴിഞ്ഞ നാലുവർഷമായി തുടരുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയെടുത്തില്ലെന്ന പരാതിയിലാണ് ഉത്തരവ്.
ഇരുപത്തിയഞ്ചോളം വീട്ടുകാർ ഉപയോഗിക്കുന്ന വഴിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്ന കാര്യം ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി സത്വരപരിഹാരം കാണണമെന്ന് കമ്മീഷൻ പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ 3 മാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം.
ഇക്കാര്യത്തിൽ ഗ്രാമസഭ തീരുമാനമെടുക്കാത്തത് കാരണമാണ് നടപടിയെടുക്കാൻ കഴിയാത്തതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്. കെ.ടി റിയാസിന്റെ നേതൃത്വത്തിൽ നാട്ടുകാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മദ്യപിച്ച് തെറി പറഞ്ഞാൽ കർശന നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 2406/2021 (Date : 03/09/2024)
പത്തനംതിട്ട: റാന്നി മുണ്ടപ്പുഴ സ്വദേശിയെയും കുടുംബത്തെയും അയൽവാസി പതിവായി മദ്യപിച്ചെത്തി അസഭ്യം പറയുകയാണെന്ന പരാതി ആവർത്തിക്കുകയാണെങ്കിൽ കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി റാന്നി എസ്.എച്ച്. ഒ ക്ക് നിർദ്ദേശം നൽകി.
റാന്നി മുണ്ടുപ്പുഴ സ്വദേശി ജോസഫ് മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി.
റാന്നി എസ്.എച്ച്.ഒ യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2021 ഏപ്രിൽ 2 ന് എതിർകക്ഷി മദ്യപിച്ചെത്തി പരാതിക്കാരനെ തെറി പറയുകയും വീടിന്റെ ജനൽചില്ലകൾ കല്ലെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തെന്ന പരാതിയിൽ കേസെടുത്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. അയൽവാസി മാനസിക രോഗിയെപ്പോലെ പ്രവർത്തിക്കുന്നത് കണ്ട് സ്ഥലവാസികൾ ചേർന്ന് 2 മാസം മുമ്പ് മല്ലപ്പള്ളിയിലുള്ള കാരുണ്യഭവനിൽ പ്രവേശിപ്പിച്ചു. നിലവിൽ അയൽവാസിയെ കൊണ്ട് ശല്യമൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
|
തടവുകാരന് അപ്പീൽ സമർപ്പിക്കാൻ സഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 7367/2023 (Date : 03/09/2024)
മലപ്പുറം: മഞ്ചേരി കോടതി കുറ്റക്കാരനാണെന്ന് വിധിച്ച തടവുകാരന് കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാനാവശ്യമായ സഹായം നൽകണമെന്ന ആവശ്യത്തിൽ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
തവന്നൂർ സെൻട്രൽ പ്രിസണിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. തമിഴ്നാട്ടിൽ നിന്നും ലോറിയിൽ വരികയായിരുന്ന തന്നെയും കൂട്ടുകാരേയും ചമ്രവട്ടത്ത് വച്ച് കഞ്ചാവുകേസിൽ പിടികൂടിയെന്നാരോപിച്ച് തവന്നൂർ സെൻട്രൽ ജയിലിലെ തടവുകാരനായ മനോഹരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
കമ്മീഷൻ തിരൂർ ഡി.വൈ.എസ്.പി യിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2021 സെപ്റ്റംബർ 3 നാണ് പ്രതികളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതെന്ന് ഡി.വൈ.എസ്.പി അറിയിച്ചു. 2024 ജൂൺ 10 ന് വിചാരണ പൂർത്തിയാക്കി പരാതിക്കാരനെ മഞ്ചേരി എൻ.ഡി.പി.എസ് കോടതി 15 വർഷത്തെ ശിക്ഷക്ക് വിധിച്ചു. വിചാരണ സമയത്ത് തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം ലഭിച്ചില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. മുൻകാല കേസുകളിൽ താൻ പ്രതിയാണെന്ന പോലീസിന്റെ ആരോപണം കാരണമാണ് തനിക്ക് ശിക്ഷ കിട്ടിയതെന്ന് പരാതിക്കാരൻ അറിയിച്ചു. വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാൻ തനിക്ക് അവസരം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
|
ഭിന്നശേഷിയുള്ള കുഞ്ഞിനും അമ്മക്കും നേരെ മോശം പെരുമാറ്റം: ഡി. വൈ.എസ്. പി അന്വേഷിക്കണം - മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 5768/2024 (Date : 03/09/2024)
തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുഞ്ഞിനും അമ്മക്കും പോത്തൻകോട് പോലീസ് സ്റ്റേഷനിൽ നിന്നും മോശം പെരുമാറ്റവും ബുദ്ധിമുട്ടുകളുമുണ്ടായെന്ന പരാതിയെ കുറിച്ച് ഡി.വൈ.എസ്.പി തലത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ്. അലക്സാണ്ടർ തോമസ്.
അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവ ദിവസം ചുമതലയുണ്ടായിരുന്ന എസ്.എച്ച്.ഒ രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
നാലാഞ്ചിറ സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിക്കെതിരെ പോത്തൻകോട് സ്റ്റേഷനിൽ മേഴ്സി സെബാസ്റ്റ്യൻ എന്നയാൾ സിവിൽ തർക്കം ഉന്നയിച്ച് പരാതി നൽകിയെന്നും 2022 ഓഗസ്റ്റ് 31 ന് രാവിലെ 10 ന് സ്റ്റേഷനിലെത്തിയ തന്നെയും കുഞ്ഞിനെയും ഒരു മണിവരെ കാത്തിരുത്തിയെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിൽ പോലീസുദ്യോഗസ്ഥൻ സംസാരിച്ചതായും പരാതിയിലുണ്ട്.
നെടുമങ്ങാട് ഡി.വൈ.എസ്.പി യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സുഖമില്ലാത്ത കുഞ്ഞുമായി പരാതിക്കാരി സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. മറ്റൊരു ഡി.വൈ.എസ്.പി യെ കൊണ്ട് അന്വേഷിക്കാനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
|
അരൂർ - തുറവൂർ ദേശിയപാതയിലെ അപകടങ്ങൾ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.(Date : 02/09/2024)
ആലപ്പുഴ: അരൂർ - തുറവൂർ ദേശീയപാതയിൽ അടിക്കടി റോഡപകടങ്ങൾ ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവർ സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ദൃശ്യ - പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ദേശീയ പാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
അരൂർ-തുറവൂർ ദേശീയപ്പാത നിർമ്മാണ മേഖലയിലാണ് അപകടങ്ങൾ പതിവാകുന്നത്. കഴിഞ്ഞ ദിവസം അരൂർ ദേശീയ പാതയിൽ ബസിടിച്ച് വീട്ടമ്മ മരിച്ചിരുന്നു.
|
കോഴ്സ് പൂർത്തിയായാൽ സർട്ടിഫിക്കറ്റ് യഥാസമയം നൽകണം : മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 9188/2023 (Date : 02/09/2024)
കണ്ണൂർ: കോഴ്സ് പൂർത്തിയായാൽ സർട്ടിഫിക്കറ്റുകൾ യഥാസമയം അനുവദിക്കണമെന്നും കോളേജിലെ മറ്റ് തിരക്കുകൾ ചൂണ്ടിക്കാട്ടി പിഴവ് ന്യായീകരിക്കുന്നത് ശരിയല്ലെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ്.
കണ്ണൂർ പരിയാരം ഗവ.ആയുർവേദ കോളേജിനെതിരെയാണ് പരാമർശം. 2023 സെപ്റ്റംബറിൽ ബി.എ. എം എസ് കോഴ്സ് പൂർത്തിയാക്കിയ ഡോക്ടർമാർക്ക് ഇന്റേൺഷിപ്പ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. സർട്ടിഫിക്കേറ്റ് ലഭിക്കാത്തതിനാൽ ജോലിക്ക് അപേക്ഷ നൽകാൻ കഴിയുന്നില്ലെന്ന് പരാതിക്കാരി അറിയിച്ചു.
ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പലിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കോളേജിൽ 2023-24 വർഷത്തെ ബി.എ. എം.എസ് പ്രവേശന തിരക്കായതുകൊണ്ടാണ് പരാതിക്കാരി ഉൾപ്പെടെയുള്ള 30 ഓളം വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം നേരിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് സർട്ടിഫിക്കറ്റ് പരാതിക്കാരിക്ക് നൽകിയെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം വന്നതിനാൽ നാട്ടിക ആയുർവേദ ആശുപത്രിയിൽ ലഭിക്കുമായിരുന്ന ജോലി നഷ്ടമായെന്നും പരാതിക്കാരി അറിയിച്ചു.
ഇത്തരം കാര്യങ്ങളിൽ ഭാവിയിൽ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഡോ. അഞ്ജന ബി. രാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
പെരന്നന്നൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഐ.പി. വിഭാഗം ആരംഭിക്കണം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. HRMP No. 455/2022 (Date : 31/08/2024)
വയനാട്: പെരന്നനൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഐ. പി. വിഭാഗം പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ആവശ്യമായ പരിശോധന നടത്തിയശേഷം വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ രണ്ടു മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പെരന്നനൂർ ആശുപത്രിയിൽ ഉണ്ടായിരുന്ന ഐ.പി വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ജില്ലാ മെഡിക്കൽ ഓഫീസർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പെരന്നനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐ.പി വിഭാഗം പ്രവർത്തിക്കുന്നത് സംബന്ധിച്ച് പരാമർശമില്ലാത്തതുകൊണ്ടാണ് കമ്മീഷൻ കൂടുതൽ വിശദീകരണം സമർപ്പിക്കാൻ നിർദ്ദേശം നൽകിയത്. നല്ലൂർക്കാട് സ്വദേശി കെ.കെ നാസർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന മയീച്ച ഗവ.എൽ.പി സ്കൂളിന് സ്വന്തം കെട്ടിടം നിർമ്മിക്കും. HRMP NO. 1876/2024 (Date : 31/08/2024)
കാസർകോട്: ക്ഷേത്ര ഓഡിറ്റോറിയത്തിലും പിന്നീട് പ്രദേശവാസിയുടെ വീട്ടിലുമായി പ്രവർത്തിക്കുന്ന മയീച്ച ഗവ.എൽ.പി സ്കൂളിന് എത്രയും വേഗം സ്വന്തം കെട്ടിടം നിർമ്മിച്ചു നൽകുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. മയീച്ച ഗവ.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലതാമസം കാരണം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാവാത്ത സാഹചര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരം അധ്യയനം പൊതു ആരാധാലയങ്ങളിൽ നടത്താൻ പാടില്ല. എങ്കിലും സ്കൂൾ പ്രവർത്തിക്കാൻ മറ്റ് സൗകര്യങ്ങൾ ലഭിക്കാത്തതു കാരണമാണ് പി.ടി.എ യുടെയും ക്ഷേത്രസമിതിയുടെയും സമ്മതത്തോടെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സ്കൂൾ പ്രവർത്തിക്കാൻ നിർബന്ധിതമായത്. തുടർന്ന് താൽക്കാലിക സംവിധാനമെന്ന നിലയിൽ മറ്റൊരു കെട്ടിടത്തിൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങി. സ്കൂൾ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്താൻ കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷൻ പത്തനംതിട്ട സിറ്റിങ് ഇന്ന്. (Date : 31/08/2024)
പത്തനംതിട്ട : മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഇന്ന് ( 31/ 8 ) രാവിലെ 10.30 ന് പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.
|
കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് മരണം: അന്വേഷണം കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4406/2024 (Date : 30/08/2024)
തിരുവനന്തപുരം: സ്വകാര്യ വസ്തുവിൽ സ്ഥാപിച്ചിട്ടുള്ള കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് മരണം സംഭവിച്ച സാഹചര്യത്തിൽ വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത 438/24 നമ്പർ ക്രൈം കേസിന്റെ അന്വേഷണം കാലതാമസം കൂടാതെ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
നഷ്ടപരിഹാരം ലഭിക്കണമെന്നുണ്ടെങ്കിൽ മരിച്ചയാളുടെ ഭാര്യ കോടതിയെ സമീപിക്കണമെന്നും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഇതിനാവശ്യമായ സഹായം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വെഞ്ഞാറമൂട് വെള്ളു മണ്ണടി ചക്കക്കാട് സ്വദേശി ഷൈനാദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. 2024 മാർച്ച് 24 ന് രാത്രിയാണ് പരാതിക്കാരിയുടെ ഭർത്താവ് അരുൺ ഷോക്കേറ്റ് മരിച്ചത്. വെള്ളുമണ്ണടി ഓലിക്കര സ്വദേശികളുടെ ഉടമസ്ഥതതയിലുള്ള വസ്തുവിൽ നിന്നുള്ള കമ്പിവേലിയിൽ നിന്നാണ് ഷോക്കേറ്റതെന്ന് പരാതിയിൽ പറയുന്നു.
വെഞ്ഞാറമൂട് എസ്. എച്ച്. ഒ റിപ്പോർട്ട് സമർപ്പിച്ചു. വസ്തു ഉടമകളായ സുശീലനും മകളായ ആശക്കും തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഭർത്താവിന്റെ മരണത്തോടെ തന്റെയും 13 വയസ്സുള്ള മകളുടെയും ജീവിതം പ്രതിസന്ധിയിലായെന്ന് പരാതിക്കാരി അറിയിച്ചു.
|
ഇടിച്ച വാഹനം കണ്ടെത്തിയില്ല : പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 30/08/2024)
കോഴിക്കോട്: വടകര ചേറോട് ദേശീയപാതയിൽ 2024 ഫെബ്രുവരി 17 ന് രാത്രി നടന്ന കാറപകടത്തിൽ മുത്തശ്ശി മരിക്കുകയും 9 വയസ്സായ കൊച്ചുമകൾ അബോധാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിൽ ഇടിച്ച വാഹനം കണ്ടെത്താത്ത പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ജില്ലാ പോലീസ് മേധാവി ( കോഴിക്കോട്റൂറൽ) ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പൂർണവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് നാലാഴ്ചക്കകം ഹാജരാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 17 ന് രാത്രി 10 നാണ് കണ്ണൂർ മേലെ ചൊവ്വ സ്വദേശി തൃഷാനയെയും (9) മുത്തശ്ശി ബേബി (68) യെയും അമിത വേഗതയിൽ പോവുകയായിരുന്ന കാർ ഇടിച്ചുതെറിപ്പിച്ചത്. ബേബി തൽക്ഷണം മരിച്ചു. മുണ്ടയാട് എൽ.പി സ്കൂളിൽ 5 ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ തൃഷാനക്ക് ഗുരുതരമായി പരിക്കേറ്റു. 6 മാസമായി കോമയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് തൃഷാന. കാർ അമിത വേഗതയിലായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ തൃഷാനയുടെ അമ്മ പറഞ്ഞു. ചേറോട് ദേശീയ പാതയിലൂടെ കടന്നുപോയ വെള്ള നിറത്തിലുള്ള കാറാണ് ഇടിച്ചത്.
സി.സി.റ്റി.വി ഉൾപ്പെടേയുള്ള ആധുനിക സൗകര്യങ്ങളുണ്ടായിട്ടും വടകര പോലീസിന് വാഹനം കണ്ടെത്താനായില്ല. നാലു മാസം മുമ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നിട്ടും തുമ്പുണ്ടായില്ല. ഇടിച്ച കാർ കണ്ടെത്താനായില്ലെങ്കിൽ ഇൻഷുറൻസ് സഹായം കിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ റിഹേബിലിറ്റേഷൻ സെന്ററിലെ വരാന്തയിലാണ് തൃഷാനയുടെ കുടുംബം കഴിയുന്നത്. ഇടിച്ച കാറിന്റെ നമ്പർ കണ്ടെത്താനാവത്തതു കാരണം വാഹനം കിട്ടിയില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
|
പരശുറാം എക്സ്പ്രസ് കൃത്യസമയം പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 30/08/2024)
കണ്ണൂർ: പരശുറാം എക്സ്പ്രസ് കൃത്യസമയം പാലിക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പാലക്കാട് റയിൽവേ ഡിവിഷണൽ മാനേജർക്ക് നിർദ്ദേശം നൽകി.
പരശുറാം എക്സ്പ്രസിൽ ഒരു ബോഗി കൂടി അനുവദിച്ചിട്ടുണ്ടെങ്കിലും ട്രെയിനിൽ അനുഭവപ്പെടുന്ന തിരക്കിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ഓടുന്ന പതിവ് തീവണ്ടികളിലെ തിരക്ക് കുറയ്ക്കാൻ റെയിൽവേയുടെ ഭാഗത്ത് നിന്ന് പ്രായോഗികമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും കമ്മീഷൻ വിമർശിച്ചു.
മംഗലാപുരത്ത് നിന്നും രാവിലെ 5.05 നാണ് പരശുറാം എക്സ്പ്രസ് യാത്ര ആരംഭിക്കുന്നത്. കണ്ണുരിൽ 7.07 നും കോഴിക്കോട് 8.37 നും എത്തിചേരും. സമയം കൃത്യമായി പാലിക്കുകയാണെങ്കിൽ 8.57 ന് കാസർകോഡ് നിന്നും യാത്ര ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസിന് വേണ്ടി പരശുറാം എക്സ്പ്രസ് പിടിച്ചിടേണ്ടി വരില്ലെന്ന യാത്രാക്കാരുടെ ആവശ്യം പരിഗണനാർഹമാണെന്ന് ഉത്തരവിൽ പറയുന്നു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കമ്മീഷനെ അറിയിക്കണം.
പരശുറാം എക്സ്പ്രസിലെ അ തിരക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലാപറമ്പ സ്വദേശി പി. ഐ. ജോൺ സമർപ്പിച്ച പരാതിയിലാണ് നടപടി. തിരക്ക് നിയന്ത്രിക്കുന്നതിന് ഒരു ജനറൽ കോച്ചും സ്ത്രീകളുടെ കോച്ചും അനുവദിച്ചിട്ടുണ്ടെന്ന് പാലക്കാട് സീനിയർ ഡിവിഷണൽ റയിൽവേ മാനേജർ കമ്മീഷനെ അറിയിച്ചു. മംഗലാപുരം-കോഴിക്കോട് എക്സ്പ്രസിലും നാല് ജനറൽ കോച്ചുകൾ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ണുർ- കോഴിക്കോട് റൂട്ടിലെ റയിൽവേ പാതയിലെ തിരക്ക് കാരണം പുതിയ തീവണ്ടികൾ അനുവദിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
|
പൊതു ഇടങ്ങളിലെ കേബിളുകൾ: പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4294/2024 (Date : 29/08/2024)
എറണാകുളം: പൊതു ഇടങ്ങളിൽ അപകടകരമായി സ്ഥാപിച്ച കേബിളുകൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ നീക്കം ചെയ്യണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വിശദീകരിക്കരിക്കണമന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. അലക്സാണ്ടർ തോമസ്.
സെപ്റ്റംബർ 30 ന് രാവിലെ പത്തരക്ക് തിരുവനന്തപുരം കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദ്ദേശിക്കണമെന്ന് കമ്മീഷൻ തദ്ദേശസ്വയംഭരണം, പൊതുമരാമത്ത് വകുപ്പ് ഗവ. സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി.
ചെമ്പുമുക്ക് പള്ളിക്ക് സമീപം 2022 ജുണിൽ കേബിൾ കുരുങ്ങി അലൻ ആൽബർട്ട് എന്നയാൾ മരിച്ച സംഭവത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് 2022 ഒക്ടോബർ 27 ന് കമ്മീഷൻ അധിക്യതർക്ക് നിർദ്ദേശം നൽകിയത്. പൊതുസ്ഥലങ്ങളിൽ കേബിൾ സ്ഥാപിക്കുന്നതിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെയും, പൊതുമരാമത്തിന്റെയും അനുമതി വാങ്ങണമെന്നും ഉത്തരവിൽ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ നിർദ്ദേശങ്ങൾ നടപ്പിലാക്കാത്തതുകൊണ്ടാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് സിറ്റിംഗ് ഇന്ന്. (Date : 30/08/2024)
കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷൻ ഇന്ന് (30 / 8) രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
ചത്ത കോഴി വിറ്റ സംഭവം ഗുരുതരം : കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 29/08/2024)
കോഴിക്കോട്: ചത്ത കോഴി വിൽപ്പന നടത്തിയ ചിക്കൻ സ്റ്റാൾ, ഗുരുതര മനുഷ്യാവകാശ ലംഘനം നടത്തിയതായി തെളിഞ്ഞ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും അടിയന്തരമായി ഇടപെട്ട് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ഭക്ഷ്യസുരക്ഷ നിയമം 2006 ൽ വ്യവസ്ഥ ചെയ്തിരിക്കുന്ന മിന്നൽ പരിശോധനകൾ വീഴ്ച്ചകളില്ലാതെ നടത്തി പൊതുജനങ്ങൾക്ക് സുരക്ഷിത ഭക്ഷണമെന്ന അവകാശം ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന പോലീസ് മേധാവിയും ഭക്ഷ്യസുരക്ഷാ കമ്മീഷണറും സ്വീകരിച്ച നടപടികൾ മൂന്നാഴ്ചക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സെപ്റ്റംബർ 27ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തലക്കുളത്തൂർ അണ്ടിക്കോട് സി. പി ആർ ചിക്കൻ സ്റ്റാളിനെതിരെയാണ് പരാതി. ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും 33 കിലോഗ്രാം ചത്ത കോഴി കണ്ടെത്തിയതായി പത്രവാർത്തയിൽ പറയുന്നു. ചൊവാഴ്ച വൈകിട്ട് കോഴി വാങ്ങിയവരാണ് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കടയിൽ തിരികെയെത്തിയത്. നാട്ടുകാർ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
|
വയോധികയുടെ സ്വർണാഭരണങ്ങൾ എവിടെയെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 29/08/2024)
തൃശൂർ: 90 വയസ്സുള്ള വയോധിക പാലിയേറ്റീവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ.
മരിച്ച തങ്കമ്മക്ക് പാലിയേറ്റീവ് കെയർ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശിച്ചു. തൃശൂർ ജില്ലാ പോലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്. കൊടകര ചെറുകുന്ന് ദേശം സ്വദേശി കെ. അനിയൻ സമർപ്പിച്ച പരാതിയിലാണ് നടപടി. തന്റെ അമ്മയുടെ മരണത്തിൽ കുറ്റകരമായ നരഹത്യയാണ് നടന്നതെന്നും ഇൻക്വസ്റ്റും പോസ്റ്റുമാർട്ടവും നടത്താൻ ചേർപ്പ് പോലീസിന്റെ ഭാഗത്ത് കാലതാമസമുണ്ടായെന്നുമാണ് പരാതി.
2019 സെപ്റ്റംബർ 15 ന് മരിച്ച തങ്കമ്മയുടെ മരണത്തിൽ സംശയാസ്പദമായി യാതൊന്നുമില്ലെന്ന് ചേർപ്പ് എസ്. എച്ച്. ഒ കമ്മീഷനെ അറിയിച്ചു. എന്നാൽ പ്രസ്തുത റിപ്പോർട്ട് തൃപ്തികരമല്ലെന്ന് പരാതിക്കാരൻ അറിയിച്ച സാഹചര്യത്തിൽ കമ്മീഷന്റെ അന്വേഷണവിഭാഗം നേരിട്ട് അന്വേഷണം നടത്തി.
മരണത്തിൽ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകി. തുടർന്നാണ് കമ്മീഷൻ കൂടുതൽ അന്വേഷണത്തിന് ഉത്തരവ് നൽകിയത്.
|
മനുഷ്യാവകാശ കമ്മീഷൻ കോട്ടയം സിറ്റിംഗ് ഇന്ന്. (Date : 24/08/2024)
കോട്ടയം: മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇന്ന് (24/ 08/ 24) 10. 30 ന് കോട്ടയം ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
മനുഷ്യാവകാശ കമ്മീഷൻ കൊല്ലം സിറ്റിംഗ് ഇന്ന്. (Date : 24/08/2024)
കൊല്ലം: മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഇന്ന് (24/ 08/ 24] 10. 30 ന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
മുദ്രപത്ര ദൗർലഭ്യം : മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. (Date : 23/08/2024)
തിരുവനന്തപുരം: ചെറിയ തുകയ്ക്കുള്ള നോൺ ജുഡീഷ്യൽ മുദ്രപത്രങ്ങളുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് പഴയ മുദ്രപത്രങ്ങൾ പുനർമൂല്യനിർണയം ചെയ്യാൻ അധികാരമുള്ള കൂടുതൽ റവന്യു ഉദ്യോഗസ്ഥരെ താൽക്കാലികമായി നിയമിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാരിൽ നിന്നും വിശദീകരണം തേടി.
വാടക കരാർ, ചിട്ടി, സമ്മത പത്രങ്ങൾ തുടങ്ങിയവക്ക് ആവശ്യമുള്ള 100, 200, 500 രൂപയുടെ മുദ്രപത്രങ്ങൾക്കാണ് ക്ഷാമമെന്ന് പരാതിയിൽ പറയുന്നു. എന്നാൽ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ കെട്ടികടക്കുന്ന 5, 10, 20 രൂപയുടെ പഴയ മുദ്രപത്രങ്ങൾ പുനർമൂല്യം ചെയ്താൽ പ്രതിസന്ധി പരിഹരിക്കാമെന്നും പരാതിക്കാരൻ അറിയിച്ചു. എന്നാൽ ഇതിനാവശ്യമുള്ള റവന്യു ഉദ്യേഗസ്ഥരുടെ കുറവുള്ളതായി പരാതിക്കാരൻ അറിയിച്ചു. ചെറിയ തുകയുടെ മുദ്രപത്രങ്ങൾ ലഭിക്കാത്തതു കാരണം 1000, 5000 രൂപയുടെ മുദ്രപത്രങ്ങൾ വാങ്ങാൻ ആവശ്യക്കാർ നിർബന്ധിതരാകുന്നതായി പരാതിയിൽ പറയുന്നു.
റവന്യു സെക്രട്ടറി, നികുതി സെക്രട്ടറി, ട്രഷറി ഡയറക്ടർ, രജിസ്ട്രേഷൻ ഐ.ജി. എന്നിവർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ആനയറ ആർ. കെ. ജയൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അനധികൃത മുറുക്കാൻ കടകൾ അടച്ചുപൂട്ടണം : മനുഷ്യാവകാശ കമ്മീഷൻ. (Date : 23/08/2024)
കൽപ്പറ്റ: ദ്രാവകരൂപത്തിലുള്ള കളറുകളും വീര്യംകൂടിയ പുകയിലയും ചേർത്ത് മുറുക്കാൻ വിൽപ്പന നടത്തുന്ന അനധികൃത കടകൾ ഉടൻ അടച്ചുപൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ നടത്തുന്ന അനധികൃത മുറുക്കാൻ കടകൾ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ ഉത്തരവ്.
തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും 3 മുൻസിപാലിറ്റികളിലും നടത്തിയ പരിശോധനയിൽ അനധികൃതമായി പ്രവർത്തിക്കുന്ന മുറുക്കാൻ കടകൾ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പുകളുടെ സംയുക്ത പരിശോധനകൾ ഇക്കാര്യത്തിൽ അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അനധികൃത കടകൾക്കും വിൽപ്പന കേന്ദ്രങ്ങൾക്കുമെതിരെ നടപടിയെടുക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പൂർണ്ണ അധികാരമുണ്ടെങ്കിലും അത് നിർവഹിക്കാത്തതു കാരണമാണ് ഇത്തരം ആരോപണങ്ങളുണ്ടാകുന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. യുവജനങ്ങളെയും കുട്ടികളെയും വഴിതെറ്റിക്കുന്ന ഇത്തരം പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന യാതൊരു കാരണവശാലും അനുവദിക്കരുത്. ഇത്തരം അനധികൃത കച്ചവടക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വയനാട് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നിർദ്ദേശം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാനന്തവാടി സ്വദേശി കെ.കെ നാസർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണം- മനുഷ്യാവകാശ കമ്മീഷൻ. (Date : 23/08/2024)
കണ്ണൂർ : മാധ്യമങ്ങൾ പുറത്തുവിട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും കമ്മീഷനിൽ ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, മലയാള സിനിമാ വ്യവസായ മേഖലയിൽ നടക്കുന്നത് വ്യാപകമായ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.
ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും കമ്മിറ്റി റിപ്പോർട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂർ സ്വദേശി വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ദിവസവേതനത്തിന് ജോലി ചെയ്താലും സാക്ഷ്യപത്രം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 1915/2024 (Date : 23/08/2024)
തൃശൂർ: കെ.എസ്.എഫ്. ഇ വടക്കാഞ്ചേരി ശാഖയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നയാളിന് സാക്ഷ്യപത്രം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പ്രത്യേക ജോലിക്ക് ദിവസകൂലി അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടാൽ സാക്ഷ്യപത്രം നൽകാനാവില്ലെന്ന വടക്കാഞ്ചേരി ശാഖാ മാനേജരുടെ വാദം മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി തള്ളി.
വടക്കാഞ്ചേരി കുമ്പളങ്ങാട് ദേശം സ്വദേശി എം.വി പവിത്രന് സാക്ഷ്യപത്രം നൽകാനാണ് ഉത്തരവ്.
കെ.എസ്.എഫ്.ഇ ശാഖകൾ നിയമനം നടത്താറില്ലെന്നും പരാതിക്കാരനെ താൽക്കാലിക ജീവനക്കാരനായി നിയമിച്ചിട്ടില്ലെന്നും ശാഖാ മാനേജർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കെ. എസ് എഫ് ഇ യുടെ നിയമനാധികാരി മാനേജിംഗ് ഡയറക്ടറാണ്. എന്നാൽ ശാഖയുടെ സുഗമമായ പ്രവർത്തനത്തിന് ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാറുണ്ട്. ഇത്തരത്തിൽ നിയമിക്കുന്നവർക്ക് ജോലി ചെയ്തതായുള്ള സാക്ഷ്യപത്രം നൽകാനാവില്ലെന്നാണ് നിലപാട്.
മാനേജരുടെ വാദം നീതിയുക്തമല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരന് കെ.എസ്. എഫ് ഇ യിലുള്ള സുഗമ അക്കൗണ്ടിൽ ശമ്പളം അയച്ചതിന്റെ രേഖ പരാതിക്കാരൻ ഹാജരാക്കി. പരാതിക്കാരന് എംപ്ലോയ്മെന്റ് കാർഡ് നൽകിയതായും കമ്മീഷൻ കണ്ടെത്തി. എന്നാൽ പരാതിക്കാരൻ ഏത് തസ്തികയിൽ ജോലി ചെയ്തുവെന്ന് റിപ്പോട്ടിൽ വ്യക്തമല്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കെ.എസ്.എഫ്. ഇ വടക്കാഞ്ചേരി ശാഖാ മാനേജർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
|
കണ്ണൂർ മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന് (23/08/2024)
കണ്ണൂർ: മനുഷ്യാവകാശ കമ്മീഷൻ ഇന്ന് (23/08) രാവിലെ 10. 30 ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: കേളകത്ത് പൊതുശ്മശാനം നിർമ്മിക്കുമെന്ന് ജില്ലാ കളക്ടർ. HRMP NO. 5826/2022 (Date : 22/08/2024)
കണ്ണൂർ: കേളകം ഗ്രാമപഞ്ചായത്തിൽ പൊതുശ്മശാനം നിർമ്മിക്കുന്നതിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതതയിലുള്ള സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ളതായി ജില്ലാ കളക്ടർ.
പൊതുശ്മശാനമില്ലാത്തതിനാൽ ആദിവാസികൾക്ക് വീടിനുചുറ്റും കുഴിമാടമൊരുക്കേണ്ട ഗതികേടാണെന്ന് ആരോപിക്കുന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.
സ്ഥലം പഞ്ചായത്തിൽ നിന്ന് വിട്ടുകിട്ടുന്ന മുറയ്ക്ക് പൊതുശ്മശാനം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കേളകം ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പത്രപ്രവർത്തകനായ കെ.എം. അബ്ദുൾ അസീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നുകളും ലാബ് പരിശോധനയും ലഭ്യമെന്ന് അധികൃതർ. (Date : 22/08/2024)
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കാവശ്യമായ മരുന്നുകളും രോഗ പരിശോധനയും ആശുപത്രി പരിസരത്ത് തന്നെ ലഭ്യമാണെന്ന് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മരുന്നുകളും പരിശോധനകളും ആശുപത്രി പരിസരത്ത് ലഭ്യമല്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന ആശുപത്രിയിൽ മരുന്നുകൾ സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കാരുണ്യ. ആർ.ബി. എസ്.കെ, മെഡിസെപ്പ്, ജെ.എസ്.വൈ, ജെ.എസ്.എസ്.കെ പദ്ധതികളിൽ ഉൾപ്പെട്ടവർക്കും പട്ടികവിഭാഗത്തിലുള്ളവർക്കും മരുന്നുകൾ ആശുപത്രിയിൽ ലഭ്യമല്ലെങ്കിൽ കാരുണ്യ ഫാർമസി വഴി നൽകാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇല്ലെങ്കിൽ കരാറിൽ ഏർപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് മരുന്നുകൾ സൗജന്യമായി ലഭിക്കും. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന വരുന്ന മരുന്നുകൾക്ക് ദൗർലഭ്യം അനുഭവപ്പെടുമ്പോൾ ലോക്കൽ പർച്ചേസിലൂടെ മരുന്നുകൾ സൗജന്യമായി വാങ്ങി രോഗികൾക്ക് നൽകാറുണ്ട്. ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ 24 മണിക്കൂറും ലാബ് പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു
ആശുപത്രിയിൽ ലഭിക്കാത്ത ലാബ് പരിശോധനകൾ കരാറിൽ ഏർപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നും സൗജന്യമായി നൽകാറുണ്ടെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. നല്ലൂർനാട് സ്വദേശി കെ.കെ നാസർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ചെത്തുതൊഴിലാളിക്ക് പെൻഷൻ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 3447/2024 (Date : 22/08/2024)
തൃശൂർ: 15 വർഷം ചെത്തുതൊഴിലിൽ ഏർപ്പെട്ട ക്ഷേമനിധി അംഗത്തിന് മാനുഷിക പരിഗണനയുടെ പേരിൽ പെൻഷൻ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കേരള ടോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചീഫ് വെൽഫെയർ ഇൻസ്പെക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. ചാലക്കുടി പോട്ട സ്വദേശി ആർ.വി ഉണ്ണികൃഷ്ണന് പെൻഷൻ നൽകാനാണ് ഉത്തരവ്. ഇരിങ്ങാലക്കുട റേഞ്ചിലെ ടി.എസ് നമ്പർ 205 ആളൂർ ഷാപ്പിലെ ചെത്തുതൊഴിലാളിയായിരുന്നു പരാതിക്കാരൻ.
തൃശൂർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ചെത്ത് തൊഴിലിൽ നിന്ന് വിരമിച്ച പരാതിക്കാരൻ കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൽ അംഗമായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2010 ൽ പരാതിക്കാരന് തെങ്ങിൽ നിന്ന് വീണ് അപകടം പറ്റിയിരുന്നു. ഇതിനുശേഷം കെട്ടിട നിർമ്മാണ ജോലിയിൽ ഹെൽപ്പറായി പോയി തുടങ്ങി. ഒരേ സമയം രണ്ട് ക്ഷേമനിധിയിൽ അംഗത്വമുള്ളവർക്ക് പെൻഷൻ അനുവദിക്കാൻ കഴിയില്ലെന്ന് റിപ്പോട്ടിൽ പറയുന്നു.
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗത്വം പരാതിക്കാരൻ റദ്ദാക്കിയതിനെ തുടർന്ന് കള്ള് ഞാഴിലാളി ക്ഷേമ നിധി ബോർഡിൽ നിന്ന് പെൻഷൻ നൽകാനുള്ള അപേക്ഷ ബോർഡ് യോഗത്തിൽ പരിഗണിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരന് ഒരിടത്ത് നിന്നും പെൻഷൻ കിട്ടാത്ത സാഹചര്യമുണ്ടാകരുതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
വീട് പുതുക്കിപണിയാൻ ധനസഹായം നൽകണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 21/08/2024)
പത്തനംതിട്ട: എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലുള്ള വീട് പുതുക്കി പണിയാനുള്ള ധനസഹായം കാലതാമസം കൂടാതെ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. കുളത്തൂർ ലക്ഷംവീട് കോളനി സ്വദേശി വൈ.അലിയുടെ പരാതി പരിഹരിക്കാനാണ് നിർദ്ദേശം.
പരാതിക്കാരൻ കരുതലും കൈത്താങ്ങും പരാതി പരിഹാര സെല്ലിലും നവകേരള സദസ്സിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്.
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ വീടിന്റെ ഓടുമേഞ്ഞ ഭാഗത്ത് മേൽക്കൂരക്ക് ബലക്ഷയമുണ്ടെന്നും എന്നാൽ ലൈഫ് മിഷൻ പദ്ധതിയിൽ പരാതിക്കാരൻ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ സഹായം അനുവദിക്കാൻ കഴിയില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 2024-25 വാർഷിക പദ്ധതിയിൽ ഭവന പുനരുദ്ധാരണത്തിന് 50,000 രൂപ വീതം സഹായം നൽകുമെന്നും പരാതിക്കാരന്റെ അപേക്ഷ ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പിന്റെയും ഗ്രാമസഭയുടെയും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പരിഗണനക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങി തുടർനടപടികൾ സ്വീകരിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷന് ഉറപ്പു നൽകി.
പരാതി പരിഗണന അർഹിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ നിന്നും വ്യക്തമാക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. മാനുഷിക പരിഗണന അർഹിക്കുന്ന പരാതിക്ക് ഉടൻ പരിഹാരം കാണണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി.
|
മസ്റ്ററിംഗ് മുടങ്ങി: രേഖകൾ ലഭിച്ചാൽ പെൻഷൻ കുടിശിക നൽകണം- മനുഷ്യാവകാശ കമ്മീഷൻ. (Date : 21/08/2024)
കോഴിക്കോട്: ഓർമ്മക്കുറവ് കാരണം മസ്റ്ററിംഗ് നടത്താൻ മറന്നുപോയ സർവീസ് പെൻഷനർ മസ്റ്ററിംഗ് ചെയ്യാതിരുന്നതിന്റെ കാരണം വ്യക്തമാക്കുന്ന രേഖകൾ സബ് ട്രഷറിയിൽ സമർപ്പിച്ചാൽ കുടിശിക പെൻഷൻ എത്രയും വേഗം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് സബ് ട്രഷറി ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. രേഖകൾ ലഭിക്കാത്തതിനാൽ കുടിശിക പെൻഷൻ അനുവദിക്കാത്ത ട്രഷറി ഓഫീസറുടെ നടപടിയിൽ അപാകതയില്ലെന്നും കമ്മീഷൻ ഉത്തവിൽ പറഞ്ഞു.
1992 ൽ പ്രാധാനാധ്യാപികയായി വിരമിച്ച നെല്ലിക്കോട് സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. എസ്.ബി.ഐ യുടെ പൊറ്റമ്മൽ ശാഖയിൽ നിന്നാണ് ഇവർക്ക് പെൻഷൻ ലഭിച്ചിരുന്നത്. 2023 ജനുവരി മുതലുള്ള പെൻഷനാണ് ലഭിക്കാത്തത്. 2024 ഫെബ്രുവരി 27 ന് ട്രഷറിയിൽ ഹാജരായി മസ്റ്ററിംഗ് നടത്തിയെങ്കിലും കുടിശിക പെൻഷൻ ലഭിച്ചില്ല.
മസ്റ്ററിംഗ് നടക്കാതിരുന്ന കാലത്തെ പെൻഷൻ ലഭിക്കാൻ സർക്കാരിലേക്ക് അയയ്ക്കുന്ന അപേക്ഷയിൽ മസ്റ്ററിംഗ് ചെയ്യാത്തതിന്റെ വ്യക്തമായ കാരണവും രേഖകളും ഉൾപ്പെടുത്തേണ്ടതാണെന്നും പരാതിക്കാരിയിൽ നിന്നും അപേക്ഷകളും രേഖകളും ലഭിച്ചിരുന്നില്ലെന്നും സബ് ട്രഷറി ഓഫീസർ റിപ്പോർട്ടിൽ പറഞ്ഞു. അപേക്ഷ ലഭിച്ചാലുടൻ സർക്കാരിലേക്ക് അയയ്ക്കുന്നതാണെന്നും റിപ്പോർട്ടിലുണ്ട്.
|
ആലത്തൂർ താലൂക്ക് ഓഫീസിന് മുമ്പിൽ അപേക്ഷ എഴുതാനിരിക്കുന്നയാൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. (Date : 19/08/2024)
പാലക്കാട്: ആലത്തൂർ താലൂക്ക് ഓഫീസിന് മുന്നിൽ പൊതുജനങ്ങൾക്ക് അപേക്ഷ എഴുതി നൽകാനിരിക്കുന്നയാൾ സർക്കാർ ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് തട്ടിപ്പു നടത്തുകയാണെന്ന പരാതി ആലത്തൂർ പോലീസ് ഇൻസ്പെക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പദ്ധതി അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് തഹസിൽദാർ സമർപ്പിച്ച റിപ്പോർട്ടിന്റെ തുടർനടപടിയായാണ് പോലീസ് നടപടിക്ക് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. പരാതിക്കാരുടെ പേരും മേൽവിലാസവുമില്ലാത്ത പരാതികൾ കമ്മീഷൻ സ്വീകരിക്കാറില്ലെങ്കിലും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിയെക്കുറിച്ച് അന്വേഷണം നടത്തി വിഷയത്തിൽ കഴമ്പുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
താലൂക്ക് ഓഫീസിന് മുന്നിലെ മരത്തണലിൽ ഇരിക്കുന്നയാൾ അഴിമതി നടത്തുന്നുവെന്നാണ് പരാതി. ഇയാൾ പൊതു പ്രവർത്തകനാണെന്ന് ആലത്തൂർ തഹസിൽദാർ കമ്മീഷനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അപേക്ഷ നൽകാമെന്ന് പറഞ്ഞ് ഇയാൾ പണം വാങ്ങുന്നുവെന്ന ആരോപണം ശരിയല്ലെന്ന് തഹസിൽദാർ അറിയിച്ചു. ദുരിതാശ്വാസ നിധിയിൽ അപേക്ഷ നൽകേണ്ടത് ഓൺലൈൻ വഴിയാണെന്നും ധനസഹായം അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടാണ് വരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
താലൂക്ക് ഓഫീസിൽ നിന്നും നൽകുന്ന സർട്ടിഫിക്കേറ്റുകൾ ലഭിക്കാൻ ഉദ്യോഗസ്ഥർക്ക് നൽകാനെന്ന പേരിൽ ഇയാൾ പണം വാങ്ങുന്നുവെന്ന ആരോപണവും റിപ്പോർട്ടിൽ നിഷേധിച്ചു. അപക്ഷകൾ അധികവും ഓൺലൈനായാണ് നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. നേരിട്ട് എഴുതി നൽകേണ്ട അപേക്ഷകൾ വരുന്നത് വില്ലേജ് ഓഫീസ് വഴിയാണ്. ഏജന്റുമാർക്ക് താലൂക്ക് ഓഫീസിൽ പ്രവേശനം നൽകാറില്ലെന്നും റിപ്പോർട്ടിലുണ്ട്.
|
സർക്കാർ ധനസഹായത്തിൽ നിന്നും വായ്പ തിരിച്ചടവ്: ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 19/08/2024)
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ജില്ലാ കളക്ടറും കേരള ഗ്രാമീൺ ബാങ്ക് ചൂരൽമല ബ്രാഞ്ച് മാനേജരും ഇക്കാര്യം പരിശോധിച്ച് ഒരാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും
ബാങ്കിന്റെ ചൂരൽമല ശാഖയിൽ നിന്നും വായ്പയെടുത്തവരിൽ നിന്നാണ് പ്രതിമാസ തിരിച്ചടവ് ഈടാക്കിയതെന്നാണ് പരാതി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 10 പേരാണ് ബാങ്കിനെതിരെ രംഗത്തെത്തിയത്. സർക്കാർ ധനസഹായം ബാങ്കിലെത്തിയതിന് പിന്നാലെയാണ് വായ്പ തിരിച്ചു പിടിച്ചത്.പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
|
റോസ് ഗാർഡനിൽ കാന നിർമ്മിച്ച് വെള്ളക്കെട്ട് തടയണം : മനുഷ്യാവകാശ കമ്മീഷൻ. (Date : 19/08/2024)
തൃശൂർ: റോസ് ഗാർഡൻ പ്രദേശത്ത് മഴക്കാലത്തുണ്ടാവുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ 2024-25 വാർഷിക പദ്ധതിയിൽ നഗരസഭ വകയിരുത്തിയ 20 ലക്ഷത്തിന്റെ പദ്ധതി അടിയന്തരമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തൃശൂർ നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. നിലം സ്വഭാവത്തിലുള്ള ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയും ഡ്രൈനേജ് സംവിധാനം സ്ഥാപിക്കാതെയും നഗരസഭ കാണിച്ച അനാസ്ഥയുടെ ഫലമായി വെള്ളക്കെട്ട് കാരണം യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
തൃശൂർ നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പാടം നികത്തിയ സ്ഥലത്ത് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി കെട്ടിടങ്ങൾ നിർമ്മിച്ചതുകാരണമാണ് വെള്ളക്കെട്ടുണ്ടാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന്റെ വീട് സമീപപ്രദേശങ്ങളെ അപേക്ഷിച്ച് റോഡ് നിരപ്പിന് താഴെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഡ്രൈനേജ് സംവിധാനം നടപ്പിലാക്കിയാൽ പ്രതിസന്ധി മറിക്കടക്കാമെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റോസ് ഗാർഡനിൽ കാന കവർ സ്ലാബ് നിർമ്മാണ പ്രവൃത്തിക്കായി 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചു. ഇതിന്റെ തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണം. തോമസ് അത്തിപ്പിള്ളി സമർപ്പിച്ച പരാതിയിലാണ് നടപടി
|
എൺപതുകാരിയുടെ സംരക്ഷണം മകളെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 17/08/2024)
തൃശൂർ: നടക്കാനും കേൾക്കാനും പ്രയാസം അനുഭവിക്കുന്ന എൺപതുകാരിയുടെ സംരക്ഷണം മകളെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇപ്പോൾ മകന്റെ സംരക്ഷണത്തിൽ കഴിയുന്ന വയോധികയെ മകൾക്കൊപ്പം താമസിക്കാൻ അനുവദിക്കണമെന്ന സാമൂഹികനീതി ജില്ലാ ഓഫീസറുടെ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്. ചാവക്കാട് സ്വദേശിനി കാർത്ത്യായനിയുടെ സംരക്ഷണം മകളെ ഏൽപ്പിക്കാനാണ് കമ്മീഷൻ ഉത്തരവ്.
തന്റെയും മരിച്ചുപോയ ഭർത്താവിന്റെയും പേരിലുള്ള വസ്തുക്കൾ മക്കൾക്ക് എഴുതികൊടുത്തെങ്കിലും ആരും തന്നെ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് കാർത്ത്യായനി സമർപ്പിച്ച പരാതിയിലാണ് നടപടി. ജില്ലാ സാമൂഹിക നീതി ഓഫീസറിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി.
കാർത്ത്യായനിക്ക് 9 സെന്റ് സ്ഥലവും 4000 സ്ക്വയർ ഫീറ്റുള്ള പൊട്ടിപൊളിഞ്ഞ 2 നില വീടും സ്വന്തമായുണ്ടെന്ന് തൃശ്ശൂർ ജില്ലാ സാമൂഹിക നീതി ഓഫീസർ കമ്മീഷനെ അറിയിച്ചു. കാർത്ത്യായനിക്ക് ഒരു മകനും രണ്ടു പെൺമക്കളുമുണ്ട്. പരാതിക്കാരിയുടെ ഭർത്താവ് മുൻ കൗൺസിലറാണ്. അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന 5 ഏക്കർ സ്ഥലം 7 സഹോദരൻമാർക്കായി വീതിച്ചു നൽകി. ശേഷിക്കുന്ന 82 സെന്റ് സ്ഥലം മക്കൾക്കും നൽകി. ബിസിനസ് പൊളിഞ്ഞതിനെ തുടർന്ന് മകൻ തനിക്ക് ലഭിച്ച സ്ഥലം വിറ്റു. ഒരു മകൾ തൃശ്ശുരിലും രണ്ടാമത്തെ മകൾ തൃപ്രയാറുമാണ് താമസം.
തൃശ്ശൂരിൽ ഫ്ലാറ്റിൽ താമസിക്കുന്ന മകൾക്കൊപ്പമാണ് അമ്മ കഴിഞ്ഞുവന്നത്. എന്നാൽ മകനൊപ്പം പോകണമെന്ന് പറഞ്ഞതിനെ തുടർന്ന് ചാവക്കാടുള്ള വീട്ടിലേക്ക് മാറി. തൃശൂരിൽ താമസിക്കുന്ന മകൾ അമ്മയെ നോക്കാൻ ഹോം നേഴ്സിനെ ഏർപ്പാടാക്കിയെങ്കിലും അവരുമായി അമ്മക്ക് യോജിച്ച് പോകാൻ കഴിഞ്ഞില്ല. അമ്മയെ സംരക്ഷിക്കാൻ താൻ തയ്യാറാണെന്ന് മകൾ സാമൂഹിക നീതി ജില്ലാ ഓഫീസറെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടിക്ക് നിർദ്ദേശം നൽകിയത്.
|
ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒ.ബി.സി. വിഭാഗം വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം അനുവദിച്ചില്ല : മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. HRMP No : 5265/24 (Date : 17/08/2024)
തിരുവനന്തപുരം: കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയിലെ ഒ.ബി.സി. വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട 2019-20 ലെ ഫീസാനുകൂല്യം ലഭിച്ചില്ലെന്ന പരാതിയിൽ ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് സെപ്റ്റംബർ 9 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. അലക്സാണ്ടർ തോമസ്.
പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. സെപ്റ്റംബർ 13 ന് കേസ് പരിഗണിക്കും
ഫീസാനുകൂല്യം നൽകാനുള്ള ഗ്രാന്റ് എത്രയും വേഗം അനുവദിക്കണമെന്ന് കഴിഞ്ഞ വർഷം മാർച്ച് 8 ന് കമ്മീഷൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ഫണ്ട് ലഭ്യമായാലുടൻ ഫീസാനുകൂല്യം അനുവദിക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും ഫീസാനുകൂല്യം ലഭിച്ചില്ലെന്ന് പരാതിക്കാരനായ അദ്വൈത് ഷാജി കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോർട്ട് കമ്മീഷൻ ആവശ്യപ്പെട്ടത്.
|
കായംകുളം താലൂക്ക് ആശുപത്രിയിൽ സൂചി തുളച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 17/08/2024)
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ഏഴുവയസ്സുകാരന്റെ തുടയിൽ മറ്റൊരാൾക്ക് കുത്തിവയ്പ്പെടുത്ത സൂചി തുളച്ചുകയറിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ആശുപത്രി ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
രണ്ടാഴ്ചമുമ്പാണ് സംഭവം. പനി ബാധിച്ച് കായംകുളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ കുട്ടിയെ കട്ടിലിൽ കിടത്തിയപ്പോഴാണ് സൂചി തുളച്ചുകയറിയത്. മറ്റേതോ രോഗിക്ക് കുത്തിവയ്പ്പെടുത്ത സൂചിയാണ് കട്ടിലിലുണ്ടായിരുന്നത്. ഒരു രോഗിയെ മാറ്റി മറ്റൊരു രോഗിയെ കിടത്തുന്നതിന് മുമ്പ് കിടക്കവിരി ഉൾപ്പെടെ മാറ്റി ശുചീകരണം നടത്തണം. ആശുപത്രി ജീവനക്കാരുടെ അലംഭാവം കാരണമാണ് സൂചി തുളച്ചുകയറിയതെന്ന് പരാതിയുണ്ട്. സൂചി തുളച്ചുകയറിയതിനാൽ എച്ച്.ഐ.വി അടക്കമുള്ള പരിശോധനകൾ നടത്തേണ്ട അവസ്ഥയിലാണ് കുട്ടി. 14 വയസ്സുവരെ പരിശോധനകൾ തുടരണമെന്നാണ് പറയുന്നതെന്ന് മനസ്സിലാക്കുന്നു
|
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് നൽകി: മസ്റ്ററിങ് നടത്തിയില്ലെങ്കിൽ പെൻഷൻ മുടങ്ങും: ട്രഷറി ഡയറക്ടർ. HRMP No : 863/2024 (Date : 16/08/2024)
കോഴിക്കോട്: കേരള സർവീസ് റൂൾസ് പാർട്ട് III പ്രകാരം മൂന്ന് വർഷത്തിലധികമായി പെൻഷൻ വാങ്ങാതിരുന്നാൽ അത് നിർത്തലാക്കുമെന്നും പെൻഷനർ നേരിട്ട് ഹാജരാവുകയാണെങ്കിൽ ഹാജരായ തീയതി മുതൽ പെൻഷൻ പുനരാരംഭിക്കുമെന്നും ട്രഷറി ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മസ്റ്ററിങ് ചെയ്യാത്തതിനാൽ മൂന്നു വർഷത്തിലധികമായി ലഭിക്കാതിരുന്ന പെൻഷൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നല്ലളം കുന്നുമ്മൽ സ്വദേശിനി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഭൂജല വകുപ്പിൽ പാർടൈം സ്വീപ്പറായിരുന്ന പരാതിക്കാരി എൻ.കെ പാത്തുമാബി 2014 ജൂലൈ 31 നാണ് സർവീസിൽ നിന്നും വിരമിച്ചത്.
വാർഷിക മസ്റ്ററിങ് നടത്താത്തതുകൊണ്ടാണ് പെൻഷൻ മുടങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. എല്ലാ വർഷവും മസ്റ്ററിങ് നടത്തണം. നേരിട്ട് ട്രഷറിയിൽ ഹാജരായോ ലൈഫ് സർട്ടിഫിക്കറ്റ് നൽകിയോ ജീവൻ പ്രമാൺ പോർട്ടൽ പോലെയുള്ള ബയോമസ്റ്ററിങ് സൗകര്യമോ ഇതിനുവേണ്ടി ഉപയോഗിക്കാം. ഒരു വർഷം മസ്റ്ററിങ് നടത്തിയില്ലെങ്കിൽ പെൻഷൻ നിർത്തലാക്കുന്ന കോർ സംവിധാനമാണ് ട്രഷറിയിൽ നിലവിലുള്ളത്. 2022 ഒക്ടോബർ 4 ന് പരാതിക്കാരി ട്രഷറിയിൽ നേരിട്ടെത്തി മസ്റ്ററിങ് നടത്തിയിട്ടുണ്ട്. പെൻഷൻ പുനരാരംഭിക്കുന്നതിനുള്ള അപേക്ഷ അക്കൗണ്ടന്റ് ജനറലിന് നൽകി. 2023 ജൂലൈ 19 ന് പരാതിക്കാരിയുടെ പെൻഷൻ എ.ജി. പുനരാരംഭിച്ചെങ്കിലും 2022 ന് മുമ്പുള്ള കുടുശ്ശിക നൽകാൻ സർക്കാർ അനുമതി ആവശ്യമാണ്. 2019 മുതൽ 2022 വരെയുള്ള പെൻഷൻ കുടുശ്ശിക ലഭിക്കാനുള്ള അപേക്ഷ നൽകാൻ പരാതിക്കാരിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു.
സർക്കാർ അനുമതി ലഭിച്ചാലുടൻ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2023 ജൂലൈ മുതൽ പെൻഷൻ മുടക്കമില്ലാതെ നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
|
കെ. എസ്. ആർ. ടി. സി ബസ് സ്റ്റാന്റിന് മുന്നിലെ ഓട്ടോറിക്ഷ പാർക്കിംഗും പരസ്യ ബോർഡുകളും നീക്കണമെന്ന് പരാതി: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. HRMP No : 5493/2024/TVM (Date : 16/08/2024)
പാലക്കാട്: എട്ടരക്കോടി മുടക്കി നിർമ്മാണം പൂർത്തിയാക്കിയ പാലക്കാട് കെ.എസ്. ആർ.ടി.സി സ്റ്റാന്റിന് മുന്നിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ നീക്കണമെന്നും ഓട്ടോറിക്ഷ സ്റ്റാന്റ് മാറ്റണമെന്നുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അധികൃതരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
പരാതിയിൽ ആരോപിക്കുന്നതുപോലെ ഓട്ടോറിക്ഷ പാർക്കിംഗ് അനധികൃതമാണോ അതോ നിയമവിധേയമാണോ എന്നന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അനധികൃതമെങ്കിൽ അത് നീക്കം ചെയ്യാൻ സ്വീകരിച്ച നടപടികൾ പാലക്കാട് ജില്ലാ പോലീസ് മേധാവി രേഖാമൂലം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതും ബസ് സ്റ്റാന്റിൽ പ്രവേശിക്കുന്ന സ്ഥലത്ത് കച്ചവട സാധനങ്ങൾ നിരത്തിയിട്ടിരിക്കുന്നതും ഒഴിവാക്കണമെന്ന ആവശ്യം പാലക്കാട് മുൻസിപ്പൽ സെക്രട്ടറിയും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും പരിശോധിച്ച് റിപ്പോർട്ട് നൽകണം. സെപ്റ്റംബർ 18 ന് മുമ്പായി റിപ്പോർട്ടുകൾ ലഭിക്കണമെന്ന് ഉത്തരവിൽ ആവശ്യപ്പെട്ടു.
|
കിടപ്പുരോഗിയായ ഭാര്യയെ നോക്കാൻ വയോധികനായ ഭർത്താവിന് ആശ്വാസകിരണം ധനസഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 2883/2024/PTA (Date : 16/08/2024)
പത്തനംതിട്ട: എൺപത് വയസ്സുള്ള ഹൃദ്രോഗിയായ വയോധികൻ കിടപ്പുരോഗിയായ തന്റെ ഭാര്യയെ പരിചരിക്കുന്നതിന് വേണ്ടി ആശ്വാസകിരണം പദ്ധതിയിലേക്ക് ധനസഹായത്തിന് വേണ്ടി നൽകിയ അപേക്ഷക്ക് പരാതിക്കാരന്റെ പ്രായം കണക്കിലെടുത്ത് മുൻഗണന നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. സാമൂഹിക സുരക്ഷ മിഷൻ ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരനായ സാമുവൽ കെ. മത്തായി 2019 ഒക്ടോബർ 22 നാണ് അപേക്ഷ നൽകിയതെന്നും 2018 മാർച്ച് വരെയുള്ള അപേക്ഷകർക്ക് ധനസഹായം അനുവദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എല്ലാ അപേക്ഷകർക്കും ധനസഹായം നൽകുന്നതിനു പദ്ധതിവിഹിതം ലഭ്യമല്ല. സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കുന്നതനുസരിച്ച് ധനസഹായത്തിനായുള്ള എല്ലാ അപേക്ഷകളും പരിഗണിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2018 മുതലുള്ള അപേക്ഷകർക്ക് ധനസഹായം നൽകുന്നതിനായി ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പരാതിക്കാരന്റെ അപേക്ഷ പരിഗണിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2024 ജനുവരി 8 ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആശ്വാസകിരണം ധനസഹായത്തെക്കുറിച്ച് ചർച്ച ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
|
അമ്മക്ക് ചികിത്സ നൽകാൻ മകൻ അനുവദിക്കുന്നില്ലെന്ന പരാതിയിൽ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 14/08/2024)
കോഴിക്കോട് : വീണ് തുടയെല്ല് പൊട്ടി അബോധാവസ്ഥയിൽ കഴിയുന്ന അമ്മക്ക് ചികിത്സ നൽകാൻ സഹോദരൻ അനുവദിക്കുന്നുല്ലെന്ന സഹോദരിയുടെ പരാതിയിൽ അമ്മയുടെ താൽപര്യം സംരക്ഷിക്കാൻ നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വുമൺ ആന്റ് ചൈൽഡ് ഡവലപ്മെന്റ് വകുപ്പ് ജില്ലാ ഓഫീസറും മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടറും ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഗസറ്റഡ് റാങ്കിൽ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയാണ് പരാതിക്കാരിയുടെ അമ്മ. കുടുംബവീട്ടിൽ പരാതിക്കാരിയുടെ സഹോദരനൊപ്പമാണ് അമ്മ താമസിക്കുന്നത്. രണ്ടു മാസമായി തുടയെല്ല് പൊട്ടി അമ്മ ചികിത്സയിലാണെന്ന് പരാതിയിൽ പറയുന്നു. ഓഗസ്റ്റ് 5 ന് സഹോദരന്റെ വീട്ടിൽ ഡോക്ടർമാരെയും കൂട്ടിയെത്തിയെങ്കിലും അമ്മയെ കാണാൻ അനുവദിച്ചില്ലെന്നും സഹോദരി പരാതിയിൽ പറഞ്ഞു. ഇതിനെതിരെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയിലുണ്ട്. അമ്മക്ക് വിദഗ്ധ ചികിത്സ നൽകണമെന്നാണ് പുതിയറ സ്വദേശിനിയായ പരാതിക്കാരിയുടെ ആവശ്യം.
|
വടുതല ലോഡ്സ് കോട്ടേജ് പ്രദേശത്ത് ടാങ്കറിൽ ശുദ്ധജലമെത്തിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No : 2257/2024/EKM (Date : 14/08/2024)
എറണാകുളം : വടുതല ലോഡ്സ് കോട്ടേജ് റസിഡൻസ് അസോസിയേഷനിൽ ഉൾപ്പെടുന്ന 70 ഓളം വീടുകളിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് വരെ ടാങ്കർ ലോറികളിൽ ശുദ്ധജലമെത്തിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ജലഅതോറിറ്റി കൊച്ചി പി.എച്ച് ഡിവിഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊച്ചി നഗരസഭ സെക്രട്ടറി എന്നിവർ 15 ദിവസത്തിനകം നടപടിയെടുത്ത ശേഷം സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകി.
ജനസേവനത്തിൽ സുപ്രധാന സ്ഥാനമുള്ള ജല അതോറിറ്റി ശുദ്ധജല വിതരണത്തിൽ അനാസ്ഥയും കാലതാമസവും കാണിക്കരുതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ശുദ്ധജലം ലഭിക്കുക എന്നത് ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശമാണെന്നും ഉത്തരവിൽ പറയുന്നു.
പച്ചാളം, വടുതല ഭാഗത്തെ പഴയ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് നടപ്പിലാവുന്നുതോടെ പ്രദേശത്തുള്ള ശുദ്ധജല ദൗർലഭ്യം പരിഹരിക്കാൻ കഴിയുമെന്നും ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. ഈ പ്രവൃത്തി ടെന്റർ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. പൈപ്പ് ലൈനിലെ വായുതടസ്സം നീക്കിയിട്ടുള്ളതിനാൽ പഴയതിനേക്കാൾ മെച്ചപ്പെട്ട രീതീയിൽ കുടിവെള്ളം ലഭിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
കമ്മീഷൻ കേസ് പരിഗണിച്ച 2024 ജൂൺ 20 മുതൽ ജൂലൈ 4 വരെയുള്ള ദിവസങ്ങളിൽ കുടിവെള്ളം ലഭിച്ചിരുന്നുവെന്നും ജൂലൈ 5 മുതൽ വെള്ളം കിട്ടാതെയെന്നും പരാതിക്കാർ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ കേസ് പരിഗണിക്കുന്ന തീയതി വരെ വെള്ളം ലഭിക്കുകയും അതിന് ശേഷം വെള്ളം ഇല്ലാതാകുകയും ചെയ്ത സംഭവത്തിൽ ജലഅതോറിറ്റിയുടെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വൈരാഗ്യബുദ്ധിയോടെയുള്ള പ്രവൃത്തി ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
12,00,000 രൂപ കോട്ടേജ് നിവാസികൾ മുടക്കിയാൽ ആഗ്ലോ ഇന്ത്യൻ സ്കൂൾ റോഡിലൂടെ 150 എം.എം വ്യാസമുള്ള പൈപ്പ് സ്ഥാപിച്ച് പരാതികാർക്ക് മാത്രമായി ജലം നൽകാമെന്ന ജലഅതോറിറ്റിയുടെ വാദം കമ്മീഷൻ തള്ളി. ജലദൗർലഭ്യം നേരിടുന്ന സ്ഥലങ്ങളിൽ കുടിവെള്ളം നൽകേണ്ട ഉത്തരവാദിത്തം ജല അതോറിറ്റിക്കുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
പൈപ്പ് മാറ്റുന്ന നടപടികളിൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ലോർഡ്സ് കോട്ടേജ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി.കെ ഷീബ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
എറണാകുളം - കോട്ടയം റൂട്ടിലെ ബസുകളുടെ മരണപാച്ചിൽ നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. HRMP No : 5345/24 (Date : 13/08/2024)
കോട്ടയം: എറണാകുളം - കോട്ടയം റൂട്ടിലെ ബസുകളുടെ മരണപാച്ചിൽ അവസാനിപ്പിക്കുന്നതിനുള്ള കർമ്മപദ്ധതി സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത കമ്മീഷണർക്കുമാണ് കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്. സെപ്റ്റംബർ 12 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം.
ജൂലൈ 27 ന് എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് വന്ന സ്വകാര്യബസ്സ് തലയോലപറമ്പ് വെട്ടിക്കടമുക്കിൽ നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. അമിതവേഗത കാരണം അപകടമുണ്ടാകുമ്പോൾ സിവിൽ, ക്രിമിനൽ നിയമ പ്രകാരം നടപടിയെടുക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകളിലെ വേഗപൂട്ട് സംവിധാനം പ്രവർത്തിക്കുന്നുണ്ടോയെന്ന് മോട്ടോർവാഹന വകുപ്പും പോലീസും സംയുക്ത പരിശോധന നടത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. വേഗപൂട്ട് പ്രവർത്തിച്ചില്ലെങ്കിൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കണം. നിലവിലുള്ള ബസ് പെർമിറ്റുകൾ റണ്ണിംഗ് ടൈം അനുസരിച്ച് പുനക്രമീകരിക്കണമെന്നും പരാതിക്കാരനായ തലയോലപ്പറമ്പ് സ്വദേശി ഫിറോസ് മാവുങ്കൽ ആവശ്യപ്പെട്ടു. അനധികൃത ഓവർടേക്കിംഗ്, ഗതാഗത തടസം സൃഷ്ടിക്കുന്ന പ്രകടനങ്ങൾ തുടങ്ങിയവ നിയന്ത്രിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി: ഏഴ് വർഷം മുമ്പ് പൂർത്തിയാക്കിയ പ്രവൃത്തിക്ക് കെട്ടിവച്ച ജാമ്യത്തുക തിരികെ കിട്ടി. (Date : 13/08/2024)
കാസർകോട് :- 2015 ജൂണിൽ പൂർത്തിയാക്കിയ നിർമ്മാണ ജോലിക്കായി പൊതുമരാമത്തിൽ കെട്ടിവച്ച ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കരാറുകാരന് തിരികെ നൽകി.
മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് ചെറുകിട ജലസേചന വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മൊഗ്രാൽപുത്തൂർ പഞ്ചായത്തിലുള്ള ഉജ്ജീർക്കുളത്തിന്റെ അറ്റകുറ്റപണികൾ നടത്തിയ ബി. ഐ അബൂബേക്കർ സിദ്ദിഖിന് തുക തിരികെ ലഭിച്ചത്.
മൊഗ്രാൽപുത്തൂർ പഞ്ചായത്തിലുള്ള ഉജ്ജീർക്കുളത്തിന്റെ അറ്റകുറ്റപണികൾ നടത്താനാണ് ബി. ഐ അബൂബേക്കർ സിദ്ദിഖ് കരാറെടുത്തത്. 2015 ജൂൺ 15 ന് പ്രവൃത്തി പൂർത്തിയാക്കി. ജാമ്യത്തുകയായ ഒരു ലക്ഷം രൂപ ലഭിക്കുന്നതിന് കരാറുകാരൻ കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ഓഫീസിൽ കഴിഞ്ഞ ഏഴ് വർഷമായി ഇറങ്ങിക്കയറുകയാണ്.
കമ്മീഷൻ മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. കുളം നവീകരണത്തിൽ ക്രമക്കേട് നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി കുളത്തിന്റെ താഴെയുള്ള ഭാഗം പരിശോധിക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ജലനിരപ്പ് താഴുന്ന മുറയ്ക്ക് മാത്രമേ സ്ഥല പരിശോധന നടത്താൻ കഴിയുകയുള്ളൂ. കുളം വറ്റിച്ച് പരിശോധിക്കണമെങ്കിൽ ഒന്നര ലക്ഷം രൂപ ചെലവു വരും. മാത്രവുമല്ല സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാവുകയും ചെയ്യും. പ്രസ്തുത പരിശോധന പൂർത്തിയായാൽ മാത്രമേ വിജിലൻസ് കേസിൽ തീരുമാനമാവുകയുള്ളൂ. കേസിൽ തീരുമാനമാകാതെ ജാമ്യത്തുക തിരികെ നൽകാനാവില്ലെന്നാണ് റിപ്പോർട്ട്.
ഇത് തികച്ചും അപഹാസ്യമായ നിലപാടാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ജാമ്യത്തുക തിരികെ നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.
|
എസ്കോർട്ട് വാഹനം തട്ടി കാറുടമയുടെ വലതു കാലിന്റെ താഴ്ഭാഗം മുറിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. HRMP No : 3395/2024 (Date : 13/08/2024)
കൊല്ലം: മുൻ പ്രതിപക്ഷ നേതാവിന്റെ എസ്കോർട്ട് വാഹനമിടിച്ച് നെയ്യാറ്റിൻകര സ്വദേശിയായ വ്യക്തിയുടെ വലതുകാൽമുട്ടിന് താഴെ വച്ച് മുറിച്ചു മാറ്റിയ സംഭവത്തിൽ എസ്കോർട്ട് വാഹനം ഓടിച്ചിരുന്ന പോലീസ് ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ അനാസ്ഥയുണ്ടെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും.
കമ്മീഷൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്കാണ് അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് 2 മാസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി.
പോലീസ് ഡ്രൈവറുടെ ഭാഗത്ത് അനാസ്ഥയോ കൃത്യവിലോപമോ ഇല്ലെന്ന് കാണിച്ച് കൊല്ലം ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചശേഷമാണ് നേരിട്ട് അന്വേഷിക്കാൻ കമ്മീഷൻ തീരുമാനിച്ചത്. നെയ്യാറ്റിൻകര കാരോട് മാറാടി സ്വദേശിനി സുനിത സമർപ്പിച്ച പരാതിയിലാണ് നടപടി.
2021 മേയ് 5 നാണ് സംഭവമുണ്ടായത്. പരാതിക്കാരിയുടെ മകൻ സംഗീത് ശിവൻ ഓടിച്ചിരുന്ന കാറാണ് ചടയമംഗലം പെട്രോൾ പമ്പിന് സമീപം അപകടത്തിൽ പെട്ടത്. അന്നത്തെ പ്രതിപക്ഷ നേതാവിന്റെ KL 01 CH 6837 എന്ന നമ്പറിലുള്ള എസ്കോർട്ട് വാഹനമാണ് മകന്റെ വാഹനത്തിൽ ഇടിച്ചതെന്ന് പരാതിക്കാരി അറിയിച്ചു. സംഗീത് ശിവന്റെ വാഹനത്തിന്റെ വലതുഭാഗത്തെ ഡോറിലാണ് ഇടിച്ചത്. അപകടശേഷം മകനെ ആശുപത്രിയിലെത്തിക്കാൻ പോലീസ് ഡ്രൈവർ തയ്യാറായില്ല. തുടർന്ന് നാട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഡ്രൈവർ മുങ്ങി. തുടർന്ന് മകനെ എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിലെത്തിച്ചു. 2021 മേയ് 13 ന് വലതുകാലിന്റെ മുട്ടിന് താഴെ വച്ച് മുറിച്ചു. ചികിത്സക്ക് 17,50,000 ചെലവായി. എന്നാൽ പോലീസ് ഡ്രൈവറുടെ മൊഴി പ്രകാരം തന്റെ മകനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും പരാതിക്കാരി പറഞ്ഞു.
ചടയമംഗലം എസ്. എച്ച്. ഒ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരിയുടെ മകന്റെ കാർ അമിതവേഗതയിൽ റോഡിന്റെ മധ്യത്തിലൂടെ സഞ്ചരിച്ചതാണ് അപകടകാരണമെന്ന് പറയുന്നു. കേസന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ എസ്കോർട്ട് കാറിന്റെ ഡ്രൈവറുടെ ഭാഗത്ത് തെറ്റില്ലെന്ന് മനസ്സിലാക്കിയതിനാൽ അശ്രദ്ധയോടുള്ള ഡ്രൈവിംഗ് എന്ന ഭാഗം ഒഴിവാക്കി. വാഹനപകടമായി പരിഗണിച്ച് കോടതി നമ്പർ ഫയലിൽ കുറവ് ചെയ്യാൻ ചടയമംഗലം ഗ്രാമന്യായലയത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതായും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ചടയമംഗലം പോലീസ് സ്പോട്ട് ഇൻസ്പെക്ഷൻ പോലും നടത്തിയിട്ടില്ലെന്ന് പരാതിക്കാരി ആരോപിച്ചു. തുടർന്നാണ് പരാതി കമ്മീഷൻ നേരിട്ട് അന്വേഷിക്കാൻ തീരുമാനിച്ചത്.
|
ആലപ്പുഴ മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന് (13/08/2024)
ആലപ്പുഴ : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഇന്ന് (13/08/2024) രാവിലെ 11 ന് ആലപ്പുഴ ഗവ.ഗസ്റ്റ് ഹൌസിൽ സിറ്റിംഗ് നടത്തും.
|
പാലക്കാട് മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന് (13/08/2024)
പാലക്കാട് : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഇന്ന് (13/08/2024) രാവിലെ 11 ന് പാലക്കാട് ഗവ.ഗസ്റ്റ് ഹൌസിൽ സിറ്റിംഗ് നടത്തും.
|
ഷോക്കേറ്റ് 3 പേർ മരിച്ച കുടുംബത്തിലെ അംഗത്തിന് ജോലി നൽകുന്നത് പരിശോധിക്കണമെന്ന് :മനുഷ്യാവകാശ കമ്മീഷൻ. HRMP No : 7929/11/4/2023 (Date : 12/08/2024)
ഇടുക്കി : ശക്തമായ മഴയിൽ മരം കടപുഴകി വൈദ്യുതി ലൈനിൽ വീണ് വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ടു മക്കളും മരിച്ച സംഭവത്തിൽ മരിച്ച മകന്റെ ഭാര്യക്ക് വൈദ്യുതി ബോർഡിൽ ജോലി നൽകാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കെ.എസ്.ഇ.ബി യിലെ ഉദ്യോഗസ്ഥർ മരിച്ച കനകാധരൻ നായരുടെ വീട്ടിലെത്തി ആവശ്യമായ സഹായങ്ങളും സേവനങ്ങളും പരാതിക്കാരന്റെ ഭാര്യക്ക് നൽകണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. കട്ടപ്പന സ്വദേശിയാണ് കനകാധരൻ നായർ.
2023 ഒക്ടോബർ 10 നാണ് പാടത്ത് പുല്ല് അരിഞ്ഞുകൊണ്ട് നിന്നിരുന്ന കനകാധരൻ നായർക്ക് (57) ഷോക്കേറ്റത്. അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ച മക്കളായ വിഷ്ണു (31) വിനീത് (28) എന്നിവർ ഉൾപ്പെടെ 3 പേർ ഷോക്കേറ്റു മരിച്ചു. 50 ലക്ഷം നഷ്ടപരിഹാരവും കുടുംബാംഗത്തിന് കെ.എസ്.ഇ.ബി യിൽ ജോലി നൽകണമെന്നുമാണ് ആവശ്യം.
കട്ടപ്പന കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എഞ്ചിനീയറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ശക്തമായ മഴയിൽ കനകാധരന്റെ വീടിനു പുറകുവശത്തുള്ള മുരിക്ക് മരവും പ്ലാവും കടപുഴകി വീണു. വൈദ്യുതി ലൈൻ പൊട്ടി വീണ് ഫേസ് കണ്ടക്ടർ കൃഷി സംരക്ഷണത്തിന് സ്ഥാപിച്ച വൈദ്യുതി വേലിയിൽ മുട്ടി. ഇതറിയാതെ വൈദ്യുത വേലിയിൽ സ്പർശിച്ചപ്പോഴാണ് കനകാധരൻ നായർക്ക് ഷോക്കേറ്റത്. സംഭവത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കെ.എസ്.ഇ.ബി യിൽ നിന്നും ആശ്വാസധനസഹായം അനുവദിക്കുന്നതിലുള്ള രേഖകൾ സമർപ്പിക്കാൻ കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നൽകിയെങ്കിലും രേഖകൾ ലഭിച്ചിട്ടില്ല. രേഖകൾ ലഭിച്ചാൽ ധനസഹായമെത്തിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
കനകാധരൻ നായരുടെ ഭാര്യ ഓമനയമ്മയും മൂത്ത മകൻ വിഷ്ണുവിന്റെ ഭാര്യ ആതിരയും ഒന്നരവയസ്സ് മാത്രമുള്ള മകൻ ഗൗതവുമാണ് കുടുംബത്തിൽ അവശേഷിക്കുന്നത്. ഇടക്കാല ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കട്ടപ്പന കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: വാഹനകരാറുകാരന് കുടിശ്ശിക നൽകുമെന്ന് കെ.എസ്.ഇ.ബി . HRMP. 3913/11/8/2024/KKD (Date : 12/08/2024)
കോഴിക്കോട് : കെ.എസ്. ഇ.ബി ബേപ്പൂർ ഇലക്ട്രിക്കൽ സെക്ഷനിൽ വാഹന കരാർ ഏറ്റെടുക്കുന്നയാൾക്ക് നൽകാനുള്ള കുടിശ്ശിക ബില്ലുകൾ കാലതാമസം കൂടാതെ നൽകുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ശമ്പളം ഉദ്യോഗസ്ഥർ പിടിച്ചുവച്ചതിനെ തുടർന്ന് കെ. എസ്. ഇ. ബി യിലെ കരാർ ഡ്രൈവർക്ക് വേതനം ലഭിച്ചില്ലെന്നാരോപിച്ച് ദൃശ്യമാധ്യമം സംപ്രേഷണം ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
2022 നവംബർ 1 മുതൽ 2023 സെപ്റ്റംബർ 30 വരെയും 2023 ഡിസംബർ 1 മുതൽ 2024 ഓഗസ്റ്റ് 31 വരെയും പരാതിക്കാരന് കെ. എസ്. ഇ. ബി യുമായി വാഹനകരാർ ഉണ്ടെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. 4 മാസമായി തുക കിട്ടാനുണ്ടെന്ന പരാതി അടിസ്ഥാനരഹിതമാണ്. ഫെബ്രുവരിയിലെ ബിൽ നൽകിയ ശേഷം മാർച്ചിലെ ബിൽ തയ്യാറാക്കാൻ പരാതിക്കാരന് നൽകിയെങ്കിലും അദ്ദേഹം ഒപ്പിടാൻ വിസമ്മതിച്ചു. ഓഫീസിലെ ആവശ്യങ്ങൾക്ക് വാഹനമോടിക്കാൻ തയ്യാറായില്ല. കരാറുകാരൻ ബിൽ ഒപ്പിടാത്തതുകൊണ്ടാണ് തുക കുടിശ്ശികയായെതെന്നും റിപ്പോർട്ടിൽ പറയുന്നു. കരാറുകാരന്റെ നിസഹകരണം കാരണം പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ കാലതാമസമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ബിൽ ഒപ്പിട്ട് കിട്ടിയാലുടൻ കാലതാമസം കൂടാതെ തുക അനുവദിക്കുമെന്നു റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.
|
അച്ചടക്ക നടപടി തീർക്കേണ്ടത് ആരെന്ന് തർക്കം: പെൻഷൻ നൽകിയില്ലെങ്കിൽ പലിശ നൽകേണ്ടി വരുമെന്ന് മനുഷ്യാവകാശ കമ്മീഷൻ . (Date : 09/08/2024)
ആലപ്പുഴ: അച്ചടക്ക നടപടി തീർപ്പാക്കേണ്ട ഉദ്യോഗസ്ഥൻ ആരാണെന്ന തർക്കത്തിന്റെ പേരിൽ മുൻ വൈദ്യുതി ബോർഡ് ജീവനക്കാരന് കിട്ടേണ്ട പെൻഷൻ കമ്യൂട്ടേഷൻ ആനുകൂല്യം ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ ചീഫ് എഞ്ചിനീയറിൽ നിന്നും പലിശ ഈടാക്കാൻ ഉത്തരവിടുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി , ചീഫ് എഞ്ചിനീയർക്കാണ് ( എച്ച്. ആർ. എം) നിർദ്ദേശം നൽകിയത്. 2022 മേയ് 31 ന് വിരമിച്ച സബ് എഞ്ചിനീയറുടെ ഭാര്യ കെ എസ്. സുശീല സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭർത്താവാണ് അച്ചടക്ക നടപടിക്ക് വിധേയനായത്.
കെ.എസ്.ഇ.ബി.ചീഫ് എഞ്ചിനീയറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കൃഷ്ണപുരം ഇലക്ട്രിക്കൽ സെക്ഷനിൽ 2014 മുതൽ 17 വരെ എഞ്ചിനീയറായിരുന്ന പരാതിക്കാരിയുടെ ഭർത്താവിനെതിരെ ക്വത്യവിലോപത്തിന് കേസുണ്ടായിരുന്നതായി റിപോർട്ടിൽ പറയുന്നു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെട്ട അച്ചടക്ക നടപടി കേസിൽ കുറ്റവിമുക്തനാക്കേണ്ടത് ആരാണ് എന്നാണ് തർക്കം. അച്ചടക്ക നടപടി തീർപ്പാക്കേണ്ട ഉദ്യോഗസ്ഥനെ നിശ്ചയിക്കുന്ന ഫയൽ ചീഫ് എഞ്ചിനീയറുടെ പരിഗണനയിലാണ്. എന്നാൽ അച്ചടക്ക നടപടി ഇപ്പോഴും തീർന്നിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചു.ഇത് പ്രമഥദ്യഷ്ട്യാ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു
|
മാനാഞ്ചിറക്കുളം സംരക്ഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 09/08/2024)
കോഴിക്കോട്: ചരിത്ര പ്രാധാന്യമുള്ള മാനാഞ്ചിറ കുളം മാലിന്യ മുക്തമാക്കി സംരക്ഷിക്കാൻ നഗരസഭാ സെക്രട്ടറി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ദിനപത്രം പ്രസിദ്ധീകരിച്ച , പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ കുളത്തിന്റെ ചിത്രം അടിസ്ഥാനമാക്കി കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജൂഡീഷ്യൽ അംഗം കെ. ബൈജൂ നാഥിന്റെ ഉത്തരവ്. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണം. ഓഗസ്റ്റ് 30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നഗരത്തിലെക്കുള്ള പ്രധാന കുടിവെള്ള സ്രോതസാണ് മാനാഞ്ചിറക്കുളം.എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലാണ് മാനാഞ്ചിറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞ് വ്യക്തിഹീതമായത്.
|
ആര്യൻ കടവിലുള്ള 140 കുടുംബങ്ങളുടെ ദുരവസ്ഥ: നടപടിക്ക് നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ. (Date : 09/08/2024)
പാലക്കാട്: കഴിഞ്ഞ വർഷം നടന്ന വെള്ളപ്പൊക്കത്തിൽ കിടപ്പാടം നഷ്ടമായ വടക്കാഞ്ചേരി പാളയം ആര്യൻകടവിലുള്ള 140 കുടുംബങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥ പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
പാലക്കാട് ജില്ലാ കളക്ടർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. പാലക്കാട് മുൻസിപാലിറ്റി ക്ഷേമ കാര്യ ചെയർപേഴ്സൺ വി.എസ്. മിനിമോൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഇവരുടെ കിടപ്പാടവും വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങളും കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ നഷ്ടമായി.ഭക്ഷണവും വൈദ്യുതിയും നിഷേധിക്കപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെപ്രതിനിധികൾ പോലും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് പരാതി. അപ്രതീക്ഷിതമായി രാത്രിയിൽ വെള്ളമെത്തിയതു കാരണമാണ് നാട്ടുകാർക്ക് എല്ലാം നഷ്ടമായത്. സെപ്റ്റംബറിൽ പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചില്ലെങ്കിൽ പിഴ ഈടാക്കരുത്: മനുഷ്യാവകാശ കമ്മീഷൻ. HRMP No : 5961/11/15/2023/PTA ,HRMP No : 6032/11/15/2023/PTA (Date : 08/08/2024)
പത്തനംതിട്ട : അടൂർ ടൗണിൽ വാഹനത്തിരക്ക് അനുസരിച്ച് പാർക്കിംഗ് സ്ഥലം ഏർപ്പെടുത്താതെയും പാർക്കിംഗ് പാടില്ലെന്ന ബോർഡ് പ്രദർശിപ്പിക്കാതെയും പിഴ ഈടാക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അടൂർ ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ടൗണിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ആവശ്യമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താനും നടപടിയെടുക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി അടൂർ മുൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
അടൂർ കെ.എസ്. ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപം വാഹനം പാർക്ക് ചെയ്തതിന് 250 രൂപ പിഴ ഈടാക്കിയെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
അടൂർ പോലീസ് എസ്. എച്ച.ഒ യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ടൗണിൽ പാർക്കിംഗ് പൂർണ്ണമായി നിരോധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പാർക്കിംഗ് പാടില്ലെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. പാർക്കിംഗ് നിരോധിച്ച സ്ഥലത്ത് വാഹനം നിർത്തിയതുകൊണ്ടാണ് പിഴ ഈടാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പാർക്കിംഗ് സൗകര്യം നൽകാത്തതുകൊണ്ടാണ് പാർക്ക് ചെയ്യേണ്ടി വരുന്നതെന്ന് പരാതിക്കാരനായ ഡോ. ഒ.സി പ്രമോദ് കമ്മീഷനെ അറിയിച്ചു. അടൂർ മുൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
|
ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവം: റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 4906/2024/TVM (Date : 08/08/2024)
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഹാജരാക്കിയ റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. അലക്സാണ്ടർ തോമസ്.
ജൂലൈ 13 ന് ഉച്ചക്ക് 12 ന് ലിഫ്റ്റിൽ അകപ്പെട്ട രോഗിയെ പുറത്തേക്കിറക്കിയ സമയവും തീയതിയും രേഖപ്പെടുത്താതെ റിപ്പോർട്ട് സമർപ്പിച്ച രീതി ശരിയായ നടപടിയല്ലെന്നും ഇത് ഗൗരവമായി കാണുമെന്നും കമ്മീഷൻ നിരീക്ഷിച്ചു. രവീന്ദ്രൻ നായർ എന്ന രോഗിയെ ലിഫ്റ്റിൽ നിന്നും ഇറക്കിയ സമയവും തീയതിയും വ്യക്തമാക്കി ഒരു തുടർ റിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കണമെന്നും കമ്മീഷൻ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി.
രവിന്ദ്രൻ നായരെ രക്ഷപ്പെടുത്തിയെന്ന് പറയുന്ന ജൂലൈ 14 ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും പ്രവർത്തിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണം. അന്ന് ലിഫ്റ്റ് ഓപ്പറേറ്റർമാരുടെ സേവനം ലഭ്യമായിരുന്നോ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജൂലൈ 13 ന് അസ്ഥിരോഗ വിഭാഗത്തിലെത്തിയ രവീന്ദ്രൻ നായർ (59) പരിശോധനാ ഫലം ഡോക്ടറെ കാണിക്കാൻ ആശുപത്രിയിലെത്തിയപ്പോഴാണ് ലിഫ്റ്റിൽ കുരുങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. നാലടി മുകളിലേക്ക് കയറുമ്പോൾ ലിഫ്റ്റ് നിൽക്കുകയും രോഗി അലാറം അടിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു.
ലിഫ്റ്റിന്റെ വാതിലുകൾക്കിടയിലൂടെയുള്ള ഭാഗത്ത് നിന്നും വെളിച്ചവും ഓക്സിജനും കിട്ടിയതുകൊണ്ട് രോഗി അബോധാവസ്ഥയിലേക്ക് പോയില്ല. എന്നാൽ രോഗിക്ക് പകലെന്നോ രാത്രിയെന്നോ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം വന്നു ചേർന്നു. പ്രാഥമികാവശ്യങ്ങൾ പോലും ലിഫ്റ്റിൽ തന്നെ നടത്തിയ നിലയിലാണ് രോഗിയെ രക്ഷപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒ.പി ലിഫ്റ്റിന്റെ ചുമതലയുണ്ടായിരുന്ന മുരുകൻ, കെ.എസ്. ആദർശ്, മേൽനോട്ട ചുമതലയുള്ള ഡ്യൂട്ടി സാർജന്റ് രജീഷിനെയും തൽക്കാലം സർവീസിൽ നിന്ന് മാറ്റി നിർത്തി വിശദമായ അന്വേഷണം നടത്താൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തിയിട്ടിണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇലക്ട്രിക്കൽ വിങ്ങ് എ.ഇ, എസ്റ്റേറ്റ് ഓഫീസർ, , നഴ്സിംഗ് ഓഫീസർ, ഒമേഗ എലിവേറ്റേഴ്സ് എന്നിവരെ ഉൾപ്പെടുത്തി പ്രിൻസിപ്പൽ തലത്തിൽ യോഗം കൂടാനും വിശദമായി തുടർ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
|
വാട്സ് ആപ്പ് വഴി ആഹ്വാനം ചെയ്ത ബസ് പണിമുടക്ക് : വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ. (Date : 08/08/2024)
കോഴിക്കോട് : യാത്രക്കിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രഖ്യാപിച്ച കുറ്റ്യാടി - കോഴിക്കോട് റൂട്ട് ബസ് പണിമുടക്ക് സംബന്ധിച്ച് മനുഷ്യവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് തേടി.
കാലിക്കറ്റ് ബസ് പാസഞ്ചേർസ് അസോസിയേഷൻ നൽകിയ പരാതിയുടെയും മാധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ കളക്ടർ , നോർത്ത് സോൺ ഐ. ജി, റീജിയണൽ റോഡ് ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർ 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
ബസ് പണിമുടക്ക് നടത്താൻ കുറഞ്ഞത് 7 ദിവസത്തിനുളളിൽ കളക്ടർക്ക് വിവരം നൽകണമെന്നാണ് വ്യവസ്ഥ. മിന്നൽ പണിമുടക്ക് ആണെങ്കിൽ ഒരു ദിവസം മാത്രം . എന്നാൽ 4 ദിവസമായി കുറ്റ്യാടി റൂട്ടിൽ ജനം ദുരിതത്തിലാണ്. യാത്ര ചെയ്യാനുള്ള അവകാശം ലംഘിച്ചതായി പാസഞ്ചേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷെമീർ നളന്ദ നൽകിയ പരാതിയിൽ പറയുന്നു
|
പന്നി ഫാമിൽ നിന്നും കാട്ടിറച്ചി പിടികൂടിയതായി വനംവകുപ്പ്: പരാതി മനുഷ്യാവകാശ കമ്മീഷൻ തീർപ്പാക്കി HRMP. 770/11/8/2021 (Date : 07/08/2024)
കോഴിക്കോട് : വനാതിർത്തിയിൽ സ്വകാര്യ വ്യക്തി നടത്തുന്ന പന്നിഫാമിൽ നിന്നും 49 കിലോഗ്രാം കാട്ടുപോത്തിന്റെ ഇറച്ചിയും 3 തോക്കുകളും പിടികൂടിയിട്ടുണ്ടെന്ന് കോഴിക്കോട് ഡി.എഫ്.ഒ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പന്നിഫാം നടത്താൻ വനം വകുപ്പ് അധികൃതർ തടസ്സം നിൽക്കുകയാണെന്ന് ആരോപിച്ച് കൂടരഞ്ഞി പൂവാറൻതോട് സ്വദേശി സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കോഴിക്കോട് ഡി.എഫ്.ഒ വിശദീകരണം സമർപ്പിച്ചത്. ഈ ഫാമിൽ നിന്നാണ് കാട്ടിറച്ചി പിടികൂടിയതെന്നാണ് റിപ്പോർട്ട്.
സർക്കാർ അനുമതിയില്ലാതെ കാട്ടിൽ പ്രവേശിക്കുന്നത് നിയമവിരുദ്ധമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരനായ കെ.വി ജോസഫിന്റെ മകൻ ജിൽസൻ നടത്തുന്ന പന്നി ഫാമിന്റെ മറവിൽ കാട്ടിൽ നിന്നും വന്യ മൃഗങ്ങളെ വെടിവച്ച് കൊന്ന് ഇറച്ചിയാക്കി വിൽക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വയനാട്ടിൽ വച്ച് പട്ടികളെ അഴിച്ച് വിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി കൊല്ലാൻ ശ്രമിച്ചിരുന്നു. പിന്നീട് പോലീസിനെ വിളിച്ചാണ് സ്ഥലം പരിശോധിച്ച് കാട്ടുപോത്തിറച്ചി പിടികൂടിയത്. സർക്കാർ ഭൂമിയിലുള്ള അരുവിയിൽ പ്രവേശിച്ച് വെള്ളം കടത്തലിന് പരാതിക്കാരനെതിരെ കേസെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
പന്നിഫാമിന് പഞ്ചായത്തിന്റെ ലൈസൻസില്ല. വനത്തിലെ വെള്ളം തടഞ്ഞാൽ വന്യ മൃഗങ്ങൾക്ക് കുടിവെള്ള ലഭ്യത കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന്റെ പ്രവ്യത്തി കാരണം സർക്കാരിന് അപരിഹാരമായ പരിസ്ഥിതി നാശം ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന് മറുപടി സമർപ്പിക്കാൻ പരാതിക്കാരനായ കെ.വി. ജോസഫിന് നിർദ്ദേശം നൽകിയെങ്കിലും ഹാജരാക്കിയില്ല. തുടർന്ന് കമ്മീഷൻ കേസ് തീർപ്പാക്കി.
|
സർക്കാർ ഓഫീസിൽ ഉദ്യോഗസ്ഥർ പരസ്പര സഹകരണത്തോടെ ജോലി ചെയ്യണം: മനുഷ്യാവകാശ കമ്മീഷൻ HRMP No : 8133/11/15/2023 (Date : 07/08/2024)
ഇടുക്കി : മൂഴിയാർ ജനറേഷൻ സർക്കിൾ ഓഫീസിൽ സുഗമമായ അന്തരീക്ഷത്തിൽ പരസ്പര സഹകരണത്തോടെ ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് മനിഷ്യാവകാശ കമ്മീഷൻ
വൈദ്യുതി ബോർഡിന്റെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കെതിരെ കമ്മീഷനിൽ പരാതി നൽകിയ സൂപ്രണ്ടിന് മറ്റൊരു ഓഫീസിലേക്ക് സ്ഥലം മാറ്റം നൽകണമെന്ന ആവശ്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി വൈദ്യുതി ബോർഡ് ( ഹ്യുമൺ റിസോഴ്സ് മാനേജമെന്റ് ) വിഭാഗം ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.
പരാതിയിൽ കഴമ്പില്ലെന്നും പരാതിക്കാരന് മറ്റൊരു ഓഫീസിൽ സ്ഥലം മാറ്റം നൽകുമെന്നുള്ള ചീഫ് എഞ്ചിനീയറുടെ (എച്ച്. ആർ) റിപ്പോർട്ട് കമ്മീഷൻ അംഗീകരിച്ചു.
മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തന്നെ ഓഫീസിൽ വിളിച്ചു വരുത്തി ചീഫ് എഞ്ചിനീയർ അപമാനിക്കുന്നുവെന്നാരോപിച്ച് ആർ. സന്തോഷ്കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
പ്രതിപക്ഷ സംഘടനാ പ്രവർത്തകനായതുകൊണ്ടാണ് നിസാരകാര്യങ്ങൾക്ക് വരെ തന്നെ അപമാനിക്കുന്നതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പരാതിയെക്കുറിച്ച് കെ. എസ്.ഇ.ബി വിജിലൻസ് ഓഫീസർ അന്വേഷണം നടത്തിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പരാതിയിൽ ഉന്നയിക്കുന്ന തരത്തിൽ മനുഷ്യാവകാശ ലംഘനം നടന്നതിന് തെളിവില്ലെന്നും ഇപ്പോൾ അത്തരമൊരു പരാതി നിലവിലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് സ്ഥലം മാറ്റം നൽകിയാൽ ഭാവിയിൽ ഇത്തരം പരാതികൾ ഉണ്ടാകുന്നത് ഒഴിവാക്കാമെന്നും റിപ്പോർട്ടിലുണ്ട്.
|
സർവീസ് - വിരമിക്കൽ ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിൽ നടപടി വരും: മനുഷ്യാവകാശ കമ്മീഷൻ (Date : 06/08/2024)
ത്യശൂർ: സർവീസ് - വിരമിക്കൽ ആനുകൂല്യങ്ങൾ ക്യത്യസമയത്ത് നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട ജീവനക്കാരിൽ നിന്നും പലിശ സഹിതം ഈടാക്കുമെന്ന കോടതി ഉത്തരവുകൾ വിസ്മരിച്ച് ഉദ്യോഗസ്ഥർ പ്രവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ.
2023 ൽ ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ച മണലൂർ സ്വദേശിനി ഗീതാ പ്രേമന്റെ എക്സ് ഗ്രേഷ്യാ ഉൾപ്പെടെയുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ ഒരു മാസത്തിനകം നൽകണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകി. ആനുകൂല്യങ്ങൾ നൽകിയ വിവരം ഓഗസ്റ്റ് 10 ന് കമ്മീഷനിൽ ഹാജരാക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ ഉത്തരവിൽ പറയുന്നു.
2015 മുതൽ പരാതിക്കാരി ചികിത്സക്കായി സമർപ്പിച്ച അവധി അപേക്ഷകൾ അംഗീകരിക്കാത്തതു കാരണമാണ് ആനുകൂല്യങ്ങൾ അനുവദിക്കാൻ കാലതാമസമുണ്ടായത്.എന്നാൽ അവധി അപേക്ഷകൾ കൃത്യമായി ലഭിച്ചിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ഇവ ലഭ്യമാക്കാൻ ത്യശൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ഡി . എച്ച്. എസ്. ഏതാനും മാസങ്ങൾ മുമ്പ് കമ്മീഷനെ അറിയിച്ചത്. എന്നാൽ 2014 - 15 വർഷം പരാതിക്കാരി നൽകിയ അവധി അപേക്ഷകൾ പരിഗണിക്കുന്നതിൽ 10 വർഷത്തെ കാലതാമസം ഉണ്ടായതായി കമ്മീഷൻ കണ്ടെത്തി.പരാതിക്കാരി വിരമിച്ചിട്ടും അവർ നൽകിയ ശമ്പളമില്ലാത്ത അവധി അപേക്ഷ പരിഗണിച്ചില്ല. അംഗ പരിമിതയും രോഗിയും പട്ടികവിഭാഗക്കാരിയുമായ പരാതിക്കാരിയോടുള്ള സഹപ്രവർത്തകരുടെ സഹാനുഭൂതി ഇതിലൂടെ ബോധ്യമായതായി കമ്മീഷൻ പരിഹസിച്ചു. പരാതിക്കാരിയുടെ രോഗ വിവരം അറിയാവുന്ന ഡി.എം. ഒ , ശ്രീദേവി, ഡി.എം. ഒ.യിലെ എ.ഒ. അപർണ്ണ, തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്നത്തെ ലേ സെക്രട്ടറി, ക്ലാർക്ക് എന്നിവർ കൂട്ടുത്തരവാദികളാണെന്ന് പരാതിക്കാരി ആരോപിക്കുന്ന സാഹചര്യത്തിൽ ഇവർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു . പരാതിക്കാരി നൽകിയ അവധി അപേക്ഷ കാണാതായെങ്കിൽ അതും പരിശോധിക്കുമെന്ന് ഉത്തരവിൽ പറഞ്ഞു.
|
തീവണ്ടികൾക്കുനേരെ കല്ലെറിയുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP. 1127/11/2/2023 (Date : 06/08/2024)
കണ്ണൂർ : ട്രെയിനുകൾക്ക് കല്ലെറിയുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തീവണ്ടിയാത്രക്കാർക്ക് സുരക്ഷ ഒരുക്കാൻ റയിൽവേയുടെ ഭാഗത്ത് നിന്നും ശക്തമായ നടപടികൾ വേണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സംഭവങ്ങൾ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
2022 മുതൽ 2023 ഫെബ്രുവരി വരെയുള്ള ഒരു വർഷകാലത്ത് ട്രെയിനുകൾക്ക് കല്ലെറിയുന്ന 39 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 8 പേർക്ക് പരിക്കേറ്റു. 7 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരന്തരം കല്ലെറിയൽ ഉണ്ടാകുന്ന പ്രത്യേക മേഖലകൾ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
റയിൽവേ ട്രാക്ക് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ട്രാക്കിൽ അതിക്രമിച്ച് കയറുന്നതിനെതിരെ 2164 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രാക്കിൽ അതിക്രമിച്ച് കയറുന്നതും ട്രെയിനിന് കല്ലെറിയുന്നതും നിയമവിരുദ്ധമാണെന്ന ബോധവൽക്കരണം നൽകുന്നുണ്ട്. ജനപ്രതിനിധികളുടേയും പോലീസിന്റെയും വാട്സ് ആപ്പ് ഗ്രൂപ്പിന് രൂപം നൽകിയിട്ടുണ്ട്.
ട്രാക്കിലേക്കുള്ള അനധികൃത പ്രവേശനം തടയാൻ ചില മേഖലകളിൽ ബാരിക്കേഡ് സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്. ലോക്കൽ പോലിസിന്റെയും മറ്റും സഹകരണത്തോടെ സുരക്ഷയൊരുക്കാൻ റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പത്ര ദൃശ്യമാധ്യമങ്ങൾ വഴി ബോധവൽക്കരണം നൽകും. ഇത്തരം സംഭവങ്ങൾ തടയാൻ സംസ്ഥാന ജില്ലാ പോലിസ് മേധാവിമാരുമായി കൃത്യമായ ഇടവേളകളിൽ ചർച്ച സംഘടിപ്പിക്കും. തീവണ്ടിക്ക് നേരെ കല്ലെറിയുമ്പോൾ അപകടം സംഭവിക്കുന്നവർക്ക് യഥാസമയം നഷ്ടപരിഹാരം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അഡ്വ.വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
തുറന്ന ഓവുചാലുകൾ മൂടണം: മനുഷ്യാവകാശ കമ്മീഷൻ. HRMP. 593/11/8/2024 (Date : 05/08/2024
കോഴിക്കോട് : നഗരത്തിലുള്ള തുറന്ന ഓവുചാലുകളിൽ സ്ലാബിടാൻ നടപടിയെടുക്കാതെ അപകടങ്ങൾ ആവർത്തിച്ചാൽ സഞ്ചാര സ്വാതന്ത്യം ലംഘിച്ചതായി കണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോർപ്പറേഷൻ സെക്രട്ടറിക്കും പൊതുമരാമത്ത് എക്സ്ക്യൂട്ടീവ് എഞ്ചിനീയർക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനുള്ളിൽ അറിയിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.
1999 മുതൽ ഇതുവരെ കോഴിക്കോട് നഗരത്തിൽ ഓടയിൽ വീണ് 9 പേർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ എല്ലാ ഓടകളും സ്ലാബിട്ട് മൂടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
കോഴിക്കോട് നഗരസഭാ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. പുതിയറ ജയിൽ റോഡിലും അരിയിടത്തുപാലത്തിലുമുള്ള ഓടകൾ സ്ലാബിട്ട് മൂടിയതായി റിപ്പോർട്ടിൽ പറയുന്നു. കാരപറമ്പ് സിവിൽ സ്റ്റേഷൻ റോഡിൽ റോഡ് വീതി കൂട്ടുന്ന പ്രവർത്തനങ്ങൾ തുടരേണ്ടതിനാൽ അപകടാവസ്ഥ ഒഴിവാക്കുന്നതിന് ഹാന്റ് റെയിൽ സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
തുറന്നുകിടക്കുന്ന ഓടകൾക്ക് എത്രയും വേഗം സ്ലാബിടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സ്ലാബിടുന്നതിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രം കമ്പി കൊണ്ടോ, നെറ്റ് കൊണ്ടോ വളച്ച് കെട്ടി അപകടാവസ്ഥ കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇപ്രകാരം ചെയ്യാത്തതിനാൽ വർഷകാലത്ത് റോഡും തോടും തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ലെന്നും ആളുകളും വാഹനങ്ങളും ഓവുചാലിൽ പതിച്ച് അപകടങ്ങൾ സംഭവിക്കാറുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. ഇത്തരം ദൗർഭാഗ്യകതമായ സംഭവങ്ങൾ അവർത്തിക്കരുതെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. എ.സി ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കുട്ടിക്ക് മരുന്ന് മാറി കുത്തിവച്ചെന്ന് ആരോപണം: ആരോഗ്യ വകുപ്പ് ഡയറക്ടർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 05/08/2024)
തിരുവനന്തപുരം: പനിക്ക് ചികിത്സക്കെത്തിയ പത്തുവയസ്സുകാരന് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മരുന്ന് മാറി കുത്തിവയ്പ് എടുത്തതുകാരണം കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായെന്ന പരാതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടറും ആശുപത്രി സൂപ്രണ്ടും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ഓഗസ്റ്റ് 21 നു മുൻപ് ആരോഗ്യവകുപ്പ് ഡയറക്ടറും തൈക്കാട് ആശുപത്രി സൂപ്രണ്ടും വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ്.അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കുത്തിവയ്പിനെ തുടർന്ന് നെഞ്ചുവേദനയും ചർദ്ദിയും ഉണ്ടായ കുട്ടി ഗുരുതുരാവസ്ഥയിൽ എസ്.എ. ടി ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യുണിറ്റിൽ ചികിത്സയിലാണ്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിയെ ജൂലൈ 29 നു പനി കൂടിയതിനെ തുടർന്നാണ് തൈക്കാട് ആശുപത്രിയിൽ കൊണ്ടുവന്നത്. ജൂലൈ 30 നാണ് മരുന്ന് മാറി കുത്തി വച്ചത്
|
കുടിവെള്ളം മുട്ടിക്കുന്ന തണൽ മരം: വിഷയം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ . (Date : 05/08/2024)
കോഴിക്കോട്: വയനാട് റോഡിൽ മൂഴിക്കൽ ജുമാ മസ്ജിദിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികെ തണൽ മരം കുടിവെള്ളം മുട്ടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ദേശീയപാതാ അതോറിറ്റിക്ക് നോട്ടീസ് അയച്ചു.
ദേശീയ പാതാ വിഭാഗം പ്രോജക്റ്റ് ഓഫീസറും ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറും വിഷയം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 30 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ബസ് കാത്തിരിപ്പ് കേന്ദത്തിന് സമീപം പൈപ്പ് പൊട്ടിയത് പരിശോധിക്കുന്നതിനിടയിലാണ് മരം മുറിച്ചാൽ മാത്രമേ പൈപ്പ് നന്നാക്കാൻ കഴിയുകയുള്ളുവെന്ന് മനസിലാക്കിയത്. രണ്ടു വേരുകൾ മുറിച്ചെങ്കിലും പൊട്ടൽ കണ്ടെത്താനായില്ല. കൂടുതൽ വേരുകൾ മുറിച്ചാൽ മരം വീഴാൻ സാധ്യതയുണ്ട്. ഇതോടെയാണ് വാട്ടർ അതോറിറ്റി ദേശീയ പാതാ അതോറിറ്റിക്ക് കത്തെഴുതിയത്. അതോറിറ്റിയുടെ ഉടമസ്ഥതതയിലുള്ളതാണ് തണൽ മരം .
വെള്ളിമാടുകുന്ന് ടാങ്കിൽ നിന്നും ചെലവൂർ ഭാഗത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന 250 എം എം കാസ്റ്റ് അയൺ പൈപ്പിനാണ് മരത്തിന്റെ വേരുകൾ കാരണം തകരാർ സംഭവിച്ചത്. വെള്ളം പൊട്ടി ഒഴുകുന്നത് കാരണം പ്രദേശത്തെ വീടുകളിൽ കുടിവെള്ള ലഭ്യത കുറവാണ്.
പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
വെള്ളത്തുവൽ 15-ാം വാർഡിലെ ജലക്ഷാമം പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No : 773/11/4/2024 (Date : 02/08/2024)
ഇടുക്കി : വെള്ളത്തൂവൽ പഞ്ചായത്തിൽ 15-ാം വാർഡിലെ ജലക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നടപടികൾ ക്രമപ്രകാരം നിർവഹിക്കുന്നുണ്ടോ എന്ന് നേരിൽ പരിശോധിച്ച് ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ.
ഇടുക്കി പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2022-23 സാമ്പത്തിക വർഷത്തിൽ 5,94,200 രുപക്ക് ടെണ്ടർ ചെയ്ത് ലേബർ കോൺട്രാക്റ്റ് സൊസൈറ്റി വർക്ക് ഏറ്റെടുത്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പൈപ്പിന്റെയും മറ്റും പണി പൂർത്തിയാക്കി 3,50,712 രൂപയുടെ ചാർട്ട് ബിൽ മാറി. 2023-24 സാമ്പത്തിക വർഷത്തിൽ പദ്ധതി സ്പിൽ ഓവർ ആക്കി ഉൾപ്പെടുത്തി പണികൾ നടന്നുവരികയാണ്. ടാങ്ക് സ്ഥാപിച്ച് പൈപ്പ് കണക്ഷൻ നൽകാനുള്ള പണികളാണ് ബാക്കിയുള്ളത്.
പരാതിക്കാരായ കല്ലാർക്കുഴി സ്വദേശികളായ ഷീജ സന്തോഷ്, റീന, സാബു, മണവാളൻ എന്നിവർക്കും കൂടി കണക്ഷൻ നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
|
പട്ടികവിഭാഗക്കാരിക്ക് നൽകിയ സ്ഥലം ഒഴിപ്പിച്ചുനൽകണം: ഇല്ലെങ്കിൽ നടപടി: മനുഷ്യാവകാശ കമ്മീഷൻ. HRMP No : 457/11/4/2023 (Date : 05/08/2024)
ഇടുക്കി : മൂന്നാർ ഗ്രാമപഞ്ചാത്തിൽ ഭുമിയും വീടുമില്ലാത്ത പട്ടികജാതി വിഭാഗത്തിലുള്ളയാൾക്ക് അനുവദിച്ച മൂന്നാർ എം.ജി. കോളനിയിലെ 179 ാം നമ്പർ സ്ഥലം ശരവണൻ എന്നയാളിൽ നിന്നും രണ്ടാഴ്ചക്കകം ഒഴിപ്പിച്ച് പൊൻമണി എന്നയാൾക്ക് നൽകിയില്ലെങ്കിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടികൾക്ക് നിർദ്ദേശം നൽകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.
തനിക്ക് സർക്കാർ അനുവദിച്ച 2 ½ സെന്റ് സ്ഥലം വ്യാജരേഖ ചമച്ച് ശരവണൻ എന്നയാൾ കൈവശം വച്ചിരിക്കുകയാണെന്ന് ആരോപിച്ച് ചൊക്കനാട് എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ താമസിക്കുന്ന പൊൻമണി സമർപ്പിച്ച പരാതിയിലാണ് നടപടി.
മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 179ാം നമ്പർ പ്ലോട്ട് പരാതിക്കാരിക്ക് അനുവദിച്ചതാണെന്നും ഇതുൾപ്പെടെ രണ്ടുപ്ലോട്ടുകളും ശരവണൻ എന്നയാൾ കൈവശം വച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരവണനെ പഞ്ചായത്ത് ഓഫീസിൽ വിളിച്ചുവരുത്തിയെങ്കിലും താൻ വീട് വച്ച് താമസിക്കുന്ന സ്ഥലം ഒഴിയാൻ തയ്യാറല്ലെന്ന് പറഞ്ഞു. 15 ദിവസത്തിനകം സ്ഥലം ഒഴിഞ്ഞുനൽകണമെന്ന് ശരവണന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്ഥലം ഒഴിഞ്ഞുതന്നിട്ടില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് ശരവണൻ ലംഘിച്ചിരിക്കുകയാണെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. ശരവണനെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഭാഗത്ത് അലംഭാവം നിഴലിക്കുന്നതായും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
പട്ടികവിഭാഗക്കാരിക്ക് നൽകിയ സ്ഥലം ഒഴിപ്പിച്ചുനൽകണം: ഇല്ലെങ്കിൽ നടപടി: മനുഷ്യാവകാശ കമ്മീഷൻ. HRMP No : 457/11/4/2023 (Date : 05/08/2024)
ഇടുക്കി : മൂന്നാർ ഗ്രാമപഞ്ചാത്തിൽ ഭുമിയും വീടുമില്ലാത്ത പട്ടികജാതി വിഭാഗത്തിലുള്ളയാൾക്ക് അനുവദിച്ച മൂന്നാർ എം.ജി. കോളനിയിലെ 179 ാം നമ്പർ സ്ഥലം ശരവണൻ എന്നയാളിൽ നിന്നും രണ്ടാഴ്ചക്കകം ഒഴിപ്പിച്ച് പൊൻമണി എന്നയാൾക്ക് നൽകിയില്ലെങ്കിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടികൾക്ക് നിർദ്ദേശം നൽകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.
തനിക്ക് സർക്കാർ അനുവദിച്ച 2 ½ സെന്റ് സ്ഥലം വ്യാജരേഖ ചമച്ച് ശരവണൻ എന്നയാൾ കൈവശം വച്ചിരിക്കുകയാണെന്ന് ആരോപിച്ച് ചൊക്കനാട് എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ താമസിക്കുന്ന പൊൻമണി സമർപ്പിച്ച പരാതിയിലാണ് നടപടി.
മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 179ാം നമ്പർ പ്ലോട്ട് പരാതിക്കാരിക്ക് അനുവദിച്ചതാണെന്നും ഇതുൾപ്പെടെ രണ്ടുപ്ലോട്ടുകളും ശരവണൻ എന്നയാൾ കൈവശം വച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരവണനെ പഞ്ചായത്ത് ഓഫീസിൽ വിളിച്ചുവരുത്തിയെങ്കിലും താൻ വീട് വച്ച് താമസിക്കുന്ന സ്ഥലം ഒഴിയാൻ തയ്യാറല്ലെന്ന് പറഞ്ഞു. 15 ദിവസത്തിനകം സ്ഥലം ഒഴിഞ്ഞുനൽകണമെന്ന് ശരവണന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്ഥലം ഒഴിഞ്ഞുതന്നിട്ടില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് ശരവണൻ ലംഘിച്ചിരിക്കുകയാണെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. ശരവണനെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഭാഗത്ത് അലംഭാവം നിഴലിക്കുന്നതായും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
കുണ്ടുപറമ്പ് കൃഷ്ണൻ നായർ റോഡ് അറ്റകുറ്റപണികൾ പുർത്തിയാക്കണം മനുഷ്യാവകാശ കമ്മീഷൻ. HRMP. 592/11/8/2024 (Date : 01/08/2024)
കോഴിക്കോട് : 45 വർഷമായി തകർന്നുകിടക്കുന്ന കുണ്ടുപറമ്പ് മാളിക്കടവ് കൃഷ്ണൻ നായർ റോഡിൽ കിഫ്ബി ഫണ്ട് മുഖേനയുള്ള വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുവരെ അറ്റകുറ്റപണികൾ നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ജില്ലാകളക്ടർ അടിയന്തര ഇടപെടലുകൾ നടത്തി 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
പരാതിവിഷയത്തിൽ വകുപ്പുകൾ പരസ്പരം പഴിചാരി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ജില്ലാ ഭരണകൂടം ക്രിയാത്മകമായി ഇടപെടണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം ക്രിയാത്മകമായി ഇടപെട്ടിട്ടില്ലെന്നും ഉത്തരവിലുണ്ട്.
പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചീനീയർ റിപ്പോർട്ട് സമർപ്പിച്ചു. റോഡിന്റെ അറ്റകുറ്റപണികൾ നടത്തേണ്ടത് കേരള റോഡ് ഫണ്ട് ബോർഡാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാകാത്തതിനാൽ നിർമ്മാണം തുടങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് റോഡ് ഫണ്ട് ബോർഡ് കമ്മീഷനെ അറിയിച്ചു. റോഡിലെ കുഴികൾ മഴ കാരണം നികത്താൻ കഴിയുന്നില്ല. ഡ്രൈനേജ് പൈപ്പിൽ ഉണ്ടാകുന്ന ചോർച്ച കാരണമാണ് റോഡിൽ കുഴികൾ രൂപപ്പെടുന്നതെന്നും റിപ്പോർട്ടിലുണ്ട്.ഡ്രൈനേജ് നിർമ്മാണം പൂർത്തിയായാൽ മാത്രമേ റോഡിലെ വെള്ളക്കെട്ടിനു ശാശ്വതപരിഹാരം കാണാൻ കഴിയുകയുള്ളുയെന്ന് റോഡ് ഫണ്ട് ബോർഡ് അറിയിച്ചു. കാരപ്പറമ്പ് സ്വദേശി എ.സി. ഫ്രാൻസിസ് പരാമർശിച്ച പരാതിയിലാണ് നടപടി.
|
കല്ലായിപ്പുഴയിലെ ചെളിയും മണ്ണും നീക്കുന്ന നടപടികൾ ത്വരിതഗതിയിലാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP. 592/11/8/2024 (Date : 02/08/2024)
കോഴിക്കോട് : കല്ലായ് പുഴയിൽ അടിഞ്ഞ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിനുള്ള ടെണ്ടറിന് സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ത്വരിതഗതിയിൽ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചീനിയർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.
11,41,70,041 രൂപക്ക് വെസ്റ്റ് കോസ്റ്റ് ഡ്രഡ്ജിംഗ് കമ്പനി നൽകിയ കുറഞ്ഞ ടെണ്ടറിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഇറിഗേഷൻ ചീഫ് എഞ്ചിനീയർ ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ഇറിഗേഷൻ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പ്രവൃത്തി 6 തവണ ടെണ്ടർ ചെയ്തതിനാൽ ഇതിലും മികച്ച ഓഫർ ലഭിക്കാനിടയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അധിക തുകയായ 5,07,70,446 രൂപ അനുവദിക്കാൻ കോഴിക്കോട് നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
ചെളിയും മണ്ണും കാരണം പുഴയിലെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. 2011 ലാണ് ചെളിയും മണ്ണും നീക്കം ചെയ്യാൻ 350 ലക്ഷത്തിന്റെ ഭരണാനുമതി ആദ്യം അംഗീകരിച്ചത്. എന്നാൽ ടെണ്ടർ റദ്ദാക്കി. 2011 മാർച്ച് മുതൽ ടെണ്ടർ വിളിക്കുന്ന പദ്ധതിയാണ് ഇപ്പോൾ അംഗീകാരത്തിന്റെ ഘട്ടം വരെയെത്തി നിൽക്കുന്നത്.
|
ബീച്ചിൽ തെരുവുനായ്ക്കളുടെ സാന്നിധ്യം ഒഴിവാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP. 1253/11/2/2023 (01/08/2024)
കണ്ണൂർ: കുട്ടികൾ ഉൾപ്പെടെയുള്ള ആളുകളെത്തുന്ന ബീച്ച് പോലുള്ള സ്ഥലങ്ങളിൽ തെരുവുനായ്ക്കളുടെ സാന്നിധ്യം ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് പരിസരങ്ങളിൽ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
2023 ഫെബ്രുവരി 14 ന് മൈസൂരിൽ നിന്നുമെത്തിയ രണ്ട് കുട്ടികളെ തെരുവുനായ്ക്കൾ കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ചുമതലയിലാണെന്നും ശുചിത്വ പരിപാലനത്തിന് 16 അംഗ കുടുംബശ്രീ പ്രവർത്തകരെ അനുവദിച്ചിട്ടുണ്ടെന്നും മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള 100 തെരുവു നായ്ക്കൾക്ക് പ്രജനന നിയന്ത്രണത്തിനായി 15000 രൂപ കൈമാറിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വളർത്തു നായ്ക്കൾക്കും വാക്സിനേഷൻ നൽകും. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്ക് പിഴ ചുമത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
|
ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇന്ന് ചുമതലയേൽക്കും (01/08/2024)
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇന്ന് (01.08.2024) രാവിലെ 10 ന് ചുമതലയേൽക്കും.
കമ്മീഷൻറെ പി.എം.ജി ജംഗ്ഷനിലുള്ള ആസ്ഥാനമന്ദിരത്തിലാണ് ചുമതലയേൽക്കുന്നത്.
കേരള ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നത സമിതിയുടെ ശുപാർശ പ്രകാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചത്.
|
കേരളം മനുഷ്യാവകാശ സൗഹൃദമാകണം: ജസ്റ്റിസ്.അലക്സാണ്ടർ തോമസ്. (Date : 01/08/2024)
തിരുവനന്തപുരം: കേരളം ആദ്യം മനുഷ്യാവകാശ സൗഹൃദ സംസ്ഥാനമാകണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
മനുഷ്യാവകാശ സൗഹൃദമായ ശേഷം മനുഷ്യാവകാശ മാതൃകാ സംസ്ഥാനമായി കേരളം മാറണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരിന്റെയും ജനപ്രതിനിധികളുടെയും സഹകരണം അത്യന്താപേക്ഷിതമാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു.
കമ്മീഷൻ സെക്രട്ടറി എസ്. എച്ച് ജയകേശൻ, എ. ഓ, എച്ച്. നജീബ്, ഫിനാൻസ് ഓഫീസർ എ.വി. കൃഷ്ണകുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
|
സർക്കാർ പദ്ധതി വെള്ളാനയാകാതിരിക്കാൻ ജാഗ്രത വേണം:മനുഷ്യാവകാശ കമ്മീഷൻ. ( Date : 31/07/2024 )
ഇടുക്കി : അടിമാലി സർക്കാർ ഹൈസ്കൂളിലെ ഓപ്പൺ സ്റ്റേജിന്റെയും ഓഡിറ്റോറിയത്തിന്റെയും നിർമ്മാണം വെള്ളാനയാകാതിരിക്കാൻ തക്കതായ ജാഗ്രത പുലർത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സാധാരണക്കാരന്റെ നികുതി പണം അപഹരിക്കാതിരിക്കാൻ തക്കതായ നടപടിയെടുക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ഉത്തരവിൽ പറഞ്ഞു. ജില്ലാ കളക്ടർക്കും ജില്ലാ പത്മായത്ത് സെക്രട്ടറിക്കും തദ്ദേശ സ്വയംഭരണവകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അടിമാലി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം തടസ്സപ്പെട്ടതിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
2019-20 ൽ 20 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിക്ക് ഇപ്പോൾ 50 ലക്ഷമാണ് എസ്റ്റിമേറ്റെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇതിന്റെ സാങ്കേതിക അനുമതി ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ 2019 ൽ തുടങ്ങിയ പദ്ധതി 2024 ആയിട്ടും പൂർത്തിയാകാത്തത് വെല്ലുവിളിയാണെന്ന് പരാതിക്കാരനായ എ.എം അലി കമ്മീഷനെ അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് നിർമ്മാണം തുടങ്ങിയ തൂണുകളിൽ ഭാരം കയറുന്നത് ബലക്ഷയത്തിന് കാരണമാകുമെന്നും പരാതിക്കാരൻ അറിയിച്ചു..20 ലക്ഷത്തിന് തുടങ്ങിയ പദ്ധതി 50 ലക്ഷമാകുന്നത് അവിശ്വസനീയമാണെന്നും ഇതിൽ ഉത്കണ്ഠയുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
|
മറയൂർ പൊതു ശ്മശാനത്തിലെ മാലിന്യ സംസ്കരണ കേന്ദ്രം : പട്ടികജാതി കമ്മീഷൻ ഉത്തരവ് 3 മാസത്തിനകം നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 4609/23 ( Date : 26/07/2024 )
ഇടുക്കി : പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മീഷൻ മറയൂർ പൊതുശ്മശാനവുമായി ബന്ധപ്പെട്ട് മറയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശങ്ങൾ 3 മാസത്തിനകം നടപ്പിലാക്കിയ ശേഷം സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മറയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. പട്ടികജാതി പട്ടികവർഗ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കാത്തത് ആശ്ചര്യകരവും നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
രണ്ട് നിർദ്ദേശങ്ങളാണ് പട്ടികജാതി പട്ടികവർഗ കമ്മീഷൻ മറയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയത്. 2023 ഡിസംബർ 5 ന് കമ്മീഷൻ സ്ഥലം സന്ദർശിച്ചിരുന്നു.
പഞ്ചായത്ത് പൊതു ശ്മശാനത്തിന് വാങ്ങിയ ഭൂമിയിൽ പ്രവർത്തിക്കുന്ന മാലിന്യപ്ലാന്റ് 3 മാസത്തിനകം മാറ്റി സ്ഥാപിക്കണം. ഇതിനാവശ്യമായ ഭൂമി പഞ്ചായത്ത് കണ്ടെത്തണം.
1. പൊതു ശ്മശാനത്തിന്റെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് എന്ന ബോർഡ് മാറ്റി പൊതു ശ്മശാനം എന്ന ബോർഡ് സ്ഥാപിക്കണം.
2. പൊതു ശ്മശാനത്തിനായി വാങ്ങിയ സ്ഥലം പൂർണമായി അളന്ന് തിരിച്ച് ബാക്കിയുള്ള 23 സെന്റ് സ്ഥലത്തിന്റെ അതിർത്തി രേഖപ്പെടുത്തണമെന്ന് ദേവികുളം താലൂക്ക് സർവേയർക്കും കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.
|
നടപ്പാതകളിലെ ചതിക്കുഴികൾ ഇല്ലാതാക്കാൻ സ്ഥിരം സംവിധാനം വേണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 31/07/2024 )
കോഴിക്കോട്: നഗരത്തിലെ നടപ്പാതകൾ സഞ്ചാരയോഗ്യമാക്കുന്നതിനും സ്ലാബുകളും മാൻഹോൾ മൂടികളും മറ്റും യഥാസമയം മാറ്റുന്നതിനും അറ്റകുറ്റപണികൾ ചെയ്യുന്നതിനുമായി ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർമാനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കോഴിക്കോട് നഗരസഭ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. അമ്യത പദ്ധതിയുടെ ഭാഗമായി നടപ്പാതയിൽ ഇൻറർലോക്കും മാൻഹോളും സ്ഥാപിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മാൻഹോൾ മൂടി പൊട്ടിയ വിവരം അറിഞ്ഞപ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
നടപ്പാതയിൽ ചതിക്കുഴികൾ പ്രത്യക്ഷപ്പെടുന്നത് കാൽനടകാർക്ക് സുരക്ഷിതമായി നടക്കാനുള്ള അവകാശത്തിൻറെ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കാൻ നഗരസഭക്ക് സംവിധാനങ്ങൾ ഇല്ലെന്ന് മനസ്സിലാക്കുന്നതായി ഉത്തരവിൽ പറഞ്ഞു.
|
ജല അതോറിറ്റി കുഴിച്ച റോഡ് പൂർവ്വസ്ഥിതിയിലാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 131/2023 ) ( Date : 26/07/2024 )
മലപ്പുറം : നാടുകാണി - പരപ്പനങ്ങാടി പാതയിൽ എടവണ്ണ ടൌണിൽ കുടിവെള്ള പദ്ധതിക്കായി കുഴിച്ച റോഡുകളിലെ അപകടാവസ്ഥ ഒഴിവാക്കാൻ നടപടിയെടുത്തില്ലെങ്കിൽ കടുത്ത മനുഷ്യാവകാശ ലംഘനമായി പരിഗണിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് സർക്കാരിന് നിർദ്ദേശം നൽകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് (പ്രോജക്ട് ഡിവിഷൻ, മലപ്പുറം) കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
പൈപ്പ് ലൈനിന് വേണ്ടി റോഡ് കുഴിച്ച ശേഷം പൂർവസ്ഥിതിയിലാക്കാതെ അപകടം ക്ഷണിച്ചുവരുത്തുന്നത് യാതൊരു കാരണവശാലും അനുവദിക്കാൻ കഴിയില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സ്ഥലത്തെ അപകടാവസ്ഥ ഒഴിവാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
റോഡ് പൂർവസ്ഥിതിയിലാക്കേണ്ടത് ജല അതോറിറ്റിയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. എന്നാൽ റോഡ് പൂർവസ്ഥിതിയിലാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ജല അതോറിറ്റി അറിയിച്ചു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആവർത്തിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പെരകമണ്ണ സ്വദേശി ടി. ടി. റിയാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന് (26/07/2024)
കൊല്ലം : സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഇന്ന് (26/07/24) രാവിലെ 10.30 ന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
വഴിയുമില്ല വൈദ്യുതിയുമില്ല ; ദുരവസ്ഥയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ( Date : 27/07/2024 )
തിരുവനന്തപുരം (ആറ്റിങ്ങൽ) : വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് നിർമ്മിച്ച ഷീറ്റ് കൊണ്ട് മറച്ച കൂരയിലേക്കുള്ള വഴി വസ്തു ഉടമ മതിൽകെട്ടി അടച്ചതു കാരണം വഴിയും വൈദ്യുതിയും നിഷേധിക്കപ്പെട്ട കുടുംബം അനുഭവിക്കുന്ന ദുരവസ്ഥയെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ജില്ലാ കളക്ടർ അന്വേഷണം നടത്തി 2 ആഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് ഉത്തരവിട്ടു.
ആറ്റിങ്ങൽ ഇളമ്പ പാവൂർക്കോണം ആദി ഭവനിലെ സുനിൽകുമാറിന്റെ കുടുംബമാണ് ദുരവസ്ഥ അനുഭവിക്കുന്നത്. ഇവരുടെ പ്രമാണത്തിൽ ഒരു മീറ്റർ വഴിയുണ്ട്. എന്നാൽ ഇവർക്ക് വസ്തു വിറ്റ വിദ്യാധരൻ തന്നെ വഴി മതിൽ കെട്ടിയടച്ചു. ഇപ്പോൾ മറ്റുള്ളവരുടെ സ്ഥലത്തിലൂടെയാണ് സുനിൽകുമാറും കുടുംബവും നടക്കുന്നത്. വഴിയുണ്ടെങ്കിൽ മാത്രമേ വൈദ്യുതി കണക്ഷൻ ലഭിക്കുകയുള്ളു. പട്ടികജാതി കുടുംബമായതിനാൽ സൌജന്യ വൈദ്യുതി പോസ്റ്റിന് അർഹതയുണ്ട്.
ഒരു വർഷമായി കുടുംബം വഴിക്ക് വേണ്ടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. ജില്ലാ കളക്ടർക്ക് നൽകിയ പരാതി ചിറയിൻകീഴ് താലൂക്ക് ഓഫീസിലേക്ക് അയച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.
സുനിൽകുമാറിന്റെ മകൻ ആദിത്യൻ ഡീസൽ വിളക്കിന് മുന്നിലിരുന്നാണ് പഠിക്കുന്നത്. മണ്ണെണ്ണ വിതരണം നിയന്ത്രണത്തിലായതോടെ റേഷൻകട വഴി മണ്ണെണ്ണ കിട്ടാനും വഴിയില്ലാതായി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ജനറൽ ആശുപത്രിയിലെ ഒ.പി. ടിക്കറ്റ് ക്യൂ: വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ. ( Date : 26/07/2024)
തിരുവനന്തപുരം: നിരവധി രോഗികൾ ദിവസേനെ ചികിത്സക്കെത്തുന്ന ജനറൽ ആശുപത്രിയിൽ ഒ.പി. ടിക്കറ്റെടുക്കാൻ മണിക്കൂറുകൾ കാത്തു നിൽക്കണമെന്ന പരാതിയെ കുറിച്ച് അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജനറൽ ആശുപത്രി സൂപ്രണ്ട് ഒരാഴ്ചക്കകം റിപോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
സാങ്കേതിക വിദ്യ വികസിച്ചിട്ടും ഒ.പി. ടിക്കറ്റെടുക്കാൻ തലേന്ന് മുതൽ ക്യൂ നിൽക്കണമെന്നതാണ് അവസ്ഥ. പുലർച്ചെ രണ്ടിന് ക്യൂനിൽക്കുന്നവരുണ്ട്. ഒ.പി. ടിക്കറ്റ് എടുത്താൽ ഡോക്ടറെ കാണാനും മണിക്കൂറുകൾ ക്യൂ നിൽക്കണം.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ : ചികിത്സാ ആനുകൂല്യങ്ങൾ സംബന്ധിച്ച ബോർഡ് പ്രദർശിപ്പിക്കണമെന്ന് സർക്കാർ. HRMP No : 2939/2024 ( Date : 25/07/2024 )
കോഴിക്കോട് : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ചികിത്സാ ആനുകൂല്യങ്ങൾ വിശദീകരിക്കുന്ന ബോർഡുകൾ ആരോഗ്യവകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുള്ളതായി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് പ്രദർശിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ ചികിത്സാ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും അത് സംബന്ധിച്ച അവബോധമില്ലായ്മ കാരണം പദ്ധതികളുടെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് എല്ലാ ആതുരാലയങ്ങളിലും ചികിത്സാ ആനുകൂല്യങ്ങൾ പ്രദർശിപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടത്.
ആരോഗ്യ വകുപ്പു് സെക്രട്ടറിയുടെ നിർദ്ദേശം സംസ്ഥാനത്ത് നടപ്പിലാക്കിയോ എന്നത് സംബന്ധിച്ച് 2 മാസത്തിനുള്ളിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. താമരശേരി സ്വദേശി ഉദയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
വിവാഹ ചടങ്ങിനിടെ പെൺകുട്ടിയുടെ മുടി മുറിച്ച സംഭവത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് കുടുംബം: മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി. HRMP. 57/2023 ( Date : 25/07/2024 )
കണ്ണൂർ : വിവാഹത്തിനെത്തിയ പെൺകുട്ടിയുടെ മുടി അജ്ഞാതൻ മുറിച്ചുമാറ്റിയ സംഭവത്തിൽ പെൺക്കുട്ടിക്കും കുടുംബത്തിനും പരാതിയില്ലാത്തതിനാൽ കൂടുതൽ നടപടികൾ ആവശ്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മുടി നഷ്ടപ്പെട്ട പെൺകുട്ടിയുടെ താത്പ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കേണ്ടതില്ലെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
പയ്യന്നൂർ എസ്.എച്ച്.ഒ യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2022 ഡിസംബർ 31 ന് കരിവള്ളൂർ ആണൂർ ഓഡിറ്റേറിയത്തിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഭക്ഷണം കഴിക്കുന്നതിനുള്ള തിരക്കിനിടയിലാണ് കരിവെള്ളൂർ സ്വദേശിനിയായ പെൺകുട്ടിയുടെ മുടിയുടെ അറ്റത്ത് നിന്നും കുറച്ച് ഭാഗം ആരോ മുറിച്ചുമാറ്റിയത്. പെൺകുട്ടി ഇക്കാര്യം അറിഞ്ഞില്ല. വീട്ടിലെത്തി മുടി കെട്ടുന്ന സമയത്താണ് കാര്യം മനസിലായത്. വിവാഹത്തിന്റെ വീഡിയോ ബന്ധുക്കളും മറ്റും വിശദമായി പരിശോധിച്ചു. എന്നാൽ യാതൊരു സൂചനയും ലഭിച്ചില്ല. പരാതിയെ കുറിച്ച് അന്വേഷിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും വ്യക്തിപരമായി താൽപ്പര്യമില്ലെന്ന് പെൺകുട്ടിയും മാതാപിതാക്കളും അറിയിച്ചതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിയമനം ഗവർണർ അംഗീകരിച്ചു
തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു.
മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ പേര് ഗവർണർക്ക് കൈമാറിയത്.
2014 ജനുവരി 23 മുതൽ 2023 സെപ്റ്റംബർ 4 വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചിട്ടുള്ള ജസ്റ്റിസ് അലക്സാണ്ടർ തോമസ് 2023 ജൂലൈയിൽ ആക്റ്റിംഗ് ചീഫ് ജസ്റ്റിസുമായിരുന്നു.
ബ്രിട്ടൻ, ലണ്ടൻ സർവകലാശാല, യു.കെ എന്നിവിടങ്ങളിൽ നിന്നും നിയമ പരിശീലനം നേടിയ ന്യായാധിപനാണ് അദ്ദേഹം. ഭരണഘടനാ , ക്രിമിനൽ, സിവിൽ, തൊഴിൽ, സർവീസ്, കമ്പനി നിയമങ്ങളിൽ അവഗാഹതയുള്ള ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ 25000 ത്തോളം കേസുകൾ തീർപ്പാക്കിയിട്ടുണ്ട്. കേരള ജുഡീഷ്യൽ അക്കാദമിയുടെ പ്രസിഡന്റായും കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെഎക്സിക്യൂട്ടീവ് ചെയർമാനായും കേരള സംസ്ഥാന മീഡിയേഷൻ ആന്റ് കൺസീലിയേഷൻ സെന്ററിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ലാ ഇൻസ്റ്റിറ്യൂട്ടിന്റെ കേരള യൂണിറ്റ് എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബിയും കൊച്ചി സർവകലാശാലയിൽ നിന്നും എം.എസ്. സിയും നേടി. കോമൺ വെൽത്ത് യംഗ് ലായേഴ്സ് കോഴ്സിൽ ബ്രിട്ടീഷ് സർക്കാരിന്റെ സ്കോളർഷിപ്പ് ലഭിച്ച 4 ഇന്ത്യൻ അഭിഭാഷകരിൽ ഒരാളായിരുന്നു അദ്ദേഹം.
|
ലൈസൻസില്ലാത്ത കുട്ടികൾ അപകടകരമായി വാഹനമോടിക്കുന്നത് തടയാൻ ചീഫ് സെക്രട്ടറി നിർദ്ദേശിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP. 72/2023 (Date : 24/07/2024)
കണ്ണൂർ : സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന ചടങ്ങുകളിൽ ഡ്രൈവിംഗ് ലൈസൻസില്ലാത്ത കുട്ടികൾ അപകടകരമായി വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിലെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ എല്ലാ സ്കൂൾ അധികൃതർക്കും നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
മമ്പറം സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ തുറന്ന ജീപ്പിൽ അഭ്യാസം നടത്തിയതു പോലുള്ള സംഭവങ്ങൾ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
പിണറായി പോലീസ് എസ്.ഐ യിൽ കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2022 ഡിസംബർ 22 ന് നടന്ന സംഭവത്തിൽ ഉപയോഗിച്ച വില്ലീസ് ജീപ്പ് കസ്റ്റഡിയിലെടുത്തതായും വാഹന ഉടമയ്ക്കെതിരെ കേസെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. വാഹനം കോടതിയിൽ നൽകുകയും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്ക് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂൾ പരിസരത്ത് പോലീസ് പരിശോധന കർശനമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. പൊതു പ്രവർത്തകനായ അഡ്വ. വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ് ഇന്ന് ( 24/07/2024)
കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ. ബൈജൂനാഥ് ഇന്ന് (24/07/2024) രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.
|
വെണ്ണിക്കുളം ഗവ. ജെ.ബി സ്കൂളിലെ പ്രി പ്രൈമറി അദ്ധ്യാപികക്ക് ഹോണറേറിയം നൽകണം മനുഷ്യാവകാശ കമ്മീഷൻ. HRMP No : 6033/21 (Date : 23/07/2024)
എറണാകുളം : വെണ്ണിക്കുളം ഗവ. ജെ.ബി സ്കൂളിൽ 2013 ജൂൺ മുതൽ പ്രീ-പ്രൈമറി അദ്ധ്യാപികയായി ജോലി ചെയ്യുന്ന സി.ആർ. അശ്വതിക്ക് അടിയന്തരമായി ഓണറേറിയം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടികൾ ഡയറക്ടർ കമ്മീഷനെ അറിയിക്കണം.
പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കമ്മീഷനിൽ വിശദീകരണം സമർപ്പിച്ചു. 2010 ജൂണിലാണ് വെണ്ണിക്കുളം സ്കൂളിൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിച്ചത്. അശ്വതിക്ക് മുമ്പ് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന ഗീതാ തങ്കപ്പന് ഓണറേറിയം നൽകിയിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. പരാതിക്കാരി പാസായ ഒരു കോഴ്സിന് സർക്കാർ അംഗീകാരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിക്ക് ഹോണറേറിയത്തിന് അർഹതയില്ലെന്നും റിപ്പോർട്ടിലുണ്ട്.
2013 മേയ് 13 ന് നടന്ന പി.റ്റി.എ യോഗമാണ് അദ്ധ്യാപികയെ നിയമിക്കാൻ തീരുമാനിച്ചതെന്ന് കോലഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കമ്മീഷനെ അറിയിച്ചു. പരാതിക്കാരിക്ക് ഹോണറേറിയം നൽകാതിരിക്കുമ്പോൾ ഇതേ വിഭാഗത്തിൽ ജോലി ചെയ്യുന്ന ആയയ്ക്ക് ഹോണറേറിയം നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മുമ്പ് ജോലി ചെയ്തിരുന്ന അദ്ധ്യാപിക്ക് ഹോണറേറിയം നൽകിയില്ലെന്ന പേരിൽ പരാതിക്കാരിക്കും ഹോണറേറിയം നൽകാനാവില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിയെ നിയമിച്ചത് യോഗ്യതാ പരിശോധനക്കും അഭിമുഖത്തിനും ശേഷമാണ്. ഇതിനു ശേഷം മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് പറയുന്നത് തെറ്റാണെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
|
സ്കൂളുകൾക്ക് സമീപമുള്ള പ്രധാന റോഡുകളിൽ സീബ്ര ക്രോസിംഗ് സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP. 552/2024 (Date : 23/07/2024)
കണ്ണൂർ : സ്കൂളുകൾക്ക് സമീപമുള്ള പ്രധാന റോഡുകളിൽ സീബ്ര ക്രോസിംഗ് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തളിപറമ്പ് – ആലക്കോട് റോഡിലെ പൂവ്വത്ത് 2024 ജനുവരി 24 ന് മദർ സുപ്പീരിയർ ബസിടിച്ച് മരിച്ച സംഭവത്തിൽ സ്കൂളിന് മുൻവശത്തുള്ള റോഡിൽ സീബ്ര ക്രോസിംഗ് ഏർപ്പെടുത്താത്തത് പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
അശ്രദ്ധമായി ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനമോടിച്ച് അപകടങ്ങൾ വരുത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി. പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തിൽ ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്കും ആർ.റ്റി.ഒ ക്കും നിർദ്ദേശം നൽകി.
പള്ളിയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീയെയാണ് ആലക്കോട് നിന്ന് തളിപ്പറമ്പിലേക്ക് പോയ ബസിടിച്ചത്. സ്കൂളിന് മുന്നിലെ റോഡിലുള്ള അപകട സാധ്യതയെ കുറിച്ച് തളിപ്പറമ്പ ഡി.വൈ.എസ്.പി ക്ക് പരാതി നൽകി ദിവസങ്ങൾക്കുള്ളിലാണ് അതേ സ്ഥലത്ത് വച്ച് മദർ സുപ്പീരിയർ ബസിടിച്ച് മരിച്ചത്. സ്കൂളിന് മുന്നിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കാൻ ഡി.വൈ.എസ്.പി ട്രാഫിക്കിന് നിർദ്ദേശം നൽകിയിരുന്നു. അതുവരെ സ്കൂളിന് മുന്നിൽ പെട്രോളിംഗ് ഏർപ്പെടുത്താനും നിർദ്ദേശിച്ചിരുന്നു.
ട്രാഫിക് നിയമങ്ങൾ നഗ്നമായി ലംഘിച്ചും മറ്റുള്ളവരുടെ ജീവനെ തൃണവൽക്കരിച്ചും ബസ് സർവീസ് നടത്തുന്നതിന്റെ പരിണിതഫലമാണ് സിസ്റ്റർ സൗമ്യയുടെ ദാരുണ മരണമെന്ന് കമ്മീഷൻ വിലയിരുത്തി. ഇത്തരം അത്യാഹിതങ്ങൾ ഇനിയും സംഭവിക്കാൻ പാടില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആർ.റ്റി.ഒ, ജില്ലാ പോലീസ് മേധാവി എന്നിവർ 2 മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
സബ്കളക്ടറുടെ ഉത്തരവിനെതിരെ കമ്മീഷനെ സമീപിക്കുന്നത് തെറ്റ്- മനുഷ്യാവകാശ കമ്മീഷൻ. HRMP No : 7523/2022 (Date : 24/07/2024)
മലപ്പുറം : മെയിന്റനൻസ് ട്രൈബ്യൂണലായ സബ് കളക്ടറുടെ ഉത്തരവിനെതിരെ അപ്പീൽ അധികാരിയായ ജില്ലാ കളക്ടറെ സമീപിക്കാതെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുന്നത് ശരിയായ നടപടിക്രമമല്ലെന്ന് കമ്മീഷൻ.
നിയമാനുസൃതമായ പരിഹാരമാർഗം ലഭ്യമാണെന്നിരിക്കെ കമ്മീഷന്റെ ഇടപെടൽ തത്കാലം ആവശ്യമല്ലെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
പൂക്കോട്ടം പാടം സ്വദേശി കമലത്തിന്റെ പരാതിയിലാണ് കമ്മീഷൻ തീർപ്പാക്കിയത്. തന്റെ മകൻ തന്നെ സംരക്ഷിക്കാമെന്ന വാക്കു നൽകി സ്വത്ത് പൂർണമായി എഴുതിവാങ്ങിയെന്നും എന്നാൽ മകൻ സംരക്ഷിക്കുന്നില്ലെന്നും പരാതിക്കാരി അറിയിച്ചു. സ്ഥലം തിരികെ എഴുതി നൽകണമെന്ന പരാതിക്കാരിയുടെ ആവശ്യം പെരിന്തൽമണ്ണ സബ് കളക്ടർ നിരസിച്ചു.
പരാതിക്കാരിയുടെ ഭക്ഷണം, വസ്ത്രം, ആരോഗ്യം എന്നീ കാര്യങ്ങൾക്കുള്ള ചെലവുകൾ എല്ലാ മക്കളും തുല്യമായി വീതിച്ച് പരാതിക്കാരിയെ സംരക്ഷിക്കണമെന്നായിരുന്നു സബ് കളക്ടറുടെ ഉത്തരവ്. മക്കൾ പരാതിക്കാരിയുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാതിരുന്നാൽ പരാതിക്കാരിക്ക് ട്രൈബ്യൂണലിനെ സമീപക്കാമെന്നും ഉത്തരവിൽ പറഞ്ഞു. ഉത്തരവിന് വിരുദ്ധമായി എതിർകക്ഷികൾ പ്രവർത്തിച്ചാൽ വയോജന സംരക്ഷണ നിയമം 2007 സെക്ഷൻ 24 പ്രകാരം നടപടിയെടുക്കണമെന്നും സബ്കളക്ടർ വിധിച്ചു.
എന്നാൽ പരാതിക്കാരി സബ് കള്കടറെയോ ജില്ലാ കളക്ടറെയോ സമീപിക്കാതെയാണ് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്.
|
മൂന്ന് മാസത്തിനകം ഭൂമി അനുവദിച്ചില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 4955/23 (Date : 24/07/2024)
ഇടുക്കി : 2018 ലെ സർക്കാർ ഉത്തരവ് പ്രകാരം ദേവികുളം കെ.ഡി.എച്ച് വില്ലേജിൽ പൈനാവ് സ്വദേശി കുമാരസ്വാമിക്ക് അനുവദിക്കാൻ തീരുമാനിച്ച 10 സെന്റ് സ്ഥലം 2024 സെപ്റ്റംബർ 10 നകം നൽകിയില്ലെങ്കിൽ കടുത്ത നടപടികൾക്ക് വിധേയമാകേണ്ടി വരുമെന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് മനുഷ്യാവകാശ കമ്മീഷൻ മുന്നറിയിപ്പ് നൽകി.
സെപ്റ്റംബർ 10 നകം ഭൂമി അനുവദിച്ച വിവരം ദേവികുളം തഹസീൽദാർ കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
ദേവികുളം തഹസിൽദാറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കെ.ഡി.എച്ച് വില്ലേജിൽ കുറ്റിയാർ വാലി ഭാഗത്ത് 770 ഗുണഭോക്താക്കൾക്ക് 10 സെന്റ് വീതം ഭൂമി അനുവദിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 488 –ാം നമ്പർ പ്ലോട്ട് പരാതിക്കാരനായ പൈനാവ് ഗ്രഹാം ലാന്റ് റോഡിൽ കുമാരസ്വാമിക്ക് അനുവദിച്ചിരുന്നു. എന്നാൽ പദ്ധതിയെ സംബന്ധിക്കുന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ ബന്ധപ്പെട്ട ഫയലുകൾ ജില്ലാകളക്ടർ ഏറ്റെടുത്തു. 2019 ൽ ഫയലുകൾ തിരികെ ലഭിച്ചെങ്കിലും പട്ടയ നടപടികൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി ലഭിച്ചത് 2023 സെപ്റ്റംബർ 14 നാണ്. പരാതിക്കാരനുള്ള പ്ലോട്ടിന്റെ തൽസ്ഥിതി പരിശോധിക്കാൻ കെ.ഡി.എച്ച് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയതായി തഹസിൽദാർ കമ്മീഷനെ അറിയിച്ചു. എന്നാൽ ഉദ്യോഗസ്ഥർ അടിക്കടി മാറുന്നതു കാരണം നടപടി വൈകുന്നതായി പരാതിക്കാരൻ അറിയിച്ചു. തുടർന്ന് സിറ്റിംഗിൽ ഹാജരായ ദേവികുളം ഡപ്യൂട്ടി തഹസിൽദാർ 3 മാസത്തെ സാവകാശം ചോദിച്ചു.
3 മാസ കാലയളവിനുള്ളിൽ ദേവികുളം താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർ സ്ഥലം മാറി പോവുകയാണെങ്കിൽ അവരുടെ പിൻഗാമികൾ നിശ്ചിത സമയത്തിനുള്ളിൽ തന്നെ പരാതിക്കാരന്റെ ഭൂമി അനുവദിച്ച് നൽകണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 2024 ജൂൺ 11 മുതലാണ് 3 മാസത്തെ സാവകാശം അനുവദിച്ചത്.
|
കുടുംബം പുലർത്താൻ വിഴിഞ്ഞം തുറമുഖത്തിൽ ഡ്രൈവറായ ബിരുദ വിദ്യാർത്ഥിക്ക് ശമ്പളം നൽകിയില്ല : മനുഷ്യാവകാശ കമ്മീഷൻ നടപടിക്ക് (Date : 23/07/2024)
തിരുവനന്തപുരം: കുടുംബം പുലർത്താനായി രാത്രികാലങ്ങളിൽ വിഴിഞ്ഞം തുറമുഖത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിരുദ വിദ്യാർത്ഥിക്ക് ശമ്പളം നൽകാത്ത സ്വകാര്യ ട്രാവൽ സ്ഥാപനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ നടപടിക്ക്.
ജില്ലാ ലേബർ ഓഫീസർ, തൈക്കാട് പ്രവർത്തിക്കുന്ന ഹൈനസ് ഗ്രൂപ്പ് ട്രാവൻസ് ഉടമ ശരതിനെതിരെ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂ നാഥ് ആവശ്യപ്പെട്ടു.
ഏപ്രിൽ 10 മുതൽ മേയ് 2 വരെയാണ് പരാതിക്കാരനായ ഒറ്റശേഖരമംഗലം സ്വദേശി എ.എസ്. അഭിജിത് വിഴിഞ്ഞം തുറമുഖത്തിലെ ഉദ്യോഗസ്ഥരെ തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്നും തുറമുഖത്തിലെത്തിച്ചിരുന്ന കരാർ കമ്പനിയായ ഹൈനസ് ട്രൂപ്പ് ട്രാവൽസിൽ ജോലി ചെയ്തിരുന്നത് . വാഴിച്ചൽ ഇമ്മാനുവേൽ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് പരാതിക്കാൻ. അച്ഛൻ മരിച്ചു. അമ്മയും ഒരു സഹോദരിയും അഭിജിത്തിനുണ്ട്. 14400 രൂപയാണ് അഭിജിത്തിന് കിട്ടാനുള്ളത്. ശമ്പളത്തിനായി കമ്പനിയിൽ ഇറങ്ങികയറിയിട്ടും ഫലമുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. ഓഗസ്റ്റ് 5 ന് കേസ് പരിഗണിക്കും.
|
മെട്രോ തൂണിനടിയിൽ ഉറങ്ങുന്നവർക്ക് പോലീസിന്റെ തല്ല് ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. HRMP No : 4772/24 (Date : 20/07/2024)
എറണാകുളം : കൊച്ചി മെട്രോ തൂണിനടിയിൽ രാത്രി കഴിച്ചു കൂട്ടുന്ന തെരുവിൽ അലയുന്നവരെ പെട്രോളിങ്ങിനെത്തുന്ന പോലീസുകാർ തല്ലിയോടിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
കലൂർ മെട്രോ തൂണിനടിയിൽ ഉറങ്ങുന്നയാളെ തല്ലുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫറായ നോയൽ ഡോൺ തോമസ് സമർപ്പിച്ച പരാതിയിലാണ് നടപടി. ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ചിത്രം പ്രസിദ്ധീകരിച്ചത്.
|
കാടുവെട്ടി തെളിച്ചില്ലെങ്കിൽ ഉടമയിൽ നിന്നും തുക ഈടാക്കി വൃത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 1928/24 (Date : 25/07/2024)
പത്തനംതിട്ട : തിരുവല്ല വള്ളംകുളത്തെ വീടുകൾക്കും സ്വത്തിനും ഭീഷണിയാകുന്ന വൃക്ഷങ്ങളും കാടുകളും വെട്ടിമാറ്റി ഇഴജന്തുക്കളുടെ ആക്രമണം തടയാൻ വസ്തു ഉടമ നടപടിയെടുത്തില്ലെങ്കിൽ വില്ലേജ് ഓഫീസർ നടപടിയെടുക്കണമെന്നും ഇതിന് ചെലവാകുന്ന തുക നിയമാനുസരണം ഉടമയിൽ നിന്ന് ഈടാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി.
പ്രദേശവാസികൾ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് വള്ളംകുളം സ്വദേശികളായ എസ്.കെ പ്രസന്നകുമാറും ജൂബി ആർ വർഗീസും കമ്മീഷനെ സമീപിച്ചത്.
തിരുവല്ല സബ് കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരുടെ വീട്ടിലേക്ക് പ്രവേശിക്കുന്ന വഴിക്ക് സമീപമുള്ള സ്ഥലം കാടുമൂടി കിടക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂബി ആർ വർഗീസിന്റെ കിണറിലേക്ക് വൃക്ഷങ്ങളുടെ ഇലയും പൂവും കായയും വീണ് മലിനമാകുന്നതായും പരാതിക്കാരൻ അറിയിച്ചു. കാട് നീക്കം ചെയ്യാൻ എതിർകക്ഷിക്ക് സാമ്പത്തിക സ്ഥിതിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ കൃത്യമായി കാടുവെട്ടി തെളിക്കുക എന്നത് വസ്തു ഉടമയുടെ ബാധ്യതയാണെന്ന് കമ്മീഷൻ ചൂണ്ടികാണിച്ചു. ഇത് കൃത്യമായി നിറവേറ്റുന്നതിൽ അലംഭാവം പാടില്ല. വസ്തു ഉടമ ഇക്കാര്യം നിശ്ചിത സമയത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ തിരുവല്ല സബ് കളക്ടർ വില്ലേജ് ഓഫീസർ മുഖേന കാടുകൾ വൃത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരന്റെ വീടിന് ഭീഷണിയായി നിൽക്കുന്ന മരം മുറിച്ച് മാറ്റുകയോ ഉചിതമായ മറ്റ് മാർഗ്ഗങ്ങൾ തേടുകയോ ചെയ്യണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇലകളും അവശിഷ്ടങ്ങളും വീണ് കിണർ വെള്ളം മലിനമാകുന്നത് പരിഹരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
തിരുവല്ല സബ് കളക്ടർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ; ഗവ. കോളേജിലെ മലിനജല വിവാദത്തിൽ പ്രിൻസിപ്പലിനെതിരെ നടപടിയെടുത്തതായി സർക്കാർ. HRMP No : 1492/23 (Date : 20/07/2024)
കാസർഗോഡ് : കാസറഗോഡ് ഗവ. കോളേജിലെ പ്യൂരിഫയറിൽ നിന്നും മലിനജലം ലഭിച്ചെന്ന് പറഞ്ഞ വിദ്യാർത്ഥികളോട് പ്രിൻസിപ്പൽ മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയിൽ പ്രിൻസിപ്പലിനെതിരെ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
പരാതി വിഷയത്തിൽ അന്വേഷണം നടത്തിയതായി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി വിഷയത്തിൽ കമ്മീഷന്റെ ഇടപെടൽ ആവശ്യമില്ലെന്ന് ഉത്തരവിൽ പറഞ്ഞു. ഗവ. കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി എം. കെ. അക്ഷയ് സമർപ്പിച്ച പരാതിയിലാണ് നടപടി.
2023 ഫെബ്രുവരി 20 നാണ് പ്യൂരിഫയറിൽ മലിനജലം ലഭിച്ചത്. കുടിവെള്ളം ശാസ്ത്രീയ പരിശോധനക്ക് നൽകണമെന്നും പ്യൂരിഫയറുടെ പ്രവർത്തനം നിർത്തണമെന്നുമുള്ള വിദ്യാർത്ഥികളുടെ ആവശ്യം പ്രിൻസിപ്പൽ അംഗീകരിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.
|
ശുചീകരണ തൊഴിലാളികൾക്ക് ജീർണിച്ച ക്വാർട്ടേഴ്സുകൾ : നഗരസഭയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ. (Date : 20/07/2024)
കോട്ടയം: കോട്ടയം നഗരം വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് ഏതു നിമിഷവും നിലംപൊത്താവുന്ന ക്വാർട്ടേഴ്സുകൾ അനുവദിച്ച നഗരസഭാ സെക്രട്ടറിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നോട്ടീസയച്ചു.
നഗരസഭാ സെക്രട്ടറി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
ശുചീകരണ തൊഴിലാളികൾ വർഷങ്ങളായി താമസിക്കുന്നത് ജീർണിച്ച ക്വാർട്ടേഴ്സുകളിലാണ്. 25 കുടുംബങ്ങൾ ഇഴജന്തുക്കളെ പേടിച്ച് പൊട്ടിപൊളിഞ്ഞ വീടുകളുപേക്ഷിച്ച് താമസം മാറി. നാലു വീട്ടുകാരാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്.
കളക്ടറേറ്റിന് സമീപമുള്ള മുട്ടമ്പലത്താണ് ക്വാർട്ടേഴ്സുകളുള്ളത്. കോട്ടയത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും പത്രവാർത്തയുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത് കേസിലാണ് നടപടി.
|
റോഡിലെ കുഴി: നഷ്ടപരിഹാരത്തിനൊപ്പം മുൻകരുതലും വേണം- മനുഷ്യാവകാശ കമ്മീഷൻ (Date : 20/07/2024)
കോഴിക്കോട്: നിർമ്മാണ സ്ഥലത്തുണ്ടാവുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന തോടൊപ്പം അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കി ആവശ്യമായ മുൻകരുതൽ ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡിഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.
കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതാ നവീകരണത്തിന്റെ ഭാഗമായി കലുങ്ക് നിർമ്മിക്കാനെടുത്ത കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം നൽകണമെന്ന പരാതിയിലാണ് നടപടി. പരിക്കേറ്റ അബ്ദുൾ റസാഖിന് ഏഴര ലക്ഷംരൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്തി വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
കരാറുകാരുടെ അനാസ്ഥ കാരണം അപകടമുണ്ടായാൽ അവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകുന്നതിനുള്ള വ്യവസ്ഥകൾ സർക്കാർ പ്രവൃത്തികളുടെ കരാർ ഒപ്പുവയ്ക്കും മുമ്പ് കരാറിൽ ചേർക്കാനുള്ള ആലോചന സർക്കാർ തലത്തിൽ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇപ്രകാരം കരാർ എഴുതിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കാൻ എല്ലാ വകുപ്പ് തലവൻമാർക്കും നിർദ്ദേശം നൽകുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നും ഇതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കുഴികൾ ദൂരെ നിന്നും മനസിലാക്കാൻ ചുവപ്പ് ലൈറ്റ് സ്ഥാപിക്കണമെന്ന് പരാതിക്കാരനായ എ.സി. ഫ്രാൻസിസ് ആവശ്യപ്പെട്ടു.
|
തൃശൂർ : മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ് ഇന്ന് (20/07/2024)
തൃശൂർ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ഇന്ന് (20/07/2024) രാവിലെ 10.30 ന് തൃശൂർ ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.
|
ഉടമയുടെ അനുവാദമില്ലാതെ ബാങ്ക് നികുതി പിടിച്ചു ; ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 5747/ 22 (Date : 19/07/2024)
എറണാകുളം: അപകടത്തിൽ മരിച്ചയാളുടെ പ്രായപൂർത്തിയാകാത്ത മകന് എം.എ.സി.റ്റി കോടതി വിധിച്ച നഷ്ടപരിഹാരത്തിൽ നിന്നും ഉടമയുടെ അറിവോ സമ്മതമോ കൂടാതെ നികുതി പിടിച്ച സംഭവത്തിൽ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ബാങ്കിൽ ലഭ്യമല്ലെന്ന് കമ്മീഷനെ ധിരിപ്പിച്ച ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കാനറാ ബാങ്ക് മാനേജിംഗ് ഡയറക്ടർ ആന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിഷയം ഒരിക്കൽ കൂടി പരിശോധിച്ച് പരാതിക്കാരിയെ നേരിൽ കേട്ട് വ്യക്തത വരുത്തി ഉചിതമായ തീരുമാനം ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
വൈറ്റില സ്വദേശിനി ലേഖാ ചന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി. കാനറാ ബാങ്ക് എറണാകുളം, കടവന്ത്ര ശാഖാ മാനേജർക്കെതിരെയാണ് പരാതി. പരാതിക്കാരിയുടെ മകന് 3,022,241 രൂപയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. മകന് പ്രായപൂർത്തിയായ വേളയിൽ തുക പിൻവലിക്കാൻ ചെന്നപ്പോൾ 54,000 രൂപ കുറവുള്ളതായി കണ്ടെത്തി. മകന്റെ പാൻകാർഡ് നമ്പറും മേൽവിലാസവും ഫോൺ നമ്പറും ബാങ്കിൽ ലഭ്യമല്ലാത്തതിനാൽ ഉടമയുടെ അനുവാദമില്ലാതെ ടി.ഡി.എസ് പിടിച്ച് ഇൻകംടാക്സ് വകുപ്പിന് അടച്ചെന്നാണ് ബാങ്ക് പറഞ്ഞത്. മകന്റെ മാത്രമല്ല അമ്മയുടെ പാൻകാർഡ് വിവരങ്ങളും ബാങ്കിൽ ലഭ്യമല്ലെന്ന് കാനറാ ബാങ്ക് ചീഫ് മാനേജർ കമ്മീഷനെ അറിയിച്ചു.
എന്നാൽ 2002 ഒക്ടോബർ മുതൽ തന്റെ പേരിൽ ഇതേ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും പ്രസ്തുത അക്കൗണ്ടിൽ പാൻനമ്പറും മേൽവിലാസവും ഫോൺനമ്പറും ലഭ്യമാണെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു. പ്രായപൂർത്തിയാകാത്തയാളുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തുമ്പോൾ അമ്മയുടേയോ അച്ഛന്റേയോ പാൻ നമ്പർ രേഖപ്പടുത്തേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിക്ക് അക്കൗണ്ട് ഉള്ളപ്പോൾ അത് പരിശോധിച്ചാൽ അവരുടെ വിലാസവും ഫോൺ നമ്പറും ലഭ്യമാകുമായിരുന്നുവെന്നും ഉത്തരവിൽ പറഞ്ഞു.
|
ഭിന്നശേഷിക്കാരനടങ്ങിയ കുടുംബത്തിന്റെ റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 883/24 (Date : 19/07/2024)
കാസർകോട്: 90 ശതമാനം ബുദ്ധിമാന്ദ്യമുള്ള കുട്ടിയുടെ അമ്മയുടെ പേരിലുള്ള റേഷൻ കാർഡ് ഒരു മാസത്തിനുള്ളിൽ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കാസർകോട് ജില്ലാ സപ്ലൈ ഓഫീസർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.
ഗുരുതര രോഗമുള്ള അംഗങ്ങൾ റേഷൻ കാർഡിൽ ഉൾപ്പെട്ടാൽ പ്രസ്തുത റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ കമ്മീഷനെ അറിയിച്ചു. ഇതിന് വേണ്ടി പരാതിക്കാരി നിയമാനുസൃതം അപേക്ഷ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മഞ്ചേശ്വരം ബയറിൽ എം. സഹൂറ സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്.
കാസർകോട് ജില്ലാ സപ്ലൈ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരിയുടെ റേഷൻകാർഡിൽ 6 അംഗങ്ങളുണ്ട്. ഭർത്താവ് രോഗിയാണ്. ഇവർക്ക് രണ്ടാൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ട്. ഇതിൽ ഒരു കുട്ടിയാണ് ഭിന്നശേഷി വിഭാഗത്തിലുള്ളത്. പരാതിക്കാരിയുടെ റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റേണ്ടതാണെന്നും സപ്ലൈ ഓഫീസർ കമ്മീഷനെ അറിയിച്ചു. റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റിയാൽ ചികിത്സാ ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കുമെന്ന് പാരതിക്കാരി അറിയിച്ചു.
സ്വീകരിച്ച നടപടികൾ ജില്ലാ സപ്ലൈ ഓഫീസർ കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
|
താമരശേരി ചുരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവിമാരുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.HRMP No : 7570/2023 (Date : 19/07/2024)
കോഴിക്കോട് : താമരശേരി ചുരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് കോഴിക്കോട് ജില്ലാ കളക്ടറും കോഴിക്കോട്, വയനാട് ജില്ലാ പോലീസ് മേധാവിമാരും മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
റോഡിലേക്ക് ചെരിഞ്ഞ് നിൽക്കുന്ന മരങ്ങൾ മുറിക്കണമെന്നും അടർന്നു വീഴാറായ പാറകഷണങ്ങൾ യഥാസമയം നീക്കം ചെയ്യണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. ചുരത്തിൽ സൗ |കര്യപ്രദമായ സ്ഥലങ്ങളിൽ ശുചിമുറികൾ നിർമ്മിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 2023 ഒക്ടോബർ 22 ന് താമരശേരി ചുരം എട്ടാം വളവിൽ മൾട്ടി ആക്സിൽ ചരക്കുലോറി കേടായി ചുരം വഴിയുള്ള ഗതാഗതം 5 മണിക്കൂർ തടസപ്പെട്ട സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്..
ചുരത്തിൽ നാലുവരി പാത അനിവാര്യമാണെന്ന് കോഴിക്കോട് ജില്ലാ കളക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. 3, 5 വളവുകൾ വികസിപ്പിച്ചിട്ടുണ്ട്. 6,7,8 വളവുകൾ വികസിപ്പിക്കാൻ ഫണ്ട് ആവശ്യമാണ്. ഗതാഗത നിയമങ്ങൾ പാലിക്കാൻ പോലീസിന്റെയും ഗതാഗത വകുപ്പിന്റെയും നിരീക്ഷണം ശക്തമാക്കണം. . 6,7,8 മുടിപ്പിൻ വളവുകൾ കേന്ദ്ര ഉപരിതല മന്ത്രാലയത്തന്റെ ഫണ്ട് ഉപയോഗിച്ച് വികസിപ്പിക്കണം. പോലീസ്, ഗതാഗത വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തണം.
ചരക്ക് വാഹനങ്ങൾ കേടാവുന്നതാണ് ഗതാഗതകുരുക്കിന് പ്രധാന കാരണമെന്ന് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. 6,7,8 ഹെയർപിന്നുകൾ വീതികൂട്ടി പുനർ നിർമ്മിച്ചാൽ ഗതാഗത തടസം പരിഹരിക്കാൻ കഴിയും. 8,9 വളവുകൾക്കിടയിലുള്ള വീതി കുറഞ്ഞ സ്ഥലം വീതി കൂട്ടേണ്ടതുണ്ട്.
ചുരത്തിൽ ഗതാഗതകുരുക്കുണ്ടായാൽ വാഹനങ്ങൾ ചുരത്തിലേക്ക് കടത്തിവിടരുതെന്ന് വൈത്തിരി പോലീസ് എസ്.എച്ച്.ഒ ക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി വയനാട് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. ചുരം റോഡ് തുടങ്ങുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തും വാഹനങ്ങളുടെ പരമാവധി വേഗം വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കണം. ചുരം റോഡിൽ ബൈക്ക് പെട്രോളിംഗ് ഏർപ്പെടുത്തും. ചുരം റോഡിൽ ചരക്ക് വാഹനങ്ങൾ രാത്രി മാത്രം കടത്തി വിട്ടാൽ ഗതാഗതകുരുക്ക് ഒഴിവാക്കാനാവും. ചുരം റോഡിലെ കച്ചവടം നിരോധിക്കണം. ഓരോ വളവിലും ട്രാഫിക് വാർഡൻമാരെ നിയോഗിക്കണം. എ. ഐ ക്യാമറകൾ സ്ഥാപിച്ച് നിയമ ലംഘനം കണ്ടെത്തി നടപടിയെടുക്കണമെന്നും വയനാട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ടിൽ പറയുന്നു.
|
തേയില ഫാക്ടറിയിലെ അപകട മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 19/07/2024)
ഇടുക്കി: പീരുമേട് പട്ടുമലയിലെ ഹാരിസൺ തേയില ഫാക്ടറിയിൽ യന്ത്രത്തിൽ തല കുടുങ്ങി യുവാവ് മരിച്ച മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ഇടുക്കി ജില്ലാ കളക്ടർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. പട്ടുമല സ്വദേശി രാജേഷാണ് ( 37) മരിച്ചത്. സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് അപകട കാരണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി നൽകിയ പരാതിയിൽ പറയുന്നു. ഇന്നലെയാണ് ( 19 / 7 / 24 ) സംഭവം നടന്നത്. യന്ത്രം വ്യത്തിയാക്കുന്നതിനിടയിലാണ് സംഭവം.
|
പട്ടികവർഗ്ഗക്കാരുടെ ദുരിതമകറ്റാൻ എസ്.ടി. ഡയറക്ടർ നേരിട്ട് ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 18/07/2024)
കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയിൽ വന്യമൃഗങ്ങൾ സ്വൈര്യ വിഹാരം നടത്തുന്ന വനാന്തരങ്ങളിൽ ജീവൻ പണയം വച്ച് ജീവിക്കുന്ന വനവാസി വിഭാഗത്തിലുള്ള പട്ടിക വർഗ്ഗക്കാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ നേരിട്ട് ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇക്കാര്യം പരിശോധിച്ച് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു.
അടച്ചുറപ്പുള്ള വീട്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന അവകാശങ്ങളാണ് ഇവർക്ക് നിഷേധിക്കുന്നത്. മലയോര മേഖലയിലെ വനവാസി മേഖലയിൽ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവ കടലാസിൽ ഒതുങ്ങാറാണ് പതിവ്. എരുമേലി പഞ്ചായത്തിലാണ് ദുരിതക്കാഴ്ചകൾ ഏറെയുമുള്ളത്. കോളനി, ഊര് തുടങ്ങിയ പേരുകൾ ഒഴിവാക്കാൻ തീരുമാനിച്ചതുപോലെ സെറ്റിൽമെന്റ് കോളനികളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നാണ് ആവശ്യം. ഓരോ പഞ്ചായത്തിലുമുള്ള പട്ടികവർഗ കുടുംബങ്ങളുടെ എണ്ണം കണ്ടെത്താൻ അടുത്ത കാലത്ത് സർവേ നടത്തിയിരുന്നു.
അടുത്ത മാസം കോട്ടയത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
കൂര പൊളിക്കാൻ ഉത്തരവ് ; പഞ്ചായത്ത് സെക്രട്ടറിയെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചുവരുത്തും. (Date : 18/07/2024)
കോഴിക്കോട് : ബാലുശേരിയിൽ ക്വാറിക്ക് സമീപം 4 സെന്റിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയായ വിധവയുടെ കൂര പൊളിച്ചുമാറ്റാൻ ഉത്തരവിട്ട ബാലുശേരി പഞ്ചായത്ത് സെക്രട്ടറിയെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചു വരുത്തും.
ജൂലൈ 24 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഹാജരാകാനാണ് നിർദ്ദേശം.
എരമംഗലം അതിരത്തിൽ കുഴിയിൽ സരോജിനിയുടെ കൂര പൊളിക്കാനാണ് പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടത്.
പഞ്ചായത്തിന്റെ അഗതി ആശ്രയ പദ്ധതി കൊണ്ടാണ് സരോജിനി ജീവിക്കുന്നത്. സരോജിനിയുടെ കൂര പൊളിക്കുന്നത് സമീപത്തുള്ള ക്വാറിക്ക് വേണ്ടിയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. 2019 മുതലാണ് സരോജിനി ഇവിടെ താമസിക്കുന്നത്. കെട്ടിടത്തിന് പഞ്ചായത്ത് നമ്പറും നൽകിയിട്ടുണ്ട്. ക്വാറി തുടങ്ങിയതോടെ ഇവർ താമസിക്കുന്ന കൂര തകർന്നു. പിന്നീട് നാട്ടുകാരാണ് കൂര നിർമ്മിച്ച് നൽകിയത്. സരോജിനിക്ക് വേറെ വീടോ സ്ഥലമോ ഇല്ല. തന്റെ ജീവനു ഭീഷണിയായ ക്വാറിക്ക് സ്റ്റേ നൽകണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
പരാതി നൽകിയ ജീവനക്കാരിക്ക് നിയമനം നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. (Date : 18/07/2024)
എറണാകുളം: തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയുന്ന നിയമപ്രകാരം പരാതി നൽകിയ ബാങ്ക് ജീവനക്കാരിക്ക് ത്യശൂർ നഗരത്തിലോ എറണാകുളത്തോ രണ്ടാഴ്ചക്കകം നിയമനം നൽകണമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.
ജീവനക്കാരിയെ സ്ഥലം മാറ്റിയ ബാങ്ക് നടപടിക്കെതിരെ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി പാസാക്കിയ ഉത്തരവാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ ശരിവച്ചത്. കമ്മീഷൻ ഉത്തരവിനെതിരെ എതിർ കക്ഷിയായ സി.എസ്.ബി. ബാങ്ക് (കാത്തലിക് സിറിയൻ ബാങ്ക്)കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഹൈക്കോടതി കമ്മീഷൻ ഉത്തരവ് റദ്ദാക്കി. തുടർന്ന് ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ജീവനക്കാരിക്ക് മുമ്പ് ജോലി ചെയ്തിരുന്ന തസ്തികയിൽ തന്നെ പുനർ നിയമനം നൽകണമെന്നും അവരുടെ അവധികൾ ക്രമീകരിക്കണമെന്നുമായിരുന്നു മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
ജീവനക്കാരിക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം തൊഴിലുടമ ഏർപ്പെടുത്തണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടിരുന്നു..
ജീവനക്കാരി തൃശൂർ ടൗൺ പോലീസിന് പീഡനം സംബന്ധിച്ച് നൽകിയ പരാതിയിലുള്ള അന്വേഷണ പുരോഗതി സ്റ്റേഷൻ ഹൗസ് ഓഫീസർ ഉടൻ അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.. കാത്തലിക് സിറിയൻ ബാങ്ക് മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ 2022 ഓഗസ്റ്റ് 3 ന് ഉത്തരവ് നൽകിയത്.
ബാങ്കിന്റെ ഭാഗത്ത് നിന്നോ അവർ പരാതി നൽകിയ തൃശൂർ ടൗൺ ഈസ്റ്റ് പോലീസിന്റെ ഭാഗത്ത് നിന്നോ പരാതിക്കാരിക്ക് അനുകൂലമായ യാതൊരു നടപടിയുമുണ്ടാകാത്തത് നിർഭാഗ്യകരമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചിരുന്നു. ജീവനക്കാരി ജോലിക്ക് ഹാജരാകാതിരുന്നത് മനപൂർവ്വമല്ലെന്നും പീഡനം തുടരുമോ എന്ന ഭയം കാരണമാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ അവധി ക്രമീകരിച്ച് നൽകാനുള്ള ബാധ്യത ബാങ്കിനുണ്ടെന്നും കമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു.
6 വർഷമായി അനുഭവിക്കുന്ന പീഡനത്തിനെതിരെയാണ് ത്യക്കാക്കര സ്വദേശിനിയായ പരാതിക്കാരി കമ്മീഷനെ സമീപിച്ചത്.
|
ശ്മശാനത്തിലെ ദുർഗന്ധം ; മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിക്കണം; കളക്ടർ തീരുമാനമെടുക്കണം - മനുഷ്യാവകാശ കമ്മീഷൻ. HRMP No : 5118/23, 1426/24 (Date : 17/07/2024)
ത്യശൂർ: പുത്തൂർ മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിലെ വാൾട്ട് ടൈപ്പ് ശ്മശാന നിർമ്മാണത്തിലെ അപാകതകൾ കാരണം ദുർഗന്ധം വമിക്കുകയാണെന്ന പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പരിശോധിച്ചും പരാതിക്കാരെ കേട്ടും ആവശ്യമായ സംശയ നിവാരണം വരുത്തി ജില്ലാ കളക്ടർ ഒരു മാസത്തിനകം പരാതി തീർപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ആവശ്യമായ പരിശോധനകൾക്ക് ശേഷമാണ് ശ്മശാന നിർമ്മാണത്തിന് അനുമതി നൽകിയതെങ്കിലും അസഹനീയമായ ദുർഗന്ധം കാരണം പ്രദേശം മലിനപ്പെട്ട സാഹചര്യത്തിൽ പരാതിക്കാരുടെ ഭാഗം കൂടി ജില്ലാ കളക്ടർ കേൾക്കേണ്ടതുണ്ടെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. അതേ സമയം പരാതിക്കാർക്ക് ആവശ്യമായ സമയം നൽകി അവരുടെ ഭാഗം കൂടി കേട്ട ശേഷമാണ് നിർമ്മാണം നടത്തിയതെന്ന് കമ്മീഷൻ നിരീക്ഷിച്ചു. നിർമ്മാണം പൂർത്തിയാക്കിയ ശേഷമാണ് പരാതിക്കാർ കമ്മീഷനെ സമീപിച്ചത്. ശ്മശാന നിർമ്മാണം നടക്കുന്ന സ്ഥലത്തിന് സമീപം കുടിവെള്ള സ്രോതസോ കിണറുകളോ ഇല്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുള്ളതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
തൃശ്ശൂർ ജില്ലാകളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. നിയമാനുസരണമാണ് നിർമ്മാണം നടത്തിയത്. ദൂരപരിധി സംബന്ധിച്ച പരാതി തഹസിൽദാർ പരിശോധിച്ച് തീർപ്പാക്കിയതാണ്. നിർദ്ദിഷ്ട സെമിത്തേരിയിൽ നിന്ന് തൊട്ടടുത്തുള്ള വീട്ടിലേക്കുള്ള ദൂരം 25 മീറ്ററിൽ കൂടുതൽ വരുന്ന തരത്തിൽ പ്ലാൻ പുതുക്കാൻ പള്ളി വികാരിക്ക് നിർദ്ദേശം നൽകിയിരുന്നു. മൃതുദേഹങ്ങൾ മറവ് ചെയ്യുന്നത് തന്റെ വീട്ടിൽ നിന്ന് കാണാവുന്ന തരത്തിലാണെന്ന അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സെമിത്തേരി പത്തടി ഉയരത്തിൽ ടിൻഷീറ്റ് മറച്ചതായും റിപ്പോർട്ടിലുണ്ട്. എന്നാൽ തങ്ങളുടെ പരാതി ജില്ലാ കളക്ടർ വേണ്ട രീതിയിൽ കേട്ടിട്ടില്ലെന്ന് പരാതിക്കാർ അറിയിച്ചു.
പ്രദേശത്ത് ദുർഗന്ധം വമിക്കുകയാണെന്ന പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തി 20 ദിവസത്തിനകം റിപ്പോർട്ട് കളക്ടർക്ക് കൈമാറണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
മരത്താക്കര സ്വദേശികളായ റപ്പായിയും മരിയാറ്റയും മറ്റുള്ളവരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
|
ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തം : റയിൽവേക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. (Date : 17/07/2024)
തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റയിൽവേക്ക് നോട്ടീസയച്ചു.
കേസിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് റയിൽവേയുടെ വിശദീകരണം കേൾക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. ഡിവിഷണൽ റയിൽവേ മാനേജർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ നേരത്തെ തിരുവനന്തപുരം ജില്ലാ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും നോട്ടീസയച്ചിരുന്നു. റയിൽവേ കരാർ നൽകിയ കമ്പനിയിലെ തൊഴിലാളിയായിരുന്നു മരിച്ച ജോയ്.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ : ഭൂമി ഏറ്റെടുക്കൽ നിയമം – പ്രാഥമികവിജ്ഞാപനം വരെ ഇടപാടുകൾക്ക് തടസ്സമില്ല. HRMP. 410/2024 (Date : 17/07/2024)
കണ്ണൂർ : ഭൂമി ഏറ്റെടുക്കൽ നിയമം 2013 ലെ വകുപ്പ് 11 (1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി വരെ സർക്കാർ ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച ഇടപാടുകൾക്ക് തടസമില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള റോഡുകൾ ഏറ്റെടുത്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ ഭൂമി കൈമാറ്റം നടത്താനോ പുതിയ വീട് നിർമ്മിക്കാനോ കഴിയുന്നില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.
മാനന്തവാടി പേരാവൂർ മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരിക്കുന്നതിന് ഭരണാനുമതി നൽകി 2017 ഡിസംബർ 30 ന് സർക്കാർ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിൽ 6(1) ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇരിട്ടി, തലശ്ശേരി താലൂക്കിലെ വിവിധ വില്ലേജുകളിൽ നിന്നായി 84.906 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് 2022 ഡിസംബർ 19 ന് ഉത്തരവായിട്ടുണ്ട്. നിലവിൽ സൂക്ഷ്മ പരിശോധന പുരോഗമിക്കുകയാണെന്നും 4(1) വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ തീരുമാനമെടുത്ത് 7 വർഷം പൂർത്തിയായിട്ടും അതിർത്തി കല്ലുകൾ സ്ഥാപിച്ചതല്ലാതെ പുരോഗതിയൊന്നുമുണ്ടായിട്ടില്ലെന്ന് പരാതിക്കാരനായ കൊട്ടിയൂർ പഞ്ചായത്ത് റസിഡൻസ് അസോസിയേഷൻ കൺവീനർ ജിൻസ് എം. മിഖായേൽ അറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഏറ്റെടുത്ത 6 റോഡുകളിൽ മൂന്നാമത്തേതാണ് മാനന്തവാടി – മട്ടന്നൂർ നാലുവരിപാതയെന്നും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റോഡ് നിർമ്മാണത്തിൽ യാതൊരു പുരോഗതിയുമില്ലെന്നും പരാതിക്കാരൻ അറിയിച്ചു. എത്രയും വേഗം സാമൂഹികാഘാത പഠനം നടത്തി പരാതികൾ പരിഹരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
|
ബേപ്പൂർ ബി. സി റോഡിലെ മാലിന്യം ഉടൻ നീക്കണം മനുഷ്യാവകാശ കമ്മീഷൻ. (Date : 15/07/2024)
കോഴിക്കോട്: ബേപ്പൂർ ബി.സി റോഡിൽ ചീർപ്പ് പാലത്തിന് സമീപം കണ്ടൽ വനത്തിനുള്ളിലും റോഡരികിലും തള്ളിയ ജൈവാവശിഷ്ടമടങ്ങിയ മാലിന്യങ്ങളും പ്ലാസ്റ്റിക്, ഫൈബർ മാലിന്യങ്ങളും ഉടൻ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് നഗരസഭാ സെക്രട്ടറി നടപടിയെടുത്ത ശേഷം 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ പറഞ്ഞു. ഓഗസ്റ്റിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
രാത്രിയിൽ ഗുഡ്സ് ഓട്ടോയിലും ഇരുചക്രവാഹനങ്ങളിലുമാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു. മഴപെയ്താൽ രൂക്ഷമായ ദുർഗന്ധം വമിക്കും. കക്കൂസ് മാലിന്യം വരെ രാത്രിയിൽ തള്ളുന്നുണ്ട്. തെരുവു വിളക്കുകൾ ഇല്ലാത്തത് മാലിന്യം തള്ളുന്നവർക്ക് അനുഗ്രഹമായി മാറുകയാണ്. മാലിന്യം കഴിക്കാനെത്തുന്ന തെരുവു നായ്ക്കൾ കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രകാർക്കും ഭീഷണിയാവുന്നുണ്ട്. കണ്ടൽകാട്ടിൽ തള്ളിയ മാലിന്യങ്ങൾ ചാലിയാറിലേക്ക് ഒഴുകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്ത തെങ്ങിൻ കുറ്റികളും ഈ ഭാഗത്ത് നിക്ഷേപിച്ചിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങുമ്പോൾ വീട്ടുമാലിന്യം കവറിലാക്കി ഇവിടെ തള്ളുന്നതും പതിവാണ്.
ബേപ്പൂർ സോണൽ ഓഫീസിന് കീഴിലാണ് ഈ പ്രദേശമുള്ളത്. പി.എൻ.വി. ചന്ദ്രൻ ഇയ്യാട് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അകത്തേത്തറ – നടക്കാട് മേൽപ്പാല നിർമ്മാണം കാലതാമസം കൂടാതെ പൂർത്തിയാക്കണം മനുഷ്യാവകാശ കമ്മീഷൻ. HRMP No : 5417/23 (Date : 15/07/2024)
പാലക്കാട് : അകത്തേത്തറ – നടക്കാട് റയിൽവേ മേൽപ്പാല നിർമ്മാണവും സർവീസ് റോഡുകളുടെ നിർമ്മാണവും അനിശ്ചിതമായി നീണ്ടുപോകുന്നതു കാരണം സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ട സാഹചര്യത്തിൽ കാലതാമസം കൂടാതെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കേരള റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
മഴയത്ത് റോഡും ചാലും തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ചെളിക്കളമായെന്ന പരാതി ശരിയാണെന്ന് കമ്മീഷൻ വിലയിരുത്തി. 2017 ലാണ് മേൽപ്പാലത്തിന്റെ ശിലാസ്ഥാപനം നടന്നത്. റയിൽവേ ഗേറ്റ് അടച്ചിടുന്നത് കാരണം യഥാസമയം ആശുപത്രിയിൽ എത്താൻ കഴിയാതെ ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
ജില്ലാ കളക്ടറും ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറും കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. റയിൽവേ മേൽപ്പാല നിർമ്മാണത്തിനായി മുഴുവൻ ഭൂമിയും ഏറ്റെടുത്ത് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷന് 2020 ജൂലൈ 17 ന് കൈമാറിയതായി ജില്ലാ കളക്ടർ അറിയിച്ചു. 2021 ഒക്ടോബർ 20 ന് നിർമ്മാണ പ്രവർത്തനം തുടങ്ങി.
അകത്തേത്തറ റയിൽവേ മേൽപ്പാലത്തിന് റയിൽവേ ഭാഗം ഒഴികെയുള്ള സ്ഥലത്ത് 64 പൈലുകളും 14 പൈൻ ക്യാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ബാക്കിവരുന്ന റീട്ടെയിനിംഗ് വാളിന്റെയും സർവീസ് റോഡിന്റെയും പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു. അകത്തേത്തറ റയിൽവേ മേൽപ്പാലത്തിന്റെ റയിൽവേയുടെ 3 സ്പാനുകൾ റയിൽവേ നേരിട്ടാണ് നിർമ്മിക്കുന്നത്. നിർമ്മാണ ജോലികൾക്കായി റയിൽവേക്ക് 11.82 കോടി 2022 സെപ്റ്റംബർ 6ന് കൈമാറി. റയിൽവേ കരാറുകാരന് വർക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിന്റെ നിർമ്മാണം റയിൽവേ ആരംഭിച്ചിട്ടുണ്ട്. സർവീസ് റോഡ്, റീട്ടെയിനിംഗ് വാൾ, ഡ്രൈനേജ് എന്നിവയുടെ പ്രവൃത്തി നടക്കുന്നതിനാൽ റയിൽവേ മേൽപ്പാലത്തിന്റെ മലമ്പുഴ ഭാഗത്ത് ചെളി രൂപപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകനായ റെയ്മണ്ട് ആന്റണി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ആരാധനാലയ നിർമ്മാണത്തിൽ ചട്ടലംഘനം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. (Date : 15/07/2024)
ത്യശൂർ: വടക്കേക്കാട് പഞ്ചായത്തിലെ പത്താം വാർഡിൽ മുഖം മൂടി മുക്കി കോളനി റോഡിൽ നിർമ്മാണം നടന്നു വരുന്ന ആരാധനാലയത്തിൽ ചട്ടലംഘനം ഉണ്ടെന്ന് പഞ്ചായത്ത് കണ്ടെത്തിയ സാഹചര്യത്തിൽ പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
പെർമിറ്റ് നൽകിയ പ്ലാനിൽ നിന്നും മാറ്റം വരുത്തിയാണ് നിർമ്മാണം നടക്കുന്നതെന്ന് കണ്ടെത്തിയതായി പഞ്ചായത്ത് അറിയിച്ചു. പ്ലോട്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് പെർമിറ്റിൽ ഇല്ലാത്ത ശുചി മുറികൾ നിർമ്മിക്കുന്നുണ്ട്. പാർക്കിംഗ് സ്ഥലത്താണ് ഇത് നിർമ്മിക്കുന്നത്. പഞ്ചായത്ത് രാജ് നിയമപ്രകാരം പെർമിറ്റ് ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ നോട്ടീസിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സ്വീകരിച്ച നടപടികൾ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിലില്ല.
നിർമ്മാണത്തിൽ വ്യാപകമായ ചട്ട ലംഘനം ഉണ്ടായിട്ടുള്ളതായി പരാതിക്കാരനായ പുന്നയൂർക്കുളം സ്വദേശി ശ്രീജിത്ത് കമ്മീഷനെ അറിയിച്ചു.
|
ഗുരുവായൂർ എച്ച്.എം.സി നഗർ ഡ്രൈനേജ് മാസം 3 തവണ വൃത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 12/07/2024)
ത്യശൂർ: ഗുരുവായൂർ നഗരസഭയിലുള്ള എച്ച്.എം.സി നഗർ പ്രദേശത്തെ ഡ്രൈനേജ് എല്ലാ മാസവും കുറഞ്ഞത് 3 തവണയെങ്കിലും ശുചീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഗുരുവായൂർ നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.
ഗുരുവായൂർ മുൻസിപ്പാലിറ്റിയിലെ ഒരു കാന ഒഴുകി വലിയ തോട്ടിലെത്തുന്നുവെന്നും ദുർഗന്ധം പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പരാതിപ്പെട്ട് പ്രദേശവാസിയായ വി. ഹരിനാരായണൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
എച്ച്.എം.സി പ്രദേശത്തെ ഡ്രൈനേജിലുള്ള ബ്ലോക്ക് നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ വൃത്തിയാക്കിയതായി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ കമ്മീഷനിൽ നിന്നും നോട്ടീസ് ലഭിച്ച ശേഷം ഒരു മാസം മാത്രം ശുചീകരണം നടത്തിയതല്ലാതെ നഗരസഭ യാതൊന്നും ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
മഴക്കാലമാവുമ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി : ഹൗസ് സർജൻമാർക്ക് വിശ്രമ വേളകൾ ലഭിക്കും. HRMP No : 2851/2022 (Date : 12/07/2024)
കോഴിക്കോട് : സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലുള്ള ഹൗസ് സർജൻമാരുടെ ജോലി സമയം ക്രമീകരിക്കുമ്പോൾ അവർക്ക് അത്യാവശ്യം വേണ്ട വിശ്രമം അനുവദിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകി.
ഹൗസ് സർജൻമാരുടെ ആവശ്യങ്ങളും പരാതികളും അനുഭാവപൂർവം കേൾക്കുന്നതിനും പരിഹാരം കാണുന്നതിനുമുള്ള സംവിധാനങ്ങൾ എല്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും ഫലപ്രദമായി നടപ്പിലാക്കാൻ പ്രിൻസിപ്പൽ ശ്രദ്ധിക്കണമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് 2022 ജൂൺ 6 ന് പാസാക്കിയ ഉത്തരവ് നടപ്പിലാക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയത്.
എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓർത്തോ പോലുള്ള വകുപ്പുകളിൽ ഇപ്പോഴും 30 മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെന്ന പരാതി ഗൗരവമായി പരിശോധിച്ച് ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൃത്യമായ വർക്കിംഗ് മാന്വൽ ഇല്ലെന്നും അക്കാദമിക് മികവ് നേടുന്നതിന് പകരം മറ്റ് ജോലികളാണ് ചെയ്യിക്കുന്നതെന്നും പരാതിയിലുണ്ട്. കമ്മീഷന്റെ 2022 ലെ ഉത്തരവ് കൃത്യമായി നടപ്പിലാക്കണമെന്നാണ് പരാതിക്കാരനായ കോഴിക്കോട് മെഡിക്കൽ കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനന്ദുവിന്റെ ആവശ്യം.
|
അധ്യാപികക്കെതിരെ നടപടിയെടുത്തതായി സർക്കാർ; കൂടുതൽ ഇടപെടൽ ആവശ്യമില്ല: മനുഷ്യാവകാശ കമ്മീഷൻ. (Date :12/07/2024)
കാസർകോട്: കാസർകോട് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ ഒരു ഓൺലൈൻ വാർത്താ മാധ്യമത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ സർക്കാർ അധ്യാപികക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിൽ കൂടുതൽ ഇടപെടൽ ആവശ്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അധ്യാപികക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിരുദ വിദ്യാർത്ഥിനി സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്.
മുൻ പ്രിൻസിൽ ഡോ. എം. രമക്കെതിരെയാണ് പരാതി. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിൻസിപ്പൽ പരാതിക്കാരിയുടെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുകയും കോളേജിനും വിദ്യാർത്ഥികൾക്കുമെതിരെ സംസാരിക്കുകയും ചെയ്തതിന്റെ പേരിൽ പ്രിൻസിപ്പലിനെ കൊടുവള്ളി കോളേജിലേക്ക് സ്ഥലം മാറ്റി. പിന്നീട് കോടതി കേസിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം കോളേജിലേക്ക് സ്ഥലം മാറ്റി.
പ്രിൻസിപ്പലിന്റെ പെരുമാറ്റം കാരണമാണ് വിദ്യാർത്ഥികൾ സമരം ചെയ്യാൻ നിർബന്ധിതരായതെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
|
വാഹനാഭ്യാസം നടത്തിയാൽ ലൈസൻസ് സസ്പെന്റ് ചെയ്യണം ; വാഹനം പിടിച്ചെടുക്കണം - മനുഷ്യാവകാശ കമ്മീഷൻ. HRMP No. 2038/2022 (Date : 10/07/2024)
കോഴിക്കോട് : ഡ്രൈവിംഗ് ലൈസൻസോ ഡ്രൈവിംഗ് പരിചയമോ ഇല്ലാതെ സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന യാത്രയയപ്പ് സമ്മേളനങ്ങളിൽ വാഹനങ്ങളുമായെത്തി സാഹസിക പ്രകടനങ്ങൾ നടത്തുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ് ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മറ്റുള്ളവരുടെ ജീവനെടുക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
സ്കൂളുകളിലും കോളേജുകളിലും വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മുക്കം എം.എസ് ആർട്സ് & സയൻസ് കോളേജിന്റെ ചാത്തമംഗലം ക്യാമ്പസ്, കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജ് എന്നിവിടങ്ങളിൽ നടന്ന അഭ്യാസ പ്രകടനങ്ങൾ ചൂണ്ടി കാണിച്ചാണ് പരാതി സമർപ്പിച്ചത്.
മലബാർ ക്രിസ്റ്റ്യൻ കോളേജ് ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചു. 2022 മാർച്ച് 22 ന് ചില വിദ്യാർത്ഥികൾ സ്കൂൾ ക്യാമ്പസിൽ കാറുകളും ഇരുചക്ര വാഹനങ്ങളുമായി എത്തിയതായി റിപ്പോർട്ടിൽ പറഞ്ഞു. സംഭവത്തിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ സാഹസിക പ്രകടനങ്ങൾ നടത്തുന്ന വാഹനങ്ങൾ അപകടങ്ങൾക്ക് കാരണമാകാറുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ബംഗ്ലാവ് കടവ് പാലം ജിവ നാഡിയായി കണ്ട് നിർമ്മിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6792/23 (Date : 10/07/2024)
എറണാകുളം : കുട്ടമ്പുഴ – വടാട്ടുപാറ റോഡിലെ ബംഗ്ലാവ് കടവ് പാലത്തിന്റെ നിർമ്മാണം പ്രദേശത്തെ ജനങ്ങളുടെ ജീവനാഡിയായി കണ്ട് പാലത്തിന്റെ പണി കാലതാമസമില്ലാതെ ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ 5 വാർഡുകൾ ഉൾപ്പെട്ട വടാട്ടുപാറ പ്രദേശത്തെ ജനങ്ങൾക്ക് കുട്ടമ്പുഴയിലെത്താൻ 30 കിലോമീറ്റർ യാത്ര ചെയ്യണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബംഗ്ലാവ് കടവ് ഭാഗത്ത് പുഴയ്ക്ക് കുറുകെ പാലമില്ലാത്തതാണ് കാരണം. പാലം നിർമ്മിച്ചാൽ 5 കിലോമീറ്റർ കൊണ്ട് കുട്ടമ്പുഴയിലെത്താം. ഇടമലയാർ താളുങ്കണ്ടം ട്രൈബൽ കോളനി, പൊങ്ങും ചുവട് ട്രൈബൽ കോളനി എന്നിവിടങ്ങളിൽ നിന്നും കുട്ടമ്പുഴയിലെത്താനും പാലം അനിവാര്യമാണ്.
ബംഗ്ലാവ് കടവ് പാലത്തിന്റെ ഭാഗവും വടാട്ടുപാറ – ഇടമലയാർ ഭാഗത്തെ അപ്രോച്ച് റോഡിന്റെ ഭാഗവും വനംവകുപ്പിന്റെ അധീനതയിലായതിനാൽ ഇവിടെ സർവേ നടത്താൻ തുണ്ടത്തിൽ ഫോറസ്റ്റ് റയിഞ്ച് ഓഫീസറുടെ അനുമതി ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു.
പാലം നിർമ്മിക്കാനുള്ള അനുമതിക്കായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ബന്ധപ്പെട്ടെങ്കിലും അനുമതി നൽകിയില്ലെന്ന് പൊതുമരാമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പാലം നിർമ്മിക്കാൻ നിർദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങൾ വനം പരിസ്ഥിതി വകുപ്പിന്റെ അധികാരപരിധിയിലുള്ളതല്ലെന്ന് പരാതിക്കാരനായ കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പ്രസിഡന്റ് ഷാജി പയ്യാനിക്കൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. പാലത്തിന്റെ രണ്ട് ഭാഗങ്ങളും പൊതുമരാമത്ത് റോഡുകളാണെന്നും റിപ്പോർട്ടിലുണ്ട്. മുമ്പ് ഇതുവഴി കടത്തുവള്ളങ്ങൾ ഉണ്ടായിരുന്നുവെന്നും അപകടങ്ങൾ ഉണ്ടായതോടെ സർവീസ് മുടങ്ങിയെന്നും പരാതിക്കാരൻ അറിയിച്ചു. പാലം വന്നാൽ ഇടമലയാർ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി പ്രദേശത്തേക്ക് പോകാൻ എളുപ്പമാണ്. പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് 40 വർഷത്തെ പഴക്കമുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
ഐ.ജി, പി. പ്രകാശിന് മനുഷ്യാവകാശ കമ്മീഷൻ യാത്രയയപ്പ് നൽകി. (Date : 10/07/2024)
തിരുവനന്തപുരം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം മേധാവി സ്ഥാനത്ത് നിന്നും സ്ഥലം മാറി പോകുന്ന ഐ.ജി, പി. പ്രകാശിന് കമ്മീഷൻ യാത്രയയപ്പ് നൽകി.
മനുഷ്യാവകാശ കമീഷന് സ്വന്തമായി ഒരു ആസ്ഥാനം ഉണ്ടാവേണ്ട കാലം അതിക്രമിച്ചതായി ഐ.ജി. പി. പ്രകാശ് പറഞ്ഞു. കമ്മീഷൻ അന്വേഷണ വിഭാഗത്തിലെ ഫയലുകൾ കൃത്യമായി തീർപ്പാക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കമ്മിഷൻ സെക്രട്ടറി എസ്.എച്ച്. ജയകേശൻ ഐ.ജി ക്ക് മെമന്റോ സമ്മാനിച്ചു. കോർട്ട് ഓഫീസർ വി. രാജ്കുമാർ സ്വാഗതവും ഫിനാൻസ് ഓഫീസർ എ.വി. കൃഷ്ണകുമാരി നന്ദിയും പറഞ്ഞു. രജിസ്ട്രാർ ബി. എസ്. രേണുകാ ദേവി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എച്ച്. നജീബ്, ഡി.വൈ.എസ്.പി. എസ്. എസ്. സുരേഷ് കുമാർ , ജീവനക്കാരി സി. ശാന്തമ്മ എന്നിവർ പ്രസംഗിച്ചു.
|
ശാസ്താംകടവ്- വെട്ടിക്കാട് റോഡ് നിർമ്മാണം പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 10/07/2024)
കോട്ടയം: തിരുവാർപ്പ് ശാസ്താംകടവ് വെട്ടിക്കാട് റോഡ് നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സഞ്ചാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ എത്രയും വേഗം നടപടിയെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
തദ്ദേശ സ്വയം ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം 3 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.
2018, 2019 വർഷങ്ങളിലെ പ്രളയത്തിൽ റോഡ് പൂർണമായി വെള്ളത്തിനടിയിലായെന്നും കരാറുകാരന് നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. തുടർന്ന് ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം മുഖേന നിർമ്മാണം പൂർത്തിയാക്കാൻ സഹകരണ മന്ത്രി നിർദ്ദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
|
പൊട്ടിപൊളിഞ്ഞ ഗ്രാമീണ റോഡുകൾ നന്നാക്കാനുള്ള പ്രവർത്തന പദ്ധതി സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 08/07/2024)
തിരുവനന്തപുരം: തലസ്ഥാനത്തെ പൊട്ടിപൊളിഞ്ഞ ഗ്രാമീണ റോഡുകൾ സയബന്ധിതമായി ഗതാഗത യോഗ്യമാക്കുന്നതിനുള്ള പ്രവർത്തന പദ്ധതി സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
നഗരത്തിലെ ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്ര വാഹനങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും അപകടകരമാണെന്നാണ് പരാതി. മഴക്കാലം തുടങ്ങിയതോടെ ഗതാഗതം പൂർണമായും താറുമാറായി.
ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
പാലക്കാട് മാസ്റ്റർപ്ലാൻ മലയാളത്തിലാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No : 362/24 (Date : 08/07/2024)
പാലക്കാട് : പാലക്കാട് നഗരസഭ പുറത്തിറക്കിയ മാസ്റ്റർപ്ലാൻ മലയാളത്തിൽ തർജമ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഒരു നഗരത്തിന്റെ മാസ്റ്റർപ്ലാൻ ആ നഗരത്തിൽ താമസിക്കുന്നവരുടെ നിർദ്ദേശങ്ങളും ആക്ഷേപങ്ങളും ക്രോഡീകരിച്ച് സമഗ്രമായ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ് വരേണ്ടതാണെന്നും ഇംഗ്ലീഷിലുള്ള മാസ്റ്റർപ്ലാൻ അതിന് തടസം സൃഷ്ടിക്കുമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
മാസ്റ്റർപ്ലാൻ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബോബൻ മാട്ടുമന്ത സമർപ്പിച്ച പരാതിയിലാണ് നടപടി.
മാസ്റ്റർപ്ലാൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കേണ്ടതാണെന്നും നിലവിലുള്ള സോഫ്റ്റ് വെയറിൽ മലയാള ഭാഷ ഉപയോഗിക്കുന്നില്ലെന്നും പാലക്കാട് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. അതേസമയം മാസ്റ്റർപ്ലാൻ തർജമ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്ലാനിംഗ് ഓഫീസിൽ നിന്ന് ചീഫ് ടൗൺ പ്ലാനർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും നഗരസഭ കൗൺസിലിന്റെ അനുമതിയോടെ നടപടി സ്വീകരിക്കാമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇംഗ്ലീഷിൽ മാത്രം മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിച്ചതു കാരണം ആരോഗ്യകരമായ ജനകീയ ചർച്ച ഉണാകാനിടയില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
|
മണിനാദം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു ; നിയന്ത്രിച്ച ശേഷം അറിയിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 4586/24 (Date : 08/07/2024)
കൊല്ലം : ശാസ്താംകോട്ട മുതുപിലാക്കാട് മലങ്കര കാത്തലിക് പള്ളിയിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ മണിയിൽ നിന്നുള്ള ശബ്ദം കാരണം പ്രദേശവാസിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ മണിനാദം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് 2022 നവംബർ 2 ന് പാസാക്കിയ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജൂലൈ 26 ന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ശാസ്താംകോട്ട ഡി.വൈ.എസ്.പി നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
രണ്ടായിരത്തിലെ ശബ്ദമലിനീകരണ നിയന്ത്രണ നിയമ പ്രകാരം അധികാരപ്പെട്ട ശാസ്താം കോട്ട ഡി.വൈ.എസ്.പി ക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.
കമ്മീഷൻ ഉത്തരവ് നടപ്പിലാക്കിയില്ലെന്നാരോപിച്ച് മുതുപിലാക്കാട് സ്വദേശിനി വിജയകുമാരി അമ്മ സമർപ്പിച്ച രണ്ടാമത്തെ പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരിയുടെ വീടിനോടു ചേർന്നുള്ള പള്ളിയിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻമണിയിൽ നിന്നുമുള്ള ശബ്ദം നിയന്ത്രിത പരിധിക്കുള്ളിലാണോ എന്ന് പരിശോധിക്കമെന്നും ഇല്ലെങ്കിൽ മണി മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു കമ്മീഷൻ 2022 ൽ പാസാക്കിയ ഉത്തരവ്.
ഇക്കഴിഞ്ഞ ജൂൺ 28 മുതൽ ജൂലൈ 1 വരെ പള്ളിയിൽ മൈക്കും മറ്റും ഉപയോഗിച്ച് അതിതീവ്രമായ ശബ്ദം പുറപ്പെടുവിച്ചെന്നും പരാതിക്കാരിക്ക് വീണ്ടും ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു. ശാസ്താംകോട്ട ഡി.വൈ.എസ്.പി ക്കും എസ്.എച്ച്.ഒ ക്കും ഈ വിവരം കൈമാറിയെങ്കിലും പ്രതികരണം ആശാവഹമായിരുന്നില്ല. പള്ളിയുടെ നിയമലംഘനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തുള്ളത്. കമ്മീഷൻ തുടർച്ചയായ ഈ മനുഷ്യാവകാശ ലംഘനത്തെ അതീവ ഗൗരവമായാണ് കാണുന്നത്.
ശബ്ദ മലിനീകരണ വിഷയത്തിൽ കൊല്ലം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റ് എഞ്ചിനീയർ ഇടപെടണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ജുലൈ 26 ന് കൊല്ലത്ത് നടക്കുന്ന സിറ്റിംഗിൽ ജില്ലാ എൻവയോൺമെന്റൽ ഓഫീസർ ഹാജരാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും സിറ്റിംഗിൽ ഹാജരാകണം.
|
പ്രതികാരമെന്ന് പരാതി : കെ. എസ്. ഇ. ബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 07/07/2024)
കോഴിക്കോട്: കെ എസ് ഇ ബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കെ. എസ്. ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.
തിരുവമ്പാടി സ്വദേശി യു.സി. അജ്മൽ ഉള്ളാട്ടിൽ എന്ന യുവാവിന്റെ വീട്ടിലെ കണക്ഷനാണ് കെ എസ് ഇ ബി വിഛേദിച്ചത്. ഇതിനെതിരെ സെക്ഷൻ ഓഫീസിൽ പ്രതിഷേധിക്കാനെത്തിയ യുവാവിന്റെ പ്രായമായ പിതാവ് ഹൃദ്രോഗ ബാധിതനായി ആശുപത്രിയിലാണ്. കെ. എസ്. ഇ ബി . സി എം ഡി യുടെ നിർദ്ദേശ പ്രകാരമാണ് കണക്ഷൻ വിഛേദിച്ചതെന്നാണ് വാർത്തകൾ.
അജ്മലിന്റെ വീട്ടിലുള്ള ബിൽ ഓൺലൈനായി അടച്ചങ്കിലും കണക്ഷൻ വിഛേദിച്ചെന്നാണ് പരാതി. ഇതിന്റെ പേരിലാണ് യുവാവും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായത്.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ക്രിക്കറ്റ് കോച്ച് പീഡന കേസിൽ പ്രതിയായ സാഹചര്യം കെ സി എ വിശദീകരിക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 07/07/2024)
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കോച്ച് പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസയച്ചു. ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കെ. സി എ വിശദീകരിക്കണം.
പീഡന കേസിൽ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വർഷമായി കെ.സി എ യിൽ കോച്ചാണ് . തെങ്കാശിയിൽ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിെച്ചെന്നാണ് പരാതി. ഇയാൾ പോക്സോ കേസിൽ പ്രതിയായി റിമാന്റിലാണ്.
കുട്ടികളുടെ നഗ്ന ചിത്രം ഇയാൾ പകർത്തിയെന്നും ആരോപണമുണ്ട്. പ്രതീക്ഷയോടെ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെയാണ് ഇയാൾ പീഡിപ്പിക്കുന്നത്. കുട്ടികളും രക്ഷിതാക്കളും സംഭവത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലാണ്. എന്നാൽ ഇതൊന്നും കെ സി എ അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഒരു പെൺകുട്ടി പരാതിയുമായി വന്നതോടെ കൂടുതൽ കുട്ടികൾ പരാതി നൽകുകയായിരുന്നു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ശ്രീപത്മനാഭനെ കാണാൻ തിരുവനന്തപുരത്തുകാർക്ക് പ്രത്യേക ക്യൂ വേണം : മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. HRMP No : 4607/ 24 (Date : 06/07/2024)
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരകണക്കിന് ഭക്തജനങ്ങൾ ദർശനത്തിനെത്തുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ തിരുവനന്തപുരം നിവാസികൾക്ക് വേണ്ടി പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി.
ഗുരുവായൂർ ക്ഷേത്രത്തിലും തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലും തദ്ദേശീയരായ ഭക്ത ജനങ്ങൾക്ക് നിലവിലുള്ള സംവിധാനം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും നടപ്പാക്കണമെന്നാണ് ആവശ്യം.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രത്തിൽ തിരുവനന്തപുരത്തുകാരായ സാധാരണകാർക്ക് ദർശനം നടത്താൻ കഴിയുന്നില്ലെന്നാണ് പരാതി. പ്രത്യേക ക്യൂ സംവിധാനം നിലവിൽ വന്നാൽ ഭരണ ഘടന ഉറപ്പു നൽകുന്ന ആരാധനാ സ്വതന്ത്ര്യം ഉറപ്പാക്കാമെന്ന് പരാതിക്കാരായ കവടിയാർ ഹരികുമാർ, അഡ്വ. വിജയകുമാർ എന്നിവർ പരാതിയിൽ പറഞ്ഞു.
|
പിഴ മാത്രം പോരാ ; ഇൻഷ്വറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 6266/23 (Date : 06/07/2024)
പാലക്കാട് : ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷ്വറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇതു സംബന്ധിച്ച് കർശനമായ നിർദ്ദേശം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം ൻൽകി.
പലപ്പോഴും റോഡപകടങ്ങൾ കാരണം വഴിയാത്രക്കാരാണ് ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. മോട്ടോർ വാഹന നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ട ബാധ്യത മോട്ടോർ വാഹന വകുപ്പിനും പോലീസിനുമുണ്ട്.
2022 നവംബർ 24 ന് പാലക്കാട് കയറാംകോട് വാഹന പരിശോധന നടത്തിയ പോലീസ്, ഇൻഷ്വറൻസ് ഇല്ലാത്ത മോട്ടോർ സൈക്കിൾ കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പാലക്കാട് ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിയിൽ കഴമ്പുള്ളതായി പറയുന്നു. കല്ലടികോട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ നടത്തിയ പരിശോധനയിലാണ് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനം ഓടിച്ചയാൾക്ക് 2000 രൂപ പിഴയിട്ട ശേഷം വാഹനം വിട്ടു കൊടുത്തത്. ഇത് സമൂഹ മാധ്യമങ്ങളിൽ വാർത്തയായത് പോലീസിന്റെ യശസ്സിന് കളങ്കമുണ്ടാക്കി. തുടർന്ന് എസ്.ഐ ക്ക് മെമ്മോയും താക്കീതും നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇൻഷ്വറൻസ് ഇല്ലാത്ത വാഹനം പരിശോധനയിൽ വിട്ടുകൊടുത്ത ശേഷം അപകടത്തിൽപ്പെട്ടാൽ ഉത്തരവാദി പോലീസായിരിക്കുമെന്ന് പരാതിക്കാരനായ അഡ്വ. ഗിരീഷ് നൊച്ചുള്ളി അറിയിച്ചു. വാഹന പരിശോധന നടത്തിയ പോലീസുദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതായി കാണരുതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
പെൻ സ്റ്റോക്ക് പദ്ധതി: പരിസ്ഥിതി പഠന റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കമെന്ന് മനുഷ്യാവകാശകമ്മീഷൻ. HRMP No : 2197/24 (Date : 06/07/2024)
ഇടുക്കി : കൊന്നത്തടി പഞ്ചായത്തിലെ 14 –ാം വാർഡിൽ കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ നിർമ്മാണം നടക്കുന്ന ചിന്നാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പെൻസ്റ്റോക്ക് പദ്ധതിയെ കുറിച്ച് കമ്മീഷൻ നിർദ്ദേശിച്ച പഠന റിപ്പോർട്ട് 15 ദിവസത്തിനകം ഹാജരാക്കണെമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.റ്റി) ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി നിർദ്ദേശം നൽകിയത്.
കോഴിക്കോട് എൻ.ഐ റ്റി അധികൃതർ സംഭവ സ്ഥലം സന്ദർശിച്ചതായി കെ എസ് ഇ ബി കമ്മീഷനെ അറിയിച്ചു. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും പ്രോജക്റ്റ് മാനേജർ കമ്മീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. എന്നാൽ മഴക്കാലത്ത് തങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പരാതിക്കാർ കമ്മീഷനെ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി അപകടാവസ്ഥയിലായ വീടുകളും കൃഷി ഭൂമിയും കെ.എസ്.ഇ.ബി ഏറ്റെടുത്ത് മതിയായ നഷ്ടപരിഹാരം നൽകണമെന്ന പ്രദേശവാസികളുടെ ആവശ്യം ഇടുക്കി ജില്ലാ കളക്ടർ അനുഭാവപൂർവം പരിഗണിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പെൻസ്റ്റോക്ക് പദ്ധതിക്ക് വേണ്ടി അനിയന്ത്രിതമായ നിലയിൽ പാറ പൊട്ടിക്കുന്നതിനാൽ ജീവനും സ്വത്തിനും ഭീഷണിയാണെന്ന പരാതിയുടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് കമ്മീഷൻ ജൂൺ 11 ന് മൂന്നാർ ഗവ.ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തിയിരുന്നു. വെള്ളത്തൂവൽ ആന്റ് ചിന്നാർ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് മാനേജർ നേരിട്ട് ഹാജരായി ഇതുവരെ സ്വീകരിച്ച നടപടികൾ ധരിപ്പിച്ചു.
കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി മേയ് 14 ന് സംഭവ സ്ഥലം സന്ദർശിച്ചിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് ശക്തി കൂടിയ സ്ഫോടനങ്ങൾ നടത്തിയതു കാരണം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കമ്മീഷൻ നേരിട്ട് മനസിലാക്കി. പല വീടുകളുടെയും സിമന്റ് മേൽക്കുര അടർന്നു. ചുമരുകൾ പൊട്ടിപൊളിഞ്ഞു. അപകട മേഖലയിൽ താമസിക്കുന്നവർക്ക് സംരക്ഷണം നൽകണമെന്നും കമ്മീഷൻ വിലയിരുത്തി. കൃഷി സ്ഥലങ്ങൾ വിണ്ടുകീറി കൃഷിയോഗ്യമല്ലാതായി.
പരാതിക്കാരുടെ വീടുകൾക്കുണ്ടായ കേടുപാടുകൾ തുരങ്ക നിർമ്മാണം കാരണമാണോ എന്ന് പറയാൻ പ്രയാസമുണ്ടെന്നാണ് സർക്കാർ നിലപാട്. ജില്ലാ ജിയോളജിസ്റ്റ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇടുക്കി തഹസീൽദാർ എന്നിവർ സ്ഥലം സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ എൻ.ഐ.റ്റി. ഇക്കാര്യം പരിശോധിക്കണമെന്ന് പരാമർശിച്ചിട്ടുണ്ട്. 20 മാസങ്ങൾക്ക് മുമ്പാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ല. സ്ഥലം സന്ദർശിച്ച വേളയിൽ ഉദ്യോഗസ്ഥർ കമ്മീഷന് മുന്നിലും കൃത്യമായ വിവരവും നൽകിയില്ല.
അപകടാവസ്ഥയിൽ പോലും പദ്ധതിയുടെ നിർമ്മാണം തുടരുന്ന സാഹചര്യം അത്ഭുതപ്പെടുത്തുന്നതായി വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. കൃഷി ചെയ്യാനും സ്വന്തം വീട്ടിൽ കിടന്നുറങ്ങാനും കഴിയാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ മനുഷ്യത്വപരമായി ഇടപെടാത്തതിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി. ഇടുക്കി പനങ്കുഴി സ്വദേശികളായ ഷിന്റോ അഗസ്റ്റിനും മറ്റുള്ളവരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കാലപ്പഴക്കമുള്ള കെട്ടിടത്തിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കണമെന്ന് ഉടമ ; വേണ്ടെന്ന് നഗരസഭ. HRMP. 5285/2021 (Date : 06/07/2024)
കണ്ണൂർ : കാലപ്പഴക്കം കാരണം ജീർണാവസ്ഥയിലായ കെട്ടിടത്തിൽ നിന്നും സുരക്ഷിതമായ സ്ഥലത്തേക്ക് വാടകക്കാരെ മാറ്റി താമസിപ്പിക്കണമെന്ന കെട്ടിടം ഉടമയുടെ ആവശ്യത്തിൽ കഴമ്പില്ലെന്ന് കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ.
കെട്ടിടം ഉടമ കമ്മീഷനിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തിയപ്പോൾ കെട്ടിടം ഉപയോഗയോഗ്യമാണെന്ന് കണ്ടെത്തിയതായി കോർപ്പറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കോർപ്പറേഷൻ സെക്രട്ടറി വിശദീകരണം സമർപ്പിച്ചത്.
താന കഴന്നക്കോട്ട സ്വദേശി ഹുസൈൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിക്ക് ആസ്പദമായ കെട്ടിടത്തിലെ വാടകക്കാർ ഒഴിയാത്തതുമായി ബന്ധപ്പെട്ട് പരാതിക്കാരൻ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ റെന്റ് കൺട്രോൾ കോടതിയിൽ പരാതി നൽകാൻ നിർദ്ദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി
|
കുടിവെള്ളമില്ല : ജല അതോറിറ്റി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 4505/24 (Date : 05/07/2024)
തിരുവനന്തപുരം : കഴക്കൂട്ടം വെഞ്ഞാറമൂട് എം.സി.റോഡ് ബൈപാസിൽ ചന്തവിള യു.പി. സ്കൂളിന് എതിർവശത്ത് കുഴിക്കോട്ടുകോണം ത്രിജ്യോതിപുരം റോഡിന് ഇരുവശത്തും താമസിക്കുന്നവർ അനുഭവിക്കുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജലഅതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് ആവശ്യപ്പട്ടു.
ടെക്നോപാർക്കിനും കിൻഫ്രാ പാർക്കിനും സമീപമുള്ള സ്ഥലമാണെങ്കിലും കുടിവെള്ളമില്ല. നിലവിലുള്ള കിണറുകളിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടതിനാൽ ഉപയോഗയോഗ്യമല്ല. കുഴൽ കിണറുകൾ വർദ്ധിക്കുന്നതിനാൽ കിണറുകളിൽ ജലലഭ്യത കുറയുന്നു. എന്നാൽ റോഡിന്റെ വലതുഭാഗത്ത് ജലലഭ്യതയുണ്ട്. മാവിൻമൂട് പുന്നാട്ട് തമ്പുരാൻ ക്ഷേത്രത്തിന്റെ കവാടം വരെയുള്ള പൈപ്പ് ലൈൻ ഇടതുഭാഗത്തേക്ക് കൂടി ലഭ്യമാക്കണമെന്നാണ് ആവശ്യം. ചന്തവിള ശിവോദയത്തിൽ ശ്രീകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ആലുവ സിറ്റിംഗ് ഇന്ന് (05/07/2024)
എറണാകുളം : സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഇന്ന് (05/07/2024) രാവിലെ 10.30 ന് ആലുവ ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
മനുഷ്യാവകാശ കമ്മീഷൻ കോട്ടയം സിറ്റിംഗ് റദ്ദാക്കി
കോട്ടയം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഇന്ന് (04/07/2024) രാവിലെ 10.30 ന് കോട്ടയം പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് റദ്ദാക്കി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: അദ്ധ്യാപകന്റെ ആത്മഹത്യാ കേസിൽ കൈയ്യക്ഷര വിദഗ്ദന്റെ ഫലം കാത്തിരിക്കുകയാണെന്ന് പോലീസ്. HRMP. 1111/2023 (Date : 03/07/2024)
കണ്ണൂർ : പെൻഷൻ തടഞ്ഞതിലുള്ള മനോവിഷമം കാരണം അദ്ധ്യാപകൻ ആത്മഹത്യ ചെയ്തെന്ന പരാതിയിൽ കൈയ്യക്ഷര വിദഗ്ദന്റെ പരിശോധനാ ഫലം ലഭിച്ചാൽ അനന്തര നടപടികൾ സ്വീകരിക്കുമെന്ന് പയ്യന്നൂർ എസ്.എച്ച്.ഒ മനുഷ്യാവകാശ കമ്മീഷനെ അറയിച്ചു.
രാമന്തള്ളി കല്ലേറ്റുകടവ് സ്വദേശി ശ്രീനിവാസൻ 2022 ഒക്ടോബർ 22 ന് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യ കെ. പി. ശ്യാമള സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
പരാതിയിൽ പയ്യന്നൂർ പോലീസ് 554/21 നമ്പറായി കേസെടുത്തിരുന്നു. 2021 ഏപ്രിലിൽ സർവീസിൽ നിന്നു വിരമിച്ച ശ്രീനിവാസന് പെൻഷൻ ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കാത്തതിൽ മാനസിക വിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച് സ്കൂൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതിൽ പെൻഷൻ ആനുകൂല്യങ്ങൾ വൈകിയതിൽ മനപൂർവമായ കാലതാമസമുണ്ടായിട്ടില്ലെന്ന് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. തുടർന്ന് തളിപറമ്പ എസ്.ഡി.എം. കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
കേസിൽ കൈയ്യക്ഷര വിദഗ്ദന്റെ പരിശോധനാഫലം ലഭിച്ച ശേഷം ഡയറിക്കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മരിച്ചയാൾ എഴുതിയതാണെങ്കിൽ അതിന് അനുസരിച്ച് നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞ് മരിച്ചയാൾക്ക് മാനസിക സമ്മർദ്ദമുണ്ടാക്കിയെന്ന് വീട്ടുകാർ സംശയിക്കുന്ന മൂന്നുപേരുടെ പേരിൽ പുനരന്വേഷണം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മരിച്ചയാളുടെ ഡയറി പരിശോധിക്കുന്ന കാര്യത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നുപരാതിക്കാരി അറിയിച്ചു.
|
സർവീസ് പെൻഷനർക്ക് ഭിന്ന്ശേഷി പെൻഷൻ നിഷേധിച്ച സാഹചര്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 2770/24 (Date : 03/07/2024)
കൊല്ലം : നിലവിൽ സർവീസ് പെൻഷൻ കൈപ്പറ്റുന്നയാൾക്ക് ഭിന്നശേഷി പെൻഷൻ നിഷേധിച്ച സാഹചര്യം പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ കിട്ടാനുള്ള വരുമാന പരിധി 3 ലക്ഷം രൂപയാണെന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ നിഷേധിച്ച നടപടി പുനഃപരിശോധിക്കാനാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടത്.
പോരുവഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. കുന്നത്തൂർ ഇടക്കാട്ടുകര സ്വദേശി സി.കെ. മാധവൻപിള്ള സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരൻ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നിന്നും സീനിയർ ക്ലർക്കായി വിരമിച്ച വ്യക്തിയാണ്. സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനുള്ള പൊതുമാനദണ്ഡങ്ങളിൽ അപേക്ഷകർ സർവീസ് പെൻഷനാകരുത് എന്നുണ്ടെന്ന് പോരുവഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
ഇന്ദിരാഗാന്ധി ദേശീയ ഡിസബിലിറ്റി പെൻഷനാണ് താൻ 2013 മുതൽ വാങ്ങുന്നതെന്നും 2023 ഏപ്രിൽ 1 മുതൽ സർവ്വീസിലുള്ളവർക്കു് ഭിന്നശേഷി പെൻഷനും സർവീസ് പെൻഷനും കിട്ടുമെന്നും ഇതിന്റെ വരുമാന പരിധി 3 ലക്ഷമാണെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
നിലവിൽ സർവീസ് പെൻഷൻ കൈപ്പറ്റുന്നയാൾക്ക് സാമൂഹിക സുരക്ഷാ പെൻഷന് അർഹതയില്ലെന്ന വാദം അംഗീകരിക്കുന്നുണ്ടെങ്കിലും വരുമാന പരിധിയുടെ അടിസ്ഥാനത്തിൽ പരാതി പരിശോധിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു
|
സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് : ഡി.എം.ഒ വിജിലൻസ് ഫലപ്രദമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 8895/23 (Date : 03/07/2024)
പാലക്കാട് : സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ സ്വകാര്യാശുപത്രികളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്നുണ്ടെന്ന ആരോപണം ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തിക്കുന്ന വിജിലൻസ് വിഭാഗം ജാഗ്രതയോടെ പരിശോധിച്ച് ഫലപ്രദമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. ജില്ലയിലെ സർക്കാർ ഡോക്ടർമാർ സ്വകാര്യാശുപത്രികളിലും ജോലി ചെയ്യുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെയുള്ള ആരോപണം അന്വേഷിക്കാൻ ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകിയതായി ഡി.എം.ഒ അറിയിച്ചു. സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള സർക്കാർ ഉത്തരവുകൾ പാലിക്കാൻ എല്ലാ ഡോക്ടർമാർക്കും സൂപ്രണ്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ തിരക്ക് കാരണം ശസ്ത്രക്രിയകൾക്ക് കാലതാമസമുണ്ടാകാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം ആരോപണങ്ങൾ ഉണ്ടാകാതിരിക്കാൻ സൂപ്രണ്ട് ശ്രദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ജില്ലാ ആശുപത്രിയിൽ പരാതിപ്പെട്ടി സൂക്ഷിച്ചിട്ടുണ്ടെന്നും ലഭിക്കുന്ന പരാതികൾ ഡി.എം.ഒ വിജിലൻസ് പരിശോധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ചില ഡോക്ടർമാർക്കെതിരെയാണ് ആരോപണമെങ്കിലും ഇതിന്റെ ഗൗരവം കുറച്ചുകാണാനാവില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുന്നത് പതിവാണെന്ന് ജനതാദൾ (യുണൈറ്റഡ്) ന് വേണ്ടി പരാതി നൽകിയ മുഹമ്മദ് റാഫി കമ്മീഷനെ അറിയിച്ചു. 2023 ഡിസംബർ 12 ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗിയെ സ്വകാര്യാശുപത്രിയിലേക്ക് പറഞ്ഞു വിട്ടെന്നും ഇവിടെ സർക്കാർ ഡോക്ടർ പ്രാക്ടീസ് ചെയ്യാറുണ്ടെന്നും പരാതിയിൽ പറയുന്നു.
|
പോലീസുദ്യോഗസ്ഥരുടെ ആത്മഹത്യ തടയാൻ സേനയുടെ അംഗബലം വർദ്ധിപ്പിക്കണം - മനുഷ്യാവകാശ കമ്മീഷൻ. HRMP No : 830/23 (Date : 02/07/2024)
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ജോലി സമ്മർദ്ദം കാരണമുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്കൽ പോലീസ് സ്റ്റേഷനുകളിലെ അംഗബലം പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിച്ച് സേനയെ നവീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
സേനയിലെ അംഗബലം കുറവായതിനാൽ പോലീസുദ്യോഗസ്ഥർക്ക് വിശ്രമവും പ്രതിവാര അവധിയും ലഭിക്കാത്തതു കാരണം മാനസിക സമ്മർദ്ദം കൂടിവരുന്നതായുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത് പോലീസിന്റെ കാര്യക്ഷമതയെ ബാധിക്കും. കൂടാതെ പോലീസിൽ നിന്നും സ്വയം വിരമിക്കാൻ അപേക്ഷ നൽകുന്നവരുടെ എണ്ണവും കൂടി വരികയാണെന്ന് ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തെ പല പോലീസ് സ്റ്റേഷനുകളിലും മതിയായ അംഗബലം ഇല്ലാത്തതിനാൽ ക്രമസമാധാന പരിപാലനം യഥാവിധി നടക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജനസാന്ദ്രതക്ക് അനുസരിച്ച് അംഗബലം പരിഷ്ക്കരിച്ചാൽ മാത്രമേ ക്രമസമാധാന ചുമതലകൾ സമയബന്ധിതമായി നിർവഹിക്കാൻ കഴിയുകയുള്ളൂ. വി.ഐ.പി. ഡ്യൂട്ടിക്ക് പോലീസുദ്യോഗസ്ഥർ പോകുമ്പോൾ സ്റ്റേഷനിലെ ക്രമസമാധാന കാര്യങ്ങൾ അവതാളത്തിലാകുന്നതായി പരാതിയുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
|
സ്ത്രീക്ക് ഭീഷണിയായ അയൽവാസിക്കെതിരെ കർശന നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No : 1779/24 (Date : 02/07/2024)
കൊല്ലം : സ്ത്രീയുടെ ജീവനും സ്വത്തിനും പകലും രാത്രിയും ഭീഷണിയാകുന്ന തരത്തിൽ പരാക്രമങ്ങൾ കാണിക്കുന്ന അയൽവാസിക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കുന്നിക്കോട് പോലീസ് ഇൻസ്പെക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. അലക്കുഴി സ്വദേശി സിന്ധു സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിക്കാരിയെയും എതിർകക്ഷി സോമനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി തർക്കം പരിഹരിച്ചതായി കുന്നിക്കോട് പോലീസ് ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇക്കഴിഞ്ഞ മേയ് 29 ന് കമ്മീഷൻ കൊല്ലം ഗവ. ഗസ്റ്റ് ഹൌസിൽ നടത്തിയ സിറ്റിംഗിൽ ഹാജരായ പരാതിക്കാരി എതിർകക്ഷിയുടെ പരാക്രമങ്ങൾ തുടരുന്നതായി അറിയിച്ചു.
ഇരുകക്ഷികളും തമ്മിലുള്ള വഴിതർക്കം പുനലൂർ കോടതിയിൽ നടക്കുകയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സിവിൽ തർക്കത്തിൽ ഇടപെടാൻ കമ്മീഷനാവില്ല. എന്നാൽ പരാതിക്കാരിയുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം ആവർത്തിക്കാനാവില്ലെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷൻ അവശ്യപ്പെട്ടു.
|
ജില്ലാ ആശുപത്രിയിൽ ന്യൂറോളജിസ്റ്റിനെ നിയമിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 7891/23 (Date : 02/07/2024)
പാലക്കാട് : ജില്ലാ ആശുപത്രിയിൽ അടിയന്തരമായി ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. സ്വകാര്യാശുപത്രിയിൽ ചികിത്സ തേടാൻ കഴിയാത്ത സാധാരണ രോഗികളാണ് ന്യൂറോളജിസ്റ്റില്ലാതെ ദുരിതം അനുഭവിക്കുന്നതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്ന ഏക ന്യൂറോളജിസ്റ്റ് ദീർഘകാല അവധിയിൽ പ്രവേശിച്ചതോടെയാണ് ന്യൂറോളജി വിഭാഗം പ്രവർത്തന രഹിതമായത്. ന്യൂറോളജിസ്റ്റിനെ സഹായിക്കാനുണ്ടായിരുന്ന ഡോക്ടറെയും നഴ്സിനെയും ആശുപത്രി സൂപ്രണ്ട് മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റി.
ന്യൂറോളജിസ്റ്റ് മാത്രമല്ല അസിസ്റ്റന്റ് സർജനും അവധിയിൽ പ്രവേശിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ കമ്മീഷനെ അറിയിച്ചു. ന്യൂറോളജി വിഭാഗം പ്രവർത്തിക്കാൻ കഴിയാതെ വന്നപ്പോഴാണ് സഹായികളായ ഡോക്ടറെയും നഴ്സുമാരെയും മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റി നിയമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 2013 ഒക്ടോബർ 17 മുതൽ ന്യൂറോളജിസ്റ്റിന്റെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മാങ്കാവ് സ്വദേശി റെയ്മന്റ് ആന്റണി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ഒരാഴ്ചക്കുള്ളിൽ വാഹനം കേടായി, പകരം ലഭിക്കാൻ അർഹതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 3368/23 (Date : 01/07/2024)
ഇടുക്കി : മഹീന്ദ്രയുടെ വെള്ളിയാംകുടി ഷോറൂമിൽ നിന്നും വാങ്ങിയ പെട്ടി ഓട്ടോയുടെ ഗിയർബോക്സ് ദിവസങ്ങൾക്കുള്ളിൽ കേടായ സാഹചര്യത്തിൽ വാഹന ഉടമയ്ക്ക് വാഹനത്തിന്റെ വില തിരികെ കിട്ടാനോ പുതിയൊരു വാഹനം ലഭിക്കാനോ അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇതിനു വേണ്ടി പരാതിക്കാരനോ അദ്ദേഹം ചുമതലപ്പെടുത്തുന്നയാൾക്കോ ഇടുക്കി ഉപഭോക്തൃ കോടതിയെ സമീപിക്കാമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
കോടതി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെടാൻ വാഹന ഉടമയ്ക്ക് കഴിയുമെന്നും സൗജന്യ നിയമ സഹായത്തിന് ജില്ലാ നിയമ സേവന അതോറിറ്റിയെ സമീപിക്കാമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കേടായ വാഹനം മാറ്റി തരാത്തതിനെ തുടർന്ന് വാഹനമുടമ ഷൈജു ഷോറൂമിന് മുന്നിൽ കിടപ്പു സമരം തുടങ്ങിയെന്ന് ഷൈജുവിന് വേണ്ടി മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ പറയുന്നു.
വിഷയത്തിൽ മനുഷ്യാവകാശങ്ങൾ ഹനിക്കപ്പെടാത്ത സാഹചര്യത്തിൽ പരാതി പരിഗണിക്കാൻ നിർവാഹമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. തുടർന്നാണ് മറ്റ് നടപടികൾ നിർദ്ദേശിച്ചത്.
|
ഹൗസിംഗ് ബോർഡ് ഫ്ലാറ്റ് സമുച്ചയം അപകടത്തിൽ ; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 4455/24 (Date : 01/07/2024)
തിരുവനന്തപുരം: കവടിയാർ ഹൈറ്റ്സ് അപ്പാർട്ട്മെന്റ് കോംപ്ലക്സിനോട് ചേർന്ന് 40 വർഷം പഴക്കമുള്ള കരിങ്കൽ നിർമ്മിത മതിൽ അപകടാവസ്ഥയിലായതു കാരണം 18 ഓളം കുടുംബങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
ഭവന നിർമ്മാണ ബോർഡ് സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് ആവശ്യപ്പട്ടു.
ഹൗസിംഗ് ബോർഡ് നിർമ്മിച്ച മതിലാണ് അപകടാവസ്ഥയിലുള്ളത്. ഫ്ലാറ്റ് സമുച്ചയത്തിലെ മണ്ണൊലിപ്പ് തടയാനും ഭൂമി ബലപ്പെടുത്താനും വേണ്ടിയാണ് മതിൽ 40 അടി ഉയരത്തിൽ നിർമ്മിച്ചത്. മതിൽ നിലംപൊത്തിയാൽ മതിലിനോട് ചേർന്ന് നിൽക്കുന്ന കവടിയാർ ഹൈറ്റ്സ് അപ്പാർട്ട്മെന്റിലെ സി.ഡി ബ്ലോക്കിലെ 18 ഓളം ഫ്ലാറ്റുകൾ നിലം പതിക്കും. പഴയ ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ഫ്ലാറ്റ് അസോസിയേഷന് കൈമാറിയിട്ടില്ല. തുടർന്ന് താമസക്കാർ ഹൗസിംഗ് ബോർഡിനെ സമീപിച്ചെങ്കിലും മതിൽ പൊളിച്ചു നിർമ്മിക്കാൻ തയ്യാറല്ലെന്ന് ബോർഡ് അറിയിച്ചു. ഇക്കാര്യം പരിശോധിക്കാനെത്തിയ എഞ്ചിനീയർമാർ മതിലിന്റെ അപകടാവസ്ഥ ബോർഡിനെ ബോധ്യപ്പെടുത്തിയിട്ടും ബോർഡ് നടപടിയെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതി കൂടുതൽ അപകടകരമാകുമെന്ന് അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി ആർ. എസ്. രാധിക സമർപ്പിച്ച പരാതിയിൽ പറയുന്നു.
|
മാളികടവ് – തണ്ണീർപന്തൽ റോഡിന്റെ തകർച്ച മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 01/07/2024)
കോഴിക്കോട്: അശാസ്ത്രീയ നിർമ്മാണം നടന്നതായി ആരോപിക്കപ്പെട്ട മാളിക്കടവ് – തണ്ണീർ പന്തൽ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.
നിരവധി കോളേജുകളും സ്കൂളുകളും ഇതു വഴിയാണ് ഇത്. ആമ്പുലൻസിന് പോലും പോകാൻ കഴിയാഞ്ഞ റോഡിലൂടെ സ്കൂൾ ബസുകൾ കടന്നു പോകുന്നു. 3 മാസത്തിനിടയിൽ റോഡ് തകർന്നു തരിപ്പണമായി. കാൽനടയാത്ര പോലും സാധിക്കില്ല. 3000 ത്തിലേറെ കുട്ടികൾ ജീവൻ പണയം വച്ചാണ് ഇതു വഴി യാത്ര ചെയ്യുന്നത്. ബാലുശേരി ഭാഗത്തേക്കുള്ള ബസുകളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. കുടിവെള്ള പൈപ്പിന് വേണ്ടിയാണ് റോഡ് ആദ്യം കുഴിച്ചത്. പരാതി ഉയർന്നതിനെ തുടർന്ന് റോഡിൽ അറ്റകുറ്റപണികൾ നടത്തിയെങ്കിലും അടുത്ത മഴയോടെ തകർന്നു.
ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി വേങ്ങേരി പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ ബാലുശേരി ഭാഗത്തേക്കുള്ള ബസുകൾ ഇതുവഴിയാണ് സഞ്ചരിക്കുന്നത്.
ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ രാവിലെ 10.30 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
വാട്സാപ്പ് കൂട്ടായ്മയ്ക്ക് രൂപം നൽകിയതിന് ഊരു വിലക്ക് ; നടപടികളിലേക്ക് മനുഷ്യാവകാശ കമ്മീഷൻ. (Date : 29/06/2024)
കോഴിക്കോട് : തെലുങ്ക് ചെട്ടിയാർ സമുദായത്തിലുള്ള ചിലരെ വാട്സാപ്പ് കൂട്ടായ്മക്ക് രൂപം നൽകിയതിന്റെ പേരിൽ സമുദായ ഭാരവാഹികൾ ഊരുവിലക്കിയെന്ന പരാതിയിൽ പരാതിക്കാരെയും എതിർകക്ഷികളെയും നേരിട്ട് കേൾക്കാൻ മനുഷ്യാവകാശ കമ്മീഷൻ തീരുമാനിച്ചു.
ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരായ ഗോവിന്ദപുരം കാവിൻകോട്ട പറമ്പ് എ. സെൽവരാജ്, വി. കെ. രമേഷ്, ടി. പി ശിവൻ എന്നിവരെ ഊരുവിലക്കിയെന്നാണ് പരാതി. ഇവർ പന്നിയങ്കര മാരിയമ്മൻ ക്ഷേത്ര കുടുംബക്കാരാണ്. കോവിഡ് കാലത്ത് പരസ്പരം സഹായിക്കാൻ വേണ്ടിയാണ് നന്മ കൂട്ടായ്മ എന്ന പേരിൽ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചതെന്ന് പരാതിയിൽ പറയുന്നു. കോവിഡിന് ശേഷവും കൂട്ടായ്മ തുടർന്നു. 2024 ജൂൺ 17 ന് ചേർന്ന സമുദായ യോഗത്തിൽ കൂട്ടായ്മ പരിച്ചുവിടാൻ സമുദായ ഭാരവാഹികൾ ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. എന്നാൽ മറ്റുള്ളവർക്ക് സഹായം നൽകുന്ന കൂട്ടായ്മ പിരിച്ചുവിടാൻ അംഗങ്ങൾ തയ്യാറായില്ല. ഇതിനെതുടർന്ന് വാട്ട്സാപ്പ് കൂട്ടായ്മയിലെ മുഴുവൻ അംഗങ്ങളെയും സമുദായ കാര്യങ്ങൾ, ക്ഷേത്രകാര്യങ്ങൾ, കുടുംബാംഗങ്ങളുടെ തീരുമാനം എന്നിവ അറിയിക്കുന്നതിൽ നിന്നും സമുദായ ഭാരവാഹികൾ വിലക്ക് ഏർപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തങ്ങൾ മാനസികമായി തകർന്നിരിക്കുകയാണെന്നും പരാതിക്കാർ അറിയിച്ചു.
പി. എസ്. രാജൻ, നടരാജൻ, ലോകനാഥൻ എന്നിവർക്കെതിരെയാണ് പരാതി സമർപ്പിച്ചത്.
|
അങ്കണവാടി വർക്കർ തസ്തിക നിയമനം പുനഃപരിശോധിക്കണം മനുഷ്യാവകാശ കമ്മീഷൻ. HRMP No : 8610/23 (Date : 29/06/2024)
കൊല്ലം : അങ്കണവാടി വർക്കർ തസ്തികയിൽ നടന്ന നിയമന ക്രമക്കേട് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇരു നിയമനങ്ങളും നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ പുനഃപരിശോധന നടത്തി ശരിയായ നിയമനം ആർക്കാണ് നൽകേണ്ടതെന്ന് വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി തീരുമാനിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. സ്വീകരിക്കുന്ന നടപടികൾ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണം.
മൈനാഗപ്പള്ളി ഇടവനശേരി സ്വദേശിനി കെ.എസ് ഇന്ദിരാദേവി സമർപ്പിച്ച പരാതിയിലാണ് നടപടി. അനധികൃതമായി നടന്ന അങ്കണവാടി വർക്കർ തസ്തികയിലെ നിയമനം റദ്ദാക്കി പരാതിക്കാരിക്ക് പ്രസ്തുത തസ്തികയിൽ സ്ഥിര നിയമനം നൽകണമെന്നാണ് ആവശ്യം.
കൊല്ലം ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ ഇന്ദിര. എസ് എന്നയാളെ മൈനാഗപ്പള്ളി പഞ്ചായത്തിലെ 81 –ാം നമ്പർ അങ്കണവാടിയിൽ വർക്കറായി നിയമിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മൈനാഗപ്പള്ളി പഞ്ചായത്തിലെ 58 –ാം നമ്പർ അങ്കണവാടിയിൽ ഹെൽപ്പറായി പ്രവർത്തിക്കുകയായിരുന്നു പരാതിക്കാരി. വർക്കർ തസ്തികയിലേക്ക് ഇന്ദിര. എസിനെ പരിഗണിച്ചത് പ്രായകൂടുതൽ പരിഗണിച്ചാണെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ തനിക്ക് 14 വർഷവും 5 മാസവും 23 ദിവസവും സർവ്വീസ് ഉണ്ടായിരുന്നിട്ടും 10 വർഷവും 6 മാസവും 18 ദിവസവും മാത്രം സർവ്വീസ് ഉണ്ടായിരുന്ന എതിർകക്ഷിയെയാണ് നിയമിച്ചതെന്നും ഇത് അനധികൃതമാണെന്നും പരാതിക്കാരി അറിയിച്ചു.
കൊല്ലം ജില്ലാ പ്രോഗ്രാം ഓഫീസർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ എതിർകക്ഷിയെ രക്ഷിക്കാൻ വ്യഗ്രതപ്പെടുന്നതായി കമ്മീഷൻ വിലയിരുത്തി. പ്രസ്തുത റിപ്പോർട്ടിൽ പരാതിക്കാരിയുടെ അയോഗ്യത എന്താണെന്നും നിയമനം നിഷേധിക്കാൻ കാരണമെന്താണെന്നും വ്യക്തമാക്കുന്നില്ല. കാലാകാലങ്ങളിൽ ഇറങ്ങുന്ന സർക്കാർ ഉത്തരവുകളും കോടതി വിധികളും മതിയായ ജാഗ്രതയോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് തൽസ്ഥിതി ഉറപ്പുവരുത്തുന്നില്ലെന്നും ഇത് ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണെന്നും കമ്മീഷൻ ചൂണ്ടികാണിച്ചു.
|
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് : ഡ്രൈവറെ തട്ടികൊണ്ടുപോയ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതായി ജില്ലാ പോലീസ് മേധാവി. HRMP. 8018/2022 (Date : 29/06/2024)
കണ്ണൂർ : ഒൻപതു വർഷങ്ങൾക്കു മുൻപ് വേങ്ങാട് മമ്പറം പറമ്പായി സ്വദേശി ബസ് ഡ്രൈവർ നിഷാന്തിനെ അജ്ഞാത സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടികൊണ്ടുപോയതുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.സി.ഐ.ഡിക്ക് കൈമാറിയതായി കണ്ണൂർ ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.
കേസിന് തുമ്പുണ്ടാക്കാൻ കഴിഞ്ഞില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യമറിയിച്ചത്. കൂത്തുപറമ്പ് പോലീസ് ക്രൈം 1349/2012 നമ്പറായി കേസെടുത്തെന്നും പ്രസ്തുത കേസ് സി.ബി.സി.ഐ.ഡി ക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്.
പാതിരിയോട് സ്വദേശി കണിയാങ്കണ്ടി ഉപശ്ലോകൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
രാത്രി കാലങ്ങളിൽ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീർഘദൂര ബസുകൾ നിർത്താനാവില്ലെന്ന് കെ എസ് ആർ റ്റി സി മനുഷ്യാവകാശ കമ്മീഷനിൽ. HRMP No : 2487/23 (Date : 28-06-2024)
പാലക്കാട് : രാത്രി 8 മുതൽ രാവിലെ 6 വരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ദീർഘദൂര മൾട്ടി ആക്സിൽ എ.സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെ.എസ്.ആർ.റ്റി.സി മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇത് ദീർഘ ദൂര യാത്രക്കാർക്ക് അസൗകര്യമാണെന്നും നിരവധി പരാതികൾ ഉയർന്നു വന്നിട്ടുള്ളതാണെന്നും തുടർന്നും ഇത്തരം സർവ്വീസുകൾ നിർദ്ദിഷട സ്ഥലങ്ങളിലല്ലാതെ നിർത്തുന്നതല്ലെന്നും കെ.എസ്.ആർ.ടി.സി കമ്മീഷനെ അറിയിച്ചു.
പാലക്കാട് – വാളയാർ റൂട്ടിൽ പതിനാലാംകല്ലിൽ ബസുകൾ നിർത്താറില്ലെന്ന് പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
വാളയാർ - പാലക്കാട് റൂട്ടിൽ രാത്രികാലങ്ങളിൽ ഓർഡിനറി ബസ് സർവ്വീസുകൾ ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
കെ.എസ്.ആർ.റ്റി.സി പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
പാലക്കാട് – വാളയാർ റൂട്ടിൽ രാത്രികാലത്ത് ബസ് സർവ്വീസുകൾ കുറവായ സാഹചര്യത്തിലാണ് നടപടി.
പാലക്കാട് സ്വദേശി മണികണ്ഠൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെ സേവന വേതന അപാകതകൾ ഉടൻ പരിഹരിക്കണം ; മനുഷ്യാവകാശ കമ്മീഷൻ. (Date : 28/06/2024)
മലപ്പുറം : മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥയിലുള്ള അപാകതകളും അസന്തുലിതാവസ്ഥയും പരിഹരിച്ച് അവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
റവന്യൂ (ദേവസ്വം) ഗവ. സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടികൾ 3 മാസത്തിനകം റവന്യൂ (ദേവസ്വം) സെക്രട്ടറി കമ്മീഷനെ അറിയിക്കണം.
മലബാർ ദേവസ്വം കമ്മീഷണർ കമ്മീഷനിൽ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് പ്രകാരമുള്ള ആനുകൂല്യങ്ങൾ പരാതിക്കാരനും സമാനമായ ക്ഷേത്രങ്ങളിൽ ജോലിചെയ്യുന്ന മറ്റ് ജീവനക്കാർക്കും ലഭിക്കുന്നില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ പ്രകടമായ വിവേചനമുള്ളതായും കമ്മീഷൻ നിരീക്ഷിച്ചു. അവധിയില്ലാതെ ജോലി ചെയ്യേണ്ട സാഹചര്യവും അവധിയെടുക്കുമ്പോൾ പകരം വയ്ക്കുന്നയാൾക്ക് ജീവനക്കാരൻ തന്നെ വേതനം നൽകേണ്ട സാഹചര്യവും തികച്ചും മനുഷ്യാവകാശ ലംഘനമാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള 90% ക്ഷേത്രങ്ങളിലും തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിലെ ജീവനക്കാർക്ക് ലഭിക്കുന്ന അവകാശങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതിക്കാരനായ തൃക്കലങ്കോട് സ്വദേശി കെ.പി. കേശവൻ നമ്പീശൻ കമ്മീഷനെ അറിയിച്ചു. കാഷ്വൽ അവധിയും ലീവ് സറണ്ടറും ലഭിക്കുന്നില്ല. മാസശമ്പളവും കൃത്യമായി ലഭിക്കാറില്ലെന്നും പരാതിയിൽ പറയുന്നു.
മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. ബോർഡിന് കീഴിൽ 7 ജില്ലകളിലായി 1400 ൽ അധികം ക്ഷേത്രങ്ങളുണ്ടെന്ന് മലബാർ ദേവസ്വം കമ്മീഷണർ കമ്മീഷനെ അറിയിച്ചു. ക്ഷേത്രങ്ങൾ സ്വതന്ത്ര യൂണിറ്റുകളായാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ കാലാകാലങ്ങളിൽ അനുവദിക്കുന്ന ഗ്രാന്റ് ഉപയോഗിച്ചാണ് ബോർഡ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
|
അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ് ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. (Date : 28/06/2024)
എറണാകുളം : അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ.
സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി 9 മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് മനസ്സിലാക്കുന്നത്. പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ പോലുമായില്ല. പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കാൻ അണിയറ പ്രവർത്തകർ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദ്ദേശിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസമാണ് ചിത്രീകരണം നടക്കുന്നത്. പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമാണ് അങ്കമാലി താലൂക്ക് ആശുപത്രി. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സർക്കാർ ആശുപത്രി സിനിമയിൽ ചിത്രീകരിച്ചതെന്ന് മനസിലാക്കുന്നു.
|
സ്വകാര്യ വ്യക്തികൾക്ക് അവകാശപ്പെട്ട കിണർ റിസോർട്ടുടമ നീന്തൽ കുളമാക്കാൻ ശ്രമിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷനിൽ. (Date : 27/06/2024)
വയനാട് : സ്വകാര്യ വ്യക്തികൾക്ക് ആധാര പ്രകാരം അവകാശപ്പെട്ട കിണർ നിയമ വിരുദ്ധമായി റിസോർട്ടിന്റെ സ്വിമ്മിംഗ് പൂളാക്കി മാറ്റിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
വൈത്തിരി ഗ്രാമപഞ്ചായത്ത് നടത്തിയ അന്വേഷണത്തിൽ പൊതു ആവശ്യത്തിന് നിലനിർത്തിയ കിണർ തരംമാറ്റി നീന്തൽ കുളമാക്കി മാറ്റിയെന്ന് കണ്ടെത്തിയതായി പരാതിക്കാർ കമ്മീഷനെ അറിയിച്ചു. പ്രവാസി വ്യവസായി കോഴിക്കോട് കുന്ദമംഗലം സ്വദേശി ആർ. കെ. റഫീഖിനെതിരെയാണ് പരാതി. കുളത്തിൽ നിന്നും വെള്ളമെടുക്കുന്നത് എതിർകക്ഷി തടസപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. മാവേലിക്കര സ്വദേശി ഡോളി മാത്യൂസാണ് പരാതിക്കാർക്കും പ്രവാസി വ്യവസയിക്കും കിണറടങ്ങിയ ഭൂമി വിറ്റ് വഞ്ചന നടത്തിയതെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരുടെ ആധാരത്തിൽ കിണറിന്റെ അവകാശം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രവാസി വ്യവസായി കിണർ സ്വന്തമാക്കുകയാണെന്നാണ് പരാതി. കൽപ്പറ്റ ഡി.വൈ.എസ്.പി യുടെ നിർദ്ദേശാനുസരണം നീന്തൽകുളത്തിന്റെ തുടർനിർമ്മാണം വൈത്തിരി പോലീസ് തടഞ്ഞതായി പരാതിയിൽ പറയുന്നു. വൈത്തിരി ചാരിറ്റി മേഖലയിലാണ് സംഭവം.
കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശി സിസിലിയാമ്മ സഖറിയാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ഒറ്റപ്പാലം അമ്പലപ്പാറ ക്വാറിയിൽ മിന്നൽ പരിശോധന നടത്തണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 1979/23 (Date : 27/06/2024)
പാലക്കാട് : ഒറ്റപ്പാലം അമ്പലപ്പാറയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ ഇടയ്ക്കിടെ മിന്നൽ പരിശോധന നടത്തി അനുവദനീയമായ തോതിലാണ് ഖനനം നടക്കുന്നതെന്നും മലിനീകരണം നിയന്ത്രിത അളവിലാണെന്നും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
നിർദ്ദേശം ലംഘിക്കുന്ന പക്ഷം ക്വാറിക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് പാലക്കാട് ജില്ലാ ജിയോളജിസ്റ്റിന് നിർദ്ദേശം നൽകി.
തന്റെ വീടിന് സമീപമുള്ള പി.പി.കെ ഗ്രാനൈറ്റ്സ് എന്ന ക്വാറിയിൽ നിന്നുള്ള ശബ്ദ മലിനീകരണത്തിനെതിരെ പ്രദേശവാസി സമർപ്പിച്ച പരാതിയിലാണ് നടപടി.
പാലക്കാട് ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ക്വാറിയിൽ നിന്നും കരിങ്കൽ ഖനനം നടത്താൻ 2015 ലെ ചട്ട പ്രകാരം 12 വർഷത്തേക്ക് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിൽ നിന്നും ലൈസൻസ് ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്വാറിക്ക് സമീപമുള്ള വീടുകൾക്ക് ചട്ടപ്രകാരമുള്ള ദൂരപരിധിയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ക്വാറിയിൽ നിന്നും ശബ്ദമലിനീകരണം ഉണ്ടായിട്ടില്ല. കുറഞ്ഞ അളവിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കണമെന്നും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാത്രം ഖനന പ്രവർത്തനങ്ങൾ നടത്തണമെന്നും ക്വാറി ഉടമയ്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ക്വാറിയിൽ മിന്നൽ പരിശോധന നടത്തി. അളവിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ ഈ ക്വാറിയിൽ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ എറണാകുളം ഡെപ്യൂട്ടി ചീഫ് കൺട്രോളർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പരാതിക്കാരന്റെ വീടിന്റെ ചുമരിൽ വിള്ളലുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് കെട്ടിടത്തിന്റെ കാലപഴക്കം കാരണം സംഭവിച്ചതാണോ എന്ന് പരിശോധിക്കണം. എന്നാൽ ഭയരഹിതമായി ജീവിക്കാനുള്ള സാചര്യമുണ്ടാകണമെന്ന് പരാതിക്കാരൻ അഭ്യർത്ഥിച്ചു. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി ജി. എസ്. രഞ്ജിത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
സർക്കാർ ആശുപത്രിയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് ഡോക്ടറുടെ സ്വകാര്യ ചികിത്സ ; ഗുരുതര പിഴവെന്ന് കണ്ടെത്തി മനുഷ്യാവകാശ കമ്മീഷൻ. HRMP No : 1506/23 (Date : 27/06/2024)
എറണാകുളം : അങ്കമാലി താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾ പണ സമ്പാദന മാർഗ്ഗമായി കണ്ട് പ്രസവ ചികിത്സക്കെത്തിയ യുവതിയെ മാനസികവും ശാരീരികവും സാമ്പത്തികവുമായി ബുദ്ധിമുട്ടിച്ച ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇതിനു മുമ്പ് ഗൈനക്കോളജിസ്റ്റായ ഡോക്ടറെ നേരിൽ കേൾക്കാനും കമ്മീഷൻ തീരുമാനിച്ചു. ജൂലൈ 5 ന് ആലുവ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഡോ. നീക്കോ ഇനീസ് നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു. ഡോക്ടർക്കെതിരെ ഗുരുതര പരാമർശങ്ങളടങ്ങിയ റിപ്പോർട്ട് കമ്മീഷന് സമർപ്പിച്ച ആരോഗ്യവകുപ്പ്, ഡോക്ടർക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പരാമർശിക്കാത്തത് ആശ്ചര്യപ്പെടുത്തുന്നതായും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
അമലാപുരം അയ്യമ്പുഴ സ്വദേശിനി 2022 നവംബർ 8 നാണ് അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ പ്രസവം നടക്കുന്നതുവരെ ഡോ. നീക്കോയുടെ സ്വകാര്യ ക്ലിനിക്കിലായിരുന്നു ചികിത്സ. പ്രസവത്തിന് ശേഷം മുറിവിൽ അസഹനീയമായ വേദനയും പഴുപ്പും അനുഭവപ്പെട്ടു. കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ നടത്തിയ ചികിത്സക്ക് ശേഷമാണ് മുറിവുണങ്ങിയത്.
എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. അന്വേഷണത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് ഡോ. നീക്കോയുടെ സർക്കാരുമായുള്ള കരാർ റദ്ദാക്കാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
2021 മുതൽ പരാതിക്കാരി ഡോ. നീക്കോയുടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. മാസം 5000 രൂപയിൽ കൂടുതൽ ചിലവ് വരുന്ന ചികിത്സയാണ് നടത്തിയത്. യൂറോപ്യൻ രീതിയിലുള്ള ചികിത്സയാണ് നടത്തുന്നതെന്നാണ് പരാതിക്കാരിയെ ധരിപ്പിച്ചത്. പ്രസവ ദിവസം വരെ ഡോക്ടർ വയർ പരിശോധിക്കുകയോ ഉള്ള് പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്ന് സർക്കാർ കണ്ടെത്തി. പ്രസവത്തിനായി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തലേന്ന് ഡോക്ടറുടെ ഡ്രൈവർ ഉണ്ണിയെ 6000 രൂപ ഏൽപ്പിച്ചു. സർക്കാർ ആശുപത്രിയിലെ ചികിത്സക്ക് 50,000 രൂപയായത് ന്യായീകരിക്കാനാവില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. രണ്ടാഴ്ചയിലൊരിക്കൽ സ്കാനിംഗിന് വിധേയയാക്കി. മുറിവ് പഴുത്തപ്പോൾ ഫലപ്രദമായ ചികിത്സ നൽകിയില്ല. ഡോ. നീക്കോ ഇൻഫെക്ഷൻ നിയന്ത്രണ പരിശീലനം നേടിയിട്ടില്ല. മുറിവ് പഴുത്ത ശേഷം 32 ദിവസത്തോളം വിദഗ്ദ്ധ ചികിത്സ നൽകിയില്ല. ആശുപത്രിയിലെ മറ്റ് മുതിർന്ന ഡോക്ടർമാരുടെ ഉപദേശം ഡോക്ടർ നീക്കോ വാങ്ങിയിട്ടില്ല.
തന്നോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്നും വ്യത്തിഹീനമായ സാഹചര്യത്തിലാണ് ചികിത്സ നടത്തിയതെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
|
കൊല്ലം മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന് (27/06/2024)
കൊല്ലം : സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഇന്ന് (27/06/24) രാവിലെ 10.30 ന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
ഇല്ലാത്ത തസ്തികയിൽ നിയമിച്ച അദ്ധ്യാപികക്ക് മാനേജ്മെന്റിൽ നിന്നും ശമ്പളം വാങ്ങി നൽകണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 325/24 (Date : 26/06/2024)
കൊല്ലം : കേരള വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരം നിയമനം നടത്താൻ പാടില്ലാത്ത ഒരു തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ യു.പി. സ്കൂൾ അദ്ധ്യാപികയായി നിയമിച്ചയാൾക്ക് നിയമപ്രകാരം ലഭിക്കേണ്ട 129 ദിവസത്തെ വേതനം പത്തനാപുരം സെന്റ് സ്റ്റീഫൻസ് മാനേജ്മെന്റിൽ നിന്നും ഈടാക്കി ഒരു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. തുക നൽകിയ വിവരം പൊതു വിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനെ രേഖാമൂലം അറിയിക്കണം. നിലമേൽ ബംഗ്ലാംകുന്ന് ജി.എസ്. ശ്രീലേഖക്ക് ശമ്പളം നൽകാനാണ് ഉത്തരവ്.
2019 ജൂലൈ 17 മുതൽ 2020 ഫെബ്രുവരി 6 വരെയുള്ള ശമ്പളമാണ് നൽകാനുള്ളത്. പുനലൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്. എസ്.എസിൽ യു.പി.എസ്.ടി യായി ജേക്കബ് ജോൺ എന്ന അദ്ധ്യാപകന്റെ ശൂന്യവേതനാവധിയിൽ സ്കൂൾ മാനേജരാണ് പരാതിക്കാരിയെ നിയമിച്ചത്. എന്നാൽ ഒരു വർഷത്തിലധികമുള്ള എല്ലാ ഹ്രസ്വകാല ഒഴിവുകളിലും അദ്ധ്യാപക ബാങ്കിൽ നിന്നുള്ള സംരക്ഷിതാദ്ധ്യാപകരെ നിയമിക്കണമെന്നാണ് ചട്ടം. അതിനാൽ പരാതിക്കാരിയുടെ നിയമനാംഗീകാരം സർക്കാർ നിരസിച്ചു.
എന്നാൽ ചട്ട പ്രകാരമുള്ള വ്യവസ്ഥ മാനേജർക്ക് അറിയാമായിരുന്നിട്ടും തന്നെ ഏഴു വർഷം മുമ്പ് അവധിയെടുത്ത അദ്ധ്യാപകന്റെ തസ്തികയിൽ നിയമിച്ചത് മനപൂർവമാണെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
2019 ജൂലൈ 29 ന് പുനലൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ തന്റെ നിയമനം നിരസിച്ച വിവരം അദ്ധ്യാപക നിയമന പോർട്ടലായ സമന്വയയിൽ രേഖപ്പെടുത്തിയിരുന്നുവെന്നും എന്നാൽ പ്രസ്തുത വിവരം പരാതിക്കാരിയെ മാനേജർ അറിയിച്ചില്ലെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു. തനിക്ക് സ്ഥിര നിയമനം വാഗ്ദാനം ചെയ്ത് സ്കൂൾ മാനേജ്മെന്റ് രണ്ടു വർഷത്തോളം ചതിച്ചെന്നും തനിക്ക് അർഹതയുള്ള 129 ദിവസത്തെ വേതനം സ്കൂൾ മാനേജ്മെന്റിൽ നിന്നും ഈടാക്കി തരണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
1948 ഡിസംബർ 10 ന് ഐക്യരാഷ്ട്ര സഭ നടത്തിയ സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിലെ അനുച്ഛേദം 23.3 ൽ പറയുന്ന വ്യവസ്ഥയുടെ ലംഘനമാണ് സംഭവിച്ചിരിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്.എസ് മാനേജ്മെന്റിന്റെ നടപടിയിൽ കമ്മീഷൻ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി. മേലിൽ ഇത്തരം ഒരു വീഴ്ച മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ആവർത്തിക്കാതിരിക്കാൻ തക്ക മാതൃകാപരമായ ശിക്ഷാനടപടി പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
|
സ്ലാബിടാത്ത ഓടയിൽ വീണ് മരണം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 26/06/2024)
കണ്ണൂർ : തലശ്ശേരി കണ്ണച്ചിറ- പുതിയ റോഡിൽ പെട്രോൾ പമ്പിന് സമീപമുള്ള സ്ലാബിടാത്ത ഓവുചാലിൽ വീണ് കോടിയേരി സ്വദേശി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു. മുമ്പ് രണ്ടു പേർ വീണ് പരിക്കേറ്റിട്ടും സ്ലാബിടാത്ത ഓവുചാലിൽ വീണാണ് തിങ്കളാഴ്ച ഒരാൾ മരിച്ചത്.
തലശ്ശേരി മുൻസിപ്പാലിറ്റി സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറും ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ജൂലൈ 19 ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കോടിയേരി സ്വദേശി രഞ്ജിത് കുമാറാണ് ബസ് കാത്തു നിൽക്കുന്നതിനിടയിൽ ഓവുചാലിൽ വീണത്. ഇവിടെ ബസ് കാത്തു നിൽക്കാൻ റോഡരികിൽ സൗകര്യം കുറവാണ്. അപകടം നടന്നതിന്റെ എതിർവശത്തുള്ള ഓവുചാലിലും സ്ലാബില്ല. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിയാളുകളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. ഓവുചാലിന് സ്ലാബില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നതായി നഗരസഭാ കൗൺസിലിലും വിമർശനം ഉയർത്തിയിരുന്നു.
ഓവുചാലിന് മുകളിൽ സ്ലാബിടുന്നത് പ്രായോഗികമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് പറഞ്ഞതായി മനസ്സിലാക്കുന്നു. സ്ലാബില്ലാത്ത വിവരം നഗരസഭ പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിരുന്നതായും വാർത്തകളിലുണ്ട്. 2022 ലാണ് റോഡ് നവീകരണം പൂർത്തിയായത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
കിടപ്പു രോഗിക്ക് ആധാർ നിരസിച്ചു ; മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. (Date : 26/06/2024)
മലപ്പുറം : കിടപ്പുരോഗിയായ മകൾക്ക് ആധാർ നിഷേധിച്ചുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ കളക്ടർക്ക് നോട്ടീസയച്ചു.
ചേലേമ്പ്ര സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് മലപ്പുറം ജില്ലാ കളക്ടർക്ക് നോട്ടീസയച്ചത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. തിരൂർ റസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.
ജന്മനാ മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കിടപ്പുരോഗിയായ മകൾക്ക് വേണ്ടിയാണ് പരാതി സമർപ്പിച്ചത്. അക്ഷയ കേന്ദ്രത്തിലോ ക്യാമ്പുകളിലോ പോയി ആധാർ എടുക്കാനാവാത്ത സാഹചര്യമാണുള്ളത്. ചേലേമ്പ്രയിലെ ഇടിമൂഴിക്കലിലുള്ള അക്ഷയ കേന്ദ്രത്തിൽ നിന്നും പരാതിക്കാരിയുടെ വീട്ടിലെത്തി ആധാർ എടുത്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ ആധാർ നിരസിക്കപ്പെട്ടു. മകളുടെ ഇടതു കൈയുടെ മൂന്ന് വിരലുകൾ മടങ്ങിയ സ്ഥിതിയിലാണ്. കണ്ണുകൾക്കും പ്രശ്നമുണ്ട്. മലപ്പുറം അക്ഷയ കേന്ദ്രത്തിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ആധാർ ഇല്ലാത്തതിനാൽ റേഷൻ കാർഡിൽ നിന്നും മകളുടെ പേര് നീക്കം ചെയ്തു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ആധാർ കാർഡ് ലഭിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
|
പോലീസിന്റെ സഹായത്തോടെ സ്ഥലം അളന്ന് തിരിക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 25/06/2024)
കൊല്ലം: അയൽവാസിയുടെ എതിർപ്പ് കാരണം സ്ഥലം അളന്ന് തിരിക്കാൻ തിരിക്കാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് നൽകി അത്യാവശ്യമെങ്കിൽ പോലീസ് സഹായത്തോടെ ഭൂമി അളന്ന് തിരിച്ച് വിവരം ഒരു മാസത്തിനകം രേഖാമൂലം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കൈതപൊടി സ്വദേശി തോമസ് സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് അംഗം വി.കെ. ബീനാ കുമാരിയുടെ ഉത്തരവ്.
പരാതി തീർപ്പാക്കിയതായി കൊല്ലം താലൂക്ക് തഹസിൽദാർ കമ്മീഷനെ അറിയിച്ചു. എന്നാൽ സ്ഥലം അളക്കാൻ ശ്രമിച്ചപ്പോൾ എതിർ കക്ഷിയായ ഗ്രേസികുട്ടിയും മകനും എതിർത്തെന്നും തുടർന്ന് സ്ഥലം അളക്കാതെ സർവേയർ മടങ്ങിയെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. എതിർകക്ഷിയുടെ ശല്യം കാരണമാണ് വസ്തു അളന്ന് തിരിക്കാൻ തീരുമാനിച്ചതെന്നും പരാതിക്കാരൻ അറിയിച്ചു.
|
കൈയ്യബദ്ധം: പ്ലസ് വൺ പ്രവേശനം തുലാസിൽ : ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. (Date : 25/06/2024)
കണ്ണൂർ: തളിപറമ്പ മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ മെറിറ്റ് ക്വാട്ടയിൽ താത്കാലികമായി ഒഴിവുള്ള ഒരു സീറ്റിൽ, കടമ്പേരി സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിൽ നിലവിലുള്ള കേസിൽ അന്തിമ ഉത്തരവുണ്ടാകുന്നതുവരെ മറ്റാർക്കും പ്രവേശനം നൽകരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഹയർസെക്കന്ററി വിഭാഗം ഡയറക്ടർ, ഐ. ടി. സി. സെൽ കോ-ഓർഡിനേറ്റർ,സ്കൂൾ മാനേജർ, പ്രിൻസിപ്പൽ എന്നിവർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. കടമ്പേരി സ്വദേശിനി മീരാ നാഗേഷ് മകൾക്ക് വേണ്ടി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ 8 മുതൽ 10വരെ പഠിച്ച വിദ്യാർത്ഥിനിക്ക് എസ്. എസ്. എൻ.സിക്ക് 9 എ.പ്ലസ് ഉണ്ടായിരുന്നു. കൊട്ടിലയിൽ സ്കൂളിൽ കുട്ടിക്ക് പ്രവേശനവും ലഭിച്ചു. നേരത്തെ പഠിച്ച മൂത്തേടത്ത് സ്കൂളിൽ പഠിക്കാനുള്ള ആഗ്രഹം കാരണം അവിടെ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനത്തിന് അപേക്ഷ നൽകി. തുടർന്ന് കൊട്ടിലയിൽ നിന്നും ടി.സി. വാങ്ങി മൂത്തേടത്ത് സ്കൂളിൽ ചേർന്നു. എന്നാൽ കൈയബദ്ധം കാരണം മെറിറ്റിൽ പ്രവേശനം നേടിയ മറ്റൊരു കുട്ടിയുടെ പേരിൽ മാനേജ്മെന്റ് എന്ന് പ്രവേശന പോർട്ടലിൽ അപ്ലോഡ് ചെയ്തു. അതോടെ കടമ്പേരി സ്വദേശിനിയുടെ പേര് മാനേജ്മെന്റ് സീറ്റിൽ അപ്ലോഡ് ചെയ്യാൻ കഴിയാതെ വന്നു. അബദ്ധം സംഭവിച്ച കുട്ടിയുടെ പേരിൽ മെറിറ്റ് പ്രവേശനം എന്ന് തിരുത്താൻ സാധിച്ചാൽ ഈ പ്രവേശനത്തിന് സർക്കാർ അംഗീകാരം ലഭിക്കും. ഇത് ഹയർ സെക്കന്ററി വകുപ്പാണ് ചെയ്യേണ്ടത്. സാങ്കേതിക പ്രശ്നം കാരണം പരാതിക്കാരിയുടെ മകളുടെ പ്രവേശനം തുലാസിലായിരിക്കുകയാണ്.
നാല് എതിർകക്ഷികളും ഒരാഴ്ചക്കകം റിപോർട്ട് സമർപ്പിക്കണം. കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
യോഗ്യതയില്ലാത്ത ഡോക്ടർമാർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും നടപടി വേണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 1282/ 22 (Date : 25/06/2024)
കോഴിക്കോട് : മതിയായ യോഗ്യതയില്ലാത്ത ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയോഗിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആരോഗ്യ വകുപ്പു സെക്രട്ടറിക്കാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
നാദാപുരത്തെ ന്യൂക്ലിയസ് ക്ളിനിക്ക് എന്ന സ്വകാര്യാശുപത്രിയിലെ ചികിത്സാപിഴവ് കാരണം തേജ് ദേവ് എന്ന കുട്ടി മരിച്ച സംഭവത്തിൽ കുറ്റകാർക്കെതിരെ നടപടിയും കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് വട്ടോളി സംസ്കൃതം ഹൈസ്കൂൾ ഹെഡ്മാസ്റ്ററും ജീവനക്കാരും വിദ്യാർത്ഥികളും സമർപ്പിച്ച പരാതിയിലാണ് നടപടി.
കോഴിക്കോട് ഡി.എം.ഒ യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സംഭവത്തിൽ നാദാപുരം പോലീസ് 98/2022 നമ്പറായി കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടെന്ന് ഡി.എം.ഒ നിയോഗിച്ച വിദഗ്ദ്ധ സമിതി കണ്ടെത്തിയിട്ടുമുണ്ട്.
വിഷയത്തിൽ പോലീസ് ചാർജ് ഷീറ്റ് ഫയൽ ചെയ്തിട്ടുണ്ട്. ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിലും കേസ് നടക്കുന്നു. ചികിത്സാ പിഴവ് ഡി.എം.ഒ സ്ഥിരീകരിച്ച കാര്യം കമ്മീഷൻ എടുത്തു പറഞ്ഞു. ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ കേസ് നടക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.
|
നഗരത്തിലെ അതിപ്രധാന റോഡുകളിൽ ജാഥകളും ആഘോഷങ്ങളും നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No : 4614/ 23 (Date : 22/06/2024)
തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ അതിപ്രധാന റോഡുകളിൽ ആഘോഷ പരിപാടികളും ജാഥകളും നടത്തുന്നത് നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ഗതാഗതക്രമീകരണങ്ങൾ ആസൂത്രണം ചെയ്യണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
വിവിധ സംഘടനകൾ പ്രധാന റോഡുകൾ കൈയ്യടക്കി നടത്തുന്ന ജാഥകളും ആഘോഷ പരിപാടികളും വാഹനയാത്രക്കാരെ വലയ്ക്കാറുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മണിക്കൂറുകളോളം റോഡിൽ കാത്തു നിൽക്കേണ്ട അവസ്ഥയിലാണ് വാഹന യാത്രക്കാർ.
2023 ജൂൺ 23 ന് അന്തർദേശീയ ഒളിമ്പിക് ദിനത്തിൽ നടന്ന കൂട്ടയോട്ടം കാരണം കവടിയാർ വെള്ളയമ്പലം റോഡിലുണ്ടായ ഗതാഗത തടസ്സത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കൂട്ടയോട്ടത്തെക്കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരൻ അറിയിച്ചു. എന്നാൽ ഗതാഗത തടസത്തെ കുറിച്ച് മുന്നറിയിപ്പുകൾ നൽകാറുണ്ടെന്നും ഇത്തരം സന്ദർഭങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാറുണ്ടെന്നും ട്രാഫിക് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കവടിയാർ സ്വദേശി അനിൽകുമാർ പണ്ടാല സമർപ്പിച്ച പരാതിയിലാണ് നടപടി. ഗതാഗത തടസം കാരണം ട്രെയിൻ കിട്ടാതാവുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു.
|
മെഡിക്കൽ കോളേജ് പത്തോളജി വിഭാഗത്തിലെ പരാധീനതകൾ പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No : 429/2024 (Date : 22/06/2024)
കോഴിക്കോട് : മലബാറിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രി എന്ന പരിഗണന നൽകി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി വിഭാഗത്തിലെ സ്റ്റാഫ് പാറ്റേണിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തി ഒഴിവുകൾ നികത്തണമെന്നും നൂതന പരശോധനാ ഉപകരണങ്ങൾ ലഭ്യമാക്കി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ.
വിഷയത്തിൽ അടിയന്തര പ്രാധാന്യം നൽകി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ പരിശോധനാഫലം ലഭിക്കുന്നതിനുള്ള കാലതാമസത്തെ കുറിച്ചുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടുകളും അനുബന്ധ രേഖകളും പരിശോധിച്ച കമ്മീഷൻ, പരിശോധനകളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന് അനുസൃതമായി ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടില്ലെന്ന് കണ്ടെത്തി. നിലവിലുള്ള തസ്തികകളിൽ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഇല്ലാത്ത അവസ്ഥയാണെന്നും ഉത്തരവിൽ നിരീക്ഷിച്ചു. പ്രതികൂല സാഹചര്യങ്ങളിലും അധികൃതർ പരമാവധി സേവനം നൽകുന്നുണ്ടെന്നും കമ്മീഷൻ വിലയിരുത്തി. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉദാസീനതയോ മനപൂർവമുള്ള കാലതാമസമോ ഉണ്ടായിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
കമ്മീഷൻ ഇടപെട്ടതോടെ അടിയന്തര സ്റ്റാഫ് മീറ്റിംഗ് നടത്തി ബയോപ്സി റിപ്പോർട്ടുകൾ വൈകുന്നതിന്റെ കാരണങ്ങൾ പരിശോധിച്ചതായി ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. 2023 ൽ സ്ഥലം മാറിപോയ അസിസ്റ്റന്റ് പ്രൊഫസർമാർക്കും ഒരു അസോസിയേറ്റ് പ്രൊഫസർക്കും പകരം ആളെ നിയമിച്ചിട്ടില്ല. ഡോക്ടർമാർ, ലാബ് ടെക്നീഷ്യൻമാർ, ജൂനിയർ ലാബ് അസിസ്റ്റന്റുമാർ, മ്യൂസിയം ക്യൂറേറ്റർ എന്നിവരുടെ ഒഴിവുകൾ നികത്താൻ അപേക്ഷ നൽകിയപ്പോൾ ഒരു ജൂനിയർ ലാബ് അസിസ്റ്റന്റിനെ മാത്രം സ്ഥിരപ്പെടുത്തി നിയമിച്ചു. 60% റിപ്പോർട്ടുകൾ ഒന്നോ പരമാവധി രണ്ടോ ആഴ്ചകൾക്കുള്ളിൽ തയ്യാറാക്കി വിവിധ വിഭാഗങ്ങളിലേക്ക് ഇ-മെയിൽ വഴി അയയ്ക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.
|
ബസിനുള്ളിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 22/06/2024)
പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയോട് ബസിൽ ഒരാൾ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും കെ.എസ്.ആർ.റ്റി.സി മാനേജിംഗ് ഡയറക്ടറും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടൂ. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. തെങ്ങമത്തെ സ്കൂളിൽ നിന്നും ബസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പെൺകുട്ടിക്ക് ദുരനുഭവമുണ്ടായത്. ബസിൽ വച്ച് തന്നെ പെൺകുട്ടി ഫോണിൽ അമ്മയെ വിളിച്ച് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അമ്മ ബസ് സ്റ്റോപ്പിലെത്തിയിരുന്നു. മകളെ അപമാനിച്ചയാളെ അമ്മ മുഖത്തടിക്കുകയും ചെയ്തു. തുടർന്നാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
|
മനുഷ്യാവകാശ കമ്മീഷൻ പത്തനംതിട്ട സിറ്റിംഗ് ഇന്ന് (21/06/2024)
പത്തനംതിട്ട : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഇന്ന് (21/06/2024) രാവിലെ 10.30 ന് പത്തനംതിട്ട ഗവ.ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
പോലീസുകാർക്കിടയിലെ ആത്മഹത്യ : അടിയന്തര ഇടപെടൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date: 20/06/2024)
കൊച്ചി : വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും കാരണം പോലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 24 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 5 പോലീസുകാർ ആത്മഹത്യ ചെയ്തെന്നാണ് പരാതി. പോലീസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സഹപ്രവർത്തകരുടെ ആത്മഹത്യ സജീവ ചർച്ചയാണെന്ന് വാർത്തകളിൽ പറയുന്നു. പോലീസ് സ്റ്റേഷന്റെ ഭരണം സി.ഐ മാർ ഏറ്റെടുത്തതോടെയാണ് പ്രശ്നം രൂക്ഷമായത്. എസ്.ഐ മാർ എസ്.എച്ച്.ഒ മാർ ആയിരുന്നപ്പോൾ പോലീസുകാരുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കിയാണ് ഡ്യൂട്ടി നിശ്ചയിച്ചിരുന്നതെന്നും പറയുന്നു. ആത്മഹത്യ ചെയ്ത പോലീസുകാർ അച്ചടക്ക നടപടിക്ക് വിധേയരായവരാണ്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് അച്ചടക്ക നടപടികളെടുക്കുന്നതെന്നും പരാതിയുണ്ട്.
വിഴിഞ്ഞം എസ്.ഐ കുരുവിള ജോർജ് , വണ്ടൻമേട് സ്റ്റേഷൻ സി.പി.ഒ എ.ജി. രതീഷ്, കൊച്ചി ഇൻഫോ പാർക്ക് സ്റ്റേഷനിലെ മധു. തൃശൂർ പോലീസ് അക്കാദമിയിലെ എസ്.ഐ ജിമ്മി ജോർജ്, ആലപ്പുഴ സായുധ പോലീസ് ക്യാമ്പിലെ ഡ്രൈവർ സുധീഷ് എന്നിവരാണ് കഴിഞ്ഞ ആഴ്ചയിൽ ജീവനൊടുക്കിയതെന്ന് പത്രവാർത്തയിൽ പറയുന്നു.
|
ജീവന് ഭീഷണിയുള്ള റബർ മരങ്ങൾ മുറിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 5512/23 (Date: 20/06/2024)
കൊല്ലം : വീടിന്റെ മുകളിലേക്ക് അപകടാവസ്ഥയിൽ നിൽക്കുന്ന ജീവന് ഭീഷണിയായ റബർ മരങ്ങൾ മുറിച്ചു മാറ്റാൻ ഉടമകൾക്ക് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ ഗ്രാമപഞ്ചായത്ത് നേരിട്ട് അപകടഭീഷണി ഒഴിവാക്കണമെന്നും അതിന്റെ ചെലവ് റബർ മരങ്ങളുടെ ഉടമകളിൽ നിന്നും ഈടാക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇഴജന്തുക്കളുടെ ഭീഷണി ഉണ്ടാകാത്ത വിധം റബർ എസ്റ്റേറ്റിലെ അടിക്കാടുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഇടമുളയ്ക്കൽ കീഴാറ്റൂർ സ്വദേശി എം. കൃഷ്ണൻ നായരുടെ പരാതിയിലാണ് ഉത്തരവ്. വീടിന്റെ മുകളിലേക്ക് അപകടാവസ്ഥയിൽ നിൽക്കുന്ന ജീവന് ഭീഷണിയുള്ള റബർ മരങ്ങൾ മുറിച്ച് മാറ്റണമെന്നാണ് ആവശ്യം.
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പഞ്ചായത്ത് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഒരു റബർ മരവും മൂന്ന് മരങ്ങളുടെ ശിഖരങ്ങളും മുറിച്ച് മാറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന്റെ വസ്തുവിൽ കടന്ന് എതിർകക്ഷികൾ മുള്ളുവേലി സ്ഥാപിച്ചെന്ന പരാതി റവന്യൂവിന് നൽകാൻ നിർദ്ദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ റബർ എസ്റ്റേറ്റിലെ 4 വലിയ റബർ മരങ്ങൾ ചുവടു ദ്രവിച്ച് വീടിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുകയാണെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. ഇക്കാര്യം എതിർകക്ഷിയെ അറിയിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്നു. ചടയമംഗലം പോലീസിന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് പരാതിക്കാരൻ അറിയിച്ചു.
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെയും 2005 ലെ ദുരന്തനിവാരണ നിയമത്തിലെയും വകുപ്പുകൾ പ്രകാരം അപകട ഭീഷണി ഒഴിവാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
ബീച്ചിലെ ഓവുചാൽ മാലിന്യം റോഡിലേക്ക് : മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. (Date : 20/06/2024)
കോഴിക്കോട് : ബീച്ചിൽ ലയൺസ് പാർക്കിന് എതിർവശത്തുള്ള റോഡിൽ ഓവുചാലിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകി കാൽനടയാത്ര പോലും ദുസഹമാക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നഗരസഭാ സെക്രട്ടറിക്ക് നോട്ടീസയച്ചു.
കോഴിക്കോട് നഗരസഭാ സെക്രട്ടറി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കറുത്ത നിറത്തിൽ ദുർഗന്ധമുള്ള വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഓവുചാലിന്റെ സ്ലാബുകൾ പൊട്ടിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓവുചാലും റോഡും. പൊതുമരാമത്തിന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണുള്ളതെന്ന് പരാതിയിലുണ്ട്. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഒറ്റമുറിയിൽ വയോധിക ദമ്പതികൾ : മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. (Date : 20/06/2024)
കോഴിക്കോട് (കുന്ദമംഗലം) : പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഒറ്റ മുറി ഷെഡിൽ താമസിക്കുന്ന വയോധിക ദമ്പതികൾക്ക് ബന്ധുക്കൾ വിട്ടുനൽകിയ രണ്ടരസെന്റ് സ്ഥലത്ത് വീട് നിർമ്മിക്കാൻ സഹായം നൽകണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
16 വർഷമായി ഒറ്റമുറി ഷെഡിലാണ് വിജയനും ചന്ദ്രികയും താമസിക്കുന്നത്. മഴക്കാലം ഇവർക്ക് ഭയാശങ്കകളുടെ കാലമാണ്. നന്നായി കാറ്റ് വീശിയാൽ പ്ലാസ്റ്റിക് ഷീറ്റ് പറന്നു പോകും. ബന്ധുക്കളുടെ പറമ്പിലെ കുടികിടപ്പുകാരായിരുന്നു ഇവർ. വീടാണ് ഇവരുടെ സ്വപ്നം. പാചകത്തൊഴിലാളിയായിരുന്നു വിജയൻ. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ് ഇന്ന് ( 20/06/2024)
കാസർകോട് : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ. ബൈജൂനാഥ് ഇന്ന് (20/06/2024) രാവിലെ 10.30 ന് കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.
|
എസ്. എച്ച്. ഒ ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മനുഷ്യാവകാശ കമ്മീഷൻ.HRMP No : 4078/ 23 (Date : 19/06/2024)
തിരുവനന്തപുരം : വനിതാ പോലീസില്ലാതെ വെള്ളറട പോലീസ് ഇൻസ്പെക്ടറും സംഘവും സ്ത്രീയെയും മകനെയും ദേഹോപദ്രവം ഏൽപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ വെള്ളറട പോലീസ് ഇൻസ്പെക്ടർക്ക് ജാഗ്രതക്കുറവുണ്ടായതായി മനുഷ്യാവകാശ കമ്മീഷൻ.
പരാതിക്കാരിയുടെ സ്വൈര്യ ജീവിതത്തിന് എന്തെങ്കിലും തടസമുണ്ടായാൽ വെള്ളറട പോലീസിന് പരാതി നൽകണമെന്നും പരാതി ലഭിച്ചാൽ പരാതിക്കാരിക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് വെള്ളറട പോലീസ് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകി. ഉത്തരവിന്റെ പകർപ്പ് ജില്ലാ പോലീസ് മേധാവിക്ക് അയച്ചു.
വെള്ളറട തേക്കുപ്പാറയിലെ തന്റെ വീടിനോട് ചേർന്നുള്ള മതിൽ പൊളിച്ചുമാറ്റി അവിടെയുണ്ടായിരുന്ന നീർച്ചാൽ നികത്തി പുതുതായി വഴിവെട്ടാൻ പഞ്ചായത്തംഗം ലീലയും വെള്ളറട പോലീസ് ഇൻസ്പെക്ടറും ശ്രമിച്ചപ്പോൾ തടഞ്ഞതു കാരണമാണ് ഇൻസ്പെക്ടർ തന്നെയും മകനെയും ദേഹോപദ്രവം ഏൽപ്പിച്ചതെന്ന് പ്രദേശവാസിയായ ജി. ഗീത പരാതിയിൽ പറയുന്നു.
നീർച്ചാൽ നികത്തി പ്രകൃതിദത്തമായ ഒഴുക്കിനെ തടസ്സപ്പെടുത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കാക്കതൂക്കി വാർഡിലെ കീഴ്മുട്ടൂർ കുനിച്ചി മലയിൽ നിന്നും സമീപത്തെ നീർക്കാലി തോടിലേക്ക് ഒഴുകുന്ന വെള്ളച്ചാൽ നികത്തരുതെന്ന് നെയ്യാറ്റിൻകര ചെറുകിട ജലസേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ 2023 ജൂൺ 3 ന് വെള്ളറട പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുള്ളതായി കമ്മീഷൻ നിരീക്ഷിച്ചു. നീർച്ചാൽ നികത്താൻ ശ്രമം നടന്നോയെന്ന് ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മതിയായ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിക്ക് കഴിയാത്തതിനാൽ വെള്ളറട പോലീസ് ഇൻസ്പെക്ടർക്കെതിരെ കമ്മീഷൻ മറ്റ് നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.
വെള്ളറട പോലീസ് ഇൻസ്പെക്ടർ മൃദുൽ കുമാർ, എസ്. ഐ. ആന്റണി ജോസഫ് നെറ്റോ, സി.പി.ഒ പ്രദീപ് എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മീൻ കുളത്തിലെ ദുർഗന്ധം : അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. HRMP No : 3692/21 (Date : 19/06/2024)
കൊല്ലം : കുളത്തൂപ്പുഴ ചോഴിയക്കോടിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള മീൻകുളത്തിൽ നിന്നുള്ള മലിനജലം ഒഴുകിയിറങ്ങി പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമായ പശ്ചാത്തലത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അടിയന്തരമായി പരിശോധന നടത്തി കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. തുടർ നടപടികൾ രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ചോഴിയക്കോട് സുമാ മന്ദിരത്തിൽ പ്രസന്ന കുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി.
കുളം നികത്തുകയോ ഉപയോഗ പ്രദമാക്കുകയോ ചെയ്യണമെന്ന് ഉടമസ്ഥർക്ക് നിർദ്ദേശം നൽകിയെങ്കിലും അനുസരിക്കാത്ത സാഹചര്യത്തിൽ നിയമാനുസൃതം നടപടിയെടുക്കുമെന്ന് കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കുളത്തിലെ ദുർഗന്ധം കാരണം വീടിന്റെ ജനാല തുറന്നിടാൻ കഴിയുന്നില്ലെന്നും പോലീസുദ്യോഗസ്ഥർ നൽകിയ നിർദ്ദേശം പോലും ഉടമസ്ഥർ അനുസരിക്കുന്നില്ലെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് മീൻകുളങ്ങൾ അടിയന്തരമായി പരിശോധിച്ച് നടപടിയെടുക്കാൻ കമ്മീഷൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.
|
ലൈഫ് മിഷൻ പദ്ധതിയിൽ ധനസഹായം നിഷേധിച്ചു ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 19/06/2024)
കോഴിക്കോട് : ലൈഫ് മിഷൻ പദ്ധതിയിൽ പണം അനുവദിച്ചിട്ടും സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് വീടിനുള്ള ധനസഹായം നിഷേധിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് പഞ്ചായത്തിന് നോട്ടീസയച്ചു.
അത്തോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നിർമ്മാണ സ്ഥലത്തിന് സമീപം പുഴയുണ്ടെന്ന് പറഞ്ഞാണ് രണ്ടു പെൺമക്കളുള്ള കുടുംബത്തിന് അധികൃതർ നീതി നിഷേധിക്കുന്നത്.
ടാർപ്പോളിൻ മറച്ച ഒറ്റമുറി വീട്ടിലാണ് ബാബുരാജും ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം 6 വർഷമായി താമസിക്കുന്നത്. ചുമരിന് പകരം വീടിന്റെ വശങ്ങൾ മറച്ചിരിക്കുന്നത് ബോർഡുകൾ ഉപയോഗിച്ചാണ്. മഴ ചെയ്താൽ ചോർന്നൊലിക്കും. ലൈഫ് പദ്ധതി പ്രകാരം വീടിന് തുക അനുവദിച്ചെങ്കിലും 82 മീറ്ററിന് അപ്പുറം പുഴയുണ്ടെന്ന കാരണം പറഞ്ഞ് നിർമ്മാണാനുമതി നിഷേധിച്ചു. എന്നാൽ അളവിൽ തെറ്റുണ്ടെന്നാണ് ബാബുരാജ് പറഞ്ഞത്. പുഴയിലേക്ക് 110 മീറ്റർ ഉണ്ടെന്നാണ് ബാബുരാജ് പറയുന്നത്. പെൺകുട്ടികളിൽ ഒരാൾ പി.ജി. ക്കും മറ്റെയാൾ ബിരുദത്തിനും പഠിക്കുന്നു. കൂലി പണിയെടുത്താണ് ബാബുരാജ് ജീവിക്കുന്നത്.
ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
കുടിവെള്ള ടാങ്കുകൾ വ്യത്തിയാക്കുന്നില്ല : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.HRMP No : 3962/24 (Date : 18/06/2024)
എറണാകുളം : പള്ളുരുത്തി മരുന്നുകട പ്രദേശത്തുള്ള ജല അതോറിറ്റിയുടെ രണ്ടു കുടിവെള്ള ടാങ്കുകൾ കഴുകി വൃത്തിയാക്കാത്തതു കാരണം സാംക്രമിക രോഗങ്ങൾ പടരാനിടയുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടു.
എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറും ജല അതോറിറ്റി കരുവേലിപ്പടി ജംഗ്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിഷയം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
ടാങ്കിന്റെ പുറം പെയിന്റ് ചെയ്തെങ്കിലും ഉൾവശം കഴുകി വൃത്തിയാക്കി ചെളി നീക്കാൻ ജല അതോറിറ്റി തയ്യാറായിട്ടില്ല. ഇവിടെയുള്ള 2 കുടിവെള്ള ടാങ്കുകളിൽ സംഭരിക്കുന്ന കുടിവെള്ളമാണ് പ്രദേശത്തെ 8 നഗരസഭാ വാർഡുകളിൽ വിതരണം ചെയ്യുന്നത്. ടാങ്ക് വൃത്തിയാക്കിയിട്ട് 3 വർഷമായി. എല്ലാ വർഷവും ടാങ്ക് വൃത്തിയാക്കണമെന്ന് കമ്മീഷൻ മുമ്പ് ഉത്തരവിട്ടിരുന്നു. കൊച്ചി നഗരസഭാ മുൻ കൗൺസിലർ തമ്പി സുബ്രഹ്മണ്യം സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : ധർമ്മടം റയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നിർമ്മിക്കുമെന്ന് റയിൽവേ. HRMP. 6002/2023 (Date : 18/06/2024)
കണ്ണൂർ : ധർമ്മടം റയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നിർമ്മാണത്തിന് അനുമതി കിട്ടിയെന്നും മുൻഗണനാടിസ്ഥാനത്തിൽ നിർമ്മാണം ആരംഭിക്കുമെന്നും ദക്ഷിണ റയിൽവേ (പാലക്കാട്) ഡിവിഷണൽ മാനേജർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ധർമ്മടം റയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ഇല്ലാത്തതു കാരണം ട്രയിനിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് റയിൽവേയുടെ വിശദീകരണം.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി . ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കാട്ടാങ്ങലിലെ കുടിവെള്ള വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ പദ്ധതി യാഥാർത്ഥ്യമാക്കണം: മനുഷ്യാവകാശ കമ്മീഷൻ.HRMP No : 2602/2024 (Date : 18/06/2024)
കോഴിക്കോട് : കാട്ടാങ്ങൽ പ്രദേശത്ത് കുടിവെള്ളം മുടങ്ങാതിരിക്കാൻ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര ജലവിതരണ പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. കുടിവെള്ളം നിഷേധിക്കുക എന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു. പരാതിയിൽ അടിയന്തര പരിഹാരം കാണാൻ ജല അതോറിറ്റി സത്വര നടപടികൾ സ്വീകരിക്കണം.
കൊടുവള്ളി ജല അതോറിറ്റിയുടെ കീഴിലുള്ള കാട്ടാങ്ങൽ പ്രദേശത്ത് മൂന്നു മാസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് നടപടി.
50 വർഷം പഴക്കമുള്ള മണ്ണിലിടം പമ്പ് ഹൗസിൽ നിന്നാണ് ചാത്തമംഗലം പഞ്ചായത്തിലേക്ക് കുടിവെള്ള വിതരണം നടത്തുന്നതെന്നും കാലപഴക്കമുള്ള എ.സി. പൈപ്പുകൾ നിരന്തരം പൊട്ടുന്നതു കാരണമാണ് ജല വിതരണം മുടങ്ങാറുള്ളതെന്നും കൊടുവള്ളി റൂറൽ വാട്ടർ സപ്ലൈ അസിസ്റ്റന്റ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. ഇവ മാറ്റി സ്ഥാപിക്കാനുള്ള പ്രൊപ്പോസൽ ഉയർന്ന ഓഫീസുകളിൽ സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏപ്രിലിൽ ചെറുപുഴയിലെ ജലനിരപ്പ് താഴ്ന്നതു കാരണം നീരൊഴുക്ക് നിലച്ച മട്ടിലാണെന്നും കാട്ടാങ്ങൽ ഭാഗത്ത് 5 മണിക്കൂർ മാത്രമാണ് ജലവിതരണം ചെയ്യാൻ കഴിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
കാട്ടാങ്ങൽ ഭാഗത്ത് ജല ദൗർലഭ്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതി 2025 ൽ കമ്മീഷൻ ചെയ്യാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതി പൂർത്തിയായാൽ ജലവിതരണം കാര്യക്ഷമമാക്കാമെന്നും റിപ്പോർട്ടിലുണ്ട്. കാട്ടാങ്ങൽ സ്വദേശി. പ്രൊഫ. വർഗീസ് മാത്യൂ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അംശാദായം അടയ്ക്കുന്ന ക്ഷീരകർഷകന് പെൻഷൻ നൽകണമെന്ന്. HRMP No : 5934/21 (Date : 14/06/2024)
കൊല്ലം : വയോധികനായ ക്ഷീരകർഷകന് 2021 ജൂലൈ മുതലുള്ള ക്ഷീരകർഷക പെൻഷൻ അനുവദിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തൊടിയൂർ ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. വേങ്ങറ സ്വദേശി പി.കെ. ജയപ്രകാശിന്റെ പരാതിയിലാണ് നടപടി.
സർക്കാരിന്റെ പുതിയ പെൻഷൻ നയത്തിന്റെ ഭാഗമായി ഒരാൾക്ക് ഒരു പെൻഷൻ മാത്രമാണ് ലഭിക്കുന്നതെന്നും നിർമ്മാണ തൊഴിലാളി പെൻഷൻ ലഭിക്കുന്ന പാരതിക്കാരന് ക്ഷീരകർഷക പെൻഷൻ നൽകാനാവില്ലെന്നും തൊടിയൂർ നോർത്ത് ക്ഷീരോൽപാദക സഹകരണസംഘം സെക്രട്ടറി കമ്മീഷനെ അറിയിച്ചു. താൻ ക്ഷീരകർഷക ബോർഡിൽ അംശാദായം അടയ്ക്കുന്ന സാഹചര്യത്തിൽ പെൻഷൻ അനുവദിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
2014 സെപ്റ്റംബർ 28 മുതൽ പരാതിക്കാരന് ക്ഷീരോൽപാദക സഹകരണസംഘത്തിൽ അംഗത്വമുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി. ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, അംഗങ്ങളുടെ ക്ഷേമത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 2021 ജൂലൈ മുതൽ പരാതിക്കാരന് അർഹമായ ക്ഷീരകർഷക പെൻഷൻ നൽകണം. ഇല്ലെങ്കിൽ പരാതിക്കാരൻ അടച്ച അംശാദായം പലിശ സഹിതം പരാതിക്കാരന് നൽകണം. ഇത് ഒഴിവാക്കേണ്ടത് ബോർഡിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്. നിർമ്മാണ തൊഴിലാളി പെൻഷൻ തുക തിരികെ പിടിക്കാൻ സർക്കാരിനോട് ക്ഷീരകർഷക ക്ഷേമനിധിക്ക് ആവശ്യപ്പെടാവുന്നതാണ്. ക്ഷീരകർഷക ക്ഷേമനിധിയിൽ നിന്ന് പെൻഷൻ തിരഞ്ഞെടുക്കാൻ അംശാദായം അടയ്ക്കുന്ന അംഗമെന്ന നിലയിൽ പരാതിക്കാരന് അവകാശമുണ്ടെന്നും ഉത്തരവിൽ പറയുന്നു.
|
തടവുകാരനെ ജയിൽ മാറ്റുന്നത് പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP. 1578/2024, 1579/2024 (Date : 14/06/2024)
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുന്ന തടവുകാരനെ തവനൂർ ജയിലിലേക്കോ തൃശ്ശൂർ സെൻട്രൽ ജയിലിലേക്കോ മാറ്റി പാർപ്പിക്കണമെന്ന ആവശ്യം പരിശോധിച്ച് ന്യായമാണെങ്കിൽ തുടർ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജയിൽ ഡി.ജി.പി ക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. ആർ.പി. നമ്പർ 279/23 തടവുകാരനായ സജീറിന്റെപരാതിയിലാണ് നടപടി.
കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പോലീസ് കസ്റ്റഡിയിൽ പോയി തിരികെ ജയിലിൽ പ്രവേശിക്കുന്ന സമയത്ത് പരാതിക്കാരൻ ലഹരി വസ്തുക്കൾ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ശിക്ഷാ നടപടിയായി കണ്ണൂർ ജില്ലാ ജയിലിലേക്ക് മാറ്റി. ജില്ലാ ജയിലിലും ജയിൽ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാൽ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പരാതിക്കാരൻ നിരന്തരം അച്ചടക്കം ലംഘിക്കുന്നതും ജീവനക്കാരുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുന്നതും പതിവാണ്. പരാതിക്കാരനെ മർദ്ദിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. വധശിക്ഷക്ക് വിധിക്കുന്നവരെ പാർപ്പിക്കുന്ന ജയിലിൽ പരാതിക്കാരനെ പാർപ്പിച്ചിട്ടില്ല. ഏതു വിധേനയും ലഹരി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാതിക്കാരൻ കഴിയുന്നത്. 2023 ഫെബ്രുവരി 6 ന് ഗുണ്ടാ തടവുകാരുമായി ചേർന്ന് സെല്ലിൽ ബഹളമുണ്ടാക്കിയ പരാതിക്കാരൻ ജീവനക്കാരെ തെറിവിളിച്ചു. ജീവനക്കാരൻ ഗൂഗിൾ പേ വഴി പണം വാങ്ങി ജയിൽ വിരുദ്ധ സാധനങ്ങൾ തടവുകാരന് കൈമാറി എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. 139 സി.സി.റ്റി.വി ക്യാമറകൾ ജയിലിലുണ്ട്. ജയിൽ ജീവനക്കാരെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ പരിശോധിച്ച ശേഷമാണ് ജയിലിൽ ജോലിക്ക് പ്രവേശിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
മേയ് 24 ന് കണ്ണൂരിൽ നടന്ന സിറ്റിംഗിൽ പരാതിക്കാരനെ ജയിൽ അധികൃതർ ഹാജരാക്കി. താൻ 10 മാസമായി കണ്ണൂർ ജയിലിൽ കഴിയുകയാണെന്നും തന്റെ ഭാര്യ പ്രസവിച്ചിട്ട് 10 മാസം കഴിഞ്ഞെന്നും ഒരു മാസത്തിന് മുമ്പ് ഉമ്മ ശസ്ത്രക്രിയക്ക് വിധേയയായെന്നും അറിയിച്ചു. വീട്ടുകാരെ കാണുന്നതിനും കേസിന്റെ കാര്യത്തിനും തന്നെ തവനൂർ ജയിലിലേക്കോ തൃശ്ശൂർ സെൻട്രൽ ജയിലിലേക്കോ മാറ്റണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
|
മാനന്തവാടി എസ്.ആർ.റ്റി.ഒ ഓഫീസിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ അപാകതയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 5387/21 (Date : 14/06/2024)
കൽപ്പറ്റ : മാനന്തവാടി എസ്.ആർ.ടി.ഒ ഓഫീസിൽ 2021 ഫെബ്രുവരി 26 ന് നടന്ന വിജിലൻസ് മിന്നൽ പരിശോധനയിൽ ഏജന്റിൽ നിന്നും 23,900 രൂപ പിടിച്ചെടുത്ത സംഭവത്തിൽ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് അപാകതയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ അന്വേഷണ വിഭാഗം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നിയമാനുസരണമാരുന്നുവെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് നിരീക്ഷിച്ചത്. തന്റെ കൈയിൽ നിന്നും 23,900 രൂപയും പത്തോളം വാഹനങ്ങളുടെ രേഖകളും വിജിലൻസ് പിടിച്ചെടുത്തെന്ന ഏജന്റിന്റെ പരാതിയിലാണ് നടപടി.
മാനന്തവാടി എസ് ആർ.റ്റി.ഒ ഓഫീസിൽ ഓൺലൈൻ വഴിയാണ് സേവനങ്ങൾ നൽകുന്നതെങ്കിലും ഏജന്റുമാർ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി കമ്മീഷൻ അന്വേഷണ വിഭാഗം കണ്ടെത്തി. ഇത്തരം ഏജന്റുമാരെ അപേക്ഷകരുടെ ഓതറൈസേഷൻ ഇല്ലാതെയാണ് ഓഫീസ് പരിസരത്ത് വിജിലൻസ് പരിശോധനാവേളയിൽ കണ്ടെത്തിയത്. ഏജന്റുമാരിൽ നിന്നും വിജിലൻസ് കണ്ടെത്തിയ പണം ഫീസ് ഒടുക്കുന്നതിനായി കൊണ്ടുവന്നതല്ലെന്നും ഓൺലൈനായാണ് ഫീസൊടുക്കുന്നതെന്നും കമ്മീഷൻ കണ്ടെത്തി. എസ്.ആർ.റ്റി.ഒ ഓഫീസിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾക്ക് ഏജന്റുമാർ അപേക്ഷകരിൽ നിന്നും സർവീസ് ചാർജ് എന്ന പേരിൽ പണം ഈടാക്കുന്നുണ്ടെന്നും കമ്മീഷൻ കണ്ടെത്തി.
മാനന്തവാടി ചിറക്കര മക്കിമല സ്വദേശി വിജയകുമാർ കമ്മീഷനിൽ സമർപ്പിച്ച പരാതി അവാസ്തവമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വാഹനത്തിന്റെ രേഖകൾ ശരിയാക്കുന്നതിനുള്ള തുക പരാതിക്കാരൻ വിജിലൻസ് പരിശോധനക്ക് മുമ്പ് തന്നെ അടച്ചതാണെന്നും കമ്മീഷൻ കണ്ടെത്തി. വിജിലൻസ് പരിശോധനക്ക് ശേഷം 3935 രൂപ മാത്രമാണ് പരാതിക്കാരൻ അടച്ചിട്ടുള്ളത്. എന്നാൽ തന്നിൽ നിന്നും പിടിച്ചെടുത്ത 23,900 രൂപ ഒരു വാഹനത്തിന്റെ രേഖകൾ ശരിയാക്കുന്നതിന് വേണ്ടിയുള്ളതാണെന്നാണ് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചത്. പരാതി വിഷയത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ടൈപ്പ് വൺ പ്രമേഹ ബാധിതർക്കും കുട്ടികളുടെ മാതാപിതാക്കൾക്കും വീടിനു സമീപം സ്ഥലം മാറ്റം ലഭിക്കും. (Date : 13/06/2024)
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്കും ടൈപ്പ് വൺ പ്രമേഹ ബാധിതരായ സർക്കാർ ജീവനക്കാർക്കും വീടിന് സമീപമുള്ള സർക്കാർ സ്ഥാപനങ്ങളിൽ സ്ഥലമാറ്റം നൽകാൻ സർക്കാർ ഉത്തരവായി.
മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് വിഷയത്തിൽ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.കഴക്കൂട്ടം ഗവ.ഹൈസ്കൂൾ ഗസ്റ്റ് അറബിക് അദ്ധ്യാപിക ബുഷിറ ശിഹാബിന്റെ പരാതിയിലാണ് നടപടി.
സെറിബൽ പാൾസി ഉൾപ്പെടെയുള്ള ചലന വൈകല്യം, അസാധാരണമായ പൊക്കകുറവ്, പേശീ സംബന്ധമായ അസുഖമുള്ളവർ എന്നിവരോടൊപ്പമാണ് ടൈപ്പ് വൺ പ്രമേഹ ബാധിതരായ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് മുൻഗണന നൽകിയത്. ഓട്ടിസം/സെറിബൽ പാൾസി ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾ എന്നതിനൊപ്പമാണ് ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരായ മാതാപിക്കളെയും ഉൾപ്പെടുത്തിയത്. നമ്പർ 9/2024 പി&എ.ആർ.ഡി എന്ന നമ്പറിലാണ് സർക്കാർ ഉത്തരവിറക്കിയത്. ടൈപ്പ് വൺ ഡയബറ്റീസ് ഫൗണ്ടേഷൻ കേരള എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയായ എ. ഷിഹാബിന്റെ ഭാര്യയാണ് ബുഷിറ ഷിഹാബ്.
|
തെരുവു നായ കടിച്ചയാൾക്ക് പഞ്ചായത്ത് താൽക്കാലിക ദുരിതാശ്വാസം നൽകണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 1009/2023 (Date : 13/06/2024)
വയനാട് : തെരുവു നായ കടിച്ച് ഗുരുതരമായി പരിക്കേറ്റ കർഷകന് ജസ്റ്റിസ് സിരിഗജൻ കമ്മീഷൻ നഷ്ടപരിഹാരം വിധിക്കുന്നതിന് മുമ്പ് ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും താത്കാലിക സമാശ്വാസം എന്ന നിലയിൽ ഒരു മാസത്തിനകം ധനസഹായം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് നിർദ്ദേശം നൽകിയത്. പുൽപ്പള്ളി പാക്കം സ്വദേശി കെ.ആർ. റോയി സമർപ്പിച്ച പരാതിയിലാണ് നടപടി.
മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്നും പേവിഷ പ്രതിരോധത്തിനുള്ള കുത്തിവെയ്പ്പ് എടുത്തെന്നും പ്രമേഹ ബാധിതനായതിനാൽ കാലിൽ പഴുപ്പ് ബാധിച്ചെന്നും പരാതിക്കാരൻ അറിയിച്ചു. ഇപ്പോൾ പരസഹായമില്ലാതെ നിത്യകർമ്മങ്ങൾ ചെയ്യാനാവുന്നില്ലെന്നും പരാതിയിൽ പറയുന്നു.
2022 ഡിസംബർ 13 ന് സിരിഗജൻ കമ്മിറ്റിയിൽ അപേക്ഷ നൽകി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറെയും കമ്മീഷൻ കേട്ടു. ജസ്റ്റിസ് സിരിഗജൻ കമ്മീഷൻ കൽപ്പിക്കുന്ന തീർപ്പ് അനുസരിച്ച് നടപടി സ്വീകരിക്കാമെന്നും ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും താൽക്കാലിക സമാശ്വാസം നൽകാമെന്നും പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
മാലിന്യങ്ങളും ഭക്ഷണ സാധനങ്ങളും വലിച്ചെറിയുന്നതു കാരണമാണ് തെരുവുനായകൾ ക്രമാതീതമായി വർദ്ധിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുഇടങ്ങൾ മാലിന്യ മുക്തമാക്കുന്നതിനും വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.
സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം നിയോഗിക്കപ്പെട്ട ജസ്റ്റിസ് സരിഗജൻ കമ്മീഷൻ നിലവിലുള്ള സാഹചര്യത്തിൽ പരാതി വിഷയത്തിൽ ഇടപെടൽ പരിമിതിയുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
ഉപ്പുതറയിൽ ശുചിമുറി നിർമ്മാണം പൂർത്തിയാക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 3063/ 23 (Date : 13/06/2024)
ഇടുക്കി : ഉപ്പുതറ ടൗണിൽ ശുചിമുറികളുടെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഉപ്പുതറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. ശുചിമുറികളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ശുചിമുറികൾ പരിതാപകരമായ അവസ്ഥയിലാണെന്ന് ഉപ്പുതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ജോബിൻ ജോർജ് എന്നയാൾ ശുചിമുറികളുടെ ടെണ്ടർ എടുക്കാൻ വിസമ്മതിക്കുകയാണെങ്കിൽ പുതിയ ടെണ്ടർ വിളിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കോങ്ങാട് ബസ് സ്റ്റാന്റ് നവീകരണം പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No : 1982/23 (Date : 12/06/2024)
പാലക്കാട് : കോങ്ങാട് ബസ് സ്റ്റാന്റ് നവീകരണ പദ്ധതി എത്രയും വേഗം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പാലക്കാട് – കോങ്ങാട് – ചെർപ്പുളശ്ശേരി റൂട്ടിലെ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കുന്നതിന് ആർ.ടി.എ ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടർ ഇടപെടണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്ന പ്രവൃത്തികൾ തടയണമെന്നും നിയമ ലംഘകർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
പാലക്കാട് ആർ.ടി.എ അംഗീകരിച്ചു നൽകിയ സമയക്രമം സ്വകാര്യ ബസുകൾ പാലിക്കുന്നുണ്ടോയെന്ന് നിരന്തരം പരിശോധിച്ച് വരുന്നതായി ഒറ്റപ്പാലം ജോയിന്റ് ആർ.ടി.ഒ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കടമ്പഴിപ്പുറം ബസ് സ്റ്റാന്റിൽ ബസുകൾ കയറുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചു കൂട്ടിയിരുന്നു. കോങ്ങാട് സ്റ്റാന്റിലും ബസുകളുടെ നിയന്ത്രണത്തിനായി ഹോംഗാർഡിനെ നിയമിച്ചിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. കോങ്ങാട് ബസ് സ്റ്റാന്റ് നവീകരണത്തിന് 4,00,000 രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ബസ് സ്റ്റാന്റിനുള്ളിലെ ചന്തയുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
|
ജീവനക്കാരനെ പിരിച്ചുവിട്ടതിൽ അപാകതയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP. 5827/2023, 6010/2023 (Date : 12/06/224)
കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ നിയമ വിഭാഗത്തിൽ താത്ക്കാലിക യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിലും പിന്നീട് ദിവസവേതനാടിസ്ഥാനത്തിലും നിയമിതനായ വ്യക്തിയെ എംപ്ലോയ്മെന്റ് നിയമനം വന്നതിനെ തുടർന്ന് പിരിച്ചുവിട്ട നടപടിയിൽ അപാകതയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അതേസമയം പരാതിക്കാരന് സർവകലാശാലാ പ്രവൃത്തി പരിചയ സർട്ടിഫിക്കേറ്റ് നൽകിയിട്ടില്ലെങ്കിൽ രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. കണ്ണൂർ ചൊക്ലി സ്വദേശി മുഹമ്മദ് അസ്ലം സമർപ്പിച്ച പുനഃപരിശോധനാ ഹർജി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്.
കമ്മീഷന്റെ ഉത്തരവുകൾ ജുഡീഷ്യൽ പ്രൊസീഡിംഗും സിവിൽ കോടതിയുടെ അധികാരത്തിന് അനുസൃതമായതുമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കമ്മീഷന്റെ ഉത്തരവിനെതിരെ പരാതിക്കാരന് ആക്ഷേപമുണ്ടെങ്കിൽ നിയമപ്രകാരം അപ്പീൽ സമർപ്പിക്കാൻ അവകാശമുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഇതല്ലാതെ കമ്മീഷന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
സ്കൂളിൽ മലിന ജലമെത്തുന്നത് തടയണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 7810/23 (Date : 12/06/2024)
കൊല്ലം : നൂറു വർഷം പഴക്കമുള്ള സ്കൂളിന്റെ പരിസരത്ത് സമീപ പ്രദേശത്തെ ഡ്രൈനേജ് ഒഴുകിയെത്തുന്നുവെന്ന പരാതി ഉത്കണ്ഠാജനകമായതിനാൽ തൊടിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസറും 15 ദിവസത്തിനകം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കുട്ടികളുടെ സുഗമമായ വിദ്യാഭ്യാസത്തിനും മനുഷ്യജീവനും ബന്ധപ്പെട്ട അധികാരികൾ പ്രാധാന്യം നൽകണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. അറിഞ്ഞുകൊണ്ട് അപകടം വരുത്തി വയ്ക്കുന്നത് ഒഴിവാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. സ്കൂൾ പരിസരത്ത് മലിനജലം എത്താതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കരുനാഗപ്പള്ളി തൊടിയൂർ ഗ്രാമപഞ്ചായത്തിൽ 100 വർഷം പഴക്കമുള്ള എ.വി.കെ.എം.എം.എൻ.വി സ്കൂളിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കെട്ടിടങ്ങളുടെ അടിസ്ഥാനം വെള്ളത്തിനടിയിലാണെന്നും മലിനജലം സ്കൂൾ പരിസരത്ത് എത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
ശക്തമായ മഴയുള്ള സമയങ്ങളിൽ സ്കൂൾ പരിസരത്ത് വെള്ളക്കെട്ട് ഉണ്ടാകാറുണ്ടെന്ന് തൊടിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. നിലവിൽ സ്കൂൾ പരിസരത്ത് നിന്നും ഓടയിലേക്ക് വെള്ളം ഒഴുകി പോകാൻ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങൾക്ക് നിലവിൽ അപകടഭീഷണിയില്ലാത്തതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
തൊടിയൂർ സ്വദേശി എ.എ ജബ്ബാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും പിടിച്ച തുക സൊസൈറ്റികളിൽ അടയ്ക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. HRMP No : 2172/2023 (Date : 11/06/2024)
തൃശ്ശൂർ : ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും റിക്കവറി ഇനത്തിൽ ഈടാക്കിയ മുഴുവൻ തുകയും ബന്ധപ്പെട്ട സൊസൈറ്റികളിൽ ഒരു മാസത്തിനകം അടയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ശമ്പളത്തിൽ നിന്ന് ഈടാക്കുന്ന തുക യഥാസമയം സൊസൈറ്റികളിലേക്ക് അടയ്ക്കാത്തതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
തുക പൂർണമായും അടച്ച ശേഷം വിവരം കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ സൂക്ഷ്മതയും ജാഗ്രതയും പാലിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
തൃശ്ശൂർ കെ.എസ്.ആർ.ടി.സി യിൽ ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന സി.പി. വേണുവിന്റെ ശമ്പളത്തിൽ നിന്നും 2017 ജൂൺ മുതൽ 2023 ഫെബ്രുവരി വരെ ലോൺ റിക്കവറിയായി ഈടാക്കിയ 6,90,230 രൂപ സൊസൈറ്റികളിലേക്ക് കൈമാറിയിട്ടില്ലെന്ന് ആരോപിച്ച് ഭാര്യ ഗിൽന വേണു സമർപ്പിച്ച പരാതിയിലാണ് നടപടി. തുക കൈമാറാത്തത് കാരണം തങ്ങളുടെ വീട് ജപ്തി ഭീഷണിയിലാണെന്നും പരാതിയിൽ പറയുന്നു.
കമ്മീഷൻ കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. ആരോപണം സ്ഥാപനം നിഷേധിച്ചു. 1,75,000 രൂപ മാത്രമാണ് ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും സൊസൈറ്റികളിലേക്ക് അടയ്ക്കാനുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കെ.എസ്.ആർ.ടി.സി ഹാജരാക്കിയ റിപ്പോർട്ടിൽ 11/1999 മുതൽ 4/2012 വരെയുള്ള ലോൺ തിരിച്ചടവിന്റെ കണക്കാണ് ഉള്ളതെന്നും 2017 മുതലുള്ള തുക ഒഴിവാക്കിയെന്നും പരാതിക്കാരി അറിയിച്ചു. കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുള്ള ഉദ്യോഗസ്ഥ ശ്രമമാണ് നടന്നതെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും റിക്കവറി ഇനത്തിൽ പിരിക്കുന്ന തുക മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കുന്ന ഔചിത്യം മനസിലാകുന്നില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് സൊസൈറ്റികളുടെ കുടിശിക ഒടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
|
ട്രാൻസ്ഫോർമറുകൾക്ക് സംരക്ഷണ വേലി നിർമ്മിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No : 1850/23 (Date : 11/06/2024)
പാലക്കാട് : ട്രാൻസ്ഫോർമറുകൾക്ക് സംരക്ഷണ വേലിയില്ലാത്തതുപോലുള്ള സംഭവങ്ങളിൽ പരാതി ലഭിക്കാനായി കാത്തിരിക്കാതെ സമയാസമയങ്ങളിൽ പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പടിഞ്ഞാറങ്ങാടി വൈദ്യുതി സെക്ഷന് കീഴിലുള്ള ഇലക്ട്രിക്കൽ സെക്ഷനിലെ സംരക്ഷണ വേലിയില്ലാത്ത ട്രാൻസ്ഫോർമർ കാരണം അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ ഉത്തരവ്.
പടിഞ്ഞാറങ്ങാടി സെക്ഷനിലെ ട്രാൻസ്ഫോർമറുകളുടെ നിലവിലെ സംരക്ഷണ വേലികൾ പരിശോധിച്ച് ശരിയായ എർത്തിങ് ഉണ്ടെന്ന് ഉറപ്പാക്കിയതായി പടിഞ്ഞാറങ്ങാടി അസിസ്റ്റന്റ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. സ്കൂളുകളും പൊതുജനസാന്നിദ്ധ്യവുമുള്ള സ്ഥലങ്ങളിൽ ട്രാൻസ്ഫോർമറുകളിലെ ഫ്യൂസ് യൂണിറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ മറയ്ക്കുന്ന തരത്തിലുള്ള ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. എച്ച്.ടി ലൈനുകൾ, എൽ.ടി ലൈനുകൾ, ട്രാൻസ്ഫോർമർ സ്റ്റേഷനുകൾ എന്നിവ സമയബന്ധിതമായി പരിശോധിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രാൻസ്ഫോർമറുകൾക്ക് സംരക്ഷണ വേലി നിർമ്മിക്കാൻ 43,135 രൂപ വീതം ചെലവുവരും. മുഴുവൻ ട്രാൻസ്ഫോർമറുകൾക്കും സംരക്ഷണവേലി നിർമ്മിക്കുന്ന പ്രവൃത്തി വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ഭരണാനുമതി വാങ്ങി ഘട്ടം ഘട്ടമായി നിർവഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് അങ്ങാടി സ്വദേശി അബ്ദുൾ ജലീൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ജീവനക്കാരുടെ സേവനപുസ്തകം അലക്ഷ്യമായി കൈകാര്യം ചെയ്ത ജീവനക്കാർക്കെതിരെ നടപടിയെടുക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 7403/2023, 8023/2023,8024/2023 (Date : 11/06/2024)
കോഴിക്കോട് : സേവന പുസ്തകം (സർവീസ് ബുക്ക്) എന്ന പ്രധാന രേഖ അലക്ഷ്യമായി കൈകാര്യം ചെയ്ത ഉത്തരവാദിത്വ ബോധമില്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിൽ നിന്നും പമ്പ് ഓപ്പറേറ്റർമാരായി വിരമിച്ചവരുടെ സേവനപുസ്തകം കാണാതായ സംഭവത്തിലാണ് ബന്ധപ്പെട്ട ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടത്.
സേവന പുസ്തകം കാണാനില്ലാത്തതിനാൽ സമയബന്ധിത ഹയർഗ്രേഡ് അനുവദിച്ചില്ലെന്ന വിരമിച്ച ജീവനക്കാരുടെ പരാതിയിലാണ് നടപടി. പരാതിക്കാർ കമ്മീഷനെ സമീപിച്ചില്ലെങ്കിൽ സേവനപുസ്തകം കാണാനില്ലെന്ന സ്ഥിരം പല്ലവി കേട്ട് അവർക്ക് അർഹതപെട്ട സേവനാനുകൂല്യം ത്യജിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നുവെന്ന് കമ്മീഷൻ ചൂണ്ടികാണിച്ചു.
പരാതികാർക്ക് നാലാം സമയബന്ധിത ഹയർഗ്രേഡ് ഒരു മാസത്തിനുള്ളിൽ അനുവദിച്ച് രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. മലയമ്മ സ്വദേശി അബൂബക്കറും വേങ്ങേരി സ്വദേശി പി. രവീന്ദ്രനും സമർപ്പിച്ച പരാതികളിലാണ് നടപടി.
പരാതിക്കാരുടെ സേവന പുസ്തകം ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും ലഭിച്ചില്ലെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. സേവന പുസ്തകം നിർബന്ധമായും കണ്ടെത്തണമെന്ന് നിർദ്ദേശം നൽകിയപ്പോൾ കണ്ടെത്തി. ജീവനക്കാരുടെ നാലാമത്തെ സമയബന്ധിത ഹയർഗ്രേഡ് അനുവദിക്കുന്നതിനുളള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അവിടെ നിന്നും അപേക്ഷ ലഭിച്ചാലുടൻ ചീഫ് എഞ്ചിനീയർക്ക് നൽകുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നടപടി വരുമെന്ന് കണ്ടപ്പോൾ മാത്രം സൂക്ഷ്മ പരിശോധന നടത്തി സേവന പുസ്തകം കണ്ടെത്തിയ നടപടിയെ അപലപിക്കുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
മനുഷ്യാവകാശ കമ്മീഷൻ മൂന്നാർ സിറ്റിംഗ് ഇന്ന്. (11/06/2024)
ഇടുക്കി : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഇന്ന് (11/06/2024) രാവിലെ 10.30 ന് മൂന്നാർ സർക്കാർ ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
കുടിവെള്ളം നിഷേധിച്ചത് രണ്ടാഴ്ചയ്ക്കകം പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ . HRMP No : 7558/ 23 (Date : 10/06/2024)
ഇടുക്കി : വണ്ടിപ്പെരിയാർ XII –ാം വാർഡ് മൌണ്ടിൽ താമസിക്കുന്ന മുൻ എസ്റ്റേറ്റ് ജീവനക്കാരിക്ക് എസ്റ്റേറ്റ് അധികൃതർ കുടിവെള്ളം നിഷേധിക്കുകയാണെന്ന പരാതി രണ്ടാഴ്ചയ്ക്കകം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. പരാതിക്കാരിയുടെ കുട്ടികളുടെ പഠിത്തത്തെ ബാധിക്കുന്ന വിധത്തിൽ എസ്റ്റേറ്റ് അധികൃതറിൽ നിന്നും ശല്യമുണ്ടായാൽ പരാതിക്കാരിക്ക് ബാലാവകാശ കമ്മീഷനെ സമീപിക്കാമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വണ്ടിപ്പെരിയാർ മൌണ്ടിൽ കാന്തരൂപി സമർപ്പിച്ച പരാതിയിലാണ് നടപടി.
എസ്റ്റേറ്റ് പ്രതിസന്ധിയിലായിരുന്ന കാലത്ത് പരാതിക്കാരിയുടെ ഭർത്താവ് എസ്റ്റേറ്റിൽ നിന്നും വിലയ്ക്ക് വാങ്ങിയ 5 സെന്റ് പുരയിടവും വീടും മുമ്പ് ആർ.ബി.റ്റി എസ്റ്റേറ്റിലെ സൂപ്പർവൈസറും ബഥേൽ എസ്റ്റേറ്റിലെ ഫീൽഡ് ഓഫീസറുമായ വി. രാജൻ എന്നയാൾ, എസ്റ്റേറ്റിന് വിട്ടു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി.
പീരുമേട് ഡി.വൈ.എസ്.പി യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. വണ്ടിപ്പെരിയാർ പോലീസ് പരാതി വിഷയത്തിൽ ക്രൈം 70/23 നമ്പറായി കേസെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരിയുടെ മൗലികാവകാശമായ ജീവിക്കാനുള്ള അവകാശത്തിൽ ലംഘനം നടന്നതായി കമ്മീഷൻ കണ്ടെത്തി. അതേ സമയം കോടതിയിൽ നിലനിൽക്കുന്ന സിവിൽ തർക്ക വിഷയങ്ങളിൽ കമ്മീഷൻ ഇടപെടുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.
|
ബത്തേരി ടൗണിലെ ഓട്ടോ പ്രളയം ഗതാഗത കുരുക്കുണ്ടാക്കുന്നതായി നഗരസഭ മനുഷ്യാവകാശ കമ്മീഷനിൽ. HRMP No : 3036/22 (Date : 10/06/2024)
വയനാട് : സുൽത്താൻ ബത്തേരി ടൗണിലെ 13 ഓട്ടോ സ്റ്റാന്റുകളിൽ 175 ഓട്ടോറിക്ഷകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ടായിരിക്കെ 700 ഓളം ഓട്ടോകളാണ് നഗരത്തിൽ സർവീസ് നടത്തുന്നതെന്നും ഇത് ഗതാഗതകുരുക്കിന് കാരണമാകുന്നുവെന്നും സുൽത്താൻ ബത്തേരി നഗരസഭാ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ബത്തേരി ടൗണിൽ ഓട്ടോ പാർക്ക് ചെയ്ത് ഓടിക്കുന്നതിന് പെർമിറ്റ് നൽകാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണ് നഗരസഭാ സെക്രട്ടറിയുടെ വിശദീകരണം.
പുതുതായി ഹാൾടിംഗ് പെർമിറ്റ് കിട്ടുന്ന ഓട്ടോറിക്ഷകൾക്ക് ടൗണിന് പുറത്ത് നഗരസഭാ പരിധിയിൽ 10 സ്റ്റാന്റുകൾ നിശ്ചയിച്ച് നൽകിയിട്ടുണ്ടെന്നും ഈ സ്റ്റാന്റുകളിൽ പരാതിക്കാരന് പെർമിറ്റ് നൽകാമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
പരാതിക്കാരന് നഗരസഭാ പരിധിയിൽ ഓട്ടോറിക്ഷ ഓടിക്കാനും പാർക്ക് ചെയ്യാനുമുള്ള പെർമിറ്റ് അനുവദിക്കാൻ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് വയനാട് ആർ.ടി.ഒ ക്ക് നിർദ്ദേശം നൽകി.
ബത്തേരി കട്ടയാട് സ്വദേശി എം. ഷിഹാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
കോടതി ഉത്തരവുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് നിയന്ത്രണമില്ലാതെ ഓട്ടോ പെർമിറ്റ് അനുവദിക്കുന്ന സാഹചര്യമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ ടൗണിന് ഉൾക്കൊള്ളാവുന്നതിലും പതിൻമടങ്ങ് ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്ന സാഹചര്യം വന്നുചേരും. സംസ്ഥാന അതിർത്തിയോട് ചേർന്നുള്ള പട്ടണമെന്ന നിലയിൽ ഗതാഗതസ്തംഭനമുണ്ടാകുന്ന സാഹചര്യം അനുവദിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് പുതുതായി ഓട്ടോ പെർമിറ്റ് അനുവദിക്കേണ്ടതില്ലെന്ന് നഗരസഭ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
|
കണ്ണൂർ സെൻട്രൽ ജയിൽ കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ടെന്ന് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനിൽ. HRMP. 4909/2023 (Date : 10/06/2024)
കണ്ണൂർ : 154 വർഷത്തെ കലപ്പഴക്കമുള്ള കണ്ണൂർ സെൻട്രൽ ജയിലിലെ കെട്ടിടങ്ങൾക്കും മതിലുകൾക്കും ബലക്ഷയമുണ്ടെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
2023 ജൂലൈ 5 നുണ്ടായ കനത്ത മഴയിൽ ജയിലിലെ പ്രധാന മതിൽ തകർന്നത് കാരണം ജയിലിന് സുരക്ഷാ ഭീഷണിയുണ്ടെന്നാരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സൂപ്രണ്ട് ഇക്കാര്യം അറിയിച്ചത്.
കനത്ത മഴയിൽ മൂന്നര മീറ്റർ ഉയരത്തിൽ ജയിലിനെ ചുറ്റുന്ന പ്രധാന മതിലിന്റെ ഒരു ഭാഗം തകർന്നപ്പോൾ പവർ ഫെൻസിംഗ് സംവിധാനവും ജയിൽ സുരക്ഷാ കേബിളും മുറിഞ്ഞു പോയതായി റിപ്പോർട്ടിൽ പറയുന്നു. ആയിരത്തിലേറെ തടവുകാരുടെ ബാഹുല്യവും അവർ തമ്മിലുള്ള നിരന്തരമായ പ്രശ്നങ്ങളും ജീവനക്കാരുടെ അഭാവവും ദൈനംദിന പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അതീവ പ്രതിസന്ധി ഘട്ടത്തിലാണ് പ്രധാന മതിലിന് അപകടം സംഭവിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ഇത് ജയിൽ ഭരണ നിർവഹണത്തെയും ജയിൽ സുരക്ഷയെയും ഗുരുതരമായി ബാധിക്കുമെങ്കിലും അനിഷ്ട സംഭവങ്ങളില്ലാതെ ജയിൽ സുരക്ഷ ഉറപ്പാക്കുന്നതിന് മതിയായ താൽക്കാലിക സംവിധാനം ഒരുക്കിയതായി റിപ്പോർട്ടിൽ പറയുന്നു. മതിൽ പുനർ നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് താത്കാലിക മതിലൊരുക്കി. മതിലിന്റെ ഇരുഭാഗത്തും 24 മണിക്കൂറും കനത്ത ജാഗ്രത തുടർന്നു. മതിൽ പുനർ നിർമ്മിച്ചാൽ മാത്രമേ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിയുകയുള്ളൂ. ഇതിന് 20,00,000 രൂപയുടെ എസ്റ്റിമേറ്റിന് സർക്കാർ അനുമതി വാങ്ങിയിട്ടുണ്ട്.
പരാതിയിടെ ഗൗരവം ഉൾക്കൊണ്ട് ജയിൽ അധികൃതർ നടപടി സ്വീകരിച്ച സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരതിയിലാണ് നടപടി.
|
കെ എസ് ഇ ബിയിൽ കരാർ ഡ്രൈവർക്ക് ശമ്പളമില്ല: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 10/06/2024)
കോഴിക്കോട്: വൈദ്യുതി ബോർഡിന്റെ ബേപ്പൂർ സെക്ഷൻ ഓഫീസിൽ 12 വർഷമായി കരാർ ഡ്രൈവറായി ജോലി ചെയ്യുന്ന പ്രജിത്തിന് മാസങ്ങളായി ശമ്പളം നൽകിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
വൈദ്യുതി ബോർഡ് കല്ലായി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ശമ്പളം കിട്ടിയിട്ട് നാലുമാസമായി. പ്രതിമാസം ലഭിക്കുന്ന 30000 രൂപ ശമ്പളത്തിൽ നിന്നും ഇന്ധനത്തിനും അറ്റകുറ്റപണികൾക്കും തുക കണ്ടെത്തണം. ഓരോ മാസവും 1500 കിലോമീറ്റർ ഓടണമെന്നാണ് കരാർ. എന്നാൽ കിലോമീറ്റർ കൂടിയതോടെ പ്രജിത്ത് ജീപ്പ് ഓടിക്കാൻ വിസമ്മതിച്ചു. ഇതോടെ ഉദ്യോഗസ്ഥർ ശമ്പളം പിടിച്ച് പ്രതികാരം ചെയ്യാൻ തുടങ്ങി. പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ബില്ലിൽ പ്രജിത്ത് ഒപ്പിടാത്തതു കാരണമാണ് ശമ്പളം വൈകുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ കിലോമീറ്റർ പരിധി കഴിഞ്ഞിട്ടും 30 ദിവസം തികച്ചില്ലെന്നതിന്റെ പേരിൽ ശമ്പളം വെട്ടി കുറച്ചതുകൊണ്ടാണ് ബില്ലിൽ ഒപ്പിടാത്തതെന്ന് പ്രജിത്ത് പറയുന്നു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
പിതാവിന് ജീവനാംശം ലഭിക്കുന്നില്ല : കൃത്യമായി വാങ്ങി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 6097/21 (Date : 07/06/2024)
കൊല്ലം : കോടികളുടെ സമ്പാദ്യം ഭാര്യക്കും മക്കൾക്കും നൽകിയിട്ടും ആരും തന്നെ സംരക്ഷിക്കുന്നില്ലെന്ന വയോധികന്റെ പരാതിയിൽ ആർ.ഡി.ഒ യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന് ലഭിക്കേണ്ട ജീവനാംശം മക്കളിൽ നിന്നും ഈടാക്കി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ശാസ്താംകോട്ട മുതുപിലാക്കോട് അനുഗ്രഹാ ഫാമിൽ ജയിംസ് ഡാനിയേലിന് ജീവനാംശം ലഭ്യമാക്കാനാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടത്.
കൊല്ലം ആർ.ഡി.ഒ യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2007 ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും നിയമപ്രകാരം ഒന്നാം എതിർകക്ഷി ജിജോ ജയിംസ് 7000 രൂപയും രണ്ടാം എതിർകക്ഷി ഡോ.ജാൻസി ജയിംസ് 3000 രൂപയും വീതം പരാതിക്കാരന്റെ ബാങ്ക് അക്കൌണ്ടിൽ എല്ലാ മാസവും 10 ന് മുമ്പ് വീഴ്ച കൂടാതെ നിക്ഷേപിക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ തനിക്ക് സ്വന്തമായി ജീവിക്കാൻ ബുദ്ധിമുട്ടാണെന്നും ആരുടെയെങ്കിലും സഹായം ആവശ്യമാണെന്നും മരുന്നിനും ചെലവിനും പണം ആവശ്യമാണെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
തുടർന്നാണ് ജീവനാംശം കൃത്യമായി ലഭ്യമാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ; ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവെന്ന് പരാതി ; സർക്കാർ 3,06,772 രൂപ അനുവദിച്ചു. HRMP No : 4529/ 17 (Dte : 07/06/2024)
തിരുവനന്തപുരം : സ്ത്രീയെ പുരുഷനാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ 13 ശസ്ത്രക്രിയകൾ വിജയിച്ചില്ലെന്ന പരാതിയിൽ സാമ്പത്തിക സഹായം നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ 3,06,772 രൂപ അനുവദിച്ചു.
കമ്മീഷൻ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട സ്വദേശി സാഗറിനാണ് തുക അനുവദിച്ചത്. പരാതിക്കാരന് ട്രാൻസ്ജെന്റർ ഐ.ഡി കാർഡ് അനുവദിച്ചതായും സാമൂഹിക നീതി വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.
ലിംഗമാറ്റ ശസ്ത്രക്രിയ പോലെ സാങ്കേതിക വെല്ലുവിളി ഉയർത്തുന്നതും സങ്കീർണവും റിസ്ക് ഫാക്ടറുള്ളതുമായ ശസ്ത്രക്രിയകൾ നടത്തുന്ന കാര്യം പരിശോധിക്കുന്നതിന് അവയവദാന കമ്മിറ്റിക്ക് സമാനമായ ഒരു സംസ്ഥാനതല കമ്മിറ്റി രൂപീകരിക്കണമെന്നും കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ഡയറക്ടർ കൺവീനറുമായി 14 അംഗസമിതിയെ ട്രാൻസ്ജെന്റർമാരുടെ ആരോഗ്യ സേവനങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ കമ്മീഷനെ അറിയിച്ചു.
മുബൈ കോകിലബെൻ ദിരുബായി അമ്പാനി ആശുപത്രിയിൽ പരാതിക്കാരൻ തുടർ ചികിത്സ തേടിയിരുന്നു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : മെഡിക്കൽ കോളേജിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന് 35 ലക്ഷം കൂടി അനുവദിച്ചു.HRMP. 5994/2023 (Date 07/06/2024)
കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് സർക്കാർ അനുവദിച്ച 75 ലക്ഷം രൂപക്ക് പുറമെ 35 ലക്ഷം കൂടി അനുവദിച്ചതായി ആശുപത്രി സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് കേസ് തീർപ്പാക്കി. പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതു കാരണം സമീപവാസികൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന പരാതിയിലാണ് നടപടി.
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലുണ്ടായിരുന്ന അക്കാദമി ഓഫ് മെഡിക്കൽ സയൻസും അനുബന്ധ സ്ഥാപനങ്ങളും 2019 മാർച്ച് 2 ന് സർക്കാർ ഏറ്റെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. 2004 ൽ സ്ഥാപിതമായ പ്ലാന്റിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ മികച്ച പ്ലാന്റിനുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ശരിയായ അറ്റകുറ്റപണികൾ നടത്താത്തതുകാരണം പ്ലാന്റിന്റെ പ്രവർത്തനം ഭാഗികമായി. തുടർന്ന് 2022 ജനുവരി 7 ന് പ്ലാന്റ് നവീകരിക്കുന്നതിന് സർക്കാർ 75 ലക്ഷം രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിന് തുക കൈമാറിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ അവർ പ്രവർത്തി ഏറ്റെടുത്തില്ല. തുടർന്ന് ഐ.ആർ.ടി.സി എന്ന ഏജൻസിയെ ചുമതലപ്പെടുത്തി. അവരുടെ ആവശ്യപ്രകാരം 35 ലക്ഷം കൂടി അനുവദിച്ചു. നവീകരണ ജോലികൾ ആരംഭിക്കുന്ന ഇടവേളയിൽ പ്ലാന്റിൽ നിന്നുള്ള ഓവർ ഫ്ലോ തടയാൻ നടപടിയെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നവീകരണ ജോലികൾ പൂർത്തിയാകുന്നതോടെ പരാതികൾ ഇല്ലാതാകും. ദേശീയ പാതയോരത്തുള്ള കളക്ഷൻ ടാങ്ക് മാറ്റി സ്ഥാപിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
സാധാരണക്കാർക്ക് ചികിത്സാ പരിരക്ഷ നൽകുന്ന പദ്ധതി പരിഗണിക്കണം മനുഷ്യാവകാശ കമ്മീഷൻ. HRMP No : 1848/23 (Date : 06/06/2024)
പാലക്കാട് : ചികിത്സാ ചെലവ് സാധാരണകാർക്ക് താങ്ങാനാവാത്ത സാഹചര്യത്തിൽ സമ്പൂർണ ചികിത്സാ പരിരക്ഷ ലഭിക്കുന്ന പദ്ധതിക്ക് രൂപം നൽകുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സർക്കാരിന്റെ നയപരമായ തീരുമാനം ഇക്കാര്യത്തിൽ ആവശ്യമായതിനാൽ ആരോഗ്യവകുപ്പ് സെക്രട്ടറി തുടർനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. സാധാരണകാർക്ക് ചികിത്സാ പരിരക്ഷ നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
ധനവകുപ്പ് അഡീഷണൽ സെക്രട്ടറിയിൽ (ആരോഗ്യ ഇൻഷ്വറൻസ്) നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട്ട് ടൈം അദ്ധ്യാപകർ, എയ്ഡഡ് അദ്ധ്യാപകർ, അനദ്ധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്കും ആശ്രിതർക്കുമായി പ്രതിമാസം 500 രൂപ നിരക്കിൽ മെഡിസെപ്പ് എന്ന പേരിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പദ്ധതിയിൽ സർക്കാർ വിഹിതമില്ലാത്തതുകൊണ്ട് സർക്കാർ വിഹിതത്തോടെ സമ്പൂർണ്ണ പരിരക്ഷ എല്ലാവർക്കും ലഭിക്കുന്ന തരത്തിൽ മെഡിസെപ്പ് പദ്ധതിയുടെ കീഴിൽ കൊണ്ടുവരാൻ കഴിയുകയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ബാധ്യത ഉൾപ്പെടെ കണക്കാക്കി ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ധനകാര്യ ഹെൽത്ത് ഇൻഷ്വറൻസ് വകുപ്പിന് ഇക്കാര്യത്തിൽ അഭിപ്രായം ലഭ്യമാക്കാനാവില്ല.
പരാതി പരിഗണനാർഹമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കഞ്ചിക്കോട് സ്വദേശി മനോഹർ ഇരിങ്ങൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
പാലക്കാട് : മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ് ഇന്ന് ( 07/06/2024)
പാലക്കാട് : മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഇന്ന് (07/06/2024) രാവിലെ 10.30 ന് പാലക്കാട് ഗവ.ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടു : ഒഴിവുകൾ ലഭിച്ചാൽ തൊഴിലിന് പരിഗണിക്കാമെന്ന് എംപ്ലോയ്മെന്റ്. HRMP No : 2922/22 (Date : 06/06/2024)
ആലപ്പുഴ : മാവേലിക്കര ടൌൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 1990 ൽ രജിസ്റ്റർ ചെയ്തയാളെ കൂടുതൽ ഒഴിവുകൾ അറിയിക്കുന്ന മുറയ്ക്ക് ജോലിക്ക് പരിഗണിക്കാമെന്ന് മാവേലിക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
1990 ൽ എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്ത തന്നെ അഭിമുഖത്തിന് പോലും വിളിച്ചില്ലെന്ന് പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമറിയിച്ചത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 14 –മത്തെ വയസുമുതൽ പേര് രജിസ്റ്റർ ചെയ്യാമെന്നിരിക്കെ പരാതിക്കാരിയായ താമരക്കുളം കണ്ണനാകുഴി സ്വദേശിനി റ്റി. ശോഭ 18 –മത്തെ വയസിലാണ് രജിസ്റ്റർ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. നിയമനങ്ങൾക്ക് സീനിയോറിറ്റിയാണ് പ്രാധാന മാനദണ്ഡം. പരാതിക്കാരി യഥാസമയം രജിസ്റ്റർ ചെയ്യാത്തത് കാരണം സീനിയോറിറ്റിയിൽ പിറകിൽ പോയി. ഇതാണ് അവസരം വൈകാനുള്ള കാരണം.
2021-23 വർഷത്തെ സീനിയോറിറ്റി ലിസ്റ്റിൽ നിന്നും നാളിതുവരെ എസ്.സി. നോൺ പ്രയോറിറ്റി വിഭാഗത്തിൽ പാർട്ട് ടൈം ജോലികൾക്ക് പരിഗണിച്ചത് 1987 ഓഗസ്റ്റ് 10 വരെ സീനിയോറിറ്റി ഉള്ളവരെയായിരുന്നു. പരാതിക്കാരിയുടെ സീനിയോറിറ്റി 1990 ജൂൺ 19 ആണ്. കൂടുതൽ ഒഴിവുകളുടെ വിവരം ലഭിക്കുന്ന മുറയ്ക്ക് പരാതിക്കാരിയെയും പരിഗണിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കൃത്യമായി രജിസ്റ്റർ നടപടികൾ പൂർത്തിയാക്കുക എന്നത് പരാതിക്കാരിയുടെ മാത്രം ഉത്തരവാദിത്വമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അതിനാൽ കമ്മീഷന് ഉചിതമായ പരിഹാരം നിർദ്ദേശിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.
|
ആലപ്പുഴ : മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന് (07/06/2024)
ആലപ്പുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഇന്ന് (07/06/2024) രാവിലെ 10.30 ന് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : ആറളത്ത് കാട്ടാനയിറങ്ങുന്നത് തടയാൻ ജാഗ്രത പുലർത്തുന്നതായി വനംവകുപ്പ്. HRMP. 3027/2023 (Date : 06/06/2024)
കണ്ണൂർ : ആറളം ഫാം മേഖലയിൽ കാട്ടാനയിറങ്ങുന്നത് തടയുന്നതിനും തിരികെ വനത്തിലേക്ക് വിടുന്നതിനുമായി ജാഗ്രത പുലർത്തുന്നുണ്ടെന്ന് വനംവകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കൊട്ടിയൂർ വനം റെയ്ഞ്ച് ജീവനക്കാരും റാപ്പിഡ് റെസ്പോൺസ് ടീമും പ്രാദേശിക വാച്ചർമാരും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആറളം റിസർവ് ഫോറസ്റ്റിലും ഫാം പ്രദേശത്തും കാട്ടാനകൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത് തടയാൻ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചും പെട്രോളിംഗ് ശക്തമാക്കിയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് വനംവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചത്.
ആറളം ഫാം പരിസരത്ത് കാട്ടാനകൾ ചെരിയുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കീഴ് പ്പള്ളി സെക്ഷനിൽ 2023 ഏപ്രിൽ 13 ന് 20 വയസ്സ് പ്രായമുള്ള പെൺകാട്ടാന ചരിഞ്ഞതിൽ അസ്വാഭാവികമായി ഒന്നുമില്ല. ചരിഞ്ഞ കാട്ടാനയുടെ ജഡം കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിലെ 22 ഓഗസ്റ്റ് 30 നുള്ള കത്തിലെ വ്യവസ്ഥകൾ പ്രകാരം പോസ്റ്റ്മോർട്ടം ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർത്ഥ വസ്തുത മനസിലാക്കാൻ കഴിയുകയുള്ളൂ.
2022 ഡിസംബർ 25ന് ആറളം ഫാം ബ്ലോക്ക് 13 ൽ 20 വയസുള്ള കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റാണ്. ഇക്കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ആറളം ഫാം ഏരിയലിൽ കാട്ടാനകൾ ചരിയുന്നതിന്റെ കാരണം വിശദമായി അന്വേഷിക്കുന്നതിന്റെ ഭാഗമായി വനം, പോലീസ് വകുപ്പുകൾ ചേർന്ന് ആന്റി എക്സ്പ്ലോസീവ് റയ്ഡ് നടത്തിയിട്ടുണ്ട്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സേവനം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. 2022, 2023 വർഷങ്ങളിൽ സംഭവിച്ച കാട്ടാനകളുടെ മരണകാരണം അവലോകനം ചെയ്യുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് നടപടി സ്വീകരിച്ച് വരുന്നതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.വി. ദേവദാസ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
|
പൊതു പ്രവർത്തകയുടെ പേരിൽ വ്യാജ അക്കൗണ്ട് ; രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 6200/ 23 (Date : 05/06/2024)
ഇടുക്കി : പൊതുപ്രവർത്തകയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമ്മിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ രണ്ടാഴ്ചക്കകം നടപടിയെടുത്ത് അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇടുക്കി ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. പീരുമേട് അട്ടപ്പള്ളംകര സ്വദേശി എം.റ്റി. ജെയിംസ്, രാജേഷ് രാജു എന്നയാൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്റെ ഭാര്യയുടെ പേരിലാണ് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചത്.
പീരുമേട് ഡി.വൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ടിൽ നിന്നും പരാതി വിഷയത്തിൽ പോലീസിന്റെ ഭാഗത്ത് ഉദാസീനതയുണ്ടായതായി കമ്മീഷൻ കണ്ടെത്തി. കുറ്റം സൈബർ സ്വഭാവത്തിലുള്ളതിനാൽ സൈബർ പോലീസിനെ ഉപയോഗിച്ച് അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതായി ഡി.വൈ.എസ്.പി കമ്മീഷനെ അറിയിച്ചു. 2023 സെപ്റ്റംബറിൽ ഇടുക്കി സൈബർ പോലീസ് അന്വേഷണം നടത്തിയെങ്കിലും പരാതിക്കാരുടെ കൈയിൽ തെളിവുകൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ വ്യാജ അക്കൌണ്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി ഗുരുതര കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടോ എന്ന് സൈബർ പോലീസിന് മനസിലാക്കാമായിരുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പ്രതിയെന്നു സംശയിക്കുന്ന രാജേഷ് രാജുവിൽ നിന്നും തെളിവുകൾ പോലീസ് കണ്ടെത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ : വനാന്തരപാതകളിൽ സപീഡ് ബ്രേക്കർ സ്ഥാപിക്കാൻ ആവശ്യപ്പെട്ടുവെന്ന് വനംവകുപ്പ്. HRMP. 3920/2023 (Date :05/06/2024)
കണ്ണൂർ : പൊതുമരാമത്ത് വകുപ്പ്, ത്രിതല പഞ്ചായത്തുകൾ എന്നിവ റോഡ് നിർമ്മിക്കുന്ന വേളയിൽ വനാന്തര പാതകളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുമെന്ന് വനംവകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കോളയാട് പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിലുള്ള ജനവാസ മേഖലയിൽ കാട്ടുപോത്തുകളുടെ ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കാട്ടുപോത്തുകളെ കാണുന്ന പ്രദേശങ്ങളിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത വനം വകുപ്പ് ഉദ്യോഗസ്ഥർ പുലർത്തുമെന്ന് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വന മേഖലയിലുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വേഗപരിധി കർശനമായി നിയന്ത്രിക്കാൻ നടപടിയെടുക്കണം. ഇവിടങ്ങളിലെ വേഗപരിധി 30 കിലോമീറ്ററാക്കാൻ മോട്ടോർ വെഹിക്കിൾ വകുപ്പ്, പോലീസ്, ത്രിതല പഞ്ചായത്ത് എന്നിവരുടെ സേവനം ലഭ്യമാക്കും. വനത്തിനകത്ത് അനധികൃതമായി പ്രവേശിച്ച് വന്യജീവികളെ പ്രകോപിതരാക്കുന്ന വിധത്തിൽ ഫോട്ടോ എടുക്കുന്നതും പേടിപ്പിക്കുന്നതും തടയും. കാട്ടുപോത്തിന്റെ സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിൽ വനംവകുപ്പ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കോളയാട്, നിടുംപൊയിൽ, പെരുവ, നരിക്കോട്, വാഴമല, കൊമ്മേരി പ്രദേശങ്ങളിലാണ് കാട്ടുപോത്തുകളെ സാധാരണ കാണാറുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. കന്നുകാലികളെ വനമേഖലയിലേക്ക് മേയാൻ വിടുന്നതു കാരണമാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടാകുന്നത്. ചങ്ങലഗേറ്റ് പെരുവ റോഡിൽ അമിതവേഗതയിൽ വാഹനമോടിച്ചയാളാണ് വളവിൽ കാട്ടുപോത്തിനെ കണ്ട് തെന്നിവീണത്. കുറ്റ്യാടിൽ 98 വയസുകാരൻ മരിച്ചത് കാട്ടുപോത്തിന്റെ കുത്തു കൊണ്ടല്ല. അക്രമകാരി എന്ന് പറയുന്ന കാട്ടുപോത്തിനെ നിരീക്ഷിച്ചതായും അതിനെ ശാന്തമായാണ് കണ്ടതെന്നും റിപ്പോർട്ടിലുണ്ട്. കണ്ണവം വനമേഖലിയിലെ കാട്ടു പോത്തുകൾ കൃഷി നാശം വരുത്തുന്നവയല്ല. ഏറ്റവും കുറവ് കൃഷി നാശംവരുത്തുന്ന വന്യമൃഗങ്ങളിൽ ഒന്നാണ് കാട്ടുപോത്ത്. കണ്ണവം മേഖലയിൽ കാട്ടുപോത്തുകളെ കാണുന്ന സ്ഥലങ്ങൾ വനംമേഖലയായതിനാൽ അവയെ ഇവിടെ നിന്നും തുരത്താനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെ ചെയ്താൽ അവർ അക്രമാസക്തരാവുകയും അപകടകാരികളായി സമീപപ്രദേശങ്ങളിൽ ചിതറിയെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻകരുതൽ സ്വീകരിക്കുന്നതാണ് ഉചിതമെന്നും റിപ്പോർട്ട് പറയുന്നു.
മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി . ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ് ഗുണഭോക്തൃ കമ്മിറ്റിക്കാണെന്ന് പറഞ്ഞ് പഞ്ചായത്ത് ഒഴിഞ്ഞു മാറരുത് : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 3555/2018 (Date : 05/06/2024)
വയനാട് : ഗ്രാമ പഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ് ഗുണഭോക്തൃ കമ്മിറ്റിക്കാണെന്ന് പറഞ്ഞ് ഗ്രാമപഞ്ചായത്ത് അധികൃതർ തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയുന്നത് ശരിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. കുടൽമാട് പെരുമ്പാടിക്കുന്ന് കളരിക്കൽ ഹൌസിൽ ശ്രീജിമോളുടെ കുടുംബത്തിന് കുടിവെള്ള കണക്ഷൻ നൽകാൻ ഗുണഭോക്തൃ കമ്മിറ്റി തടസം നിൽക്കുന്ന സാഹചര്യത്തിൽ കുടിവെള്ള കണക്ഷൻ നൽകാനുള്ള നിർദ്ദേശം ബന്ധപ്പെട്ട കമ്മിറ്റിക്ക് നൽകിയ ശേഷം രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് അമ്പലവയൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പരാതിക്കാരിയുടെ വീട്ടിൽ കുടിവെള്ള കണക്ഷനില്ലാത്തതിനാൽ പൊതുകിണറിൽ നിന്നാണ് വെള്ളമെടുക്കുന്നത്. പ്രസ്തുത കിണറിലെ വെള്ളം മലിനമാണ്. അമ്പലവയൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കണക്ഷൻ നൽകാൻ ഉത്തരവിട്ടെങ്കിലും ഗുണഭോക്തൃ വിഭാഗം കമ്മിറ്റിയുടെ സെക്രട്ടറിയായ എസ്.ടി പ്രോമോട്ടറുമായ രാജൻ കുണ്ടറ എന്നയാൾ തടസം നിൽക്കുകയാണെന്നും പരാതിയിൽ പറഞ്ഞു.
അമ്പലവയൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് കാരണമാണ് കണക്ഷൻ നൽകാൻ കഴിയാത്തതെന്ന് ഗുണഭോക്തൃ കമ്മിറ്റി അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഗുണഭോക്തൃ കമ്മിറ്റിയുടെ തീരുമാനത്തിൽ ഇടപെടാനാവില്ലെന്നും പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
രണ്ടുപേരുള്ള കുടുംബത്തിന് പരിമിതമായ വെള്ളം മാത്രം മതിയെന്നിരിക്കെ കുടിവെള്ളത്തിനായി പ്രയാസപ്പെടുന്ന പരാതിക്കാരിക്ക് അത് നിഷേധിക്കുക എന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കുടിവെള്ള കണക്ഷൻ നൽകിയ ശേഷം അമ്പലവയൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
കയ്പമംഗലം പോലീസ് സ്റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 87/2020 (Date: 03/06/2024)
തൃശ്ശൂർ : കയ്പമംഗലം പോലീസ് സ്റ്റേഷനിലെത്തുന്നവരോട് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുന്നുണ്ടെന്ന് എസ്.എച്ച്.ഒ ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി നവീൻ ബാലകൃഷ്ണൻ കയ്പമംഗലം സ്റ്റേഷനിലെ സീനിയർ സി.പി.ഒ തോമസിനെതിരെ സമർപ്പിച്ച പരാതി തീർപ്പാക്കി കൊണ്ടാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയുടെ ഉത്തരവ്.
2019 ജനുവരി 2 നാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. പരാതിക്കാരനോട് അപമര്യാദയായി പെരുമാറിയെന്നും ഭക്ഷണവും വെള്ളവും കഴിക്കാൻ അനുവദിച്ചില്ലെന്നും മൊബൈൽ ഫോൺ ബലമായി പിടിച്ചു വാങ്ങി അന്യായമായി തടങ്കലിൽ വച്ചെന്നും പരാതിയിൽ പറയുന്നു. എസ്. ഐ യുടെ ഇടപെടൽ കാരണമാണ് തനിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞതെന്നും പരാതിക്കാരൻ അറിയിച്ചു.
എന്നാൽ തനിക്ക് വക്കീലുണ്ടെന്നും കാണിച്ചുതരാമെന്നും പരാതിക്കാരൻ ഭീഷണിപ്പെടുത്തിയതായി എതിർകക്ഷിയായ പോലീസുദ്യോഗസ്ഥൻ അറിയിച്ചു. ബാക്കി ആരോപണങ്ങൾ എതിർകക്ഷി നിഷേധിച്ചു. എന്നാൽ പരാതിക്കാരൻ പരാതി ആവർത്തിച്ചു.
പോലീസുദ്യോഗസ്ഥൻ പരാതിക്കാരനോട് മോശമായി പെരുമാറിയെന്നതിന് തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു.
|
രോഗ ബാധിതയായ വനിതയ്ക്ക് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിര നിയമനം നൽകണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 2738/2024 (Date: 03/06/2024)
കോഴിക്കോട് : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ 16 വർഷമായി ജോലി ചെയ്യുന്ന ഗുരുതര രോഗ ബാധിതയും രണ്ടു പെൺകുട്ടികളുടെ അമ്മയുമായ വനിതയ്ക്ക് മാനുഷിക പരിഗണന നൽകി സ്ഥിരം നിയമനം നൽകാൻ സർക്കാർ അനുഭാവപൂർണമായ സമീപനം സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സാംസ്കാരിക വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
കഴിഞ്ഞ 7 വർഷമായി രോഗ ബാധിതയാണെന്നും 3 ശസ്ത്രക്രിയകൾ കഴിഞ്ഞെന്നും 53 കാരിയായ നെല്ലിക്കോട് സ്വദേശിനി കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2007 ജൂലൈ 9 നാണ് പരാതിക്കാരി കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിൽ ചുമതലയേറ്റത്. 2014 ൽ നടത്തിയ എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ പരാതിക്കാരിക്ക് എഡിറ്റോറിയൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നൽകി. പരാതിക്കാരി നൂറിലേറെ വൈജ്ഞാനിക പുസ്തകങ്ങളുടെ എഡിറ്ററും അഞ്ച് പുസ്തകങ്ങളുടെ രചയിതാവുമാണ്. പരാതിക്കാരി ഉൾപ്പെടെ സ്ഥാപനത്തിലെ 14 ജീവനക്കാർ സർക്കാരിലേക്ക് സ്ഥിരം നിയമനം ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും സർക്കാർ നിരസിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരം നിയമനം നൽകാനുള്ള അധികാരം സർക്കാരിന് മാത്രമാണെന്നും സർക്കാരിൽ നിന്നും നിർദ്ദേശം ലഭിച്ചാൽ മേൽ നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വലിയൊരു കാലയളവ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉന്നമനത്തിന് സേവനം നൽകിയ പരാതിക്കാരിക്ക് സേവന വിരാമത്തിന് ഏതാനും വർഷങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും പരാതിക്കാരിയുടെ സ്ഥിരം നിയമനം നിയമനാധികാരിയായ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവക്കില്ലെന്നും കമ്മീഷന് ബോധ്യപ്പെട്ടതായി ഉത്തരവിൽ പറയുന്നു. പരാതിക്കാരിക്ക് സ്ഥിരം നിയമനം ലഭിച്ചാൽ രണ്ടു പെൺമക്കളടങ്ങിയ കുടുംബത്തിന് വലിയ താങ്ങാവുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിലെ പിഴവ് ; പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 6768/23 (Date: 03/06/2024)
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജിൽ നിന്നും വെരിക്കോസ് ശസ്ത്രക്രിയ നടത്തിയ വ്യക്തിയുടെ കാലിന് ചലനശേഷി നഷ്ടപ്പെടാൻ കാരണം ചികിത്സാ പിഴവാണെന്ന പരാതിയിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു.
വയനാട് പെരിയ സ്വദേശി യു. ഹാഷിം സമർപ്പിച്ച പരാതിയിലാണ് നടപടി. ചലനശേഷി നഷ്ടപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്, മിംസ് ആശുപത്രി, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ വിദഗ്ധ ചികിത്സ തേടി. പി.എസ്.സി ലിസ്റ്റിൽ ഉണ്ടായിരുന്ന തനിക്ക് ഡോക്ടർമാരുടെ അനാസ്ഥ കാരണം ജോലി നഷ്ടമായെന്നും പരാതിക്കാരൻ അറിയിച്ചു.
ജില്ലാ ആശുപത്രി സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഡോക്ടർമാരായ സജേഷ്, റാണി എന്നിവരിൽ നിന്നും വിദഗ്ധ മൊഴി രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കേസ് റെക്കോർഡുകൾ പരിശോധിച്ചതിൽ നിന്നും വെരിക്കോസ് ശസ്ത്രക്രിയയ്ക്ക് ശേഷം സംഭവിക്കാവുന്ന ഒരു സാധാരണ കാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർമാർ സമയോചിതമായി ഇടപെട്ടതുകാരണം രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് തുടർചികിത്സ ഉറപ്പാക്കി. ഡോക്ടർമാരുടെ ഭാഗത്ത് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ താൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചെന്നും ഡോ. സജേഷിനും ഡോ. റാണിക്കുമെതിരെ വകുപ്പുതലവൻമാർ അച്ചടക്ക നടപടി ആരംഭിച്ചെന്നും കാണിച്ച് ആരോഗ്യ വകുപ്പു സെക്രട്ടറി പരാതിക്കാരന് അയച്ച കത്ത് പരാതിക്കാരൻ കമ്മീഷനിൽ ഹാജരാക്കി.
|
സ്കൂളിലെ ശുചിമുറികൾ പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP. 1723/2022 (Date: 01/06/2024)
കണ്ണൂർ : ബർണശേരിയിലെ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ വൃത്തിയുള്ള ശുചിമുറികളും കുടിവെളള സൗകര്യവുമുണ്ടെന്ന് പരിശോധന നടത്തി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
സ്കൂൾ ഹെഡ്മിസ്ട്രസിന്റെ റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കിയാണ് ഡി.ഇ.ഒ കമ്മീഷൻ മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. റിപ്പോർട്ട് അവിശ്വസിക്കേണ്ടതില്ലെങ്കിലും വിദ്യാഭ്യാസ വകുപ്പ് സ്കൂൾ പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തേണ്ടതായിരുന്നുവെന്നും ഉത്തരവിൽ പറയുന്നു.
സ്കൂളിൽ ആവശ്യത്തിലേറെ ശുചിമുറികളുണ്ടെന്നും എല്ലാ ദിവസവും രണ്ടു നേരം വൃത്തിയാക്കാറുണ്ടന്നും ഡി.ഇ.ഒ കമ്മീഷനെ അറിയിച്ചു. ശുചിമുറിയിലെ ചുമരുകളിൽ സ്വഭാവ വൈകല്യമുള്ള ചില കുട്ടികൾ പലതും എഴുതിയിടാറുണ്ടെന്നും ഇത് ശ്രദ്ധയിൽപ്പെടുന്ന സമയത്ത് തന്നെ മായ്ക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് അസംബ്ലിയിൽ കർശന നിർദ്ദേശം നൽകാറുണ്ട്.
സ്കൂളുകളിലെ ശുചിമുറികൾക്ക് വൃത്തിയില്ലെന്നും വൻതുക ഡൊണേഷൻ വാങ്ങിയാണ് സ്കൂൾ പ്രവേശനം നടത്തുന്നതെന്നും ആരോപിച്ച് കൊറ്റാളി സ്വദേശി ആശാ വിശ്വൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; എസ്. ഐ ക്ക് ജാഗ്രതാ നിർദ്ദേശം. HRMP No : 1175/22, 1181/22 (Date: 31/05/2024)
വയനാട്: നിരപരാധികളായ യുവാക്കളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച് കരുതൽ തടങ്കലിൽ പാർപ്പിച്ച ശേഷം കുറ്റക്കാരല്ലെന്ന് മനസിലാക്കി വിട്ടയച്ച സംഭവത്തിൽ നൂൽപ്പുഴ എസ്.ഐ ക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടും പരാതിക്കാർ കമ്മീഷൻ സിറ്റിംഗിൽ ഹാജരാകാത്തതും കണക്കിലെടുത്ത് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂ നാഥ് കേസ് തീർപ്പാക്കി.
2023 ഫെബ്രുവരി 4 നാണ് സംഭവം നടന്നത്. നമ്പ്യാർ കുന്നിലെ ക്ഷേത്രത്തിലേക്ക് പോയി മടങ്ങുമ്പോഴാണ് നൂൽ പുഴ എസ്.ഐ സുൽത്താൻ ബത്തേരി ചീരാൽ സ്വദേശികളായ അനീഷിനെയും പി. നിഖിലിനെയും അറസ്റ്റ് ചെയ്തത്.
സ്ഥിരം കുറ്റവാളികളെയും പിടികിട്ടാപുള്ളികളെയും കണ്ടെത്താൻ നടത്തിയ സ്പെഷ്യൽ ഡ്രൈവിനിടയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തതെന്ന് വയനാട് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുമ്പോൾ ആക്ഷേപങ്ങൾ ഒഴിവാക്കാൻ മതിയായ ജാഗ്രത പുലർത്താൻ ആവശ്യമായ നിർദ്ദേശം എസ്. ഐ ക്ക് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. തുടർന്ന് കമ്മീഷൻ സിറ്റിംഗിൽ എസ്.ഐ യെ വിളിച്ചുവരുത്തി. എന്നാൽ പരാതിക്കാർ ഹാജരായില്ല. തുടർന്നാണ് പരാതി തീർപ്പാക്കിയത്.
|
രണ്ട് കുട്ടികൾ മുങ്ങിമരിച്ച കുളത്തിലെ അശാസ്ത്രീയ നവീകരണം ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date: 01/06/2024)
തിരുവനന്തപുരം : വ്യാഴാഴ്ച വൈകിട്ട് രണ്ടു കുട്ടികൾ മുങ്ങി മരിച്ച വെള്ളായണി പറക്കാട്ട് കുളത്തിന്റെ നവീകരണ ജോലികൾ അശാസ്ത്രീയത പരിഹരിക്കുന്നത് വരെ നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ നഗരസഭാ സെക്രട്ടറിയിൽ നിന്നും വിശദീകരണം തേടി. സംഭവത്തിൽ കമ്മീഷൻ കേസെടുത്തു.
രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ജൂൺ 28 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വേനൽ കാലത്ത് വെള്ളം സംഭരിക്കാനെന്ന പേരിൽ കുളത്തിനുള്ളിൽ നിർമ്മിച്ചിരുന്ന കിണറിൽ അകപ്പെട്ടതു കാരണമാകാം നീന്താനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചതെന്നും പരാതിയിൽ പറയുന്നു. ഏറെ നാളായി ഉപയോഗ ശൂന്യമായി കിടന്ന കിണർ അടുത്ത കാലത്താണ് നവീകരിക്കാൻ ആരംഭിച്ചത്. കുളം നവീകരിക്കുമ്പോൾ അതിലെ അപകടസാധ്യത ഇല്ലാതാക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുണ്ടെന്നും പരാതിയിൽ പറയുന്നു.
കുളത്തിന്റെ അശാസ്ത്രീയ നിർമ്മാണം പരിഹരിച്ച ശേഷം മാത്രം നവീകരണ ജോലികൾ തുടരണമെന്നാണ് ആവശ്യം.
നിർദ്ധന കുടുംബത്തിലെ കുട്ടികളാണ് മരിച്ചത്. കുളത്തിനുള്ളിൽ കിണർ നിലനിർത്തി അപകടം ക്ഷണിച്ചുവരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് നൽകണമെന്നും പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം ആവശ്യപ്പെട്ടു.
നവീകരണ ജോലികൾ നടക്കുന്ന കുളത്തിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പ് സ്ഥാപിച്ചിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു.നേമം സ്വദേശികളായ മുഹമ്മദ് ഇഹ്സാനും മുഹമ്മദ് ബിലാലുമാണ് മുങ്ങി മരിച്ചത്.
|
അക്ഷയ കേന്ദ്രങ്ങൾ താഴത്തെ നിലയിലാക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 1690/24 (Date: 31/05/2024)
കോട്ടയം : സംസ്ഥാനത്ത് പ്രവർത്തിക്കന്ന അക്ഷയ കേന്ദ്രങ്ങൾ ബഹുനില കെട്ടിടങ്ങളുടെ താഴത്തെ നിലയിൽ തന്നെ പ്രവർത്തിക്കുന്നതിന് അക്ഷയ ഡയറക്ടർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥാണ് നിർദ്ദേശം നൽകിയത്.
കോട്ടയം ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ള അധികാര സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് ബഹുനില കെട്ടിടങ്ങളുടെ താഴത്തെ നിലയിൽ തന്നെ അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കാറുണ്ടെന്നും എന്നാൽ സ്ഥല ദൗർലഭ്യം ചിലപ്പോഴെല്ലാം തടസം നിൽക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ മുകൾ നിലയിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ താഴത്തെ നിലയിലേക്ക് മാറ്റണമെങ്കിൽ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും പുതുതായി അക്ഷയകേന്ദ്രം ആരംഭിക്കുമ്പോഴും പുതിയ മുറി കണ്ടെത്തേണ്ടി വരുമ്പോഴും താഴത്തെ നിലയിൽ തന്നെ ആരംഭിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
മുകൾ നിലയിലാണ് അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി താഴത്തെ നിലയിൽ അക്ഷയ ഹെൽപ്പ് ഡസ്ക് സ്ഥാപിക്കണമെന്ന് പരാതിക്കാരനായ പാലാ ചെമ്പിളാവ് സ്വദേശി എം. എസ്. ഹരികൃഷ്ണൻ ആവശ്യപ്പെട്ടു. സേവന നിരക്കുകൾ പ്രദർശിപ്പിക്കണം, സേവനത്തിന് രസീത് നൽകണം, പരാതിപ്പെട്ടി സ്ഥാപിക്കണം, പരാതി സമർപ്പിക്കാനുള്ള ഓഫീസിന്റെ നമ്പറും ഇ-മെയിൽ ഐ ഡിയും പ്രദർശിപ്പിക്കണം തുടങ്ങിയ പരാതിക്കാരന്റെ ആവശ്യങ്ങളും അക്ഷയ ഡയറക്ടർ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
|
പരസ്യങ്ങളടങ്ങിയ സൈൻബോർഡ് നീക്കണം ; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ.HRMP No : 247/23 (30/05/2024)
പാലക്കാട് : നഗരത്തിൽ പൊതുഗതാഗതത്തിന് തടസമുണ്ടാക്കുന്ന വിധത്തിൽ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് സ്ഥാപിച്ച സൈൻബോർഡുകൾ നീക്കം ചെയ്യണമെന്ന കൗൺസിലറുടെ ആവശ്യത്തിൽ നഗരസഭാ സെക്രട്ടറി ഒരു മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥാണ് നിർദ്ദേശം നൽകിയത്.
നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡുകളിൽ ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗവും സ്വകാര്യ പരസ്യ ഏജൻസികളും അനധികൃതമായി മീഡിയനുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ നീക്കം ചെയ്യാൻ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിന് കത്ത് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. നഗരസഭാ ഉദ്യോഗസ്ഥർ കണ്ടെത്തിയ അനധികൃതവും അപകടകരവുമായ മീഡിയനുകൾ നീക്കാൻ എൻഫോഴ്സ്മെന്റ് യൂണിറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പാലക്കാട് എ.എസ്.പി. സമർപ്പിച്ച റിപ്പോർട്ടിൽ പരസ്യ ബോർഡുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും സൈൻബോർഡുകളും സിഗ്നലുകളും മാത്രമാണ് നിലവിലുള്ളതെന്നും പറയുന്നു. എന്നാൽ എൻഫോഴ്സ്മെന്റ് വിഭാഗം സ്ഥാപിച്ചിട്ടുള്ള സൈൻബോർഡുകൾ ഇന്ത്യൻ റോഡ് കോൺഗ്രസ് അംഗീകരിച്ച മാതൃകയിലുള്ളതല്ലെന്ന് പരാതിക്കാരൻ അറിയിച്ചു.
ഒരു മീഡിയനിൽ പരസ്യം ചെയ്യാൻ പ്രതിമാസം 5000 രൂപയാണ് പരസ്യ ഏജൻസി സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുന്നതെന്നും ഇത്തരത്തിൽ നൂറുകണക്കിന് ബോർഡുകളിൽ പരസ്യം ചെയ്യാനുള്ള അവകാശം ടെന്റർ നടപടികളില്ലാതെയാണ് എജൻസികൾക്ക് നൽകിയതെന്നും പരാതിക്കാരൻ പറഞ്ഞു. റോഡ് നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സർക്കാർ വകുപ്പുകൾ റോഡിൽ സൈൻബോർഡ് സ്ഥാപിക്കാനാവശ്യമായ തുക വകയിരുത്തുന്നുണ്ട്. ഇതിനു പുറമേ വാഹന നികുതിയിലെ ഒരംശം റോഡ് സുരക്ഷയ്ക്കായി വകയിരുത്തുന്നുമുണ്ട്. ഈ ഫണ്ട് ഉപയോഗിച്ച് നിയമാനുസൃതമായി സൈൻബോർഡ് സ്ഥാപിക്കുന്നതിന് പകരം 90 ശതമാനത്തിലേറെ പരസ്യങ്ങളടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ബോർഡ് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് പരാതിക്കാരൻ അറിയിച്ചു. ഇക്കാര്യം കൂടി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ പാലക്കാട് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. നഗരസഭ 15 –ാം വാർഡ് കൗൺസിലർ എം. ശശികുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
തിരിച്ചടവ് മുടങ്ങിയ ഇടപാടുകാരന് മാനുഷിക പരിഗണന നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 1198/24 (Date: 31/05/2024)
എറണാകുളം : മട്ടാഞ്ചേരി സാർവജനിക് ബാങ്കിൽ നിന്നും 14,00,000 രൂപ വായ്പയെടുത്ത് മുടങ്ങിയ വ്യക്തിയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പ്രത്യേക മാനുഷിക പരിഗണനയും ഉദാര സമീപനവും സ്വീകരിച്ച് പ്രശ്ന പരിഹാരത്തിനുള്ള ശ്രമം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മട്ടാഞ്ചേരി സാർവജനിക് സഹകരണ ബാങ്ക് മാനേജർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.
തൊഴിലെടുക്കാനാവാതെ ചികിത്സയിലാണ് പരാതിക്കാരനായ പെരുമ്പടപ്പ് സ്വദേശി സി.എൽ. ജോസഫ്. പരാതിക്കാരന്റെ മകൾ ജന്മനാ സംസാരശേഷി ഇല്ലാത്തയാളാണ്. ഭാര്യയും രോഗബാധിതയാണ്. കൃത്യമായി തിരിച്ചടവ് നടത്തിയിരുന്നെങ്കിലും കോവിഡ് കാലം മുതൽ തിരിച്ചടവ് മുടങ്ങി.
മട്ടാഞ്ചേരി സാർവജനിക് സഹകരണ ബാങ്കിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതി വസ്തുതാപരമായി ശരിയല്ലെന്നാണ് ബാങ്കിന്റെ വാദം.
എന്നാൽ താൻ വായ്പ തിരിച്ചടക്കാൻ തയ്യാറാണെന്നും പ്രതിമാസം 15,000 രൂപ തിരിച്ചടവ് നടത്താൻ തയ്യാറാണെന്നും പരാതിക്കാരൻ അറിയിച്ചു.
|
മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണം; മനുഷ്യാവകാശ കമ്മീഷൻ. HRMP No : 6545/2018 (Date: 01/06/2024)
വയനാട് /കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ ഒ.പി ഫാർമസിയിൽ നിന്നും താത്കാലിക ജീവനക്കാരിയായ ഫാർമസിസ്റ്റ് മാറി നൽകിയ മരുന്ന് കഴിച്ച് ഗുരുതരാവസ്ഥയിലായ 49 വയസുള്ള അംഗപരിമിതക്ക് അർഹമായ നഷ്ടപരിഹാരവും തുടർചികിത്സക്ക് ആവശ്യമായ സാമ്പത്തിക സഹായവും സർക്കാർ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആരോഗ്യ വകുപ്പ് സെക്രട്ടറി ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം 3 മാസത്തിനകം ആക്ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിട്ടു.
കൽപ്പറ്റ പള്ളിക്കുന്ന് ഓണിയത്ത് പെരിങ്ങാടിയിൽ ഒ.പി. രോഹിണിയുടെ മകൾ ഉമ ഗുരുതരമായ കൃത്യവിലോപത്തിന്റെ ഇരയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
അപ്പ്ലാസ്റ്റിക് അനീമിയ (Aplastic Anemia) എന്ന രോഗത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹെമറ്റോ ഓങ്കോളജി വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഉമ. പരാതി ലഭിച്ചതിനെ തുടർന്ന് കമ്മീഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്ന് കണ്ട് ഐ.ജി യുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ അന്വേഷണ വിഭാഗത്തെ നിയോഗിച്ച് അന്വേഷണം നടത്തി. ബന്ധപ്പെട്ട ഡോക്ടർമാരുടെയും ജീവനക്കാരുടെയും മൊഴിയെടുത്ത അന്വേഷണ സംഘം പരാതി വാസ്തവമാണെന്ന് കണ്ടെത്തി.
2018 മാർച്ച് 6 നാണ് മരുന്ന് മാറി നൽകിയത്. Cyclosporine എന്ന മരുന്നിന് പകരം കീമോതെറാപ്പി ചെയ്യുന്ന രോഗികൾക്ക് നൽകുന്ന Cyclophosphamide എന്ന ഗുളികയാണ് നൽകിയത്. മരുന്ന് കഴിച്ചപ്പോൾ ഉമയുടെ മുടി മുഴുവനും കൊഴിയുകയും ചുണ്ടു മുതൽ ഉള്ളിലേക്ക് പൊട്ടി രക്തം വരാനും തുടങ്ങി. വയറ് വേദനയും അനുഭവപ്പെട്ടു. തുടർന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഒരു മാസത്തെ ചികിത്സയെ തുർന്നാണ് ഉമയ്ക്ക് ജീവൻ തിരികെ കിട്ടിയത്.
മരുന്ന് അബദ്ധത്തിൽ മാറിപോയതാണെന്ന് അന്നത്തെ ഫാർമസിസ്റ്റ് സമ്മതിച്ചു. മരുന്ന് മാറി നൽകിയ വിവരം മെഡിക്കൽ സൂപ്രണ്ടിനെ അറിയിക്കാത്തതിന് അന്നത്തെ മെഡിസിൻ പ്രൊഫസറെ സർക്കാർ താക്കീത് ചെയ്തു.
ഉമ ഇപ്പോൾ ആയൂർവേദ മരുന്നാണ് കഴിക്കുന്നതെന്ന് അമ്മ ഒ.പി രോഹിണി കമ്മീഷനെ അറിയിച്ചു. അവർക്കിപ്പോൾ ഒരു ജോലിയും ചെയ്യാൻ കഴിയുന്നില്ല. നിർദ്ധരായ വീട്ടുകാർക്ക് ഉമയെ സാമ്പത്തികമായി സഹായിക്കാൻ കഴിയുന്നില്ലെന്നും അമ്മ അറിയിച്ചു. സാമ്പത്തിക സഹായമാണ് തങ്ങൾക്ക് വേണ്ടതെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
|
ജോലി തട്ടിപ്പ് ; അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ.HRMP No : 4090/ 23 (29/05/2024)
തിരുവനന്തപുരം (വർക്കല) : വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ കൈക്കലാക്കിയ സംഭവത്തിൽ വർക്കല പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം 1853/23 നമ്പർ കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വർക്കല എസ്.എച്ച്.ഒ ക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. വടശേരിക്കോണം സ്വദേശിനി ശ്രീക്കുട്ടിയാണ് തട്ടിപ്പിന് ഇരയായത്.
എം.ബി.എ. ബിരുദധാരിയായ ശ്രീക്കുട്ടിയെ വർക്കല സ്വദേശിയായ സജീവ് ഗോപാലനും കുടുംബവും ചേർന്ന് കബളിപ്പിച്ചെന്നാണ് പരാതി. തന്റെ പേരിൽ ആകെയുണ്ടായിരുന്ന 7 സെന്റ് വസ്തുവും വീടും എതിർകക്ഷിയുടെ പേരിൽ കേരള ബാങ്കിന്റെ വർക്കല ശാഖയിൽ പണയപ്പെടുത്തി 10 ലക്ഷം രൂപ വായ്പയെടുത്ത് തുക എതിർ കക്ഷി കൈക്കലാക്കിയെന്നാണ് പരാതി. സജീവ്ഗോപാലനെയും കുടുംബത്തെയും പ്രതിസ്ഥാനത്ത് ചേർത്ത് അന്വേഷണം തുടരുന്നതായി വർക്കല എസ്.എച്ച്.ഒ കമ്മീഷനെ അറിയിച്ചു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ; നൃത്താദ്ധ്യാപകനെതിരായ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് പോലീസ്. HRMP. 7786/2023 (30/05/2024)
കോഴിക്കോട് : 11 വയസുള്ള പെൺകുട്ടിയെ നൃത്താദ്ധ്യാപകൻ അടിക്കുകയും നുള്ളുകയും ചെയ്തതിനെ തുടർന്ന് മാനസികമായി തളർന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നുവെന്ന പരാതിയിൽ കുറ്റപത്രം ഉടനെ കോടതിയിൽ സമർപ്പിക്കുമെന്ന് ടൌൺ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് കേസ് തീർപ്പാക്കി. ചേവായൂർ സ്വദേശിനി നൽകിയ പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്.
2023 ഒക്ടോബർ 29 നായിരുന്നു സംഭവം. മുൻകൂർ ജാമ്യം നേടിയ നൃത്താദ്ധ്യാപകനെ പിന്നീട് അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഏലത്തൂർ പോലീസ് ക്രൈം 942/23 നമ്പറായി കേസെടുത്തതായും പരാതിയിൽ പറയുന്നു.
|
ബാങ്ക് വായ്പ ; പരമാവധി ഇളവുകൾ നൽകണം മനുഷ്യാവകാശ കമ്മീഷൻ. HRMP No : 5755/23 (Date: 03/06/2024)
കോട്ടയം : വീട് നിർമ്മിക്കുന്നതിനായി വൈക്കം അർബൻ സഹകരണ ബാങ്കിൽ നിന്നും 2013 ൽ 6,00,000 രൂപ വായ്പയെടുത്തയാൾക്ക് നിയമാനുസൃതം നൽകാൻ കഴിയുന്ന പരമാവധി ഇളവുകൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
എന്നാൽ സർഫാസി നിയമ പ്രകാരം നടപടി നിലവിലുള്ള സാഹചര്യത്തിൽ കമ്മീഷന് ഇടപെടാൻ കഴിയില്ലെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ചൂണ്ടിക്കാണിച്ചു.
സെക്യൂരിറ്റി ഗാർഡായി ജോലി നോക്കിയിരുന്ന കുലശേഖരമംഗലം സ്വദേശി വി. മധു സമർപ്പിച്ച പരാതിയിലാണ് നടപടി. തനിക്ക് 3 അപകടങ്ങളുണ്ടായെന്നും ചികിത്സ തേടേണ്ടി വന്നതുകൊണ്ടാണ് തുക അടയ്ക്കാൻ കഴിയാത്തതെന്നും പരാതിക്കാരൻ അറിയിച്ചു.
വൈക്കം അർബൻ സഹകരണ ബാങ്ക് ജനറൽ മാനേജരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. വായ്പക്ക് 2020 ഒക്ടോബർ വരെ ആർ.ബി.ഐയുടെ പദ്ധതി പ്രകാരം 6 മാസം മൊറട്ടോറിയം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അനുസരിച്ച് വായ്പ പരമാവധി ഇളവുകളോടെ തീർക്കാൻ ബാങ്ക് സന്നദ്ധമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ബാങ്ക് മാനേജരെ കമ്മീഷൻ നേരിൽ കേട്ടു. ഇതിനു ശേഷമാണ് ഉത്തരവ് നൽകിയത്.
|
മനുഷ്യാവകാശ കമ്മീഷൻ ഇന്ന് നടത്താനിരുന്ന പാലക്കാട് സിറ്റിംഗ് മാറ്റി
പാലക്കാട് : മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഇന്ന് (29/05/2024) രാവിലെ 10.30 ന് പാലക്കാട് ഗവ.ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റി. അടുത്ത സിറ്റിംഗ് ജൂൺ 7 ന് നടക്കും.
|
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന് (29/05/2024)
കൊല്ലം : സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഇന്ന് (29/05/24) രാവിലെ 10.30 ന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് പ്രൊഫഷണലിസത്തിന്റെ അഭാവമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 33/24 (29/05/2024)
കോട്ടയം : വളവും ഇറക്കവുമുള്ള റോഡരികിൽ സ്ഥിതി ചെയ്യുന്ന പാറമടയ്ക്ക് റോഡ് സുരക്ഷയുടെ ഭാഗമായി ക്രാഷ് ബാരിയർ സ്ഥാപിക്കണമെങ്കിൽ ജനങ്ങളിൽ നിന്ന് പരാതി ലഭിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് വാദിക്കുന്നത് പ്രൊഫഷണലിസത്തിന്റെ അഭാവം കാരണമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പരാതി ലഭിച്ചാൽ മാത്രമേ ഇത്തരം അടിസ്ഥാനപരമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയുള്ളൂ എന്ന നിലപാടിനെ അപലപിക്കുന്നതായി കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. കേസിന് ആസ്പദമായ വിഷയത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത് തികഞ്ഞ അനാസ്ഥയാണ്. സ്ഥലത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കാൻ ഒരു ജീവൻ ബലി കൊടുക്കേണ്ടി വന്നുവെന്നത് ഏറെ ഖേദകരമാണ്.
അതോടൊപ്പം പല മേജർ റോഡുകളിലും ക്രാഷ് ബാരിയറും സൈൻബോർഡുകളും പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ലെന്നും കമ്മീഷൻ പറഞ്ഞു. സംസ്ഥാനത്ത് അപകട സാധ്യതയുള്ള റോഡുകൾ കണ്ടെത്തി അവിടെയെല്ലാം ക്രാഷ് ബാരിയറും സൈൻബോർഡുകളും സ്ഥാപിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ചീഫ് എഞ്ചിനീയർ, റോഡ്സിനാണ് നിർദ്ദേശം നൽകിയത്.
കോട്ടയം കണക്കാരി-തോട്ടുവ റോഡിൽ മണ്ഡപം പാടിയിൽ 40 അടി താഴ്ചയുള്ള പാറമടക്കുളത്തിലേക്ക് കാർ മറിഞ്ഞ് കാർയാത്രികനായ ലിധീഷ് മരിക്കാനിടയായ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. 2023 ഡിസംബർ 29 നാണ് സംഭവം.
40 വർഷം മുമ്പ് പ്രവർത്തനം നിർത്തിയ പാറമടക്ക് മുകളിൽ ക്രാഷ് ബാരിയറോ സൈൻബോർഡോ സ്ഥാപിച്ചിട്ടില്ലെന്ന് കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു. വളവുകളിൽ സൈൻബോർഡ് സ്ഥാപിക്കാത്തതും കോൺക്രീറ്റ് ഭിത്തികൾ ഇല്ലാത്തതും അപകടത്തിന് കാരണമായതായി ആർ.റ്റി.ഒ അറിയിച്ചു. സ്ഥലത്തെ അപകടസാധ്യതയെ കുറിച്ച് പി.ഡബ്ല്യൂ.ഡി യെ അറിയിച്ചിട്ടുള്ളതായി കുറവിലങ്ങാട് എസ്.എച്ച്.ഒ യും കമ്മീഷനെ അറിയിച്ചു.
നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിൽ റോഡ് നവീകരണം നടക്കുന്ന സമയത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കുമായിരുന്നുവെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അപകടം നടന്ന ശേഷം കുടത്തുരുത്തി എം.എൽ.എ യുടെ നിർദ്ദേശ പ്രകാരം ക്രാഷ് ബാരിയർ സ്ഥാപിക്കാൻ 5.35 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പാറക്കുളം മൂടുകയോ സുരക്ഷാവേലി നിർമ്മിക്കുകയോ ചെയ്യേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു. റോഡ് സുരക്ഷ സ്വയം ബോധ്യപ്പെട്ട് നടപ്പാക്കാനുള്ള ആർജവം പൊതുമരാമത്ത് ഉദ്യോഗസ്ഥർ കാണിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
|
പരാതി നിസാരവൽക്കരിക്കരുതെന്ന് പോലീസിനോട് മനുഷ്യാവകാശ കമ്മീഷൻ . HRMP No : 8680/ 23 (30/05/2024)
ഇടുക്കി : അയൽവാസികൾ തമ്മിലുള്ള വഴക്ക് പതിവാണെന്ന് പറഞ്ഞ് പരാതി നിസാരവൽക്കരിക്കാതെ വ്യക്തമായി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പീരുമേട് എസ്.എച്.ഒ ക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. അയൽവാസിയിൽ നിന്നും നിരന്തരമായി നേരിടുന്ന ഭീഷണിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
പീരുമേട് ഡി.വൈ.എസ്.പി യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ അയൽവാസിയായ ശബരിമല എന്നയാൾ പരാതിക്കാരിയുടെ പറമ്പിലൂടെയാണ് വഴി നടക്കുന്നതെന്നും അനുമതിയില്ലാതെ ഇലക്ട്രിക് ലൈൻ വലിച്ചെന്നുമാണ് പരാതി. ലൈനിന് താഴെയുള്ള മരങ്ങളുടെ ശിഖരങ്ങൾ വൈദ്യൂതി ബോർഡ് വെട്ടികളഞ്ഞെന്നും പരാതിയിൽ പറയുന്നു. ഇരു കക്ഷികളും തമ്മിൽ വഴക്ക് പതിവാണെന്നും എതിർകക്ഷിയെ കർശനമായി താക്കീത് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ താൻ അയൽവാസിയെ ഭയന്ന് മറ്റ് വീടുകളിലാണ് താമസിക്കുന്നതെന്ന് പരാതിക്കാരി കരടിക്കുഴി സ്വദേശിനി മാമിക്കുട്ടി കമ്മീഷനെ അറിയിച്ചു. അനുമതിയില്ലാതെ ഇലക്ട്രിക് ലൈൻ വലിച്ച വിഷയത്തിൽ ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഓഫീസിൽ പരാതി നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
|
മാലിന്യം കൂട്ടിയിട്ട് അന്തസ്സുകെടുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP. 7571/2023 (28/05/2024)
കോഴിക്കോട്: അജൈവ മാലിന്യങ്ങൾ ഒരാഴ്ചയോ അതിലധികമോ റോഡരികിൽ കൂട്ടിയിട്ട് മാതൃകാപരമായ ഒരു സംവിധാനത്തിന്റെ അന്തസ്സ് കെടുത്തരുതെന്ന് കോഴിക്കോട് കോർപ്പറേഷനോട് മനുഷ്യാവകാശ കമ്മീഷൻ.
വാർഡുകളിൽ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യം പൊതു സ്ഥലങ്ങളിലും റോഡരികിലും കൂട്ടിയിടാതെ കോർപ്പറേഷന്റെ ഡംബിംഗ് യാർഡിലേക്കോ മറ്റോ മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കോർപ്പറേഷൻ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥലക്കുറവ് കാരണമാണ് റോഡരികിൽ 3 ദിവസത്തോളം മാലിന്യം കൂട്ടിയിടുന്ന സാഹചര്യം ഉണ്ടാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശേഖരിക്കുന്ന മാലിന്യം അതാത് ദിവസം തന്നെ നീക്കം ചെയ്യുന്ന പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അജൈവ പാഴ് വസ്തുക്കൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിന് നടപടിയെടുക്കുമെന്നും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ പരമാവധി വേഗത്തിൽ മാലിന്യം നീക്കം ചെയ്യുന്നതാണെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ സെക്രട്ടറിയുടെ റിപ്പോർട്ടിലെ പരാമർശം വസ്തുതാപരമല്ലെന്ന് ഉത്തരവിൽ പറഞ്ഞു. അജൈവ മാലിന്യം നിറച്ച ചാക്കുകൾ റോഡരികിൽ കൂട്ടിയിടുന്നതും അത് നായ്ക്കളും മറ്റും കടിച്ചു പറിക്കുന്നതും പല സ്ഥലങ്ങളിലും കാണാവുന്നതാണ്. കമ്മീഷന്റെ ക്യാമ്പ് ഓഫീസിന് മുന്നിൽ പോലും അജൈവ മാലിന്യം നിറച്ച ചാക്കുകൾ ഒരാഴ്ചയോളം കൂട്ടിയിടാറുണ്ടെന്നും ഉത്തരവിൽ പറഞ്ഞു.
|
റോസ് നഗർ- പൈപ്പ് ലൈൻ റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കണം: മനുഷ്യാവകാശ കമ്മീഷൻ.(29/05/2024)
കൊച്ചി: ആലുവ റോസ് നഗർ- പൈപ്പ് ലൈൻ റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആലുവ നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി നിർദ്ദേശം നൽകിയത്.
വെള്ളക്കെട്ടുള്ള സ്ഥലത്ത് ജല അതോററിയുടെ പൈപ്പ് ലൈൻ പോകുന്നതിനാൽ ക്രോസ് ഡ്രെയിൻ നിർമ്മിക്കാൻ അനുമതി നൽകാൻ ജല അതോറിറ്റിക്ക് കത്ത് നൽകിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.ജല അതോറിറ്റിയുടെ ഏറ്റവും വലിയ പൈപ്പ് ലൈനിന് മുകളിൽ ഒരു നിർമ്മാണ പ്രവൃത്തിയും അനുവദിക്കില്ല. തുടർന്ന് നഗരസഭ നടത്തിയ പരിശോധനയിൽ റോഡിൽ താഴ്ന്നഭാഗത്ത് മഴ വെള്ള പിറ്റ് നിർമ്മിച്ചാൽ മഴ വെള്ളം ഈ ഭാഗത്ത് കെട്ടി കിടക്കുന്നത് ഒഴിവാക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടർ നടപടികൾ സ്വീകരിച്ച് കരാർ നൽകിയതായി പറയുന്നു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. തന്റെ വസ്തുവിൽ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ ട്രഷറി റോഡിൽ രാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മൂന്നു ദിവസത്തിനകം രണ്ട് അപകടങ്ങൾ ; വീട് നഷ്ടമായ ഭരതന് തുണയായി മനുഷ്യാവകാശ കമ്മീഷൻ. (28/05/2024)
പാലക്കാട് : മൂന്നു ദിവസത്തിനിടയിലുണ്ടായ രണ്ട് അപകടങ്ങളിൽ കിടപ്പാടം നഷ്ടമായ ഒരു കുടുംബത്തിന്റെ ദുരവസ്ഥയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു.
പാലക്കാട് – കൊടുവായൂർ പാതയിലുള്ള തണ്ണിശേരിയിലെ ഭരതന്റെ വീടിനാണ് ഇത്തരമൊരു ദുരവസ്ഥ സംഭവിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു ലോറി ഇവരുടെ വീട്ടിലേക്ക് ഇടിച്ചുകയറി. കഷ്ടിച്ചാണ് കുടുംബാഗങ്ങൾ രക്ഷപ്പെട്ടത്. തകർന്ന വീടിന്റെ ഒരു ഭാഗം നന്നാക്കുന്നതിനിടയിൽ വ്യാഴാഴ്ച വൈകിട്ട് അമിത വേഗതയിലെത്തിയ ബസ് ഇവരുടെ വീട്ടിലേക്ക് പാഞ്ഞുകയറി. മെക്കാനിക്കായ ഭരതന്റെ ഇരുചക്രവാഹനവും പണിയായുധങ്ങളും ബസ് കയറി തകർന്നു. ആയുസിന്റെ ബലം കൊണ്ടാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ഭരതൻ പറയുന്നു.
പരാതി കിട്ടാത്തതിനാൽ പാലക്കാട് സൌത്ത് പോലീസ് കേസെടുത്തില്ല. ബന്ധു വീടുകളിലാണ് ഇനി ഇവർക്ക് അഭയം. ഭരതനും ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം.
പാലക്കാട് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും വിഷയം അടിയന്തരമായി പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ജൂലൈയിൽ പാലക്കാട് ഗവ.ഗസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ഉറക്ക ഗുളികയിൽ ഉപയോഗിക്കുന്ന രാസവസ്തു ചേർത്ത ഭക്ഷ്യ ഉൽപന്നം അപകടകരമെങ്കിൽ നിരോധിക്കണം മനുഷ്യാവകാശ കമ്മീഷൻ.HRMP No : 874/23 (29/05/2024)
പാലക്കാട് : ഉറക്കഗുളികയിൽ ഉപയോഗിക്കുന്ന മെലറ്റോമിൻ എന്ന രാസവസ്തു അടങ്ങിയ ZZZQUIL എന്ന ഭക്ഷ്യ വസ്തു ആരോഗ്യത്തിന് അപകടകരമാണെന്ന് വ്യക്തമായാൽ അതിന്റെ വിതരണം സംസ്ഥാനത്ത് നിരോധിക്കുന്നതിനും ഇക്കാര്യം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ അറിയിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രണ്ടു മാസത്തിനുള്ളിൽ ഭക്ഷ്യ വസ്തുവിന്റെ പരിശോധനാഫലം ഉൾപ്പെടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
മെഡിക്കൽ സ്റ്റോറുകളിൽ നിന്നും നിയന്ത്രണ വിധേയമായി ലഭിക്കുന്ന ഉറക്കഗുളികകൾ യാതൊരു നിയന്ത്രണവുമില്ലാതെ പൊതുവിപണിയിൽ ലഭിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നാണ് പരാതി.
ഡ്രഗ്സ് കൺട്രോളറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. എഫ്.എസ്.എസ്.എ.ഐ ലൈസൻസ് പ്രകാരം മെഡിക്കൽ ഉപയോഗത്തിനല്ല എന്ന ലേബലിലാണ് തെലുങ്കാനയിൽ നിന്നും ZZZQUIL എന്ന ഭക്ഷ്യ വസ്തു സംസ്ഥാനത്ത് വിൽക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് നിയമ പ്രകാരം ഇത് ഡ്രഗ്സ് കൺട്രോളറുടെ പരിധിയിൽ വരുന്നതല്ലെന്നും റിപ്പോർട്ടിലുണ്ട്. പരാതിക്കാരന് ആവശ്യമെങ്കിൽ തെലുങ്കാന ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ സമീപിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. അതീവ ഗൌരവമുള്ള ഇത്തരം മരുന്നുകൾ പൊതുവിപണിയിൽ ലഭ്യമായാൽ കുട്ടികളടക്കമുള്ള പുതുതലമുറയിൽ ഇതിന്റെ ഉപയോഗം വ്യാപകമാവുമെന്നും പരാതിക്കാരൻ അറിയിച്ചു. കഞ്ചിക്കോട് നരസിംഹപുരം സ്വദേശി മനോഹരൻ ഇരിങ്ങൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അതിഥി അദ്ധ്യാപകരുടെ ശമ്പളം സേവന കാലയളവിൽ നൽകണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 9047/ 23 (28/05/2024)
ഇടുക്കി : സംസ്ഥാനത്തുടനീളം ക്രമ പ്രകാരം അതിഥി ജീവനക്കാരായി നിയമിക്കപ്പെടുന്നവരുടെ വേതനം അവരുടെ സേവന കാലാവധിക്കുള്ളിൽ തന്നെ വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.
പാമ്പനാർ എസ്.എൻ.കോളേജിലെ കൊമേഴ്സ് വിഭാഗത്തിലെ മുൻ അതിഥി അദ്ധ്യാപകന് ഒരു വർഷം കഴിഞ്ഞിട്ടും ഒരു മാസത്തെ വേതനം പോലും നൽകിയില്ലെന്ന പരാതിയിലാണ് നടപടി.
കോട്ടയം കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കോളേജ് അധികൃതരുടെ വീഴ്ച കാരണമാണ് പരാതിക്കാരൻ ഉൾപ്പെടെയുള്ള 5 അതിഥി അദ്ധ്യാപകരുടെ നിയമനം അംഗീകരിക്കാൻ വൈകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പരാതിക്കാരന് വേതനം ലഭിച്ചു.
2016 ൽ പുതുതായി ആരംഭിച്ച കോളേജിലേക്ക് ഒരു ഹെഡ് അക്കൌണ്ടന്റ്, ഒരു ക്ലർക്ക്, ഒരു ലൈബ്രേറിയൻ എന്നിങ്ങനെ 3 അനദ്ധ്യാപകരുടെ തസ്തിക സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ സ്ഥിരം ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥിരം ജീവനക്കാർ ഇല്ലാത്തത് ഓഫീസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മേയ് 4 ന് പീരുമേട് നടന്ന സിറ്റിംഗിൽ പരാതിക്കാരൻ ഹാജരായി. തനിക്ക് വേതനം ലഭിച്ചെന്നും ഭാവിയിൽ ഒരാൾക്കും ഇത്തരം ഒരു അവഗണന സംഭവിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും പരാതിക്കാരൻ അഭ്യർത്ഥിച്ചു.
ഇടുക്കി ചില്ലിത്തോട് സ്വദേശി എബിൻ. പി മണി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
രാമനാട്ടുകരയിലെ കുഴിയടയ്ക്കൽ ഉൾപ്പടെ 3 പരാതികളിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ . (Date : 25/05/2024)
കോഴിക്കോട്:രാമനാട്ടുകര ബൈപ്പാസ് ജംഗ്ഷനിലും മേൽപ്പാലം സർവീസ് റോഡിലും അഞ്ച് ദിവസം മുമ്പ് അടച്ച കുഴികൾ വീണ്ടും അടയ്ക്കുന്നത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അഞ്ചു ദിവസം മുമ്പ് അടച്ച കുഴികൾ മേയ് 22 ന് പെയ്ത മഴയിൽ ഒലിച്ചുപോയതു കാരണമാണ് വീണ്ടും കുഴിയടക്കുന്നത്. കനത്ത മഴ ചെയ്താൽ വീണ്ടും കുഴികൾ പഴയ പടിയാവും. മഴ തുടങ്ങുന്നതിനു മുമ്പ് കുഴിയടച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.
മലാപറമ്പ ദേശീയ പാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.കേസ് ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
നടപ്പാത സ്വകാര്യ വ്യക്തിക്ക് : നടപടി
ഏഴ് കോടി മുടക്കി മുക്കം നഗരസഭ നടപ്പിലാക്കുന്ന മുക്കം സൗന്ദര്യ വൽക്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് അരീക്കോട് പാലത്തിന് സമീപം നിർമ്മിച്ച നടപ്പാതയും കൈവരിയും സ്വകാര്യ വ്യക്തി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന് വേണ്ടി പൊളിച്ചു നീക്കിയതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടു.
മുക്കം നഗരസഭാ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ജൂൺ 25 ന് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.നിരവധി പേർ പ്രഭാത നടത്തക്ക് ഉപയോഗിക്കുന്ന സ്ഥലമാണ് ഇത്. നടപ്പാതയിൽ വലിയ ഗർത്തം രൂപപ്പെട്ടത് കാരണം കാൽ നട യാത്ര അസാധ്യമാണ്.
പാലക്കാടി അംഗൻവാടി കെട്ടിടം നവീകരിക്കണം
ചാത്തമംഗലം പരതപൊയിൽ പാലക്കാടി അങ്കണവാടി കെട്ടിടം സുരക്ഷിതമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. തോരാ മഴയിൽ കെട്ടിടം തകർന്നു വീഴുന്ന അവസ്ഥയിലാണ്.
കുരുന്നുകൾ ജീവൻ പണയം വച്ചാണ് ഇവിടെയിരുന്ന് പഠിക്കേണ്ടത്.1994 ൽ ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് ഇത് .6 വർഷമായി ഒരു അറ്റകുറ്റ പണിയും നടന്നിട്ടില്ല. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രടറി നടപടിയെടുത്ത ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ മൂന്നു കേസുകളും സ്വമേധയാ രജിസ്റ്റർ ചെയ്തത്.
|
കർഷക ആത്മഹത്യകൾ തടയാൻ നിർദ്ദേശങ്ങളുമായി കളക്ടർ ; ചീഫ് സെക്രട്ടറി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 897/ 23 (Date : 25/05/2024)
വയനാട് : ജില്ലയിൽ നടക്കുന്ന കർഷക ആത്മഹത്യകൾ തടയുന്നതിന് കർഷകർക്ക് ആശ്വാസമേകുന്ന നടപടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ചീഫ് സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ 3 മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. വയനാട് ജില്ലാ കളക്ടർ കർഷക ആത്മഹത്യകൾ തടയുന്നത് സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ട് യഥാർത്ഥ കാരണം വെളിവാക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
കടബാധ്യതയാണ് കർഷക ആത്മഹത്യകൾക്കുള്ള പ്രധാന കാരണമെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. കൃഷി വായ്പയ്ക്കായി കർഷകർ പൊതുവേ സമീപിക്കുന്നത് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളെയാണെങ്കിലും പ്രസ്തുത ബാങ്കുകൾ പിന്തുടരുന്ന കർശനമായ വ്യവസ്ഥകൾ ഇതിന് തടസം നിൽക്കുന്നതായി കളക്ടർ അറിയിച്ചു. ഈ സാഹചര്യത്തിൽ കർഷകർ സ്വകാര്യ സ്ഥാപനങ്ങളെ അമിതമായി ആശ്രയിക്കും. അവർ എളുപ്പത്തിൽ അമിത പലിശയും തിരിച്ചടവിൽ കർശന നിബന്ധനകളുമായി വായ്പകൾ അനുവദിക്കും.
വയനാട്ടിലെ കർഷക ആത്മഹത്യകളുടെ പ്രധാന കാരണം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കുന്നതിനുള്ള സൗകര്യമാണ്. 15 വർഷം കൊണ്ട് ജില്ലയിൽ 100 ലധികം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ ഉയർന്ന പലിശ നിരക്കിൽ കർഷകർ ഞെരുങ്ങി പോകാറാണ് പതിവ്. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോൾ കടബാധ്യതയിൽ നിന്നും മുക്തി നേടാൻ അവർ ആത്മഹത്യയെ ആശ്രയിക്കുന്നു. ഇത് പരിഹരിക്കുന്നതിന് കർഷകർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണം. സ്വകാര്യ സ്ഥാപനങ്ങൾ ഉയർന്ന പലിശ ഈടാക്കുന്നതു തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. കർഷകർക്ക് ബാങ്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. കാർഷിക ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കണം. കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണമുണ്ടാകുന്ന കൃഷി നാശത്തെ പ്രതിരോധിക്കാൻ നടപടിയെടുക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഈ വിഷയങ്ങളിൽ സർക്കാർ തലത്തിൽ തീരുമാനമെടുക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. തുടർന്നുണ്ട് ചീഫ് സെക്രട്ടറിയോട് വിഷയത്തിൽ ഇടപെടാൻ കമ്മീഷൻ നിർദ്ദേശിച്ചത്. മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
പന്തീരങ്കാവ് എ.എസ്.ഐ. അപമാനിക്കുന്നതായി പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ . (Date : 27/05/2024)
കോഴിക്കോട് : കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ വാടകയ്ക്ക് നൽകുന്നയാളുടെ കടയുടെ മുന്നിലെത്തി പന്തിരങ്കാവ് എ.എസ്.ഐ അപമാനിക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
|
നഗരത്തിലെത്തുന്ന ബസുകളുടെ റൂട്ട് : പഠനം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP. 5456/2023 (Date : 23/05/2024)
കോഴിക്കോട് : മലപ്പുറം ഭാഗത്ത് നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരുന്ന ബസുകൾ മിനി ബൈപ്പാസ്, റയിൽവേ സ്റ്റേഷൻ എന്നിവയിൽ ഏത് റൂട്ട് തിരഞ്ഞെടുക്കണം എന്നത് സംബന്ധിച്ച് നാറ്റ്പാക്കിനെ കൊണ്ട് പഠനം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മലപ്പുറം ഭാഗത്ത് നിന്നു വരുന്ന 50 കിലോമീറ്റർ ദൂരത്തിൽ കുറവുള്ള ബസുകൾ റയിൽവേ സ്റ്റേഷൻ വഴി പോകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ ഉത്തരവ്.
|
പെൻ സ്റ്റോക്ക് പദ്ധതിയിൽ പരിസ്ഥിതി പഠനം നടത്തണമെന്ന് മനുഷ്യാവകാശകമ്മീഷൻ ; ജൂൺ 11 ന് സിറ്റിംഗ് . HRMP No : 2197/24
ഇടുക്കി : കൊന്നത്തടി പഞ്ചായത്തിലെ 14 –ാം വാർഡിൽ കെ.എസ്.ഇ.ബി യുടെ നേതൃത്വത്തിൽ നിർമ്മാണം നടക്കുന്ന ചിന്നാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പെൻസ്റ്റോക്ക് പദ്ധതിയെ കുറിച്ച് പാരിസ്ഥിതിക പഠനം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.റ്റി) ഡയറക്ടർക്ക് നിർദ്ദേശം നൽകി.
പദ്ധതിയുടെ ഭാഗമായി അപകടാവസ്ഥയിലായ വീടുകളും കൃഷി ഭൂമിയും കെ.എസ്.ഇ.ബി ഏറ്റെടുത്ത് മതിയായ നഷ്ടപരിഹാരം നൽകണമെന്ന പ്രദേശവാസികളുടെ ആവശ്യം ഇടുക്കി ജില്ലാ കളക്ടർ അനുഭാവപൂർവം പരിഗണിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു.
പെൻസ്റ്റോക്ക് പദ്ധതിക്ക് വേണ്ടി അനിയന്ത്രിതമായ നിലയിൽ പാറ പൊട്ടിക്കുന്നതിനാൽ ജീവനും സ്വത്തിനും ഭീഷണിയാണെന്ന പരാതിയുടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് കമ്മീഷൻ ജൂൺ 11 ന് മൂന്നാർ ഗവ.ഗസ്റ്റ് ഹൗ സിൽ സിറ്റിംഗ് നടത്തും. അന്ന് വെള്ളത്തൂവൽ ആന്റ് ചിന്നാർ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് മാനേജർ നേരിട്ട് ഹാജരായി ഇതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി മേയ് 14 ന് സ്ഥലം സന്ദർശിച്ച ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ശക്തി കൂടിയ സ്ഫോടനങ്ങൾ നടത്തിയതു കാരണം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കമ്മീഷൻ നേരിട്ട് മനസിലാക്കി. പല വീടുകളുടെയും സിമന്റ് മേൽക്കുര അടർന്നു. ചുമരുകൾ പൊട്ടിപൊളിഞ്ഞു. അപകട മേഖലയിൽ താമസിക്കുന്നവർക്ക് സംരക്ഷണം നൽകണമെന്നും കമ്മീഷൻ വിലയിരുത്തി. കൃഷി സ്ഥലങ്ങൾ വിണ്ടുകീറി കൃഷിയോഗ്യമല്ലാതായി.
പരാതിക്കാരുടെ വീടുകൾക്കുണ്ടായ കേടുപാടുകൾ തുരങ്ക നിർമ്മാണം കാരണമാണോ എന്ന് പറയാൻ പ്രയാസമുണ്ടെന്നാണ് സർക്കാർ നിലപാട്. ജില്ലാ ജിയോളജിസ്റ്റ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇടുക്കി തഹസീൽദാർ എന്നിവർ സ്ഥലം സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ എൻ.ഐ.റ്റി. ഇക്കാര്യം പരിശോധിക്കണമെന്ന് പരാമർശിച്ചിട്ടുണ്ട്. 20 മാസങ്ങൾക്ക് മുമ്പാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ല. സ്ഥലം സന്ദർശിച്ച വേളയിൽ ഉദ്യോഗസ്ഥർ കമ്മീഷന് മുന്നിലും കൃത്യമായ വിവരവും നൽകിയില്ല.
അപകടാവസ്ഥയിൽ പോലും പദ്ധതിയുടെ നിർമ്മാണം തുടരുന്ന സാഹചര്യം അത്ഭുതപ്പെടുത്തുന്നതായി വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. കൃഷി ചെയ്യാനും സ്വന്തം വീട്ടിൽ കിടന്നുറങ്ങാനും കഴിയാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ മനുഷ്യത്വപരമായി ഇടപെടാത്തതിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി. ഇടുക്കി പനങ്കുഴി സ്വദേശികളായ ഷിന്റോ അഗസ്റ്റിനും മറ്റുള്ളവരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
|
കല്യാണ മണ്ഡപങ്ങളിലും ഓഡിറ്റോറിയങ്ങളിലും പച്ചക്കറികൾ കഴുകുന്നില്ല ; പരിശോധനയ്ക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. HRMP No : 636/23 (Date : 27/05/2024)
പാലക്കാട് : കല്യാണ മണ്ഡപങ്ങളിലും ഓഡിറ്റോറിയങ്ങളിലും മറ്റും പച്ചക്കറികൾ കഴുകാതെ ഉപയോഗിക്കുകയാണെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ.
ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
പാലും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ഭക്ഷണ വസ്തുക്കളിൽ മായം ചേർക്കുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പാൽ, പഴം, പച്ചക്കറി തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം വിപണിയിൽ ഉറപ്പാക്കുന്നതിന് വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രത്യേക പരിശോധനകൾ നടത്തുമെന്നും റിപ്പോർട്ടിലുണ്ട്. സാമ്പിളുകൾ ശേഖരിച്ച് ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡോ. സുരേഷ്.കെ. ഗുപ്തൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ഭൂമാഫിയ കുന്നിടിച്ച് നിരത്തിയ മുക്കത്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം.(Date : 24/05/2024)
കോഴിക്കോട് : ഭൂമാഫിയ അനധികൃതമായി കുന്നിടിച്ചത് കാരണം മുക്കം മണാശ്ശേരി മുത്താലം മേട പറ്റം കുന്നിൻ ചെരിവിൽ താമസിക്കുന്ന നൂറോളം പേരുടെ ജീവൻ അപകടത്തിലായ സാഹചര്യത്തിൽ ജില്ലാ കളക്ടർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ കളക്ടർക്കൊപ്പം മുക്കം നഗരസഭാ സെക്രട്ടറിയും വിഷയത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിച്ച ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
2022 ൽ മൂന്നര ഏക്കറുള്ള കുന്നിടിച്ച് നിരത്തുമ്പോൾ ജില്ലാ കളക്ടർ, ആർ.ഡി.ഒ, തഹസിൽദാർ, താഴെക്കാട് വില്ലേജ് ഓഫീസർ, ജിയോളജിസ്റ്റ്, മുക്കം പോലീസ് എസ്.എച്ച്.ഒ എന്നിവർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് തിരവമ്പാടി സ്വദേശി സെയ്തലവി സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇപ്പോൾ പെയ്യുന്ന ശക്തമായ മഴയിൽ വീടുകളും പറമ്പുകളും ചെളിയും മണ്ണും നിറഞ്ഞ് വാസയോഗ്യമല്ലാതായി മാറി. 75 വയസുള്ള ലീലാമണിയും മകൻ ദിലീപും സ്വന്തം വീട്ടിൽ താമസിക്കാനാവാതെ ബന്ധുവീട്ടിലേക്ക് മാറി.
കുന്നിൻ ചെരിവിൽ 106 പേർ താമസിക്കുന്നുണ്ട്. പരാതി നൽകിയെങ്കിലും ഭൂമാഫിയ കുന്നിടിക്കൽ നിർബാധം തുടർന്നു. 30 അടി ഉയരത്തിൽ കൂട്ടിയിട്ട ചെളിയും പാറകല്ലുകളും ലീലാമണിയുടെ ഉൾപ്പെടെയുള്ള വീടുകളിലേക്ക് വീണു. മണ്ണും ചെളിയും ഒഴുകിയിറങ്ങി ജലസ്രോതസുകൾ അടഞ്ഞു. റോഡുകൾ ബ്ലോക്കായി. വയലുകൾ നിറഞ്ഞു. തികച്ചും ദുരിത പൂർണമാണ് അവിടത്തെ സാഹചര്യം.
ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
വണ്ടിപ്പെരിയാറിലെ കുടിവെള്ളക്ഷാമം ഒരു മാസത്തിനകം പരിഹരിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 8504/ 23 (Date : 27/05/2024)
ഇടുക്കി : വണ്ടിപ്പെരിയാർ മേഖലയിലുള്ള കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഒരു മാസത്തിനകം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പീരുമേട് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.
ജലവിഭവ വകുപ്പിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. വണ്ടിപ്പെരിയാർ ഭാഗത്ത് നിലവിൽ കുടിവെള്ള വിതരണം മുടക്കം കൂടാതെ നടക്കുന്നുണ്ടെന്നും അഴുത ബ്ലോക്ക് പഞ്ചായത്ത് നൽകിയ 20,20,200 രൂപ ഉപയോഗിച്ച് വണ്ടിപ്പെരിയാർ സോഴ്സിൽ ശേഷി കൂടിയ പമ്പ് സ്ഥാപിക്കാൻ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ റിപ്പോർട്ട് അവാസ്തവമാണെന്നും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തണമെന്നും പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി ആവശ്യപ്പെട്ടു.
കുടിവെള്ളം പ്രദേശവാസികളുടെ നിഷേധിക്കാനാവാത്ത മൗലികാവകാശമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സാങ്കേതിക പ്രശ്നം കൊണ്ടുമാത്രമാണോ നിലവിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതെന്ന വസ്തുത പരിശോധിച്ച് ഉചിതമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
കുഴികൾ മൂടാതെ പോയ കെ.എസ്.ഇ.ബി ക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. (Date : 23/05/2024)
മലപ്പുറം : തിരൂർ - ചമ്രവട്ടവത്ത് തിരൂർ താഴെപ്പാലം മുതൽ പൊറ്റത്തേപ്പടി വരെയുള്ള റോഡിൽ വൈദ്യുതി കേബിളിടാൻ കെ.എസ്.ഇ.ബി കുഴിച്ച കുഴികൾ പാതിമാത്രം മൂടിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അധികൃതരിൽ നിന്നും വിശദീകരണം തേടി.
കെ.എസ്.ഇ.ബി തിരൂർ ഡിവിഷൻ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പാതി മൂടിയ കുഴിയിൽ ഇരുചക്ര വാഹന യാത്രികർ തെന്നിവീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കേബിൾ ചുറ്റിയ റോൾ ഫ്രയിം നടപ്പാതകളിൽ ഉപേക്ഷിച്ചത് യാത്രക്കാരെ വലയ്ക്കുന്നു. ജൂൺ 18 ന് തിരൂർ റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
സിറ്റിംഗ് ഇന്ന് : കണ്ണൂർ
കണ്ണൂർ : മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഇന്ന് (24/05/2024) രാവിലെ 10.30 ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൌസിൽ സിറ്റിംഗ് നടത്തും.
|
ഉത്തരകടലാസുകൾ കാണാതായ സംഭവത്തിൽ കർശന നടപടി വേണം : മനുഷ്യാവകാശ കമ്മീഷൻ. HRMP. 4876/2022 (Date : 23/05/2024)
കണ്ണൂർ : കാലിക്കറ്റ് സർവകലാശാല നടത്തിയ ബി.കോം പരീക്ഷയുടെ 200 ഉത്തരകടലാസുകൾ കാണാതായ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇത്തരം വീഴ്ചകൾ ഭാവിയിൽ സംഭവിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
ഉത്തരകടലാസുകൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടെ അധ്യയന വർഷത്തിൽ നഷ്ടം സംഭവിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സർവകലാശാലാ രജിസ്ട്രാർ കമ്മീഷന് ഉറപ്പു നൽകി.
ബി.കോം/ബി.ബി.എ കോഴ്സുകളിൽ 2020 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ ഉത്തരകടലാസുകളാണ് കാണാതായത്. മോണിറ്ററിംഗ് സെക്ഷനിൽ നിന്നാണ് ഉത്തരകടലാസുകൾ നഷ്ടമായത്. ആവർത്തിച്ചുള്ള പരിശോധനകൾ നടത്തിയെങ്കിലും ഉത്തരകടലാസുകൾ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പോലീസിൽ പരാതി നൽകാൻ സിന്റിക്കേറ്റ് തീരുമാനിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സിന്റിക്കേറ്റ് വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. മോണിറ്ററിംഗ് സെല്ലിൽ പ്രവർത്തിക്കുന്ന ദിവസ വേതനക്കാരെ സർവീസിൽ നിന്നും മാറ്റി നിർത്താൻ തീരുമാനിച്ചു. പരീക്ഷാ ഭവനിൽ സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു. തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് മുന്നിൽ സർവകലാശാലാ പരാതി നൽകി.
പോലീസന്വേഷണം നടക്കുന്നതിനാൽ കൂടുതൽ നടപടികൾ ആവശ്യമില്ലെന്ന് കമ്മീഷൻ തീരുമാനിച്ചു. ഏതായാലും വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം വീഴ്ചകൾ ആവർത്തിക്കരുതെന്ന് കമ്മീഷൻ സർവകലാശാലാ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. കണ്ണൂർ സ്വദേശിയായ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ബസ് ഡ്രൈവറുടെ മരണം ; അന്വേഷണത്തിന് സാവകാശം തേടി പോലീസ് മനുഷ്യാവകാശ കമ്മീഷനിൽ. HRMP. 8087/2023 (24/05/2024)
കണ്ണൂർ : കാൽനടയാത്രക്കാരന് ബസ് തട്ടി പരിക്കേറ്റപ്പോൾ ഭയന്ന് ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിക്കാനിടയായ സംഭവത്തിൽ അന്വേഷണത്തിന് കൂടുതൽ സമയം നൽകണമെന്ന് പോലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ജിജിത്ത് എന്ന ഡ്രൈവറുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകി.
2023 നവംബർ 11 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കോടിയേരി പെട്ടിപ്പാലത്തുള്ള റെയിൽവേ ട്രാക്കിലാണ് ജിജിത്തിനെ ട്രെയിനിടിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കേസിൽ എഞ്ചിൻ ഡ്രൈവറെയും ബസിലുണ്ടായിരുന്ന യാത്രക്കാരെയും ചോദ്യം ചെയ്യാനുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഡോക്ടറെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന് കൂടുതൽ വ്യക്തത വരികയുള്ളൂ. ദൃക്സാക്ഷികൾ ഉണ്ടോ എന്ന് കണ്ടെത്തണമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്കു വേണ്ടി തലശ്ശേരി എ.എസ്.പി കമ്മീഷനെ അറിയിച്ചു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
പ്രളയ ധനസഹായം: പെർമനന്റ് ലോക് ആദാലത്തിനെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 96/20 (Date : 24/05/2024)
ആലപ്പുഴ : 2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് അനുവദിച്ച നഷ്ടപരിഹാരത്തെ കുറിച്ച് പരാതിയുള്ളവർ പെർമനന്റ് ലോക് അദാലത്തിനെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
2018 ലെ പ്രളയവുമായി ബന്ധപ്പെട്ട അപ്പീലുകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞുവെന്ന കാർത്തികപ്പള്ളി തഹസിൽദാറുടെ വിശദീകരണം സ്വീകരിച്ചുകൊണ്ടാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്.
തന്റെ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ട് സർക്കാർ 10,000 രൂപ മാത്രം നഷ്ടപരിഹാരം അനുവദിച്ചതിനെതിരെ പള്ളിപ്പാട് സ്വദേശി എബ്രഹാം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
2018 ലെ പ്രളയ ധനസഹായം ഇപ്പോൾ അനുവദിക്കുന്നതിന് സർക്കാർ ഉത്തരവുകളില്ലെന്ന് തഹസിൽദാർ കമ്മീഷനെ അറിയിച്ചു. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് മുഖേന വീട് അറ്റകുറ്റപണി ചെയ്യുന്നതിന് വേണ്ടി അപേക്ഷ സമർപ്പിക്കണമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
നഷ്ടപരിഹാരം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സമാനമായ മറ്റൊരു കേസിൽ അപേക്ഷകർക്ക് രണ്ടാം അപ്പീൽ അധികാരിയായ പെർമനന്റ് ലോക് അദാലത്തിനെ സമീപിക്കാമെന്ന് സർക്കാർ കമ്മീഷനെ അറിയിച്ചിരുന്നു
|
ഹോം സ്റ്റേ നേരിടുന്ന ബുദ്ധിമുട്ടുകൾ രണ്ടാഴ്ചക്കകം പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ . (Date : 23/05/2024)
ഇടുക്കി : പീരുമേട് ലാൻഡ്രം പുതുവലിൽ 2006 മുതൽ സർക്കാർ അനുമതിയോടെ വിമുക്തഭടൻ നടത്തിവരുന്ന ഹോം സ്റ്റേ സംരംഭം നേരിടുന്ന ബുദ്ധിമുട്ടുകളിൽ രണ്ടാഴ്ചക്കകം കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി പീരുമേട് ഡി.വൈ. എസ്.പിക്കും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കും നിർദ്ദേശം നൽകി.
ഏലപ്പാറ ലാൻഡ്രം പുതുവലിൽ സഞ്ജയ് സിംഗ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ് . മാക്കൽ പുരയിടത്തിൽ സുമേഷ് എന്നയാൾ തന്റെ ഹോം സ്റ്റേയിലെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതായും സ്ഥലത്ത് അനധികൃത മദ്യവിൽപ്പന നടത്തി അരാജകത്വം സൃഷ്ടിക്കുന്നതായും പരാതിയിൽ പറയുന്നു.
എതിർ കക്ഷിയുടെ ഭാഗത്ത് നിന്ന് ഭീഷണിയോ മദ്യവിൽപ്പനയോ ഉണ്ടായാൽ നടപടിയെടുക്കാൻ പീരുമേട് എസ് എച്ച് ഒക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പീരുമേട് ഡി.വൈ. എസ് പി കമ്മീഷനെ അറിയിച്ചു. എന്നാൽ എതിർകക്ഷികളിൽ ഒരാളായ മുത്തു വസ്തുവിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്നും അനധികൃത മദ്യ കച്ചവടം തുടർന്നു വരികയാണെന്നും പരാതിക്കാരൻ അറിയിച്ചു.
രാജ്യസേവനത്തിന് തന്റെ ജീവിതം ഉഴിഞ്ഞു വച്ച് സ്വമനസാലെ കേരളത്തിലെത്തി ജില്ലയുടെ ടൂറിസം സാധ്യതകൾക്ക് കരുത്തുപകരുന്ന പരാതിക്കാരന് പ്രദേശവാസികളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന എതിർപ്പുകൾ അതിശയം ജനിപ്പിക്കുന്നതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
പോക്സോ കേസിൽ കുറ്റവിമുക്തനാക്കിയ യുവാവിനും ബന്ധുക്കൾക്കും സ്വന്തം വീട്ടിൽ കയറാൻ സംരക്ഷണം നൽകണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 14/24, 585/2024 (Date : 22/05/2024)
ഇടുക്കി : പോക്സോ കേസിൽ നിന്നും കോടതി കുറ്റവിമുക്തനാക്കിയ യുവാവിനും ബന്ധുക്കൾക്കും സ്വന്തം വീടുകളിൽ താമസിക്കാനും ഉപജീവനത്തിനായി തൊഴിലെടുക്കാനുമുള്ള സംരക്ഷണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇതിനാവശ്യമായ കർശന നിർദ്ദേശം വണ്ടിപ്പെരിയാർ പോലീസിന് നൽകണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി പീരുമേട് ഡി.വൈ.എസ്.പി യോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വണ്ടിപ്പെരിയാർ പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായും കമ്മീഷൻ വിലയിരുത്തി.
പോക്സോ കേസിൽ കുറ്റവിമുക്തനായ അർജുന്റെ പിതൃ സഹോദരന്റെ വീട്ടിൽ നടന്ന മോഷണ കേസിൽ അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ഡി.വൈ.എസ്.പി ക്ക് നിർദ്ദേശം നൽകി.
അർജുന്റെ കുടുംബവും പിതൃ സഹോദരന്റെ കുടുംബവും വണ്ടിപ്പെരിയാർ എം.എം.ജെ പ്ലാന്റേഷനിലെ തൊഴിലാളികളാണ്. 2023 ഡിസംബർ 14 നാണ് അർജുനെ കോടതി കുറ്റവിമുക്തനാക്കിയത്. ഇതിന് ശേഷം, മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ അർജുനും കുടുംബത്തിനും നേരെ ഭീഷണിയുയർത്തി. ഇതിനെതിരെ അർജുന്റെ പിതൃ സഹോദരൻ ഹൈക്കേടതിയെ സമീപിച്ചു. ഹൈക്കോടതി സംരക്ഷണ ഉത്തരവ് നൽകിയിട്ടും വണ്ടിപ്പെരിയാർ പോലീസ് ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി. പിതൃ സഹോദരൻ ഷൺമുഖന്റെ മകളുടെ വിവാഹത്തിന് വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. ഇപ്പോൾ അർജുന്റെ കുടുംബത്തിനും പിതൃ സഹോദരന്റെ കുടുംബത്തിനും വീട്ടിൽ പ്രവേശിക്കാനോ തൊഴിലെടുക്കാനോ കഴിയുന്നില്ല.
പോലീസ് ബന്തവസോടെ അർജുനെ ചൂരക്കുളത്തുള്ള താമസസ്ഥലത്ത് എത്തിച്ചെങ്കിലും സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടായതായി പീരുമേട് ഡി.വൈ.എസ്.പി കമ്മീഷനെ അറിയിച്ചു. അർജുനും കുടുംബത്തിനുമെതിരെ ജനവികാരം നിലനിൽക്കുന്നുണ്ടെന്നും ഇതിൽ മാറ്റമുണ്ടാകുന്ന സമയത്ത് പരാതിക്കാർക്ക് വേണ്ട സഹായങ്ങൾ നൽകാമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പോക്സോ കേസിലെ യഥാർത്ഥ പ്രതിയുടെ ദുഃസ്വാധീനമാണ് സംഭവത്തിന് പിന്നിലെന്ന് പരാതിക്കാരായ അർജുന്റെ പിതാവ് സുന്ദറും പിത്യ സഹോദരൻ ഷൺമുഖനും കമ്മീഷനെ അറിയിച്ചു.
പരാതിക്കാർക്ക് അർഹതയുള്ള നീതി പോലീസ് നിഷേധിച്ചതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരന്റെ മകളുടെ വിവാഹത്തിന് കരുതിവെച്ച 8 പവനും 50,000 രൂപയും മോഷണം പോയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പോലീസിന്റെ ജോലി നിർവഹിക്കാൻ സമ്മതിക്കാത്തവർക്കെതിരെ കേസെടുക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (21/05/2024)
കോഴിക്കോട്: കുറ്റികാട്ടൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് ഗാന്ധിനഗർ കെ.എസ്. ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ പറഞ്ഞു. കേസ് ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
മഴ പെയ്തപ്പോൾ ഒതുങ്ങി നിന്ന കടവരാന്തയിലെ ഇരുമ്പ് പൈപ്പിൽ പിടിച്ചപ്പോഴാണ് റിജാസിന് ഷോക്കേറ്റത്. കടയിലേക്കുള്ള വൈദ്യുതി കണക്ഷനിൽ തകരാർ ഉള്ളതായി കടയുടമ ബോർഡിനെ അറിയിച്ചിരുന്നു. എന്നാൽ നടപടിയെടുത്തില്ല. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
|
ജില്ലാ ആശുപത്രി പരിസരത്ത് രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. (Date : 21/05/2024)
കണ്ണൂർ : ജില്ലാ ആശുപത്രിയിൽ നിന്നും പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ശേഷം കാണാതായ അതിഥിത്തൊഴിലാളിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
കാലിന് പരിക്കേറ്റ നിലയിൽ അക്രമാസക്തനായി നഗരത്തിൽ കണ്ടെത്തിയ ആളെ ആമ്പുലൻസിൽ കയറ്റി പരിയാരത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആമ്പുലൻസിൽ കയറിയില്ലെന്ന് പോലീസ് വിശദീകരിച്ചു. പോലീസിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്ത് വീഴ്ചയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഹിന്ദി സംസാരിക്കുന്ന ഇയാളെ ആരോ അടിച്ചു പരിക്കേൽപ്പിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. ഇയാളുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. മികച്ച ചികിത്സ നൽകിയിരുന്നെങ്കിൽ ഇയാൾ മരിക്കുകയില്ലായിരുന്നുവെന്ന് ആമ്പുലൻസ് ഡ്രൈവർമാർ പറഞ്ഞു. ആമ്പുലൻസിൽ കയറാൻ കൂട്ടാക്കാത്തതോടെ പോലീസ് ഇയാളെ ഉപേക്ഷിക്കുകയായിരുന്നു. ജൂണിൽ കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
പഞ്ചായത്ത് നൽകിയ ലൈസൻസിൽ നിർമ്മിച്ച കെട്ടിടത്തിന് നമ്പർ നൽകുന്നില്ല ; പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3120/2023, 4356/2023 (Date : 22/05/2024)
കാസർകോട് : വയോധികന് വീട് നിർമ്മിക്കാൻ പഞ്ചായത്ത് ബിൽഡിംഗ് ലൈസൻസ് അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയപ്പോൾ റയിൽവേ അതിർത്തിയിൽ നിന്നും നിശ്ചിത അകലം പാലിച്ചിട്ടില്ലെന്ന പേരിൽ കെട്ടിട നമ്പർ നൽകാൻ വിസമ്മതിച്ച പഞ്ചായത്തിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
റയിൽവേ വസ്തുവിൽ നിന്നും നിർമ്മാണ സ്ഥലത്തേക്ക് നിയമാനുസൃതം നിഷ്കർഷിച്ച അകലമുണ്ടെന്ന് ഗ്രാമ പഞ്ചായത്തിന് ബോധ്യപ്പെട്ടാൽ അടിയന്തരമായി കെട്ടിട നമ്പർ അനുവദിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
റയിൽവേ ട്രാക്കിൽ നിന്നും നിശ്ചിത അകലമായ 30.5 മീറ്റർ മാറിയാണ് ബാലൻ എന്ന വയോധികൻ കെട്ടിട നിർമ്മാണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ കെട്ടിടവും റയിൽവേ അതിരും തമ്മിൽ 13.15 മീറ്റർ ദൂരം മാത്രമാണുള്ളതെന്ന് റയിൽവേ ഡിവിഷണൽ മാനേജർ അറിയിച്ചതായി തൃക്കരിപ്പൂർ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. റയിൽവേ ട്രാക്കിന്റെ അതിരിന് 30 മീറ്റർ ഉള്ളിൽ വന്നാൽ ബന്ധപ്പെട്ട റയിൽവേ അധികാരികളുടെ അനുമതി/നിരാക്ഷേപപത്രം ഹാജരാക്കണമെന്നാണ് നിബന്ധനയെന്നും ഇത് കെട്ടിടം ഉടമ ഹാജരാക്കിയിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. തുടർന്ന് റയിൽവേ സ്ഥലത്തിന്റെ അതിർത്തി നിർണയിച്ചുതരാൻ റയിൽവേ അധികാരികൾക്ക് 2023 ഓഗസ്റ്റ് 8 ന് കത്ത് നൽകിയിട്ടുണ്ട്. ഇതു ലഭിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയത് പഞ്ചായത്താണെന്നും അത് നിയമവിരുദ്ധമാണെങ്കിൽ നിർമ്മാണത്തിന് വേണ്ടിവന്ന മുഴുവൻ ചെലവും നൽകാൻ പഞ്ചായത്തിന് നിർദ്ദേശം നൽകണമെന്നും കെട്ടിട ഉടമയ്ക്ക് വേണ്ടി കമ്മീഷന് പരാതി നൽകിയ മനോഹർ ഇരിങ്ങൽ കമ്മീഷനെ അറിയിച്ചു.
|
മനുഷ്യാവകാശ കമ്മിഷൻ തൃശൂർ സിറ്റിങ് ഇന്ന് (21/05/2024)
തൃശൂർ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ഇന്ന് (21/05/2024) രാവിലെ 10.30 ന് തൃശൂർ ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.
|
മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയിലെ ചികിത്സാ പിഴവ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 22/05/2024)
മാനന്തവാടി : സെന്റ് ജോസഫ്സ് ആശുപത്രിയിലെ ചികിത്സാ പിഴവിനെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.
സുൽത്താൻ ബത്തേരിയിൽ അടുത്തമാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കാലിലെ ഉപ്പൂറ്റിയിൽ തുളച്ച് കയറിയ മരക്കുറ്റി പുറത്തെടുക്കാതെ മരുന്ന് വച്ച് കെട്ടിയെന്നാണ് തവിഞ്ഞാൽ സ്വദേശി പുത്തൻപുരയിൽ പി.എസ്. അരുൺ ഡി.എം.ഒ ക്ക് പരാതി നൽകിയത്. കഴിഞ്ഞ മാർച്ച് 27 നായിരുന്നു സംഭവം. മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ പരാതിക്കാരനോട് കാലിൽ മരക്കുറ്റിയുടെ പൊടി മാത്രമാണ് ഉള്ളതെന്ന് പറഞ്ഞ് ഡോക്ടർ മരുന്നുവച്ച് അയയ്ക്കുകയായിരുന്നു. രണ്ടു ദിവസത്തിന് ശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോഴും ഇതേ ചികിത്സ ഡോക്ടർ ആവർത്തിച്ചു. ഒടുവിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്നാണ് ഉപ്പൂറ്റിയിൽ ഒരിഞ്ച് നീളമുള്ള രണ്ട് മരകഷ്ണങ്ങൾ കണ്ടെത്തി നീക്കം ചെയ്തത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ബത്തേരി സിറ്റിംഗ് ഇന്ന് (21/05/2024)
വയനാട് : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഇന്ന് (21/05/2024) രാവിലെ 10.30 ന് സുൽത്താൻ ബത്തേരി മുനിസിപ്പൽ ടൗൺഹാളിൽ സിറ്റിംഗ് നടത്തും.
|
ഗവേഷണ വിദ്യാർത്ഥിക്ക് ഫെലോഷിപ്പ് അനുവദിക്കാൻ നടപടിയെടുക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 6640/ 19 (Date : 21/05/2024)
മലപ്പുറം : ഗൈഡുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ഗവേഷണ വിദ്യാർത്ഥിക്ക് ഫെലോഷിപ്പ് ലഭിച്ചില്ലെന്ന പരാതി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കാലിക്കറ്റ് സർവകലാശാലാ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥാണ് ഉത്തരവ് നൽകിയത്. ബോട്ടണി വിഭാഗത്തിലെ നാലു വിദ്യാർത്ഥികളാണ് പരാതി നൽകിയത്. ഗൈഡ് തങ്ങളെ മാനസികമായി തളർത്തുകയാണെന്നായിരുന്നു പരാതി. തുടർന്ന് കമ്മീഷൻ ഉത്തരവ് പാസാക്കി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവകലാശാല അന്വേഷണ കമ്മീഷനെ നിയമിക്കുകയും അന്വേഷണത്തിൽ ഗൈഡിന്റെ നിരുത്തരവാദപരമായ പെരുമാറ്റം കാരണം കുട്ടികൾക്ക് യഥാസമയം ഗവേഷണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഈ കണ്ടെത്തൽ കമ്മീഷൻ ശരിവച്ചു. 2020 ഓഗസ്റ്റ് 14 നാണ് കമ്മീഷൻ ഇടക്കാല ഉത്തരവ് പാസാക്കിയത്.
ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാലു വിദ്യാർത്ഥികൾക്ക് സർവകലാശാലാ പുതിയ ഗൈഡിനെ നൽകി. ഗവേഷകർക്ക് ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാലാവധി നീട്ടി നൽകാമെന്നും സർവകലാശാലാ സമ്മതിച്ചു. ഇതിനിടെ ഗൈഡ് ഹൈക്കോടതിയിൽ റിട്ട് സമർപ്പിക്കുകയും അവരുടെ ഗൈഡ്ഷിപ്പ് പുനസ്ഥാപിക്കുകയും ചെയ്തു.
തുടർന്ന് ഗവേഷണ വിദ്യാർത്ഥികളിൽ ഒരാളായ അരുൺ ടി. റാം വീണ്ടും കമ്മീഷനെ സമീപിച്ചു. തനിക്ക് 2022 നവംബർ 10 ന് സർവകലാശാലാ പി.എച്ച്.ഡി നൽകിയതായി വിദ്യാർത്ഥി കമ്മീഷനെ അറിയിച്ചു. എന്നാൽ ദീർഘിപ്പിച്ച ഗവേഷണ കാലയളവിലെ ഫെലോഷിപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടു. 2019 ജൂലൈ 1 മുതൽ 2022 ജൂൺ 6 വരെയുള്ള ഫെലോഷിപ്പ് തുകയാണ് അനുവദിക്കാനുള്ളത്. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ കമ്മീഷൻ സർവകലാശാലാ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
|
മിച്ചഭൂമി: കേസിൽ തുടർനടപടികൾ ജില്ലാ കളക്ടർ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 39/23 (20/05/2024)
മലപ്പുറം : നിലമ്പൂർ താലൂക്കിൽ കരുവാരകുണ്ട് വില്ലേജിൽ മിച്ചഭൂമിയായി കണ്ടെത്തിയ 94.39 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട് നിലമ്പൂർ താലൂക്ക് ലാന്റ് ബോർഡിലുള്ള കേസിൽ വിചാരണ പൂർത്തിയാകുന്ന മുറയ്ക്ക് തുടർനടപടികൾ ത്വരിതപ്പെടുത്താനുള്ള ഇടപെടൽ ജില്ലാ കളക്ടർ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മിച്ചഭൂമി ലാന്റ് ബോർഡ് ഏറ്റെടുത്ത് തങ്ങൾ പതിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് വീടും സ്ഥലവുമില്ലാത്തവർ സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് .
കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ ഉത്തരവ്.
ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ 94.39 ഏക്കർ ഭൂമി ഇപ്പോൾ 93 കൈവശക്കാരുടെ കൈയിലാണെന്നും ഈ കൈവശക്കാർ നിലവിൽ നിലമ്പൂർ താലൂക്ക് ലാന്റ് ബോർഡ് മുമ്പാകെ എസ്.ആർ 119/97 പ്രകാരം കേസിൽ കക്ഷി ചേർത്തിട്ടുണ്ടെന്നും പറയുന്നു. പ്രസ്തുത കേസിന്റെ വിചാരണ പൂർത്തിയാക്കി ഉത്തരവ് വന്നാൽ മാത്രമേ ബാക്കി എത്ര മിച്ചഭൂമി ഏറ്റെടുക്കാൻ സാധിക്കുകയുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു. കരുവാരക്കുണ്ട് പുൽവെട്ട സ്വദേശി വാസു സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്.
|
തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (20/05/2024)
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്മാർട്ട് റോഡുകളുടെ നിർമ്മാണം അനന്തമായി നീളുന്നതു കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടതിനെ കുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥാണ് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. മഴ പെയ്തതോടെ യാത്ര ദുസഹമായി മാറിയിരിക്കുകയാണ്. കേസ് ജൂണിൽ പരിഗണിക്കും.
വീട്ടുകാർക്ക് വലിയ കുഴികൾ ചാടി കടന്നു വേണം പുറത്തുപോകേണ്ടത്. പലരും വീട്ടിൽ നിന്ന് കാർ എടുത്തിട്ട് മാസങ്ങളായി.മഴ തുടങ്ങിയതോടെ നിർമ്മാണം നിലച്ചു. നഗരത്തിലെ 80 റോഡുകളാണ് സ്മാർട്ടാക്കുന്നത്. 273 കോടി മുടക്കിയാണ് റോഡുകൾ നവീകരിക്കുന്നത്. സ്കൂളുകളും കോളേജുകളും പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ റോഡുകളാണ് കുത്തിപൊളിച്ചത്. കഴിഞ്ഞ ദിവസം മഴചെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞു. 28 റോഡുകളുടെ നവീകരണം ഇനി പൂർത്തിയാക്കാനുണ്ട്. ക്യത്യമായ ആസൂത്രണമില്ലായമയാണ് പ്രതിസന്ധിക്ക് കാരണം. നിർമ്മാണം എന്നു തുടങ്ങിയെന്നും എന്നു പൂർത്തിയാകുമെന്നും ബോർഡ് സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് മാന്വലിൽ പറയുന്നുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ; ഇ – ഹെൽത്ത് സംവിധാനം വന്നാൽ ഒ.പി. യിലെ തിരക്ക് ഒഴിവാക്കാമെന്ന് സൂപ്രണ്ട്. HRMP. 7877/2023 (Date : 20/05/2024)
കോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രിയിലെ കാർഡിയോളജി, ന്യൂറോ ഒ.പി കളിൽ നിലവിൽ വന്ന ഇ – ഹെൽത്ത് സംവിധാനം മുഴുവൻ ഒ.പി. യിലും വരുന്നതോടെ ഒ.പി. ടിക്കറ്റ് നൽകുന്നതിനുള്ള കാലതാമസം പൂർണ്ണമായി ഒഴിവാക്കാൻ കഴിയുമെന്ന് ആശുപത്രി സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മതിയായ ഒ.പി ടിക്കറ്റ് കൗണ്ടർ ഇല്ലാത്തത് കാരണം ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഒരു ഒ.പി ടിക്കറ്റ് കൗണ്ടർ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കുമായി നീക്കി വച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഒ.പി.കൗണ്ടറുകളിൽ ക്രമാതീതമായ നിരക്ക് അനുഭവപ്പെടുന്നുണ്ട്. നിപ്പാ ഭീഷണി വന്നതോടെ എല്ലാ ആശുപത്രികളിലും ഒ.പി ടിക്കറ്റെടുക്കുന്നവരുടെ പൂർണ വിലാസം കമ്പ്യൂട്ടറിൽ രേഖപ്പെടുത്താൻ തുടങ്ങിയതും കാലതാമസത്തിന് കാരണമായിട്ടുണ്ട്. ഒ.പി. ടിക്കറ്റ് കൊടുത്തു തുടങ്ങുന്ന സമയം രാവിലെ ഏഴരയാക്കിയിട്ടുണ്ട്. ഒരു ഒ.പി ബ്ലോക്കിൽ 3 ഒ.പി കൌണ്ടറുകൾ അടിയന്തരമായി നിർമ്മിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഈ കൗണ്ടറുകൾ നിലവിൽ വരുന്നതോടെ തിരക്ക് കുറയ്ക്കാനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ; സ്കൂൾ വിദ്യാർത്ഥികൾക്കും പിതാവിനും കുടിവെള്ളം ലഭ്യമാക്കണം. HRMP. 7940/2023 (Date : 18/05/2024)
കണ്ണൂർ : രോഗിയായ പിതാവിനും അമ്മ ഉപേക്ഷിച്ച് പോയ രണ്ടു സ്കൂൾ വിദ്യാർത്ഥികൾക്കും സ്ഥിരമായ ജലലഭ്യത ഉറപ്പാക്കുന്നത് വരെ കുടിവെള്ളം ലഭിക്കാൻ നിലവിലുള്ള സംവിധാനം തുടരണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കണ്ണൂർ ചെറുപുഴ ജോസ്ഗിരി സ്വദേശികളായ സ്കൂൾ വിദ്യാർത്ഥികൾ ജിസൻ ജിൻസും ജിബിൻ ജിൻസും സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ ഇടപെടൽ. ഉദയഗിരി പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
ഉദയഗിരി പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ജോസ്ഗിരി എന്ന സ്ഥലത്ത് ചെങ്കുത്തായ പ്രദേശത്താണ് കുട്ടികൾ താമസിക്കുന്നത്. ഇവരുടെ പിതാവ് ജിൻസ് കല്ലുങ്കലിന് കൂട്ടവകാശമായി ലഭിച്ച ഒരേക്കർ സ്ഥലത്താണ് ഇവർ താമസിക്കുന്നത്. കുട്ടികളുടെ പിതാവിന് ജോലിക്ക് പോകാൻ കഴിയുന്നില്ല. ഇവർക്ക് സ്വന്തമായി കിണറുണ്ടായിരുന്നെങ്കിലും വെള്ളമില്ല.നിലവിൽ തോമസ് കണ്ണമ്പുഴ എന്നയാളുടെ 100 മീറ്റർ അകലെയുള്ള വീട്ടിൽ നിന്നാണ് കുട്ടികൾ വെള്ളം എടുക്കുന്നത്. എന്നാൽ ഡിസംബറോടെ ഇവിടത്തെ വെള്ളം വറ്റാൻ സാധ്യതയുണ്ട്. ഇതിനുശേഷം 800 മീറ്റർ അകലെയുള്ള ഫിലിപ്പോസ് ഇരുപ്പക്കാട് എന്നയാളുടെ വീട്ടിൽ നിന്നും തലച്ചുമടായി വെള്ളം കൊണ്ടുവരണം.
|
സ്വകാര്യ ബസുകളിലെ നിയമലംഘനങ്ങൾ : വിവരം നൽകുന്നവരുടെ പേരുകൾ പരസ്യമാക്കരുത് : മനുഷ്യാവകാശ കമ്മീഷൻ. HRMP No : 4134/ 22 (Date : 18/05/2024)
മലപ്പുറം : ബസുകളിൽ ഓഡിയോ, വീഡിയോ സിസ്റ്റം പ്രവർത്തിച്ച് നിയമലംഘനം നടത്തി അപകടങ്ങളുണ്ടാക്കുന്ന സ്വകാര്യ ബസുകളെ സംബന്ധിക്കുന്ന വിവരം നൽകുന്നവരുടെ പേരും വിലാസവും മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ ഒരു കാരണവശാലും പരസ്യമാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
ഇത്തരം ബസുകളുടെ ഉടമസ്ഥർക്കും ജീവനക്കാർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
തൃശ്ശൂർ മുതൽ കണ്ണൂർ വരെയുള്ള സ്വകാര്യ ബസുകളിലും ചില കെ.എസ്.ആർ.ടി.സി ബസുകളിലും അധിക ശബ്ദത്തിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. ഇതിനെതിരെ പരാതി നൽകിയാൽ നടപടിയെടുക്കാതെ വിവരം നൽകുന്നവരുടെ പേരും വിലാസവും മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ ബസുകാർക്ക് ചോർത്തി നൽകാറുണ്ടെന്നും പരാതിയിൽ പറയുന്നു. ബസ് ജീവനക്കാർ പരാതിക്കാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം നിലവിലുണ്ട്.
ബസുകളിലെ വീഡിയോ, ഓഡിയോ സിസ്റ്റം പരിശേോധിക്കാൻ എല്ലാ ഫീൽഡ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മലപ്പുറം ആർ.റ്റി.ഒ കമ്മീഷനെ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പെരിന്തൽമണ്ണ പാസഞ്ചേഴ്സ് ഫോറം പ്രസിഡന്റ് സൈനുദ്ദീൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
യുവതിയെകൊണ്ട് ചർദ്ദി തുടപ്പിച്ച സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി വേണം : മനുഷ്യാവകാശ കമ്മീഷൻ. (Date : 21/05/2024)
കോട്ടയം : സ്വകാര്യ ബസിൽ ചർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ അത് തുടപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോട്ടയം ആർ.ടി.ഒ ക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് പോയ ബസിൽ നിന്നാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. മേയ് 15 നാണ് സംഭവമുണ്ടായത്. വൈകിട്ട് അഞ്ചേമുക്കാലോടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോഴാണ് യുവതി ചർദ്ദിച്ചത്. കഞ്ഞിക്കുഴിയിൽ ഇറങ്ങേണ്ടിയിരുന്ന യുവതിക്ക് ബസ് ഡ്രൈവർ തുണി നൽകി അവരെ കൊണ്ട് തന്നെ ചർദ്ദി തുടപ്പിക്കുകയായിരുന്നു. ജൂണിൽ കോട്ടയത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
നടപടിയെടുത്ത ശേഷം ആർ.ടി.ഒ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
|
പോക്സോ കേസ് പ്രതിയെ രക്ഷിക്കാൻ പോലീസ് ശ്രമമെന്ന് ആരോപണം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 18/05/2024)
കോഴിക്കോട്: മലപ്പുറത്തെ പോക്സോ കേസ് പ്രതിയായ കൊണ്ടോട്ടി സ്വദേശി ആഷിക്കിനെ അറസ്റ്റ് ചെയ്യാതെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഒത്തുകളിക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ജൂണിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
അതിജീവിതയുടെ പിതാവ് ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
12 കാരിയായ മകളെ മാതാവിന്റെ ആൺസുഹൃത്ത് വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പിതാവ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിന് നൽകിയ പരാതി. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. വയനാട്ടിലെ റിസോർട്ടിലും കോഴിക്കോടും കൊണ്ടുപോയി പീഡിപ്പിച്ചതായി പിതാവ് പറയുന്നു. വിവരം പുറത്തു പറയുമെന്ന് പറഞ്ഞപ്പോൾ പിതാവിനെ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് പ്രതി പറഞ്ഞു. മാതാവിനോട് വിവരം പറഞ്ഞെങ്കിലും പുറത്തു പറയരുതെന്ന് മാതാവ് അതിജീവിതയോട് ആവശ്യപ്പെട്ടു. അതിജീവിതയെ പ്രതിയെന്ന നിലയിലാണ് പോലീസ് കൈകാര്യം ചെയ്തതെന്നും പിതാവ് പറഞ്ഞു. ഒരാഴ്ച മുമ്പ് മാത്രമാണ് പോലീസ് പോക്സോ കേസെടുത്തത്. എന്നാൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് പിതാവ് പറഞ്ഞു.
|
ബന്ധുവീട്ടിൽ താമസിക്കുന്നയാൾക്ക് ലൈഫ് മിഷനിൽ വീട് നൽകണം : മനുഷ്യാവകാശ കമ്മീഷൻ. (Date : 18/05/2024)
തൃശ്ശൂർ : ഗ്രാമപഞ്ചായത്ത് നൽകിയ 4 സെന്റ് സ്ഥലത്ത് നിർമ്മിച്ച വീട് വാസയോഗ്യമല്ലാത്തതായി മാറിയ സാഹചര്യത്തിൽ ബന്ധു വീടുകളിൽ താമസിക്കുന്നയാൾക്ക് ലൈഫ് മിഷൻ പദ്ധതി വഴി കാലതാമസം കൂടാതെ വീട് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പരാതിക്കാരന്റെ പേരുകൂടി പട്ടികയിൽ ഉൾപ്പെടുത്തി ആനുകൂല്യം ലഭ്യമാക്കണമെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി കൊടകര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് മറ്റത്തൂർ സ്വദേശി ഒ.എസ്. സന്തോഷ് കമ്മീഷനെ സമീപിച്ചത്.
സർവേ നടക്കുന്ന സമയത്ത് പരാതിക്കാരന് വീടുണ്ടായിരുന്നതായി കൊടകര പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പരാതിക്കാരന്റെ മാതാവിന് മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ ഭൂമിയും വീടും ലൈഫ് പദ്ധതി വഴി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ തന്റെ വീട് വാസയോഗ്യമല്ലാത്തതിനാൽ ബന്ധുവീട്ടിലേക്ക് മാറിയ സമയത്താണ് അന്വേഷണ ഉദ്യോഗസ്ഥർ വേറെ വീടുണ്ടെന്ന് തെറ്റായ റിപ്പോർട്ട് നൽകിയതെന്ന് പരാതിക്കാരൻ അറിയിച്ചു.
പരാതിക്കാരന്റെ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ച ശാന്ത എന്നയാൾക്കാണ് മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ വീട് ലഭിച്ചതെന്നും തനിക്കല്ല ആനുകൂല്യം ലഭിച്ചതെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പരാതിക്കാരന് വീടിന് അർഹതയുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് ; രോഗിയായ 85 കാരിക്ക് 5 ലക്ഷം നഷ്ടമായതായി പോലീസ്. HRMP No : 6807/23 (Date : 17/05/2024)
മലപ്പുറം : രോഗിയായ 85 കാരി സ്വകാര്യ സ്ഥാപനത്തിൽ രേഖയില്ലാതെ നിക്ഷേപിച്ച ഏക സമ്പാദ്യമായ 5 ലക്ഷം രൂപ നഷ്ടമായതായി മലപ്പുുറം ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കേസ് സിവിൽ സ്വഭാവത്തിലുള്ളതിനാൽ റിപ്പോർട്ട് കോടതിക്ക് നൽകിയതായും പോലീസ് അറിയിച്ചു.
നല്ലവരായ നാട്ടുകാരുടെ സഹായംകൊണ്ട് മാത്രമാണ് വയോധികയും മകനും ഇപ്പോൾ ജീവിക്കുന്നതെന്ന് ജില്ലാ വനിതാ – ശിശു വികസന ഓഫീസറും കമ്മീഷനെ അറിയിച്ചു.
കൊടിഞ്ഞിയിലെ വി ടി സ്റ്റോർ എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച 5 ലക്ഷം രൂപ നഷ്ടപ്പെട്ടതുകാരണം വയോധികയും മക്കളും തെരിവിലായെന്ന ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചത്. വയോധികക്ക് നീതി ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു.
തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശിയായ അമ്മയും മകനുമാണ് സാമ്പത്തിക തട്ടിപ്പിനിരയായത്. ഇവർക്ക് 3 ആൺമക്കളും 5 പെൺമക്കളും ഉണ്ട്. ഇതിൽ 2 ആൺമക്കൾ മരിച്ചു. ഒരു മകൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. വലയാധികക്ക് ഓഹരിയായി കിട്ടിയ സ്ഥലം വിറ്റപ്പോൾ കിട്ടിയ 5 ലക്ഷം രൂപ 2018 ൽ വയോധികയും മകൻ മുഹമ്മദ് കുട്ടിയും ചേർന്ന് കൊടിഞ്ഞി വി ടി സ്റ്റോറിൽ നിക്ഷേപിച്ചു. ലാഭ വിഹിതം നൽകാമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. എന്നാൽ ബിസിനസ്സ് തകർന്ന് വി ടി സ്റ്റോർ പൂട്ടി. സാമ്പത്തിക തട്ടിപ്പിനെതിരെ കടയുടമക്കെതിരെ തിരൂരങ്ങാടി പോലീസ് 32/2022, 45/22,46/22 എന്നീ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കേസുകൾക്ക് സിവിൽ സ്വഭാവമുള്ളതിനാൽ അന്തിമ റിപ്പോർട്ട് പരപ്പനങ്ങാടി കോടതിയിൽ സമർപ്പിച്ചു.
അമ്മയ്ക്ക് വീടു നിർമ്മിച്ചു നൽകിയത് നാട്ടുകാരാണ്. ഉമ്മയേയും മകനേയും പരിചരിക്കാൻ പെൺമക്കൾ വീട്ടിൽ മാറി മാറി താമസിക്കാറുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.
|
ഫ്ലാറ്റ് നിർമ്മാണം കാരണം വീടിന് വിള്ളൽ : പരാതിയിൽ കഴമ്പുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 2567/23 (Date : 20/05/2024)
എറണാകുളം : എളമക്കരയിൽ ഡ്രീം ഫ്ലവർ എന്ന സ്ഥാപനം നടത്തുന്ന ഫ്ലാറ്റ് നിർമ്മാണം കാരണം തന്റെ വീടിനും ചുറ്റുമതിലിനും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന എളമക്കര സ്വദേശിനിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കെട്ടിടത്തിന്റെ ബേസ്മെന്റിൽ 4 സ്ഥലത്ത് വിള്ളലുള്ളതായി പരാതിക്കാരി പറയുന്നു. ഫ്ളോർ ഗ്രാനൈറ്റ് സ്ലാബുകളിൽ നാലിടത്ത് പൊട്ടലുണ്ടെന്നും പരാതിയിലുണ്ട്. കൊച്ചി നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പ്രസ്തുത റിപ്പോർട്ടിൽ പരാതിക്കാരി കേരള എസ്.സി, എസ്.ടി കമ്മീഷൻ അധ്യക്ഷന് പരാതി നൽകിയിട്ടുള്ളതായി പറയുന്നു. പ്രസ്തുത പരാതിയിൽ തുടർനടപടികൾ സ്വീകരിച്ചുവരുന്നതായും നഗരസഭാ സെക്രട്ടറി അറിയിച്ചു. ഈ സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ തീരുമാനമെടുക്കാനാവില്ലെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരിയുടെ ചുറ്റുമതിലിനും കെട്ടിടത്തിലും വിള്ളലുള്ളതായി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ ഇത് കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം സംഭവിച്ചതാണോ അതോ ഫ്ലാറ്റ് നിർമ്മാണം കാരണം സംഭവിച്ചതാണോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കെട്ടിടത്തിന്റെ സ്ട്രക്ചറിന് കേടുപാടു സംഭവിച്ചിട്ടുണ്ടോ എന്ന് മനസിലാക്കുന്നതിന് ടെക്നിക്കൽ എക്സ്പെർട്ട് കമ്മിറ്റിയുടെ പരിശോധനാ റിപ്പോർട്ട് ലഭ്യമാക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
എന്നാൽ പരാതിക്കാരിയുടെ കെട്ടിടത്തിലുണ്ടായ വിള്ളലുകൾക്ക് കാരണം ഫ്ലാറ്റ് നിർമ്മാണമാണെന്നതിന് തെളിവില്ലെന്ന് തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ സ്ട്രക്ചറൽ എഞ്ചിനീയറിംഗ് ഡിവിഷൻ സമർപ്പിച്ച സ്ഥല പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ചുറ്റുമതിലിലും കെട്ടിടത്തിലും വിള്ളൽ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എളമക്കര സ്വദേശിനി ഒ. ജി. സുശീല സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ് ഇന്ന് ( Date:17/05/2024)
കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ. ബൈജൂനാഥ് ഇന്ന് (17/05/2024) രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.
|
ബേകൂർ ജി. എച്ച്. എസ്. എസിൽ മലയാളം പഠിച്ചവർക്ക് പ്രവേശനം നൽകണമെന്ന ആവശ്യം പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ
കാസർകോട്: ബേകൂർ ജി.എച്ച്.എസ്.എസിലെ ഇംഗ്ലീഷ് മീഡിയം ക്ലാസിൽ മലയാളം ഒന്നാം ഭാഷയായി പഠിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകണമെന്ന ആവശ്യം പൊതു വിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥാണ് ഉത്തരവ് നൽകിയത്.
സ്കൂളിൽ മലയാളം, കന്നട. ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഉണ്ടായിരുന്നു. ഇതിൽ കന്നട മീഡിയം റദ്ദാക്കിയാണ് ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. അതിനാൽ കന്നട ഒന്നാം ഭാഷയായി പഠിക്കുന്നവർക്ക് മാത്രമേ ഇംഗ്ലീഷ് മീഡിയത്തിൽ പ്രവേശനം നൽകുകയുള്ളുവെന്നാണ് പരാതി. നിലവിലുള്ള ഇംഗ്ലീഷ് മീഡിയം 5, 8 ക്ലാസുകളിൽ ഒന്നാം ഭാഷ നോക്കാതെ എല്ലാവർക്കും പ്രവേശനം നൽകണമെന്നാണ് പരാതിയിലെ ആവശ്യം.
എന്നാൽ ഇംഗ്ലീഷ് ഒരു പഠന മാധ്യമമല്ലെന്ന് കാസർകോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ മലയാളം , കന്നട ഡിവിഷനുകൾക്ക് സമാന്തരമായി ഇംഗ്ലീഷ് ഡിവിഷൻ ആരംഭിക്കാവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷാ വികസന സമിതിക്ക് വേണ്ടി എം.കെ. അലി മാസ്റ്റർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
റിപ്പോർട്ട് ചോദിക്കുമ്പോൾ ഗൗരവമായി കാണണം: ജില്ലാ കളക്ടർക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം
ഇടുക്കി: ജില്ലാകളക്ടറിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുമ്പോൾ കീഴുദ്യോഗസ്ഥൻ ചമച്ചുകൊടുക്കുന്ന റിപ്പോർട്ട് പരിശോധിക്കാൻ പോലും മുതിരാതെ തികച്ചും യാന്ത്രികമായി കമ്മീഷനിലേക്ക് അയക്കുന്ന പ്രവണത അപലപനീയമാണെന്ന് കമ്മീഷൻ.
വാഗമൺ ചോറ്റു പാറ കരയിലുള്ള കൃഷിഭൂമിക്ക് പട്ടയം.ലഭിക്കാൻ വർഷങ്ങളായി വിവിധ ഓഫീസുകൾ കയറിയിറങ്ങുന്ന കർഷകൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി കളക്ടറുടെ നടപടി വിമർശിച്ചത്. ഇക്കാര്യത്തിൽ പീരുമേട് സ്പഷ്യൽ തഹസിൽദാർ തയാറാക്കിയ റിപ്പോർട്ട് ഇടുക്കി ജില്ലാ കളക്ടർ കമ്മീഷനിലേക്ക് അയക്കുകയായിരുന്നു.
ഈ റിപ്പോർട്ടിൽ പരാതിക്കാരനായ എം. ജ്ഞാനദാസ് പട്ടയത്തിനുള്ള അപേക്ഷ നൽകിയത് കഴിഞ്ഞ വർഷം മാർച്ച് 29നാണെന്ന് പറയുന്നു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് താൻ അപേക്ഷ സമർപ്പിച്ചതാണെന്ന് കമ്മീഷനെ അറിയിച്ച പരാതിക്കാരൻ അതിന്റെ തെളിവ് കമ്മീഷനിൽ ഹാജരാക്കി . ഈ സാഹചര്യത്തിലാണ് ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോർട്ട് സംശയാസ്പദമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചത്.
പരാതിക്കാരൻ 2023 ന് മുമ്പ് എന്തെങ്കിലും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഒരു അപേക്ഷ കണ്ടെത്തിയാൽ റിക്കാർഡ് ഇല്ലെന്ന് ജില്ലാ കളക്ടർക്ക് വേണ്ടി കമ്മീഷനെ അറിയിച്ച പീരുമേട് സ്പഷ്യൽ തഹസിൽദാർക്കെതിരെ മതിയായ അച്ചടക്ക നടപടി സ്വീകരിച്ച് വിവരം കമ്മീഷനെ അറിയിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
|
സീ പോർട്ട് - എയർ പോർട്ട് റോഡിലെ അനധികൃത പാർക്കിംഗ് തടയണം -മനുഷ്യാവകാശ കമ്മീഷൻ
എറണാകുളം : സീ പോർട്ട് - എയർ പോർട്ട് റോഡിൽ ഇരുമ്പനം മുതൽ കളമശേരി വരെയുള്ള ഭാഗത്ത് അപകടമുണ്ടാക്കുന്ന വിധം നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കൊച്ചി സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റിന് ആവശ്യമായ നിർദ്ദേശം നൽകണമെന്നും കൃത്യമായി നിരീക്ഷിച്ച് തുടർ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ത്യക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയത്.
ഇരുമ്പനം - കളമശേരി ഭാഗത്ത് ഇന്ധന ടാങ്കർ ലോറികളുടെ അനധികൃത പാർക്കിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.ത്യക്കാക്കര അസിസ്റ്റന്റ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.അപകടകരമായ രീതിയിൽ ടാങ്കറുകൾ പാർക്ക് ചെയ്യുന്നത് തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു.സ്ഥലത്ത് പെട്രോളിംഗ് നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചെത്തിക്കോട് സ്വദേശി എൽദോ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
താമരശേരി സ്കൂളിലെ റാഗിംഗ്: മനുഷ്യാവകാശ കമ്മീഷൻ ഐ.ജി. അന്വേഷിക്കും. (Date : 17/05/2024)
കോഴിക്കോട്: താമരശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ റാഗിംഗ് തുടരുകയാണെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ ഐ.ജി. നേരിട്ട് അന്വേഷിക്കും.
കമ്മീഷൻ അന്വേഷണ വിഭാഗത്തിനാണ് ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നിർദ്ദേശം നൽകിയത്.ഇതേ സ്കൂളിലെ രോഗ ബാധിതനായ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ കമ്മീഷൻ നേരത്തെ അന്വേഷണം നടത്തിയിരുന്നു.ഇന്നലെ ( 17/5/ 24) കോഴിക്കോട് ഗവ ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിൽ സ്കൂൾ പ്രിൻസിപ്പൽ നേരിട്ട് ഹാജരായി. എന്നാൽ റാഗിംഗ് തുടരുകയാണെന്ന പരാതിയിലാണ് കമ്മീഷൻ കൂടുതൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
കോഴിക്കോട് കരിക്കാംകുളം കൃഷ്ണൻ നായർ റോഡിൽ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന്റെ വലതു തോളെല്ല് പൊട്ടിയിട്ടും കുഴി നികത്തിയില്ലെന്ന ആരോപണവും കമ്മീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷിക്കും.
തന്റെ വിലപിടിപ്പുള്ള വസ്തുക്കളും വാഹനവും ബ ത്തേരി പോലീസ് അനധികൃതമായി കസ്റ്റഡിയിലെടുത്തെന്ന ശ്രീഹരി വി.പി.യുടെ പരാതിയും കമ്മീഷൻ അന്വേഷണ വിഭാഗം അന്വേഷിക്കും.
രാവിലെയും ഉച്ചയ്ക്കുമായി നടന്ന സിറ്റിങ്ങിൽ 140 കേസുകൾ പരിഗണിച്ചു.
|
ദേശീയ പാതയിലെ അമിത വേഗതയും മത്സരയോട്ടവും പരിശോധിക്കണം - മനുഷ്യാവകാശ കമ്മീഷൻ (Date:16/05/2024)
കോഴിക്കോട്: കോഴിക്കോട് - കണ്ണൂർ ദേശീയ പാതയിൽ സ്വകാര്യ ബസുകൾ നടത്തുന്ന അമിത വേഗതയും മത്സര ഓട്ടവും ഉൾപ്പെടെയുള്ള ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ട്രാൻസ്പോർട്ട് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും നിയമ ലംഘനം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂ നാഥ് ആവശ്യപ്പെട്ടു. ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
ആറുവരി പാതാ നിർമ്മാണം നടക്കുന്ന ദേശീയ പാതയിലെ ഗതാഗത കുരുക്ക് കണക്കിലെടുക്കാതെയാണ് സ്വകാര്യ ബസുകൾ അമിത വേഗതയിൽ പായുന്നത്.ലൈൻ ട്രാഫിക് അനുസരിക്കാറില്ല. അമിത വേഗത ചെറിയ വാഹനങ്ങൾക്കും കാൽനടയാത്ര കാർക്കും ഭീഷണിയായി മാറുന്നുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മലബാർ ബൊട്ടാണിക്കൽ ഗാർഡന് മികച്ച പ്രവർത്തന സംസ്കാരമില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ . HRMP No : 6538/23 (Date : 14/05/2024)
കോഴിക്കോട് : ഒരു സ്ഥാപനത്തിന് ഉണ്ടായിരിക്കേണ്ട മികച്ച പ്രവർത്തന സംസ്കാരം മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിന് ഇല്ലെന്നാണ് സ്ഥാപനത്തിന് എതിരെ ഉയരുന്ന പരാതികളിൽ നിന്ന് മനസിലാവുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തുറന്ന ആശയവിനിമയം, സഹകരണാത്മകമായ അന്തരീക്ഷം, പരസ്പര ബഹുമാനം, സഹാനുഭൂതി, മുതലായവ ഈ ശാസ്ത്ര സ്ഥാപനത്തിനില്ലാത്തത് തികച്ചും ഖേദകരമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
പരാതിക്ക് ആസ്പദമായ വിഷയത്തിൽ സ്ഥാപന മേധാവി ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്നും കമ്മീഷൻ വിലയിരുത്തി. ഇരുകക്ഷികളും അവർ ജോലി ചെയ്യുന്ന സ്ഥാപനത്തെ മറന്ന് പെരുമാറി. പരാതിക്കാർ നിലവിൽ സ്ഥാപനത്തിൽ ജോലി ചെയ്യാത്ത സാഹചര്യത്തിൽ കമ്മീഷൻ ഇടപെടുന്നില്ല. പരാതിക്കാർക്ക് സർട്ടിഫിക്കറ്റോ മറ്റോ കിട്ടാനുണ്ടെങ്കിൽ കാലതാമസം കൂടാതെ നൽകണമെന്ന് കമ്മീഷൻ സ്ഥാപന മേധാവിയായ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ വിവിധ പ്രോജക്റ്റുകളിൽ ജോലി ചെയ്യുന്നവർ ജൂനിയർ സയന്റിസ്റ്റുമാരിൽ നിന്നും അനുഭവപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. പരാതിക്കാരെ സ്ഥാപനത്തിൽ നിന്നും പറഞ്ഞുവിട്ടതു കാരണമാണ് പരാതി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2023 ജൂണിൽ സ്ഥാപനത്തിൽ ചുമതലയേറ്റ 3 ജൂനിയർ സയന്റിസ്റ്റുമാരുമായി പൊരുത്തപ്പെടാൻ പ്രോജക്ട് സ്റ്റാഫിന് കഴിയാതെ വന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഡയറക്ടറെ കമ്മീഷൻ വിളിച്ചുവരുത്തി. ജൂനിയർ സയന്റിസ്റ്റുമാരെ കരിവാരി തേയക്കാൻ വേണ്ടിയാണ് പരാതി നൽകിയതെന്ന് ഡയറക്ടർക്ക് വേണ്ടി സിറ്റിംഗിൽ ഹാജരായ ജീവനക്കാരൻ കമ്മീഷനെ അറിയിച്ചു. പരാതിക്കാർ ഡയറക്ടറുടെ സർക്കുലർ അനുസരിക്കാറില്ലെന്നും അദ്ദേഹം അറിയിച്ചു. പ്രോജക്ട് സ്റ്റാഫ് അംഗങ്ങളായിരുന്നവർ എസ്. ജിഷ്ണുരാജിന്റെ നേതൃത്വത്തിൽ നൽകിയ പരാതിയിലാണ് നടപടി.
|
ആൾക്കൂട്ട അക്രമങ്ങൾ തടയാൻ എസ് എച്ച് ഒ മാർക്ക് കർശന നിർദ്ദേശം നൽകണം ; മനുഷ്യാവകാശ കമ്മീഷൻ (Date : 16/05/2024)
കണ്ണൂർ : ഇതര സംസ്ഥാനക്കാർക്ക് നേരെയുള്ള ആൾക്കൂട്ട അക്രമങ്ങൾ തടയാൻ ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാൻ എല്ലാ സ്റ്റേഷൻ ഹൌസ് ഓഫീസർമാർക്കും സംസ്ഥാന പോലീസ് മേധാവി കർശന നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുന്ന ജനത ആൾക്കൂട്ട ആക്രമങ്ങൾ നടത്തുന്നത് ഗൗരവമായി കാണണമെന്നും ഇത്തരം സംഭവങ്ങൾ അപലപനീയമാണെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
2023 മേയ് 13 ന് രാജേഷ് മാഞ്ചി എന്ന ബീഹാർ സ്വദേശി ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
മലപ്പുറം ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. മുതുവല്ലൂർ അംശം ഒന്നാം മൈലിൽ സംശയകരമായ നിലയിൽ കണ്ട ബീഹാർ സ്വദേശിയെ കഠിനമായി മർദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. തെളിവ് നശിപ്പിക്കുന്നതിനായി സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞ സിസിടിവി യുടെ ഡിവിആർ അഴിച്ചെടുത്ത് പ്രതികൾ ഒളിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കൊണ്ടോട്ടി പോലീസ് ക്രൈം 560/23 നമ്പറായി കേസെടുത്തിട്ടുണ്ട്. പ്രതികൾ റിമാന്റിലാണ്. കേസിലെ പ്രതികൾ പട്ടികജാതിക്കാരനായ രാജേഷ് മാഞ്ചിയെ പട്ടികജാതിക്കാരനാണെന്ന് അറിഞ്ഞുകൊണ്ട് മോഷ്ടാവ് എന്ന് ആരോപിച്ച് കെട്ടിയിട്ട് ഗുരുതരമായി ദേഹോപദ്രവം ഏൽപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കേസിൽ പട്ടികജാതി, പട്ടികവർഗ്ഗ സമുദായംഗങ്ങൾക്കെതിരായ പീഡനം തടയുന്നതിനുള്ള വകുപ്പ് കൂടി ചേർത്തിട്ടുണ്ട്. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. പൊതു പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്.
|
ഗുണ്ടകളുടെ അഴിഞ്ഞാട്ടം കർശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ (Date:16/05/2024)
തിരുവനന്തപുരം: ഗുണ്ടകളുടെ അഴിഞ്ഞാട്ടം മനുഷ്യരുടെ സ്വൈര്യ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ പോലീസ് കർശനമായ നടപടികൾ സ്വീകരിച്ച് നിയമ പരിപാലനം ഉറപ്പാക്കണ മെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നിർദ്ദേശം നൽകി. മയക്കുമരുന്ന് മാഫിയ ഉൾപ്പെ ടെയുള്ള ഗുണ്ടാ പ്രവർത്തനങ്ങൾ വെല്ലുവിളി സൃഷ്ടിക്കുകയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പോലീസി ന്റെ പ്രാഥമികമായ ഉത്തരവാദിത്തം നിയമ സമാധാനം ഉറപ്പാക്കുക എന്നതാണെ ന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ജൂൺ 26 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും.
അമ്പൂരി കണ്ണന്നൂരിൽ ഗുണ്ടകൾ അഴിഞ്ഞാടി പാസ്റ്ററെ വെട്ടിയ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
കൈവരിയില്ലാത്ത പാലത്തിൽ നിന്ന് കനാലിലേക്ക് വീണ് മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം - മനുഷ്യാവകാശ കമ്മീഷൻ. HRMP. 2923/2023 (Date : 15/5/2024)
കണ്ണൂർ : പള്ളിപ്പുറം മുക്ക് കരിയിൽ കനാലിന് കുറുകെയുള്ള കൈവരിയില്ലാത്ത പാലത്തിൽ നിന്ന് സ്കൂട്ടർ ഓടിച്ചയാൾ കനാലിൽ വീണ് മരിക്കാനിടയായ സംഭവത്തിൽ ഭാര്യയ്ക്കും കുടുംബത്തിനും സർക്കാർ ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
2022 മാർച്ച് 8 ന് നടന്ന അപകടത്തിൽ മരിച്ച കണ്ണൂർ കോളച്ചേരി പെരുമാച്ചേരി സ്വദേശി ഭാസ്കരന്റെ ഭാര്യ കെ.കെ. ഷൈലജക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകാനാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. 4 മാസത്തിനകം നടപടി സ്വീകരിച്ച് ചീഫ് സെക്രട്ടറി കമ്മീഷനിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണം.
24 കോടി മുടക്കി കണ്ണൂർ പൊതുമരാമത്ത് ദേശീയ പാതാ വിഭാഗം നവീകരിച്ച ചിറക്കുനി - ആണ്ടല്ലൂർ - പിറവം – ചെക്കിക്കുളം - പറശ്ശിനികടവ് റോഡിലുള്ള പള്ളിപ്പുറം ചെറിയ കനാലിന് കുറുകെയുള്ള പാലത്തിന് കൈവരി നിർമ്മിക്കാത്ത പൊതുമരാമത്ത്, ഇറിഗേഷൻ ഉദ്യോഗസ്ഥർക്കെതിരെ ബന്ധപ്പെട്ട ചീഫ് എഞ്ചിനീയർമാർ അന്വേഷണം നടത്തി വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. സ്വീകരിച്ച നടപടികൾ 4 മാസത്തിനകം ചീഫ് എഞ്ചിനീയർമാർ കമ്മീഷനിൽ സമർപ്പിക്കണം.
കൈവരിയില്ലാത്ത പാലത്തിൽ നിന്നും കനാലിലേക്ക് വീണ് മരണം സംഭവിച്ചിട്ടും സ്കൂട്ടർ ഓടിച്ചിരുന്നയാളുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് എഴുതിയ മയ്യിൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി മയ്യിൽ സ്റ്റേഷനിലുള്ള 201/22 നമ്പർ ക്രൈം കേസ് ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
കാവുംചാലിൽ കട നടത്തിയിരുന്നയാളാണ് മരിച്ച ഭാസ്കരൻ. ഭാര്യ ഷൈലജ തൊഴിലുറപ്പ് ജോലിക്ക് പോകാറുണ്ട്.
കമ്മീഷൻ പൊതുമരാമത്ത്, ഇറിഗേഷൻ ഉദ്യോഗസ്ഥരെ നേരിൽ കേൾക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. പാലത്തിന് കൈവരി നിർമ്മിക്കാത്തതിൽ പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകൾ പരസ്പരം പഴിചാരി. പാലത്തിന് കൈവരി ഉണ്ടായിരുന്നെങ്കിൽ ദാരുണ സംഭവം ഉണ്ടാകുമായിരുന്നില്ലെന്ന് കമ്മീഷൻ കണ്ടെത്തി. തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം കേസ് നേരിട്ട് അന്വേഷിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഭാഗത്ത് ഗുരുതര പിഴവുകൾ സംഭവിച്ചതായി കമ്മീഷൻ കണ്ടെത്തി. ഭാസ്കരന്റെ ഭാര്യ കെ.കെ. ഷൈലജ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
വാട്സ് ആപ്പ് ഹർത്താൽ ആഹ്വാനം ; എഫ്. ഐ. ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കണം: മനുഷ്യാവകാശ കമ്മീഷൻ .HRMP No : 5622/ 22 (Date : 15/05/2024)
മലപ്പുറം : കാശ്മീരിൽ ഒരു കുട്ടിയെ പീഡിപ്പിച്ചതിനെതിരെ 2019 ൽ കേരളത്തിൽ പ്രഖ്യാപിച്ച അപ്രഖ്യാപിത വാട്സാപ്പ് ഹർത്താലുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത എഫ്. ഐ. ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പരാതിക്കാരനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ കോടതികളുടെ പരിഗണനയിലായതിനാൽ ഇടപെടാൻ നിയമപരമായ ബുദ്ധിമുട്ടുണ്ടെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
കൊല്ലം തെൻമല ഊരുകുന്ന് സ്വദേശി അമർനാഥ് ബൈജു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കാശ്മീരിൽ പീഡനത്തിന് ഇരയായ കുട്ടിക്ക് നീതി കിട്ടാൻ ആഗ്രഹിച്ചാണ് താൻ ഒരു വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചതെന്നും പിന്നീട് ഗ്രൂപ്പിന്റെ നിയന്ത്രണം കൈക്കലാക്കിയ ചിലർ ഹർത്താൽ ആഹ്വാനം നടത്തിയെന്നും പരാതിയിൽ പറയുന്നു. മലബാർ മേഖലയിൽ സാമൂഹിക വിരുദ്ധർ നടത്തിയ അക്രമത്തിൽ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനായ താൻ ബലിയാടായെന്നും തനിക്കെതിരെ 19 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഹർത്താലിനോട് അനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളുടെ ഉത്തരവാദി ഹർത്താലിന് ആഹ്വാനം നൽകിയ പരാതിക്കാരനാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനെതിരെ മഞ്ചേരി, വണ്ടൂർ, തിരൂർ, മങ്കട, കുളത്തൂർ, കാളികാവ്, പാണ്ടിക്കാട്, എടവണ്ണ, മുതലായ പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മങ്കട പോലീസ് സ്റ്റേഷൻ ക്രൈം 51/18 നമ്പർ കേസിൽ പരിശോധനക്കയച്ച മൊബൈൽ ഫോണിന്റെ ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ട് ലഭിക്കാനുണ്ട്. എന്നാൽ എഫ്.ഐ.ആറിൽ താൻ പ്രതിയല്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ തനിക്ക് ഫോണുമായി യാതൊരു ബന്ധവുമില്ലെന്നും പരാതിക്കാരൻ അറിയിച്ചു. എഫ്.ഐ.ആറിൽ പറയുന്ന ഫോണിലെ നെറ്റ് കണക്ഷൻ ആരുടെ പേരിലാണെന്ന് അറിയില്ലെന്നും പരാതിക്കാരൻ അറിയിച്ചു.
|
നവവധുവിന്റെ പരാതിയിൽ യഥാസമയം കേസെടുക്കാത്ത പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു (Date : 14/05/2024)
കോഴിക്കോട്: നവവധു ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും പന്തീരങ്കാവ് എസ് എച്ച്. ഒ യഥാസമയം കേസെടുക്കാൻ വിമുഖത കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. നവവധു വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഇടപെട്ടത്. പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതായി പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
|
പാചകത്തൊഴിലാളികളെ പിരിച്ചുവിട്ടതിൽ തെറ്റില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP. 3631/2023 (Date : 13/05/2024)
കണ്ണൂർ : വെളിമാനം വീർപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിലെ പാചകത്തൊഴിലാളികളെ പിരിച്ചുവിട്ടതിൽ അപാകതയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
22 വർഷത്തിലധികം ജോലി പരിചയമുള്ള തങ്ങളെ അനധികൃതമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ ഉത്തരവ്.
തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്കൂളിലെ പാചകത്തൊഴിലാളികളായിരുന്ന മാത്യൂ തോമസ്, ലിജി മാത്യൂ എന്നിവർ 2022 നവംബർ 7 മുതൽ അനധികൃതമായി ജോലിക്ക് ഹാജരായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരിട്ടി ഉപജില്ലാ ഓഫീസിലെ നൂൺമിൽ ഓഫീസുടെ സാന്നിദ്ധ്യത്തിൽ നടത്തിയ യോഗ തീരുമാനപ്രകാരമാണ് ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. പരാതിക്കാർ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരാതിക്കാരെയും സ്കൂൾ അധികൃതരെയും നേരിൽ കേട്ടെങ്കിലും പരാതിക്കാരുടെ ഭാഗത്ത് ഗുരുതര അച്ചടക്ക ലംഘനമുണ്ടെന്ന് മനസിലായതായി റിപ്പോർട്ടിൽ പറയുന്നു. പാചകത്തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അധികാരം സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിയിൽ മനുഷ്യാവാകശ ലംഘനങ്ങളൊന്നും ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഉത്തരവിൽ പറഞ്ഞു.
|
മെഡിക്കൽ കോളേജിൽ കാർഡ് ഉടമകൾക്ക് മരുന്ന് വിതരണം ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ (Date : 16/05/2024)
ഇടുക്കി : ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഉപഭോക്താക്കൾക്ക് ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും മരുന്നു വിതരണം അടിയന്തരമായി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കൺസ്യൂമർഫെഡിന്റെ നീതിസ്റ്റോർ വഴിയോ ഇല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസി വഴിയോ ഇക്കാര്യം ഉറപ്പാക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഇടുക്കി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകി. കൺസ്യൂമർഫെഡിന് നൽകാനുള്ള തുക കുടിശ്ശികയായതുകൊണ്ടാണ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പോലുള്ള സാധാരണക്കാരന് അത്താണിയാകേണ്ട പദ്ധതികൾ യഥാവിധി നടപ്പിലാക്കാൻ കഴിയാത്തതെന്നും കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. കുടിശിക വരുത്താതിരിക്കാനുള്ള ജാഗ്രത മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.
കൺസ്യൂമർ ഫെഡ്, ഇടുക്കി മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഉടമകൾക്ക് 2020 വരെ മരുന്നുകൾ നൽകിയിരുന്നതായി കൺസ്യൂമർഫെഡ് കമ്മീഷനെ അറിയിച്ചു. 2018-19, 2019-20 കാലയളവിൽ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന മരുന്നുകളുടെ കുടിശിക തുകയായ 31,93,133.89 രൂപ ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും ലഭിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ ആശുപത്രിയുമായി തുടർന്ന് കരാർ പുതുക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2021-22 കാലയളവിൽ ടെണ്ടർ വിളിച്ചപ്പോൾ കൺസ്യൂമർഫെഡ് നീതീ സ്റ്റോർ ടെണ്ടറിൽ പങ്കെടുത്തില്ലെന്നും തുടർന്ന് മറ്റ് സ്ഥാപനങ്ങൾക്ക് ടെണ്ടർ നൽകിയിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. പുതിയ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതോടെ രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അനന്തപുരം പാർക്കിലെ ദുർഗന്ധം പൂർണമായി ഇല്ലാതാക്കണം ; മനുഷ്യാവകാശ കമ്മീഷൻ
കാസർകോട്: അനന്തപുരം വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ യൂണിറ്റിൽ നിന്നും ദുർഗന്ധം പൂർണമായും ഇല്ലാതാക്കണമെന്നും പ്രദേശവാസികൾക്ക് ശുദ്ധവായു ശ്വസിച്ച് സ്വച്ഛതയോടെ ജീവിക്കാനുള്ള സാഹചര്യം ജില്ലാ കളക്ടർ ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനുള്ളിൽ ജില്ലാ കളക്ടർ രേഖാമൂലം സമർപ്പിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
ഒരു അപകടത്തിൽ പരിക്കേറ്റ് 90 ശതമാനം ചലനശേഷി നഷ്ടപ്പെട്ട് കിടക്കയിൽ കഴിയുന്ന കുമ്പള സ്വദേശി എ. സുധീഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.
കമ്മീഷൻ കാസർഗോഡ് ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഗ്രീൻ എനർജി, ഓക്സിജൻ പ്രോമാക്സ് എന്നീ സ്ഥാപനങ്ങൾ സന്ദർശിച്ച് പരാതി നേരിട്ട് പരിശോധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ശുദ്ധവായു സഞ്ചാരം ഉറപ്പാക്കാൻ ഡക്റ്റുകളുടെ നിർമ്മാണവും പ്ലാന്റിനുള്ളിലെ ശീതികരണ സംവിധാനവും ഉടൻ പൂർത്തിയാകുമെന്ന് സ്ഥാപന ഉടമകൾ ഉറപ്പു നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പ്ലാന്റുകളിലെ അപാകതകൾ പരിഹരിച്ചു. അപാകതകൾ പരിഹരിച്ചതിനെ തുടർന്ന് ദുർഗന്ധത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്.
മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളിൽ ശീതികരണ സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോഴികടകളിൽ ഐസ് ബോക്സ് സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നുണ്ട്. ഇത് പൂർത്തിയാകുന്നതോടെ ദുർഗന്ധം പൂർണമായി ഇല്ലാതാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ പുത്തിഗെ പഞ്ചായത്തിന് ലഭിക്കുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനീയറെയും കമ്മീഷൻ നേരിൽ കേട്ടു.
|
മീൻ വണ്ടിയുടെ താക്കോൽ പോലീസ് ഊരി; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 13/05/2024)
കോഴിക്കോട്: ചില്ലറ വിൽപ്പനക്ക് മീനുമായി വന്ന ഇരു ചക്രവാഹനത്തിന്റെ താക്കോൽ പോലീസ് ഊരിയെടുത്തെന്ന പരാതിയെ കുറിച്ച് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നരിക്കുനി ചെങ്കോട്ടുപൊയിൽ ഗ്രാമത്തിലാണ് സംഭവം നടന്നത്. 8150 രൂപക്ക് വാങ്ങിയ മീനുമായി ഇരുചക്ര വാഹനത്തിൽ വിൽപ്പനക്ക് വേണ്ടി സഞ്ചരിക്കുകയായിരുന്ന ടി.കെ. അപ്പുക്കുട്ടിയുടെ വണ്ടിയുടെ താക്കോലാണ് ഊരി കൊണ്ടുപോയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഹെൽമറ്റ് എവിടെയാണെന്ന് ചോദിച്ചുകൊണ്ടാണ് താക്കോൽ ഊരിയതെന്ന് അപ്പുക്കുട്ടി പറയുന്നു .വെള്ളിയാഴ്ചയും അപ്പുക്കുട്ടിയെ ഹെൽമറ്റ് വയ്ക്കാത്തതിന് 500 രൂപ ശിക്ഷിച്ചിരുന്നു. കാക്കൂർ പോലീസിനെതിരെയാണ് പരാതി. രണ്ടു ദിവസമായി ഇരുചക്രവാഹനം നിരത്തുവക്കിൽ ഇരിക്കുകയാണ്. ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധം കാരണം നാട്ടുകാർക്ക് പൊറുതിമുട്ടി.
എന്നാൽ ബൈക്കിന്റെ താക്കോൽ തങ്ങൾ ഊരിയിട്ടില്ലെന്ന് പോലീസ് പറയുന്നു. മീൻ വിൽക്കുന്ന സമയത്ത് ഹെൽമറ്റ് വയ്ക്കാനാവില്ലെന്നാണ് അപ്പുക്കുട്ടി പറയുന്നത്. ഹെൽമറ്റ് വയ്ക്കാത്തതിന് നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാതെ താക്കോൽ ഊരുന്നതല്ല നിയമമെന്നും അപ്പുക്കുട്ടി പറയുന്നു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ഉപകരണങ്ങൾ നവീകരിക്കുന്നതിൽ ജല അതോറിറ്റിക്ക് ഗുരുതര വീഴ്ചയെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 3560/ 23 (Date : 13/05/2024)
ഇടുക്കി : കാലാകാലങ്ങളിൽ ജലവിതരണ ഉപകരണങ്ങൾ നവീകരിക്കുന്നതിന് ജല അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മീഷൻ.
ഇടുക്കി അഞ്ചുരുളിയിൽ സ്ഥാപിക്കുന്ന 35 എം എൽ ഡി പദ്ധതി പൂർത്തിയാകുന്നതു വരെ പ്രദേശത്തെ ജനങ്ങൾക്ക് അടിയന്തരമായി കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ജല അതോറിറ്റി എം.ഡി ക്ക് നിർദ്ദേശം നൽകി.
ഉപ്പുതറ ഗ്രാമ പഞ്ചായത്തിൽ പെരിയാർ നദീതീരത്ത്പമ്പുസെറ്റുകൾ കേടായതു കാരണം കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് ഉത്തരവ്.
പമ്പ് ഹൌസും ജല സംഭരണിയും പഞ്ചായത്തിന്റെ ഉടമസ്ഥതയിലല്ലാത്തതിനാൽ അറ്റകുറ്റപണികൾ നടത്താൻ പഞ്ചായത്തിനാവില്ലെന്ന് ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. നിലവിൽ 35 എച്ച്പി യുടെ രണ്ടു മോട്ടോറുകളും അറ്റകുറ്റപണിക്ക് കൊണ്ടുപോയിട്ടുള്ളതായി റിപ്പോർട്ടിലുണ്ട്. 25 എച്ച് പി പമ്പ് ഉപയോഗിച്ച് കുടിവെള്ള വിതരണം നടത്താറുണ്ടെങ്കിലും ഇടയ്ക്ക് മുടങ്ങാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് ജല അതോറിറ്റി എം.ഡി യിൽ നിന്നും റിപ്പോർട്ട് വാങ്ങി. ജല ജീവൻ മിഷൻ പ്രകാരം നെടുങ്കണ്ടം, പാമ്പാടുംപാറ, ഉപ്പുതറ, ഏലപ്പാറ, അറക്കുളം എന്നീ പഞ്ചായത്തുകൾക്ക് ഗാർഹിക കണക്ഷൻ നൽകുന്ന പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ടെന്റർ നടപടികൾ നടന്നുവരുന്നതായി റിപ്പോർട്ടിലുണ്ട്. ഇടുക്കി അഞ്ചുരുളിയിൽ സ്ഥാപിക്കുന്ന 35 എം.എൽ.ഡി ശുദ്ധീകരണശാലയിൽ നിന്നും ശുദ്ധജലം എത്തിക്കാനുള്ള പദ്ധതിയാണ് ഇത്. പരാതിയിലുള്ള പ്രദേശങ്ങളിലെ പഴയ പൈപ്പുകൾ മാറ്റാമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പെരിയാറിൽ നിർമ്മിച്ച ജലസംഭരണിയും പ്രധാന പമ്പ് ഹൌസും എപ്പോൾ വേണമെങ്കിലും നിലം പൊത്തുമെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി കമ്മീഷനെ അറിയിച്ചു. പീരുമേട് സബ് ഡിവിഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം ഇല്ലാതാക്കാനുള്ള യാതൊരു പരിഹാര മാർഗ്ഗവും ജല അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നില്ലെന്നും കമ്മീഷൻ ചൂണ്ടികാണിച്ചു. 35 എച്ച്.പി പദ്ധതി എന്ന് പൂർത്തിയാകുമെന്ന സൂചന പോലും റിപ്പോർട്ടിലില്ലെന്നും ഉത്തരവിൽ പറയുന്നു. കുടിവെള്ളം അടിസ്ഥാന മനുഷ്യാവകാശമാണെന്നും വി. കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
|
വഴിത്തർക്കം പരിഹരിക്കാൻ വയോധികന് സംരക്ഷണം നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No : 7221/ 21 (Date: 14/05/2024)
കൊല്ലം: വൃദ്ധ ദമ്പതികളുടെ വീടിന് മുന്നിലെ വഴിത്തർക്കം പരിഹരിക്കുന്നതിനായി കൊല്ലം താലൂക്ക് സർവേയർ വഴി അളന്ന് തിട്ടപ്പെടുത്താനെത്തുമ്പോൾ സംഘർഷം ഒഴിവാക്കാൻ ആവശ്യമായ പോലീസ് സുരക്ഷ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കിഴക്കേകല്ലട പോലീസ് ഇൻസ്പെക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. കിഴക്കേകല്ലട ചിറ്റുമല സ്വദേശി ഡേവിഡ് ലൂക്കോസിന്റെ ആവശ്യപ്രകാരമാണ് നടപടി.
പരാതിക്കാരന് 83 വയസ്സുണ്ട്. ഭാര്യയും രോഗിയാണ്. ഇവരുടെ ഏക മകൾ വിദേശത്താണ്. പരാതിക്കാരന്റെ വസ്തുവിന് മുന്നിലൂടെയുള്ള വഴിയിൽ കൊല്ലം കടയിൽ പുത്തൻവീട്ടിൽ അച്ചൻകുഞ്ഞ് എന്നയാൾ യാതൊരു പ്രകോപനവും കൂടാതെ മതിൽ കെട്ടാൻ ശ്രമിച്ചു. ഇതു തടഞ്ഞപ്പോൾ കാർ ഇറക്കാനാവാതെ റോഡ് കുത്തിക്കുഴിച്ച് കുളമാക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചപ്പോൾ പോലീസെത്തി പണി നിർത്തി വയ്പ്പിച്ചു. തുടർന്ന് വഴി അളക്കാൻ പരാതിക്കാരൻ താലൂക്ക് സർവേയർക്ക് അപേക്ഷ നൽകിയതായി പരാതിയിൽ പറയുന്നു.
റവന്യൂ ഉദ്യോഗസ്ഥർ വഴി അളക്കാൻ എത്തുമ്പോൾ സംഘർഷ സാധ്യതയുണ്ടെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. സിവിൽ തർക്കങ്ങളിൽ ഇടപെടുന്നില്ലെങ്കിലും ക്രമസമാധാനം നിലനിർത്തേണ്ടത് പോലീസിന്റെ ബാധ്യതയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
കിടപ്പു രോഗിയായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു (Date : 11/05/2024)
എറണാകുളം: കിടപ്പു രോഗിയായ പിതാവിനെ മകൻ വാടകവീട്ടിലാക്കി ഉപേക്ഷിച്ച് പോയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പിതാവ് ഷൺമുഖനെ മകൻ അജിത്താണ് ഉപേക്ഷിച്ചത്.
|
കുംഭാര സമുദായത്തിന് ദേവസ്വം നിയമനങ്ങളിൽ സംവരണം ; ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം മനുഷ്യാവകാശ കമ്മീഷൻ. HRMP No : 9448/ 19 (Date : 14/05/2024)
മലപ്പുറം : പരമ്പരാഗതമായി കളിമൺ പാത്ര നിർമ്മാണം നടത്തുന്ന കുംഭാര സമുദായത്തിന് ദേവസ്വം ബോർഡ് നിയമനങ്ങളിൽ പ്രത്യേക തൊഴിൽ സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാരിന്റെ നയപരമായ വിഷയമായതിനാൽ യുക്തമായ തീരുമാനമെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
2015 ലെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചട്ടങ്ങൾ പ്രകാരം മറ്റ് ഹിന്ദു പിന്നാക്ക സമുദായങ്ങൾക്ക് നൽകുന്ന സംവരണത്തിന് മാത്രമേ കുംഭാരൻ സമുദായത്തിന് അർഹതയുള്ളൂവെന്ന റിക്രൂട്ട്മെന്റ് ബോർഡ് സെക്രട്ടറിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ ഉത്തരവ്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണ്.
കുംഭാരൻ സമുദായത്തിന് 70 വർഷമായി യാതൊരു പുരോഗതിയുമില്ലാത്ത സാഹചര്യത്തിൽ ദേവസ്വം ബോർഡ് നിയമനങ്ങളിലെങ്കിലും തങ്ങളെ പരിഗണിക്കണമെന്ന പരാതിയിലാണ് ഉത്തരവ്.
ദേവസ്വം നിയമനങ്ങളിൽ മറ്റ് ഹിന്ദു പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ കുംഭാരൻ സമുദായത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് ലാസ്റ്റ് ഗ്രേഡ് സർവീസിലേക്ക് 9 ശതമാനവും ലാസ്റ്റ് ഗ്രേഡ് അല്ലാത്ത സർവീസിലേക്ക് 6 ശതമാനവും സംവരണം ലഭിക്കുന്നുണ്ട്. കുംഭാര സമുദായത്തിന് മാത്രമായി ദേവസ്വം നിയമനങ്ങളിൽ സംവരണ നിരക്ക് കൂട്ടാനോ കുറയ്ക്കാനോ റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മലപ്പുറം ആനമങ്ങാട് സ്വദേശി ശിവദാസൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
|
സർവീസ് ചാർജ് നൽകാത്തതിനാൽ ഫ്ലാറ്റിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു ; സർവീസ് ചാർജ് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ HRMP. 6009/2023 (09/05/2024)
കണ്ണൂർ : വർഷങ്ങളായി സർവീസ് ചാർജ് നൽകാത്തതിനെ തുടർന്ന് ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷൻ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ച സാഹചര്യത്തിൽ സർവീസ് ചാർജ് കുടിശിക ഉൾപ്പെടെ നൽകി അസോസിയേഷനുമായി സഹകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഫ്ലാറ്റിലെ താമസക്കാരിക്ക് നിർദ്ദേശം നൽകി.
കണ്ണൂർ താണയിലുള്ള ദ വെസ്റ്റേൺ കാസിൽ ഉടമകളുടെ അസോസിയേഷൻ സെക്രട്ടറിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ ഉത്തരവ്.
കണ്ണൂർ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരി നാലു വർഷത്തിലധികമായി ഫ്ലാറ്റിൽ താമസിച്ചു വരികയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഫ്ലാറ്റിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന സർവീസ് ചാർജ് പരാതിക്കാരി നൽകാത്തതിനെ തുടർന്ന് പരാതിക്കാരിയുടെ ഫ്ലാറ്റിലേക്കുള്ള വെള്ളം ഭാഗീകമായി നിർത്തലാക്കി. സർവീസ് ചാർജ് നൽകിയാൽ വെള്ളം നൽകുമെന്നും എതിർകക്ഷികൾ അറിയിച്ചു.
വെള്ളം കിട്ടുന്നില്ലെന്ന പരാതിയിൽ 3 തവണ കണ്ണൂർ എസ്. ഐ പരാതിക്കാരിയുടെ ഫ്ലാറ്റിലെത്തി അടുക്കളയിൽ വെള്ളം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തി. പരാതിക്കാരി ഡി.ഐ.ജി ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എതിർകക്ഷികളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും ഫ്ലാറ്റ് ഉടമകളുടെ കൂട്ടായ തീരുമാനം പിൻവലിക്കാനാവില്ലെന്ന് അവർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തലശ്ശേരിയിൽ സ്ഥിരമായി താമസിക്കുന്ന പരാതിക്കാരി വല്ലപ്പോഴും മാത്രമാണ് ഫ്ലാറ്റിൽ എത്താറുള്ളതെന്നും റിപ്പോർട്ടിലുണ്ട്. കേരള അപ്പാർട്ട്മെന്റ് ഓണർഷിപ്പ് ആക്റ്റ് 1983 ലെ വ്യവസ്ഥകൾ പരാതിക്കാരി ലംഘിച്ചതായും റിപ്പോർട്ടിലുണ്ട്.
2023 ഫെബ്രുവരി വരെ 93,000 രൂപ മെയിന്റനൻസ് ചാർജ് നൽകാനുണ്ടെന്ന് എതിർകക്ഷികൾ കമ്മീഷനെ അറിയിച്ചു. കെ. പി. പ്രമോദ് എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്. പരാതിക്കാരിക്ക് ഒരു കാർ പാർക്കിംഗ് ഉണ്ടെങ്കിലും മറ്റൊരാളുടെ പാർക്കിംഗിൽ കാർ പാർക്ക് ചെയ്ത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും എതിർകക്ഷി അറിയിച്ചു. പ്രഷീജ എന്ന താമസക്കാരി നൽകിയ പരാതിയിലാണ് ഉത്തരവ്.
|
ജീവനക്കാരൻ മരിച്ച് 10 വർഷം കഴിഞ്ഞിട്ടും പെൻഷൻ ആനുകൂല്യങ്ങൾ നൽകിയില്ല ; നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No : 8171/23 (Date : 15/05/2024)
എറണാകുളം : മുൻസിപ്പൽ സർവീസിൽ ജീവനക്കാരനായിരിക്കെ 2013 സെപ്റ്റംബർ 22 ന് മരിച്ച ജീവനക്കാരന്റെ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ 10 വർഷം കഴിഞ്ഞിട്ടും അവകാശികൾക്ക് അനുവദിക്കാത്തതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മനപൂർവമായ വീഴ്ചയുണ്ടായതായി മനുഷ്യാവകാശ കമ്മീഷൻ.
ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും പരാതിക്കാരിക്ക് പലിശ സഹിതം ആനുകൂല്യങ്ങൾ അനുവദിക്കേണ്ടതുണ്ടോ എന്ന് കമ്മീഷൻ പരിശോധിക്കുമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. അന്തരിച്ച ജീവനക്കാരൻ വി. കെ. സുബ്രന്റെ ഭാര്യ അയ്യമ്പിള്ളി സ്വദേശി പി. സി. സുധർമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി.
ചാലക്കുടി നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ചാലക്കുടി നഗരസഭയിൽ ഉദ്യോഗസ്ഥനായിരിക്കെയാണ് ജീവനക്കാരൻ മരിച്ചത്. പരാതിക്കാരിക്ക് മിനിമം പെൻഷൻ അനുവദിച്ചെന്നും ആശ്രിതനിയമനം നൽകിയെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. ജീവനക്കാരനുമായി ബന്ധപ്പെട്ട സർവീസ്
പ്രശ്നങ്ങൾ സങ്കീർണമാണെന്നും പഴക്കം ചെന്ന രേഖകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരന്റെ സർവീസ് ബുക്ക് ലഭ്യമാക്കുന്നതിൽ കാലതാമസം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ തന്റെ ഭർത്താവിന്റെ സർവീസ് സംബന്ധമായ കാര്യങ്ങളിൽ ഓഡിറ്റ് ചൂണ്ടികാണിച്ച തടസവാദങ്ങളിൽ കൃത്യമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ യഥാസമയം പരാതി പരിഹരിക്കാൻ കഴിയുമായിരുന്നുവെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. ഓഡിറ്റ് ക്വറി പരിഹരിക്കാൻ 10 വർഷത്തെ കാലതാമസം ഉണ്ടായതായും പരാതിക്കാരി അറിയിച്ചു.
സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് യഥാസമയം സർവീസ് ആനുകൂല്യങ്ങൾ നൽകണമെന്ന് നിരവധി കോടതി ഉത്തരവുകൾ ഉള്ളതായി കമ്മീഷൻ ചൂണ്ടികാണിച്ചു. പരാതിക്കാരി അനുഭവിച്ച മനുഷ്യാവകാശ ലംഘനത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയമാനുസൃതമായ നടപടി നേരിടേണ്ടി വരുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ 15 ദിവസത്തിനകം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ചാലക്കുടി നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
|
മനുഷ്യാവകാശ കമ്മീഷൻ കോട്ടയം സിറ്റിംഗ് ഇന്ന് (Date : 09/05/2024)
കോട്ടയം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഇന്ന് (10/05/2024) രാവിലെ 10.30 ന് കോട്ടയം പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
20 സെന്റ് സ്ഥലവും വീടും 5 ലക്ഷവും നൽകിയിട്ടും സംരക്ഷണമില്ല ; നിയമസേവനവും സംരക്ഷണവും നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ HRMP No : 2184/ 23 (Date : 09/05/2024)
ഇടുക്കി : വാർദ്ധക്യത്തിൽ തന്നെ സംരക്ഷിക്കണമെന്ന ഉപാധിയിൽ 20 സെന്റ് സ്ഥലവും കെട്ടിടവും 5 ലക്ഷം രൂപയും കോതമംഗലം ഊന്നുകല്ലിലുള്ള ചാരിറ്റബിൾ സൊസൈറ്റിക്ക് വിട്ടുകൊടുത്തിട്ടും തന്നെ സംരക്ഷിക്കാനോ കെട്ടിടവും സ്ഥലവും വിട്ടുനൽകാനോ സൊസൈറ്റി തയ്യാറാവുന്നില്ലെന്ന പരാതിയിൽ സിവിൽ കോടതിയിൽ പരാതിക്കാരിക്ക് ജില്ലാ നിയമ സേവന അതോറിറ്റി നിയമസഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സിവിൽ കോടതി മുഖാന്തിരം നീതി തേടാമെന്നും പരാതിക്കാരിയുടെ പൂർണസമ്മതം വാങ്ങിയ ശേഷം സാമൂഹിക നീതി വകുപ്പിന്റെ ഒരു സ്ഥാപനത്തിൽ പരാതിക്കാരിക്ക് സംരക്ഷണം നൽകണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ഇടുക്കി ജില്ലാ സാമൂഹിക നീതി ഓഫീസർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അയ്യപ്പൻ കോവിൽ സ്വദേശി അന്നമ്മ വർഗീസിന്റെ പരാതിയിലാണ് നടപടി.
കോതമംഗലം ഊന്നുകല്ലിലുള്ള സൊസൈറ്റി ഓഫ് മരിയൻ സിംഗിൾസിന് വേണ്ടിയാണ് പരാതിക്കാരി സ്ഥലം നൽകിയതെന്നും പരാതിക്കാരിക്ക് നൽകിയ ഉറപ്പ് സ്ഥാപനം പാലിച്ചിട്ടില്ലെന്നും ഇടുക്കി ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. ഇപ്പോൾ സൊസൈറ്റിക്ക് വൃദ്ധസദനം തുടങ്ങാൻ താൽപര്യമില്ല. പരാതിക്കാരി ഒറ്റയ്ക്കാണ് താമസമെന്നും സംരക്ഷണം ഉറപ്പു വരുത്തേണ്ടതാണെന്നും ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസറും ഇതേ വിവരം റിപ്പോർട്ട് ചെയ്തു. പരാതിക്കാരിയെ സംരക്ഷിക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടില്ലെന്നും സാമൂഹിക നീതി ഓഫീസർ കമ്മീഷനെ അറിയിച്ചു.
കരാർ ലംഘനവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് സിവിൽ കോടതിയെ സമീപിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചത്.
|
ചികിത്സാനുകൂല്യങ്ങളെ കുറിച്ച് ബോധവൽകരണം; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി (Date: 08/05/2024)
കോഴിക്കോട് : കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സാധാരണകാർക്ക് വേണ്ടി നടപ്പിലാക്കുന്ന വിവിധ ചികിത്സാനുകൂല്യങ്ങളെ കുറിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ അറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിൽ നിന്നു വിശദീകരണം തേടി.
ആരോഗ്യ വകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂണിൽ കോഴിക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
സാധാരണക്കാർക്ക് ചികിത്സാനുകൂല്യങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മ കാരണം യഥാർത്ഥ ഗുണഭോക്താക്കൾക്ക് ചികിത്സാ സഹായം നിഷേധിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. കൃത്യമായ പ്രചാരണം നൽകിയാൽ പലർക്കും പദ്ധതിയുടെ ഗുണഫലങ്ങൾ ലഭിക്കുമെന്ന് പരാതിക്കാരനായ താമരശേരി തച്ചംപൊയിൽ സ്വദേശി ടി. ഉദയകുമാർ സമർപ്പിച്ച പരാതിയിൽ പറയുന്നു.
|
കഴകം തസ്തിക : ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കണം- മനുഷ്യാവകാശ കമ്മീഷൻ (Date: 08/05/2024)
കൊല്ലം: 2021 നവംബർ 30 ന് കാലാവധി കഴിഞ്ഞ കൊച്ചിൻ ദേവസ്വം ബോർഡ് കഴകം തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കപ്പെട്ടില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
153 –ാം റാങ്ക് ലഭിച്ച പരാതിക്കാരൻ ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്.
കഴകം തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് 2023 ജനുവരി 9 ന് ഹൈക്കോടതി പുറപ്പെടുവിച്ച വിശദമായ ഉത്തരവിൽ പുതിയ പട്ടിക പ്രസിദ്ധികരിക്കാത്ത സാഹചര്യത്തിൽ പഴയ ലിസ്റ്റിലുള്ളവർക്ക് ദിവസവേതന/കാഷ്വൽ നിയമനത്തിന് മുൻഗണന നൽകണമെന്ന് പറയുന്നു. പുതിയ സെലക്റ്റ് ലിസ്റ്റ് പ്രസിദ്ധികരിക്കുന്നതിന് മുമ്പുള്ള കാലയളവിലേക്കാണ് ഉത്തരവ് ബാധകം. എന്നാൽ ഹൈക്കോടതി ഉത്തരവ് ദേവസ്വം ബോർഡ് നടപ്പാക്കിയിട്ടില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ തന്നെ സമീപിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചത്. ആവണീശ്വരം സ്വദേശി ആർ. വിനോദ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ആശ്വാസകിരണം പെൻഷൻ യഥാസമയം നൽകണം : മനുഷ്യാവകാശ കമ്മീഷൻ (Date: 08/05/2024)
തിരുവനന്തപുരം: കിടപ്പുരോഗികൾക്ക് ആശ്വാസ കിരണം പദ്ധതി വഴി സർക്കാർ നൽകിവരുന്ന 600 രൂപയുടെ പ്രതിമാസ പെൻഷൻ സമയബന്ധിതവും കാര്യക്ഷമമായും വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വളരെ തുച്ഛമായ ധനസഹായം യഥാസമയം ലഭ്യമാക്കാത്തത് ഖേദകരമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
അംഗപരിമിതനും നിത്യരോഗിയുമായ വ്യക്തി തനിക്ക് 38 മാസമായി പെൻഷൻ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. തിരുവനന്തപുരം ജില്ലയിൽ ആശ്വസകിരണം പദ്ധതിയിൽ 2021 ജുലൈ വരെയുള്ള തുക മാത്രമാണ് നൽകിയിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ലൈഫ് സർട്ടിഫിക്കേറ്റ്, പുതുക്കിയ വ്യക്തി വിവരങ്ങൾ എന്നിവ ഓഫീസിൽ ലഭിക്കുന്ന മുറയ്ക്ക് ഫണ്ട് ലഭ്യതക്കനുസരിച്ച് തുടർ ധനസഹായം അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് തുക ലഭിക്കാത്തത് സാങ്കേതിക പ്രശ്നം കാരണമാണെന്നാണ് വകുപ്പിന്റെ വാദം. ഇക്കാര്യം പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. കുന്നത്തുകാൽ നാറാണി സ്വദേശി കെ. ഗോപി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കരവാരം വഞ്ചിയൂരിൽ അനധികൃത ഇറച്ചിവെട്ട് അവസാനിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No : 4092/ 23 (Date : 06/05/2024)
തിരുവനന്തപുരം(ആറ്റിങ്ങൽ) : കരവാരം ഗ്രാമ പഞ്ചായത്തിലെ വഞ്ചിയൂരിൽ ജനങ്ങളുടെ സരക്ഷ കണക്കിലെടുത്ത് ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിച്ച് മാത്രം അറവുശാലകൾ പ്രവർത്തിക്കാൻ അനുമതി നൽകണണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കരവാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
മാർക്കറ്റിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കടമുറികളിൽ ഉണ്ടായിരുന്ന ഇറച്ചി വിൽപ്പനക്കാരെ ഒഴിപ്പിച്ചിട്ടുള്ളതായി കരവാരം പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മാർക്കറ്റിന് പുറത്തുള്ള ഇറച്ചി വിൽപ്പനകാർക്ക് നോട്ടിസ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ നടക്കുന്ന ഇറച്ചി വിൽപ്പനയ്ക്ക് മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പ്രദേശവാസിയായ എസ്. ഷാജി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് മാറ്റി (Date: 04/05/2024)
പാലക്കാട് : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് മേയ് 29 ന്
രാവിലെ 10.30 ന് പാലക്കാട് ഗവ.ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റി.അടുത്ത സിറ്റിംഗ് ജൂണിൽ നടക്കും. തീയതി പിന്നീട് അറിയിക്കും.
|
അമ്മയെ അജ്ഞാത കേന്ദ്രത്തിലാക്കി മകൾ പീഡിപ്പിക്കുകയാണെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ (Date: 04/05/2024)
കോഴിക്കോട് : കൊയിലാണ്ടി കൊല്ലം റയിൽവേ ഗേറ്റിന് സമീപം താമസിച്ചിരുന്ന സജിനി എന്ന വയോധികയെ ബംഗളൂരുവിൽ വിവാഹം കഴിച്ചയച്ച മകൾ അജ്ഞാത കേന്ദ്രത്തിലാക്കി മാനസികമായി പീഡിപ്പിക്കുകയാണെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
വനിതാ – ശിശു വികസന ജില്ലാ ഓഫീസർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവിട്ടു. 3 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
സജിനിയുടെ ഭർത്താവ് ഭരതൻ കഴിഞ്ഞ മാർച്ചിൽ മരിച്ചതായി പരാതിയിൽ പറയുന്നു. സജിനിയുടെ കാൽ ഏതാനും മാസങ്ങൾക്ക് മുമ്പ് മുറിച്ചു മാറ്റിയിരുന്നു. കൊയിലാണ്ടിയിലെ മുരളി പെട്രോൾ പമ്പിൽ ഭരതന് ജോലിയുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. 15 വർഷം മുമ്പ് ഇദ്ദേഹം ഹണിട്രാപ്പിൽ കുടുങ്ങുകയും തനിക്ക് സ്വന്തമുണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് ആരോപണം ഉന്നയിച്ചയാൾക്ക് പണം നൽകി സ്ഥലം വിടുകയും ചെയ്തു. ട്രാപ്പിൽ പെടുത്തിയവർക്ക് നൽകിയ പണത്തിന്റെ ബാക്കി ചിലർക്ക് പലിശക്ക് നൽകിയിരുന്നതായും പരാതിയിൽ പറയുന്നു. പിന്നീട് പലിശയ്ക്ക് നൽകിയ പണവും നഷ്ടമായി. സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ ആശ്രയിച്ചാണ് ഇവർ ജീവിച്ചുപോന്നത്.
ഭാര്യയുടെ കാൽ മുറിക്കേണ്ട ശസ്ത്രക്രിയക്ക് പണം സ്വരൂപിച്ചത് ബാങ്ക് ലോക്കറിൽ ഉണ്ടായിരുന്ന സ്വർണം പണയം വച്ചാണ്. ഇതിന്റെ പേരിൽ മകൾ വഴക്കുണ്ടാക്കിയതായി പരാതി പറഞ്ഞു. സ്വർണം തിരികെ കിട്ടാൻ വൃദ്ധനായ പിതാവിനെ മകൾ ആക്രമിച്ചതായി പരാതിയിലുണ്ട്. പിതാവിന്റെ മരണശേഷം അമ്മ എവിടെയാണെന്ന് അറിയില്ലെന്നും പരാതിയിൽ പറയുന്നു. നിരാലംബരായ അമ്മയ്ക്ക് നീതി ഉറപ്പാക്കണമെന്നാണ് ആവശ്യം.
|
പിടിച്ചെടുത്ത വാഹനം കോടതിയിൽ ഹാജരാക്കാൻ കാലതാമസം വരുത്തിയ എസ്. ഐ ക്കെതിരെ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ (Date: 04/05/2024)
തിരുവനന്തപുരം : കഴക്കൂട്ടം എസ്. ഐ ക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പോലീസ് കൈകാണിച്ചപ്പോൾ ഇരുചക്രവാഹനം നിർത്താത്തതിന്റെ പേരിൽ പിടിച്ചെടുത്ത വാഹനം കോടതിയിൽ ഹാജരാക്കുന്നതിന് 13 ദിവസത്തെ കാലതാമസം വരുത്തിയതിനാലാണ് എസ്. ഐ ജിനുവിന്റെ പേരിൽ അനുയോജ്യമായ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടത്.
വാഹനത്തിന് തേഡ് പാർട്ടി ഇൻഷ്വറൻസ് ഇല്ലാത്തതു കാരണമാണ് വാഹനം നിർത്താത്തതെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. എന്നാൽ പ്രസ്തുത നിയമ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം വാഹനം വിട്ടു നൽകേണ്ടതായിരുന്നുവെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പോലീസ് പിടിച്ചെടുത്ത വാഹനം പരാതിക്കാരന് തിരികെ കിട്ടുന്നത് 45 ദിവസങ്ങൾക്ക് ശേഷമാണ്. പരാതിക്കാരനെ മനപൂർവം ബുദ്ധിമുട്ടിക്കുക എന്ന ഉദ്ദേശം എസ്. ഐ ക്കുണ്ടായിരുന്നതായി സംശയിക്കേണ്ടി വരുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരം വീഴചകൾ എസ്. ഐ മേലിൽ ആവർത്തിക്കാതിരിക്കാനാണ് ശിക്ഷ നൽകേണ്ടത്. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
ചെമ്പഴന്തി ഉഴിയാഴത്തുറ സ്വദേശി സി. പരമേശ്വരൻ നായർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം പരാതിയെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു.
2022 ഓഗസ്റ്റ് 17 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. തുടർന്ന് പരാതിക്കാരന്റെ സ്ഥാപനത്തിലെത്തി പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. 13 ദിവസങ്ങൾക്ക് ശേഷമാണ് വാഹനം കോടതിക്ക് നൽകിയത്. സെപ്റ്റംബർ 28 നാണ് കോടതി വാഹനം വിട്ടു കൊടുത്തത്. വാഹനം കോടതിയിൽ സമയബന്ധിതമായി ഹാജരാക്കുന്നതിൽ കഴക്കൂട്ടം എസ്. ഐ ജിനുവിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തി. എന്നാൽ എസ്. ഐ തന്റെ ഭാഗം ന്യായികരിച്ചു.
|
മുല്ല കുടിവെള്ള പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ . HRMP No : 8440/ 23 (Date : 05/05/2024)
ഇടുക്കി : ഉപ്പുതറ ഗ്രാമ പഞ്ചായത്തിലെ കണ്ണംപടി വനമേഖലയിലുള്ള മുല്ല ആദിവാസി ഊരുകളിൽ 19,65,000 രൂപ മുടക്കിയിട്ടും കുടിവെള്ള പദ്ധതി പൂർത്തിയാകാത്തത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് സംവിധാനം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വർഷങ്ങൾക്ക് മുമ്പേ ലഭിക്കേണ്ടിയിരുന്ന കുടിവെള്ള പദ്ധതിക്ക് ആവശ്യമായ വൈദ്യുതി കണക്ഷനും മറ്റും അടിയന്തരമായി സ്ഥാപിച്ച് പ്രശ്നം പരിഹരിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
ആഭ്യന്തര വിജിലൻസ് അന്വേഷണ റിപ്പോർട്ടും സ്വീകരിച്ച നടപടികളും കമ്മീഷനെ അറിയിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
2016 മുതൽ നാളിതുവരെയാണ് 19,65,000 രൂപ ചെലവാക്കിയിട്ടുണ്ട്. ഇനി ഏഴു ലക്ഷം കൂടി ലഭ്യമായാൽ മാത്രമേ പദ്ധതി പ്രാവർത്തികമാക്കാൻ കഴിയുകയുള്ളൂവെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പദ്ധതിയിൽ വ്യാപകമായ ക്രമക്കേട് നടന്നതായി കമ്മീഷൻ അനുമാനിച്ചു. ആനയെ വാങ്ങി പക്ഷേ ആനയ്ക്ക് ചങ്ങല വാങ്ങിയില്ല എന്ന മട്ടിലാണ് പദ്ധതി തയ്യാറായെങ്കിലും വൈദ്യുതി കണക്ഷൻ ലഭിച്ചില്ല എന്ന് അധികാരികൾ പറയുന്നത്. അലസ മനോഭാവത്തിന്റെയും ഉത്തരവാദിത്തമില്ലായ്മയുടെയും ഉദാഹരണമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
2016-17 സാമ്പത്തിക വർഷമാണ് മുല്ല കുടിവെള്ള പദ്ധതി നടപ്പാക്കാൻ ആരംഭിച്ചത്. അന്ന് 4,65,000 രൂപ ചെലവഴിച്ചിട്ടുണ്ട്. നിലവിൽ കുളത്തിലെ വെള്ളം ഉപയോഗിക്കാത്തതുകൊണ്ട് കാടുമൂടി ഉപയോഗശൂന്യമായ അവസ്ഥയിലാണെന്ന് ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. 2018-19 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്ത് 15 ലക്ഷം മുടക്കി ടാങ്കുകളും റിംഗുകളും സ്ഥാപിച്ച് മോട്ടോർ ഘടിപ്പിച്ചു. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത കാരണം വൈദ്യുതി കണക്ഷൻ എടുക്കാനായില്ല. 2023 -24 വാർഷിക പദ്ധതിയിൽ പുതിയ മോട്ടോർ വാങ്ങാനും വൈദ്യുതി കണക്ഷൻ എടുക്കാനുമായി 7,00,000 രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ഉപയോഗിച്ച് വൈദ്യുതി കണക്ഷൻ നൽകാമെന്നാണ് വാഗ്ദാനം.
മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അച്ചാർ കമ്പനിയിലെ കെമിക്കലുകൾ നിർവീര്യമാക്കണം: മനുഷ്യാവകാശ കമ്മീഷൻ
ത്യശൂർ: ചാവക്കാട് കുരഞ്ഞിയൂരിൽ പ്രവർത്തിച്ചിരുന്ന പി.ജെ. അഗ്രോ ഫുഡ്സ് എന്ന സ്ഥാപനത്തിൽ വലിയ കാനുകളിൽ സൂക്ഷിച്ചിട്ടുള്ള കെമിക്കലുകൾ പരിസരവാസികൾക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ നിർവീര്യമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നിലവിൽ സ്ഥാപനം എസ്.ബി.ഐയുടെ ജപ്തിയിലായതിനാൽ ബാങ്ക് ഉദ്യോഗസ്ഥരുടെ അനുമതിയോടെ കുരഞ്ഞിയൂർ പഞ്ചായത്ത് സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡ് പരിസ്ഥിതി എഞ്ചിനീയറും സംയുക്തമായി ഫാക്ടറിയിൽ വച്ച് തന്നെ കെമിക്കലുകൾ നിർവീര്യമാക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി നിർദ്ദേശം നൽകി.
ജനവാസ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം നടത്തുന്ന പരിസര മലിനീകരണത്തിനെതിരെ സമർപ്പിച്ച പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് കമ്മീഷൻ ഉത്തരവ്. സ്ഥാപനം നിലവിൽ പ്രവർത്തിക്കുന്നില്ലെന്നും പഞ്ചായത്തല്ല തൃശൂർ ജില്ലാ ഏക ജാലക ക്ലിയറൻസ് ബോർഡാണ് സ്ഥാപനത്തിന് ലൈസൻസ് നൽകിയതെന്നും പുന്നയൂർ ഗ്രാമപഞ്ചായത്ത് കമ്മീഷനെ അറിയിച്ചു. പ്രദേശത്ത് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ത്യശൂർ മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗവും കമ്മീഷനെ അറിയിച്ചു. എന്നാൽ എസ്. സി. സെറ്റിൽമെന്റിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ മാലിന്യം പരിസരവാസികളെ മാറാരോഗികളാക്കിയതായി പരാതിക്കാരൻ അറിയിച്ചു. ഈ സാഹചര്യത്തിൽ കമ്മീഷനിലെ അസിസ്റ്റന്റ് ലീഗൽ ഓഫീസർ സി.എൻ. ജയചന്ദ്രനെ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ചുമതലപ്പെടുത്തി. സ്ഥാപനം ഒരു മാസമായി ജപ്തിയിലാണെന്നും എന്നാൽ സ്ഥാപനത്തിനുള്ളിൽ വലിയ കാനുകളിൽ സൂക്ഷിച്ചിട്ടുള്ള കെമിക്കലുകൾ പുറത്തേക്ക് ഒഴുക്കി വിട്ടാൽ ഗുരുതര പരിസര മലിനീകരണം സംഭവിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകി.
നാട്ടുകാർ 8 വർഷമായി കമ്പനിക്കെതിരെ സമരത്തിലാണ്. മലിനീകരണം കാരണം കുട്ടികളും മുതിർന്നവരും വിവിധ തരം രോഗങ്ങൾ അനുഭവിക്കുന്നതായി സമര സമിതി കൺവീനർ വി.എ. ചാക്കോ കമ്മീഷനെ അറിയിച്ചു.ഫംഗസ് രോഗം ബാധിച്ച് യുവതി മരിച്ചു.ഇക്കാര്യങ്ങളൊക്കെ ശരിവയ്ക്കുന്ന ഒരു റിപോർട്ട് ത്വക് രോഗ വിദഗദ്ധനായ ഡോ. വാസു കടന്തോട് കമ്മീഷന് നൽകി . ജലം മലിനമാണ്. ഡോക്ടർക്കും ചൊറിച്ചിലും അലർജിയും ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് താമസിക്കുന്ന 99 പേരെ പരിശോധിച്ചപ്പോൾ 53 പേർക്ക് ത്വക് രോഗവും 38 പേർക്ക് ശ്വാസം മുട്ടലും കണ്ടെത്തി.
പിക്കിൾ, ജാം , സോസ് എന്നിവ നിർമ്മിച്ചിരുന്ന കമ്പനിയിൽ നിന്നും സമീപത്തെ പാടങ്ങളിലേക്കും നദികളിലേക്കും മാലിന്യം ഒഴുക്കി വിട്ടിരുന്നതായി കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. ജില്ലാ കളക്ടർ, പഞ്ചായത്ത് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനീയർ എന്നിവർക്ക് ഉത്തരവിന്റെ പകർപ്പ് അയച്ചു. കുരഞ്ഞിയൂർ സ്വദേശി വി.എ. ചാക്കോ, കടന്തോട് സ്വദേശി മാധവി എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.
|
കല്ലൂത്താൻകടവ് ഫ്ലാറ്റിലെ ബലക്ഷയം ; നഗരസഭ അന്തിമ റിപ്പോർട്ട് നൽകണം മനുഷ്യാവകാശ കമ്മീഷൻ HRMP. 7112/2023
കോഴിക്കോട് :140 കുടുംബങ്ങൾക്ക് വേണ്ടി നിർമ്മിച്ച കല്ലൂത്താൻകടവ് ഫ്ലാറ്റിലെ അപാകതകൾ പരിഹരിക്കുന്നതിന് കോർപ്പറേഷൻ സ്വീകരിച്ച അന്തിമ നടപടികൾ വ്യക്തമാക്കി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തൊട്ടിലിലെ കുഞ്ഞിനരികിലേക്ക് അടർന്നു വീണ് മേൽക്കൂര, കോർപ്പറേഷന്റെ ദുരിത ഫ്ലാറ്റ് എന്ന തലക്കെട്ടിൽ ഒരു ദൃശ്യമാധ്യമം സംപ്രേക്ഷണം ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ ഉത്തരവ്.
ഫ്ലാറ്റിന് ബലക്ഷയം സംഭവിച്ചതായി 2023 ഒക്ടോബർ 6 ന് നടത്തിയ സ്ഥല പരിശോധനയിൽ മനസിലാക്കിയതായി കോർപ്പറേഷൻ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഫ്ലാറ്റിന്റെ സീലിംഗിലുളള പ്ലാസ്റ്ററിംഗ് അടർന്നു വീണിട്ടുണ്ട്. ചുമരുകളിൽ വിള്ളലും ഏഴാം നിലയിലെ കൈവരികൾ പൊളിഞ്ഞിട്ടുമുണ്ട്. സ്വീവേജ് പൂർണമായും പ്രവർത്തിക്കുന്നില്ല. കുടിവെള്ള ടാങ്കിലെ വെള്ളം ശുദ്ധമല്ല. ടാങ്കിന് ലീക്കുണ്ട്. അപാകതകൾ പരിഹരിക്കുന്നതിന് കല്ലുത്താൻകടവ് ഏരിയ വികസന കമ്പനി ഡയറക്ടർക്ക് 2023 ഒക്ടോബർ 7 ന് നഗരസഭ നിർദ്ദേശം നൽകിയിട്ടുണ്ട്. കെട്ടിടത്തിന്റെ ബലക്ഷയം പരിശോധിക്കാൻ കോഴിക്കോട് എൻ.ഐ.റ്റി ക്ക് നിർദ്ദേശം നൽകുകയും സ്ട്രക്ചറിൽ ബലക്ഷയം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു. റീബൌണ്ട് ഹാമർ ടെസ്റ്റ് എന്ന പരിശോധന കൂടി നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് അടിയന്തരമായി നടത്താൻ നഗരസഭ നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിന് പുറമേ കല്ലൂത്താൻ കടവ് ഫ്ലാറ്റ് നിവാസികൾ മനോജിന്റെ നേതൃത്വത്തിലും പരാതി നൽകിയിട്ടുണ്ട്.
|
റോഡിന്റെ ഇടതുഭാഗം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ജംഗ്ക്ഷനുകളിലെ ട്രാഫിക് സിഗ്നലിൽ ചുവപ്പ് തെളിയുമ്പോൾ ഇടതുഭാഗത്തേക്ക് തടസ്സമില്ലാതെ കടന്നുപോകാവുന്ന സൗകര്യം ഇതര വാഹനങ്ങൾ തടയരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇത്തരത്തിൽ ഗതാഗതം തടയുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ പറഞ്ഞു. കോഴിക്കോട് ആർ.റ്റി. ഒയും സിറ്റി പോലീസ് കമ്മീഷണറും ഇത്തരം ഗതാഗത നിയമലംഘനങ്ങൾ പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് നൽകണം. മേയ് 17 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
എരഞ്ഞിപ്പലം, കാരാപറമ്പ് , തൊണ്ടയാട്, ക്രിസ്ത്യൻ കോളേജ് ജം, ചേവരമ്പലം , പുതിയറ , മാവൂർ റോഡ് ജം, എന്നിവിടങ്ങളിലെ ട്രാഫിക് ലൈറ്റിൽ ചുവപ്പ് തെളിയുമ്പോൾ ചില വാഹനങ്ങൾ ഇടതു ഭാഗം ചേർത്തു നിർത്തി വഴി തടസപ്പെടുത്തുന്നുവെന്ന പരാതിയിലാണ് നടപടി. ഇക്കാരണത്താൽ ചുട്ടുപൊള്ളുന്ന വെയിലിൽ ഇരുചക്ര വാഹന യാത്രക്കാർ പെട്ടു പോകുന്നു. ജംഗ്ക്ഷനിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർ ഇത് കണ്ടില്ലെന്ന് നടിക്കുന്നു. സിവിൽ സ്റ്റേഷനിൽ നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ ഇടതുവശം ചേർത്ത് നിർത്തി ഗതാഗതം മുടക്കുന്നതും പതിവാണ്. ഇത്തരത്തിൽ എല്ലാ ജംഗ്ഷനുകളിലും നിയമലംഘനം നടക്കുന്നുവെന്നാണ് പരാതി. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ബി.എസ്.സി പ്രിന്റിംഗ് ആന്റ് ടെക്നോളജി കോഴ്സിൽ ചേർന്ന വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണം :മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം : കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ സംവിധാനത്തിൽ നടത്തി വന്നിരുന്ന ബി.എസ്.സി പ്രിന്റിംഗ് ആന്റ് ടെക്നോളജി എന്ന കോഴ്സിൽ ചേർന്ന വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കാതെ അവരുടെ ആശങ്കകൾ പരിഹരിച്ച ശേഷം എത്രയും വേഗം കോഴ്സിന്റെ കാലാവധി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സർവകലാശാലാ രജിസ്ട്രാർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
2014 ൽ ആരംഭിച്ച കോഴ്സ് ഇതുവരെയും പൂർത്തിയാക്കിയിട്ടില്ലെന്ന് ആരോപിച്ച് ഒരു വിദ്യാർത്ഥി സമർപ്പിച്ച പരാതിയിലാണ് നടപടി.
സാങ്കേതിക കാരണങ്ങളാലാണ് കോഴ്സ് യഥാസമയം പൂർത്തിയാക്കാൻ കഴിയാത്തതെന്ന് രജിസ്ട്രാർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ സമ്മതിച്ചു. ഇക്കാര്യത്തിൽ സംഭവിച്ച കാലതാമസത്തിന്റെ കാരണങ്ങൾ പരീക്ഷകൾക്ക് വേണ്ടിയുള്ള സർവകലാശാലാ സ്റ്റാന്റിംഗ് കമ്മിറ്റി മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. 3,5 സെമസ്റ്റർ വിദ്യാർത്ഥികൾക്കുള്ള പ്രായോഗിക പരിശീലനം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഒന്നു മുതൽ ആറു വരെയുള്ള സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണ്ണയം പൂർത്തിയായി കഴിഞ്ഞു. പ്രായോഗിക പരിശീലനം പൂർത്തിയായാലുടൻ ഇതുമായി ബന്ധപ്പെട്ട പരീക്ഷകൾ ആരംഭിക്കും.
പരീക്ഷയിൽ ഇന്റേണൽ എക്സാമിനേഷൻ ഒഴിവാക്കണമെന്ന ശുപാർശ ബന്ധപ്പെട്ട സമിതിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരന് അയച്ചുകൊടുത്തെങ്കിലും മറുപടി സമർപ്പിച്ചില്ല. മുന്നൊരുക്കങ്ങൾ കൂടാതെയാണ് സർവകലാശാലാ കോഴ്സ് ആരംഭിച്ചതെന്ന് റിപ്പോർട്ടിൽ നിന്നും വ്യക്തമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വള്ളിക്കുന്ന് സ്വദേശി ആദിത്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കെട്ടാങ്ങലിൽ കുടിവെള്ള വിതരണം പുനരാരംഭിക്കണം : മനുഷ്യാവകാശ കമ്മിഷൻ
കോഴിക്കോട് : എൻ. ഐ. ടി ക്ക് സമീപം കെട്ടാങ്ങൽ പ്രദേശത്ത് മൂന്നു മാസമായി മുടങ്ങി കിടക്കുന്ന ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം ഉടൻ പുനരാരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജല അതോറിറ്റി കൊടുവള്ളി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ജലവിതരണം പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.
കെട്ടാങ്ങൽ ജംഗ്ഷനിൽ നിന്നും 500 മീറ്റർ അകലെ വരെ ശുദ്ധജലം ലഭിക്കാറുണ്ടെന്ന് പരാതിയിൽ പറയുന്നു. ഒരു മാസമായി നാട്ടുകാർ ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകുന്നുണ്ട്. എന്നിട്ടും ഫലമില്ല. ജനുവരി വരെ കൃത്യമായി കുടിവെള്ളം ലഭിച്ചിരുന്ന സ്ഥലമായിരുന്നു ഇവിടം.
കെട്ടാങ്ങൽ സ്വദേശി പ്രൊഫ.വർഗീസ് മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. മേയ് 17 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
ടി.ടി.ഇ മാർക്ക് വിശ്രമ സൗകര്യമില്ല ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പാലക്കാട് : ജോലി കഴിഞ്ഞിറങ്ങുന്ന വനിതാ ടി.ടി.ഇ മാർ ഉൾപ്പെടെയുള്ളവർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യം ഒരുക്കാത്ത റയിൽവേയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നോട്ടിസയച്ചു. തിരുവനന്തപുരം, പാലക്കാട് റയിൽവേ ഡിവിഷണൽ മാനേജർമാർ 30 ദിവസത്തിനകം പരാതി വിശദമായി പരിശോധിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ജൂണിൽ പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
1000 ത്തോളം ടിക്കറ്റ് ചെക്കിംഗ് ജീവനക്കാരാണ് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി ജോലി ചെയ്യുന്നത്. ഇതിൽ 30 ശതമാനം വനിതാ ജീവനക്കാരാണ്. റയിൽവേയുടെ മുൻനിര ജീവനക്കാരായ ടി.ടി.ഇ മാർക്ക് ജോലി സമയത്തിന് ശേഷം വിശ്രമിക്കാൻ റയിൽവേ സ്ഥലം നൽകാത്തതിനാൽ നിലത്ത് കിടന്ന് വിശ്രമിക്കേണ്ട അവസ്ഥയാണുള്ളതെന്ന് പരാതിയിൽ പറയുന്നു.
തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, മംഗലാപുരം, പാലക്കാട് ഡിവിഷനുകളിൽ റയിൽവേ ബോർഡ് നിഷ്കർഷിച്ചിട്ടുള്ള യാതൊരു സൗകര്യവും ജീവനക്കാർക്ക് നൽകുന്നില്ല. ജീവനക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സാഹചര്യം പോലുമില്ല. ടിക്കറ്റ് ചെക്കിംഗ് ജീവനക്കാരുടെ അന്തസ്സ് കെടുത്തുന്ന നടപടിയാണ് റയിൽവേ പിന്തുടരുന്നത്.
ഷൊർണൂർ റയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ നാല് കട്ടിലിടാനുള്ള സൗകര്യം മാത്രമാണുള്ളത്. എന്നിട്ടും 6 കട്ടിലുകൾ നിരത്തിയിട്ടിരിക്കുന്നു. വസ്ത്രം മാറാനുള്ള സൗകര്യം പോലുമില്ല. പാലക്കാട് ജംഗ്ഷനിലും ഇതുതന്നെയാണ് അവസ്ഥ. പുരുഷ ടി.ടി.ഇ മാരുടെ വിശ്രമ കേന്ദ്രത്തിലും സ്ഥിതി വിഭിന്നമല്ല. ഡി.ആർ.ഇ.യു (പാലക്കാട്) ഡിവിഷണൽ സെക്രട്ടറി വി. സുജിത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മൈ – ജി ഷോറൂം ഉദ്ഘാടനത്തിൽ ഗതാഗത കുരുക്കുണ്ടാകരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ : കോഴിക്കോട് – കണ്ണൂർ റോഡിൽ (4/5/2024) ഇന്ന് പ്രവർത്തനം ആരംഭിക്കുന്ന മൈജി ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഗതാഗതകുരുക്കുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഗതാഗത കുരുക്കുണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ ഉത്തരവ്.
ജില്ലാ കളക്ടറും കണ്ണൂർ പോലീസ് കമ്മീഷണറും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികളെ കുറിച്ച് ഇരുവരും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് മെയ് 24 ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. പൊതു പ്രവർത്തകനായ അഡ്വ.വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
|
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരി നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ; ഡയറക്ടർക്ക് കമ്മീഷൻ നോട്ടീസ്
കോഴിക്കോട് : 16 വർഷമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഗുരുതര രോഗ ബാധിതയായ എഡിറ്റോറിയൽ വിഭാഗം ഉദ്യോഗസ്ഥക്ക് സാമ്പത്തിക സഹായമോ അവധിയോ ജോലി സ്ഥിരതയോ നൽകാതെ ബുദ്ധിമുട്ടിക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ഡയറക്ടർക്ക് നോട്ടിസയച്ചു.
15 ദിവസത്തിനകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. മേയ് 17 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
രോഗബാധിതയായ സ്ത്രീ എന്ന നിലയിൽ തന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്നാണ് ആവശ്യം.
|
ബസ് ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റേോൺമെന്റ് എസ്.എച്ച്.ഒ ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. മേയ് 9 ന് തിരുവനന്തപുരത്ത് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നേമം സ്വദേശി എൽ. എച്ച്. യദു സമർപ്പിച്ച പരാതിയിലാണ് നടപടി.
ആര്യാ രാജേന്ദ്രൻ, ഡി. എൻ. സച്ചിൻ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ, എന്നിവർക്കെതിരെയാണ് പരാതി. ഏപ്രിൽ 27 ന് കെ.എസ്.ആർ.ടി.സി ബസിന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. ഏപ്രിൽ 27 ന് രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്.എച്ച്. ഒ ക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുൻഭാഗത്തുള്ള ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തു.
കന്റോൺമെന്റ് എസ്.എച്ച്. ഒ യെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് ഒരു ആവശ്യം. ഒന്നു മുതൽ അഞ്ചു വരെയുള്ള എതിർകക്ഷികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും തന്നെയും യാത്രക്കാരെയും സഞ്ചരിക്കാൻ അനുവദിക്കാത്തതിനുമെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
|
വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് സ്റ്റൈപ്പന്റ് അനുവദിക്കാനാവില്ലെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു (Date: 04/05/2024)
കൊല്ലം : വിദേശത്ത് നിന്നും മെഡിക്കൽ ബിരുദമെടുക്കുന്നവർക്ക് സംസ്ഥാനത്ത് ഇന്റേൺഷിപ്പിന് സ്റ്റൈപ്പന്റ് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് ഇന്റേൺഷിപ്പ് സ്റ്റൈപ്പന്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതികളിൽ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2022 മാർച്ച് 4 ന് പുറത്തിറങ്ങിയ സർക്കുലർ പ്രകാരം വിദേശ സർവകലാശാലകളിൽ നിന്നും മെഡിക്കൽ ബിരുദം നേടി സംസ്ഥാനത്ത് ഇന്റേൺഷിപ്പിന് എത്തുന്നവർക്ക് സ്റ്റൈപ്പന്റ് നൽകണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുവർഷത്തെ ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് രണ്ടാമത്തെ വർഷം മാത്രം സ്റ്റൈപ്പന്റ് അനുവദിച്ചാൽ മതിയെന്നും ഇക്കാര്യം അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും മെഡിക്കൽ കമ്മീഷൻ അറിയിച്ചിട്ടുള്ളതായി സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇത്തരത്തിൽ 300 ലധികം വിദ്യാർത്ഥികൾ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നുണ്ട്. നിലവിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന വിദേശ മെഡിക്കൽ ബിരുദധാരികളിൽ നിന്നും ഫീസ് ഈടാക്കുന്നില്ല. ഈ സാഹചര്യത്തിൽ വലിയൊരു സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്നും സർക്കാർ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. 13 പരാതികൾ തീർപ്പാക്കികൊണ്ടാണ് കമ്മീഷൻ ഉത്തരവ്.
|
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് മാറ്റി (Date: 04/05/2024)
മലപ്പുറം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് 14/05/2024 രാവിലെ 10.30 ന് തിരൂർ പി. ഡബ്ള്യു ഡി റസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റി. . അടുത്ത സിറ്റിംഗ് ജൂണിൽ നടക്കും. തീയതി പിന്നീട് അറിയിക്കും.
|
വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ HRMP No : 6365/ 23
ഇടുക്കി : വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദേശീയ പൊതുജനാരോഗ്യ സൂചികയിൽ നിഷ്കർഷിക്കുന്ന സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്നും രാത്രികാല ചികിത്സക്ക് റെസിഡൻഷ്യൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ.
ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഇടക്കാല ഉത്തരവ് നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഇന്ന് (04/05/2024) പീരുമേട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ സമർപ്പിക്കണം.
ഇക്കഴിഞ്ഞ ഡിസംബർ 5 ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രം നേരിടുന്ന അപര്യാപ്തതകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സന്ദർശനം നടത്തിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്താണ് വണ്ടിപ്പെരിയാർ. പഞ്ചായത്തിലെ 23 വാർഡുകളിലെയും ഗോത്രവർഗ കോളനികളിലെയും തോട്ടം തൊഴിൽ മേഖലയിലെയും സാധാരണക്കാരും ശബരിമല തീർത്ഥാടകരും ആശ്രയിക്കുന്ന ആരോഗ്യ സ്ഥാപനത്തിൽ 1998 ൽ നിലവിലുണ്ടായിരുന്ന സ്റ്റാഫ് പാറ്റേൺ മാത്രമാണ് ഇപ്പോഴും തുടരുന്നത്.
രാത്രികാല ചികിത്സയില്ലാത്തതിനാൽ രോഗി മരിക്കുന്ന സ്ഥിതി വരെയുണ്ടായിരുന്നതായി വാർത്തകൾ വന്നിരുന്നു. ശബരിമല തീർത്ഥാടന കാലത്ത് പോലും രാത്രികാല ചികിത്സക്ക് ഇവിടെ ഡോക്ടർമാരെ നിയമിച്ചിട്ടില്ല. തുടർന്ന് ഇടുക്കി ഡി.എം. ഒ യോട് കമമീഷൻ ടെലിഫോൺ വഴി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ താത്കാലിക ഡോക്ടറുടെ സേവനം ലഭ്യമാക്കി. എന്നാൽ 2023 ഒക്ടോബർ 2 മുതൽ ഒരു സിവിൽ സർജന്റെ ഒഴിവ് നികത്താതെ കിടക്കുകയാണ്. ദേശിയ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പരിധിയിലുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്റ്റാഫ് പാറ്റേൺ അനുവദിച്ചിട്ടില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. സാമൂഹിക പ്രവർത്തകനായ സജി. പി വർഗീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
പീരുമേട് സിറ്റിംഗ് ഇന്ന്
മനുഷ്യാവകാശ കമ്മീഷൻ അംഗം വി. കെ ബീനാകുമാരി ഇന്ന് (04/05/2024) 10.30 ന് പീരുമേട് ഗവ.ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|